ഒക്ടോബർ 29 ബുധൻ
“ഞാൻ യഹോവയെ സ്തുതിക്കട്ടെ; എന്നുള്ളം മുഴുവൻ വിശുദ്ധമായ തിരുനാമം വാഴ്ത്തട്ടെ.”—സങ്കീ. 103:1.
യഹോവയെ സ്നേഹിക്കുന്ന ആളുകൾ മുഴുഹൃദയത്തോടെ യഹോവയുടെ നാമത്തെ സ്തുതിക്കും. യഹോവയുടെ നാമത്തെ സ്തുതിക്കുക എന്നു പറഞ്ഞാൽ യഹോവയെത്തന്നെ സ്തുതിക്കുക എന്നാണെന്നു ദാവീദ് മനസ്സിലാക്കി. യഹോവയുടെ പേരിനെക്കുറിച്ച് കേൾക്കുമ്പോൾ യഹോവയുടെ വ്യക്തിത്വമാണു മനസ്സിലേക്കുവരുന്നത്. അതായത്, യഹോവയുടെ മനോഹരമായ ഗുണങ്ങളും അതിശയകരമായ പ്രവൃത്തികളും എല്ലാം. തന്റെ പിതാവിന്റെ പേരിനെ പരിശുദ്ധമായി കാണാനും അതിനെ സ്തുതിക്കാനും ദാവീദ് ആഗ്രഹിച്ചു. ‘ഉള്ളം മുഴുവനോടെ,’ അതായത് മുഴുഹൃദയത്തോടെയാണ് ദാവീദ് അതു ചെയ്തത്. ഇതുപോലെ ലേവ്യരും യഹോവയെ സ്തുതിക്കുന്നതിൽ നേതൃത്വമെടുത്തു. എത്രതന്നെ സ്തുതിച്ചാലും യഹോവയുടെ അതിപരിശുദ്ധനാമം അർഹിക്കുന്ന അത്രയും സ്തുതി കൊടുക്കാൻ തങ്ങൾക്കു കഴിയില്ലെന്ന് അവർ താഴ്മയോടെ അംഗീകരിച്ചു. (നെഹ. 9:5) ഇത്തരത്തിൽ താഴ്മയോടെ, ഹൃദയപൂർവം നമ്മൾ യഹോവയെ സ്തുതിക്കുമ്പോൾ അത് യഹോവയെ സന്തോഷിപ്പിക്കും. w24.02 9 ¶6
ഒക്ടോബർ 30 വ്യാഴം
“നമ്മൾ കൈവരിച്ച പുരോഗതിക്കു ചേർച്ചയിൽത്തന്നെ നമുക്ക് ഇനിയും ചിട്ടയോടെ നടക്കാം.”—ഫിലി. 3:16.
പറ്റാത്ത ഒരു ലക്ഷ്യം വെച്ചിട്ട് അതിൽ എത്തിച്ചേർന്നില്ല എന്ന കാരണത്താൽ നിങ്ങൾ ഒരു പരാജയമാണെന്ന് യഹോവ ഒരിക്കലും ചിന്തിക്കില്ല. വീഴ്ചകളിൽനിന്ന് പഠിക്കുക. (2 കൊരി. 8:12) എത്തിച്ചേർന്ന ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ‘നിങ്ങൾ ചെയ്ത സേവനം മറന്നുകളയാൻ ദൈവം അനീതിയുള്ളവനല്ല’ എന്നു ബൈബിൾ ഉറപ്പുതന്നിട്ടുണ്ട്. (എബ്രാ. 6:10) അതുകൊണ്ട് നിങ്ങളും ആ കാര്യങ്ങളൊന്നും മറക്കരുത്. നിങ്ങൾ ഇതിനോടകം നേടിയെടുത്ത ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്നു ചിന്തിക്കുക. ഒരുപക്ഷേ, യഹോവയുമായി അടുത്ത സ്നേഹബന്ധം വളർത്തിയെടുത്തതും മറ്റുള്ളവരോടു ദൈവത്തെക്കുറിച്ച് സംസാരിച്ചതും സമർപ്പിച്ച് സ്നാനമേറ്റതും എല്ലാം അവയിൽ ചിലതായിരിക്കാം. ഇതുവരെ പടിപടിയായി നിങ്ങൾ പല ആത്മീയലക്ഷ്യങ്ങളിലും എത്തിച്ചേർന്നതുപോലെ ഇപ്പോൾ വെച്ചിരിക്കുന്ന ലക്ഷ്യങ്ങളിലേക്കും പടിപടിയായി കയറിച്ചെല്ലാൻ നിങ്ങൾക്കാകും. യഹോവയുടെ സഹായത്താൽ നിങ്ങൾക്കും ലക്ഷ്യത്തിൽ എത്തിച്ചേരാനാകും. ആത്മീയലക്ഷ്യത്തിലേക്കുള്ള യാത്രയും ആസ്വദിക്കുക. ആ യാത്രയിൽ യഹോവ എങ്ങനെയെല്ലാമാണു നിങ്ങളെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്തത് എന്നു തിരിച്ചറിയുന്നത് അതിനു സഹായിക്കും. (2 കൊരി. 4:7) തളർന്നുപോകാതിരുന്നാൽ വളരെ വലിയ അനുഗ്രഹങ്ങളാണു നിങ്ങളെ കാത്തിരിക്കുന്നത്.—ഗലാ. 6:9. w23.05 31 ¶16-18
ഒക്ടോബർ 31 വെള്ളി
“നിങ്ങൾ എന്നെ സ്നേഹിച്ചതുകൊണ്ടും ഞാൻ പിതാവിന്റെ പ്രതിനിധിയായി വന്നെന്നു വിശ്വസിച്ചതുകൊണ്ടും പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നുണ്ടല്ലോ.”—യോഹ. 16:27.
തന്റെ ജനത്തെ സ്നേഹിക്കുന്നെന്നും അവരിൽ പ്രസാദിച്ചിരിക്കുന്നെന്നും കാണിക്കാനുള്ള അവസരങ്ങൾക്കായി യഹോവ നോക്കുന്നു. തന്റെ അംഗീകാരമുള്ള പ്രിയപുത്രനാണ് യേശു എന്ന് രണ്ട് അവസരങ്ങളിൽ യഹോവ യേശുവിനോടു പറഞ്ഞു. (മത്താ. 3:17; 17:5) നിങ്ങളിൽ യഹോവ പ്രസാദിച്ചിരിക്കുന്നു എന്ന് യഹോവ പറയുന്നതു കേൾക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? യഹോവ ഇന്ന് നമ്മളോടു നേരിട്ട് സംസാരിക്കുന്നില്ല. എങ്കിലും തന്റെ വചനമായ ബൈബിളിലൂടെ ദൈവം നമ്മളോടു സംസാരിക്കുന്നുണ്ട്. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞ വാക്കുകൾ സുവിശേഷഭാഗങ്ങളിൽ വായിക്കുമ്പോൾ ശരിക്കും നമ്മൾ ‘കേൾക്കുന്നത്’ നമ്മളെ അംഗീകരിച്ചുകൊണ്ടുള്ള യഹോവയുടെ വാക്കുകളാണ്. യേശു തന്റെ പിതാവിന്റെ വ്യക്തിത്വം അതേപടി പകർത്തി. അതുകൊണ്ട് അപൂർണരാണെങ്കിലും വിശ്വസ്തരായ തന്റെ അനുഗാമികളോടു യേശു പറഞ്ഞ സ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും വാക്കുകൾ ശരിക്കും യഹോവ നമ്മളോട് പറയാൻ ആഗ്രഹിക്കുന്ന വാക്കുകളാണ്. (യോഹ. 15:9, 15) കഷ്ടതകൾ ഉണ്ടാകുന്നെങ്കിൽ അതിന്റെ അർഥം നമുക്ക് യഹോവയുടെ അംഗീകാരം നഷ്ടപ്പെട്ടു എന്നല്ല. പകരം അത് നമ്മൾ യഹോവയെ എത്രമാത്രം സ്നേഹിക്കുന്നെന്നും യഹോവയിൽ ആശ്രയിക്കുന്നെന്നും കാണിക്കാനുള്ള അവസരങ്ങളാണ്.—യാക്ക 1:12. w24.03 28 ¶10-11