വിനീതമായ ഒരു ഹൃദയത്തോടെ മററള്ളവരുടെ മുമ്പാകെ പ്രാർത്ഥിക്കുക
യിസ്രായേലിന്റെ ചരിത്രത്തിൽ അതു ഒരു ഉല്ലാസകരമായ ദിവസമായിരുന്നു. ദാവീദു രാജാവ് യഹോവയുടെ പെട്ടകം പുതിയ തലസ്ഥാന നഗരമായ യെരൂശലേമിലേക്കു കൊണ്ടുവരുന്നതിനു ക്രമീകരണം ചെയ്തിരുന്നു. അവൻ മുഴു മനുഷ്യരുടെയും മുമ്പാകെ സന്തോഷത്തോടെ യഹോവയെ സ്തുതിച്ചു, ഇപ്രകാരം ഒരു ഹൃദയംഗമമായ പ്രാർത്ഥനയോടെ ഉപസംഹരിച്ചു: “നിത്യത മുതൽ നിത്യതവരെ യിസ്രായേലിന്റെ ദൈവമായ യഹോവ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.” കേട്ടു കൊണ്ടിരുന്നവർ മുഴുഹൃദയത്തോടെ, “‘ആമേൻ’ എന്നു പറയുകയും യഹോവയെ സ്തുതിക്കുകയും ചെയ്തു.”—1 ദിനവൃത്താന്തം 16:36, ദി ബൈബിൾ ഇൻ ലിവിംഗ് ഇംഗ്ലീഷ്.
പുരാതന കാലത്തു ദൈവജനങ്ങളുടെയിടയിൽ ഒരു യോഗ്യതയുള്ള ആൾ ഈ വിധത്തിൽ പ്രാർത്ഥനയിൽ മററുള്ളവരെ പ്രതിനിധീകരിക്കുന്നതു അസാധാരണമല്ലായിരുന്നു. ഇന്നും യഹോവയുടെ ദാസൻമാർക്ക് അതേ രീതിയുണ്ട്. സഭായോഗങ്ങൾ, സമ്മേളനങ്ങൾ, കുടുംബ ആഹാരവേളകൾ, ഭവന ബൈബിളദ്ധ്യയനങ്ങൾ എന്നിവ ക്രിസ്തീയ പുരുഷൻമാർക്ക്—ചിലപ്പോൾ സ്ത്രീകൾക്കും—മററുള്ളവരെ പ്രാർത്ഥനയിൽ പ്രതിനിധീകരിക്കുന്നതിനുള്ള പദവി ലഭിക്കുന്ന ചില സന്ദർഭങ്ങളാണ്. (1 കൊരിന്ത്യർ 11:4, 5) ഫലമോ? ദാവീദിന്റെ നാളിലെപ്പോലെ ശ്രദ്ധിക്കയും “ആമേൻ” പറയുകയും ചെയ്യുന്നവർ കെട്ടുപണി ചെയ്യപ്പെടുകയും യഹോവയോടുള്ള തങ്ങളുടെ ബന്ധം ബലപ്പെടുത്തപ്പെട്ടതായി അവർക്കു അനുഭവപ്പെടുകയും ചെയ്യുന്നു.
പ്രാർത്ഥനയിൽ മററുള്ളവരെ പ്രതിനിധീകരിക്കുന്നതു ഒരു ഭാരിച്ച ഉത്തരവാദിത്വമാണ്. പ്രാർത്ഥിക്കുന്നയാൾ ശ്രദ്ധിക്കുന്നവരുടെ ഹൃദയങ്ങളിലുള്ളതിനെ ഉചിതമായി പ്രതിഫലിപ്പിക്കുന്ന ആശയങ്ങൾ പ്രകടിപ്പിക്കണം. അയാളുടെ പ്രാർത്ഥന അവരുടെ ആത്മീയതയെ ബാധിക്കുന്നു. അതുകൊണ്ട്, ഈ പദവി ആസ്വദിക്കുന്നവർ ദാവീദിന്റെ ഈ അപേക്ഷയെ പ്രതിധ്വനിപ്പിക്കുന്നതിനു നന്നായി ശ്രമിക്കുന്നു: “എന്റെ പ്രാർത്ഥന നിന്റെ മുമ്പാകെ ധൂപമായിത്തീരട്ടെ.”—സങ്കീർത്തനം 141:2.
നമ്മുടെ പ്രാർത്ഥനകൾ യഹോവയുടെ മുമ്പാകെ ധൂപം പോലെ സുഗന്ധമുള്ളതാകത്തക്കവണ്ണം എങ്ങനെ ഒരുക്കാൻ കഴിയും? യഹോവ പ്രദാനം ചെയ്തിരിക്കുന്ന മാർഗ്ഗനിർദ്ദേശത്തിന്റെ വെളിച്ചത്തിൽ നാം പറയാൻ പോകുന്നതെന്താണെന്നു മുൻകൂട്ടി ചിന്തിച്ചുകൊണ്ട്. ബൈബിളിൽ ധാരാളം മാതൃകാ പ്രാർത്ഥനകളും പ്രാർത്ഥന എന്ന വിഷയം സംബന്ധിച്ചു ധാരാളം നല്ല ബുദ്ധിയുപദേശങ്ങളും അടങ്ങിയിട്ടുണ്ട്. ഈ വിവരങ്ങൾ പരിചിന്തിക്കുന്നതിനാൽ നാം മററുള്ളവർ കേൾക്കത്തക്കവണ്ണവും അവർക്കുവേണ്ടിയും പ്രാർത്ഥിക്കുമ്പോൾ പ്രത്യേകിച്ചും സഹായകമായ പ്രധാനപ്പെട്ട തത്വങ്ങൾ നമ്മെ പഠിപ്പിക്കും.
ഒരു വിനീതമായ ഹൃദയത്തോടെ
യഹോവ എളിമയുള്ളവരുടെ പ്രാർത്ഥന കേൾക്കുന്നു എന്നതാണു അത്തരത്തിലുള്ള ഒരു തത്വം. (2 ദിനവൃത്താന്തം 7:13, 14) സങ്കീർത്തനക്കാരൻ നമ്മോട് ഇങ്ങനെ പറയുന്നു: “എന്തുകൊണ്ടെന്നാൽ യഹോവ ഉന്നതനാണെങ്കിലും എളിമയുള്ളവനെ അവൻ കടാക്ഷിക്കുന്നു; അഹങ്കാരിയെയോ അവൻ ദൂരെനിന്നു മാത്രമേ അറിയുകയുള്ളു.” (സങ്കീർത്തനം 138:6) ഇതിന്റെ ഒരു ദൃഷ്ടാന്തമെന്ന നിലയിൽ ആലയ സമർപ്പണ സമയത്തെ ശലോമോൻ രാജാവിന്റെ പരസ്യപ്രാർത്ഥനാ സമയത്തെ എളിമയെക്കുറിച്ചു പരിചിന്തിക്കുക. അവൻ ഈ ഭൂമിയിൽ അതുവരെ കണ്ടിട്ടുള്ളതിലേക്കും ഏററം മഹത്തരമായ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളു. എന്നാൽ അതു അവനെ അഹങ്കാരിയാക്കിയില്ല. പകരം അവൻ ഇപ്രകാരം പ്രാർത്ഥിച്ചു: “ദൈവം യഥാർത്ഥത്തിൽ ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? നോക്കൂ! സ്വർഗ്ഗങ്ങൾക്ക്, അതെ, സ്വർഗ്ഗാധിസ്വർഗ്ഗങ്ങൾക്കുപോലും നിന്നെ ഉൾക്കൊള്ളാൻ കഴികയില്ല; പിന്നെ, ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ എത്ര കുറച്ചുമാത്രം?”—2 ദിനവൃത്താന്തം 6:18.
നാമും, പ്രത്യേകിച്ചു മററുള്ളവരെ പ്രതിനിധീകരിച്ചു പ്രാർത്ഥിക്കുമ്പോൾ എളിമയുള്ളവരായിരിക്കണം. ഭാഗികമായി, എളിമ സ്വരത്തിന്റെ വിധത്താലും പ്രകടിപ്പിക്കുന്നു. തീർച്ചയായും ക്രിസ്ത്യാനികൾ വ്യാജമായ താഴ്മയെ അഥവാ പരിശുദ്ധിയുടെ നാട്യത്തെ ഒഴിവാക്കണം. എന്നാൽ എളിമയുള്ള പ്രാർത്ഥനകൾ ശബ്ദധോരണിയോടെയൊ നാടകീയമായോ അവതരിപ്പിക്കയില്ല. (മത്തായി 6:5) നാം പറയുന്ന കാര്യത്താലും എളിമ പ്രകടമാക്കുന്നു. നാം എളിമയോടെ പ്രാർത്ഥിക്കുന്നെങ്കിൽ യഹോവ ചില കാര്യങ്ങൾ ചെയ്യാൻ നാം അവകാശവാദം ചെയ്കയില്ല. പകരം അവന്റെ ഇഷ്ടത്തിനു അനുയോജ്യമായി ഒരു പ്രത്യേക വിധത്തിൽ പ്രവർത്തിക്കുന്നതിനു അവൻ അനുവദിക്കുന്നതിനു നാം അപേക്ഷിക്കും.—സങ്കീർത്തനം 118:25 താരതമ്യപ്പെടുത്തുക.
എളിമ, ഒരു ആശയം തെളിയിക്കുന്നതിനോ ആളുകൾക്കു വ്യക്തിപരമായ ബുദ്ധിയുപദേശം നൽകുന്നതിനോ പ്രാർത്ഥന ഉപയോഗിക്കുന്നതിനെ ഒഴിവാക്കുന്നതിലേക്കും നമ്മെ നയിക്കും. അല്ലെങ്കിൽ നാം യേശുവിന്റെ ഉപമകളിലൊന്നിലെ പരീശൻ പ്രകടമാക്കിയ ആത്മാവു പ്രകടിപ്പിക്കയായിരിക്കും. യേശു ഒരേ സമയത്തു ആലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഒരു പരീശനെയും ഒരു നികുതി പിരിവുകാരനെയും കുറിച്ചു സംസാരിക്കയായിരുന്നു. പരീശൻ ഇപ്രകാരം പറഞ്ഞു: “ദൈവമേ, ഞാൻ പിടിച്ചു പറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ അല്ലായ്കയാൽ ഞാൻ നിനക്കു നന്ദിപറയുന്നു. ഞാൻ ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു, ഞാൻ നേടുന്നതിന്റെയെല്ലാം ദശാംശം കൊടുക്കുന്നു.” എന്നാൽ നികുതിപിരിവുകാരൻ മാറത്തടിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകണമേ.” യേശു എങ്ങനെ ഉപസംഹരിപ്പിച്ചു? ഈ മനുഷ്യൻ [നികുതി പിരിവുകാരൻ] ആ മനുഷ്യനെക്കാൾ [പരീശൻ] നീതീകരിക്കപ്പെട്ടവനായി തന്റെ വീട്ടിലേക്കുപോയി.”—ലൂക്കോസ് 18:9-14.
യഥാർത്ഥത്തിൽ താഴ്മയുള്ളവരായ യഹോവയുടെ ദാസൻമാരും അവന്റെ മുമ്പാകെയുള്ള അവരുടെ സ്ഥാനം തിരിച്ചറിയുന്നു. അവർ ദൂതൻമാരെക്കാൾ അല്പം താണവരാണ്, അതേ സമയം യഹോവ നിത്യനായ അഖിലാണ്ഡത്തിന്റെ അത്യുന്നത പരമാധീശനാണ്. (സങ്കീർത്തനം 8:3-5, 9; 90:1-4) ആളുകൾക്ക് ഈ ലോകത്തിലെ രാജാക്കൻമാരോടൊ ഭരണകർത്താക്കൻമാരോടൊ സംസാരിക്കുന്നതിനുള്ള അവസരം ലഭിക്കുമ്പോൾ ആ പദവിയെ വളരെയധികം വിലമതിച്ചുകൊണ്ട് അവർ സാധാരണയായി ബഹുമാനത്തോടെയും അഭിമാനത്തോടെയും അപ്രകാരം ചെയ്യുന്നു. “ജീവനുള്ള ദൈവവും അനിശ്ചിതകാലത്തേക്കു രാജാവായ”വനോടു സംസാരിക്കുമ്പോൾ നമുക്ക് അതിനെക്കാൾ കുറഞ്ഞ ബഹുമാനവും വിലമതിപ്പും ആണോ ഉണ്ടായിരിക്കുന്നത്? (യിരെമ്യാവ് 10:10) തീർച്ചയായും അല്ല. അതുകൊണ്ട് സംഭാഷണത്തിൽ ഉപയോഗിക്കുന്ന തരത്തിലുള്ള, “സുഖമാണോ,” “യേശുവിനു ഞങ്ങളുടെ സ്നേഹം അറിയിക്കുക,” “ഒരു നല്ല ദിനം ആശംസിക്കുന്നു” എന്നിവയോടു സമാനമായ, “യഹോവേ നല്ല വൈകുന്നേരം ആശംസിക്കുന്നു” അല്ലെങ്കിൽ “യഹോവേ ഞങ്ങൾ നിന്നോടു സംസാരിക്കാൻ ആഗ്രഹിക്കുന്നു” എന്നിങ്ങനെയുള്ള സംസാരം പ്രാർത്ഥനയിൽ അസ്ഥാനത്താണ്.—സഭാപ്രസംഗി 5:1, 2 താരതമ്യപ്പെടുത്തുക.
എങ്കിലും, അപ്പോസ്തലനായ പൗലോസ് നാം യഹോവയെ “സംസാരസ്വാതന്ത്ര്യത്തോടെ” സമീപിക്കണമെന്നു പറഞ്ഞില്ലേ? (എബ്രായർ 4:16; 1 യോഹന്നാൻ 3:21, 22 താരതമ്യപ്പെടുത്തുക.) അതു നാം ഉചിതമെന്നു കാണുന്നവിധത്തിൽ സംസാരിക്കാൻ നമുക്കു സ്വാതന്ത്ര്യം നൽകുന്നില്ലേ? യഥാർത്ഥത്തിൽ ഇല്ല. നമ്മുടെ പാപാവസ്ഥയുണ്ടെങ്കിലും യേശുവിന്റെ മറുവില മുഖാന്തരം നമുക്കു യഹോവയെ സമീപിക്കാം എന്ന വസ്തുതയെ പൗലോസിന്റെ വാക്കുകൾ പരാമർശിക്കുന്നു. നമുക്കു ഏതു സമയത്തും ഏതു വിഷയം സംബന്ധിച്ചും അവനെ പ്രാർത്ഥനയിൽ സമീപിക്കാം. എന്നാൽ സംസാര സ്വാതന്ത്ര്യത്തോടെ നാം പ്രാർത്ഥിക്കുമ്പോഴും നമ്മുടെ സ്വന്തം അപ്രധാന്യത വിനയത്തോടെ നാം തിരിച്ചറിയണം. അപ്രകാരം യഹോവ പറഞ്ഞു: “അരിഷ്ടനും ആത്മാവിൽ പശ്ചാത്താപ നിർഭരനായവനും എന്റെ വചനത്തിൽ വിറക്കുന്നവനും ആയവനെ ഞാൻ കടാക്ഷിക്കും.—യെശയ്യാവ് 66:2.
മുന്നറിയിപ്പിൻ ബുദ്ധിയുപദേശം
യേശു തന്റെ ഗിരിപ്രഭാഷണത്തിൽ പ്രാർത്ഥന സംബന്ധിച്ച് കൂടുതൽ ബുദ്ധിയുപദേശം നൽകി. പ്രാർത്ഥിക്കുമ്പോൾ നാം “ജനതകളിലെ ആളുകൾ ചെയ്യുന്നതുപോലെതന്നെ ഒരേ കാര്യങ്ങൾ വീണ്ടുംവീണ്ടും ആവർത്തിച്ചു പറയരുത്” എന്നു അവൻ അതിൽ മുന്നറിയിപ്പു നൽകി. (മത്തായി 6:7) നാം ഒരേ വിഷയത്തെക്കുറിച്ചുതന്നെ ആവർത്തിച്ചു പ്രാർത്ഥിക്കരുത് എന്നു അതിനു അർത്ഥമില്ല (ശരിയായ കാര്യത്തിനുവേണ്ടിയാണ് നാം പ്രാർത്ഥിക്കുന്നത് എന്നു നമുക്കു നിശ്ചയമുള്ളടത്തോളം). നമ്മോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ചോദിച്ചുകൊണ്ടിരിക്കുക, അതു നിങ്ങൾക്കു ലഭിക്കയും ചെയ്യും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾ കണ്ടെത്തുകയും ചെയ്യും; മുട്ടികൊണ്ടിരിക്കുക, നിങ്ങൾക്കു തുറക്കുകയും ചെയ്യും.” (മത്തായി 7:7) പകരം, നിരർത്ഥകമാകുന്നിടം വരെ നാം കാര്യങ്ങൾ ആവർത്തിക്കരുത്. മററു വിധത്തിൽ, പൊള്ളയായ ആവർത്തനങ്ങൾ ഉരുവിടരുത്.”—മത്തായി 6:7, റെഫ. ബൈ., അടിക്കുറിപ്പ്.
ചില ആളുകൾക്ക്, വാക്കുകൾക്ക് യാതൊരു ചിന്തയും കൊടുക്കാതെ പ്രാർത്ഥനയുടെ നിർദ്ദിഷ്ട രൂപങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്ന രീതിയുണ്ട്. ചിലപ്പോൾ നിർദ്ദിഷ്ട രൂപങ്ങളുടെ ഭാഷ പ്രാർത്ഥിക്കുന്ന ആളിനു മനസ്സിലാകാത്ത വിധത്തിലുള്ളതായിരിക്കും. ഇത് ഒരു തരം ‘പൊള്ളയായ ആവർത്തനം’ ആണ്. മറെറാരു വിധം ഇതാണ്: ഒരു ക്രിസ്ത്യാനി യഹോവക്കു നന്ദി പറയുമ്പോൾ അവഗണനയോടെ ഓരോ ദിവസവും ഒരേ വാക്കുകൾ തന്നെ സ്വയമേവ ഉപയോഗിക്കുന്ന ശീലത്തിൽ വീണുപോകുന്നു എന്നു സങ്കൽപ്പിക്കുക. ക്രമേണ ആ ശൈലികൾ നിരർത്ഥകമായിത്തീരുന്നു. ദിവ്യനാമമായ യഹോവ എന്നതുപോലും ഇതുപോലെ ഉപയോഗിക്കാൻ കഴിയും. യഹോവയുടെ നാമം വിളിച്ചപേക്ഷിപ്പാൻ നമ്മെ പ്രേരിപ്പിക്കുന്നു എന്നതു സത്യം തന്നെ. (സങ്കീർത്തനം 105:1) എന്നാൽ നാം മിക്കവാറും നമ്മുടെ പ്രാർത്ഥനയിലെ എല്ലാ വാചകത്തിന്റെയും ഒടുവിൽ ആ നാമം ഉപയോഗിക്കുന്നെങ്കിൽ അത് ഒരു ശീല വൈകൃതം അഥവാ ഒരു ‘പൊള്ളയായ ആവർത്തനം’പോലെ ആയിത്തീരുന്നു.
പൗലോസ് ഇപ്രകാരം എഴുതിയപ്പോൾ മറെറാരു പ്രധാന തത്വം സ്പർശിച്ചു: “ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മീയവരമാണ് പ്രാർത്ഥിക്കുന്നത്, എന്നാൽ എന്റെ മനസ്സ് നിഷ്ഫലമായിരിക്കുന്നു. . . . നിങ്ങൾ ആത്മാവിന്റെ ഒരു വരംകൊണ്ടു സ്തോത്രം ചെയ്യുന്നു എങ്കിൽ, ഒരു സാധാരണക്കാരന്റെ ഇരിപ്പിടത്തിൽ ഇരിക്കുന്ന മനുഷ്യൻ നിങ്ങൾ പറയുന്നതു എന്തു എന്ന് അറിയാത്തതിനാൽ നിങ്ങൾ പറയുന്ന നന്ദിക്ക് എങ്ങനെ ‘ആമേൻ’ പറയും?” (1 കൊരിന്ത്യർ 14:14-16) പൗലോസിന്റെ നാളിൽ ചില ക്രിസ്ത്യാനികൾക്കു അന്യഭാഷയുടെ അത്ഭുതവരം ലഭിച്ചിരുന്നു, തെളിവനുസരിച്ച് അവരിൽ ചിലർ സഭയുടെ മുമ്പാകെ ഈ അന്യഭാഷകളിൽ പ്രാർത്ഥിച്ചുമിരുന്നു. എന്നാൽ പൗലോസ് ചൂണ്ടിക്കാണിച്ചതുപോല സഭയിലെ മററുള്ളവർ ഇതു ഗ്രഹിച്ചിരുന്നില്ല.
ഇന്നു, നമുക്ക് അത്തരത്തിലുള്ള അത്ഭുതവരമില്ല. എന്നാൽ മററുള്ളവരെ പ്രതിനിധീകരിച്ചു പ്രാർത്ഥിക്കുന്ന ക്രിസ്ത്യാനികൾ മനസ്സിലാകുന്ന ഒരു വിധത്തിൽ പ്രാർത്ഥിക്കണം. ദൃഷ്ടാന്തത്തിന്, പരസ്യപ്രസംഗത്തിന്റെ ആരംഭത്തിൽ പുറത്തു നിന്നുള്ള അംഗങ്ങളെ നമ്മുടെ പ്രാർത്ഥനയിൽ നമ്മോടു ചേരാൻ നാം ക്ഷണിക്കുന്നു. അത്തരത്തിലുള്ള ഒരു പ്രാർത്ഥനയിൽ, സന്ദർശകർക്ക് ഗ്രഹിക്കാൻ പ്രയാസമുള്ള പദസഞ്ചയമോ വിഷയമോ ഒഴിവാക്കുന്നതു നിശ്ചയമായും ന്യായമായിരിക്കും.
പ്രാർത്ഥന എത്ര ദൈർഘ്യമുള്ളതായിരിക്കണം
സ്വകാര്യ പ്രാർത്ഥനകൾ നാം ആഗ്രഹിക്കുന്നടത്തോളം ദൈർഘ്യമുള്ളതായിരിക്കാം. യേശു തന്റെ 12 അപ്പോസ്തലൻമാരെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് രാത്രി മുഴുവൻ പ്രാർത്ഥിച്ചു. (ലൂക്കോസ് 6:12) എന്നിരുന്നാലും ഒരു പരസ്യപ്രാർത്ഥനക്ക് എത്ര ദൈർഘ്യമാകാം? കൊള്ളാം, യേശു തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയപ്പോൾ ചിഹ്നങ്ങൾ കൈമാറുന്നതിനുമുമ്പ് അവൻ ‘അനുഗ്രഹിക്കയും’ ‘നന്ദിപറയുകയും’ ചെയ്തു, തെളിവനുസരിച്ച് ചുരുങ്ങിയ പ്രാർത്ഥനയായിരുന്നു അവ. (മത്തായി 26:26-28) നേരേമറിച്ച്, ആലയ സമർപ്പണ സമയത്തെ ശലോമോന്റെ പ്രാർത്ഥന തികച്ചും സുദീർഘമായിരുന്നു. യേശുവിന്റെ മരണത്തിന്റെ തലേരാത്രിയിലെ പ്രാർത്ഥനയും അങ്ങനെ തന്നെയായിരുന്നു.—2 ദിനവൃത്താന്തം 6:14-42; യോഹന്നാൻ 17:1-26.
അപ്രകാരം, ഒരു പരസ്യപ്രാർത്ഥന എത്ര ദൈർഘ്യമായിരിക്കണമെന്നതിനു നിയമമില്ല. എന്നാൽ സുദീർഘ പ്രാർത്ഥനകൾക്കു പ്രത്യേക മേൻമയില്ല. യഥാർത്ഥത്തിൽ, ‘വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്ത’ ശാസ്ത്രിമാരെ യേശു വിമർശിച്ചു. (ലൂക്കോസ് 20:46, 47) മററുള്ളവരെ പ്രതിനിധീകരിച്ചുള്ള പ്രാർത്ഥനകൾ അവയുടെ സാഹചര്യങ്ങളോ ആവശ്യങ്ങളോ വ്യക്തമായി പരാമർശിക്കുന്നതും അവസരത്തിനു അനുയോജ്യമായ ദൈർഘ്യം ഉള്ളതും ആയിരിക്കണം. അനേകം ബന്ധമില്ലാത്ത ആശയങ്ങൾ ഉൾക്കൊള്ളുന്ന ദീർഘവും കാടുകയറുന്നതുമായ പ്രാർത്ഥനകൾ അർപ്പിക്കേണ്ട ആവശ്യമില്ല. ആഹാരത്തിനു നന്ദിപറയുന്ന ഒരു പ്രാർത്ഥന വളരെ ചുരുങ്ങിയതായിരിക്കണം. ഒരു ക്രിസ്തീയ മീററിംഗ് ആരംഭിക്കുമ്പോഴത്തെ പ്രാർത്ഥനയും ദീർഘമായിരിക്കേണ്ടതില്ല. ദിവസത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ കുടുംബത്തെ പ്രതിനിധീകരിക്കുന്ന ആളോ അഥവാ ഒരു സമ്മേളന പ്രാർത്ഥന ഉപസംഹരിപ്പിക്കുന്ന ആളോ അവസരത്തിനു അനുയോജ്യമായ കൂടുതൽ ആശയങ്ങൾ ഉൾപ്പെടുത്താൻ ആഗ്രഹിച്ചേക്കാം.
മററുള്ളവരെ പ്രതിനിധീകരിച്ചുള്ള പ്രാർത്ഥനകൾ വിനയമുള്ള ഒരു ഹൃദയത്തിൽനിന്നു വരികയും ഉചിതമായ സമനിലയോടും പരിഗണനയോടും കൂടെ അവതരിപ്പിക്കയും ചെയ്താൽ അതിനു ഒരു നല്ല ഫലമുണ്ടായിരിക്കും. അതു ശ്രദ്ധിക്കുന്നവരുടെ ആത്മീയതകെട്ടുപണിചെയ്യുകയും യഹോവയോടുള്ള അവരുടെ ബന്ധം ശക്തിപ്പെടുകയും ചെയ്യും. അതിന്റെ ഫലമായി , നിയമപ്പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നപ്പോൾ ദാവീദിന്റെ ഹൃദയോദ്ദീപകമായ പ്രാർത്ഥനയിൽ പങ്കുകൊണ്ടവരെപ്പോലെ ശ്രദ്ധിക്കുന്ന എല്ലാവരും ‘“ആമേൻ” എന്നു പറയുന്നതിനും യഹോവയെ സ്തുതിക്കുന്നതിനും’ പ്രേരിപ്പിക്കപ്പെടും.—1 ദിനവൃത്താന്തം 16:36. (w86 5/15)
[28-ാം പേജിലെ ചതുരം]
പരസ്യപ്രാർത്ഥന ശ്രദ്ധിക്കുന്നവർ അതിന്റെ അവസാനം കേൾക്കത്തക്കവണ്ണം “ആമേൻ” എന്നു പറയുന്നതു ഉചിതമാണോ?
അതെ, അവർ അങ്ങനെ ചെയ്യുന്നതിനു ആഗ്രഹിക്കയോ പ്രേരിതനാകയോ ചെയ്യുന്നെങ്കിൽ. പൗലോസ് ഒരു പ്രാർത്ഥന ശ്രദ്ധിച്ചവർ കേൾക്കത്തക്കവണ്ണമോ തങ്ങളുടെ ഹൃദയത്തിൽ മൗനമായിട്ടോ എന്നു പ്രത്യേകിച്ചു പറയുന്നില്ലെങ്കിലും “ആമേൻ” പറഞ്ഞതിനെ സംബന്ധിച്ചു പറഞ്ഞു. (1 കൊരിന്ത്യർ 14:16) എന്നിരുന്നാലും മോശൈക നിയമത്തിൻ കീഴിൽ യിസ്രായേല്യരോട് “ആമേൻ!” എന്നു ഉച്ചത്തിൽ പറയുന്നതിനു പ്രത്യേകമായി നിർദ്ദേശിച്ചിരുന്ന ഒരു സന്ദർഭമുണ്ടായിരുന്നു. (ആവർത്തനം 27:14-26) അതുകൊണ്ട്, പ്രാർത്ഥിക്കുന്ന വ്യക്തി തന്റെ പ്രാർത്ഥനയുടെ സമാപനം “ആമേൻ” എന്നു പറഞ്ഞുകൊണ്ട് സൂചിപ്പിക്കുമ്പോൾ കേൾവിക്കാർ തങ്ങളുടെ ഹൃദയത്തിലോ അഥവാ ഒരു മൃദുസ്വരത്തിൽ കേൾക്കത്തക്കവണ്ണമോ “ആമേൻ” എന്നു പറയുന്നതു ഉചിതമാണ്. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഏതെങ്കിലും വിധത്തിൽ വിനയത്തോടെ “ആമേൻ” എന്നു പറയുന്നതിൽ ഉചിതമായ വില മതിപ്പുകാണിക്കാൻ പരിശീലിപ്പിക്കണം.
[29-ാം പേജിലെ ചതുരം]
സഭാപ്രാർത്ഥനയുടെ ഒരു അവസരത്തിൽ ഒരു കുട്ടി കരയാൻ തുടങ്ങുകയോ ടെലിഫോൺ ബല്ലടിക്കുകയോ അല്ലെങ്കിൽ മറെറന്തെങ്കിലും ശല്യം ഉണ്ടാവുകയോ ചെയ്താൽ, അടിയന്തിരാവസ്ഥ കൈകാര്യം ചെയ്യുന്നതു കേൾവിക്കാരന്റെ പക്ഷത്തെ അനാദരവാണോ?
അല്ല. യഥാർത്ഥത്തിൽ, പ്രാർത്ഥിക്കുന്ന സഭയെ നിശബ്ദമായി സൂക്ഷിക്കുന്നതും അടിയന്തിര സാഹചര്യത്തെ ഒരു ക്രമീകൃതവിധത്തിൽ കൈകാര്യം ചെയ്യുന്നതും ഒരു ശുശ്രൂഷാദാസന്റെ പക്ഷത്തെ സ്നേഹമാണ്. (1 കൊരിന്ത്യർ 14:40) അപ്രകാരം സഭയിലെ മററുള്ളവർക്കു ശല്യമില്ലാതെ പ്രാർത്ഥന തുടരാൻ കഴിയും. അടിയന്തിരാവസ്ഥ കൈകാര്യം ചെയ്യുന്നയാൾക്ക് അടിയന്തിരാവസ്ഥ തരണം ചെയ്തു കഴിയുമ്പോൾ വീണ്ടും പ്രാർത്ഥനയിൽ ചേരാൻ കഴിയും.