ദൈവത്തെ അറിയുക, ഒരു സുഹൃത്താക്കുക
നമ്മുടെ സ്രഷ്ടാവ് വെറുമൊരു ശക്തിയല്ല. ആ സ്രഷ്ടാവിന് നമുക്ക് ഇഷ്ടം തോന്നുന്ന ധാരാളം ഗുണങ്ങളുണ്ട്. മനുഷ്യരെല്ലാം തന്നെക്കുറിച്ച് അറിയാനും തന്നോട് അടുത്തുവരാനും സ്രഷ്ടാവ് ആഗ്രഹിക്കുന്നു. (യോഹന്നാൻ 17:3; യാക്കോബ് 4:8) അതുകൊണ്ട് തന്നെക്കുറിച്ചുള്ള ചില കാര്യങ്ങൾ ദൈവം നമുക്കു പറഞ്ഞുതന്നിരിക്കുന്നു.
നമ്മുടെ സ്രഷ്ടാവിന് ഒരു പേരുണ്ട്
“യഹോവ എന്നു പേരുള്ള അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ആളുകൾ അറിയട്ടെ.”—സങ്കീർത്തനം 83:18.
യഹോവയാണ് ഒരേയൊരു സത്യദൈവം എന്നു ബൈബിളിൽ പറയുന്നു. ഈ പ്രപഞ്ചത്തെയും അതിലുള്ള എല്ലാ ജീവജാലങ്ങളെയും ഉണ്ടാക്കിയത് ആ ദൈവമാണ്. സ്രഷ്ടാവിന് മാത്രമേ നമ്മുടെ ആരാധന സ്വീകരിക്കാൻ അർഹതയുള്ളൂ.—വെളിപാട് 4:11.
യഹോവ സ്നേഹമുള്ള ദൈവമാണ്
“ദൈവം സ്നേഹമാണ്.”—1 യോഹന്നാൻ 4:8.
ബൈബിളിലൂടെയും സൃഷ്ടികളിലൂടെയും ദൈവം തന്റെ ഗുണങ്ങൾ നമുക്കു കാണിച്ചുതരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗുണം സ്നേഹമാണ്. ദൈവം ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും പിന്നിൽ ആ സ്നേഹമാണുള്ളത്. നമ്മൾ യഹോവയെക്കുറിച്ച് എത്രയധികം പഠിക്കുന്നുവോ അത്രയധികം നമുക്ക് യഹോവയോടു സ്നേഹം തോന്നും.
യഹോവ ക്ഷമിക്കുന്ന ദൈവമാണ്
‘അങ്ങ് ക്ഷമിക്കാൻ മനസ്സുള്ള ഒരു ദൈവമാണ്.’—നെഹമ്യ 9:17.
നമുക്കു പല കുറവുകളും ഉണ്ടെന്ന് ദൈവത്തിന് അറിയാം. അതുകൊണ്ട് ദൈവം നമ്മളോടു ‘ക്ഷമിക്കാൻ തയ്യാറാണ്.’ നമുക്ക് എന്തെങ്കിലും തെറ്റുകൾ പറ്റുമ്പോൾ ദൈവത്തോടു ക്ഷമ ചോദിക്കുകയും ആ തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ദൈവം നമ്മളോടു ക്ഷമിക്കും. നമ്മൾ ചെയ്തുപോയ തെറ്റുകൾ ഒരിക്കലും ദൈവം മനസ്സിൽ വെച്ചുകൊണ്ടിരിക്കുകയില്ല.—സങ്കീർത്തനം 103:12, 13.
മനുഷ്യർ തന്നോടു പ്രാർഥിക്കാൻ യഹോവ ആഗ്രഹിക്കുന്നു
‘തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും യഹോവ സമീപസ്ഥൻ. സഹായത്തിനായുള്ള അവരുടെ നിലവിളി യഹോവ കേൾക്കുന്നു.’—സങ്കീർത്തനം 145:18, 19.
എന്തെങ്കിലും ചടങ്ങുകൾ നടത്തിക്കൊണ്ടോ ഏതെങ്കിലും വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടോ തന്നെ ആരാധിക്കണമെന്ന് യഹോവ ആവശ്യപ്പെടുന്നില്ല. സ്നേഹമുള്ള മാതാപിതാക്കൾ തങ്ങളുടെ പൊന്നുമക്കൾ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുന്നതുപോലെ നമ്മുടെ പ്രാർഥനകൾ യഹോവയും ശ്രദ്ധിക്കുന്നു.