യഥാർഥ വിശ്വാസത്തിലേക്കു നയിക്കുന്ന നാമം
“നിങ്ങൾ യേശുവിലും അവന്റെ വീണ്ടെടുപ്പു രക്തത്തിലും വിശ്വസിക്കുന്നില്ലല്ലോ” എന്ന് ഒരു സ്ത്രീ ഒരു യഹോവയുടെ സാക്ഷിയോടു പറഞ്ഞു. മറ്റൊരാൾ പറഞ്ഞു: “നിങ്ങൾ യഹോവയുടെ സാക്ഷികൾ ആണെന്നു പറയുന്നു, എന്നാൽ ഞാൻ യേശുവിന്റെ ഒരു സാക്ഷിയാണ്.”
യഹോവയുടെ സാക്ഷികൾ യേശുവിൽ വിശ്വസിക്കുന്നില്ലെന്നോ അവർ അവനു വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലെന്നോ ഉള്ള വീക്ഷണം സർവസാധാരണമാണ്. എന്നാൽ വസ്തുതകൾ എന്താണ്?
യഹോവa എന്ന ദൈവനാമത്തോടു യഹോവയുടെ സാക്ഷികൾക്കു വലിയ ആദരവു തോന്നുന്നു എന്നത് സത്യംതന്നെ. ബ്രസീലിലെ ഒരു സാക്ഷിയായ ഇത്താമാർ ഇങ്ങനെ അനുസ്മരിക്കുന്നു: “ദൈവത്തിന്റെ നാമം എന്തെന്ന് മനസ്സിലാക്കിയത് എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആയിരുന്നു. ഞാൻ അത് ആദ്യം വായിച്ചപ്പോൾ, എന്നെ ആരോ ഗാഢനിദ്രയിൽനിന്ന് ഉണർത്തിയ ഒരനുഭവം ആയിരുന്നു എനിക്ക്. യഹോവ എന്ന നാമം എനിക്ക് അങ്ങേയറ്റം പ്രചോദനാത്മകമായിരുന്നു; അത് എന്റെ ഉള്ളിന്റെയുള്ളിൽ തട്ടി.” അതേസമയം, “എന്റെ ഹൃദയം യേശുവിനോടുള്ള സ്നേഹത്താലും നിറഞ്ഞുകവിയുകയാണ്,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേ, നിത്യജീവൻ ലഭിക്കാൻ “ദൈവപുത്ര”നായ യേശുവിന്റെ “നാമത്തിൽ” വിശ്വാസം അർപ്പിക്കണം എന്ന് യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. (1 യോഹന്നാൻ 5:13) എന്നാൽ ‘യേശുവിന്റെ നാമത്തിൽ’ എന്ന പ്രയോഗത്താൽ എന്താണ് അർഥമാക്കുന്നത്?
യേശുവിന്റെ നാമം പ്രതിനിധാനം ചെയ്യുന്നത്
“യേശുവിന്റെ നാമത്തിൽ” എന്നതും സമാനമായ പ്രയോഗങ്ങളും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ, അഥവാ “പുതിയ നിയമ”ത്തിൽ ഉടനീളം കാണാം. വാസ്തവത്തിൽ, യേശുവിന്റെ സ്ഥാനത്തോടുള്ള ബന്ധത്തിൽ “നാമം” എന്ന പദം 80-ലധികം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു; പ്രവൃത്തികളുടെ പുസ്തകത്തിൽ മാത്രം അത് 30-ഓളം പ്രാവശ്യം ഉണ്ട്. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ യേശുവിന്റെ നാമത്തിൽ സ്നാപനം കഴിപ്പിക്കുകയും അവന്റെ നാമത്തിൽ രോഗശാന്തി വരുത്തുകയും അവന്റെ നാമത്തിൽ പഠിപ്പിക്കുകയും അവന്റെ നാമം വിളിക്കുകയും അവന്റെ നാമത്തിനുവേണ്ടി കഷ്ടങ്ങൾ അനുഭവിക്കുകയും അവന്റെ നാമത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്തു.—പ്രവൃത്തികൾ 2:38; 3:16; 5:28; 9:14, 16; 19:17.
ഒരു ബൈബിൾ നിഘണ്ടു പറയുന്നപ്രകാരം, ബൈബിളിൽ “നാമം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം മിക്കപ്പോഴും “അധികാരം, സ്വഭാവം, സ്ഥാനം, പ്രൗഢി, ശക്തി, മാഹാത്മ്യം എന്നിങ്ങനെ ഒരു നാമം അർഥമാക്കുന്ന സകലതിനെയും സൂചിപ്പിക്കുന്നു.” അതുകൊണ്ട് യേശുവിന്റെ നാമം യഹോവയാം ദൈവം അവനെ ഭരമേൽപ്പിച്ചിരിക്കുന്ന വിപുലവും രാജകീയവുമായ നിർവഹണ അധികാരത്തെ പ്രതിനിധാനം ചെയ്യുന്നു. യേശുതന്നെ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്തായി 28:18) പത്രൊസും യോഹന്നാനും ഒരു മുടന്തനെ സൗഖ്യമാക്കിയതിനെ തുടർന്ന് യഹൂദ മതനേതാക്കന്മാർ ചോദിച്ചു: “എന്തധികാരത്തിലാണ്, അഥവാ ആരുടെ നാമത്തിലാണ് നിങ്ങൾ ഇതു പ്രവർത്തിച്ചത്?” അപ്പോൾ പത്രൊസ് യേശുവിന്റെ നാമം പ്രതിനിധാനം ചെയ്യുന്ന അധികാരത്തിലും ശക്തിയിലും സധൈര്യം വിശ്വാസം പ്രകടമാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യൻ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പിൽ നില്ക്കുന്നത്.”—പ്രവൃത്തികൾ 3:1-10; 4:5-10, പി.ഒ.സി. ബൈ.
വിശ്വാസം യേശുവിലോ കൈസരിലോ?
എന്നാൽ യേശുവിന്റെ നാമത്തിൽ അത്തരം വിശ്വാസം പ്രകടമാക്കുന്നത് എളുപ്പമായിരിക്കുമായിരുന്നില്ല. യേശു മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ, അവന്റെ ശിഷ്യന്മാർ ‘അവന്റെ നാമം നിമിത്തം സകലജനതകളാലും ദ്വേഷി’ക്കപ്പെടുമായിരുന്നു. (മത്തായി 24:9, NW) എന്തുകൊണ്ട്? എന്തെന്നാൽ യേശുവിന്റെ നാമം, ദൈവം നിയമിച്ച ഭരണാധികാരി അതായത് രാജാധിരാജാവും എല്ലാ ജനതകളും കീഴ്പെടേണ്ട ഒരുവനും എന്ന നിലയിലുള്ള അവന്റെ സ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നു; എന്നാൽ ജനതകളാകട്ടെ അവന് കീഴ്പെടാൻ തയ്യാറാകുന്നില്ല.—സങ്കീർത്തനം 2:1-7.
യേശുവിന്റെ നാളിലെ മതനേതാക്കന്മാരും യേശുവിനു കീഴ്പെടാൻ ആഗ്രഹിച്ചില്ല. “ഞങ്ങൾക്കു കൈസരല്ലാതെ മറെറാരു രാജാവില്ല” എന്നു പ്രസ്താവിച്ച അവർ ദൈവപുത്രനെ തള്ളിക്കളയുകയായിരുന്നു. (യോഹന്നാൻ 19:13-15) പകരം, അവർ വിശ്വാസം അർപ്പിച്ചത് കൈസരുടെ നാമത്തിൽ, അതായത് കൈസരുടെ ശക്തിയിലും അധികാരത്തിലും സാമ്രാജ്യത്വ ഗവൺമെന്റിലും, ആയിരുന്നു. തങ്ങളുടെ സ്ഥാനമാനങ്ങൾ കാത്തുസൂക്ഷിക്കാൻ യേശു മരിക്കണം എന്നുപോലും അവർ കണക്കുകൂട്ടി.—യോഹന്നാൻ 11:47-53.
യേശുവിന്റെ മരണത്തിനു ശേഷമുള്ള നൂറ്റാണ്ടുകളിൽ, ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ടിരുന്ന അനേകരും യഹൂദ നേതാക്കന്മാരുടേതിനോടു സമാനമായ ഒരു മനോഭാവം കൈക്കൊണ്ടു. ഇക്കൂട്ടർ രാഷ്ട്രത്തിന്റെ ശക്തിയിലും അധികാരത്തിലും വിശ്വാസമർപ്പിച്ച് അതിന്റെ പോരാട്ടങ്ങളിൽ പങ്കുചേർന്നു. ഉദാഹരണത്തിന്, 11-ാം നൂറ്റാണ്ടിൽ, സഭ തൊഴിൽരഹിത യോദ്ധാക്കളെ മിലീഷ്യ ക്രിസ്റ്റി അഥവാ ക്രിസ്തീയ പോരാളികൾ ആയി സംഘടിപ്പിച്ചു. എന്നിട്ട് “ഈ ക്രിസ്തീയ പോരാളികളിലൂടെ, ധർമയുദ്ധം നടത്തുന്നതിനുള്ള ഉത്തരവാദിത്വം ക്രൈസ്തവ ലോകത്തിലെ ലൗകിക അധികാരികളിൽനിന്ന് സഭ ഏറ്റെടുത്തു.” (ഓക്സ്ഫോർഡ് ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി) കുരിശുയുദ്ധങ്ങളിൽ പങ്കെടുക്കുന്നതിലൂടെ “അവർ ദൈവവുമായി ഒരു കരാറിൽ ഏർപ്പെടുകയാണെന്നും അങ്ങനെ പറുദീസയിൽ അവർക്ക് ഒരു സ്ഥാനം ഉറപ്പിക്കുകയാണെന്നു”മുള്ള പാപ്പാമാരുടെ ചില പ്രഖ്യാപനങ്ങളിൽ കുരിശുയുദ്ധക്കാരിൽ ബഹുഭൂരിപക്ഷവും വിശ്വസിച്ചു എന്നും വിവരണം പറയുന്നു.
അതേസമയം യേശുവിനോടു വിശ്വസ്തർ ആയിരിക്കാനും രാഷ്ട്രീയ കാര്യങ്ങളിലും രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിലും പങ്കെടുക്കാനും കഴിയുമെന്നു ചിലർ വാദിച്ചേക്കാം. ദുഷ്ടത എവിടെ കണ്ടാലും അതിനെതിരെ പോരാടേണ്ടതും ആവശ്യമെങ്കിൽ യുദ്ധം ചെയ്യേണ്ടതും ക്രിസ്ത്യാനിയുടെ കടമയാണെന്ന് അവർക്കു തോന്നിയേക്കാം. എന്നാൽ ആദിമ ക്രിസ്ത്യാനികൾക്ക് ഈ വീക്ഷണം ഉണ്ടായിരുന്നോ?
“ആദിമ ക്രിസ്ത്യാനികൾ സായുധ സേനയിൽ സേവിച്ചിരുന്നില്ല,” ദ ക്രിസ്റ്റ്യൻ സെഞ്ച്വറി മാഗസിനിലെ ഒരു ലേഖനം പ്രസ്താവിക്കുന്നു. പൊ.യു. 170-180 എന്ന പതിറ്റാണ്ടുവരെ ക്രിസ്ത്യാനികൾ സൈന്യത്തിൽ സേവിച്ചിരുന്നതായി യാതൊരു തെളിവുമില്ല എന്ന് അതു വ്യക്തമാക്കുന്നു. എന്നിട്ട് ലേഖനം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ക്രമേണ ക്രിസ്ത്യാനികൾ സൈനിക സേവനത്തോടുള്ള തങ്ങളുടെ എതിർപ്പ് ഉപേക്ഷിച്ചു.”
അതിന്റെ അനന്തര ഫലങ്ങൾ എന്തെല്ലാം ആയിരുന്നു? “യുദ്ധം ചെയ്യുന്ന കാര്യത്തിൽ വിജാതീയരുടെ അതേ സമീപനം കൈക്കൊണ്ടത് ക്രിസ്ത്യാനിത്വത്തിന്റെ അന്തഃസത്തയ്ക്ക് മറ്റ് എന്തിനെക്കാളും അധികം കോട്ടം വരുത്തി” എന്ന് ദ ക്രിസ്റ്റ്യൻ സെഞ്ച്വുറിയിലെ ലേഖനം പറയുന്നു. “ക്രിസ്ത്യാനികൾ ശ്രേഷ്ഠനായ രക്ഷകനിൽ വിശ്വസിക്കുമ്പോൾതന്നെ മതപരമോ ദേശീയമോ ആയ യുദ്ധങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നത് പ്രസ്തുത വിശ്വാസത്തിന് കാര്യമായ ഹാനി വരുത്തിയിരിക്കുന്നു.”
ഇന്ന് ആദിമ ക്രിസ്ത്യാനികളെ അനുകരിക്കൽ
ഇന്നത്തെ ക്രിസ്ത്യാനികൾക്ക് ആദിമ ക്രിസ്ത്യാനികളുടെ വിശിഷ്ട മാതൃക അനുകരിക്കാൻ സാധിക്കുമോ? അതു സാധ്യമാണെന്ന് ഈ നൂറ്റാണ്ടിലെ യഹോവയുടെ സാക്ഷികൾ പ്രകടമാക്കിയിട്ടുണ്ട്. അവരെ കുറിച്ചുള്ള വിവരണത്തിൽ ഹൊളോക്കോസ്റ്റ് എജ്യുക്കേഷണൽ ഡൈജസ്റ്റിന്റെ പത്രാധിപർ പറയുന്നു: “ഒരു യഹോവയുടെ സാക്ഷിയും യുദ്ധം ചെയ്യുകയില്ല. . . . ലോകത്തിൽ അധികാരസ്ഥാനത്തുള്ള സകലരും ഈ മതവിശ്വാസത്തിൽപ്പെട്ടവർ ആയിരുന്നെങ്കിൽ [രണ്ടാം ലോകമഹായുദ്ധം] നടക്കുകയില്ലായിരുന്നു.”
വടക്കേ അയർലൻഡിൽ നടന്നതുപോലുള്ള, അടുത്ത കാലത്തെ രൂക്ഷമായ പ്രാദേശിക പോരാട്ടങ്ങളെ കുറിച്ചും അതുതന്നെ പറയാവുന്നതാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ്, യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാൾ ബെൽഫാസ്റ്റ് നഗരത്തിലെ പ്രൊട്ടസ്റ്റന്റ് മേഖലയിൽ വീടുതോറും പ്രസംഗിക്കുകയായിരുന്നു. ഈ സാക്ഷി മുമ്പ് ഒരു കത്തോലിക്കൻ ആയിരുന്നു എന്നു മനസ്സിലാക്കിയ ഒരു വീട്ടുകാരൻ ചോദിച്ചു: “ഒരു കത്തോലിക്കൻ ആയിരുന്നപ്പോൾ, നിങ്ങൾ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയെ പിന്തുണച്ചിരുന്നോ?” ഒരു കത്തോലിക്കനെ വെടിവെച്ചുകൊല്ലാനുള്ള പുറപ്പാടിൽ യാത്രാമധ്യേ പിടിയിലാകുകയും ജയിലിൽനിന്ന് ഈയിടെ പുറത്തുവരുകയും ചെയ്ത ഇയാൾ അക്രമാസക്തൻ ആയിത്തീർന്നേക്കാം എന്നു മനസ്സിലാക്കി സാക്ഷി ഇങ്ങനെ ഉത്തരം പറഞ്ഞു: “ഞാൻ ഇപ്പോൾ ഒരു കത്തോലിക്കൻ അല്ല. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവൻ ആണ്. ഒരു സത്യക്രിസ്ത്യാനി എന്ന നിലയിൽ, ഏതെങ്കിലും ഗവൺമെന്റിനോ വ്യക്തിക്കോ വേണ്ടി ഞാൻ ആരെയും ഒരിക്കലും കൊല്ലുകയില്ല.” അത് തലകുലുക്കി സമ്മതിച്ചുകൊണ്ട് വീട്ടുകാരൻ പറഞ്ഞു: “ഏതുതരം കൊലപാതകവും തെറ്റുതന്നെ. നിങ്ങൾ ചെയ്യുന്നത് ഒരു നല്ല വേലയാണ്. ഇത് നിർത്തരുത്.”
യേശുവിന്റെ നാമത്തിൽ വിശ്വാസം അർപ്പിക്കുന്നതിന്റെ അർഥം
യേശുവിന്റെ നാമത്തിൽ വിശ്വാസം അർപ്പിക്കുക എന്നത് കേവലം യുദ്ധം ചെയ്യാതിരിക്കുന്നതിനെ മാത്രമല്ല, മറിച്ച് ക്രിസ്തുവിന്റെ എല്ലാ കൽപ്പനകളും അനുസരിക്കുന്നതിനെയും അർഥമാക്കുന്നു. യേശു പ്രസ്താവിച്ചിരിക്കുന്നത് ഇതാണല്ലോ: “ഞാൻ നിങ്ങളോടു കല്പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതൻമാർ തന്നേ.” അവന്റെ കൽപ്പനകളിൽ ഒന്ന് നാം “തമ്മിൽ തമ്മിൽ സ്നേഹി”ക്കണം എന്നതാണ്. (യോഹന്നാൻ 15:14, 17) സ്നേഹം മറ്റുള്ളവർക്കു നന്മ ചെയ്യാൻ ശ്രമിക്കുന്നു. അത് വർഗീയവും മതപരവും സാമൂഹികവുമായ എല്ലാ മുൻവിധികളെയും അകറ്റുന്നു. അത് എങ്ങനെ എന്ന് യേശു പ്രകടമാക്കുകയുണ്ടായി.
യേശുവിന്റെ നാളിലെ യഹൂദന്മാർക്ക് ശമര്യക്കാരോടു വെറുപ്പായിരുന്നു. എന്നാൽ അതിനു നേർവിപരീതമായിരുന്നു അവരോടുള്ള യേശുവിന്റെ ഇടപെടൽ; അവൻ ഒരു ശമര്യക്കാരിയോടു സംസാരിച്ചു. ഫലമോ, അവളും മറ്റ് അനേകരും അവന്റെ നാമത്തിൽ വിശ്വാസം അർപ്പിച്ചു. (യോഹന്നാൻ 4:39) തന്റെ ശിഷ്യന്മാർ “യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും” തനിക്കു സാക്ഷികൾ ആകും എന്നും യേശു പ്രസ്താവിച്ചു. (പ്രവൃത്തികൾ 1:8) അവന്റെ ജീവദായക സന്ദേശം യഹൂദർക്കു മാത്രമായി ചുരുക്കരുതായിരുന്നു. അതിൻപ്രകാരം, ഒരു റോമൻ ശതാധിപനായ കൊർന്നേല്യൊസിനെ സന്ദർശിക്കാൻ പത്രൊസിനു കൽപ്പന ലഭിച്ചു. അന്യജാതിക്കാരനെ സന്ദർശിക്കുന്നത് യഹൂദനു നിഷിദ്ധം ആയിരുന്നെങ്കിലും, “ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെ”ന്നു ദൈവം പത്രൊസിന് വ്യക്തമാക്കി കൊടുത്തു.—പ്രവൃത്തികൾ 10:28.
യേശുവിനെ അനുകരിച്ചുകൊണ്ട്, യഹോവയുടെ സാക്ഷികൾ സകലരെയും—അവരുടെ വർഗമോ മതമോ സാമ്പത്തികസ്ഥിതിയോ നോക്കാതെ—യേശുവിന്റെ നാമത്തിലൂടെയുള്ള രക്ഷയെ കുറിച്ചു പഠിക്കാൻ മനസ്സോടെ സഹായിക്കുന്നു. യേശുവിന്റെ നാമത്തിലുള്ള വിശ്വാസം ‘യേശു കർത്താവ് ആണ് എന്നു പരസ്യമായി പ്രഖ്യാപിക്കാൻ’ അവരെ പ്രചോദിപ്പിക്കുന്നു. (റോമർ 10:8, 9, NW) അവരുടെ സഹായം സ്വീകരിച്ച് യേശുവിന്റെ നാമത്തിൽ എങ്ങനെ വിശ്വാസം അർപ്പിക്കാമെന്നു പഠിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.
യേശുവിന്റെ നാമം ബഹുമാനത്തിന്റെയും ആദരവിന്റെയും അനുസരണയുടെയും വികാരങ്ങളെ യഥാർഥമായും ഉളവാക്കണം. പൗലൊസ് അപ്പൊസ്തലൻ പ്രസ്താവിച്ചു: ‘യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏററുപറകയും ചെയ്യേണ്ടിവരും.’ (ഫിലിപ്പിയർ 2:10, 11) ഭൂരിപക്ഷം ഭൂവാസികളും യേശുവിന്റെ ഭരണത്തിനു കീഴ്പെടാൻ വിസമ്മതിച്ചേക്കാമെങ്കിലും, എല്ലാ ആളുകളും അപ്രകാരം ചെയ്യേണ്ടിവരുന്ന, അല്ലെങ്കിൽ അങ്ങനെ ചെയ്യാത്തവർ നശിക്കേണ്ടിവരുന്ന സമയം അടുത്തിരിക്കുന്നു എന്നു ബൈബിൾ പ്രകടമാക്കുന്നു. (2 തെസ്സലൊനീക്യർ 1:6-10) അതുകൊണ്ട്, യേശുവിന്റെ എല്ലാ കൽപ്പനകളും പാലിച്ചുകൊണ്ട് അവന്റെ നാമത്തിൽ വിശ്വാസം അർപ്പിക്കുന്നതിനുള്ള സമയം ഇപ്പോഴാണ്.
[അടിക്കുറിപ്പുകൾ]
a കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി 1984-ൽ പ്രസിദ്ധീകരിച്ച എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്) എന്ന ലഘുപത്രികയുടെ 28-31 പേജുകൾ കാണുക.
[6-ാം പേജിലെ ചിത്രം]
യേശുവിന്റെ നാമത്തെപ്രതി, ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്
[7-ാം പേജിലെ ചിത്രം]
യേശു വർഗീയ മുൻവിധികൾ പുലർത്തിയില്ല. നിങ്ങളോ?