നിങ്ങൾ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകേണ്ടതിന്റെ കാരണം
തെക്കേ അമേരിക്കയിൽ ജീവിക്കുന്ന റൊസാറിയോ മാസങ്ങളോളം എലിസബത്തിനോടൊപ്പം ബൈബിൾ പഠിക്കുന്നത് ആസ്വദിച്ചു. ദൈവത്തിന്റെ രാജ്യത്തെക്കുറിച്ചും അതു ഭൂമിയിൽ ഒരു പറുദീസാവസ്ഥ കൊണ്ടുവരുന്നതിനെക്കുറിച്ചും പഠിച്ചപ്പോൾ അത് റൊസാറിയോയെ പുളകമണിയിച്ചു. എന്നിരുന്നാലും രാജ്യഹാളിലെ യോഗങ്ങൾക്കു ഹാജരാകാൻ എലിസബത്ത് അവളെ ക്ഷണിച്ചപ്പോഴെല്ലാം അവൾ വിസമ്മതിച്ചു. സഭായോഗങ്ങൾക്കു ഹാജരാകാതെ തനിക്കു വീട്ടിലിരുന്നുതന്നെ ബൈബിൾ പഠിക്കാമെന്നും അതു പറയുന്നതു നടപ്പിലാക്കാമെന്നും അവൾക്കു തോന്നി. ക്രിസ്തീയ യോഗങ്ങൾ വാസ്തവത്തിൽ നിങ്ങൾക്കു പ്രയോജനപ്രദമാണോ എന്നു നിങ്ങളും എന്നെങ്കിലും സംശയിച്ചിട്ടുണ്ടോ? ദൈവം എന്തുകൊണ്ടാണു തന്റെ ജനം ഒന്നിച്ചു കൂടിവരുന്നതിനു ക്രമീകരിക്കുന്നത്?
ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ തങ്ങൾക്കു ചുററുമുള്ള ജനങ്ങളിൽനിന്നു വളരെ വ്യത്യസ്തരായിരുന്നതിനാൽ അവരുടെ അതിജീവനത്തിന് ഉചിതമായ സഹവാസം അത്യന്താപേക്ഷിതമായിരുന്നു. ആദിമ ക്രിസ്ത്യാനികളുടെ ഒരു സഭക്ക് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: ‘വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നവരും ആയിത്തീർന്നു.’ (ഫിലിപ്പിയർ 2:14, 15) ക്രിസ്ത്യാനികൾക്കു യഹൂദ്യയിൽ വളരെ പ്രയാസകരമായ സമയമുണ്ടായിരുന്നു. അവർക്കായിരുന്നു പൗലോസ് “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു” എന്ന് എഴുതിയത്. (എബ്രായർ 10:24, 25) എങ്ങനെയാണു നാം ഒന്നിച്ചു കൂടിവന്നുകൊണ്ടു സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിക്കുന്നത്?
ക്രിസ്ത്യാനികൾ പരസ്പരം “മൂർച്ചകൂട്ടുന്ന” വിധം
പൗലോസ് ഉപയോഗിച്ചതും “ഉത്സാഹം വർദ്ധിപ്പി”ക്കുക എന്നു വിവർത്തനം ചെയ്തിരിക്കുന്നതുമായ ഗ്രീക്കു പദത്തിന്റെ അക്ഷരാർഥം “ഒരു മൂർച്ച കൂട്ടൽ” എന്നാണ്. “ഇരിമ്പു ഇരിമ്പിന്നു മൂർച്ച കൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ച കൂട്ടുന്നു” എന്നു പറഞ്ഞപ്പോൾ ക്രിസ്ത്യാനികൾക്കു പരസ്പരം എങ്ങനെ മൂർച്ച കൂട്ടാമെന്ന് അതു വർണിക്കുന്നു. (സദൃശവാക്യങ്ങൾ 27:17; സഭാപ്രസംഗി 10:10) ക്രമമായി മൂർച്ച വരുത്തേണ്ട ആയുധങ്ങൾപോലെയാണു നാം. യഹോവയോടു സ്നേഹം പ്രകടമാക്കുന്നതും നമ്മുടെ വിശ്വാസത്തിൽ അധിഷ്ഠിതമായ തീരുമാനങ്ങൾ എടുക്കുന്നതും ലോകത്തിൽനിന്നു വ്യത്യസ്തമായിരിക്കുന്നതിനെ അർഥമാക്കുന്നതിനാൽ, ഒരു വിധത്തിൽപ്പറഞ്ഞാൽ നാം നിരന്തരം ഭൂരിപക്ഷത്തിൽനിന്നു വ്യത്യസ്തമായ ഒരു പ്രവർത്തനഗതി സ്വീകരിക്കേണ്ടിയിരിക്കുന്നു.
വ്യത്യസ്തരായിരിക്കാനുള്ള നിരന്തര ശ്രമത്തിനു സൽപ്രവൃത്തികൾക്കുള്ള നമ്മുടെ തീക്ഷ്ണതയുടെ മൂർച്ച കുറക്കാൻ കഴിയും. എന്നാൽ നാം യഹോവയെ സ്നേഹിക്കുന്ന മററുള്ളവരോടൊപ്പമായിരിക്കുമ്പോൾ നാം അന്യോന്യം മൂർച്ച കൂട്ടുന്നു—നാം പരസ്പരം സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിക്കുന്നു. നേരെമറിച്ചു നാം ഒററക്കായിരിക്കുമ്പോൾ നമ്മെക്കുറിച്ചുതന്നെ കൂടുതൽ ഗൗരവമായി ചിന്തിക്കാനുള്ള പ്രവണത കാട്ടും. അധാർമികമോ, സ്വാർഥപരമോ, മൗഢ്യമോ ആയ ആശയങ്ങൾ നമ്മുടെ മനസ്സുകളിൽ കടന്നുകൂടിയേക്കാം. “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു. സകല ജ്ഞാനത്തോടും അവൻ കയർക്കുന്നു.” (സദൃശവാക്യങ്ങൾ 18:1) അതുകൊണ്ടാണു പൗലോസ് തെസ്സലോനിക്യ നഗരത്തിലെ സഭക്ക് ഇങ്ങനെ എഴുതിയത്: “ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മികവർദ്ധന വരുത്തിയും പോരുവിൻ.”—1 തെസ്സലൊനീക്യർ 5:11.
അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ സംബന്ധിച്ച തന്റെ പഠിത്തം പൂർത്തീകരിച്ചപ്പോഴും റൊസാറിയോ സഭയുമായി സഹവസിക്കുന്നതിൽനിന്നു പിൻവാങ്ങിനിന്നു. അങ്ങനെ കൂടുതലായ സഹായം നൽകാൻ കഴിയാതെ എലിസബത്ത് അവളെ സന്ദർശിക്കുന്നതു നിർത്തി. ഏതാനും മാസങ്ങൾക്കുശേഷം ഒരു സഞ്ചാരമേൽവിചാരകൻ റൊസാറിയോയെ സന്ദർശിച്ച് ഇങ്ങനെ ചോദിച്ചു: “ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും ഹോട്ടലിൽനിന്നു ഭക്ഷിക്കുന്നതിനാൽ നല്ല ഭക്ഷണം കണ്ടെത്താൻ കഴിയുമെങ്കിലും ഭവനത്തിൽ ഒന്നിച്ചിരുന്നു കഴിക്കാത്തതിനാൽ എല്ലാ അംഗങ്ങൾക്കും നഷ്ടമാകുന്നത് എന്താണ്?” “അവർക്കു കുടുംബത്തിലെ സഹവാസം നഷ്ടപ്പെടും,” റൊസാറിയോ മറുപടി നൽകി. അവൾക്ക് ആശയം പിടികിട്ടുകയും യോഗങ്ങൾക്കു ക്രമമായി വരാൻ തുടങ്ങുകയും ചെയ്തു. അതിൽപ്പിന്നെ മിക്കവാറും എല്ലാ യോഗങ്ങൾക്കും ഹാജരാകാൻ തക്കവണ്ണം അതു വളരെ പ്രയോജനപ്രദമെന്ന് അവൾ കണ്ടെത്തി.
നിങ്ങൾ വിശ്വസിക്കുന്ന അതേ കാര്യങ്ങളിൽ മററുള്ളവർ വിശ്വാസം പ്രകടമാക്കുന്നതു കേൾക്കുന്നതും അതുപോലെതന്നെ അത്തരം വിശ്വാസം മററുള്ളവരുടെ ജീവിതത്തിനു മാററം വരുത്തിയതു കാണുന്നതും പ്രോത്സാഹജനകമാണ്. പൗലോസിന് ഇത് വ്യക്തിപരമായ അനുഭവത്തിൽനിന്ന് അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം റോമിലുള്ള സഭക്ക് എഴുതി: “നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മിക വരം വല്ലതും നിങ്ങൾക്കു നൽകേണ്ടതിന്നു, അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാൺമാൻ വാഞ്ഛിക്കുന്നു.” (റോമർ 1:11, 12) വാസ്തവത്തിൽ അതു പൗലോസിനു റോം സന്ദർശിക്കാൻ കഴിയുന്നതിനു വർഷങ്ങൾക്കു മുമ്പായിരുന്നു, എന്നാൽ സന്ദർശിച്ചപ്പോഴോ അതു റോമാക്കാരുടെ ഒരു തടവുകാരനായിട്ടായിരുന്നു. എന്നാൽ തന്നെക്കാണാൻ റോമാ നഗരത്തിൽനിന്ന് 60 കിലോമീററർ നടന്നുവന്ന അവിടത്തെ സഹോദരൻമാരെ കണ്ടപ്പോൾ, “പൌലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.”—പ്രവൃത്തികൾ 28:15.
പ്രയാസകരമായ കാലങ്ങളിൽ ആത്മിക ഭക്ഷണം കണ്ടെത്തൽ
റോമിൽ വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ പൗലോസ് എബ്രായരോട് അവരുടെ കൂടിവരവ് ഉപേക്ഷിക്കാതിരിക്കുന്നതിനെക്കുറിച്ചു പറഞ്ഞു. “നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു” എന്ന വാക്കുകൾ അദ്ദേഹം കൂട്ടിച്ചേർത്തു എന്നതു നമ്മെ സംബന്ധിച്ചു പ്രാധാന്യമുള്ളതാണ്. (എബ്രായർ 10:25) ആയിരത്തിത്തൊള്ളായിരത്തിപ്പതിന്നാല് എന്ന വർഷം ഈ ലോകത്തിന്റെ അന്ത്യകാലത്തിന്റെ ആരംഭം കുറിച്ചെന്നും “ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും” അടുത്തിരിക്കുന്നുവെന്നും യഹോവയുടെ സാക്ഷികൾ തിരുവെഴുത്തുകളിൽനിന്നു സ്ഥിരമായി പ്രകടമാക്കിയിരിക്കുന്നു. (2 പത്രൊസ് 3:7) വെളിപ്പാട് എന്ന ബൈബിൾ പുസ്തകപ്രകാരം, അന്ത്യകാലത്തിന്റെ ആരംഭത്തിങ്കൽ പിശാച് സ്വർഗത്തിൽനിന്ന് എറിയപ്പെട്ടപ്പോൾ അവനു മഹാ ക്രോധമുണ്ടായിട്ട് “ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടു.” (വെളിപ്പാടു 12:7-17) അതുകൊണ്ടു ദൈവകൽപ്പന പ്രമാണിക്കുന്നത് ഇപ്പോൾ വിശേഷിച്ചു പ്രയാസകരമാണ്; നാം സഹവിശ്വാസികളുമായി പൂർവാധികം കൂടിവരേണ്ടതുണ്ട്. പിശാചിന്റെ ആക്രമണങ്ങളെ ചെറുക്കേണ്ടതിന് നമ്മുടെ വിശ്വാസത്തെയും ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തെയും ബലിഷ്ഠമാക്കാൻ യോഗങ്ങൾ നമ്മെ സഹായിക്കും.
ദൈവത്തോടുള്ള സ്നേഹവും വിശ്വാസവും, പണിതുകഴിഞ്ഞാൽ സ്ഥിരമായിരിക്കുന്ന കെട്ടിടങ്ങൾ പോലെയല്ല. മറിച്ച്, അവ നിരന്തരമായ പോഷിപ്പിക്കലിനാൽ പതുക്കെ വളർന്നുവരുന്നതും എന്നാൽ പട്ടിണിയാൽ ക്ഷീണിച്ചു ചത്തുപോകുന്നതുമായ ജീവികളെപ്പോലെയാണ്. അതുകൊണ്ടാണു യഹോവ തന്റെ ജനത്തെ ശക്തീകരിക്കുന്നതിനു ക്രമമായ ആത്മികാഹാരം പ്രദാനം ചെയ്യുന്നത്. നമുക്കെല്ലാം അത്തരം ആഹാരം ആവശ്യമാണ്, എന്നാൽ ദൈവസ്ഥാപനത്തിൽനിന്നും അതിന്റെ യോഗങ്ങളിൽനിന്നും അല്ലാതെ മറെറവിടെനിന്നാണു നമുക്കതു ലഭിക്കുക? ഒരിടത്തുനിന്നും ലഭിക്കില്ല.—ആവർത്തനം 32:2; മത്തായി 4:4; 5:3.
താൻ ക്രിസ്തീയ സഭയെ എങ്ങനെ തീററിപ്പോററുന്നുവെന്നു കാണാൻ നമ്മെ സഹായിക്കുന്ന ഒരു ചോദ്യം യേശു ഉന്നയിച്ചു. അവിടുന്നു ചോദിച്ചു: “യജമാനൻ തന്റെ വീട്ടുകാർക്കു തൽസമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെമേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ [വിവേകിയുമായ അടിമ, NW] ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തുകാണുന്ന ദാസൻ ഭാഗ്യവാൻ.” (മത്തായി 24:45, 46) തന്റെ അനുഗാമികൾക്കു ഭക്ഷണം കൊടുക്കേണ്ടതിന് ഒന്നാം നൂററാണ്ടിൽ ആരെയായിരുന്നു യേശു നിയമിച്ചത്, രാജ്യാധികാരത്തിൽ മടങ്ങിവന്നപ്പോൾ വിശ്വസ്തമായി അവർക്ക് അങ്ങനെ ഭക്ഷണം കൊടുക്കുന്നതായി അവിടുന്നു കണ്ടെത്തിയത് ആരെയാണ്? വ്യക്തമായും ആ നൂററാണ്ടുകളിലുടനീളം ജീവിച്ചിരുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നിട്ടില്ല. ആ അടിമ ആത്മാഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയാണെന്നു തെളിവു ചൂണ്ടിക്കാട്ടുന്നു, ക്രിസ്തീയ കാലങ്ങൾക്കു മുമ്പ് ഇസ്രയേൽജനത ദൈവത്തിന്റെ ദാസൻ ആയിരുന്നതുപോലെതന്നെ. (യെശയ്യാവു 43:10) അതേ, യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭകളിലൂടെ ഇന്ന് ആത്മിക ഭക്ഷണം പകർന്നു കൊടുക്കുന്ന ആത്മാഭിഷിക്ത ക്രിസ്ത്യാനികളുടെ ലോകവ്യാപകമായ ആ സംഘത്തിലൂടെയാണു യേശു നമ്മുടെ ആത്മിക ഭക്ഷണം നൽകുന്നത്.
യേശു ആത്മിക ഭക്ഷണം പ്രദാനം ചെയ്യാനുള്ള സരണി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് കൂടുതലായി ഇങ്ങനെ വർണിച്ചു: “‘താൻ ഉയരത്തിലേക്ക് ആരോഹണം ചെയ്തപ്പോൾ അവിടുന്നു ബദ്ധൻമാരെ പിടിച്ചുകൊണ്ടുപോയി; അവിടുന്നു മനുഷ്യരാം ദാനങ്ങളെ നൽകി.’ . . . അവിടുന്നു ചിലരെ അപ്പോസ്തലൻമാരായും ചിലരെ പ്രവാചകൻമാരായും ചിലരെ സുവിശേഷകൻമാരായും ചിലരെ ഇടയൻമാരായും ഉപദേഷ്ടാക്കൻമാരായും നൽകി; നമ്മളെല്ലാം ക്രിസ്തുവിന്റെ പൂർണതയുടേതായ ഉയരത്തിന്റെ അളവോളം പൂർണവളർച്ച പ്രാപിച്ച ഒരു മനുഷ്യനായി വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും ഉള്ള ഏകത പ്രാപിക്കുന്നതുവരെ ശുശ്രൂഷാവേലക്കുവേണ്ടി, ക്രിസ്തുവിന്റെ ശരീരത്തിന്റെ പരിപോഷണത്തിനുവേണ്ടി, വിശുദ്ധൻമാരുടെ പുനഃക്രമവൽക്കരണം മുന്നിൽ കണ്ടുകൊണ്ടുതന്നെ.”—എഫേസ്യർ 4:8, 11-13, NW.
പ്രാദേശിക സഭകളിൽ—യോഗങ്ങളിൽ—ആയിരുന്നു ഈ “മനുഷ്യരാം ദാനങ്ങൾ” മുഖ്യമായും സഹോദരങ്ങളെ കെട്ടുപണി ചെയ്തത്. ഉദാഹരണത്തിന് അന്ത്യോക്ക്യയിൽ “യൂദയും ശീലാസും പ്രവാചകൻമാർ ആകകൊണ്ടു പല വചനങ്ങളാലും സഹോദരൻമാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു.” (പ്രവൃത്തികൾ 15:32) ആത്മീയ യോഗ്യതയുള്ള പുരുഷൻമാരുടെ പ്രസംഗങ്ങൾ ഇന്ന് നമ്മുടെ വിശ്വാസത്തെ, അതു ക്ഷയിച്ചുപോകുകയോ നിഷ്ക്രിയമാകുകയോ ചെയ്യാതിരിക്കേണ്ടതിനു സമാനമായി പരിപോഷിപ്പിക്കും.
ഇതുവരെയും നാം യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയിട്ടില്ലെങ്കിലും, സഭയിലെ ഒരംഗത്തിന്റെ വ്യക്തിപരമായ സഹായത്താൽ നാം നല്ല പുരോഗതി നേടിയിട്ടുണ്ടെന്നതു സത്യമായിരിക്കാം. നിങ്ങൾക്കു “ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്ന,” “കട്ടിയായ ആഹാരമല്ല, പാൽ . . . ആവശ്യമായിരിക്കുന്ന,” ഒരു സമയമുണ്ടെന്നു ബൈബിൾ പറയുന്നു. (എബ്രായർ 5:12) എന്നാൽ ഒരുവന് പാൽകുടിക്കുന്ന അവസ്ഥയിൽ എന്നേക്കും കഴിയാൻ പററില്ല. ക്രിസ്തീയ യോഗങ്ങൾ ദൈവസ്നേഹവും ദൈവവിശ്വാസവും സജീവമായി നിലനിർത്തുന്നതിനും “ദൈവത്തിന്റെ ആലോചന . . . മുഴുവനും” ബാധകമാക്കുന്നതിൽ പ്രായോഗിക സഹായം നൽകുന്നതിനും ഉദ്ദേശിച്ചിട്ടുള്ള ബൈബിൾ പ്രബോധനങ്ങളുടെ തുടർച്ചയായ ഒരു പദ്ധതി പ്രദാനം ചെയ്യുന്നു. (പ്രവൃത്തികൾ 20:27) ഇതു “പാലി”നെക്കാൾ കൂടിയതാണ്. ബൈബിൾ കൂടുതലായി ഇങ്ങനെ പറയുന്നു: “കട്ടിയായുള്ള ആഹാരം നൻമതിൻമകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പററുകയുള്ളു.” (എബ്രായർ 5:14) യോഗങ്ങളിൽ പ്രധാന ബൈബിൾ പ്രവചനങ്ങളുടെ വാക്യാനുവാക്യ പഠനങ്ങളും ദൈവത്തെ നമ്മുടെ സ്വന്തം ജീവിതത്തിൽ എങ്ങനെ അനുകരിക്കാമെന്ന ഗഹനമായ ചർച്ചകളുംപോലെ അടിസ്ഥാന ഭവന ബൈബിൾപ്രബോധന പാഠ്യപദ്ധതിയുടെ ഭാഗമല്ലാതിരുന്നേക്കാവുന്ന നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
യഹോവയുടെ ഓർമിപ്പിക്കലുകൾ—നിങ്ങളുടെ പിന്നിലെ ഒരു ശബ്ദംപോലെ
സഭയിലെ ഇത്തരം പഠനങ്ങളാൽ, നാം ഏതുതരം വ്യക്തികളായിരിക്കണമെന്നു യഹോവ ക്രമമായി നമ്മെ ഓർമിപ്പിക്കുന്നു. ഇത്തരം ഓർമിപ്പിക്കലുകൾ അത്യന്താപേക്ഷിതമാണ്. അവയുടെ അഭാവത്തിൽ നാം എളുപ്പം സ്വാർഥതയിലേക്കും അഹങ്കാരത്തിലേക്കും അത്യാഗ്രഹത്തിലേക്കും ഉള്ള ചായ്വു കാട്ടുന്നു. തിരുവെഴുത്തുകളിൽനിന്നുള്ള ഓർമിപ്പിക്കലുകൾ മററു മനുഷ്യരോടും ദൈവത്തോടുതന്നെയും വിജയകരമായ ബന്ധങ്ങൾ ആസ്വദിക്കാൻ നമ്മെ സഹായിക്കും. സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഞാൻ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു (ഓർമിപ്പിക്കലുകളിലേക്കു, NW) തിരിക്കുന്നു.”—സങ്കീർത്തനം 119:59.
നാം ക്രമമായി ക്രിസ്തീയ യോഗങ്ങളിൽ ഹാജരാകുമ്പോൾ യെശയ്യാവിലൂടെയുള്ള യഹോവയുടെ പ്രവചനത്തിന്റെ നിവൃത്തി നമുക്ക് അനുഭവപ്പെടുന്നു. അതു പറയുന്നു: “നിന്റെ ഉപദേഷ്ടാവു മറഞ്ഞിരിക്കയില്ല; നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.” യഹോവ നമ്മുടെ അഭിവൃദ്ധി നിരീക്ഷിക്കുകയും നാം ഒരു തെററായ പടി സ്വീകരിച്ചാൽ നമ്മെ സ്നേഹപൂർവം തിരുത്തുകയും ചെയ്യുന്നു. (യെശയ്യാവു 30:20, 21; ഗലാത്യർ 6:1) അവിടുന്ന് ഇതിലുമധികം സഹായംപോലും പ്രദാനം ചെയ്യുന്നു.
സഭയിലൂടെ പരിശുദ്ധാത്മാവു പ്രാപിക്കൽ
യഹോവയുടെ സാക്ഷികളോടൊപ്പം ക്രമമായി ക്രിസ്തീയ യോഗങ്ങളിൽ ഹാജരാകുന്നതിനാൽ, ദൈവജനത്തിൽ വസിക്കുന്ന പരിശുദ്ധാത്മാവിനാൽ നാം ശക്തീകരിക്കപ്പെടുന്നു. (1 പത്രൊസ് 4:14) കൂടാതെ, സഭയിലെ ക്രിസ്തീയ മേൽവിചാരകൻമാർ നിയമിക്കപ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. (പ്രവൃത്തികൾ 20:28) ദൈവത്തിൽനിന്നുള്ള ഈ പ്രവർത്തനനിരതമായ ശക്തിക്ക് ഒരു ക്രിസ്ത്യാനിയുടെമേൽ ശക്തമായ സ്വാധീനമുണ്ട്. “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം” എന്നിവയാണെന്നു ബൈബിൾ പറയുന്നു. (ഗലാത്യർ 5:22, 23) യഹോവയെ സ്നേഹിക്കുന്നവർക്കുവേണ്ടി അവിടുന്നു കരുതിയിരിക്കുന്നതിനെക്കുറിച്ച് അതിശയമാംവിധം വ്യക്തമായ ഗ്രാഹ്യം നേടാനും ദൈവത്തിന്റെ സ്ഥാപനത്തിലൂടെ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവു നമ്മെ സഹായിക്കും. ഈ വ്യവസ്ഥിതിയിലെ പ്രമുഖർക്കു ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഗ്രഹിക്കാൻ സാധ്യമല്ലെന്നു വിശദീകരിച്ചശേഷം പൗലോസ് ഇങ്ങനെ എഴുതി: “നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു.”—1 കൊരിന്ത്യർ 2:8-10.
വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന ആത്മികാഹാരത്തിനു പുറമെ, സഭ അതിന്റെ മുഖ്യ പ്രവർത്തനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കു പരിശീലനം നൽകുന്നു. അതെന്താണ്?
സഭ നൽകുന്ന പരിശീലനം
ക്രിസ്തീയ സഭ ആളുകൾ കേവലം വിനോദം ആസ്വദിക്കുകയും ഒരുപക്ഷേ മെച്ചപ്പെട്ട ജീവിതം നയിക്കാൻ പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക ക്ലബ്ബല്ല. ആത്മിക അന്ധകാരത്തിൽ കഴിയുന്നവർക്കു രാജ്യസുവാർത്ത എത്തിക്കാൻ യേശു സഭയെ നിയോഗിച്ചു. (പ്രവൃത്തികൾ 1:8; 1 പത്രൊസ് 2:9) പൊ.യു. [പൊതുയുഗം] 33-ലെ പെന്തക്കോസ്തിൽ സ്ഥാപിതമായ ദിവസംമുതൽ, അതു പ്രസംഗകരുടെ ഒരു സ്ഥാപനമായിരുന്നു. (പ്രവൃത്തികൾ 2:4) യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ആരോടെങ്കിലും പറയാൻ ശ്രമിച്ചിട്ട് അയാളെ ബോധ്യപ്പെടുത്താൻ കഴിയാഞ്ഞ ഒരനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? പഠിപ്പിക്കൽ കലയിൽ സഭായോഗങ്ങൾ വ്യക്തിപരമായ പരിശീലനം നൽകുന്നു. ബൈബിൾ ദൃഷ്ടാന്തങ്ങൾ പഠിക്കുന്നതിനാൽ, ന്യായവാദങ്ങൾ ചെയ്യുന്നതിന് ഒരടിസ്ഥാനം എങ്ങനെ ഒരുക്കാൻ കഴിയുമെന്നും യുക്തിയുക്തമായ വാദത്തിനു തിരുവെഴുത്തുകളെ ഒരടിസ്ഥാനമായി എങ്ങനെ ഉപയോഗിക്കാമെന്നും ചോദ്യങ്ങളും ഉപമകളും ഉപയോഗിച്ചു ന്യായവാദം ചെയ്യാൻ മററുള്ളവരെ എങ്ങനെ സഹായിക്കാമെന്നും നാം പഠിക്കുന്നു. ഇത്തരം വൈദഗ്ധ്യങ്ങൾക്കു ബൈബിൾ സത്യം ഗ്രഹിക്കുന്നതിൽ മറെറാരാളെ സഹായിക്കുന്നതിലെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം അനുഭവിക്കാൻ നിങ്ങളെ സഹായിക്കാൻ കഴിയും.
കലാപബാധിതമായ ഈ അധാർമിക ലോകത്തിൽ ക്രിസ്തീയ സഭ ഒരു യഥാർഥ അഭയകേന്ദ്രമാണ്. അപൂർണ മനുഷ്യർ അടങ്ങിയതാണെങ്കിലും അതു സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഒരു സങ്കേതമാണ്. അതുകൊണ്ടു സഭയിലെ എല്ലാ യോഗങ്ങൾക്കും ക്രമമായി ഹാജരാകുകയും സങ്കീർത്തനക്കാരന്റെ വാക്കുകളിലെ സത്യം നിങ്ങൾതന്നെ അനുഭവിച്ചറിയുകയും ചെയ്യുവിൻ: “ഇതാ, സഹോദരൻമാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! . . . യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നു.”—സങ്കീർത്തനം 133:1, 3.