മുഴുദേഹിയോടെയുള്ള സേവനത്തെ യഹോവ അത്യധികം വിലമതിക്കുന്നു
“നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല യഹോവയ്ക്കെന്നപോലെ മുഴുദേഹിയോടെ ചെയ്യുവിൻ.”—കൊലൊസ്സ്യർ 3:23, NW.
1, 2. (എ) നമുക്കുണ്ടായിരിക്കാവുന്ന ഏറ്റവും വലിയ പദവി എന്താണ്? (ബി) ദൈവസേവനത്തിൽ നാം ആഗ്രഹിക്കുന്നത്രയും ചെയ്യാൻ ചിലപ്പോൾ നമുക്കു കഴിയാതെ വന്നേക്കാവുന്നതെന്തുകൊണ്ട്?
യഹോവയെ സേവിക്കുകയെന്നത് നമുക്കുണ്ടായിരിക്കാവുന്ന ഏറ്റവും വലിയ പദവിയാണ്. അതുകൊണ്ട് ക്രിസ്ത്യാനികൾ ശുശ്രൂഷയിൽ ഏർപ്പെടണമെന്നും സാധ്യമാകുമ്പോഴെല്ലാം അതു “കൂടുതൽ തികവിൽ” നിർവഹിക്കണമെന്നും ഈ പത്രിക ക്രിസ്ത്യാനികളെ ദീർഘനാളായി പ്രോത്സാഹിപ്പിച്ചിരിക്കുന്നതിനു നല്ല കാരണമുണ്ട്. (1 തെസ്സലൊനീക്യർ 4:1, NW) എന്നിരുന്നാലും, ദൈവസേവനത്തിൽ ചെയ്യണമെന്നു നമ്മുടെ ഹൃദയം വാഞ്ഛിക്കുന്നതൊക്കെയും ചെയ്യാൻ എല്ലായ്പോഴും നമുക്കാവുന്നില്ല. ഏതാണ്ടു 40 വർഷംമുമ്പ് സ്നാപനമേറ്റ ഏകാകിയായ ഒരു സഹോദരി പറയുന്നു: “മുഴുസമയ ജോലി ചെയ്യേണ്ട സ്ഥിതിവിശേഷമാണ് എന്റേത്. വിലയേറിയ അത്യാധുനിക വസ്ത്രം വാങ്ങുന്നതിനോ അവധിക്കാല വിനോദത്തിനുവേണ്ടി ഒരു കപ്പൽയാത്ര നടത്തുന്നതിനോ അല്ല അങ്ങനെ ജോലി ചെയ്യേണ്ടിവരുന്നത്, മറിച്ച് മരുന്നിനും ദന്തചികിത്സയ്ക്കുമുള്ള ചെലവുകൾ ഉൾപ്പെടെ അഹോവൃത്തിക്കുള്ള വക തേടാനാണ്. ഞാൻ തുച്ഛമായേ യഹോവയ്ക്കു നൽകുന്നുള്ളു എന്നാണ് എനിക്കു തോന്നുന്നത്.”
2 ദൈവസ്നേഹം ആകുന്നത്ര പ്രസംഗവേലയിലേർപ്പെടണമെന്ന ആഗ്രഹം നമ്മിൽ ജനിപ്പിക്കുന്നു. എന്നാൽ ജീവിത സാഹചര്യങ്ങൾ പലപ്പോഴും നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യുന്നതിനു തടസ്സമായിവരുന്നു. കുടുംബകടമകൾ ഉൾപ്പെടെ തിരുവെഴുത്തുപരമായ മറ്റ് ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനുതന്നെ നാം ഏറെ സമയവും ഊർജവും ചെലവിടേണ്ടിവന്നേക്കാം. (1 തിമൊഥെയൊസ് 5:4, 8) ഈ “ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങ”ളിൽ ജീവിതം അധികമധികം ബുദ്ധിമുട്ടുള്ളതായിത്തീരുകയാണ്. (2 തിമൊഥെയൊസ് 3:1, NW) നമ്മുടെ ആഗ്രഹത്തിനൊത്തു ശുശ്രൂഷ നിറവേറ്റാനാകാതെവരുമ്പോൾ, നമുക്കു കുറച്ചൊക്കെ അസ്വാസ്ഥ്യം തോന്നിയേക്കാം. ദൈവം നമ്മുടെ ആരാധന ഇഷ്ടപ്പെടുന്നുണ്ടോ എന്നുപോലും നാം സംശയിച്ചേക്കാം.
മുഴുദേഹിയോടെയുള്ള സേവനത്തിന്റെ മനോഹാരിത
3. നമ്മിൽനിന്നെല്ലാം യഹോവ എന്താണു പ്രതീക്ഷിക്കുന്നത്?
3 സങ്കീർത്തനം 103:14-ൽ, യഹോവ “നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു” എന്നു ബൈബിൾ ഊഷ്മളമായി നമുക്ക് ഉറപ്പുതരുന്നു. മറ്റാരെക്കാളുമുപരി, അവനു നമ്മുടെ പരിമിതികൾ അറിയാം. നമുക്കു നൽകാവുന്നതിലധികം അവൻ ആവശ്യപ്പെടുന്നില്ല. അവൻ എന്താണു പ്രതീക്ഷിക്കുന്നത്? ഏതു സ്ഥിതിവിശേഷത്തിലും സകലർക്കും ചെയ്യാനാവുന്ന ഒരു സംഗതി: “നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല യഹോവയ്ക്കെന്നപോലെ മുഴുദേഹിയോടെ ചെയ്യുവിൻ.” (കൊലൊസ്സ്യർ 3:23, NW) അതേ, നാമെല്ലാവരും യഹോവയെ മുഴുദേഹിയോടെ സേവിക്കണമെന്ന് അവൻ പ്രതീക്ഷിക്കുന്നു.
4. യഹോവയെ മുഴുദേഹിയോടെ സേവിക്കുകയെന്നതിന്റെ അർഥമെന്താണ്?
4 യഹോവയെ മുഴുദേഹിയോടെ സേവിക്കുകയെന്നതിന്റെ അർഥമെന്താണ്? “മുഴുദേഹി”യോടെ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥം “ദേഹിയിൽനിന്ന്” എന്നാണ്. “ദേഹി” സൂചിപ്പിക്കുന്നത് ശാരീരികവും മാനസികവുമായ എല്ലാ പ്രാപ്തികളും സഹിതം മുഴുവ്യക്തിയെയുമാണ്. അതുകൊണ്ട് മുഴുദേഹിയോടെ സേവിക്കുക എന്നതിനർഥം ദൈവസേവനത്തിൽ നമ്മുടെ എല്ലാ പ്രാപ്തികളും ഉപയോഗിച്ചുകൊണ്ടും സാധ്യമാകുന്നത്ര തികവിൽ നമ്മുടെ ഊർജമൊക്കെയും വിനിയോഗിച്ചുകൊണ്ടും നമ്മെത്തന്നെ നൽകുകയെന്നാണ്. ലളിതമായി പറഞ്ഞാൽ, നമ്മുടെ ദേഹിക്കു ചെയ്യാനാകുന്നതെല്ലാം ചെയ്യുക എന്നാണ് അതിനർഥം.—മർക്കൊസ് 12:29, 30.
5. ശുശ്രൂഷയിൽ എല്ലാവരും ഒരേ അളവിൽ ചെയ്യുകയില്ലെന്ന് അപ്പോസ്തലന്മാരുടെ ദൃഷ്ടാന്തം പ്രകടമാക്കുന്നതെങ്ങനെ?
5 മുഴുദേഹിയോടെ പ്രവർത്തിക്കുകയെന്നതിന് നാമെല്ലാവരും ഒരേ അളവിൽ ശുശ്രൂഷയിൽ ഏർപ്പെടണമെന്ന് അർഥമുണ്ടോ? ഓരോ വ്യക്തിയുടെയും സാഹചര്യങ്ങളും പ്രാപ്തികളും വ്യത്യസ്തമായതിനാൽ അതു സാധ്യമല്ല. യേശുവിന്റെ വിശ്വസ്ത അപ്പോസ്തലന്മാരുടെ കാര്യം പരിചിന്തിക്കുക. ഒരേ അളവിൽ പ്രവർത്തിക്കുന്നതിനുള്ള പ്രാപ്തിയല്ല അവർക്കെല്ലാം ഉണ്ടായിരുന്നത്. ഉദാഹരണത്തിന്, കനാന്യനായ ശിമോൻ, അൽഫായുടെ പുത്രനായ യാക്കോബ് എന്നിങ്ങനെ ചില അപ്പോസ്തലന്മാരെക്കുറിച്ചു നമുക്കു കാര്യമായി അറിവില്ല. ഒരുപക്ഷേ അപ്പോസ്തലന്മാരെന്ന നിലയിലുള്ള അവരുടെ പ്രവർത്തനം പരിമിതമായിരുന്നിരിക്കാം. (മത്തായി 10:2-4) അവരിൽനിന്നു വ്യത്യസ്തമായി, അനേകം ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പത്രൊസിനു സാധിച്ചു—എന്തിന്, യേശു “രാജ്യത്തിന്റെ താക്കോലുകൾ”പോലും ഏൽപ്പിച്ചത് അവനെയായിരുന്നു! (മത്തായി 16:19, NW) എന്നിരുന്നാലും, പത്രൊസ് മറ്റുള്ളവരെക്കാൾ ഉന്നതനാക്കപ്പെട്ടില്ല. വെളിപ്പാടിൽ (ഏതാണ്ട് പൊ.യു. 96-ൽ) പുതിയ യെരൂശലേമിനെക്കുറിച്ചുള്ള ദർശനം യോഹന്നാനു ലഭിച്ചപ്പോൾ, അവൻ പന്ത്രണ്ട് അടിസ്ഥാന ശിലകളും അതിൽ “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും” എഴുതിയിരിക്കുന്നതു കണ്ടു.a (വെളിപ്പാടു 21:14) വ്യക്തമായും ചിലർ മറ്റുള്ളവരെക്കാളധികം പ്രവർത്തിച്ചിരുന്നിട്ടും, യഹോവ എല്ലാ അപ്പോസ്തലന്മാരുടെയും സേവനത്തെ വിലയേറിയതായി വീക്ഷിച്ചു.
6. യേശു പറഞ്ഞ വിതക്കാരന്റെ ഉപമയിൽ, “നല്ല നിലത്തു” വിതച്ച വിത്തിന് എന്തു സംഭവിക്കുന്നു, എന്തു ചോദ്യങ്ങൾ ഉയർന്നുവരുന്നു?
6 അതുപോലെ, യഹോവ നമ്മിൽനിന്നെല്ലാം ഒരേ അളവിലുള്ള ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. വിതക്കാരന്റെ ഉപമയിലൂടെ യേശു ഇതു സൂചിപ്പിച്ചു. അതിൽ പ്രസംഗവേലയെ ഉപമിച്ചിരിക്കുന്നത് വിത്തുവിതയ്ക്കലിനോടാണ്. വിത്ത് വ്യത്യസ്തതരം മണ്ണിൽ വീണു. ഇതു സന്ദേശം ശ്രവിക്കുന്നവർ പ്രകടമാക്കുന്ന വ്യത്യസ്തതരം ഹൃദയനിലകളെ ദൃഷ്ടാന്തീകരിക്കുന്നു. “നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു” എന്ന് യേശു വിശദീകരിച്ചു. (മത്തായി 13:3-8, 18-23) ഈ വിളവ് എന്താണ്, ഉത്പാദനം വ്യത്യസ്ത അളവിലായിരിക്കുന്നതെന്തുകൊണ്ട്?
7. വിതയ്ക്കപ്പെട്ട വിത്തിന്റെ വിളവെന്ത്, വിളവ് വ്യത്യസ്ത അളവിലായിരിക്കുന്നതെന്തുകൊണ്ട്?
7 വിതയ്ക്കപ്പെടുന്ന വിത്ത് “രാജ്യത്തിന്റെ വചനം” ആയതുകൊണ്ട്, വിളവുത്പാദനം ആ വചനം പ്രചരിപ്പിക്കുന്നതിനെ, അതിനെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതിനെ ആണ് സൂചിപ്പിക്കുന്നത്. (മത്തായി 13:19) വിളവിന്റെ അളവിനു വ്യത്യാസമുണ്ട്—മുപ്പതുമേനിമുതൽ നൂറുമേനിവരെ—എന്തുകൊണ്ടെന്നാൽ പ്രാപ്തികൾക്കും ജീവിതസാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. നല്ല ആരോഗ്യവും കായികബലവുമുള്ള ഒരു വ്യക്തിക്കു മാറാരോഗത്താലോ വാർധക്യത്താലോ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരാളെക്കാൾ കൂടുതൽ സമയം പ്രസംഗവേലയിൽ ചെലവഴിക്കാനാകും. കുടുംബ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിവുള്ള ഏകാകിയായ ഒരു യുവാവിന്, കുടുംബത്തിനുവേണ്ടി കരുതാൻ മുഴുസമയം ജോലിയെടുക്കേണ്ടിവരുന്ന വ്യക്തിയെക്കാൾ കൂടുതൽ പ്രവർത്തിക്കാനാകും.—സദൃശവാക്യങ്ങൾ 20:29 താരതമ്യം ചെയ്യുക.
8. ദേഹിയെക്കൊണ്ടു സാധ്യമാകുന്നതിന്റെ പരമാവധി നൽകുന്നവരെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?
8 ദൈവത്തിന്റെ വീക്ഷണത്തിൽ, മുഴുദേഹിയോടെ പ്രവർത്തിച്ച് മുപ്പതുമേനി വിളയിക്കുന്ന വ്യക്തിയുടെ അർപ്പണബോധം നൂറുമേനി വിളയിക്കുന്നവന്റേതിനെക്കാൾ കുറഞ്ഞതാണോ? ഒരിക്കലുമല്ല! വിളവുത്പാദനത്തിന്റെ അളവിനു വ്യത്യാസമുണ്ടായിരിക്കാം, എന്നാൽ നമ്മുടെ ദേഹിയെക്കൊണ്ടു സാധ്യമാകുന്നതിന്റെ പരമാവധി നൽകുന്നിടത്തോളംകാലം യഹോവ പ്രസാദിക്കും. ഓർക്കുക, “നല്ല നില”മായ ഹൃദയത്തിൽനിന്നുതന്നെയാണ് ഈ വ്യത്യസ്ത അളവിലുള്ള വിളവുകൾ വരുന്നത്. “നല്ല” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം (കാലോസ്) “മനോഹര”വും “ഹൃദയത്തെ ആനന്ദിപ്പിക്കുന്നതും കണ്ണുകൾക്കു സുഖദായകവുമായ” ഒന്നിനെ സൂചിപ്പിക്കുന്നു. നമ്മുടെ കഴിവിന്റെ പരമാവധി പ്രവർത്തിക്കുമ്പോൾ നമ്മുടെ ഹൃദയം ദൈവദൃഷ്ടിയിൽ മനോഹരമായിത്തീരുന്നു എന്നറിയുന്നത് എത്ര ആശ്വാസപ്രദമാണ്!
പരസ്പര താരതമ്യത്തിലല്ല
9, 10. (എ) നമ്മുടെ ഹൃദയം നമ്മെ ഏതുതരം നിഷേധാത്മക ചിന്തയിലേക്കു നയിച്ചേക്കാം? (ബി) യഹോവ നമ്മുടെ പ്രവർത്തനത്തെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തുന്നില്ലെന്ന് 1 കൊരിന്ത്യർ 12:14-26-ലെ ദൃഷ്ടാന്തം പ്രകടമാക്കുന്നതെങ്ങനെ?
9 എന്നിരുന്നാലും, നമ്മുടെ അപൂർണഹൃദയം സംഗതികളെ വ്യത്യസ്തമായി വിലയിരുത്തിയേക്കാം. അത് നമ്മുടെ സേവനത്തെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്തേക്കാം. തത്ഫലമായി ഇങ്ങനെ ചിന്തിച്ചേക്കാം: ‘മറ്റുള്ളവർ ശുശ്രൂഷയിൽ എന്നെക്കാൾ എത്രയധികം പ്രവർത്തിക്കുന്നു. യഹോവ എന്നെങ്കിലും എന്റെ സേവനത്തിൽ എങ്ങനെ പ്രസാദിക്കാൻ?’—1 യോഹന്നാൻ 3:19, 20 താരതമ്യം ചെയ്യുക.
10 യഹോവയുടെ ചിന്തകളും പ്രവർത്തനവിധങ്ങളും നമ്മെക്കാൾ വളരെ ഉയർന്നതാണ്. (യെശയ്യാവു 55:9) നമ്മുടെ വ്യക്തിപരമായ ശ്രമങ്ങളെ യഹോവ എങ്ങനെ വീക്ഷിക്കും എന്നതുസംബന്ധിച്ച് 1 കൊരിന്ത്യർ 12:14-26-ൽനിന്നു നമുക്കു കുറച്ച് ഉൾക്കാഴ്ച ലഭിക്കുന്നുണ്ട്. അവിടെ സഭയെ കണ്ണ്, കയ്യ്, പാദം, ചെവി എന്നിങ്ങനെ അനേകം അവയവങ്ങളുള്ള ശരീരത്തോട് ഉപമിച്ചിരിക്കുന്നു. അക്ഷരീയ ശരീരത്തെക്കുറിച്ച് അൽപ്പനേരമൊന്നു ചിന്തിക്കുക. നിങ്ങളുടെ കണ്ണുകളെ കൈകളുമായോ പാദങ്ങളെ ചെവികളുമായോ താരതമ്യപ്പെടുത്തുന്നത് എത്ര അസംബന്ധമായിരിക്കും! ഓരോ അവയവത്തിനും വ്യത്യസ്ത ധർമങ്ങളുണ്ട്, അതേസമയം എല്ലാ അവയവങ്ങളും പ്രയോജനവും മൂല്യവുമുള്ളതാണുതാനും. സമാനമായി, മറ്റുള്ളവർ കൂടുതലോ കുറവോ ചെയ്താലും മുഴുദേഹിയോടുകൂടിയുള്ള നിങ്ങളുടെ സേവനത്തെ യഹോവ അതിയായി വിലമതിക്കുന്നു.—ഗലാത്യർ 6:4.
11, 12. (എ) ചിലർക്കു തങ്ങൾ ‘ബലം കുറഞ്ഞവരോ മാനം കുറഞ്ഞവരോ’ ആണെന്നു തോന്നിയേക്കാവുന്നതെന്തുകൊണ്ട്? (ബി) യഹോവ നമ്മുടെ സേവനത്തെ എങ്ങനെ വീക്ഷിക്കുന്നു?
11 മോശമായ ആരോഗ്യസ്ഥിതിയോ വാർധക്യമോ മറ്റു സാഹചര്യങ്ങളോ നിമിത്തമുള്ള പരിമിതികളാൽ, നാം ‘ബലം കുറഞ്ഞവരോ മാനം കുറഞ്ഞവരോ’ ആണെന്നു ചിലപ്പോൾ നമ്മിൽ ചിലർക്കു തോന്നാം. എന്നാൽ അങ്ങനെയല്ല യഹോവ സംഗതികളെ വീക്ഷിക്കുന്നത്. ബൈബിൾ നമ്മോട് ഇങ്ങനെ പറയുന്നു: “ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നേ ആവശ്യമുള്ളവയാകുന്നു. ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവെക്കു നാം അധികം മാനം അണിയിക്കുന്നു . . . ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.” (1 കൊരിന്ത്യർ 12:22-25) അതുകൊണ്ട് ഓരോ വ്യക്തിയും യഹോവയ്ക്കു വിലപ്പെട്ടവനായിരിക്കാവുന്നതാണ്. പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടുള്ള നമ്മുടെ സേവനത്തെ അവൻ അതിയായി വിലമതിക്കുന്നു. പരിഗണനയുള്ളവനും സ്നേഹവാനുമായ അത്തരമൊരു ദൈവത്തിനു നിങ്ങളുടെ പരമാവധി സേവനം കാഴ്ചവെക്കണമെന്ന് ആഗ്രഹിക്കാൻ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കുന്നില്ലേ?
12 നിങ്ങളുടെ പ്രവർത്തനം മറ്റുള്ളവർ ചെയ്യുന്ന അളവോളം എത്തുന്നുണ്ടോ എന്നല്ല, നിങ്ങൾക്ക്—നിങ്ങളുടെ ദേഹിക്ക്—വ്യക്തിപരമായി ചെയ്യാൻ സാധിക്കുന്നതു ചെയ്യുന്നുണ്ടോ എന്നാണ് യഹോവ നോക്കുന്നത്. നമ്മുടെ വ്യക്തിപരമായ ശ്രമങ്ങളോടുള്ള യഹോവയുടെ വിലമതിപ്പ്, ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ വളരെ വ്യത്യസ്തരായ രണ്ടു സ്ത്രീകളോട് ഇടപെട്ട രീതിയിലൂടെ യേശു ഹൃദയസ്പർശിയായ വിധത്തിൽ പ്രകടിപ്പിച്ചുകാണിച്ചു.
വിലമതിപ്പുള്ളവളുടെ “വളരെ വിലപിടിപ്പുള്ള” സമ്മാനം
13. (എ) മറിയ യേശുവിന്റെ ശിരസ്സിലും പാദത്തിലും സുഗന്ധതൈലം ഒഴിച്ചപ്പോഴത്തെ സാഹചര്യങ്ങൾ എന്തെല്ലാമായിരുന്നു? (ബി) മറിയ ഉപയോഗിച്ച തൈലത്തിന്റെ വില എന്തായിരുന്നു?
13 നീസാൻ 8 വെള്ളിയാഴ്ച സായാഹ്നം. യേശു ബെഥനിയിൽ എത്തിയിരിക്കുകയാണ്. യെരൂശലേമിൽനിന്ന് ഏതാണ്ട് മൂന്നു കിലോമീറ്റർ അകലെ ഒലിവു മലയുടെ കിഴക്കെ ചെരിവിലുള്ള ഒരു കൊച്ചു ഗ്രാമമാണ് ബെഥനി. യേശുവിന്റെ ഉറ്റ സുഹൃത്തുക്കളായ മറിയ, മാർത്ത, അവരുടെ സഹോദരനായ ലാസർ എന്നിവരുടെ താമസം ഇവിടെയാണ്. യേശു അവരുടെ ഭവനത്തിൽ മിക്കപ്പോഴും അതിഥിയായി എത്താറുള്ളതാണ്. എന്നാൽ ശനിയാഴ്ച വൈകിട്ട് യേശുവും അവന്റെ സുഹൃത്തുക്കളും ശിമോന്റെ—സാധ്യതയനുസരിച്ച് യേശു സുഖപ്പെടുത്തിയ ഒരു മുൻകുഷ്ഠരോഗിയുടെ—ഭവനത്തിൽ ഭക്ഷണം കഴിച്ചു. യേശു മേശയ്ക്കരികെ ഇരിക്കവേ, മറിയ തന്റെ സഹോദരനെ ഉയിർപ്പിച്ച മനുഷ്യനോട് ആഴമായ സ്നേഹം പ്രകടമാക്കുന്ന ഒരു എളിയപ്രവൃത്തി കാഴ്ചവെച്ചു. അവൾ “വളരെ വിലപിടിപ്പുള്ള” ഒരു സുഗന്ധതൈലക്കുപ്പി തുറന്നു. അതിന്റെ വിലയോ, 300 ദിനാർ, അതായത് ഒരു വർഷത്തെ വേതനത്തിനു തുല്യം. തീർച്ചയായും വിലപിടിപ്പുള്ളതുതന്നെ! അവൾ ഈ സുഗന്ധതൈലം യേശുവിന്റെ ശിരസ്സിലും പാദത്തിലും ഒഴിച്ചു. അനന്തരം തലമുടികൊണ്ട് അവന്റെ പാദം തുടയ്ക്കുകയും ചെയ്തു.—മർക്കൊസ് 14:3; ലൂക്കൊസ് 10:38-42; യോഹന്നാൻ 11:38-44; 12:1-3.
14. (എ) മറിയയുടെ പ്രവൃത്തിയോടു ശിഷ്യന്മാർ പ്രതികരിച്ചതെങ്ങനെ? (ബി) യേശു മറിയയെ പിന്തുണച്ചതെങ്ങനെ?
14 ശിഷ്യന്മാർക്കു നീരസം തോന്നി! ‘എന്തിനാണ് ഈ വെറുംചെലവ്’ എന്ന് അവർ ചോദിച്ചു. സാധുക്കളെ സഹായിക്കാനെന്ന വ്യാജേന മോഷണലക്ഷ്യത്തോടെ യൂദാ പറഞ്ഞു: “ഇതു മുന്നൂററിൽ അധികം വെള്ളിക്കാശിന്നു വിററു ദരിദ്രർക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ.” മറിയ ഒന്നും മിണ്ടിയില്ല. എന്നിരുന്നാലും യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല [കാലോസ് എന്നതിന്റെ ഒരു രൂപം] പ്രവൃത്തിയല്ലോ ചെയ്തതു. . . . അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു. സുവിശേഷം ലോകത്തിൽ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” യേശുവിന്റെ വാക്കുകളിലെ ഊഷ്മളത മറിയയുടെ ഹൃദയത്തെ എത്രമാത്രം തണുപ്പിച്ചിരിക്കണം!—മർക്കൊസ് 14:4-9; യോഹന്നാൻ 12:4-8.
15. മറിയയുടെ പ്രവൃത്തി യേശുവിനെ ആഴത്തിൽ സ്പർശിച്ചതെന്തുകൊണ്ട്, അതിൽനിന്നു മുഴുദേഹിയോടെയുള്ള സേവനത്തെക്കുറിച്ചു നാമെന്തു പഠിക്കുന്നു?
15 മറിയയുടെ പ്രവൃത്തി യേശുവിനെ ആഴത്തിൽ സ്പർശിച്ചു. അവൾ പ്രശംസനീയമായ ഒരു പ്രവൃത്തി ചെയ്തതായി അവൻ വിലയിരുത്തി. യേശു പ്രാധാന്യം കൽപ്പിച്ചത് സമ്മാനത്തിന്റെ ഭൗതിക മൂല്യത്തിനായിരുന്നില്ല, “അവൾ തന്നാൽ ആവതു ചെയ്തു” എന്ന സംഗതിക്കായിരുന്നു. അവൾ അവസരം പ്രയോജനപ്പെടുത്തി തന്റെ പ്രാപ്തിക്കനുസൃതം നൽകി. മറ്റു പരിഭാഷകൾ ഈ വാക്കുകൾ ഇങ്ങനെ വിവർത്തനം ചെയ്തിരിക്കുന്നു: “തന്നെക്കൊണ്ടു സാധിക്കുന്നത് അവൾ ചെയ്തിരിക്കുന്നു,” അല്ലെങ്കിൽ “തന്റെ പ്രാപ്തിയനുസരിച്ച് അവൾ ചെയ്തിരിക്കുന്നു.” (ആൻ അമേരിക്കൻ ട്രാൻസ്ലേഷൻ; ദ ജറുസലേം ബൈബിൾ) മറിയ നൽകിയത് മുഴുദേഹിയോടെയായിരുന്നു, എന്തെന്നാൽ അവൾ നൽകിയത് അവളുടെ പരമാവധിയായിരുന്നു. ഇതാണു മുഴുദേഹിയോടെയുള്ള സേവനം എന്നതിന്റെ അർഥം.
ഒരു വിധവയുടെ “രണ്ടു ചെറുനാണയങ്ങൾ”
16. (എ) ഒരു സാധു വിധവ സംഭാവനയിടുന്നത് യേശു നിരീക്ഷിക്കാനിടയായതെങ്ങനെ? (ബി) വിധവയുടെ നാണയങ്ങളുടെ മൂല്യമെന്തായിരുന്നു?
16 രണ്ടു ദിവസത്തിനുശേഷം, നീസാൻ 11-ാം തീയതി, യേശു ദിവസം മുഴുവൻ ആലയത്തിൽ ചെലവഴിച്ചു. അവിടെവെച്ച് അവന്റെ അധികാരം ചോദ്യം ചെയ്യപ്പെടുകയും നികുതിയെയും പുനരുത്ഥാനത്തെയും മറ്റു സംഗതികളെയും കുറിച്ചുള്ള കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് അവൻ തത്ക്ഷണം മറുപടി കൊടുക്കുകയും ചെയ്തു. അവൻ ശാസ്ത്രിമാരെയും പരീശന്മാരെയും “വിധവമാരുടെ വീടുകളെ വിഴുങ്ങു”ന്നതിനും മറ്റു സംഗതികൾക്കും കുറ്റപ്പെടുത്തി. (മർക്കൊസ് 12:40) യേശു ഇപ്പോൾ സ്ത്രീകളുടെ പ്രാകാരത്തിൽ വന്നിരുന്നു. യഹൂദ പാരമ്പര്യമനുസരിച്ച് 13 ഭണ്ഡാരങ്ങൾ ഉണ്ടായിരുന്ന അവിടെ അവൻ ആളുകൾ സംഭാവനകൾ ഇടുന്നത് ശ്രദ്ധാപൂർവം വീക്ഷിച്ചുകൊണ്ട് കുറച്ചുനേരമിരുന്നു. ധനികരായ അനേകംപേർ വന്നു, അക്കൂട്ടത്തിൽ സ്വയം നീതിമാന്മാരെന്നു നടിക്കുന്നവരും കൂടാതെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നവർപോലും ഉണ്ടായിരുന്നിരിക്കാം. (മത്തായി 6:2 താരതമ്യം ചെയ്യുക.) എന്നാൽ യേശുവിന്റെ നോട്ടം ഒരു പ്രത്യേക സ്ത്രീയിലേക്കു തിരിഞ്ഞു. ഒരു സാധാരണ വ്യക്തിക്ക് അവളെയോ അവളുടെ ദാനത്തെയോ കുറിച്ചു യാതൊരു പ്രത്യേകതയും തോന്നുമായിരുന്നില്ല. എന്നാൽ ആളുകളുടെ ഹൃദയം അറിയാമായിരുന്ന യേശു അവൾ “ഒരു സാധു വിധവ”യാണെന്നു മനസ്സിലാക്കി. അവളുടെ ദാനത്തിന്റെ കൃത്യ അളവും അവനറിയാമായിരുന്നു—“വളരെ വിലകുറഞ്ഞ രണ്ടു ചെറുനാണയങ്ങൾ.”b—മർക്കൊസ് 12:41, 42, NW.
17. യേശു വിധവയുടെ സംഭാവനയെ അതിയായി വിലമതിച്ചതെങ്ങനെ, അങ്ങനെ ദൈവത്തിനു കൊടുക്കേണ്ടതു സംബന്ധിച്ചു നാമെന്തു പഠിക്കുന്നു?
17 താൻ പഠിപ്പിക്കാൻ പോകുന്ന പാഠം ശിഷ്യന്മാർ നേരിട്ടു കാണട്ടെ എന്നു കരുതി യേശു അവരെ അടുക്കലേക്കു വിളിച്ചു. അവൾ “ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും . . . അധികം ഇട്ടിരിക്കുന്നു,” യേശു പറഞ്ഞു. മറ്റെല്ലാവരുംകൂടി ഇട്ടതിനെക്കാൾ അധികം ഇട്ടിരിക്കുന്നത് അവളാണെന്ന് അവൻ വിലയിരുത്തി. “അവൾ തന്നാൽ ആവതു ചെയ്തു”—കയ്യിലെ അവസാനത്തെ ചില്ലിക്കാശും നൽകി. അപ്രകാരം ചെയ്തുകൊണ്ട്, അവൾ തന്നെത്തന്നെ യഹോവയുടെ കരുതലുള്ള കരങ്ങളിലേൽപ്പിച്ചു. അങ്ങനെ, ദൈവത്തിനു കൊടുക്കുന്നതിനുള്ള മാതൃകയായി എടുത്തുകാണിച്ചിരിക്കുന്നത് ഭൗതികമായി തീരെക്കുറഞ്ഞ മൂല്യമുള്ള ദാനം നൽകിയ ഒരുവളെയാണ്. എന്നിരുന്നാലും ദൈവദൃഷ്ടിയിൽ അത് അമൂല്യമായിരുന്നു!—മർക്കൊസ് 12:43, 44; യാക്കോബ് 1:27.
മുഴുദേഹിയോടെയുള്ള സേവനം സംബന്ധിച്ച യഹോവയുടെ വീക്ഷണത്തിൽനിന്നു പഠിക്കൽ
18. രണ്ടു സ്ത്രീകളോടുമുള്ള യേശുവിന്റെ ഇടപെടലുകളിൽനിന്നു നാമെന്തു പഠിക്കുന്നു?
18 ഈ രണ്ടു സ്ത്രീകളോടുമുള്ള യേശുവിന്റെ ഇടപെടലിൽനിന്ന്, മുഴുദേഹിയോടെയുള്ള സേവനത്തെ യഹോവ എങ്ങനെ വീക്ഷിക്കുന്നുവെന്നതുസംബന്ധിച്ചു ചില ഹൃദയോഷ്മളമായ പാഠങ്ങൾ നാം പഠിക്കുന്നു. (യോഹന്നാൻ 5:19) യേശു വിധവയെ മറിയയോടു താരതമ്യപ്പെടുത്തിയില്ല. അവൻ മറിയയുടെ “വളരെ വിലപിടിപ്പുള്ള” തൈലത്തെപ്പോലെതന്നെ മൂല്യമുള്ളതായി വിധവയുടെ രണ്ടു നാണയത്തെയും വീക്ഷിച്ചു. രണ്ടു സ്ത്രീകളും തങ്ങളുടെ കഴിവിന്റെ പരമാവധി നൽകിയതിനാൽ, ദൈവത്തിന്റെ ദൃഷ്ടിയിൽ അവരുടെ ദാനങ്ങൾക്കു തുല്യ മൂല്യമായിരുന്നു. ആഗ്രഹിക്കുന്നത്രയും ദൈവസേവനത്തിൽ ചെയ്യാനാകുന്നില്ലെന്ന കാരണത്താൽ, എന്നെ ഒന്നിനും കൊള്ളില്ല എന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നിരാശപ്പെടരുത്. നിങ്ങളുടെ കഴിവിന്റെ പരമാവധി നൽകുന്നത് യഹോവ പ്രസാദത്തോടെ സ്വീകരിക്കുന്നു. ഓർക്കുക, യഹോവ “ഹൃദയത്തെ നോക്കുന്നു.” അതുകൊണ്ട് നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛകളെക്കുറിച്ച് അവൻ പൂർണമായി ബോധവാനാണ്.—1 ശമൂവേൽ 16:7.
19. ദൈവസേവനത്തിൽ നാം മറ്റുള്ളവരുടെ പ്രവർത്തനത്തെ വിധിക്കരുതാത്തതെന്തുകൊണ്ട്?
19 മുഴുദേഹിയോടെയുള്ള സേവനം സംബന്ധിച്ച യഹോവയുടെ വീക്ഷണം, നാം പരസ്പരം വീക്ഷിക്കുകയും ഇടപെടുകയും ചെയ്യുന്ന വിധത്തെ സ്വാധീനിക്കണം. മറ്റുള്ളവരുടെ ശ്രമങ്ങളെ വിമർശിക്കുന്നതോ ഒരാളുടെ സേവനത്തെ മറ്റൊരാളുടേതുമായി താരതമ്യം ചെയ്യുന്നതോ എത്ര സ്നേഹശൂന്യമായിരിക്കും! സങ്കടകരമെന്നു പറയട്ടെ, ഒരു ക്രിസ്ത്യാനി ഇങ്ങനെ എഴുതി: “ഒരു പയനിയറല്ലെങ്കിൽ നിങ്ങൾ ഒന്നുമല്ലെന്നൊരു പ്രതീതിയാണു ചിലപ്പോൾ ചിലർ ഉളവാക്കുന്നത്. ക്രമമുള്ള ‘സാധാരണ’ രാജ്യപ്രസാധകർ ആയിരിക്കുന്നതിനുള്ള ഞങ്ങളുടെ പങ്കപ്പാടും വിലമതിക്കേണ്ടതാണ്.” ഒരു സഹക്രിസ്ത്യാനിയുടെ മുഴുദേഹിയോടെയുള്ള സേവനം എത്രയായിരിക്കണമെന്നു നാം വിധിക്കരുതെന്ന് ഓർക്കുക. (റോമർ 14:10-12) ലക്ഷക്കണക്കിനു വിശ്വസ്ത രാജ്യപ്രസാധകരിൽ ഓരോരുത്തരുടെയും മുഴുദേഹിയോടെയുള്ള സേവനത്തെ യഹോവ അത്യധികം വിലമതിക്കുന്നു, നമ്മളും വിലമതിക്കണം.
20. സഹാരാധകരെക്കുറിച്ച് എന്തു വിചാരിക്കുന്നതാണു സാധാരണമായി ഏറ്റവും ഉചിതം?
20 എന്നിരുന്നാലും, ചിലരുടെ ശുശ്രൂഷയിലെ പ്രവർത്തനം അവരുടെ പരമാവധിയെക്കാളും കുറവാണെന്നു തോന്നുന്നെങ്കിലോ? ഒരു സഹവിശ്വാസിയുടെ പ്രവർത്തനം കുറയുമ്പോൾ ഉത്തരവാദിത്വപ്പെട്ട മൂപ്പന്മാരെ സംബന്ധിച്ചിടത്തോളം അത് ആ വ്യക്തിക്ക് സഹായമോ പ്രോത്സാഹനമോ ആവശ്യമുണ്ടെന്നുള്ളതിന്റെ സൂചനയാണ്. അതേസമയം, ചിലരുടെ മുഴുദേഹിയോടെയുള്ള സേവനത്തിനു കൂടുതൽ സാമ്യം മറിയയുടെ വിലപിടിപ്പുള്ള തൈലത്തോടല്ല, മറിച്ച് വിധവയുടെ ചെറുനാണയങ്ങളോടാണെന്നു നാം മറന്നുകൂടാ. നമ്മുടെ സഹോദരീസഹോദരന്മാർ യഹോവയെ സ്നേഹിക്കുന്നെന്നും അത്തരം സ്നേഹം അവരെ കഴിയുന്നത്ര കൂടുതൽ ചെയ്യാൻ—കുറച്ചു ചെയ്യാനല്ല—പ്രേരിപ്പിക്കുന്നെന്നും വിചാരിക്കുന്നതാണ് സാധാരണമായി ഏറ്റവും നല്ലത്. തീർച്ചയായും യഹോവയുടെ മനസ്സാക്ഷിയുള്ള ദാസന്മാരാരും ആവുന്നത്ര കുറച്ചു ദൈവസേവനം ചെയ്യാൻ തീരുമാനിക്കുകയില്ല!—1 കൊരിന്ത്യർ 13:4, 7.
21. അനേകരും പ്രതിഫലദായകമായ ഏതു ജീവിതവൃത്തി പിന്തുടരുന്നു, ഏതു ചോദ്യങ്ങൾ ഉയരുന്നു?
21 എന്നാൽ ദൈവജനത്തിൽ അനേകർക്കും മുഴുദേഹിയോടെയുള്ള സേവനമെന്നതിനർഥം അങ്ങേയറ്റം പ്രതിഫലദായക ജീവിതവൃത്തിയായ പയനിയർ ശുശ്രൂഷ പിൻപറ്റുകയെന്നതാണ്. അവർക്കെന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കുന്നു? ഇതുവരെ പയനിയർ സേവനത്തിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലാത്ത നമ്മുടെയിടയിലുള്ളവരുടെ കാര്യമോ—അവർക്കെങ്ങനെ പയനിയർ ആത്മാവ് പ്രകടിപ്പിക്കാനാകും? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a ഒരു അപ്പോസ്തലനായി മത്ഥിയാസിനെ യൂദായുടെ സ്ഥാനത്താക്കിയതുകൊണ്ട്, അവന്റെ പേർ—പൗലൊസിന്റെ പേരല്ല—പന്ത്രണ്ട് അടിസ്ഥാനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകണം. പൗലൊസ് ഒരു അപ്പോസ്തലനായിരുന്നെങ്കിലും, അവൻ പന്ത്രണ്ടു പേരിൽ ഒരുവനായിരുന്നില്ല.
b ഈ നാണയങ്ങൾ ഓരോന്നും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും ചെറിയ യഹൂദ നാണയമായ ലെപ്റ്റോൺ ആയിരുന്നു. രണ്ടു ലെപ്റ്റോണുകളുടെ മൂല്യം ഒരു ദിവസത്തെ വേതനത്തിന്റെ 1/64-നു തുല്യമായിരുന്നു. മത്തായി 10:29 പ്രകാരം, ഒരു അസാരിയൻ നാണയംകൊണ്ട് (എട്ടു ലെപ്റ്റോണുകൾക്കു തുല്യം) ഒരാൾക്കു രണ്ടു കുരുവികളെ വാങ്ങാമായിരുന്നു. സാധുക്കളുടെ ഭക്ഷണത്തിനായി വാങ്ങുന്ന ഏറ്റവും വിലകുറഞ്ഞ പക്ഷികളിലൊന്നായിരുന്നു കുരുവികൾ. അതുകൊണ്ട് ഈ വിധവ തീർച്ചയായും ദരിദ്രയായിരുന്നു, എന്തെന്നാൽ ഒരുനേരത്തെ ആഹാരത്തിനുപോലും തികയാത്ത ഒരു കുരുവിയെ വാങ്ങാൻ ആവശ്യമായതിന്റെ പകുതിയേ അവളുടെ പക്കലുണ്ടായിരുന്നുള്ളൂ.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ യഹോവയെ മുഴുദേഹിയോടെ സേവിക്കുകയെന്നതിന്റെ അർഥമെന്ത്?
□ യഹോവ നമ്മെ മറ്റുള്ളവരോടു താരതമ്യപ്പെടുത്തുന്നില്ലെന്ന് 1 കൊരിന്ത്യർ 12:14-26-ലെ ദൃഷ്ടാന്തം പ്രകടമാക്കുന്നതെങ്ങനെ?
□ മറിയയുടെ വിലപിടിപ്പുള്ള തൈലത്തെയും വിധവയുടെ രണ്ടു ചെറുനാണയങ്ങളെയും കുറിച്ചുള്ള യേശുവിന്റെ പരാമർശങ്ങളിൽനിന്ന് മുഴുദേഹിയോടെയുള്ള കൊടുക്കൽ സംബന്ധിച്ചു നാമെന്തു പഠിക്കുന്നു?
□ മുഴുദേഹിയോടെയുള്ള സേവനം സംബന്ധിച്ച യഹോവയുടെ കാഴ്ചപ്പാട് നാം അന്യോന്യം വീക്ഷിക്കുന്ന വിധത്തെ എങ്ങനെ സ്വാധീനിക്കണം?
[15-ാം പേജിലെ ചിത്രം]
യേശുവിന്റെ ശരീരത്തിൽ “വളരെ വിലപിടിപ്പുള്ള” തൈലം ഒഴിച്ചുകൊണ്ട് മറിയ അവളുടെ പരമാവധി നൽകി
[16-ാം പേജിലെ ചിത്രം]
വിധവയുടെ നാണയങ്ങൾ—ഭൗതികമായി തീരെ കുറഞ്ഞ മൂല്യമുള്ളതായിരുന്നിട്ടും യഹോവയുടെ ദൃഷ്ടിയിൽ അമൂല്യം