നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ദൈവം കേൾക്കുന്നുവോ?
ഒരു മുഖ്യ കാര്യനിർവഹണ ഉദ്യോഗസ്ഥൻ ഒരു സംഗതി മറെറാരാളെ ഏല്പിക്കണമോ അതോ വ്യക്തിപരമായി കൈകാര്യംചെയ്യണമോയെന്ന് തീരുമാനിക്കുന്നു. സമാനമായി, അഖിലാണ്ഡത്തിന്റെ പരമാധികാര ഭരണാധികാരിക്ക് ഏതു സംഗതിയിലുമുള്ള തന്റെ വ്യക്തിപരമായ ഉൾപ്പെടലിന്റെ വ്യാപ്തി നിർണ്ണയിക്കുന്നതിനുള്ള വരണസ്വാതന്ത്ര്യമുണ്ട്. നമ്മുടെ പ്രാർത്ഥനകളിൽ വ്യക്തിപരമായി ഉൾപ്പെടുന്നതിന് ദൈവം തീരുമാനിച്ചിരിക്കുന്നുവെന്നും തന്നിമിത്തം അവ അവനോടായിരിക്കാൻ നിർദ്ദേശിക്കുന്നുവെന്നും തിരുവെഴുത്തുകൾ പഠിപ്പിക്കുന്നു.—സങ്കീർത്തനം 66:19; 69:13.
ഈ കാര്യത്തിലുള്ള ദൈവത്തിന്റെ തീരുമാനം തന്റെ മനുഷ്യദാസരിലുള്ള തന്റെ വ്യക്തിപരമായ താത്പര്യത്തെ വെളിപ്പെടുത്തുന്നു. സകല ചിന്തയും ആകുലതയും സഹിതം തന്നെ സമീപിക്കുന്നതിൽനിന്ന് തന്റെ ജനത്തെ നിരുത്സാഹപ്പെടുത്തുന്നതിനു പകരം അവൻ അവരെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ഇടവിടാതെ പ്രാർത്ഥിപ്പിൻ,” “പ്രാർത്ഥനയിൽ ഉററിരിപ്പിൻ,” “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക,” “നിങ്ങളുടെ സകല ചിന്താകുലവും [ദൈവത്തിന്റെ] മേൽ ഇട്ടുകൊൾവിൻ.”—1 തെസ്സലൊനീക്യർ 5:17; റോമർ 12:12; സങ്കീർത്തനം 55:22; 1 പത്രോസ് 5:7.
ദൈവം തന്റെ ദാസരുടെ പ്രാർത്ഥനകൾക്ക് ശ്രദ്ധകൊടുക്കാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിൽ, അവൻ തന്നെ അങ്ങനെ സമീപിക്കാൻ ഒരിക്കലും ഏർപ്പാടുചെയ്യുകയും അതു സ്വതന്ത്രമായി വിനിയോഗിക്കാൻ പ്രോൽസാഹിപ്പിക്കുകയും ചെയ്യുമായിരുന്നില്ല. അപ്പോൾ, അങ്ങനെ തന്നെ തന്റെ ജനത്തിന് സമീപിക്കാവുന്നവനാക്കാനുള്ള ദൈവത്തിന്റെ തീരുമാനം അവൻ യഥാർത്ഥമായി കേൾക്കുന്നുവെന്ന വിശ്വാസത്തിനുള്ള ഒരു കാരണമാണ്. അതെ, അവൻ തന്റെ ദാസരുടെ പ്രാർത്ഥനകളിലോരോന്നിനും പരിഗണന കൊടുക്കുന്നു.
ദൈവം പ്രാർത്ഥന കേൾക്കുന്നുവെന്ന് ബൈബിൾ വ്യക്തമായി പ്രസ്താവിക്കുന്നുവെന്ന വസ്തുതയെ അവഗണിക്കേണ്ടതല്ല. ദൃഷ്ടാന്തത്തിന്, അപ്പോസ്തലനായ യോഹന്നാൻ എഴുതുന്നു: “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.” (1 യോഹന്നാൻ 5:14) ദാവീദുരാജാവ് യഹോവയാം ദൈവത്തെ “പ്രാർത്ഥന കേൾക്കുന്നവൻ” എന്നു പരാമർശിക്കുകയും ധൈര്യപൂർവം “അവൻ എന്റെ പ്രാർത്ഥന കേൾക്കും” എന്ന് തറപ്പിച്ചുപറയുകയും ചെയ്യുന്നു.—സങ്കീർത്തനം 55:17; 65:2.
അതുകൊണ്ട് പ്രാർത്ഥനാക്രിയക്ക് നിസ്സംശയമായി അതിൽത്തന്നെ പ്രയോജനമുണ്ടായിരിക്കെ, ഒരു നീതിമാൻ പ്രാർത്ഥിക്കുമ്പോൾ വളരെയധികംകൂടെ ഉൾപ്പെട്ടിരിക്കുന്നുവെന്ന് തിരുവെഴുത്തുകൾ പ്രകടമാക്കുന്നു. ഒരാൾ കേൾക്കുന്നുണ്ട്. ആ ശ്രോതാവ് ദൈവമാണ്.—യാക്കോബ് 5:16-18.
കേൾക്കപ്പെട്ട പ്രാർത്ഥനകൾ
യഥാർത്ഥത്തിൽ പ്രാർത്ഥനകൾ ദൈവത്താൽ കേൾക്കപ്പെടുകയും ഉത്തരം ലഭിക്കുകയും ചെയ്ത ആളുകളെ സംബന്ധിച്ച വിവരണങ്ങൾ ബൈബിളിൽ ധാരാളമുണ്ട്. പ്രാർത്ഥനയുടെ പ്രയോജനങ്ങൾ, ഒരുവന്റെ ചിന്തകളെ വിശദമാക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നതിന്റെ ചികിത്സാപരമായ ഫലത്തെക്കാൾ കവിഞ്ഞതാണെന്ന് അവരുടെ അനുഭവങ്ങൾ വ്യക്തമായി സ്ഥിരീകരിക്കുന്നു. അവ തന്റെ പ്രാർത്ഥനകൾക്കു ചേർച്ചയായുള്ള ഒരുവന്റെ വ്യക്തിപരമായ ശ്രമങ്ങൾക്കുപരിയാണ്.
ദൃഷ്ടാന്തത്തിന്, ഇസ്രയേലിന്റെ രാജത്വം തട്ടിയെടുക്കാനുള്ള അബ്ശാലോമിന്റെ ഗൂഢാലോചനയെ അഭിമുഖീകരിച്ചപ്പോൾ, ദാവീദു രാജാവ് ഇങ്ങനെ പ്രാർത്ഥിച്ചു: “യഹോവേ, അഹീഥോഫെലിന്റെ [അബ്ശാലോമിന്റെ ഉപദേശകൻ] ആലോചനയെ അബദ്ധമാക്കേണമേ.” “അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെയായിരുന്നു . . . അഹീത്തോഫെലിന്റെ ആലോചനയെല്ലാം അങ്ങനെതന്നെ ആയിരുന്നു” എന്നതിനാൽ അതൊരു ചെറിയ അപേക്ഷയല്ലായിരുന്നു. അതിനുശേഷം അബ്ശാലോം ദാവീദുരാജാവിനെ മറിച്ചിടാനുള്ള അഹീത്തോഫെലിന്റെ നിർദ്ദിഷ്ട തന്ത്രം തള്ളിക്കളഞ്ഞു. എന്തുകൊണ്ട്? “അബ്ശാലോമിന് അനർത്ഥം വരേണ്ടതിന്നു അഹീത്തോഫെലിന്റെ നല്ല ആലോചനയെ വ്യർത്ഥമാക്കുവാൻ യഹോവ നിശ്ചയിച്ചിരുന്നു.” ദാവീദിന്റെ പ്രാർത്ഥന കേൾക്കപ്പെട്ടുവെന്ന് വ്യക്തമാണ്.—2 ശമുവേൽ 15:31; 16:23; 17:14.
സമാനമായി, ഹിസ്ക്കീയാവ് തന്റെ മരണകരമായ രോഗത്തിൽനിന്നുള്ള വിടുതലിനായി ദൈവത്തോട് അപേക്ഷിച്ചശേഷം അവൻ രോഗവിമുക്തനായി. ഇത് കേവലം പ്രാർത്ഥിച്ചതിന്റെ ഫലമായി ഹിസ്ക്കീയാവിനു ലഭിച്ച മനഃശാസ്ത്രപരമായ പ്രയോജനങ്ങൾ നിമിത്തം മാത്രമായിരുന്നോ? തീർച്ചയായും അല്ലായിരുന്നു! യെശയ്യാപ്രവാചകൻ മുഖാന്തരം ഹിസ്ക്കീയാവിന് കൊടുക്കപ്പെട്ട സന്ദേശം: “ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും” എന്നായിരുന്നു.—2 രാജാക്കൻമാർ 20:1-6.
പ്രതീക്ഷിച്ചിരിക്കാവുന്നതിലും താമസിച്ച് പ്രാർത്ഥനക്ക് ഉത്തരം കിട്ടിയ ദാനിയേലിന് യഹോവയുടെ ദൂതൻ ഇങ്ങനെ ഉറപ്പുകൊടുത്തു: “നിന്റെ വാക്കു കേട്ടിരിക്കുന്നു.” ഹന്നായും യേശുവിന്റെ ശിഷ്യൻമാരും സൈനികോദ്യോഗസ്ഥനായിരുന്ന കൊർന്നേല്യൊസും പോലെയുള്ള മററുള്ളവരുടെ പ്രാർത്ഥനകൾക്ക് മനുഷ്യപ്രാപ്തിക്കുമാത്രം ബഹുമതി കൊടുക്കാൻ കഴിയാത്ത വിധത്തിൽ ഉത്തരംകൊടുക്കപ്പെട്ടു. അപ്പോൾ, ദിവ്യേഷ്ടത്തിന് ചേർച്ചയായുള്ള പ്രാർത്ഥനകൾ ദൈവം കൈക്കൊള്ളുകയും കേൾക്കുകയും ഉത്തരംകൊടുക്കുകയും ചെയ്യുന്നുവെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു.—ദാനിയേൽ 10:2-14; 1 ശമുവേൽ 1:1-20; പ്രവൃത്തികൾ 4:24-31; 10:1-7.
ദൈവത്തിന്റെ ഇന്നത്തെ വിശ്വസ്തദാസൻമാരുടെ പ്രാർത്ഥനകൾക്ക് അവൻ ഉത്തരംകൊടുക്കുന്നതെങ്ങനെയാണ്?
പ്രാർത്ഥനക്കുള്ള ഉത്തരങ്ങൾ
മേലുദ്ധരിക്കപ്പെട്ട പ്രാർത്ഥനകൾക്ക് നാടകീയവും അത്ഭുതകരവുമായ വിധങ്ങളിൽ ഉത്തരംകൊടുക്കപ്പെട്ടു. എന്നിരുന്നാലും, ബൈബിൾകാലങ്ങളിൽപോലും പ്രാർത്ഥനകൾക്കുള്ള അത്യന്തം കൂടെക്കൂടെയുള്ള ഉത്തരങ്ങൾ വളരെ അനായാസം ദൃശ്യമല്ലായിരുന്നു. അതിനു കാരണം അത് ഒരു നീതിപൂർവകമായ ഗതിയോടു പററിനിൽക്കാൻ ദൈവദാസൻമാരെ പ്രാപ്തരാക്കിക്കൊണ്ട് അവർക്ക് ധാർമ്മികബലവും പ്രകാശനവും കൊടുക്കുന്നതിനോടു ബന്ധപ്പെട്ടിരുന്നുവെന്നതാണ്. വിശേഷിച്ച് ക്രിസ്ത്യാനികളെ സംബന്ധിച്ചടത്തോളം പ്രാർത്ഥനകൾക്കുള്ള ഉത്തരങ്ങളിൽ ഉൾപ്പെട്ടിരുന്നത് കാഴ്ചപ്രധാനമോ വീര്യവത്തോ ആയതല്ല, പിന്നെയോ ആത്മീയമായ കാര്യങ്ങളായിരുന്നു.—കൊലോസ്യർ 1:9.
അതുകൊണ്ട് നിങ്ങൾ പ്രതീക്ഷിക്കുന്നതോ ഇഷ്ടപ്പെടുന്നതോ ആയ വിധത്തിൽ എല്ലായ്പ്പോഴും നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരംകിട്ടുന്നില്ലെങ്കിൽ നിരാശപ്പെടരുത്. ദൃഷ്ടാന്തത്തിന്, ഒരു പീഡാനുഭവത്തെ നീക്കംചെയ്യുന്നതിനു പകരം അതു സഹിക്കാൻ ദൈവം നിങ്ങൾക്ക് “സാധാരണയിൽ കവിഞ്ഞ ശക്തി” നൽകാൻ തീരുമാനിച്ചേക്കാം. (2 കൊരിന്ത്യർ 4:7, NW; 2 തിമൊഥെയോസ് 4:17) നാം ഒരിക്കലും അങ്ങനെയുള്ള ശക്തിയുടെ മൂല്യത്തെ നിസ്സാരീകരിക്കരുത്, യഹോവ യഥാർത്ഥത്തിൽ നമ്മുടെ പ്രാർത്ഥനക്ക് ഉത്തരംനൽകിയേയില്ല എന്ന് നാം നിഗമനംചെയ്യുകയുമരുത്.
ദൈവപുത്രനായ യേശുക്രിസ്തുവിന്റെതന്നെ ദൃഷ്ടാന്തം പരിചിന്തിക്കുക. പ്രത്യക്ഷത്തിൽ ഒരു ദൈവദൂഷകനായി മരിക്കാതിരിക്കുന്നതിനുള്ള തന്റെ താത്പര്യത്തിൽ യേശു “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ” എന്നു പ്രാർത്ഥിച്ചു. ദൈവം ഈ പ്രാർത്ഥന പ്രീതിയോടെ കേട്ടോ? ഉവ്വ്, എബ്രായർ 5:7-ൽ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന പ്രകാരം. തന്റെ പുത്രൻ ഒരു ദണ്ഡനസ്തംഭത്തിൽ മരിക്കേണ്ടതിന്റെ ആവശ്യത്തിൽനിന്ന് യഹോവ അവനെ വിമുക്തനാക്കിയില്ല. പകരം, “അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.”—ലൂക്കോസ് 22:42, 43.
നാടകീയവും അത്ഭുതകരവുമായ ഒരു ഉത്തരമോ? നമ്മിൽ ഏതൊരാൾക്കും അത് അങ്ങനെയായിരിക്കും! എന്നാൽ അങ്ങനെയുള്ള ശക്തിയുടെ ഉറവായ യഹോവയാം ദൈവത്തിന് അത് അത്ഭുതമല്ലായിരുന്നു. യേശുവിന് സ്വർഗ്ഗത്തിലെ തന്റെ മുൻ ജീവിതകാലം മുതൽ, ദൂതൻമാർ മനുഷ്യർക്കു പ്രത്യക്ഷപ്പെട്ട കഴിഞ്ഞ കാല ദൃഷ്ടാന്തങ്ങൾ പരിചിതമായിരുന്നു. അതുകൊണ്ട് ഒരു ദൂതന്റെ പ്രത്യക്ഷതക്ക് നമ്മുടെമേൽ ഉണ്ടാകാവുന്ന നാടകീയമായ ഫലം അവന്റെമേൽ ഉണ്ടായിരിക്കുമായിരുന്നില്ല. എന്നിരുന്നാലും യേശുവിന് തന്റെ മനുഷ്യത്വപൂർവ അസ്തിത്വത്തിൽ സ്പഷ്ടമായും അറിയാമായിരുന്ന ഈ ദൂതൻ തൊട്ടുമുമ്പാകെ സ്ഥിതിചെയ്തിരുന്ന പീഡാനുഭവത്തിനുവേണ്ടി അവനെ ശക്തീകരിക്കാൻ സഹായിച്ചു.
ഇന്നത്തെ തന്റെ വിശ്വസ്തദാസൻമാരുടെ പ്രാർത്ഥനകൾക്കുത്തരം കൊടുക്കുമ്പോൾ യഹോവ കൂടെക്കൂടെ സഹിച്ചുനിൽക്കുന്നതിനാവശ്യമായ ശക്തി കൊടുക്കുന്നു. ഈ പിന്തുണ നാം വ്യക്തിപരമായി സഹവസിക്കുന്ന സഹാരാധകരിൽനിന്നുള്ള പ്രോൽസാഹനത്തിന്റെ രൂപത്തിലായിരിക്കാം. ഒരുപക്ഷേ നമ്മുടെ സഹദാസൻമാർക്ക് നമ്മുടേതിനോടു സമാനമായ പീഡാനുഭവങ്ങൾ അനുഭവപ്പെട്ടിട്ടില്ലാത്തതുകൊണ്ട് അവർക്ക് നമ്മെ ശക്തിപ്പെടുത്താൻ സാധിക്കുകയില്ല എന്ന് അനുമാനിച്ചുകൊണ്ട് ആ പ്രോൽസാഹനത്തെ നിരസിക്കാൻ നമ്മിലാരെങ്കിലും ആഗ്രഹിക്കുമോ? തനിക്ക് പ്രത്യക്ഷനായ ദൂതനെസംബന്ധിച്ച് യേശുവിന് അങ്ങനെയുള്ള ഒരു വീക്ഷണംതന്നെ കൈക്കൊള്ളാൻ കഴിയുമായിരുന്നു. പകരം, തന്റെ പ്രാർത്ഥനക്കുള്ള യഹോവയുടെ ഉത്തരമായി അവൻ ആ പ്രോൽസാഹനത്തെ സ്വീകരിച്ചു, തന്നിമിത്തം തന്റെ പിതാവിന്റെ ഇഷ്ടം വിശ്വസ്തമായി നിറവേററാൻ അവൻ പ്രാപ്തനായി. നാമും നമ്മുടെ പ്രാർത്ഥനകൾക്കുത്തരമായി ദൈവം നൽകുന്ന ശക്തിയെ ഹാർദ്ദമായി സ്വീകരിക്കാൻ ആഗ്രഹിക്കും. അങ്ങനെയുള്ള ക്ഷമാപൂർവകമായ സഹനത്തിന്റെ കാലഘട്ടങ്ങളെ തുടർന്ന് മിക്കപ്പോഴും പറഞ്ഞുതീരാത്ത അനുഗ്രഹങ്ങൾ വരുന്നുവെന്നും ഓർക്കുക.—സഭാപ്രസംഗി 11:6; യാക്കോബ് 5:11.
ദൈവം കേൾക്കുന്നുവെന്ന് വിശ്വാസമുണ്ടായിരിക്കുക
നിങ്ങൾക്ക് പെട്ടെന്ന് ഉത്തരംകിട്ടുന്നില്ലെങ്കിൽ, പ്രാർത്ഥനയുടെ ഫലപ്രദത്വത്തെക്കുറിച്ചുള്ള വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ക്ലേശത്തിൽനിന്നുള്ള വ്യക്തിപരമായ മോചനത്തിനും ഒരുവന്റെ ദൈവസേവനത്തിലെ വർദ്ധിച്ച ഉത്തരവാദിത്തത്തിനുംവേണ്ടിയുള്ള പ്രാർത്ഥനകൾപോലെ ചില പ്രാർത്ഥനകൾക്കുള്ള ഉത്തരങ്ങൾ ഉചിതവും ഉത്തമവുമെന്ന് ദൈവത്തിന് അറിയാവുന്ന സമയത്തിനുവേണ്ടി താമസിക്കേണ്ടതുണ്ടായിരിക്കാം. (ലൂക്കോസ് 18:7, 8; 1 പത്രോസ് 5:6) നിങ്ങൾ വ്യക്തിപരമായി ആഴമായ ഉത്ക്കണ്ഠയുള്ള ഒരു സംഗതി സംബന്ധിച്ച് പ്രാർത്ഥിക്കുന്നുവെങ്കിൽ, നിങ്ങളുടെ ആഗ്രഹം തീവ്രവും നിങ്ങളുടെ ആന്തരം ശുദ്ധവും ആത്മാർത്ഥവുമാണെന്ന് നിങ്ങളുടെ സ്ഥിരനിഷ്ഠയാൽ ദൈവത്തിനു തെളിയിച്ചുകൊടുക്കുക. ഒരു ദൂതനുമായി കുറേനേരം മല്പിടുത്തം നടത്തിയശേഷം “നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല” എന്നു പറഞ്ഞപ്പോൾ യാക്കോബ് ഈ മനോഭാവമാണ് പ്രകടമാക്കിയത്. (ഉല്പത്തി 32:24-32) നാം ചോദിച്ചുകൊണ്ടേയിരിക്കുന്നുവെങ്കിൽ തക്ക സമയത്ത് നമുക്ക് ഒരു അനുഗ്രഹം ലഭിക്കുമെന്നുള്ള സമാനമായ വിശ്വാസം നമുക്കുണ്ടായിരിക്കണം.—ലൂക്കോസ് 11:9.
അവസാനത്തെ ഒരു ആശയം. അഖിലാണ്ഡത്തിന്റെ പരമാധികാരിയിൽനിന്ന് കേൾക്കുന്ന ഒരു ചെവി ലഭിക്കുകയെന്നത് വിലയേറിയ ഒരു പദവിയാണ്. ഇതിന്റെ വീക്ഷണത്തിൽ, യഹോവയാം ദൈവം തന്റെ വചനം മുഖാന്തരം തന്റെ വ്യവസ്ഥകളെക്കുറിച്ചു നമ്മോടു സംസാരിക്കുമ്പോൾ നാം ശ്രദ്ധാപൂർവം കേൾക്കുന്നുവോ? നമ്മുടെ പ്രാർത്ഥനകൾ നമ്മെ നമ്മുടെ സ്രഷ്ടാവിനോട് ഉററ അടുപ്പത്തിൽ വരുത്തുമ്പോൾ അവനു നമ്മോടു പറയാനുള്ള സകലത്തിനും സഗൗരവമായ ശ്രദ്ധ കൊടുക്കാൻ നാം ആഗ്രഹിക്കും.
[6-ാം പേജിലെ ചിത്രം]
ദൈവം പ്രാർത്ഥനകൾ കേൾക്കുന്നു. അവന്റെ വചനത്തിലൂടെ നാം അവനെ ശ്രദ്ധിക്കുന്നുവോ?