വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
◼ വരാനിരിക്കുന്ന ഒരു “പുതിയ ലോകം” എന്നു പറയുന്നത് ഉചിതമാണോ?
“ലോകം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന കോസ്മോസ് എന്ന ഗ്രീക്കു പദത്തിന് മനുഷ്യവർഗ്ഗം എന്ന മൂലാർത്ഥമുള്ളതിനാലും ദൈവം പുതിയോരു മനുഷ്യവർഗ്ഗത്തെ ഉളവാക്കുന്നില്ലാത്തതിനാലും ഈ ചോദ്യം ഉചിതമായും ഉന്നയിക്കാവുന്നതാണ്. മാത്രമല്ല, ബൈബിളിൽ നാം കേനോസ് കോസ്മോസ് (അക്ഷരീയമായി, “പുതിയ ലോകം”) എന്ന പ്രയോഗം കാണുന്നുമില്ല.
എന്നാൽ ഭൂമിയിൽ പുനഃസ്ഥിതീകരിക്കാനിരിക്കുന്ന പറുദീസയെ പരാമർശിക്കുമ്പോൾ ഒരു “പുതിയ ലോകം” എന്നു പറയാൻ ബൈബിളിലെ കോസ്മോസ് എന്ന പദത്തിന്റെ ഉപയോഗം ഒരു ക്രിസ്ത്യാനിയെ അനുവദിക്കുന്നു. പുതിയനിയമ ദൈവശാസ്ത്ര അന്തർദ്ദേശീയ നിഘണ്ടു ഇപ്രകാരം വിവരിക്കുന്നു: ‘കോസ്മോസ് എന്ന നാമം മൗലികമായി നിർമ്മാണത്തെ സൂചിപ്പിക്കുന്നു. എന്നാൽ ഇത് കൂടുതൽ പ്രധാനമായി ക്രമത്തെ കുറിക്കുന്നു’. ഈ പദത്തിന് പിൻവരുന്ന പ്രത്യേക അർത്ഥങ്ങളുണ്ടെന്നും ഈ നിഘണ്ടു കൂട്ടിച്ചേർക്കുന്നു: “ആഭരണവും അലങ്കാരവും,” “മനുഷ്യ സമുദായത്തിന്റെ നിയമം,” “ഭൂമിയിലെ നിവാസികൾ, മനുഷ്യവർഗ്ഗം.”
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ കോസ്മോസ് എന്ന പദം പലപ്പോഴും മുഴു മനുഷ്യവർഗ്ഗകുടുംബം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ “സകലരും [അതായത്, ആദാമിന്റെ സകല അപൂർണ്ണ വംശജരും] പാപം ചെയ്ത് ദൈവതേജസ്സിൽ കുറവുള്ളവരായിത്തീർന്നിരിക്കുന്നു.” (റോമർ 3:19, 23) നേരെമറിച്ച്, “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും . . . നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ [കോസ്മോസ്] അത്ര സ്നേഹിച്ചു.” (യോഹന്നാൻ 3:16) അതെ, മനുഷ്യവർഗ്ഗത്തിലെ വിശ്വാസമുള്ള ഏവർക്കും ക്രിസ്തുവിന്റെ ബലി ലഭ്യമാണ്.
ബൈബിളിൽ കോസ്മോസ് എന്ന പദത്തിന് ഈ ഉപയോഗം മാത്രമേയുള്ളുവെങ്കിൽ വരാനിരിക്കുന്ന ഒരു “പുതിയ ലോകം” എന്നു പറയുന്നത് ശരിയായിരിക്കയില്ല. എന്തുകൊണ്ട്? മനുഷ്യവർഗ്ഗത്തിൽ ചിലർ വരാനിരിക്കുന്ന മഹോപദ്രവത്തെ അതിജീവിക്കും. അവർക്ക് അതിനുശേഷം പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസയിൽ ജീവിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കും. അതുകൊണ്ട് ദൈവം ഒരു പുതിയ മനുഷ്യകുലത്തെ, ഒരു പുതിയ മനുഷ്യവർഗ്ഗത്തെ, ഒരു പുതിയ മനുഷ്യവർഗ്ഗലോകത്തെ സൃഷ്ടിക്കുന്നില്ല. പക്ഷേ, ബൈബിൾ മനുഷ്യവർഗ്ഗത്തെ മാത്രം അർത്ഥമാക്കാൻ കോസ്മോസ് എന്ന പദം ഉപയോഗിക്കുന്നില്ല.
ഉദാഹരണത്തിന്, ചിലപ്പോൾ ഈ ഗ്രീക്ക് പദം ദൈവത്തിൽനിന്ന് അന്യപ്പെട്ട മുഴു മനുഷ്യരെയും അർത്ഥമാക്കുന്നു. എബ്രായർ 11:7 “വിശ്വാസത്താൽ നോഹ . . . ലോകത്തെ [കോസ്മോസ്] കുററംവിധിച്ചു” എന്ന് പറയുന്നു. അവൻ സ്പഷ്ടമായും മുഴുവ്യക്തികളെയും, മുഴുമനുഷ്യവർഗ്ഗത്തെയും കുററംവിധിച്ചില്ല. നോഹയും അവന്റെ ഏഴ് കുടുംബാംഗങ്ങളും ജലപ്രളയത്തെ അതിജീവിച്ചു. സമാനമായി യേശു ഇപ്രകാരം പ്രാർത്ഥിച്ചു: “ഞാൻ ലോകത്തിനുവേണ്ടിയല്ല [കോസ്മോസ്] എന്നാൽ നീ എനിക്കു തന്നിട്ടുള്ളവർക്കുവേണ്ടി ഞാൻ അപേക്ഷിക്കുന്നു . . . ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ലാത്തതിനാൽ ലോകം അവരെ പകച്ചിരിക്കുന്നു.”—യോഹന്നാൻ 17:9, 14; 2 പത്രോസ് 2:5; 3:6 താരതമ്യപ്പെടുത്തുക.
എന്നിരുന്നാലും, നമുക്കിപ്പോൾ കോസ്മോസ് എന്ന പദം മറെറരർത്ഥത്തിൽ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കാം. ഇത് മനുഷ്യ ജീവിത മണ്ഡലത്തെ, ചട്ടക്കൂടിനെ അല്ലെങ്കിൽ അവസ്ഥയെ അർത്ഥമാക്കാൻ ഉപയോഗിക്കുന്നു.a അത്തരം ഉപയോഗം നാം യേശുവിന്റെ വാക്കുകളിൽ കണ്ടെത്തുന്നു: “ഒരു മനുഷ്യൻ മുഴുലോകവും [കോസ്മോസ്] നേടിയിട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ എന്തു പ്രയോജനം?” (മത്തായി 16:26) വ്യക്തമായും, ക്രിസ്തു ഇവിടെ ഒരു വ്യക്തി ‘മുഴു മനുഷ്യവർഗ്ഗലോക’ത്തെയോ ‘ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗ്ഗലോക’ത്തെയോ നേടുന്നതിനെ പരാമർശിക്കുകയായിരുന്നില്ല. ഒരു ഭൗതിക പ്രിയന് മനുഷ്യവർഗ്ഗത്തെയല്ല. മറിച്ച്, മനുഷ്യർക്കുള്ളതിനെ അല്ലെങ്കിൽ മനുഷ്യരുടെ നിർമ്മാണത്തെ അല്ലെങ്കിൽ മനുഷ്യരുടെ സമ്പാദ്യങ്ങളെയാണ് നേടാൻ കഴിയുന്നത്. ഇത് ‘വിവാഹം ചെയ്ത ഒരു വ്യക്തി ലോകത്തിലുള്ളത് ചിന്തിക്കുന്ന’തിനെക്കുറിച്ചുള്ള പൗലോസിന്റെ വാക്കുകളിലും സത്യമാണ്. അതുപോലെതന്നെ, ഒരു ക്രിസ്ത്യാനി ‘ലോകത്തെ പൂർണ്ണമായും ഉപയോഗി’ക്കുന്നില്ല.—1 കൊരിന്ത്യർ 7:31-33.
ഈ അർത്ഥത്തിൽ, കോസ്മോസ് എന്ന പദത്തിന് “യുഗം” അല്ലെങ്കിൽ “വ്യവസ്ഥിതി” എന്ന് പരിഭാഷപ്പെടുത്താവുന്ന ഏയോൻ എന്ന ഗ്രീക്കു പദത്തിന് സമാനമായ ഒരർത്ഥമുണ്ട്. (ബൈബിൾ ഗ്രാഹ്യസഹായി പേജ് 1671-4 കാണുക.) ചില സന്ദർഭങ്ങളിൽ ഈ രണ്ട് പദങ്ങളും പരസ്പരം മാററി ഉപയോഗിക്കാൻ കഴിയുമെന്ന് നാം കണ്ടെത്തുന്നു. കോസ്മോസ്, ഏയോൻ എന്നീ പദങ്ങളുടെ സാമ്യം മനസ്സിലാക്കാൻ കഴിയുന്ന രണ്ട് ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക: (1) ‘ഇപ്പോഴത്തെ വ്യവസ്ഥിതിയെ [ഏയോൻ] സ്നേഹിച്ച’ ദേമാസ് പൗലോസിനെ വിട്ടുപോയെന്ന് അവൻ എഴുതി. എന്നാൽ ‘ലോകത്തെ [കോസ്മോസ്] സ്നേഹിക്കു’ന്നതിനെതിരെ യോഹന്നാൻ ബുദ്ധിയുപദേശിച്ചു. എന്തുകൊണ്ടെന്നാൽ അതിൽനിന്നാണ് “ജഡമോഹം, കൺമോഹം, ഉപജീവനമാർഗ്ഗത്തിന്റെ പകിട്ടുകാട്ടൽ” എന്നിവ ഉത്ഭവിക്കുന്നത്. (2 തിമൊഥെയോസ് 4:10; 1 യോഹന്നാൻ 2:15-17) (2) 2 കൊരിന്ത്യർ 4:4-ൽ “ഈ വ്യവസ്ഥിതിയുടെ [ഏയോൻ] ദൈവം” എന്ന നിലയിൽ തിരിച്ചറിയിക്കുന്ന “ഈ ലോകത്തിന്റെ [കോസ്മോസ്] ഭരണാധിപനെ”ക്കുറിച്ച് യോഹന്നാൻ 12:31 സംസാരിക്കുന്നു.
അതിനാൽ കോസ്മോസ് അല്ലെങ്കിൽ “ലോകം” എന്ന പദം മുഴുമനുഷ്യവർഗ്ഗത്തിനും മനുഷ്യമണ്ഡലത്തിന്റെ ചട്ടക്കൂടിനും ഉപയോഗിക്കാവുന്നതാണ്. ഇക്കാരണത്താൽ നമുക്ക് വരാനിരിക്കുന്ന ഒരു “പുതിയ വ്യവസ്ഥിതി” അല്ലെങ്കിൽ ഒരു “പുതിയ ലോകം” എന്ന് തെററില്ലാതെ ഉചിതമായി പറയാൻ കഴിയും. ഇത് ഒരു പുതിയ മനുഷ്യ ജീവിതമണ്ഡലം അല്ലെങ്കിൽ പുതിയ ലോകാവസ്ഥ അല്ലെങ്കിൽ പുതിയ ചട്ടക്കൂടായിരിക്കും. പുനഃസ്ഥിതീകരിക്കപ്പെട്ട ഭൗമിക പരദീസയിലെ മിക്ക നിവാസികളും പഴയ വ്യവസ്ഥിതിയിൽ ജീവിച്ചിരുന്നവരായിരിക്കും. എങ്കിൽതന്നെയും അവർ അതിൽനിന്ന് അതിജീവിക്കുകയോ പുനരുത്ഥാനം പ്രാപിച്ച് വരുകയോ ചെയ്തവരായിരിക്കും. അതിനാൽ അവർ അതേ മനുഷ്യവർഗ്ഗമായിരിക്കും. എന്നിരുന്നാലും ദൈവത്തിൽനിന്ന് അന്യപ്പെട്ട ലോകം നീങ്ങിക്കഴിയുമ്പോൾ ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ഇഷ്ടത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്ന ഒരു പുതിയ ക്രമീകരണം, ഒരു പുതിയ വ്യവസ്ഥ, പുനഃസ്ഥിതീകരിക്കപ്പെട്ട ഒരു പറുദീസ ഒരു പുതിയ ലോകമായിരിക്കും. (w87 5/1)
[അടിക്കുറിപ്പുകൾ]
a ബൈബിളെഴുതാൻ ഉപയോഗിക്കാത്ത പുരാതന ഗ്രീക്കിൽപോലും ‘ലോകാവസ്ഥക്കും ലോകവ്യവസ്ഥിതിക്കു’മുള്ള അടിസ്ഥാന പദം കോസ്മോസ് ആണെന്ന് മുകളിൽ ഉദ്ധരിച്ച നിഘണ്ടു ചൂണ്ടിക്കാണിക്കുന്നു.
[31-ാം പേജിലെ ചിത്രം]
നീതിയുള്ള മനുഷ്യവർഗ്ഗം പുതിയ ലോകത്തിൽ പറുദീസാ പുനഃസ്ഥിതീകരിക്കും