ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ
“നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു.”—മത്തായി 16:16, NW.
1, 2. (എ) ഒരു മമനുഷ്യന്റെ മാഹാത്മ്യം എങ്ങനെ നിർണ്ണയിക്കപ്പെടാൻ കഴിയും? (ബി) ചരിത്രത്തിൽ ഏതു മനുഷ്യർ മഹാൻമാർ എന്നു വിളിക്കപ്പെട്ടിട്ടുണ്ട്, എന്തുകൊണ്ട്?
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ ആരാണെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? ഒരു മമനുഷ്യന്റെ മാഹാത്മ്യത്തെ നിങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്? അയാളുടെ സൈനിക വൈദഗ്ദ്ധ്യത്താലാണോ? അയാളുടെ മികച്ച മാനസികപ്രാപ്തികളാലാണോ? അയാളുടെ ശാരീരിക ബലത്താലാണോ?
2 മഹാനായ കോരേശ്, മഹാനായ അലക്സാണ്ടർ, സ്വന്തം ആയുഷ്കാലത്തുതന്നെ “മഹാൻ” എന്ന് വിളിക്കപ്പെട്ട ഷാൾമാൻ എന്നിങ്ങനെ വിവിധ ഭരണാധിപൻമാർ മഹാൻമാർ എന്നു വിളിക്കപ്പെട്ടിട്ടുണ്ട്. ഇവരെപ്പോലെയുള്ള മനുഷ്യർ അവരുടെ ഭയാവഹമായ സാന്നിദ്ധ്യത്താൽ തങ്ങൾ ഭരിച്ചവരുടെമേൽ വലിയ സ്വാധീനം പ്രയോഗിച്ചിട്ടുണ്ട്.
3. (എ) ഒരു മമനുഷ്യന്റെ മാഹാത്മ്യത്തെ അളക്കുന്നതിനുള്ള ഒരു പരീക്ഷണം എന്താണ്? (ബി) അങ്ങനെയുള്ള ഒരു പരീക്ഷണം ഉപയോഗിച്ചാൽ ആരാണ് ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ?
3 കൗതുകകരമായി, ചരിത്രകാരനായ എച്ച്.ജി. വെൽസ് ഒരു മമനുഷ്യന്റെ മാഹാത്മ്യത്തെ അളക്കുന്നതിനുള്ള തന്റെ പരീക്ഷണത്തെ വർണ്ണിക്കുകയുണ്ടായി. 50-ൽപരം വർഷം മുമ്പ്, അദ്ദേഹം ഇങ്ങനെ എഴുതി: “ഒരു വ്യക്തിയുടെ മാഹാത്മ്യം സംബന്ധിച്ച ചരിത്രകാരന്റെ പരീക്ഷണം ഇതാണ്: ‘മരണാനന്തരം വളർന്നുവരാൻവേണ്ടി അയാൾ എന്ത് അവശേഷിപ്പിച്ചു? അയാൾ തനിക്കുശേഷം പിടിച്ചുനിന്ന ഒരു ഊർജ്ജസ്വലതയോടെ മനുഷ്യർ പുതിയ രീതിയിൽ ചിന്തിച്ചുതുടങ്ങാനിടയാക്കിയോ?’ ഈ പരീക്ഷണപ്രകാരം “യേശു ഒന്നാമതു നിൽക്കുന്നു” എന്ന് വെൽസ് നിഗമനം ചെയ്തു. നെപ്പോളിയൻ ബോണപ്പാർട്ടുപോലും ഇങ്ങനെ പ്രസ്താവിച്ചു: “യേശുക്രിസ്തു തന്റെ ദൃശ്യ ശാരീരിക സാന്നിദ്ധ്യം കൂടാതെ തന്റെ പ്രജകളെ സ്വാധീനിക്കുകയും നയിക്കുകയും ചെയ്തിരിക്കുന്നു.”
4. (എ) യേശുവിനെക്കുറിച്ച് ഏതു വിരുദ്ധ വീക്ഷണങ്ങൾ സ്ഥിതിചെയ്യുന്നു? (ബി) ഒരു അക്രൈസ്തവ ചരിത്രകാരൻ യേശുവിന് ചരിത്രത്തിൽ ഏതു സ്ഥാനം കൊടുക്കുന്നു?
4 എന്നിരുന്നാലും യേശു ഒരു ചരിത്രപുരുഷനല്ല, പിന്നെയോ ഒരു കെട്ടുകഥയാണ് എന്നു പറഞ്ഞുകൊണ്ട് ചിലർ പ്രതിഷേധിച്ചിട്ടുണ്ട്. മറുവശത്ത്, ദൈവം യേശുവായി ഭൂമിയിൽ വന്നുവെന്നു പറഞ്ഞുകൊണ്ട് മററു ചിലർ യേശുവിനെ ദൈവമായി വിഗ്രഹവൽക്കരിച്ചിരിക്കുന്നു. എന്നിരുന്നാലും, ഒരു മനുഷ്യനെന്ന നിലയിലുള്ള യേശുവിന്റെ അസ്തിത്വം സംബന്ധിച്ച ചരിത്രത്തെളിവിൽ മാത്രം തന്റെ നിഗമനങ്ങളെ അടിസ്ഥാനപ്പെടുത്തി വെൽസ് ഇങ്ങനെ എഴുതുകയുണ്ടായി: “ദൈവശാസ്ത്രപരമായ യാതൊരു മുൻവിധിയും കൂടാതെ, ഒരു ചരിത്രകാരൻ നസറേത്തിൽനിന്നുള്ള ഒരു നിർദ്ധന ഉപദേഷ്ടാവിന് ഒരു പ്രമുഖസ്ഥാനം കൊടുക്കാതെ മാനവരാശിയുടെ പുരോഗതി വരച്ചുകാട്ടാൻ തനിക്കാവില്ലെന്ന് കണ്ടെത്തിയത് കൗതുകകരവും പ്രാധാന്യമർഹിക്കുന്നതുമാണ് . . . ഒരു ക്രിസ്ത്യാനിയെന്ന് തന്നേത്തന്നെ വിളിക്കുകപോലും ചെയ്യാത്ത എന്നേപ്പോലെയുള്ള ഒരു ചരിത്രകാരൻ ചിത്രം അപ്രതിരോധ്യമായി ഈ അഗ്രഗണ്യനായ മമനുഷ്യന്റെ ജീവിതത്തിലും സ്വഭാവത്തിലും കേന്ദ്രീകരിക്കുന്നതായി കണ്ടെത്തുന്നു.”
യേശു യഥാർത്ഥത്തിൽ ജീവിച്ചിരുന്നോ?
5, 6. യേശുവിന്റെ ചരിത്രപരതയെക്കുറിച്ച് ചരിത്രകാരൻമാരായ എച്ച്. ജി. വെൽസ്, വിൽ ഡൂറൻറ് എന്നിവർക്ക് എന്ത് പറയാനുണ്ട്?
5 യേശു യഥാർത്ഥത്തിൽ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലെന്നും ഫലത്തിൽ അവൻ ഒരു കെട്ടുകഥ, ഒന്നാം നൂററാണ്ടിലെ ചില മനുഷ്യരുടെ കണ്ടുപിടുത്തം, ആണെന്നും നിങ്ങളോട് ആരെങ്കിലും പറഞ്ഞാലോ? നിങ്ങൾ ഈ ആരോപണത്തിന് എങ്ങനെ ഉത്തരം പറയും? “യേശുവിനെക്കുറിച്ച് നാം അറിയാനാഗ്രഹിക്കുന്നടത്തോളം നമുക്കറിയാൻ പാടില്ലെന്ന്” വെൽസ് സമ്മതിക്കുമ്പോൾത്തന്നെ അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു: “നാലു സുവിശേഷങ്ങൾ . . . നമുക്ക് ഒരു സുനിശ്ചിത വ്യക്തിയുടെ ചിത്രം നൽകുന്നതിൽ യോജിക്കുന്നു; അവ യാഥാർത്ഥ്യത്തിന്റെ ഒരു ബോദ്ധ്യം വഹിക്കുന്നു. അദ്ദേഹം ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലെന്ന്, അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങൾ കണ്ടുപിടുത്തങ്ങളാണെന്ന്, സങ്കൽപ്പിക്കുന്നത് കൂടുതൽ പ്രയാസമാണ്, ചരിത്രകാരന് സുവിശേഷകഥകളിലെ സാരവത്തായ കാര്യങ്ങൾ വസ്തുതയായി അംഗീകരിക്കുന്നതിനെക്കാൾ വളരെക്കൂടുതൽ പ്രശ്നങ്ങൾ ഉയർത്തുകയും ചെയ്യുന്നു.”
6 ആദരിക്കപ്പെടുന്ന ചരിത്രകാരനായ വിൽ ഡൂറൻറ് സമാനമായ ഒരു വിധത്തിൽ ന്യായവാദംചെയ്യുകയും ഇങ്ങനെ വിശദീകരിക്കുകയും ചെയ്തു: “തങ്ങളേത്തന്നെ ക്രിസ്ത്യാനികളെന്നു വിളിച്ച ചുരുക്കംചില ലളിത മനുഷ്യർ ഇത്ര ശക്തനും ആകർഷണീയനുമായ ഒരു വ്യക്തിയെ, ഇത്ര ഉയർന്ന ഒരു ധർമ്മശാസ്ത്രത്തെ, മനുഷ്യസാഹോദര്യത്തിന്റെ ഇത്ര പ്രചോദകമായ ഒരു ദർശനത്തെ, ഒരു തലമുറയിൽ കണ്ടുപിടിച്ചിരിക്കുമെന്നുള്ളത് സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഏതിനെക്കാളും വളരെക്കൂടുതൽ അവിശ്വസനീയമായ ഒരു അത്ഭുതമായിരിക്കും.”
7, 8. യേശു മനുഷ്യചരിത്രത്തെ എത്ര വലുതായി സ്വാധീനിച്ചു?
7 അതുകൊണ്ട്, നിങ്ങൾക്ക് അങ്ങനെയുള്ള ഒരു സന്ദേഹവാദിയോട് ഇങ്ങനെ ന്യായവാദംചെയ്യാൻ കഴിയും: ഒരു സാങ്കൽപ്പിക കഥാപാത്രത്തിന്—ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്ത ഒരു വ്യക്തിക്ക്—ഇത്ര ശ്രദ്ധേയമായി മനുഷ്യചരിത്രത്തെ ബാധിക്കാൻ കഴിയുമോ? ചരിത്രകാരൻമാരുടെ ലോകചരിത്രം (ഇംഗ്ലീഷ്) എന്ന സംശോധകഗ്രന്ഥം ഇങ്ങനെ പ്രസ്താവിച്ചു: “തികച്ചും മതേതരമായ ഒരു നിലപാടിൽ പോലും [യേശുവിന്റെ] പ്രവർത്തനങ്ങളുടെ ചരിത്രപരമായ ഫലം മററ് ഏതൊരു കഥാപാത്രത്തിന്റെ പ്രവർത്തനങ്ങളേക്കാളും പ്രാധാന്യമർഹിക്കുന്നവയാണ്. ലോകത്തിലെ മുഖ്യ സംസ്കാരങ്ങൾ അംഗീകരിക്കുന്ന ഒരു പുതിയ യുഗം അദ്ദേഹത്തിന്റെ ജനനം മുതൽ തുടങ്ങുന്നു.” അതിനെക്കുറിച്ചു ചിന്തിക്കുക. ഇന്നത്തെ ചില പഞ്ചാംഗങ്ങൾപോലും യേശു ജനിച്ചതായി വിചാരിക്കപ്പെടുന്ന വർഷത്തെ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്. “ആ വർഷത്തിനു മുമ്പുള്ള തീയതികളെ ബി.സി. അല്ലെങ്കിൽ ബിഫോർ ക്രൈസ്ററ് (ക്രി.മു.) എന്ന് പട്ടികപ്പെടുത്തുന്നു” എന്ന് ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ വിശദീകരിക്കുന്നു. “ആ വർഷത്തിനു ശേഷമുള്ള തീയതികൾ ഏ.ഡി. അഥവാ ആനോ ഡോമിനി (കർത്താവിന്റെ വർഷത്തിൽ, ക്രി.വ.) എന്ന് പട്ടികപ്പെടുത്തുന്നു.”
8 തന്റെ ചലനോജ്ജ്വലമായ ഉപദേശങ്ങളാലും അവക്കു ചേർച്ചയായുള്ള തന്റെ ജീവിതരീതിയാലും യേശു ഏതാണ്ട് രണ്ടായിരം വർഷങ്ങളോടടുത്ത് അസംഖ്യം ജനസമൂഹങ്ങളുടെ ജീവിതത്തെ ശക്തമായി ബാധിച്ചിരിക്കുന്നു. ഒരു എഴുത്തുകാരൻ ഉചിതമായി പ്രസ്താവിച്ചതുപോലെ: “മാർച്ചുചെയ്തിട്ടുള്ള സകല സൈന്യങ്ങളും പടുത്തുയർത്തപ്പെട്ടിട്ടുള്ള സകല നാവികസൈന്യങ്ങളും കൂടിയിട്ടുള്ള സകല പാർലമെൻറുകളും വാണിട്ടുള്ള സകല രാജാക്കൻമാരും സംയുക്തമായി ഇത്ര ശക്തമായി ഭൂമിയിൽ മനുഷ്യജീവിതത്തെ ബാധിച്ചിട്ടില്ല.” എന്നിട്ടും വിമർശകർ പറയുന്നു: ‘നമുക്ക് യേശുവിനെക്കുറിച്ച് അറിയാവുന്നതെല്ലാം ബൈബിളിലാണ് കാണപ്പെടുന്നത്. അവനെ സംബന്ധിച്ചുള്ള മററ് സമകാലീന രേഖകൾ സ്ഥിതിചെയ്യുന്നില്ല.’ എന്നിരുന്നാലും ഇതു സത്യമാണോ?
9, 10. (എ) ആദിമ ലൗകികചരിത്രകാരൻമാരും എഴുത്തുകാരും യേശുവിനെസംബന്ധിച്ച് എന്തു പറഞ്ഞു? (ബി) ആദിമചരിത്രകാരൻമാരുടെ സാക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തി ആദരിക്കപ്പെടുന്ന ഒരു എൻസൈക്ലോപ്പീഡിയാ എന്തു പറയുന്നു?
9 ആദിമ ലൗകിക ചരിത്രകാരൻമാരാലുള്ള യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരാമർശനങ്ങൾ തുച്ഛമാണെങ്കിലും അങ്ങനെയുള്ള പരാമർശങ്ങൾ സ്ഥിതിചെയ്യുകതന്നെ ചെയ്യുന്നു. ഒന്നാം നൂററാണ്ടിലെ ആദരിക്കപ്പെടുന്ന ഒരു റോമൻചരിത്രകാരനായിരുന്ന കോർണീലിയസ് ററാസിററസ് റോമാചക്രവർത്തിയായ നീറോ ‘റോമായുടെ തീവെയ്പിന്റെ കുററം ക്രിസ്താനികളുടെമേൽ കെട്ടിവെച്ചു’ എന്ന് എഴുതുകയുണ്ടായി. അനന്തരം ററാസിററസ് ഇങ്ങനെ വിശദീകരിച്ചു: “[ക്രിസ്ത്യാനി] എന്ന പേർ ക്രിസ്തുവിൽനിന്ന് ഉത്ഭവിച്ചതാണ്, തിബൊരോസിന്റെ വാഴ്ചക്കാലത്ത് അവനെ നാടുവാഴിയായ പൊന്തിയോസ് പീലാത്തോസ് വധിച്ചിരുന്നു.” അക്കാലത്തെ മററ് റോമൻ എഴുത്തുകാരായിരുന്ന സ്യൂട്ടോണിയസും പ്ലിനി ദി യംഗറും ക്രിസ്തുവിനെക്കുറിച്ച് പറയുകയുണ്ടായി. കൂടാതെ, ഒന്നാം നൂററാണ്ടിലെ ഒരു യഹൂദ ചരിത്രകാരനായിരുന്ന ഫേവ്ളിയസ് ജൊസീഫസ് യഹൂദൻമാരുടെ പുരാതനത്വങ്ങൾ എന്നതിൽ ക്രിസ്തീയ ശിഷ്യനായിരുന്ന യാക്കോബിന്റെ മരണത്തെക്കുറിച്ച് എഴുതി. യാക്കോബ് “ക്രിസ്തു എന്നു വിളിക്കപ്പെട്ടിരുന്ന യേശുവിന്റെ സഹോദരനായിരുന്നു”വെന്ന് ജൊസീഫസ് വിശദീകരണമായി പറയുകയുണ്ടായി.
10 ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ നിഗമനംചെയ്യുന്നു: “പുരാതനകാലങ്ങളിൽ ക്രിസ്ത്യാനിത്വത്തിന്റെ ശത്രുക്കൾപോലും യേശുവിന്റെ ചരിത്രപരതയെ ഒരിക്കലും സംശയിച്ചിരുന്നില്ല എന്ന് ഈ സ്വതന്ത്ര വിവരണങ്ങൾ തെളിയിക്കുന്നു, അതിനെക്കുറിച്ച് ആദ്യമായും അപര്യാപ്തമായ അടിസ്ഥാനത്തിലും തർക്കമുണ്ടായത് 18-ാം നൂററാണ്ടിന്റെ അവസാനത്തിലും 19-ാം നൂററാണ്ടിലും 20-ാം നൂററാണ്ടിന്റെ തുടക്കത്തിലുമായിരുന്നു.”
യേശു യഥാർത്ഥത്തിൽ ആരായിരുന്നു?
11. (എ) അത്യന്താപേക്ഷിതമായി, യേശുവിനെക്കുറിച്ചുള്ള ചരിത്രപരമായ വിവരങ്ങളുടെ ഏക ഉറവ് എന്താണ്? (ബി) യേശു ആരെന്നുള്ളതുസംബന്ധിച്ച് യേശുവിന്റെ സ്വന്തം അനുഗാമികൾക്ക് എന്തു ചോദ്യം ഉണ്ടായിരുന്നു?
11 എന്നിരുന്നാലും, അത്യന്താപേക്ഷിതമായി, യേശുവിനെക്കുറിച്ച് ഇപ്പോൾ അറിയാവുന്നതെല്ലാം അവന്റെ ഒന്നാം നൂററാണ്ടിലെ അനുഗാമികൾ എഴുതിയതാണ്. അവരുടെ റിപ്പോർട്ടുകൾ സുവിശേഷങ്ങളിൽ—അവന്റെ അപ്പോസ്തലൻമാരിൽ രണ്ടുപേരായിരുന്ന മത്തായിയും യോഹന്നാനും അവന്റെ ശിഷ്യൻമാരിൽ രണ്ടുപേരായിരുന്ന മർക്കോസും ലൂക്കോസും എഴുതിയ ബൈബിൾപുസ്തകങ്ങളിൽ—സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ മനുഷ്യരുടെ രേഖകൾ യേശുവിന്റെ താദാത്മ്യം സംബന്ധിച്ച് എന്ത് വെളിപ്പെടുത്തുന്നു? അവൻ യഥാർത്ഥത്തിൽ ആരായിരുന്നു? യേശുവിന്റെ ഒന്നാം നൂററാണ്ടിലെ സഹകാരികൾ ആ ചോദ്യത്തെക്കുറിച്ച് വിചിന്തനംചെയ്തു. യേശു കാററടിച്ചിളകിയ സമുദ്രത്തെ ഒരു ശാസനയാൽ ശാന്തമാക്കുന്നത് അവർ കണ്ടപ്പോൾ വിസ്മയപൂർവം “ഇത് യഥാർത്ഥത്തിൽ ആരാണ്?” എന്ന് അറിയാൻ അവർ ജിജ്ഞാസുക്കളായി. പിന്നീടൊരു സന്ദർഭത്തിൽ “ഞാൻ ആരാണെന്ന് നിങ്ങൾ പറയുന്നു?” എന്ന് യേശു തന്റെ അപ്പോസ്തലൻമാരോടു ചോദിച്ചു.—മർക്കോസ് 4:41; മത്തായി 16:15, NW.
12. യേശു ദൈവമല്ലെന്ന് നാം എങ്ങനെ അറിയുന്നു?
12 നിങ്ങളോട് ആ ചോദ്യം ചോദിച്ചിരുന്നെങ്കിൽ നിങ്ങൾ എങ്ങനെ ഉത്തരം പറയുമായിരുന്നു? യഥാർത്ഥത്തിൽ യേശു ആരായിരുന്നു? അവൻ മനുഷ്യരൂപത്തിലുള്ള സർവശക്തനായ ദൈവമായിരുന്നുവെന്ന്, ദൈവത്തിന്റെ അവതാരമായിരുന്നുവെന്ന്, ക്രൈസ്തവലോകത്തിലെ അനേകർ പറയും. എന്നിരുന്നാലും യേശുവിന്റെ വ്യക്തിപരമായ കൂട്ടാളികൾ അവൻ ദൈവമായിരുന്നുവെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അപ്പോസ്തലനായ പത്രോസ് അവനെ “ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്നു വിളിച്ചു. (മത്തായി 16:16) നിങ്ങൾ എത്ര അന്വേഷിച്ചാലും യേശു ദൈവമാണെന്ന് അവകാശപ്പെട്ടതായി നിങ്ങൾ ഒരിക്കലും വായിക്കുകയില്ല. പകരം, താൻ ദൈവമല്ല, “ദൈവത്തിന്റെ പുത്രൻ” ആണെന്ന് അവൻ യഹൂദൻമാരോടു പറഞ്ഞു.—യോഹന്നാൻ 10:36.
13. യേശു മററു മനുഷ്യരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നതെങ്ങനെ?
13 യേശു കാററടിച്ചിളകിയ ഒരു സമുദ്രത്തിൻമീതെ നടന്നപ്പോൾ അവൻ മററ് ഏതൊരു മനുഷ്യനെയും പോലുള്ള ഒരു മനുഷ്യനല്ലെന്നുള്ള വസ്തുത ശിഷ്യൻമാർക്ക് ബോധ്യമായി. (യോഹന്നാൻ 6:18-21) അവൻ വളരെ പ്രത്യേകതയുള്ള ഒരു ആൾ ആയിരുന്നു. കാരണം അവൻ ഒരു ആത്മവ്യക്തിയായി സ്വർഗ്ഗത്തിൽ ദൈവത്തോടുകൂടെ മുമ്പ് ജീവിച്ചിരുന്നു, അതെ, ബൈബിളിൽ പ്രധാനദൂതൻ എന്ന് തിരിച്ചറിയിക്കപ്പെടുന്ന ഒരു ദൂതനായിത്തന്നെ. (1 തെസ്സലോനീക്യർ 4;16; യൂദാ 9) മറെറല്ലാവരെയും സൃഷ്ടിക്കുന്നതിനു മുമ്പ് ദൈവം അവനെ സൃഷ്ടിച്ചിരുന്നു. (കൊലോസ്യർ 1:15) അങ്ങനെ, എണ്ണമില്ലാത്ത യുഗങ്ങളിൽ, ഭൗതികപ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പുപോലും, യേശു മഹദ്സ്രഷ്ടാവായ തന്റെ പിതാവായ യഹോവയാം ദൈവത്തോടുകൂടെ സ്വർഗ്ഗത്തിൽ അടുത്ത കൂട്ടായ്മ ആസ്വദിച്ചിരുന്നു.—സദൃശവാക്യങ്ങൾ 8:22, 27-31; സഭാപ്രസംഗി 12:1.
14. യേശു ഒരു മനുഷ്യനായിത്തീർന്നതെങ്ങനെ?
14 പിന്നീട്, രണ്ടായിരത്തോളം വർഷങ്ങൾക്കുമുമ്പ്, ദൈവം തന്റെ പുത്രന്റെ ജീവനെ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിലേക്കു മാററി. അങ്ങനെ അവൻ ദൈവത്തിന്റെ ഒരു മനുഷ്യ പുത്രൻ ആയിത്തീർന്നു, ഒരു സ്ത്രീയിലൂടെ സാധാരണരീതിയിൽ ജനിച്ചവൻതന്നെ. (ഗലാത്യർ 4:4) യേശു തന്റെ അമ്മയായിരുന്ന മറിയയുടെ ഗർഭപാത്രത്തിൽ വികാസംപ്രാപിച്ചുകൊണ്ടിരുന്നപ്പോഴും പിൽക്കാലത്ത് ഒരു ബാലനായി വളർന്നുകൊണ്ടിരുന്നപ്പോഴും അവൻ തന്റെ ഭൗമിക മാതാപിതാക്കളായിരിക്കാൻ ദൈവം തെരഞ്ഞെടുത്തവരെ ആശ്രയിച്ചിരുന്നു. ഒടുവിൽ, യേശു പുരുഷത്വത്തിലെത്തി. സ്പഷ്ടമായി അപ്പോൾ അവന് സ്വർഗ്ഗത്തിൽ ദൈവവുമായി ഉണ്ടായിരുന്ന മുൻസഹവാസത്തെക്കുറിച്ചുള്ള ഓർമ്മ കൊടുക്കപ്പെട്ടു. അവന്റെ സ്നാപനത്തിങ്കൽ ‘സ്വർഗ്ഗങ്ങൾ അവന് തുറക്കപ്പെട്ടപ്പോൾ’ ആണ് ഇത് സംഭവിച്ചത്.—മത്തായി 3:16; യോഹന്നാൻ 8:23; 17:5.
15. യേശു ഭൂമിയിൽ ജീവിച്ചപ്പോൾ അവൻ പൂർണ്ണമായും മനുഷ്യനായിരുന്നവെന്ന് നാം എങ്ങനെ അറിയുന്നു?
15 വാസ്തവമായി, യേശു അനുപമനായ ഒരു വ്യക്തിയായിരുന്നു. എന്നിരുന്നാലും അവൻ ദൈവം ആദിയിൽ സൃഷ്ടിച്ച് ഏദെൻ തോട്ടത്തിൽ ആക്കിവെച്ചിരുന്ന ആദാമിനു തുല്യനായി ഒരു മനുഷ്യനായിരുന്നു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ വിശദീകരിച്ചു: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.” യേശു “ഒടുക്കത്തെ ആദാം” എന്നു വിളിക്കപ്പെട്ടിരിക്കുന്നു, എന്തുകൊണ്ടെന്നാൽ ആദ്യത്തെ ആദാമിനെപ്പോലെ, യേശു ഒരു പൂർണ്ണമനുഷ്യനായിരുന്നു. എന്നാൽ യേശു മരിച്ച ശേഷം, അവൻ പുനരുത്ഥാനപ്പെടുത്തപ്പെട്ടു, അവൻ ഒരു ആത്മവ്യക്തിയായി സ്വർഗ്ഗത്തിൽ തന്റെ പിതാവിനോട് വീണ്ടും ചേർന്നു.—1 കൊരിന്ത്യർ 15:45.
ദൈവത്തെക്കുറിച്ച് ഏററം നന്നായി എങ്ങനെ പഠിക്കാം
16. (എ) യേശുവുമായുള്ള സഹവാസത്തെ വലിയ ഒരു പദവിയാക്കിയതെന്ത്? (ബി) യേശുവിനെ കാണുന്നത് ദൈവത്തെ കാണുന്നതുപോലെയായിരുന്നുവെന്ന് പറയാൻ കഴിയുമായിരുന്നതെന്തുകൊണ്ട്?
16 യേശു ഭൂമിയിലായിരുന്നപ്പോൾ ചിലർ അവന്റെ വ്യക്തിപരമായ കൂട്ടാളികളെന്ന നിലയിൽ ആസ്വദിച്ച അത്ഭുതകരമായ പദവിയെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക! സ്വർഗ്ഗത്തിൽ യഹോവയാം ദൈവത്തിന്റെ ഉററ സഹപ്രവർത്തകനായി ഒരുപക്ഷേ ശതകോടിക്കണക്കിനു വർഷങ്ങൾ ചെലവഴിച്ചിരുന്ന ഒരുവനെ ശ്രദ്ധിക്കുന്നതും സംസാരിക്കുന്നതും നിരീക്ഷിക്കുന്നതും കൂടെ പ്രവർത്തിക്കുന്നതുപോലും സങ്കൽപ്പിക്കുക. ഒരു വിശ്വസ്ത പുത്രനെന്ന നിലയിൽ യേശു താൻ ചെയ്ത സകലത്തിലും തന്റെ സ്വർഗ്ഗീയ പിതാവിനെ പകർത്തി. യഥാർത്ഥത്തിൽ, തന്റെ വധത്തിന് അല്പകാലം മുമ്പ് തന്റെ അപ്പോസ്തലൻമാരോട് “എന്നെ കണ്ടിരിക്കുന്നവൻ എന്റെ പിതാവിനെയും കണ്ടിരിക്കുന്നു” എന്ന് തനിക്ക് പറയാൻ കഴിയത്തക്കവണ്ണം യേശു തന്റെ പിതാവിനെ അത്ര പൂർണ്ണമായി അനുകരിച്ചു. (യോഹന്നാൻ 14:9, 10, NW.) അതെ, അവൻ ഇവിടെ ഭൂമിയിൽ അഭിമുഖീകരിച്ച ഓരോ സാഹചര്യത്തിലും അവൻ സർവശക്തനാം ദൈവമായ തന്റെ പിതാവ് ഇവിടെയായിരുന്നെങ്കിൽ ചെയ്യുമായിരുന്നതുപോലെതന്നെ ചെയ്തു. അങ്ങനെ നാം യേശുക്രിസ്തുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചു പഠിക്കുമ്പോൾ നാം ഫലത്തിൽ ദൈവം ഏതുതരം വ്യക്തിയാണെന്ന് പഠിക്കുകയാണ്.
17. “യേശുവിന്റെ ജീവിതവും ശുശ്രൂഷയും” എന്ന വീക്ഷാഗോപുര പരമ്പരയാൽ എന്തു നല്ല ഉദ്ദേശ്യം സാധിച്ചു?
17 അതുകൊണ്ട്, 1985 ഏപ്രിൽ മുതൽ 1991 ജൂൺവരെ വാച്ച്ററവറിന്റെ തുടർച്ചയായ ലക്കങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ “യേശുവിന്റെ ജീവിതവും ശുശ്രൂഷയും” എന്ന പരമ്പര യേശു എന്ന മനുഷ്യനെക്കുറിച്ച് ഒരു നല്ല ചിത്രം പ്രദാനംചെയ്തുവെന്നു മാത്രമല്ല, അവന്റെ പിതാവായ യഹോവയാം ദൈവത്തെക്കുറിച്ച് ഒട്ടേറെ പഠിപ്പിക്കുകയും ചെയ്തു. അതിന്റെ രണ്ടു ഭാഗങ്ങൾക്കുശേഷം, ഒരു പയനിയർശുശ്രൂഷകൻ വിലമതിപ്പോടെ, വാച്ച്ററവർ സൊസൈററിക്ക് ഇങ്ങനെ എഴുതി: “പിതാവിനോട് കൂടുതൽ അടുക്കുന്നതിന് പുത്രനെ മെച്ചമായി അറിയുന്നതിനെക്കാൾ നല്ല മാർഗ്ഗമെന്തുണ്ട്!” അത് എത്ര സത്യമാണ്! ആളുകളോടുള്ള പിതാവിന്റെ സ്നേഹപുരസ്സരമായ കരുതലും അവന്റെ ഹൃദയ വിശാലതയും പുത്രന്റെ ജീവിതത്തിൽ വലുതാക്കിക്കാണിക്കപ്പെട്ടിരിക്കുന്നു.
18. (എ) രാജ്യസന്ദേശത്തിന്റെ ഉടമ ആരായിരുന്നു, യേശു ഇത് എങ്ങനെ സമ്മതിച്ചുപറഞ്ഞു?
18 തന്റെ പിതാവിന്റെ ഇഷ്ടത്തോടുള്ള യേശുവിന്റെ പൂർണ്ണമായ കീഴ്പ്പെടലിനാൽ പ്രത്യക്ഷമായ പ്രകാരം പിതാവിനോടുള്ള അവന്റെ സ്നേഹം തീർച്ചയായും നിരീക്ഷിക്കാൻ മനോഹരമാണ്. തന്നെ കൊല്ലാൻ ശ്രമിച്ച യഹൂദൻമാരോട് “ഞാൻ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു” എന്നു പറയുകയുണ്ടായി. (യോഹന്നാൻ 8:28) അപ്പോൾ, യേശു പ്രസംഗിച്ച രാജ്യസന്ദേശത്തിന്റെ ഉടമ അവൻ അല്ലായിരുന്നു. യഹോവയാം ദൈവമായിരുന്നു! യേശു കൂടെക്കൂടെ അതിനുള്ള ബഹുമതി തന്റെ പിതാവിനു കൊടുത്തു. “ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവുതന്നെ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കണമെന്നും കല്പന തന്നിരിക്കുന്നു. . . . ആകയാൽ ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെതന്നേ സംസാരിക്കുന്നു” എന്ന് അവൻ പറഞ്ഞു.—യോഹന്നാൻ 12:49, 50.
19. (എ) യഹോവ പഠിപ്പിക്കുന്ന അതേവിധത്തിൽ യേശു പഠിപ്പിച്ചുവെന്ന് നാം എങ്ങനെ അറിയുന്നു? (ബി) യേശു ജീവിച്ചിട്ടുള്ളവരിലേക്കും ഏററവും മഹാനായ മനുഷ്യനായിരുന്നതെന്തുകൊണ്ട്?
19 എന്നിരുന്നാലും, യേശു പിതാവു തന്നോടു പറഞ്ഞത് കേവലം സംസാരിക്കുകയോ പഠിപ്പിക്കുകയോ അല്ലായിരുന്നു. അവൻ വളരെയധികംകൂടെ ചെയ്തു. പിതാവ് അത് സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുമായിരുന്ന വിധത്തിൽതന്നെ അവൻ അതു ചെയ്തു. തന്നെയുമല്ല, തന്റെ സകല പ്രവർത്തനങ്ങളിലും ബന്ധങ്ങളിലും, അതേ സാഹചര്യങ്ങളിൽ പിതാവ് പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുമായിരുന്നതുപോലെ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്തു. “പിതാവ് ചെയ്തുകാണുന്നതു അല്ലാതെ പുത്രന് സ്വതേ ഒന്നും ചെയ്യാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണംതന്നെ ചെയ്യുന്നു.” (യോഹന്നാൻ 5:19) എല്ലാ വിധത്തിലും യേശു തന്റെ പിതാവായ യഹോവയാം ദൈവത്തിന്റെ ഒരു പൂർണ്ണമായ പ്രതിച്ഛായയായിരുന്നു. അതുകൊണ്ട് യേശു ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യനായിരുന്നത് അതിശയമല്ല! തീർച്ചയായും അപ്പോൾ ഈ അതിപ്രാധാന്യമുള്ള മനുഷ്യനെ നാം അടുത്തു പരിചിന്തിക്കുന്നത് മർമ്മപ്രധാനമാണ്!
ദൈവസ്നേഹം യേശുവിൽ കാണപ്പെടുന്നു
20. “ദൈവം സ്നേഹം ആകുന്നു”വെന്ന് അപ്പോസ്തലനായ യോഹന്നാന് അറിയാൻകഴിഞ്ഞതെങ്ങനെ?
20 യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും സംബന്ധിച്ച് ആഴത്തിലും അവധാനപൂർവവുമായ ഒരു പഠനം നടത്തുന്നതിൽനിന്ന് നാം വിശേഷിച്ച് എന്താണ് പഠിക്കുന്നത്? ശരി, അപ്പോസ്തലനായ യോഹന്നാൻ “യാതൊരു മനുഷ്യനും ദൈവത്തെ കണ്ടിട്ടില്ല” എന്ന് സമ്മതിച്ചുപറഞ്ഞു. (യോഹന്നാൻ 1:18) എന്നിരുന്നാലും, 1 യോഹന്നാൻ 4:8ൽ “ദൈവം സ്നേഹം ആകുന്നു” എന്ന് യോഹന്നാൻ പൂർണ്ണ വിശ്വാസത്തോടെ എഴുതി. യോഹന്നാൻ യേശുവിൽ കണ്ടിരുന്നതിലൂടെ ദൈവസ്നേഹം അറിഞ്ഞതിനാലാണ് ഇത് അവന് പറയാൻ കഴിഞ്ഞത്.
21. യേശുവിനെ സംബന്ധിച്ച എന്ത് അവനെ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യനാക്കി?
21 യേശു പിതാവിനെപ്പോലെ, സഹാനുഭൂതിയും ദയയും താഴ്മയും ഉള്ളവനും സമീപിക്കാവുന്നവനുമായിരുന്നു. ദുർബലരും ചവിട്ടിമെതിക്കപ്പെട്ടവരും അവങ്കൽ ആശ്വാസമനുഭവിച്ചു. സകലതരം മനുഷ്യരും—പുരുഷൻമാരും സ്ത്രീകളും കുട്ടികളും ധനികരും ദരിദ്രരും ശക്തരും പ്രസിദ്ധ പാപികളും അങ്ങനെതന്നെ ആശ്വാസമനുഭവിച്ചു. തീർച്ചയായും, തന്റെ പിതാവിനെ അനുകരിച്ചുകൊണ്ടുള്ള യേശുവിന്റെ ശേഷ്ഠമായ സ്നേഹത്തിന്റെ മാതൃകയായിരുന്നു വിശേഷാൽ അവനെ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും മഹാനായ മനുഷ്യനാക്കിയത്. റിപ്പോർട്ടനുസരിച്ച് നെപ്പോളിയൻ ബോണപ്പാർട്ടുപോലും ഇങ്ങനെ പറഞ്ഞു: “അലക്സാണ്ടരും കൈസരും ഷാൾമാനും ഞാൻതന്നെയും സാമ്രാജ്യങ്ങൾ സ്ഥാപിച്ചു. എന്നാൽ ഞങ്ങളുടെ വിദഗ്ദ്ധനിർമ്മാണങ്ങൾ എന്തിലാണ് അടിസ്ഥാനപ്പെടുത്തിയത്? ശക്തിയിൽ. യേശുക്രിസ്തു മാത്രമാണ് തന്റെ രാജ്യത്തെ സ്നേഹത്തിൻമേൽ സ്ഥാപിച്ചത്, ഈ നാളിൽ ദശലക്ഷങ്ങൾ അവനുവേണ്ടി മരിക്കും.”
22. യേശുവിന്റെ ഉപദേശങ്ങൾ സംബന്ധിച്ച് വിപ്ലവാത്മകമായിരുന്നതെന്ത്?
22 യേശുവിന്റെ ഉപദേശങ്ങൾ അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നു. “ദുഷ്ടനോടു ചെറുത്തുനിൽക്കരുത്, എന്നാൽ നിങ്ങളുടെ വലത്തെ ചെവിട്ടത്ത് തട്ടുന്ന ഏവനും മറേറതുംകൂടെ തിരിച്ചുകൊടുക്കുക” എന്ന് യേശു ഉപദേശിച്ചു. “നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുന്നതിലും നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലും തുടരുക.” ‘മററുള്ളവർ നിങ്ങളോടു ചെയ്യാൻ നിങ്ങളാഗ്രഹിക്കുന്നതുപോലെ അവർക്കു ചെയ്യുക.’ (മത്തായി 5:39, 44; 7:12, NW) ഈ ശ്രേഷ്ഠമായ ഉപദേശങ്ങൾ എല്ലാവരും ബാധകമാക്കിയിരുന്നെങ്കിൽ ലോകം എത്ര വ്യത്യസ്തമായിരിക്കുമായിരുന്നു!
23. ഹൃദയങ്ങളെ സ്പർശിക്കാനും നൻമചെയ്യാൻ ആളുകളെ പ്രേരിപ്പിക്കാനും യേശു എന്തു ചെയ്തു?
23 യേശുവിന്റെ ഉപമകൾ അഥവാ ദൃഷ്ടാന്തങ്ങൾ ഹൃദയങ്ങളെ സ്പർശിച്ചു, നൻമ ചെയ്യാനും തിൻമ ഒഴിവാക്കാനും ആളുകളെ പ്രേരിപ്പിച്ചു. മറെറാരു വർഗ്ഗത്തിൽ പെട്ട പരിക്കേററ ഒരു മനുഷ്യനെ ആ മമനുഷ്യന്റെ സ്വന്തം വർഗ്ഗത്തിൽ പെട്ട മതഭക്തർ സഹായിക്കാഞ്ഞപ്പോൾ സഹായമേകിയ ഒരു നിന്ദിതനായ ശമര്യക്കാരന്റെ സുപ്രസിദ്ധ കഥ നിങ്ങൾ ഓർമ്മിക്കുന്നുണ്ടായിരിക്കാം. അല്ലെങ്കിൽ സഹാനുഭൂതിയോടെ ക്ഷമിക്കുന്ന ഒരു പിതാവിനെയും അയാളുടെ മുടിയനായ പുത്രനെയും കുറിച്ചുള്ള കഥ. ആറുകോടി ദിനാറൈയുടെ കടം ഒരു അടിമക്ക് ഇളച്ചുകൊടുത്ത ഒരു രാജാവിനെയും എന്നിട്ടും 100 ദിനാറൈയുടെ കടം മാത്രം വീട്ടാൻ കഴിവില്ലാഞ്ഞ ഒരു സഹയടിമയെ തടവിലാക്കിച്ച അടിമയെയും കുറിച്ചുള്ള കഥയെ സംബന്ധിച്ചെന്ത്? യേശു ലളിതമായ ദൃഷ്ടാന്തങ്ങളാൽ സ്വാർത്ഥതയുടെയും അത്യാഗ്രഹത്തിന്റെയും പ്രവൃത്തികളെ അറക്കത്തക്കതും സ്നേഹത്തിന്റെയും കരുണയുടെയും പ്രവൃത്തികളെ വളരെ ആകർഷകവുമാക്കി.—മത്തായി 18:23-35; ലൂക്കോസ് 10:30-37; 15:11-32.
24. യേശു നിസ്സംശയമായി ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യനായിരുന്നുവെന്ന് നമുക്ക് പറയാൻകഴിയുന്നതെന്തുകൊണ്ട്?
24 എന്നിരുന്നാലും യേശുവിലേക്ക് ആളുകളെ വിശേഷാൽ ആകർഷിച്ചതും അവരെ നൻമക്കായി സ്വാധീനിച്ചതും അവന്റെ സ്വന്തം ജീവിതം അവൻ ഉപദേശിച്ചതുമായി പൂർണ്ണമായി പൊരുത്തപ്പെട്ടുവെന്ന വസ്തുതയായിരുന്നു. അവൻ പ്രസംഗിച്ചതനുസരിച്ചു പ്രവർത്തിച്ചു. അവൻ ക്ഷമാപൂർവം മററുള്ളവരുടെ ദൗർബല്യങ്ങൾ പൊറുത്തു. ഏററവും വലിയവൻ ആരാണെന്നുള്ളതു സംബന്ധിച്ച് അവന്റെ ശിഷ്യൻമാർ ഒരിക്കൽ വഴക്കടിച്ചപ്പോൾ അവൻ പരുഷമായി ശകാരിക്കുന്നതിനുപകരം അവരെ ദയാപൂർവം തിരുത്തുകയാണ് ചെയ്തത്. അവൻ താഴ്മയോടെ അവരുടെ ആവശ്യങ്ങൾക്കു ശുശ്രൂഷ ചെയ്യുകയും അവരുടെ പാദങ്ങൾ കഴുകുകപോലും ചെയ്തു. (മർക്കോസ് 9:30-37; 10:35-45; ലൂക്കോസ് 22:24-27; യോഹന്നാൻ 13:5) ഒടുവിൽ, അവൻ മനസ്സോടെ ശിഷ്യൻമാർക്കുവേണ്ടി മാത്രമല്ല, പിന്നെയോ സകല മനുഷ്യവർഗ്ഗത്തിനുംവേണ്ടി വേദനാകരമായ ഒരു മരണമനുഭവിച്ചു! നിസ്സംശയമായി, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ യേശു ആയിരുന്നു.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യേശു ഒരു യഥാർത്ഥ ചരിത്രപുരുഷനായിരുന്നുവെന്നതിന് എന്ത് തെളിവുണ്ട്?
◻ യേശു ഒരു മനുഷ്യനായിരുന്നുവെന്ന് നാം എങ്ങനെ അറിയുന്നു, എന്നിരുന്നാലും അവൻ മറെറല്ലാ മനുഷ്യരിൽനിന്നും വ്യത്യസ്തനായിരുന്നതെങ്ങനെ?
◻ യേശുവിന്റെ ജീവിതത്തെക്കുറിച്ചു പഠിക്കുന്നത് ദൈവത്തെക്കുറിച്ചു പഠിക്കാനുള്ള ഏററം നല്ല മാർഗ്ഗമായിരിക്കുന്നതെന്തുകൊണ്ട്?
◻ യേശുവിനെക്കുറിച്ചു പഠിക്കുന്നതിനാൽ നമുക്ക് ദൈവസ്നേഹത്തെക്കുറിച്ച് എന്തു മനസ്സിലാക്കാൻ കഴിയും?
[10-ാം പേജിലെ ചിത്രം]
യേശുവിന്റെ അപ്പോസ്തലൻമാർ വിസ്മയത്തോടെ “ഇത് യഥാർത്ഥത്തിൽ ആരാണ്?” എന്ന് അറിയാൻ ആകാംക്ഷയുള്ളവരായി