യേശുവിന്റെ താഴ്മയും ആർദ്രതയും അനുകരിക്കുക
“ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം സഹിക്കുകയും നിങ്ങൾ അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുവാൻ ഒരു മാതൃക വെക്കുകയും ചെയ്തിരിക്കുന്നു.”—1 പത്രോ. 2:21.
1. യേശുവിനെ അനുകരിക്കുന്നത് നമ്മെ യഹോവയിലേക്ക് അടുപ്പിക്കുന്നത് എന്തുകൊണ്ട്?
നാം ഇഷ്ടപ്പെടുകയും ശ്രേഷ്ഠമായി വീക്ഷിക്കുകയും ചെയ്യുന്ന വ്യക്തിത്വഗുണങ്ങളും പെരുമാറ്റരീതികളും ഉള്ളവരെ അനുകരിക്കാനുള്ള ഒരു ചായ്വ് നമുക്കുണ്ട്. എന്നാൽ ഈ ഭൂമുഖത്ത് ജീവിച്ചിട്ടുള്ളവരിൽ എക്കാലത്തെയും അനുകരിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി യേശുക്രിസ്തുവാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയാൻ കഴിയുന്നത്? “എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്ന് യേശുതന്നെ ഒരിക്കൽ പറയുകയുണ്ടായി. (യോഹ. 14:9) അതെ, പിതാവിനു നേർക്ക് പിടിച്ച ഒരു കണ്ണാടിപോലെയായിരുന്നു യേശു! അത്ര പൂർണമായി പിതാവിന്റെ വ്യക്തിത്വം യേശു പ്രതിഫലിപ്പിച്ചു. അതുകൊണ്ട്, യേശുവിനെ അനുകരിക്കുമ്പോൾ ഈ പ്രപഞ്ചത്തിലെ ഏറ്റവും ശ്രേഷ്ഠനായ വ്യക്തിയോട്, അതെ, യഹോവയാം ദൈവത്തോട് നാം അധികമധികം അടുത്തുചെല്ലാൻ ഇടയാകുന്നു. ദൈവപുത്രന്റെ ഗുണഗണങ്ങളും ജീവിതഗതിയും അനുകരിക്കുന്നത് എത്ര പ്രതിഫലദായകമാണ്!
2, 3. (എ) യഹോവ തന്റെ പുത്രന്റെ, വാക്കുകൾകൊണ്ട് എഴുതിയ ഒരു ഛായാചിത്രം നമുക്ക് നൽകിയത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിലും അടുത്തതിലും നാം എന്ത് പരിചിന്തിക്കും?
2 എന്നാൽ യേശുവിന്റെ യഥാർഥവ്യക്തിത്വം നമുക്ക് എങ്ങനെ അറിയാൻ കഴിയും? സന്തോഷകരമെന്നു പറയട്ടെ, യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള വിശദമായ ഒരു വിവരണം ഗ്രീക്ക് തിരുവെഴുത്തുകളിലൂടെ യഹോവ തന്നിട്ടുണ്ട്. നമുക്ക് അനുകരിക്കാൻ കഴിയത്തക്കവിധം നാം ദൈവപുത്രനെ അടുത്ത് അറിയണമെന്ന് യഹോവ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ആ രേഖാചിത്രം ദൈവം നമുക്ക് ലഭ്യമാക്കിയിരിക്കുന്നത്. (1 പത്രോസ് 2:21 വായിക്കുക.) യേശു വെച്ച മാതൃകയെ, “കാൽച്ചുവടുകൾ” അഥവാ കാൽപ്പാടുകൾ എന്നാണ് ബൈബിൾ വിളിക്കുന്നത്. ഫലത്തിൽ, യേശുവിനെ അടുത്ത് അനുഗമിച്ചുകൊണ്ട് നമ്മുടെ ഓരോ ചുവടും ആ പാദമുദ്രകളോട് ചേർത്തുവെക്കാൻ യഹോവ പറയുകയാണ്. യേശു നമുക്കായി വെച്ചത് എല്ലാം തികഞ്ഞ ഒരു മാതൃകയാണ്. പക്ഷേ നാം അപൂർണരാണ്. യേശുവിന്റെ കാലടികൾ പരിപൂർണമായ വിധത്തിൽ നമുക്ക് ആർക്കും പിൻപറ്റാനാകില്ലെന്ന് യഹോവയ്ക്ക് അറിയാം. എന്നാൽ, അപൂർണരായ മനുഷ്യരാണെങ്കിലും നാം നമ്മുടെ കഴിവിന്റെ പരമാവധി തന്റെ പുത്രനെ പകർത്താൻ ശ്രമിക്കണമെന്നാണ് പിതാവ് ആഗ്രഹിക്കുന്നത്.
3 യേശുവിന്റെ ഹൃദ്യവും ഊഷ്മളവും ആയ ചില സ്വഭാവഗുണങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ഈ ലേഖനത്തിൽ യേശുവിന്റെ താഴ്മ, ആർദ്രത എന്നീ രണ്ടു ഗുണങ്ങളെക്കുറിച്ചും അടുത്തതിൽ ധൈര്യം, വിവേചനാപ്രാപ്തി എന്നിവയെക്കുറിച്ചും നാം ചർച്ച ചെയ്യും. ഓരോ ഗുണത്തെക്കുറിച്ചും പഠിക്കുമ്പോൾ പിൻവരുന്ന മൂന്ന് ചോദ്യങ്ങൾക്ക് നാം ഉത്തരം കണ്ടെത്തും: എന്താണ് ആ ഗുണത്തിൽ ഉൾപ്പെടുന്നത്? യേശു അത് എങ്ങനെ പ്രതിഫലിപ്പിച്ചു? നമുക്ക് അത് എങ്ങനെ പകർത്താം?
യേശു താഴ്മയുള്ളവനാണ്
4. താഴ്മയെ നിങ്ങൾ എങ്ങനെ നിർവചിക്കും?
4 എന്താണ് താഴ്മ? ധാർഷ്ട്യവും ധിക്കാരവും അരങ്ങുവാഴുന്ന ഈ ലോകത്തിൽ താഴ്മ എന്ന പദത്തെ ബലഹീനതയുടെ പര്യായമായാണ് പലരും വീക്ഷിക്കുന്നത്. ആത്മവിശ്വാസത്തിന്റെ കുറവാണത്രെ താഴ്മ! പക്ഷേ, മിക്കപ്പോഴും മറിച്ചാണ് പരമാർഥം. താഴ്മ കാണിക്കുന്നതിനാണ് ഉൾക്കരുത്തും ധൈര്യവും വേണ്ടത്. “അഹങ്കാരത്തിനും ധിക്കാരത്തിനും വിപരീതമായ മനോഭാവം” എന്നാണ് താഴ്മയെ നിർവചിച്ചിരിക്കുന്നത്. ഗ്രീക്കു തിരുവെഴുത്തുകളിൽ, താഴ്മ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്കിന് മനസ്സിന്റെ വിനയം എന്നും അർഥം നൽകാൻ കഴിഞ്ഞേക്കും. (ഫിലി. 2:3) നാം നമ്മെത്തന്നെ എങ്ങനെ വീക്ഷിക്കുന്നു എന്നിടത്താണ് താഴ്മ തുടങ്ങുന്നത്. ഒരു ബൈബിൾ നിഘണ്ടു ഇങ്ങനെ പറയുന്നു: “ദൈവമുമ്പാകെ നാം എത്ര താഴ്ന്ന നിലയിൽ ആണെന്നു തിരിച്ചറിയുന്നതിനെയാണ് താഴ്മ എന്നു പറയുന്നത്.” ദൈവമുമ്പാകെ യഥാർഥത്തിൽ താഴ്മയുള്ളവരാണെങ്കിൽ, സഹമനുഷ്യരെക്കാൾ നാം ശ്രേഷ്ഠരാണ് എന്ന ചിന്ത നാം അകറ്റിനിറുത്തും. (റോമ. 12:3) അപൂർണ മനുഷ്യർക്ക് താഴ്മ നട്ടുവളർത്തുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ ദൈവമുമ്പാകെയുള്ള നമ്മുടെ നിലയെക്കുറിച്ചു ചിന്തിക്കുകയും ദൈവപുത്രന്റെ കാലടികൾ അടുത്തു പിന്തുടരുകയും ചെയ്യുന്നെങ്കിൽ നമുക്ക് താഴ്മ പഠിക്കാനാകും.
5, 6. (എ) പ്രധാനദൂതനായ മീഖായേൽ ആരാണ്? (ബി) മീഖായേൽ താഴ്മയുള്ള മനോഭാവം കാണിച്ചത് എങ്ങനെ?
5 യേശു എങ്ങനെയാണ് താഴ്മ കാണിച്ചത്? ദൈവപുത്രന് താഴ്മയുടെ വളരെ നീണ്ട ഒരു ചരിത്രമാണുള്ളത്. സ്വർഗത്തിൽ ശക്തനായ ഒരു ആത്മവ്യക്തിയായിരുന്നപ്പോഴും ഭൂമിയിൽ ഒരു പൂർണനായ മനുഷ്യനായിരുന്നപ്പോഴും യേശുവിന്റെ താഴ്മയിൽ ഏറ്റക്കുറച്ചിലുണ്ടായില്ല. ചില ഉദാഹരണങ്ങൾ നമുക്കു നോക്കാം.
6 യേശുവിന്റെ മനോഭാവം. യേശു ഭൂമിയിൽ മനുഷ്യനായി വരുന്നതിനുമുമ്പ് നടന്ന ഒരു സംഭവം ബൈബിൾ എഴുത്തുകാരനായ യൂദാ രേഖപ്പെടുത്തുന്നുണ്ട്. (യൂദാ 9 വായിക്കുക.) പ്രധാനദൂതനായ മീഖായേൽ എന്ന നിലയിൽ യേശുവിന്, “പിശാചുമായി വിയോജിപ്പുണ്ടാ”കുകയും ആ ദുഷ്ടനോട് വാദിക്കുകയും ചെയ്തു. “മോശയുടെ ശരീരം” ആയിരുന്നു തർക്കവിഷയം. മോശയുടെ മരണശേഷം മൃതശരീരം അറിയപ്പെടാത്ത ഏതോ ഒരിടത്ത് യഹോവ മറവുചെയ്യുകയായിരുന്നു എന്ന കാര്യം ഓർക്കുക. (ആവ. 34:5, 6) തിരുശേഷിപ്പ് എന്ന പേരിൽ മോശയുടെ ശരീരാവശിഷ്ടം വ്യാജാരാധന ഉന്നമിപ്പിക്കാനായി ഉപയോഗിക്കാൻ സാത്താൻ പദ്ധതിയിട്ടിരുന്നിരിക്കാം. സാത്താന്റെ ഗൂഢലക്ഷ്യം എന്തുമായിരുന്നുകൊള്ളട്ടെ, മീഖായേൽ അവിടെ ധീരമായ ഒരു നിലപാട് കൈക്കൊണ്ടു. “വിയോജിപ്പുണ്ടായി,” ‘വാദിച്ചു’ എന്നിങ്ങനെ തർജമ ചെയ്തിരിക്കുന്ന വാക്കുകളുടെ ഗ്രീക്ക് പദങ്ങൾ “നിയമത്തിന്റെ വകുപ്പുകളിൽ ഊന്നിയ വാദപ്രതിവാദത്തോടുള്ള ബന്ധത്തിലും ഉപയോഗിക്കാറുണ്ട്” എന്ന് ഒരു പരാമർശഗ്രന്ഥം പറയുന്നു. തന്നിമിത്തം, “മോശയുടെ ശരീരം കൊണ്ടുപോകാൻ സാത്താൻ ഉന്നയിച്ച അവകാശവാദത്തെ” മീഖായേൽ “ചോദ്യം ചെയ്ത”തിനെയാകാം അത് സൂചിപ്പിക്കുന്നത്. എന്നുവരികിലും, കുറ്റം വിധിക്കാൻ തനിക്ക് അധികാരമുണ്ടായിരുന്നില്ല എന്ന വസ്തുത പ്രധാനദൂതൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് യേശു ആ കേസ് മുഴു പ്രപഞ്ചത്തിന്റെയും ന്യായാധിപതിയായ യഹോവയ്ക്ക് വിട്ടു. അങ്ങനെ, പ്രകോപനപരമായ സാഹചര്യത്തിൽപ്പോലും മീഖായേൽ തന്റെ അധികാരപരിധി ലംഘിച്ചില്ല. താഴ്മയുടെ എത്ര ഉദാത്തമായ മാതൃക!
7. യേശു തന്റെ സംസാരത്തിലും പ്രവൃത്തിയിലും എങ്ങനെയാണ് താഴ്മ പ്രകടമാക്കിയത്?
7 തന്റെ ഭൗമികശുശ്രൂഷയുടെ നാളുകളിൽ സംസാരത്തിലും പ്രവൃത്തിയിലും യേശു യഥാർഥത്തിലുള്ള താഴ്മ വെളിപ്പെടുത്തി. യേശുവിന്റെ സംസാരം. യേശു ഒരിക്കലും തന്നിലേക്കുതന്നെ അനുചിതമായി ശ്രദ്ധ ക്ഷണിച്ചില്ല. പകരം, സകല മഹത്വവും തന്റെ പിതാവിലേക്കു തിരിച്ചുവിട്ടു. (മർക്കോ. 10:17, 18; യോഹ. 7:16) യേശു ഒരിക്കലും തന്റെ ശിഷ്യന്മാരെ ഇടിച്ചുതാഴ്ത്തി സംസാരിക്കുകയോ അവരിൽ അപകർഷതാബോധം ഉളവാക്കുകയോ ചെയ്തില്ല. പകരം, അവരുടെ അന്തസ്സിനെ മാനിക്കുകയും അവരിലെ നന്മയെപ്രതി അവരെ അനുമോദിക്കുകയും അവരെ തനിക്കു വിശ്വാസമാണെന്ന് പ്രകടമാക്കുകയും ചെയ്തു. (ലൂക്കോ. 22:31, 32; യോഹ. 1:47) യേശുവിന്റെ പ്രവൃത്തികൾ. അനവധിയായ ഭൗതികവസ്തുക്കൾ തനിക്ക് കൂച്ചുവിലങ്ങാകാൻ യേശു അനുവദിച്ചില്ല. പകരം എളിയ ചുറ്റുപാടിലുള്ള ഒരു ജീവിതമാണ് യേശു തിരഞ്ഞെടുത്തത്. (മത്താ. 8:20) ഏറ്റവും തരംതാണതായി കരുതപ്പെട്ടിരുന്ന ജോലികൾപോലും യേശു മനസ്സോടെ ചെയ്തു. (യോഹ. 13:3-15) തന്റെ അനുസരണത്താൽ ഏറ്റവും മികച്ച വിധത്തിൽ താഴ്മ കാണിച്ചു. (ഫിലിപ്പിയർ 2:5-8 വായിക്കുക.) അനുസരണത്തെ അനാവശ്യമായി കരുതുന്ന അഹങ്കാരികളായ മനുഷ്യരിൽനിന്നു വ്യത്യസ്തനായി യേശു ദൈവത്തിന്റെ ഇഷ്ടത്തിനു തന്നെത്തന്നെ കീഴ്പെടുത്തിക്കൊണ്ട് “ദണ്ഡനസ്തംഭത്തിലെ മരണത്തോളംതന്നെ അനുസരണമുള്ളവനായിത്തീർന്നു.” ഇതിൽനിന്നും, മനുഷ്യപുത്രനായ യേശു വിനീതഹൃദയനാണെന്ന് വ്യക്തമല്ലേ?—മത്താ. 11:29.
യേശുവിന്റെ താഴ്മ പകർത്തുക
8, 9. നമുക്ക് എങ്ങനെ താഴ്മ കാണിക്കാനാകും?
8 താഴ്മ കാണിക്കുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ യേശുവിനെ പകർത്താൻ കഴിയും? നമ്മുടെ മനോഭാവം. നമുക്കുള്ള അധികാരപരിധി ലംഘിക്കുന്നതിൽനിന്ന് താഴ്മ നമ്മെ തടയും. ന്യായംവിധിക്കാനുള്ള അധികാരം നമുക്കില്ല എന്ന് നാം തിരിച്ചറിയുന്നുണ്ടെങ്കിൽ മറ്റുള്ളവരുടെ പിഴവുകളെപ്രതി അവരെ വിമർശിക്കാനോ അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനോ നാം തിരക്കുകൂട്ടുകയില്ല. (ലൂക്കോ. 6:37; യാക്കോ. 4:12) നമുക്കുള്ളതുപോലെ പ്രാപ്തികളോ പദവികളോ ഇല്ലാത്തവരെ താഴ്ത്തിമതിച്ചുകൊണ്ട് ‘അതിനീതിമാനാകുന്ന’ രീതി ഒഴിവാക്കാൻ താഴ്മ നമ്മെ സഹായിക്കുന്നു. (സഭാ. 7:16) താഴ്മയുള്ള മൂപ്പന്മാർ സഹവിശ്വാസികളെക്കാൾ തങ്ങൾ എന്തുകൊണ്ടോ ശ്രേഷ്ഠരാണെന്ന ചിന്ത വെച്ചുപുലർത്തുന്നില്ല. പകരം, ‘മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതുന്ന’ ഈ ഇടയന്മാർ ചെറിയവരായി വർത്തിക്കുന്നു.—ഫിലി. 2:3; ലൂക്കോ. 9:48.
9 ഒരു പിൽഗ്രിം (സഞ്ചാര മേൽവിചാരകൻ) എന്ന നിലയിൽ 1894 മുതൽ പ്രവർത്തിച്ചിരുന്ന വാൾട്ടർ ജെ. തോൺ സഹോദരനെക്കുറിച്ച് ചിന്തിക്കുക. ആ വേലയിൽ നിരവധി വർഷങ്ങൾ ചെലവഴിച്ചശേഷം ന്യൂയോർക്കിന് വടക്കുള്ള ‘കിങ്ഡം ഫാമി’ലേക്ക് അദ്ദേഹത്തെ മാറ്റി നിയമിച്ചു. കോഴിവളർത്തൽ കേന്ദ്രത്തിലായിരുന്നു നിയമനം! അദ്ദേഹം പറയുന്നത് ഇങ്ങനെ: ‘ഞാൻ എന്നെക്കുറിച്ചുതന്നെ വളരെയധികമായി ചിന്തിക്കുമ്പോൾ ഒരു മൂലയിലേക്കു ഞാൻ എന്നെത്തന്നെ മാറ്റിനിർത്തി ഇങ്ങനെ ചോദിക്കും: “നീ ഒരു ചെറു മൺതരി. നിനക്ക് അഹങ്കരിക്കാൻ എന്തിരിക്കുന്നു?”’ (യെശയ്യാവു 40:12-15 വായിക്കുക.) താഴ്മയുടെ എത്ര നല്ല മാതൃക!
10. സംസാരത്തിലും പ്രവർത്തനങ്ങളിലും നമുക്ക് എങ്ങനെ താഴ്മ കാണിക്കാൻ കഴിയും?
10 നമ്മുടെ സംസാരം. ഹൃദയത്തിൽ താഴ്മയുണ്ടെങ്കിൽ നമ്മുടെ സംസാരത്തിൽ അത് നിഴലിക്കും. (ലൂക്കോ. 6:45) മറ്റുള്ളവരോട് സംസാരിക്കുമ്പോൾ, സ്വന്തം നേട്ടങ്ങളെയും സേവനപദവികളെയും കുറിച്ച് നാം വീമ്പിളക്കുകയില്ല. (സദൃ. 27:2) പകരം, സഹോദരീസഹോദരന്മാരിലുള്ള നന്മ കാണാൻ നാം ശ്രമിക്കുകയും അവരുടെ നല്ല ഗുണങ്ങളെയും കഴിവുകളെയും നേട്ടങ്ങളെയും പ്രതി അവരെ അഭിനന്ദിക്കുകയും ചെയ്യും. (സദൃ. 15:23) നമ്മുടെ പ്രവർത്തനങ്ങൾ. താഴ്മയുള്ള ക്രിസ്ത്യാനികൾ ഈ വ്യവസ്ഥിതിയിലെ പ്രാമുഖ്യതയ്ക്കായി പണിപ്പെടുന്നില്ല. പകരം ലളിതമായ ഒരു ജീവിതമായിരിക്കും അവർ നയിക്കുന്നത്. യഹോവയെ സാധ്യമായതിൽ ഏറ്റവും നന്നായി സേവിക്കാൻ കഴിയേണ്ടതിന്, ഹീനമോ തരംതാണതോ ആയി ലോകം വീക്ഷിച്ചേക്കാവുന്ന ജോലികൾപോലും ചെയ്യാൻ അവർ തയ്യാറാണ്. (1 തിമൊ. 6:6, 8) അതിലുപരി, അനുസരണത്താൽ നമുക്ക് താഴ്മ കാണിക്കാനാകും. യഹോവയുടെ സംഘടനയിൽനിന്ന് നമുക്കു ലഭിക്കുന്ന നിർദേശങ്ങൾ സ്വീകരിക്കാനും അനുസരിക്കാനും സഭയിൽ “നേതൃത്വംവഹിക്കുന്നവരെ അനുസരിച്ച് അവർക്കു കീഴ്പെട്ടിരി”ക്കാനും മനോവിനയം കൂടിയേ തീരൂ.—എബ്രാ. 13:17.
യേശു ആർദ്രതയുള്ളവനാണ്
11. ആർദ്രതയുടെ അർഥം വ്യക്തമാക്കുക.
11 എന്താണ് ആർദ്രത? “മൃദുലവികാരങ്ങൾ മുഖമുദ്രയായുള്ള, മൃദുലവികാരങ്ങളോട് പ്രതികരിക്കുന്ന, മൃദുലവികാരങ്ങൾ പ്രകടിപ്പിക്കുന്ന” എന്നൊക്കെയാണ് “ആർദ്രത” എന്ന പദത്തെ നിർവചിച്ചിരിക്കുന്നത്. ആർദ്രത സ്നേഹത്തിന്റെ ഒരു മുഖംതന്നെയാണ്. കനിവ്, കരുണ എന്നിങ്ങനെയുള്ള “മൃദുലവികാരങ്ങളോട്” അതിന് സാദൃശ്യമുണ്ട്. “അനുകമ്പ,” ‘മനസ്സലിവ്,’ ‘വാത്സല്യം’ എന്നിവയെക്കുറിച്ച് തിരുവെഴുത്തുകൾ പരാമർശിക്കുന്നു. (ലൂക്കോ. 1:78; 2 കൊരി. 1:3; ഫിലി. 1:8) കനിവും കരുണയും കാണിക്കാനുള്ള തിരുവെഴുത്തിലെ ഉപദേശത്തെക്കുറിച്ച് ഒരു ബൈബിൾ പരാമർശഗ്രന്ഥം ഇങ്ങനെ പറയുന്നു: “ക്ലേശിതരോട് നമുക്ക് സഹാനുഭൂതിയും അയ്യോഭാവവും തോന്നണമെന്ന നിർദേശം മാത്രമല്ല ഈ ഉദ്ബോധനത്തിലുള്ളത്. പകരം, കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട്, മറ്റുള്ളവരെ മെച്ചപ്പെട്ട ഒരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനായി നാം എന്തെങ്കിലും നടപടി കൈക്കൊള്ളണമെന്ന് പറയുകയാണ് അത്.” പ്രവർത്തനത്തിനുള്ള ഒരു പ്രേരകശക്തിയാണ് ആർദ്രത. ആർദ്രതയുള്ള ഒരാൾ മറ്റുള്ളവരുടെ ജീവിതത്തിൽ നല്ലൊരു മാറ്റം ഉളവാക്കാൻ പ്രേരിതനായിത്തീരും.
12. യേശുവിന് മറ്റുള്ളവരോട് ആർദ്രസ്നേഹം തോന്നി എന്ന് എന്ത് വ്യക്തമാക്കുന്നു, ആർദ്രത യേശുവിനെ എന്തു ചെയ്യാൻ പ്രേരിപ്പിച്ചു?
12 യേശു എങ്ങനെയാണ് ആർദ്രത കാണിച്ചത്? യേശുവിന്റെ ആർദ്രവികാരങ്ങളും പ്രവർത്തനങ്ങളും. യേശുവിന് മറ്റുള്ളവരോട് അനുകമ്പയും മനസ്സലിവും തോന്നി. തന്റെ സുഹൃത്തായ ലാസർ മരിച്ചപ്പോൾ മറിയയും മറ്റുള്ളവരും വിലപിക്കുന്നതു കണ്ട് യേശു അവരോടൊപ്പം “കണ്ണുനീർ വാർത്തു.” (യോഹന്നാൻ 11:32-35 വായിക്കുക.) പിന്നെ, മനസ്സലിഞ്ഞ് ലാസറിനെ ജീവനിലേക്കു കൊണ്ടുവന്നു. നയിനിലെ വിധവയുടെ പുത്രനെ ഉയിർപ്പിച്ചപ്പോഴും മനസ്സലിഞ്ഞാണ് യേശു പ്രവർത്തിച്ചതെന്ന് ബൈബിൾരേഖ പറയുന്നു. (ലൂക്കോ. 7:11-15; യോഹ. 11:38-44) ആർദ്രസ്നേഹത്തോടെയുള്ള യേശുവിന്റെ പ്രവർത്തനം ലാസറിന് സ്വർഗീയജീവനിലേക്കുള്ള അവസരം തുറന്നുകൊടുത്തിരിക്കാം. മുമ്പൊരിക്കൽ തന്റെ അടുക്കൽ വന്ന ഒരു ജനക്കൂട്ടത്തോട് യേശുവിന് “അലിവു തോന്നി.” ആർദ്രതയാൽ പ്രചോദിതനായ “അവൻ പല കാര്യങ്ങളും അവരെ പഠിപ്പിക്കാൻതുടങ്ങി.” (മർക്കോ. 6:34) യേശുവിന്റെ ഉപദേശങ്ങൾ ചെവിക്കൊണ്ടവരെ സംബന്ധിച്ചിടത്തോളം, അവരുടെ ജീവിതത്തെ മുഴുവനായി മാറ്റിമറിച്ച ഒരു അനുഭവമായിരുന്നു അത്. യേശുവിന്റെ ആർദ്രത വെറുമൊരു വികാരത്തിനും അപ്പുറമായിരുന്നു എന്നത് ശ്രദ്ധിക്കുക; മറ്റുള്ളവരെ സഹായിക്കാനായി മുന്നോട്ടുവരാൻ അത് യേശുവിനെ പ്രചോദിപ്പിച്ചു.—മത്താ. 15:32-38; 20:29-34; മർക്കോ. 1:40-42.
13. യേശു മറ്റുള്ളവരോട് ആർദ്രതയോടെ സംസാരിച്ചത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
13 യേശുവിന്റെ ആർദ്രത നിറഞ്ഞ വാക്കുകൾ. അലിവും ആർദ്രതയും നിറഞ്ഞ ഹൃദയം മറ്റുള്ളവരോട്, വിശേഷിച്ചും അടിച്ചമർത്തപ്പെട്ടിരുന്നവരോട് ആർദ്രതയോടെ സംസാരിക്കാൻ യേശുവിനെ പ്രേരിപ്പിച്ചു. യെശയ്യാവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് മത്തായി യേശുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ചതഞ്ഞ ഞാങ്ങണ അവൻ ഒടിച്ചുകളയുകയില്ല; പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല.” (യെശ. 42:3; മത്താ. 12:20) ചതഞ്ഞ ഓടയും അണയാൻപോകുന്ന തിരിയും പോലെയായിരുന്ന പീഡിതർക്ക് ഉന്മേഷവും ഉൾക്കരുത്തും പകരുന്ന വിധത്തിലായിരുന്നു യേശു സംസാരിച്ചത്. “ഹൃദയം തകർന്നവരെ മുറികെട്ടുവാ”ൻപോന്ന വിധം പ്രത്യാശയുടെ ഒരു സന്ദേശമാണ് യേശു ഘോഷിച്ചത്. (യെശ. 61:1) “ക്ലേശിതരും ഭാരം ചുമക്കുന്നവരും” ആയവരെ യേശു തന്റെ അടുക്കലേക്ക് ക്ഷണിച്ചു. അവർ തീർച്ചയായും “ഉന്മേഷം കണ്ടെത്തും” എന്നു പറഞ്ഞുകൊണ്ട് അവരെ ആശ്വസിപ്പിച്ചു. (മത്താ. 11:28-30) നിസ്സാരന്മാരായി മറ്റുള്ളവർ കണ്ടേക്കാവുന്ന ‘ചെറിയവർ’ ഉൾപ്പെടെ ദൈവത്തിന് തന്റെ ഓരോ ആരാധകനോടും ആർദ്രസ്നേഹവും താത്പര്യവും ഉണ്ടെന്ന് ദൈവപുത്രൻ തന്റെ അനുഗാമികൾക്ക് ഉറപ്പുനൽകി.—മത്താ. 18:12-14; ലൂക്കോ. 12:6, 7.
യേശുവിന്റെ ആർദ്രത പകർത്തുക
14. മറ്റുള്ളവരോട് ആർദ്രതയും മനസ്സലിവും കാണിക്കാൻ നമുക്ക് എങ്ങനെ കഴിയും?
14 ആർദ്രത കാണിക്കുന്നതിൽ യേശുവിനെ നമുക്ക് എങ്ങനെ പകർത്താൻ കഴിയും? നമ്മുടെ ആർദ്രവികാരങ്ങൾ. അത്തരം വികാരങ്ങൾ നമുക്ക് സ്വാഭാവികമായി ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ അവ നട്ടുവളർത്താൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. സകല ക്രിസ്ത്യാനികളും ധരിക്കേണ്ട പുതിയ വ്യക്തിത്വത്തിന്റെ ഭാഗമാണ് “മനസ്സലിവ്.” (കൊലോസ്യർ 3:9, 10, 12 വായിക്കുക.) മറ്റുള്ളവരോട് ആർദ്രതയും മനസ്സലിവും കാണിക്കാൻ നമുക്ക് എങ്ങനെ കഴിയും? നിങ്ങളുടെ ഹൃദയം വിശാലമാക്കുക. (2 കൊരി. 6:11-13) ആരെങ്കിലും തന്റെ വികാരങ്ങളും ആകുലതകളും ആയി നിങ്ങളെ സമീപിക്കുന്നെങ്കിൽ ശ്രദ്ധിക്കാൻ മനസ്സൊരുക്കം കാണിക്കുക. (യാക്കോ. 1:19) അയാളുടെ സ്ഥാനത്ത് നിങ്ങളെത്തന്നെ സങ്കല്പിച്ചുകൊണ്ട് സ്വയം ഇങ്ങനെ ചോദിക്കുക: ‘ഈ സാഹചര്യത്തിൽ ഞാൻ ആയിരുന്നെങ്കിൽ എനിക്ക് എന്തു തോന്നുമായിരുന്നു? എനിക്ക് എന്തായിരുന്നേനെ ആവശ്യം?’—1 പത്രോ. 3:8.
15. ചതഞ്ഞ ഓടയും അണയാൻപോകുന്ന തിരിയും പോലെയുള്ളവരെ സഹായിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
15 ആർദ്രതയോടെയുള്ള നമ്മുടെ പ്രവർത്തനങ്ങൾ. മറ്റുള്ളവരെ, വിശേഷിച്ചും ചതഞ്ഞ ഓടയും അണയാൻപോകുന്ന തിരിയും പോലെയുള്ളവരെ, സഹായിക്കാൻ ആർദ്രത നമ്മെ പ്രേരിപ്പിക്കുന്നു. നമുക്ക് എങ്ങനെയാണ് അത് ചെയ്യാൻ കഴിയുന്നത്? “കരയുന്നവരോടൊപ്പം കരയുക” എന്ന് റോമർ 12:15 പറയുന്നു. ആരെങ്കിലും പരിഹാരം നിർദേശിക്കുന്നതിനെക്കാൾ, അവർ ആദ്യം തങ്ങളോട് അല്പം അനുകമ്പയും സഹാനുഭൂതിയും കാണിക്കാനായിരിക്കും മനസ്സിടിഞ്ഞിരിക്കുന്നവർ ആഗ്രഹിക്കുന്നത്. മകൾ മരിച്ചുപോയപ്പോൾ സഹവിശ്വാസികൾ തന്നെ ആശ്വസിപ്പിച്ചതിനെക്കുറിച്ച് ഒരു സഹോദരി ഇങ്ങനെ പറയുന്നു: “എന്റെ ഉറ്റസുഹൃത്തുക്കൾ എന്നെ വന്നു കാണുകയും എന്നോടൊപ്പം ഒന്നു കരയുകയും ചെയ്തപ്പോൾ എനിക്ക് അവരുടെ ആർദ്രത അനുഭവിച്ചറിയാനായി.” നമുക്കും ഇത്തരത്തിൽ ദയാപ്രവൃത്തികളിലൂടെ ആർദ്രസ്നേഹം കാണിക്കാനാകും. വിധവയായ ഒരു സഹോദരിയുടെ വീടിന്റെ അറ്റകുറ്റം തീർക്കാനുള്ളതായി നിങ്ങൾക്ക് അറിയാമോ? യോഗത്തിനോ ശുശ്രൂഷയ്ക്കോ ആശുപത്രിയിലോ പോകാൻ യാത്രാസൗകര്യം ആവശ്യമുള്ള പ്രായംചെന്ന ഒരു സഹോദരനെയോ സഹോദരിയെയോ നിങ്ങൾക്ക് അറിയാമോ? ചെറിയ ഒരു ദയാപ്രവൃത്തിക്കുപോലും, സഹായം ആവശ്യമുള്ള ഒരു സഹവിശ്വാസിയുടെ ജീവിതത്തിൽ വലിയ വ്യത്യാസം ഉളവാക്കാനാകും. (1 യോഹ. 3:17, 18) എല്ലാറ്റിനും ഉപരി, ശുശ്രൂഷയിൽ പൂർണപങ്കുണ്ടായിരുന്നുകൊണ്ട് മറ്റുള്ളവരോട് നമുക്ക് ആർദ്രപ്രിയം കാണിക്കാൻ സാധിക്കും. ആത്മാർഥമനസ്കരുടെ ജീവിതം മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച മാർഗം ഇതല്ലാതെ മറ്റ് ഏതാണുള്ളത്!
സഹാരാധകരിൽ നിങ്ങൾക്ക് ആത്മാർഥമായ താത്പര്യമുണ്ടോ? (15-ാം ഖണ്ഡിക കാണുക)
16. വിഷാദമഗ്നരെ പ്രോത്സാഹിപ്പിക്കാനായി നമുക്ക് എന്തു പറയാൻ കഴിയും?
16 നമ്മുടെ ആർദ്രത നിറഞ്ഞ വാക്കുകൾ. മറ്റുള്ളവരോടുള്ള നമ്മുടെ ആർദ്രത “വിഷാദമഗ്നരെ സാന്ത്വനപ്പെടു”ത്താൻ നമ്മെ പ്രേരിപ്പിക്കുന്നു. (1 തെസ്സ. 5:14) അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കാനായി നമുക്ക് എന്തു പറയാനാകും? അവരിൽ ആത്മാർഥമായ താത്പര്യവും കരുതലും പ്രകടിപ്പിച്ചുകൊണ്ട് നമുക്ക് അവരുടെ മനസ്സിനെ ബലപ്പെടുത്താൻ കഴിയും. കൂടാതെ, ഹൃദയംഗമമായി അവരെ അഭിനന്ദിക്കാൻ നമുക്ക് സാധിക്കും. തങ്ങളിലുള്ള നല്ല ഗുണങ്ങളും കഴിവുകളും തിരിച്ചറിയാൻ അത് അവരെ സഹായിക്കും. യഹോവ അവരെ തന്റെ പുത്രനിലേക്ക് ആകർഷിച്ചതിനാൽ അവർ യഹോവയുടെ കണ്ണിൽ വളരെ വിലപ്പെട്ടവരാണെന്ന് നമുക്ക് അവരെ ഓർമിപ്പിക്കാനാകും. (യോഹ. 6:44) “ഹൃദയം നുറുങ്ങിയവ”രും “മനസ്സു തകർന്ന”വരും ആയ തന്റെ ദാസർക്കായി യഹോവ ആഴമായി കരുതുന്നുവെന്ന് പറഞ്ഞുകൊണ്ട് നമുക്ക് അവരെ ധൈര്യപ്പെടുത്താനാകും. (സങ്കീ. 34:18) അതെ, നമ്മുടെ ആർദ്രത നിറഞ്ഞ വാക്കുകൾക്ക് വിഷാദമഗ്നരെ സുഖപ്പെടുത്താൻ കഴിയും.—സദൃ. 16:24.
17, 18. (എ) തന്റെ ആടുകളോട് മൂപ്പന്മാർ എങ്ങനെ ഇടപെടണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
17 മൂപ്പന്മാരേ, നിങ്ങൾ ആടുകളോട് ആർദ്രതയോടെ ഇടപെടാനാണ് യഹോവ പ്രതീക്ഷിക്കുന്നത്. (പ്രവൃ. 20:28, 29) ദൈവത്തിന്റെ ആടുകളെ പോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അവയ്ക്ക് നവോന്മേഷം പകരാനും ഉള്ള ചുമതല നിങ്ങളുടേതാണെന്ന് ഓർക്കുക. (യെശ. 32:1, 2; 1 പത്രോ. 5:2-4) അതുകൊണ്ട്, ചട്ടങ്ങൾ അടിച്ചേൽപ്പിച്ച് ആടുകളെ നിയന്ത്രിക്കാൻ ആർദ്രതയുള്ള ഒരു മൂപ്പൻ ശ്രമിക്കുകയില്ല. കൂടുതൽ പ്രവർത്തിക്കാൻ സാഹചര്യം അനുവദിക്കാത്തവരിൽ കുറ്റബോധം ജനിപ്പിച്ച് അദ്ദേഹം അവരെ സമ്മർദത്തിലാക്കുകയുമില്ല പകരം, യഹോവയോടുള്ള അവരുടെ സ്നേഹം കഴിവിന്റെ പരമാവധി ദൈവത്തെ സേവിക്കാൻ അവരെ പ്രേരിപ്പിച്ചുകൊള്ളുമെന്ന് വിശ്വസിക്കുന്ന ഒരു മൂപ്പൻ, ആടുകളുടെ ഹൃദയത്തിന് സന്തോഷം പകരാനായിരിക്കും ശ്രമിക്കുക.—മത്താ. 22:37.
18 യേശുവിന്റെ താഴ്മയും ആർദ്രതയും സംബന്ധിച്ച് ധ്യാനിക്കുമ്പോൾ, ആ കാൽച്ചുവടുകളിൽത്തന്നെ നടന്നുകൊണ്ടിരിക്കാൻ നാം തീർച്ചയായും പ്രേരിതരായിത്തീരും. യേശുവിന്റെ ആകർഷകമായ വ്യക്തിത്വത്തിന്റെ മറ്റു രണ്ടു സവിശേഷതകളായ ധൈര്യം, വിവേചനാപ്രാപ്തി എന്നിവയെക്കുറിച്ച് അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും.