നിങ്ങളുടെ സ്വന്തം ആരോഗ്യത്തെക്കുറിച്ചെന്ത്?
മരുന്ന് രോഗത്തെ ഭേദപ്പെടുത്താൻ ശ്രമിക്കുന്നു. അങ്ങനെ ചെയ്യുന്നതിൽ അതു പലപ്പോഴും വിജയിക്കുന്നു. എന്നാൽ ആരോഗ്യപൂർണ്ണമായ ഒരു ജീവിതഗതി ആദ്യം തന്നെ അസുഖത്തെ തടഞ്ഞേനെ.
“വിവേകപൂർവ്വം ഭക്ഷിച്ചും മിതമായി കുടിച്ചും അശേഷം പുകവലിക്കാതിരുന്നും വാഹനങ്ങൾ ശ്രദ്ധാപൂർവ്വം ഓടിച്ചുകൊണ്ടും വേണ്ടുവോളം വ്യായാമം ചെയ്തും നഗരജീവിതത്തിന്റെ സമ്മർദ്ദത്തിൻകീഴിൽ ജീവിക്കാൻ പഠിച്ചുകൊണ്ടും അപ്രകാരം ചെയ്യാൻ പരസ്പരം സഹായിച്ചും ആരോഗ്യസംബന്ധമായ നമ്മുടെതന്നെ ഉത്തരവാദിത്തങ്ങളിലേക്ക് നാം ഉയരേണ്ടതുണ്ടെന്ന്” ഡബ്ലിയൂ. എച്ച്. ഓ. യുടെ ഡയറക്ടർ ജനറലായ ഡോ. ഹാൽഫ്ഡാൻ മാലർ പറയുകയുണ്ടായി.
ഈ സംഗതിയിൽ ബൈബിളിന് അതിന്റെ ജ്ഞാനപൂർവ്വകമായ ആലോചനയും വിശ്വാസയോഗ്യമായ ഉപദേശവും കൊണ്ട് നമ്മെ വലിയ അളവിൽ സഹായിക്കാൻ കഴിയും. അതിന്റെ തത്വങ്ങൾ ഏറെ പ്രശാന്തമായ ഒരു ജീവിതത്തിലേക്കും അങ്ങനെ നമ്മുടെ സമ്മർദ്ദപൂർണ്ണമായ ലോകത്തിൽ മെച്ചപ്പെട്ട ആരോഗ്യത്തിലേക്കും നയിക്കുന്നു. അതിന്റെ പഠിപ്പിക്കലുകൾ ഒരു ആത്മീയ അർത്ഥത്തിൽ മാത്രമല്ല, പിന്നെയോ ഒരു ജഡിക അർത്ഥത്തിലും “ആരോഗ്യപ്രദമായ വചനങ്ങൾ” ആകുന്നു. അതിലെ നല്ല മൊഴികൾ “അവയെ കണ്ടെത്തുന്നവർക്ക് ജീവനും അവരുടെ സർവ്വ ജഡത്തിനും ആരോഗ്യവുമാകുന്നു.”—2 തിമോഥെയോസ് 1:13; സദൃശവാക്യങ്ങൾ 4:22.
എന്നാൽ അതിലുപരി ബൈബിൾ തത്വങ്ങൾക്ക് ഗൗരവമേറിയ, മരണകരമായ, പ്രശ്നങ്ങളെയും കുറക്കാൻ കഴിയും. അതെങ്ങനെ സാദ്ധ്യമാണ്? ഇതാ ചില ഉദാഹരണങ്ങൾ:
യു. എസ്. ഗവൺമെൻറ് സിഗറ്ററവലിയെ “ഐക്യനാടുകളിലെ രോഗത്തിന്റെയും അകാല മരണത്തിന്റെയും വ്യക്തമായും തടയാവുന്ന ഏറ്റം വലിയ ഒറ്റപ്പെട്ട കാരണം” എന്നു വിളിക്കുന്നു. പുകവലിക്കുന്ന പുരുഷൻമാരിലെ കാൻസർ മരണങ്ങൾ പുകവലിക്കാത്തവരിലേതിനേക്കാൾ ആറിരട്ടിയാണ്. ബൈബിൾ ഇങ്ങനെ പറയുന്നു: “നമുക്ക് ജഡത്തിന്റെയും ആത്മാവിന്റെയും ഏതു മാലിന്യത്തിൽ നിന്നും നമ്മെത്തന്നെ ശുദ്ധീകരിക്കാം.”(2 കൊരിന്ത്യർ 7:1) യഹോവയുടെ സാക്ഷികൾ ദീർഘനാളായി ഇതു പുകവലിക്കും ബാധകമാക്കിയിട്ടുണ്ട്. അങ്ങനെ, അവർ തങ്ങൾക്കുതന്നെ ലോകത്തിലെ അതിഭീകരരോഗങ്ങളിലൊന്നിന്റെ ഒരു മുഖ്യകാരണത്തെ അതിയായി കുറച്ചിരിക്കുന്നു.
മദ്യദുരുപയോഗവും മദോൻമത്തതയും കരൾവീക്കത്തിനു മാത്രമല്ല, പോരാട്ടങ്ങൾക്കും വാക്കുതർക്കങ്ങൾക്കും അക്രമങ്ങൾക്കും മരണകരമായ വാഹനാപകടങ്ങളാകുന്ന ഒരു ആധുനിക ബാധക്കും ഇടയാക്കുന്നു. ഇവിടെ ബൈബിൾ സഹായമേകുമോ?
“മദ്യപാനികളോ . . . വാവിഷ്ഠാണക്കാരോ . . . ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നു പറഞ്ഞുകൊണ്ട് അത് മദ്യോപയോഗത്തിലെ മിതത്വം ഉപദേശിക്കുന്നു. വീണ്ടും “വീഞ്ഞു പരിഹാസിയും മത്തുപിടിപ്പിക്കുന്ന മദ്യം കലഹക്കാരനുമാകുന്നു, അതിനാൽ വഴിപിഴച്ചുപോകുന്ന ഒരുവനും ജ്ഞാനിയല്ല.”(1 കൊരിന്ത്യർ 6:9-11; സദൃശവാക്യങ്ങൾ 20:1) ആ ആരോഗ്യകരമായ ബൈബിൾ ബുദ്ധിയുപദേശം അർത്ഥവത്താണോ?
ഇന്നത്തെ യുവാക്കൾക്കിടയിൽ ലഹരിമരുന്നുകളുടെ ദുരുപയോഗം ഒരു ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. ആരോഗ്യ പ്രതിസന്ധി 2000 ഇങ്ങനെ പ്രസ്താവിക്കുന്നു: “മയക്കുമരുന്നിന്റെ തെറ്റായ വ്യാപാരത്തിനെതിരെ നിയമം പ്രാബല്യത്തിലാക്കാൻ ഒട്ടേറെ പണം ചെലവഴിക്കുന്നു, അതേസമയം ഒന്നാമതുതന്നെ നമ്മുടെ ദുർബ്ബലയുവാക്കളെ ആസക്തരാകുന്നതിൽനിന്നു തടയാൻ അൽപ്പം മാത്രമേ ചെലവിടുന്നുള്ളു.” യഹോവയുടെ സാക്ഷികൾ പുകയിലക്കു ബാധകമാകുന്ന അതേ ബൈബിളധിഷ്ഠിതതത്വം മനസ്സിനെ കീഴ്പ്പെടുത്തുന്ന മയക്കുമരുന്നുകൾക്കും ബാധകമാക്കുന്നു. (2 കൊരിന്ത്യർ 7:1) ഇത് തങ്ങളുടെ മക്കളെ പഠിപ്പിച്ചുകൊണ്ട് മാതാപിതാക്കൾ ഇതിൽ മാതൃക വെക്കുന്നു. ഇത് ആദ്യം തന്നെ ആസക്തിയെ തടയുന്നതിൽ ബഹുദൂരം പോകുന്നു.
ഗൊണോറിയായും എയ്ഡ്സും പോലെ ലൈംഗികമായി പകരുന്ന രോഗങ്ങൾ ഒന്നിലധികം ലൈംഗികപങ്കാളികളുള്ളവർക്ക് വർദ്ധിച്ചുവരുന്ന ഒരു ഭീഷണിയാണ്. ഇതു സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു? അത് ലൈംഗികദുർമ്മാർഗ്ഗത്തെ ശരിയായിത്തന്നെ കുറ്റം വിധിക്കുന്നു. അത് ഒരു ആയുഷ്ക്കാല പങ്കാളിയുമായുള്ള വിവാഹത്തെയും ആ ആളിനോടുള്ള വിശ്വസ്തതയെയും പഠിപ്പിക്കുന്നു. അത് ഇങ്ങനെ പറയുന്നു: “വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യവും വിവാഹശയ്യ നിർമ്മലവുമായിരിക്കട്ടെ. എന്തുകൊണ്ടെന്നാൽ ദുർവൃത്തരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.” (എബ്രായർ 13:4) അത് തുടർന്ന് ഇങ്ങനെ പറയുന്നു: “ഇപ്പോൾ ജഡത്തിന്റെ പ്രവൃത്തികൾ പ്രത്യക്ഷമാണ്, അവ ദുർവൃത്തി, അശുദ്ധി, അഴിഞ്ഞ നടത്ത . . . എന്നിവയാകുന്നു. ഈ വക പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”—ഗലാത്യർ 5:19-21; മത്തായി 5:32
സാരവത്തായ അത്തരം ബൈബിൾ തത്വങ്ങൾ ഇന്നത്തെ പ്രശ്നപൂർണ്ണമായ ലോകത്തിൽ പോലും മെച്ചപ്പെട്ട ആരോഗ്യത്തിലേക്കു നയിക്കുന്നു. എന്നാൽ അവയ്ക്ക് ശാശ്വതമായ രോഗശാന്തി നൽകാനാവില്ല. പിന്തുടർന്നുവരുന്ന ലേഖനത്തിന്റെ വിഷയം ശാശ്വത രോഗശാന്തി എന്നതാണ്. (g87 5/8)
[7-ാം പേജിലെ ചിത്രങ്ങൾ]
“ഒന്നാമതു രോഗകാരണങ്ങളെത്തന്നെ തടയുന്നതിനുപകരം സയൻസും ഡോക്ടർമാരും ആശുപത്രികളും സൗഖ്യം വരുത്തുമെന്നുള്ള വിശ്വാസത്തിൽ നാം നമ്മെത്തന്നെ മുറിവേൽപ്പിച്ചിരിക്കുന്നു.”—ആരോഗ്യപ്രതിസന്ധി 2000