യഹോവയുടെ സേവനത്തിൽ സന്തോഷപൂർവം ചെലവിടാൻ സന്നദ്ധർ!
1 അപ്പൊസ്തലനായ പൗലൊസ് ക്രിസ്തീയ ശുശ്രൂഷയ്ക്കു വേണ്ടി സന്തോഷത്തോടെ തന്നെത്തന്നെ പൂർണമായി ‘ചെലവിട്ടു.’ (2 കൊരി. 12:15) ഇന്ന് നിരവധി ക്രിസ്ത്യാനികൾ പയനിയർമാരായി സേവിച്ചുകൊണ്ട് സമാനമായി കഠിനാധ്വാനം ചെയ്യുന്നു. ഭാരിച്ച കുടുംബ ഉത്തരവാദിത്വങ്ങൾ ഉള്ളവരാകട്ടെ തങ്ങളുടെ കാര്യാദികൾ ക്രമീകരിച്ച് എല്ലാ വാരത്തിലും ശുശ്രൂഷയിൽ ഏർപ്പെടുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ള ചിലർ തങ്ങളുടെ പരിമിതമായ ശക്തി ഉപയോഗിച്ച് രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കുന്നു. യഹോവയുടെ ജനം പ്രായമോ സാഹചര്യമോ ഗണ്യമാക്കാതെ ദൈവസേവനത്തിൽ തങ്ങളെത്തന്നെ ചെലവിടുന്നതായി കാണുന്നത് എത്ര പ്രോത്സാഹജനകമാണ്!
2 അയൽക്കാരോടുള്ള സ്നേഹം: ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹത്തിന്റെ പ്രകടനമെന്ന നിലയിൽ ദൈവസേവനത്തിൽ നമ്മാലാവതെല്ലാം ചെയ്യുമ്പോൾ നമുക്കൊരു നല്ല മനസ്സാക്ഷി ഉണ്ടായിരിക്കും. സുവാർത്താ പ്രസംഗത്തിൽ തന്നെത്തന്നെ മുഴുവനായി ഏൽപ്പിച്ചുകൊടുത്തതിനാൽ പൗലൊസിന് ഇപ്രകാരം പറയാനായി: “നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്നു ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു.” (പ്രവൃ. 20:24, 26; 1 തെസ്സ. 2:8) സാഹചര്യങ്ങൾ അനുവദിക്കുന്നതിന്റെ പരമാവധി നാം ശുശ്രൂഷയിൽ ഏർപ്പെടുന്നെങ്കിൽ രക്തപാതക കുറ്റത്തിൽനിന്നു നാം ഒഴിവുള്ളവരായിരിക്കും.—യെഹെ. 3:18-21.
3 മറ്റുള്ളവരെ സഹായിക്കാൻ കഠിനാധ്വാനം ചെയ്യുന്നത് നമുക്കു സന്തോഷം കൈവരുത്തും. (പ്രവൃ. 20:35) ഒരു സഹോദരൻ പറയുന്നു: “ഒരു ദിവസത്തെ സേവനത്തിനുശേഷം വൈകുന്നേരം വീട്ടിലെത്തുന്നത് ആകെ തളർന്നാണ്. എങ്കിലും ഞാൻ അതീവ സന്തുഷ്ടനാണ്. ആർക്കും കവർന്നെടുക്കാനാകാത്ത ഈ സന്തോഷത്തിനു ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു.”
4 ദൈവത്തോടുള്ള സ്നേഹം: യഹോവയുടെ സേവനത്തിൽ നമ്മെത്തന്നെ ചെലവിടുന്നതിന്റെ പ്രമുഖ കാരണം അത് നമ്മുടെ സ്വർഗീയ പിതാവിനെ പ്രസാദിപ്പിക്കുന്നു എന്നതാണ്. ദൈവത്തോടുള്ള സ്നേഹം അവന്റെ കൽപ്പനകൾ അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു, പ്രസംഗിക്കുന്നതും ശിഷ്യരാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. (1 യോഹ. 5:3) ആളുകൾ എതിർപ്പോ നിസ്സംഗതയോ പ്രകടിപ്പിച്ചാലും നാം തുടർന്നും യഹോവയ്ക്കായി സന്തോഷത്തോടെ കഠിനാധ്വാനം ചെയ്യും.
5 പ്രസംഗവേലയിൽ മന്ദീഭവിക്കാനുള്ള സമയമല്ല ഇത്. നാം കൊയ്ത്തുകാലത്താണു ജീവിക്കുന്നത്. (മത്താ. 9:37) സാധാരണഗതിയിൽ, വിളവെടുപ്പുകാലത്ത് കർഷകർ ദീർഘനേരം ജോലിചെയ്യുന്നു. കാരണം വിളവു ശേഖരിക്കുന്നതിനു കാലതാമസം നേരിട്ടാൽ അവ നശിച്ചുപോകാനിടയുണ്ട്. ആത്മീയ വിളവെടുപ്പിനുള്ള സമയവും പരിമിതമാണ്. നാം ജീവിക്കുന്ന ഈ കാലത്തിന്റെ അടിയന്തിരത മനസ്സിൽപ്പിടിച്ചുകൊണ്ട് ശുശ്രൂഷയിൽ കഠിനാധ്വാനം ചെയ്യുന്നതിൽ നമുക്കേവർക്കും തുടരാം.—ലൂക്കൊ. 13:24; 1 കൊരി. 7:29-31.