‘പ്രാർഥനാനിരതർ ആയിരിക്കുവിൻ’
“സുബോധമുള്ളവരും പ്രാർഥനാനിരതരും ആയിരിക്കുവിൻ.”—1 പത്രോ. 4:7.
1, 2. (എ) ‘പ്രാർഥനാനിരതരായിരിക്കേണ്ടത്’ എന്തുകൊണ്ട്? (ബി) പ്രാർഥന സംബന്ധിച്ച് സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ ഏതെല്ലാം?
“പുലർച്ചയ്ക്ക് തൊട്ടുമുമ്പുള്ള യാമമാണ് ഉണർന്നിരിക്കാൻ ഏറ്റവും പ്രയാസമുള്ള സമയം” എന്ന് രാത്രിയിൽ ജോലി ചെയ്തിരുന്ന ഒരാൾ പറയുന്നു. രാത്രി മുഴുവൻ ഉറക്കമിളച്ച് ജോലി ചെയ്യേണ്ടിവരുന്ന ആളുകളോടു ചോദിച്ചാൽ അവരും ഇക്കാര്യം സമ്മതിക്കും. ഇന്നത്തെ ക്രിസ്ത്യാനികളും ഇതുപോലൊരു ഘട്ടത്തിലാണെന്നു പറയാം. കാരണം, സാത്താന്റെ ദുഷിച്ച ലോകമാകുന്ന നീണ്ട രാത്രിയുടെ കൂരിരുൾതിങ്ങിയ അവസാനയാമത്തിലാണ് നാം ഇന്ന്. (റോമ. 13:12) ഈ അവസാനനിമിഷങ്ങളിൽ ഉറങ്ങിപ്പോകുന്നത് എത്ര അപകടകരമാണ്! അതുകൊണ്ട് “സുബോധമുള്ളവരും പ്രാർഥനാനിരതരും” ആയിരിക്കാനുള്ള തിരുവെഴുത്തുദ്ബോധനത്തിനു നാം ചെവികൊടുക്കേണ്ടത് അത്യന്തം പ്രധാനമാണ്.—1 പത്രോ. 4:7.
2 കാലപ്രവാഹത്തിൽ നാം വന്നെത്തിയിരിക്കുന്ന സമയം കണക്കിലെടുക്കുമ്പോൾ ഇങ്ങനെ സ്വയം ചോദിക്കുന്നതു ബുദ്ധിയായിരിക്കും: ‘പ്രാർഥനയ്ക്ക് ഞാൻ എത്ര പ്രാധാന്യം കൊടുക്കുന്നുണ്ട്? ബൈബിളിൽ പറയുന്ന സകലവിധപ്രാർഥനകളും ഞാൻ അർപ്പിക്കാറുണ്ടോ, പതിവായി അങ്ങനെ ചെയ്യുന്നുണ്ടോ? മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്ന ശീലം എനിക്കുണ്ടോ, അതോ എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും മാത്രമാണോ ഞാൻ ഉൾപ്പെടുത്താറുള്ളത്? എന്റെ രക്ഷയ്ക്ക് പ്രാർഥന എത്ര അനിവാര്യമാണ്?’
സകലവിധപ്രാർഥനകളും അർപ്പിക്കുക
3. പ്രാർഥനയുടെ ചില വിധങ്ങൾ ഏവ?
3 എഫെസ്യർക്കുള്ള ലേഖനത്തിൽ പൗലോസ് അപ്പൊസ്തലൻ, “സകലവിധ പ്രാർഥനകളോടും” എന്നു പറഞ്ഞിരിക്കുന്നു. (എഫെ. 6:18) നമ്മുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനും പ്രതിസന്ധികൾ തരണം ചെയ്യാനും ഉള്ള സഹായാഭ്യർഥനകളാണ് നാം മിക്കപ്പോഴും പ്രാർഥനയിൽ ഉൾപ്പെടുത്താറുള്ളത്. “പ്രാർത്ഥന കേൾക്കുന്നവ”ൻ സഹായത്തിനുവേണ്ടിയുള്ള ആ അപേക്ഷകൾ ആർദ്രതയോടെ കേൾക്കുകയും ചെയ്യുന്നു. (സങ്കീ. 65:2) എന്നിരുന്നാലും, ആവശ്യങ്ങൾക്കുവേണ്ടിയുള്ള അപേക്ഷകൾ മാത്രമല്ല മറ്റു വിധങ്ങളിലുള്ള പ്രാർഥനകളും നാം അർപ്പിക്കേണ്ടതുണ്ട്. സ്തുതി, കൃതജ്ഞതാസ്തോത്രം, യാചന തുടങ്ങിയവ അതിൽപ്പെടുന്നു.
4. നമ്മുടെ പ്രാർഥനകളിൽ യഹോവയെ കൂടെക്കൂടെ സ്തുതിക്കേണ്ടത് എന്തുകൊണ്ട്?
4 നമ്മുടെ പ്രാർഥനകളിൽ യഹോവയ്ക്കുള്ള സ്തുതിവചനങ്ങൾ ഉൾപ്പെടുത്തേണ്ടതിന് പല കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, അവന്റെ “വീര്യപ്രവൃത്തി”കളെയും “മഹിമാധിക്യ”ത്തെയും പറ്റി ചിന്തിക്കുമ്പോൾ അവനെ സ്തുതിക്കാൻ നാം പ്രേരിതരാകുന്നു. (സങ്കീർത്തനം 150:1-6 വായിക്കുക.) ആറ് വാക്യങ്ങൾ മാത്രമുള്ള 150-ാം സങ്കീർത്തനം 13 പ്രാവശ്യം യഹോവയെ സ്തുതിക്കാൻ നമ്മെ ആഹ്വാനം ചെയ്തിരിക്കുന്നു! ഉള്ളിൽ ഭയാദരവു നിറഞ്ഞ് മറ്റൊരു സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.” (സങ്കീ. 119:164) വാസ്തവമായും യഹോവ നമ്മുടെ സ്തുതി അർഹിക്കുന്നു. അതുകൊണ്ട് നാം “ദിവസം ഏഴു പ്രാവശ്യം,” അതായത് കൂടെക്കൂടെ, നമ്മുടെ പ്രാർഥനകളിൽ യഹോവയെ സ്തുതിക്കേണ്ടതല്ലേ?
5. നന്ദി പറഞ്ഞു പ്രാർഥിക്കുന്നത് നമുക്ക് എങ്ങനെയാണ് സംരക്ഷണമാകുന്നത്?
5 കൃതജ്ഞതയർപ്പിച്ച് പ്രാർഥിക്കുന്നത് പ്രാർഥനയുടെ മറ്റൊരു പ്രധാനവിധമാണ്. ഫിലിപ്പി നഗരത്തിലെ ക്രിസ്ത്യാനികളെ പൗലോസ് ഇങ്ങനെ പ്രബോധിപ്പിച്ചു: “ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക.” (ഫിലി. 4:6) യഹോവയോടുള്ള പ്രാർഥനയിൽ ഹൃദയംഗമമായ നന്ദിയർപ്പിക്കുന്നത് വാസ്തവത്തിൽ നമുക്കൊരു സംരക്ഷണമാണ്. ഈ അന്ത്യകാലത്ത് ആളുകൾ പൊതുവെ “നന്ദികെട്ട”വരാണ്. അവർക്കിടയിൽ ജീവിക്കുമ്പോൾ അവരെപ്പോലെയാകാതിരിക്കാൻ അതു നമ്മെ സഹായിക്കും. (2 തിമൊ. 3:1, 2) നന്ദിയില്ലായ്മ ഈ ലോകത്ത് അത്ര വ്യാപകമായതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ ആ മനോഭാവം പെട്ടെന്ന് നമ്മിലേക്കും പകരും. ദൈവത്തോടുള്ള പ്രാർഥനയിൽ നന്ദിയർപ്പിക്കുന്നത് ‘പിറുപിറുപ്പുകാരും നമ്മുടെ ഗതിയെക്കുറിച്ച് ആവലാതി പറയുന്നവരും’ ആകാതെ നമുക്കു ലഭിച്ചിരിക്കുന്ന കാര്യങ്ങളിൽ സംതൃപ്തരും സന്തുഷ്ടരും ആയി ജീവിക്കാൻ നമ്മെ സഹായിക്കും. (യൂദാ 16) കുടുംബമൊന്നിച്ച് പ്രാർഥിക്കുമ്പോൾ കുടുംബനാഥൻ നന്ദിനിറഞ്ഞ വാക്കുകൾ ഉൾപ്പെടുത്തി പ്രാർഥിക്കുന്നെങ്കിൽ ഭാര്യയിലും മക്കളിലും കൃതജ്ഞതാമനോഭാവം വളർന്നുവരാൻ ഇടയാകും.
6, 7. എന്താണ് യാചന, എന്തിനെക്കുറിച്ചെല്ലാം യാചിക്കാം?
6 ഉള്ളുരുകിയുള്ള ആത്മാർഥമായ പ്രാർഥനയാണ് യാചന. ഏതെല്ലാം കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്താം? വിശ്വാസത്തെപ്രതി പീഡനം നേരിടുമ്പോഴോ ഏതെങ്കിലും മാരകരോഗവുമായി മല്ലിടുമ്പോഴോ നമുക്ക് തീർച്ചയായും യാചനകഴിക്കാനാകും. ആ സമയങ്ങളിൽ ദൈവത്തോടുള്ള നമ്മുടെ സഹായാഭ്യർഥനകൾ സ്വാഭാവികമായും യാചനകളായിത്തീരും. എന്നാൽ ഈ അവസരങ്ങളിൽ മാത്രമാണോ നാം യഹോവയോട് യാചനകഴിക്കേണ്ടത്?
7 യേശുവിന്റെ മാതൃകാപ്രാർഥനയെക്കുറിച്ചു ചിന്തിക്കുക. ദൈവത്തിന്റെ നാമം, രാജ്യം, അവന്റെ ഇഷ്ടം തുടങ്ങിയ കാര്യങ്ങൾ യേശു അതിൽ ഉൾപ്പെടുത്തി. (മത്തായി 6:9, 10 വായിക്കുക.) ഈ ലോകം ദുഷ്ടതയിൽ ആഴ്ന്നിരിക്കുകയാണ്. മാനുഷഭരണകൂടങ്ങൾ പൗരന്മാരുടെ അടിസ്ഥാനാവശ്യങ്ങൾപോലും സാധിച്ചുകൊടുക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. അവസ്ഥകൾ ഇങ്ങനെയായിരിക്കെ, നമ്മുടെ സ്വർഗീയപിതാവിന്റെ നാമം വിശുദ്ധീകരിക്കപ്പെടാനും അവന്റെ രാജ്യം മുഖേന സാത്താന്യഭരണം ഭൂമിയിൽനിന്നു തുടച്ചുനീക്കപ്പെടാനും നാം പ്രാർഥിക്കേണ്ടതല്ലേ? അതെ, യഹോവയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ എന്ന് യാചിക്കാനുള്ള സമയമാണ് ഇത്. ഇങ്ങനെ സകലവിധപ്രാർഥനകളും അർപ്പിച്ചുകൊണ്ട് നമുക്ക് ജാഗരൂകരായി നിൽക്കാം.
‘സദാ പ്രാർഥിക്കുവിൻ’
8, 9. ഗെത്ത്ശെമന തോട്ടത്തിൽവെച്ച് ഉറങ്ങിപ്പോയതിന് പത്രോസിനെയും മറ്റ് അപ്പൊസ്തലന്മാരെയും നാം കുറ്റപ്പെടുത്തരുതാത്തത് എന്തുകൊണ്ട്?
8 ‘പ്രാർഥനാനിരതരായിരിക്കുവിൻ’ എന്ന് പത്രോസ് അപ്പൊസ്തലൻ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചെങ്കിലും സ്വയം അങ്ങനെ ചെയ്യുന്നതിൽ മുമ്പ് അവനു വീഴ്ചപറ്റിയിട്ടുണ്ട്, കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും. ഗെത്ത്ശെമന തോട്ടത്തിൽ യേശു പ്രാർഥിച്ചുകൊണ്ടിരിക്കവെ ഉറക്കത്തിലേക്കു വഴുതിവീണ ശിഷ്യന്മാരിൽ ഒരാളായിരുന്നു അവനും. “സദാ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ” എന്ന് യേശു അവരോട് പറഞ്ഞിട്ടും അവർക്ക് അതിനു കഴിഞ്ഞില്ല.—മത്തായി 26:40-45 വായിക്കുക.
9 ഉണർന്നിരിക്കാൻ പറ്റാഞ്ഞതിന് പത്രോസിനെയും മറ്റ് അപ്പൊസ്തലന്മാരെയും കുറ്റപ്പെടുത്താൻ ഒരുപക്ഷേ നമുക്കു തോന്നിയേക്കാം. എന്നാൽ അതിനു മുമ്പ് സാഹചര്യങ്ങൾ ഒന്നു മനസ്സിലാക്കാൻ ശ്രമിക്കുന്നതു നന്നായിരിക്കും. അന്നേദിവസം അവർ പെസഹായ്ക്കുവേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തു, വൈകുന്നേരം പെസഹാ ആചരണം നടത്തി. തന്റെ മരണത്തിന്റെ ഓർമ ഭാവിയിൽ അവർ ആചരിക്കേണ്ടതുള്ളതിനാൽ, പെസഹാ ആചരിച്ച ശേഷം യേശു, ‘കർത്താവിന്റെ സന്ധ്യാഭക്ഷണം’ ആചരിക്കുന്നത് എങ്ങനെയെന്നും കാണിച്ചുകൊടുത്തു. (1 കൊരി. 11:23-25) “ഒടുവിൽ സ്തുതിഗീതങ്ങൾ ആലപിച്ചശേഷം അവർ ഒലിവുമലയിലേക്കു പോയി.” (മത്താ. 26:30, 36) അവിടെയെത്താൻ യെരുശലേമിന്റെ ഇടുങ്ങിയ തെരുവിലൂടെ കുറച്ചു ദൂരം നടക്കണമായിരുന്നു. അപ്പോഴേക്കും അർധരാത്രിയും കഴിഞ്ഞ് സമയം ഏറെയായിട്ടുണ്ടാകാം. ഇതെല്ലാം അവരെ വല്ലാതെ ക്ഷീണിപ്പിച്ചിട്ടുണ്ടാകണം. ആ രാത്രി ഗെത്ത്ശെമന തോട്ടത്തിൽ ശിഷ്യന്മാരോടൊപ്പം നമ്മളും ഉണ്ടായിരുന്നെങ്കിൽ നമ്മളും ഉറങ്ങിപ്പോകാനാണ് സാധ്യത. തളർന്നുറങ്ങുന്ന അപ്പൊസ്തലന്മാരെ കുറ്റപ്പെടുത്താതെ അവരുടെ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് ആർദ്രതയോടെ യേശു, “ആത്മാവ് ഒരുക്കമുള്ളത്; ജഡമോ ബലഹീനമത്രേ” എന്ന് അംഗീകരിച്ചുപറയുകയാണ് ചെയ്തത്.
ഇടറിപ്പോയെങ്കിലും ‘പ്രാർഥനാനിരതനായിരിക്കാൻ’ പത്രോസ് പഠിച്ചു (10, 11 ഖണ്ഡികകൾ കാണുക)
10, 11. (എ) ഗെത്ത്ശെമന തോട്ടത്തിൽവെച്ചുണ്ടായ അനുഭവത്തിൽനിന്നും പത്രോസ് എന്തു പാഠമാണ് പഠിച്ചത്? (ബി) പത്രോസിന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്തു പഠിക്കുന്നു?
10 ഗെത്ത്ശെമന തോട്ടത്തിലെ അനുഭവത്തിൽനിന്ന് പത്രോസ് വലിയൊരു പാഠം പഠിച്ചു. കാരണം, കുറച്ചു മുമ്പ് യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞിരുന്നു: “ഈ രാത്രി നിങ്ങൾ എല്ലാവരും എന്നെപ്രതി ഇടറിപ്പോകും.” പക്ഷേ, പത്രോസ് തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു: “മറ്റെല്ലാവരും നിന്നെപ്രതി ഇടറിപ്പോയാലും ഞാൻ ഒരിക്കലും ഇടറുകയില്ല.” പത്രോസ് തന്നെ മൂന്ന് പ്രാവശ്യം തള്ളിപ്പറയുമെന്ന് അപ്പോൾത്തന്നെ യേശു മറുപടി പറഞ്ഞു. അതു കേട്ടിട്ടും യാതൊരു സന്ദേഹവും കൂടാതെ പത്രോസ് വീണ്ടും പറഞ്ഞു: “നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറയുകയില്ല.” (മത്താ. 26:31-35) ഖേദകരമെന്നു പറയട്ടെ, യേശു പറഞ്ഞതുപോലെ പത്രോസ് അവനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞു. മൂന്നാമത് തള്ളിപ്പറഞ്ഞപ്പോൾ തിരിച്ചറിവുണ്ടായ പത്രോസ് മനോവേദനയാൽ “അതിദുഃഖത്തോടെ കരഞ്ഞു.”—ലൂക്കോ. 22:60-62.
11 ഈ അനുഭവത്തിൽനിന്ന് അമിതമായ ആത്മവിശ്വാസം പുലർത്തുന്നതിന്റെ അപകടം പത്രോസ് തിരിച്ചറിയുകയും തിരുത്തുകയും ചെയ്തു. ഇക്കാര്യത്തിൽ പ്രാർഥന അവനെ സഹായിച്ചെന്നു വ്യക്തമാണ്. ‘പ്രാർഥനാനിരതരായിരിക്കുവിൻ’ എന്ന ഉദ്ബോധനം നൽകിയത് പത്രോസാണ് എന്നതു ശ്രദ്ധിക്കുക. ഈ നിശ്വസ്തബുദ്ധിയുപദേശത്തിനു നാം ചെവികൊടുക്കുന്നുണ്ടോ? നിരന്തരം പ്രാർഥിച്ചുകൊണ്ട് യഹോവയിലുള്ള ആശ്രയത്വം നാം പ്രകടമാക്കുന്നുണ്ടോ? “താൻ നിൽക്കുന്നുവെന്നു കരുതുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ” എന്ന പൗലോസ് അപ്പൊസ്തലന്റെ മുന്നറിയിപ്പും നാം മനസ്സിൽപ്പിടിക്കേണ്ടതുണ്ട്.—1 കൊരി. 10:12.
നെഹെമ്യാവിന്റെ പ്രാർഥനകൾക്ക് ഉത്തരം ലഭിച്ചു
12. നെഹെമ്യാവ് നമുക്ക് ഒരു നല്ല മാതൃകയായിരിക്കുന്നത് എന്തുകൊണ്ട്?
12 ബി.സി അഞ്ചാം നൂറ്റാണ്ടിൽ പേർഷ്യയിലെ അർത്ഥഹ്ശഷ്ടാരാജാവിന്റെ പാനപാത്രവാഹകനായിരുന്ന നെഹെമ്യാവിനെക്കുറിച്ചു ചിന്തിക്കുക. തീവ്രവികാരങ്ങളോടെ ഹൃദയംഗമമായി പ്രാർഥിച്ചതിന്റെ ഉത്തമമാതൃകയാണ് നെഹെമ്യാവ്. യെരുശലേമിലെ യഹൂദന്മാരുടെ ദുഃസ്ഥിതിയിൽ മനംനൊന്ത് ദിവസങ്ങളായി അവൻ ‘ഉപവസിച്ചുകൊണ്ടു ദൈവത്തോടു പ്രാർത്ഥിച്ചുവരുകയായിരുന്നു.’ (നെഹെ. 1:4) നെഹെമ്യാവിന്റെ മുഖം വാടിയിരിക്കുന്നതിന്റെ കാരണം രാജാവ് ആരായുകയും അവന്റെ അപേക്ഷ എന്താണെന്നു ചോദിക്കുകയും ചെയ്തപ്പോൾ നെഹെമ്യാവ്, ‘ഉടനെ സ്വർഗ്ഗത്തിലെ ദൈവത്തോടു പ്രാർത്ഥിച്ചു.’ (നെഹെ. 2:2-4) തുടർന്ന് എന്തു സംഭവിച്ചു? യഹോവ അവന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകുകയും ദൈവജനത്തിന് നന്മയായിത്തീരുംവിധം കാര്യങ്ങൾ നയിക്കുകയും ചെയ്തു. (നെഹെ. 2:5, 6) ഇത് നെഹെമ്യാവിന്റെ വിശ്വാസം എത്രയധികം ശക്തിപ്പെടുത്തിയിരിക്കണം!
13, 14. വിശ്വാസം ശക്തിപ്പെടുത്താനും നമ്മെ നിരുത്സാഹപ്പെടുത്താനുള്ള സാത്താന്റെ ശ്രമങ്ങളെ ചെറുക്കാനും നാം എന്തു ചെയ്യണം?
13 നെഹെമ്യാവ് ചെയ്തതുപോലെ ഇടവിടാതെ പ്രാർഥിക്കുന്നത് ശക്തമായ വിശ്വാസം നിലനിറുത്താൻ നമ്മെ സഹായിക്കും. സാത്താൻ നിർദയനാണ്, നാം ദുർബലരായിരിക്കുമ്പോഴാണ് പലപ്പോഴും അവൻ ആക്രമിക്കുക. ഉദാഹരണത്തിന്, നാം രോഗികളാകുമ്പോഴോ നിരാശയിലും വിഷാദത്തിലും ആയിരിക്കുമ്പോഴോ നമ്മുടെ ശുശ്രൂഷ ചിലപ്പോൾ വളരെ കുറഞ്ഞുപോയേക്കാം. തീരെ പരിമിതമായതിനാൽ ദൈവം നമ്മുടെ സേവനം വിലമതിക്കുന്നില്ലെന്നൊരു തോന്നൽ നമ്മുടെ ഉള്ളിലുണ്ടായേക്കാം. ഇനി, ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ നിമിത്തം നമ്മിൽ ചിലർ കടുത്ത മനോസംഘർഷം അനുഭവിക്കുന്നുണ്ടാകാം. നാം വിലകെട്ടവരാണെന്നു തോന്നിപ്പിക്കാനാണ് സാത്താൻ ശ്രമിക്കുന്നത്. ഇങ്ങനെ വികാരങ്ങളെ തൊട്ടുകളിച്ച് നമ്മുടെ വിശ്വാസം ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് അവന്റെ ആക്രമണങ്ങളിൽ പലതും ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനാൽ, ‘പ്രാർഥനാനിരതരായിരുന്ന്’ നമുക്ക് വിശ്വാസം ശക്തിപ്പെടുത്താം. “വിശ്വാസം എന്ന വലിയ പരിച” “ദുഷ്ടന്റെ തീയമ്പുകളെയൊക്കെയും കെടുത്തുവാൻ” നമ്മെ പ്രാപ്തരാക്കും.—എഫെ. 6:16.
‘പ്രാർഥനാനിരതരായിരിക്കുന്നത്’ പലവിധപ്രശ്നങ്ങൾ നേരിടാൻ നമ്മെ പ്രാപ്തരാക്കും (13, 14 ഖണ്ഡികകൾ കാണുക)
14 ‘പ്രാർഥനാനിരതരാണെങ്കിൽ’ വിശ്വാസത്തിന്റെ ഒരു പരിശോധന അപ്രതീക്ഷിതമായി വന്നാൽ നാം അന്ധാളിച്ചുപോകുകയോ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയോ ഇല്ല. പരീക്ഷകളും പ്രലോഭനങ്ങളും നേരിടുമ്പോൾ നെഹെമ്യാവിന്റെ മാതൃക ഓർക്കുക, ഉടൻതന്നെ യഹോവയോടു പ്രാർഥിക്കുക. യഹോവയുടെ സഹായം ഒന്നുകൊണ്ടു മാത്രമേ നമുക്ക് പ്രലോഭനങ്ങൾ ചെറുക്കാനും വിശ്വാസത്തിന്റെ പരിശോധനകൾ സഹിച്ചുനിൽക്കാനും കഴിയൂ.
മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുക
15. മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നതു സംബന്ധിച്ച് നാം സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങൾ ഏവ?
15 പത്രോസ് അപ്പൊസ്തലന്റെ വിശ്വാസം പൊയ്പ്പോകാതിരിക്കാൻ യേശു അവനുവേണ്ടി പ്രാർഥിച്ചു. (ലൂക്കോ. 22:32) ഒന്നാം നൂറ്റാണ്ടിലെ വിശ്വസ്തക്രിസ്ത്യാനിയായിരുന്ന എപ്പഫ്രാസ് ഇക്കാര്യത്തിൽ യേശുവിനെ മാതൃകയാക്കി കൊലോസ്യയിലെ സഹോദരങ്ങൾക്കുവേണ്ടി ഉത്കടമായി പ്രാർഥിച്ചു. പൗലോസ് അവർക്ക് ഇങ്ങനെ എഴുതി: “നിങ്ങൾ ദൈവവിശ്വാസത്തിൽ പക്വത പ്രാപിക്കാനും ഉത്തമ ബോധ്യത്തോടുകൂടി ദൈവഹിതം അനുസരിക്കാനും വേണ്ടി, . . . (അവൻ) തീക്ഷ്ണതാപൂർവം നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു.” (കൊലോ. 4:12, ഓശാന.) അതുകൊണ്ട് നാം ഇങ്ങനെ ചോദിക്കുന്നത് നല്ലതാണ്: ‘ലോകത്തെങ്ങുമുള്ള സഹോദരങ്ങൾക്കുവേണ്ടി ഞാൻ ഉത്കടമായി പ്രാർഥിക്കാറുണ്ടോ? പ്രകൃതിദുരന്തങ്ങളാൽ കഷ്ടപ്പെടുന്ന സഹവിശ്വാസികൾക്കുവേണ്ടി ഞാൻ എത്ര കൂടെക്കൂടെ പ്രാർഥിക്കാറുണ്ട്? യഹോവയുടെ സംഘടനയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന സഹോദരന്മാർക്കുവേണ്ടി ഞാൻ ഈ അടുത്തെങ്ങാനും പ്രാർഥിച്ചിരുന്നോ? പലവിധകഷ്ടങ്ങൾ അനുഭവിക്കുന്ന സ്വന്തം സഭയിലെ സഹോദരങ്ങൾക്കുവേണ്ടി അവസാനമായി ഞാൻ പ്രാർഥിച്ചത് എപ്പോഴാണ്?’
16. മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നത് ശരിക്കും അവർക്കു പ്രയോജനം ചെയ്യുമോ? വ്യക്തമാക്കുക.
16 മറ്റുള്ളവർക്കുവേണ്ടി നാം യഹോവയോടു നടത്തുന്ന പ്രാർഥനകൾ അവർക്ക് നന്മ വരുത്തുമെന്ന് ഉറപ്പാണ്. (2 കൊരിന്ത്യർ 1:11 വായിക്കുക.) യഹോവയുടെ ദാസന്മാരായ കുറെ ആളുകൾ ഏതെങ്കിലും ഒരു കാര്യത്തിനുവേണ്ടി ആവർത്തിച്ചു പ്രാർഥിക്കുന്നു എന്നതുകൊണ്ടു മാത്രം അതു നടത്തിക്കൊടുക്കാൻ യഹോവയ്ക്കു കടപ്പാടൊന്നുമില്ല. എങ്കിലും അന്യോന്യമുള്ള താത്പര്യവും കരുതലും ആത്മാർഥതയും കാണുമ്പോൾ യഹോവ അവരുടെ പ്രാർഥനകൾക്ക് ഉത്തരമരുളുന്നു. അതുകൊണ്ട് മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കാനുള്ള നമ്മുടെ പദവിയും ഉത്തരവാദിത്വവും നാം ഗൗരവമായി കാണേണ്ടതുണ്ട്. എപ്പഫ്രാസിനെപ്പോലെ നമ്മുടെ സഹോദരീസഹോദരന്മാർക്കുവേണ്ടി പ്രാർഥിച്ചുകൊണ്ട് അവരോടുള്ള ഹൃദയംഗമമായ സ്നേഹവും കരുതലും നാം തെളിയിക്കണം. അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മുടെ സന്തോഷം വർധിക്കും. കാരണം, “‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ’” എന്നു തിരുവെഴുത്തു പറയുന്നു.—പ്രവൃ. 20:35.
‘നമ്മുടെ രക്ഷ സമീപമായിരിക്കുന്നു’
17, 18. ‘പ്രാർഥനാനിരതരായിരിക്കുന്നത്’ നമ്മെ സഹായിക്കുന്നത് എങ്ങനെ?
17 “രാത്രി കഴിയാറായി; പകൽ അടുത്തിരിക്കുന്നു” എന്നു പറയുന്നതിനു തൊട്ടുമുമ്പ് പൗലോസ് ഇങ്ങനെ പ്രസ്താവിച്ചു: ‘കാലം ഏതെന്നും ഉറക്കത്തിൽനിന്ന് ഉണരേണ്ട സമയം വന്നിരിക്കുന്നുവെന്നും നിങ്ങൾ മനസ്സിലാക്കുന്നുവല്ലോ. നാം വിശ്വാസികളായിത്തീർന്ന സമയത്തെക്കാൾ രക്ഷ ഇപ്പോൾ ഏറെ സമീപമായിരിക്കുന്നു.’ (റോമ. 13:11, 12) ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകം അടുത്തെത്തിയിരിക്കുന്നു! ഒരുപക്ഷേ നാം കരുതുന്നതിലും വളരെ അടുത്ത്! ഈ സമയത്ത് നാം ആത്മീയമായി ഉറങ്ങിപ്പോകരുത്. പ്രാർഥനയിൽ യഹോവയോടൊത്ത് തനിച്ചായിരിക്കാൻ ഏതുവിധേനയും സമയം കണ്ടെത്തണം. ആ സമയം കവർന്നെടുക്കാനും ശ്രദ്ധ മാറ്റിക്കളയാനും ലോകം കൊണ്ടുവരുന്ന യാതൊന്നിനെയും നാം അനുവദിക്കരുത്. പിന്നെയോ, നമുക്ക് ‘പ്രാർഥനാനിരതരായിരിക്കാം.’ യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവെ, “വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം” നയിച്ചു മുന്നോട്ടുപോകാൻ അതു നമ്മെ സഹായിക്കും. (2 പത്രോ. 3:11, 12) നാം ആത്മീയമായി ഉണർന്നിരിക്കുന്നവരാണെന്നും അന്ത്യം വളരെ അടുത്താണെന്ന് ബോധ്യമുള്ളവരാണെന്നും അങ്ങനെ നമ്മുടെ ജീവിതരീതിയാൽ ദൃശ്യമായിത്തീരും. അതുകൊണ്ട് നമുക്ക് ‘ഇടവിടാതെ പ്രാർഥിക്കാം.’ (1 തെസ്സ. 5:17) യേശുവിനെപ്പോലെ സ്വകാര്യപ്രാർഥനയ്ക്കായി ഏകാന്തമായൊരിടം കണ്ടെത്തുക. സ്വകാര്യപ്രാർഥനകൾ തിരക്കിട്ട് നടത്താതെ സമയമെടുത്ത് അർപ്പിക്കുന്നെങ്കിൽ നാം യഹോവയോട് കൂടുതൽക്കൂടുതൽ അടുത്തുചെല്ലും. (യാക്കോ. 4:7, 8) അത് എന്തൊരു അനുഗ്രഹമായിരിക്കും!
18 തിരുവെഴുത്ത് ഇങ്ങനെ പറയുന്നു: “ക്രിസ്തു ഭൂമിയിലെ തന്റെ ജീവിതകാലത്ത്, തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ യാചനകളും അപേക്ഷകളും കഴിച്ചു; തന്റെ ദൈവഭയംനിമിത്തം അവന് ഉത്തരം ലഭിക്കുകയും ചെയ്തു.” (എബ്രാ. 5:7) അതെ, യേശു ദൈവത്തോട് യാചനകളും അപേക്ഷകളും കഴിച്ചു. അങ്ങനെ ഭൂമിയിലെ ജീവിതത്തിന്റെ അവസാനനിമിഷംവരെ ദൈവത്തോട് വിശ്വസ്തനായിരിക്കാൻ അവനു കഴിഞ്ഞു. അതുകൊണ്ട് യഹോവ തന്റെ പ്രിയപുത്രനെ ഉയിർപ്പിച്ച് സ്വർഗത്തിലെ അമർത്യജീവൻ പ്രതിഫലമായി നൽകി. വരുംകാലങ്ങളിൽ എന്തെല്ലാം പ്രലോഭനങ്ങളും പരിശോധനകളും നേരിടേണ്ടിവരുമെന്ന് നമുക്ക് അറിയില്ല. എന്നാൽ ‘പ്രാർഥനാനിരതരായിരിക്കുന്നെങ്കിൽ’ നമുക്കും സ്വർഗീയപിതാവിനോടു വിശ്വസ്തരായിരിക്കാനും നിത്യജീവൻ എന്ന സമ്മാനം നേടാനും കഴിയും.