കൃതജ്ഞതയുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
നട്ടെല്ലിൽ ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് ഹാർലിക്ക് ഒരു മെക്കാനിക്ക് എന്നനിലയിലുള്ള ജീവിതവൃത്തി ഉപേക്ഷിച്ച് ഒരു ഓഫീസ് ക്ലാർക്കാകേണ്ടിവന്നു. ഈ മാറ്റത്തെക്കുറിച്ച് എന്തുതോന്നുന്നുവെന്നു ചോദിച്ചപ്പോൾ ഹാർലി പറഞ്ഞു: “യന്ത്രങ്ങളുമായി ബന്ധപ്പെട്ട ജോലി ചെയ്യാൻ കഴിയാത്തതിന്റെ വിഷമം എനിക്കുണ്ട്. എന്നാൽ സത്യം പറഞ്ഞാൽ, എനിക്ക് ഇപ്പോഴത്തെ ജോലിയിൽ നേരത്തത്തെ ജോലിയിൽ ഉണ്ടായിരുന്നതിനെക്കാൾ സന്തോഷമുണ്ട്.”
തന്റെ സന്തോഷത്തിന്റെ കാരണത്തെക്കുറിച്ച് ഹാർലി വിശദീകരിക്കുന്നു: “എന്നോടൊപ്പം ജോലിചെയ്യുന്ന ആളുകളുടെ മനോഭാവമാണ് ഉൾപ്പെട്ടിരിക്കുന്ന സംഗതി. പഴയ ജോലിസ്ഥലത്ത് ഉണ്ടായിരുന്നവരിൽനിന്നു വ്യത്യസ്തരായി, എന്റെ ഇപ്പോഴത്തെ സൂപ്പർവൈസറും സഹജോലിക്കാരും ഞാൻ ചെയ്യുന്നതു വിലമതിക്കുന്നു. എന്നെ അഭിനന്ദിക്കാൻ അവർ മടി കാട്ടുന്നില്ല. അതു വലിയൊരു കാര്യംതന്നെ.” താൻ പ്രയോജനമുള്ളവനും ആവശ്യമുള്ളവനുമാണെന്ന തോന്നൽ ഹാർലിയെ ഇപ്പോൾ ഒരു സന്തുഷ്ട ജോലിക്കാരനാക്കിയിരിക്കുന്നു.
അഭിനന്ദനത്തിന്റെയോ കൃതജ്ഞതയുടെയോ വാക്കുകൾ, അവ അർഹിക്കുന്ന സമയത്ത് ഉപയോഗിക്കുന്നത് തികച്ചും ഹൃദയോഷ്മളമാണ്. നേരേമറിച്ച്, കൃതഘ്നതയുടെ ഫലം, ഷേക്സ്പിയർ അഭിപ്രായപ്പെട്ടതുപോലെ മരവിപ്പിക്കുന്നതായിരിക്കാം: “ശിശിരക്കാറ്റേ, വീശുക നീ, വീശുക നീ, നിന്നെക്കാൾ നിർദയമല്ലോ മർത്ത്യകൃതഘ്നത.” സങ്കടകരമെന്നു പറയട്ടെ, അനേകർ അത്തരം നിർദയത്വത്തിനു വിധേയരായിട്ടുണ്ട്.
കൃതഘ്നതയ്ക്കെതിരെ ജാഗ്രത പാലിക്കുക
ഇന്നത്തെ ലോകത്ത് ആത്മാർഥമായ കൃതജ്ഞതാ പ്രകടനങ്ങൾ തിരോഭവിക്കുകയാണ്. ദൃഷ്ടാന്തത്തിന്, ഒരു എഴുത്തുകാരൻ ഈ ചോദ്യമുന്നയിച്ചു: “200 വിവാഹ ക്ഷണക്കത്തുകൾക്കു മേൽവിലാസമെഴുതാൻ ഒരു വധുവിന് സമയം കണ്ടെത്താൻ കഴിഞ്ഞെങ്കിൽ, 163 വിവാഹ സമ്മാനങ്ങൾക്ക് ഒരു നന്ദിവാക്ക് എഴുതാൻ അവൾക്ക് എന്തുകൊണ്ട് സമയം കണ്ടെത്തിക്കൂടാ?” “നന്ദി” എന്ന ലളിതമായ വാക്കു പോലും പലരും മിക്കപ്പോഴും പറയാറില്ല. കൃതജ്ഞതയ്ക്കു പകരം കൂടുതൽ കൂടുതൽ കണ്ടുവരുന്നത് തൻകാര്യ മനോഭാവമാണ്. ഈ അവസ്ഥ അന്ത്യനാളുകളെ തിരിച്ചറിയിക്കുന്ന അടയാളങ്ങളിൽ ഒന്നാണ്. പൗലൊസ് അപ്പോസ്തലൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും . . . നന്ദികെട്ടവരും” ആയിരിക്കും.—2 തിമൊഥെയൊസ് 3:1, 2.
മറ്റു ചില കേസുകളിൽ, കൃതജ്ഞതയുടെ സ്ഥാനത്ത് മുഖസ്തുതിയാണുള്ളത്. വ്യക്തിപരമായ നേട്ടത്തിന്റെ ചിന്തയില്ലാതെ ഹൃദയത്തിൽനിന്നു പുറപ്പെടുന്നവയാണ് കൃതജ്ഞതാ പ്രകടനങ്ങൾ. എന്നാൽ സാധാരണമായി, സ്ഥാനക്കയറ്റത്തിനോ വ്യക്തിപരമായ ചില നേട്ടങ്ങൾക്കോ ഉള്ള ഗൂഢലക്ഷ്യങ്ങളിൽനിന്ന് ഉത്ഭവിച്ചേക്കാവുന്ന കപടവും അതിശയോക്തിപരവുമായ ഒന്നാണ് മുഖസ്തുതി. (യൂദാ 16) കേൾക്കുന്നയാളിനെ വശീകരിക്കുന്ന അത്തരം ഭംഗിവാക്ക് അഹങ്കാരത്തിന്റെയും ഔദ്ധത്യത്തിന്റെയും ഫലമായിരിക്കാവുന്നതുമാണ്. അപ്പോൾ, കപടമായ മുഖസ്തുതിയുടെ ഇരയാകാൻ ആരാണ് ആഗ്രഹിക്കുക? എന്നാൽ യഥാർഥ കൃതജ്ഞത തികച്ചും നവോന്മേഷദായകമാണ്.
കൃതജ്ഞത പ്രകടിപ്പിക്കുന്ന വ്യക്തി അതിൽനിന്നു പ്രയോജനം അനുഭവിക്കുന്നു. ഹൃദയത്തിൽ കൃതജ്ഞതയുണ്ടായിരിക്കുന്നതിന്റെ ഫലമായി അനുഭവപ്പെടുന്ന ഊഷ്മളത അയാളുടെ സന്തുഷ്ടിയും സമാധാനവും വർധിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 15:13, 15 താരതമ്യം ചെയ്യുക.) ഒരു ക്രിയാത്മക ഗുണമായ കൃതജ്ഞത അയാളെ ദേഷ്യം, അസൂയ, നീരസം തുടങ്ങിയ നിഷേധാത്മക വികാരങ്ങളിൽനിന്നു സംരക്ഷിക്കുന്നു.
‘നന്ദിയുള്ളവരായിരിപ്പിൻ’
കൃതജ്ഞതയുടേതായ അഥവാ നന്ദിയുടേതായ ഒരു മനോഭാവം നട്ടുവളർത്താൻ ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. പൗലൊസ് എഴുതി: “എല്ലാററിന്നും സ്തോത്രം ചെയ്വിൻ [“നന്ദി നൽകുവിൻ,” NW]; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.” (1 തെസ്സലൊനീക്യർ 5:18) പൗലൊസ് കൊലൊസ്സ്യരെ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; . . . നന്ദിയുള്ളവരായും ഇരിപ്പിൻ.” (കൊലൊസ്സ്യർ 3:15) അസംഖ്യം സങ്കീർത്തനങ്ങളിൽ നന്ദിപ്രകടനങ്ങൾ അടങ്ങിയിരിക്കുന്നു. ഹൃദയംഗമമായ കൃതജ്ഞത ഒരു ദൈവിക സദ്ഗുണമാണെന്ന് അതു സൂചിപ്പിക്കുന്നു. (സങ്കീർത്തനം 27:4; 75:1, NW) ജീവിതത്തിലെ അനുദിന കാര്യാദികളിൽ നാം നന്ദി പ്രകടിപ്പിക്കുമ്പോൾ തീർച്ചയായും യഹോവ പ്രസാദിക്കുന്നു.
ഈ നന്ദികെട്ട ലോകത്തിലെ ഏതു ഘടകങ്ങൾ കൃതജ്ഞതാ മനോഭാവം നട്ടുവളർത്തുന്നത് ആയാസകരമാക്കുന്നു? അനുദിന ജീവിതത്തിൽ നമുക്കെങ്ങനെ കൃതജ്ഞതാ മനോഭാവം പ്രകടമാക്കാം? അടുത്ത ലേഖനത്തിൽ ഈ ചോദ്യങ്ങൾ പരിചിന്തിക്കപ്പെടും.