നിങ്ങൾ അവസരം പ്രയോജനപ്പെടുത്തുമോ? സ്മാരകകാലം വിലമതിപ്പും നന്ദിയും പ്രകടിപ്പിക്കാനുള്ള അവസരം
1. സ്മാരകകാലം എന്തിനുള്ള പ്രത്യേക അവസരം നൽകുന്നു?
1 സ്മാരകദിനമായ ഏപ്രിൽ 14 യഹോവ കാണിച്ച നന്മയോടു വിലമതിപ്പു വളർത്താനും അത് പ്രകടമാക്കാനും ലഭിക്കുന്ന ഒരു അതുല്യ അവസരമാണ്. ലൂക്കോസ് 17:11-18-ലെ വിവരണം വിലമതിപ്പും നന്ദിയും പ്രകടിപ്പിക്കുന്നതിനെ യഹോവയും യേശുവും എങ്ങനെ കാണുന്നുവെന്ന് വ്യക്തമാക്കുന്നു. സങ്കടകരമെന്നു പറയട്ടെ, സുഖപ്പെട്ട പത്തു കുഷ്ഠരോഗികളിൽ ഒരാൾ മാത്രമാണ് വിലമതിപ്പ് പ്രകടമാക്കാനുള്ള അവസരം പ്രയോജനപ്പെടുത്തിയത്. മറുവിലയെന്ന സമ്മാനം സകലവിധ വ്യാധികളും ഇല്ലായ്മ ചെയ്യുകയും, നിത്യജീവൻ യാഥാർഥ്യമാക്കുകയും ചെയ്യും. അന്ന് ദിവസേന നാം യഹോവയ്ക്കു നന്ദി പറയുമെന്നതിൽ സംശയമില്ല. എന്നാൽ, വരും ആഴ്ചകളിൽ നമുക്കെങ്ങനെ വിലമതിപ്പു പ്രകടിപ്പിക്കാനാകും?
2. മറുവിലയോടുള്ള വിലമതിപ്പ് നമുക്ക് എങ്ങനെ വളർത്തിയെടുക്കാം?
2 വിലമതിപ്പും നന്ദിയും വളർത്തിയെടുക്കുക: എന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കുമ്പോഴാണ് ആ കാര്യത്തെക്കുറിച്ച് നമുക്ക് വിലമതിപ്പു തോന്നുന്നത്. മറുവിലയോടുള്ള വിലമതിപ്പ് വളർത്തിയെടുക്കാൻ സഹായിക്കുന്നതാണ് കലണ്ടർ, തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്നിവയിൽ കാണുന്ന പ്രത്യേക സ്മാരകബൈബിൾ വായനപട്ടിക. കുടുംബം ഒത്തൊരുമിച്ച് ഈ വിവരം ചർച്ച ചെയ്തുകൂടേ? ഇങ്ങനെ ചെയ്യുന്നത് മറുവിലയോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കും. ഇത് നമ്മുടെ നടത്തയിൽ ഒരു ക്രിയാത്മകസ്വാധീനം ചെലുത്തും.—2 കൊരി. 5:14, 15; 1 യോഹ. 4:11.
3. സ്മാരകകാലയളവിൽ ഏതു വിധങ്ങളിൽ നമ്മുടെ വിലമതിപ്പ് പ്രകടമാക്കാനാകും?
3 വിലമതിപ്പും നന്ദിയും പ്രകടമാക്കുക: വിലമതിപ്പ് പ്രവൃത്തിയാൽ തെളിയിക്കപ്പെടുന്നു. (കൊലോ. 3:15) വിലമതിപ്പുണ്ടായിരുന്ന കുഷ്ഠരോഗി യേശുവിനെ കണ്ടെത്താനും നന്ദി നൽകാനും ശ്രമം ചെയ്തു. തനിക്കു ലഭിച്ച അത്ഭുതകരമായ സൗഖ്യത്തെക്കുറിച്ച് അവൻ മറ്റുള്ളവരോട് അത്യുത്സാഹത്തോടെ സംസാരിച്ചു എന്നതിനും സംശയമില്ല. (ലൂക്കോ. 6:45) മറുവിലയോടുള്ള വിലമതിപ്പ് സ്മാരക പ്രചാരണവേലയിൽ തീക്ഷ്ണതയോടെ പങ്കെടുക്കാൻ നമ്മെ പ്രേരിപ്പിക്കില്ലേ? സഹായ പയനിയറിങ് ചെയ്യുന്നതോ ശുശ്രൂഷയിലുള്ള പങ്കു വർധിപ്പിക്കുന്നതോ സ്മാരകകാലയളവിൽ നന്ദി പ്രകടിപ്പിക്കാനുള്ള മറ്റൊരു നല്ല അവസരമാണ്. സ്മാരകസായാഹ്നത്തിൽ, സന്ദർശകരെ സ്വാഗതം ചെയ്യാനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും വിലമതിപ്പുള്ള ഹൃദയം പ്രേരിപ്പിക്കും.
4. നഷ്ടബോധം ഒഴിവാക്കാൻ ഈ സ്മാരകകാലത്ത് നമുക്ക് എന്തു ചെയ്യാൻ കഴിയും?
4 ഇതു നമ്മുടെ അവസാന സ്മാരകം ആയിരിക്കുമോ? (1 കൊരി. 11:26) നമുക്കറിയില്ല. എന്നാൽ ഒന്നു നമുക്കറിയാം, നന്ദി പ്രകടിപ്പിക്കാനുള്ള അതുല്യമായ ഈ അവസരം ഒരിക്കൽ ഇല്ലാതാകും. അതുകൊണ്ട് നിങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തുമോ? നമ്മുടെ വായിൽനിന്നു വരുന്ന വിലമതിപ്പുനിറഞ്ഞ വാക്കുകളും ഹൃദയത്തിലെ ധ്യാനവും മറുവില നൽകിയ ഉദാരമതിയായ യഹോവയെ സന്തോഷിപ്പിക്കുകതന്നെ ചെയ്യും.—സങ്കീ. 19:14.