സമ്മർദം അനുഭവിക്കുന്ന മാതാപിതാക്കൾ
നവ മാതാപിതാക്കൾ മിക്കപ്പോഴും വലിയ ഉത്സാഹത്തിലായിരിക്കും. തങ്ങളുടെ കുഞ്ഞിനെ സംബന്ധിക്കുന്ന എന്തും അവരെ പുളകം കൊള്ളിക്കുന്നു. കുഞ്ഞിന്റെ ആദ്യത്തെ പുഞ്ചിരി, ആദ്യത്തെ വാക്കുകൾ, ആദ്യത്തെ പിച്ചവെപ്പുകൾ എല്ലാം ധന്യമുഹൂർത്തങ്ങളാണ്. കഥകൾ പറഞ്ഞും ഫോട്ടോകൾ കാട്ടിയും അവർ സുഹൃത്തുക്കളെയും ബന്ധുക്കളെയും രസിപ്പിക്കുന്നു. അവർ തങ്ങളുടെ കുട്ടിയെ സ്നേഹിക്കുന്നു എന്നതിൽ സംശയമില്ല.
എങ്കിലും വർഷങ്ങൾ കടന്നുപോകവേ, ചില കുടുംബങ്ങളിൽ ദുരന്തം തലപൊക്കുന്നു. മാതാപിതാക്കളുടെ ലാളനകൾ പരുഷമായ കുത്തുവാക്കുകൾക്കും, വാത്സല്യത്തോടെയുള്ള ആലിംഗനങ്ങൾ കോപത്തോടെയുള്ള പ്രഹരങ്ങൾക്കും വഴിമാറുന്നു. അല്ലെങ്കിൽ അവർ കുട്ടിയെ സ്പർശിക്കുകപോലും ചെയ്യാതാകുന്നു. മാതാപിതാക്കളുടെ അഭിമാനം വിദ്വേഷമായി മാറുന്നു. “എനിക്ക് കുട്ടികൾ ഉണ്ടാകേണ്ടായിരുന്നു,” പലരും പറയുന്നത് അങ്ങനെയാണ്. മറ്റു ചില കുടുംബങ്ങളിലാകട്ടെ, സ്ഥിതിഗതികൾ അതിലും വഷളാണ്—മകനോ മകളോ കുഞ്ഞായിരുന്നപ്പോൾപ്പോലും മാതാപിതാക്കൾ സ്നേഹം കാട്ടിയിരുന്നില്ല! രണ്ടു സാഹചര്യങ്ങളിലും എന്താണു സംഭവിച്ചത്? സ്നേഹം എവിടെയാണ്?
അത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള കഴിവ് കുട്ടികൾക്കില്ല എന്നുള്ളതു ശരിതന്നെ. എങ്കിലും അവർ തങ്ങളുടേതായ നിഗമനങ്ങളിൽ എത്തിച്ചേരുകതന്നെ ചെയ്യും. ഉള്ളിന്റെയുള്ളിൽ ഒരു കുട്ടി നിഗമനം ചെയ്യുന്നത് ഇങ്ങനെയായിരിക്കും: ‘എനിക്കെന്തോ കുഴപ്പമുള്ളതുകൊണ്ടാണ് മമ്മിയും ഡാഡിയും എന്നെ സ്നേഹിക്കാത്തത്. ഞാൻ ഒരു ചീത്ത കുട്ടിയായിരിക്കും.’ ഈ ധാരണ, ജീവിതത്തിൽ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്കും വഴിതെളിച്ചേക്കാവുന്നവിധം കുട്ടിയുടെ മനസ്സിൽ ആഴത്തിൽ വേരുറച്ചേക്കാം.
എന്നാൽ, മാതാപിതാക്കൾ കുട്ടികൾക്ക് ആവശ്യമായ സ്നേഹം നൽകാതിരുന്നേക്കാവുന്നതിനു പല കാരണങ്ങളുണ്ട് എന്നതാണു സത്യം. മാതാപിതാക്കൾ ഇന്നു വളരെ, ഒരുപക്ഷേ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അളവിൽ, സമ്മർദം അനുഭവിക്കുന്നുണ്ടെന്നതു സമ്മതിച്ചേ മതിയാകൂ. ഈ സമ്മർദങ്ങളെ ഉചിതമായി കൈകാര്യം ചെയ്യാൻ തയ്യാറായിട്ടില്ലാത്ത മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അവ, മാതാപിതാക്കളെന്ന നിലയിലുള്ള അവരുടെ ഉത്തരവാദിത്വങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. ജ്ഞാനപൂർവകമായ ഒരു പുരാതന പഴമൊഴി പറയുന്നത് ഇങ്ങനെയാണ്: “മർദ്ദനം ജ്ഞാനിയെ ഭോഷനാക്കും.”—സഭാപ്രസംഗി 7:7, പി.ഒ.സി. ബൈ.
“ദുർഘടസമയങ്ങൾ”
ഒരു ആദർശ യുഗം. ഈ നൂറ്റാണ്ടിൽ അങ്ങനെയൊന്ന് ഉണ്ടാകുമെന്നാണു പലരും പ്രതീക്ഷിച്ചിരുന്നത്. സാമ്പത്തിക ക്ലേശങ്ങൾ, ക്ഷാമങ്ങൾ, വരൾച്ചകൾ, യുദ്ധങ്ങൾ എന്നിവ മേലാൽ ഇല്ലാതിരിക്കുന്നതായി സങ്കൽപ്പിക്കുക! എന്നാൽ അത്തരം പ്രതീക്ഷകളൊക്കെ സാക്ഷാത്കരിക്കപ്പെടാതെ പോയിരിക്കുന്നു. പകരം, ഇന്നത്തെ ലോകം പൊ.യു. ഒന്നാം നൂറ്റാണ്ടിലെ ഒരു ബൈബിളെഴുത്തുകാരൻ പ്രവചിച്ചതുപോലെയായിത്തീർന്നിരിക്കുന്നു. നമ്മുടെ നാളുകളിൽ നാം “ദുർഘടസമയ”ങ്ങളെ നേരിടുമെന്ന് അവൻ എഴുതി. (2 തിമൊഥെയൊസ് 3:1-5) മിക്ക മാതാപിതാക്കളും ആ വാക്കുകൾ മടി കൂടാതെ സമ്മതിക്കും.
നവ മാതാപിതാക്കളിൽ പലരും മിക്കപ്പോഴും തങ്ങളുടെ കുട്ടികളെ ഇന്നത്തെ ലോകത്തിൽ വളർത്തുന്നതിനുള്ള ഉയർന്ന ചെലവു കണ്ട് പരിഭ്രാന്തരാകുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മിക്കപ്പോഴും മാതാവും പിതാവും ജോലി ചെയ്യണം. ചികിത്സ, വസ്ത്രം, വിദ്യാഭ്യാസം, ശിശുപരിപാലനം, ഭക്ഷണം, പാർപ്പിടം, എന്നിവയ്ക്കായി മാസംതോറും വലിയൊരു തുകതന്നെ ചെലവാക്കേണ്ടതുണ്ട്. പല മാതാപിതാക്കൾക്കും തങ്ങൾ നിലയില്ലാ കയത്തിൽ മുങ്ങിത്താഴുന്നതുപോലെ തോന്നുന്നു. ഇന്നത്തെ സാമ്പത്തികാവസ്ഥ ബൈബിൾ വിദ്യാർഥികളെ ഓർമിപ്പിക്കുന്നത്, അന്നന്നത്തെ ആവശ്യങ്ങൾക്ക് ആളുകൾ തങ്ങളുടെ ദിവസവേതനം മുഴുവൻ ചെലവാക്കേണ്ടി വരുന്ന ഒരു കാലത്തെക്കുറിച്ചുള്ള വെളിപ്പാടിലെ പ്രവചനത്തെയാണ്!—വെളിപ്പാടു 6:6.
മാതാപിതാക്കൾ നേരിടുന്ന ഈ സമ്മർദങ്ങൾ മുഴുവൻ കുട്ടികൾക്കു മനസ്സിലാകുമെന്നു പ്രതീക്ഷിക്കാനാവില്ല. അതേ, കുട്ടികൾ പ്രകൃത്യാ എന്തും ആവശ്യപ്പെടുന്നവരും സ്നേഹത്തിനും ശ്രദ്ധയ്ക്കുംവേണ്ടി ദാഹിക്കുന്നവരുമാണ്. ഏറ്റവും പുതിയ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വാങ്ങിക്കൂട്ടാൻ മാധ്യമങ്ങളും സഹപാഠികളും അവരുമേൽ സമ്മർദം ചെലുത്തുന്നതുകൊണ്ട് മിക്കപ്പോഴും അവർ ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടികയുമായി മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നു.
ഇക്കാലത്തു കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന, മാതാപിതാക്കൾ നേരിടുന്ന മറ്റൊരു സമ്മർദമാണ് മത്സരമനോഭാവം. ശ്രദ്ധേയമായി, നാമിന്നു ജീവിക്കുന്ന വിക്ഷുബ്ധ നാളുകളുടെ മറ്റൊരു സൂചനയായി ബൈബിൾ പ്രവചിച്ചതു കുട്ടികളുടെ വ്യാപകമായ അനുസരണക്കേടിനെയാണ്. (2 തിമൊഥെയൊസ് 3:2) കുട്ടികളുടെ അച്ചടക്കസംബന്ധമായ പ്രശ്നങ്ങൾ പുത്തരിയല്ല എന്നതു ശരിതന്നെ. കുട്ടിയുടെ ദുഷ്പെരുമാറ്റം നിമിത്തം അവനെ ദ്രോഹിക്കുന്നതു മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഉചിതമായിരിക്കുകയില്ല. എന്നാൽ മത്സരമനോഭാവം നിറഞ്ഞുനിൽക്കുന്ന ഒരു പരിസ്ഥിതിയിൽ മാതാപിതാക്കൾക്കു കുട്ടികളെ ഇന്നു വളർത്തേണ്ടിവരുന്നു എന്നുള്ളതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? വിദ്വേഷം, ധിക്കാരം, ഇച്ഛാഭംഗം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരമേറിയ സംഗീതം; മാതാപിതാക്കളെ പമ്പര വിഡ്ഢികളായും കുട്ടികളെ മിടുമിടുക്കന്മാരായും ചിത്രീകരിക്കുന്ന ടിവി പരിപാടികൾ; അക്രമാസക്ത ഉൾപ്രേരണകൾക്കു വശംവദരാകുന്നതിനെ പാടിപ്പുകഴ്ത്തുന്ന ചലച്ചിത്രങ്ങൾ—ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇന്നു കുട്ടികളെ സ്വാധീനിക്കുന്നത്. മത്സരമനോഭാവത്തിന്റേതായ ഇത്തരം പെരുമാറ്റങ്ങൾ ഉൾക്കൊണ്ട് അതനുകരിക്കുന്ന കുട്ടികൾ മാതാപിതാക്കൾക്കു വലിയ തലവേദനയായിരിക്കും.
“സ്വാഭാവിക പ്രിയമില്ലാത്തവർ”
ഇന്നത്തെ കുടുംബങ്ങൾക്കു കൂടുതൽ കുഴപ്പങ്ങൾ വരുത്തിവെക്കുന്ന, മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്ന മറ്റൊരു വശവും ഇതേ പുരാതന പ്രവചനത്തിനുണ്ട്. ഒട്ടേറെ ആളുകൾ “സ്വാഭാവിക പ്രിയമില്ലാത്തവർ” ആയിരിക്കുമെന്ന് അതു സൂചിപ്പിക്കുന്നു. (2 തിമൊഥെയൊസ് 3:3, NW) കുടുംബത്തെ ഒറ്റക്കെട്ടാക്കി നിർത്തുന്നതു സ്വാഭാവിക പ്രിയമാണ്. ബൈബിൾ പ്രവചനത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നവർപോലും നമ്മുടെ നാളുകളിൽ ഞെട്ടിക്കുന്ന വിധത്തിൽ കുടുംബജീവിതം തകർന്നുകൊണ്ടിരിക്കുകയാണെന്നു സമ്മതിക്കേണ്ടിവരും. ലോകമൊട്ടാകെ വിവാഹമോചന നിരക്ക് കുതിച്ചുയർന്നിരിക്കുന്നു. പല സമുദായങ്ങളിലും മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളും രണ്ടാനച്ഛനമ്മമാരുള്ള കുടുംബങ്ങളും പരമ്പരാഗത കുടുംബങ്ങളെക്കാൾ സർവസാധാരണമായിത്തീർന്നിരിക്കുന്നു. ഒറ്റയ്ക്കുള്ള മാതാവോ പിതാവോ രണ്ടാനച്ഛനമ്മമാരോ ചിലപ്പോൾ കുട്ടികൾക്കാവശ്യമായ സ്നേഹം കാണിക്കാൻ ബുദ്ധിമുട്ടുളവാക്കുന്ന, പ്രത്യേക തരത്തിലുള്ള വെല്ലുവിളികളും സമ്മർദങ്ങളും അഭിമുഖീകരിച്ചേക്കാം.
എങ്കിലും ഇതിന് ശക്തമായ സ്വാധീനമുണ്ടായേക്കാം. ഇന്നത്തെ പല മാതാപിതാക്കളും ‘വാത്സല്യം’ കുറവുള്ളതോ തീരെയില്ലാത്തതോ ആയ ഭവനങ്ങളിൽ—വ്യഭിചാരവും വിവാഹമോചനവും നിമിത്തം തകർന്നുപോയ ഭവനങ്ങളിൽ; നിസ്സംഗതയും വിദ്വേഷവും നിറഞ്ഞ ഭവനങ്ങളിൽ; ഒരുപക്ഷേ ചീത്തവിളികളോ വൈകാരികമോ ശാരീരികമോ ലൈംഗികമോ ആയ ദുഷ്പെരുമാറ്റങ്ങളോ സർവസാധാരണമായിരുന്ന ഭവനങ്ങളിൽ—ആണ് വളർന്നുവന്നിരിക്കുന്നത്. അത്തരം ഭവനങ്ങളിൽ വളർന്നുവരുന്നത്, കുട്ടിയായിരിക്കുമ്പോഴും മുതിർന്നുകഴിയുമ്പോഴും, നാശക ഫലങ്ങൾ ഉളവാക്കിയേക്കാം. സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ഒരു ഇരുണ്ട ഭാവിയാണ്—കുട്ടികളായിരിക്കെ ദുഷ്പെരുമാറ്റങ്ങൾക്കു വിധേയരായ മാതാപിതാക്കൾ തങ്ങളുടെ മക്കളോടും അത്തരത്തിൽത്തന്നെ പെരുമാറാനുള്ള സാധ്യതയുണ്ട്. ബൈബിൾ കാലങ്ങളിൽ യഹൂദന്മാരുടെ ഇടയിൽ ഒരു ചൊല്ലുണ്ടായിരുന്നു: “അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു.”—യെഹെസ്കേൽ 18:2.
എങ്കിലും കാര്യങ്ങൾ അത്തരത്തിലായിരിക്കേണ്ടതില്ലെന്നു ദൈവം തന്റെ ജനത്തോടു പറഞ്ഞു. (യെഹെസ്കേൽ 18:3) സുപ്രധാനമായ ഒരാശയം ഇവിടെ മനസ്സിലാക്കണം. മാതാപിതാക്കളുടെമേൽ ഇത്തരം സമ്മർദങ്ങളുള്ളതുകൊണ്ട് അവർ തങ്ങളുടെ മക്കളോടു നിന്ദ്യമായി പെരുമാറണമെന്ന് അർഥമാക്കുന്നുണ്ടോ? തീർച്ചയായും ഇല്ല! നിങ്ങൾ ഒരു മാതാവോ പിതാവോ ആണെന്നിരിക്കട്ടെ. നേരത്തെ പ്രതിപാദിച്ച ചില സമ്മർദങ്ങളോടു നിങ്ങൾ മല്ലിടുകയാണെങ്കിൽ, എന്നെങ്കിലും ഒരു നല്ല മാതാവോ പിതാവോ ആയിരിക്കാൻ കഴിയുമോ എന്നു നിങ്ങൾ വ്യാകുലപ്പെടുന്നുണ്ടെങ്കിൽ, ധൈര്യമായിരിക്കുക! നിങ്ങൾ അക്കൂട്ടത്തിൽ ഒരാളായിരിക്കണമെന്നില്ല. ഗതകാലം യാന്ത്രികമായി നിങ്ങളുടെ ഭാവിയെ നിർണയിക്കുന്നില്ല.
അഭിവൃദ്ധിപ്പെടാൻ സാധിക്കുമെന്ന തിരുവെഴുത്തുപരമായ ഉറപ്പിനോടുള്ള യോജിപ്പിൽ ഹെൽത്തി പേരൻറിങ് എന്ന പുസ്തകം ഇപ്രകാരം അഭിപ്രായപ്പെടുന്നു: “നിങ്ങളുടെ മാതാപിതാക്കൾ പെരുമാറിയിരുന്നതിൽനിന്നു വ്യത്യസ്തമായി പെരുമാറാൻ [നിങ്ങൾ] മനപ്പൂർവ ശ്രമം ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ ബാല്യകാല മാതൃകകൾ ആവർത്തിക്കപ്പെടുകതന്നെ ചെയ്യും. ഈ പരിവൃത്തി ഭേദിക്കാൻ നിങ്ങൾ നിലനിർത്തിപ്പോരുന്ന അനാരോഗ്യകരമായ മാതൃകകളെക്കുറിച്ചു ബോധമുള്ളവരായിരിക്കുകയും അവ എങ്ങനെ മാറ്റാനാകുമെന്നു പഠിക്കുകയും വേണം.”
അതേ, ആവശ്യമായ സ്നേഹവും ലാളനയും നൽകാതെ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്ന ആ പരിവൃത്തി ഭേദിക്കാൻ വേണമെങ്കിൽ നിങ്ങൾക്കു സാധിക്കും! ഇക്കാലത്തു കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതു പ്രയാസകരമാക്കിത്തീർക്കുന്ന സമ്മർദങ്ങൾ കൈകാര്യം ചെയ്യാനും നിങ്ങൾക്കു കഴിയും. എന്നാൽ എങ്ങനെ? കുട്ടികളെ ആരോഗ്യകരമായ രീതികളിൽ വളർത്തിക്കൊണ്ടുവരുന്നതിനുള്ള ഏറ്റവും നല്ലതും ആശ്രയയോഗ്യവുമായ നിലവാരങ്ങൾ എവിടെനിന്നു പഠിക്കാനാകും? ഞങ്ങളുടെ അടുത്ത ലേഖനം ഈ വിഷയം ചർച്ചചെയ്യും.
[6-ാം പേജിലെ ചിത്രം]
സമ്മർദത്തിൻ കീഴിലായിരിക്കുമ്പോൾ ചില മാതാപിതാക്കൾ മക്കളോടു സ്നേഹം കാണിക്കാൻ പരാജയപ്പെടുന്നു
[7-ാം പേജിലെ ചിത്രം]
മക്കൾക്കാവശ്യമായ സ്നേഹം മാതാപിതാക്കൾ പ്രകടിപ്പിക്കണം