‘ദൈവത്തിന്റെ വചനം ശക്തിചെലുത്തുന്നു’
1 “ദൈവത്തിന്റെ വചനം ജീവനുള്ളതും ശക്തിചെലുത്തുന്നതും” ആണെന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതി. (എബ്രാ. 4:12, NW) അതിനാൽ അവൻ എന്താണ് അർഥമാക്കിയത്? ബൈബിളിൽ കാണുന്ന ദൈവത്തിന്റെ വാക്കുകൾക്ക് അഥവാ സന്ദേശത്തിന് ആളുകളിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയും. ബൈബിളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനത്തിന് ഒരുവന്റെ ജീവിതത്തെ മെച്ചപ്പെട്ടതാക്കി മാറ്റാനുള്ള ശക്തിയുണ്ട്. അതു വാഗ്ദാനം ചെയ്യുന്ന ആശ്വാസവും പ്രത്യാശയും ജീവദാതാവായ യഹോവയാം ദൈവത്തിലേക്ക് ആളുകളെ ആകർഷിക്കുന്നു. അതിലെ സന്ദേശത്തിന് ആത്മാർഥ ഹൃദയരായ ആളുകളെ നിത്യജീവന്റെ പാതയിലേക്കു നയിക്കാൻ കഴിയും. എന്നാൽ ഇതു സാധ്യമാകുന്നതിന്, മറ്റുള്ളവരോടു സാക്ഷീകരിക്കുമ്പോൾ നാം ബൈബിൾ ഉപയോഗിക്കേണ്ടതുണ്ട്.
2 എല്ലാ അവസരങ്ങളിലും ഒരു തിരുവെഴുത്തു വായിക്കുക: വീട്ടുവാതിൽക്കൽ ബൈബിൾ ഉപയോഗിക്കുന്ന രീതി പല പ്രസാധകർക്കും ഇല്ലാതായിരിക്കുന്നതായി തോന്നുന്നു. നിങ്ങളുടെ കാര്യത്തിൽ അതു ശരിയാണോ? അനേകർക്കും ദീർഘമായ സംഭാഷണത്തിനു സമയമില്ലായിരിക്കാം എന്നതിനാൽ സാഹിത്യം മാത്രം കാണിക്കുകയോ ഒരു തിരുവെഴുത്തു വെറുതെ പരാമർശിക്കുകയോ ചെയ്യുന്ന രീതി നിങ്ങൾ അവലംബിച്ചിട്ടുണ്ടാകാം. സുവാർത്ത അവതരിപ്പിക്കുമ്പോൾ കുറഞ്ഞപക്ഷം ഒരു തിരുവെഴുത്തെങ്കിലും വായിക്കുന്നതിന് നല്ല ശ്രമം ചെയ്യാൻ എല്ലാ പ്രസാധകരെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെയാകുമ്പോൾ നമ്മുടെ ദൂത് വാസ്തവത്തിൽ ബൈബിളിൽനിന്ന് ഉള്ളതാണെന്ന് ആളുകൾക്കു മനസ്സിലാകും.
3 ചുരുക്കം പേർക്കേ ബൈബിൾ വായിക്കുന്ന ശീലമുള്ളൂ എങ്കിലും ആളുകൾ പൊതുവേ ബൈബിളിനെ ആദരിക്കുന്നുണ്ട്. ദൈവവചനത്തിൽനിന്നു നേരിട്ടു വായിക്കുന്ന സന്ദേശം ശ്രദ്ധിക്കുന്നതിന്, തിരക്കുള്ളവർപോലും മിക്കപ്പോഴും ഒന്നു രണ്ടു നിമിഷം നിന്നുതരാൻ തയ്യാറാകും. ഉചിതമായ തിരുവെഴുത്ത് ഊഷ്മളതയോടെ വായിച്ച് ഹ്രസ്വമായി വിശദീകരിക്കുമ്പോൾ, കേൾവിക്കാരനിൽ യഹോവയുടെ വചനത്തിന് നല്ലൊരു സ്വാധീനം ചെലുത്താനാകും. എന്നാൽ നിങ്ങൾ പറയുന്ന ആദ്യ വാചകങ്ങളെ വായിക്കാൻ പോകുന്ന തിരുവെഴുത്തുമായി എങ്ങനെ ബന്ധിപ്പിക്കാൻ കഴിയും?
4 മാസികാ വേലയിൽ ഇതു പരീക്ഷിക്കുക: മാസികാ വേലയിൽ ഏർപ്പെടുമ്പോൾ ഒരു സഞ്ചാര മേൽവിചാരകൻ തിരുവെഴുത്തുകൾ ഫലകരമായി ഉപയോഗിക്കുന്നു. അദ്ദേഹത്തിന്റെ പോക്കറ്റിൽ ഒരു ചെറിയ ബൈബിളുണ്ടാകും. മാസിക കാണിച്ച് അതിലെ ഒരു ലേഖനം ഹ്രസ്വമായി വിശേഷവത്കരിച്ച ശേഷം ഒരു മടിയും കൂടാതെ അദ്ദേഹം ബൈബിൾ തുറന്ന്, ആ ലേഖനവുമായി ബന്ധപ്പെട്ട ഒരു തിരുവെഴുത്തു വായിക്കുന്നു. ഇതു വളരെ ലളിതമായി ചെയ്യാവുന്നതാണ്. “പ്രോത്സാഹജനകമായ ഈ വാഗ്ദാനത്തെ കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു?” എന്നു ചോദിച്ചശേഷം തിരഞ്ഞെടുത്ത ഒരു തിരുവെഴുത്തു വായിക്കുക.
5 ഓരോ കേൾവിക്കാരനെയും ബൈബിളിൽനിന്ന് ഒന്നോ രണ്ടോ വാക്യം വായിച്ചു കേൾപ്പിക്കാൻ ലക്ഷ്യം വെക്കുക. കൂടുതൽ ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള വഴി തുറക്കാൻ അതിന്റെ പ്രേരക ശക്തിക്കു കഴിയും.—യോഹ. 6:44.