ദൈവത്തിന്റെ പ്രവാചകൻമാരെ മാതൃകയായി സ്വീകരിക്കുക
“സഹോദരരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകരെ സഹനത്തിന്നും ക്ഷമയ്ക്കും മാതൃകയായി സ്വീകരിക്കുക.”—യാക്കോബ് 5:10, ഓശാന ബൈബിൾ.
1. പീഡിപ്പിക്കപ്പെടുമ്പോൾപോലും സന്തോഷമുള്ളവരായിരിക്കാൻ യഹോവയുടെ ദാസൻമാരെ സഹായിക്കുന്നത് എന്ത്?
ഈ അന്ത്യനാളുകളിൽ ലോകം മുഴുവൻ ഇരുൾമൂടി കിടക്കുമ്പോഴും യഹോവയുടെ ദാസൻമാർ സന്തോഷകിരണങ്ങൾ പ്രസരിപ്പിക്കുന്നു. തങ്ങൾ ദൈവത്തെ സന്തോഷിപ്പിക്കുന്നു എന്ന് അവർ അറിയുന്നുവെന്നതാണ് ഇതിനു കാരണം. കൂടാതെ, യഹോവയുടെ സാക്ഷികൾ തങ്ങളുടെ പരസ്യശുശ്രൂഷയോടുള്ള പീഡനവും എതിർപ്പും സഹിക്കുന്നു. കാരണം, നീതിനിമിത്തമാണ് തങ്ങൾ കഷ്ടം സഹിക്കേണ്ടിവരുന്നതെന്ന് അവർക്കറിയാം. യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാൻമാർ [“സന്തുഷ്ടർ,” NW]; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിൻമയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ [“സന്തുഷ്ടർ,” NW]. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകൻമാരെയും അവർ അങ്ങനെതന്നേ ഉപദ്രവിച്ചുവല്ലോ.” (മത്തായി 5:10-12) വാസ്തവത്തിൽ, വിശ്വാസം നിമിത്തം പീഡനം സഹിക്കുമ്പോഴെല്ലാം ദൈവദാസൻമാർ ഇവ സന്തോഷമായി കണക്കിടുന്നു.—യാക്കോബ് 1:2, 3.
2. യാക്കോബ് 5:10 പറയുന്നപ്രകാരം ക്ഷമ പ്രകടമാക്കുന്നതിനു നമ്മെ സഹായിക്കാൻ എന്തിനു കഴിയും?
2 ശിഷ്യനായ യാക്കോബ് എഴുതി: “സഹോദരരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകരെ സഹനത്തിന്നും ക്ഷമയ്ക്കും മാതൃകയായി സ്വീകരിക്കുക.” (യാക്കോബ് 5:10, ഓശാന ബൈബിൾ) ഡബ്ലിയൂ. എഫ്. ആർൻറ്, എഫ്. ഡബ്ലിയൂ. ഗിങ്ക്റിച്ച് എന്നിവർ ഇവിടെ ഉപയോഗിച്ചിരിക്കുന്ന “മാതൃക” (ഹൈപ്പോഡെയ്ഗ്മാ) എന്ന ഗ്രീക്കു പദത്തെ നിർവചിക്കുന്നത് “ദൃഷ്ടാന്തം, മാതൃകാരൂപം, മാതൃക” എന്നിങ്ങനെയാണ്. “അനുകരിക്കുന്നതിന് ഒരുവനെ പ്രചോദിപ്പിക്കുന്ന അല്ലെങ്കിൽ പ്രചോദിപ്പിക്കേണ്ട ക്രിയാത്മകമായ ഒന്ന്.” യോഹന്നാൻ 13:15-ൽ കൊടുത്തിരിക്കുന്നപ്രകാരം “ഇത് ഒരു ദൃഷ്ടാന്തത്തിലും കവിഞ്ഞ ഒന്നാണ്. അതൊരു യഥാർഥ പൂർവമാതൃകയാണ്.” (തിയോളജിക്കൽ ഡിക്ഷ്ണറി ഓഫ് ദ ന്യൂ ടെസ്ററമെൻറ്) അതുകൊണ്ട്, യഹോവയുടെ ആധുനിക നാളിലെ ദാസൻമാർക്ക് ‘സഹനത്തോടും’ ‘ക്ഷമയോടു’മുള്ള ബന്ധത്തിൽ അവന്റെ വിശ്വസ്ത പ്രവാചകൻമാരെ മാതൃകയായെടുക്കാം. അവരുടെ ജീവിതരീതികളെക്കുറിച്ചു പഠിക്കുമ്പോൾ വേറെ എന്തുകൂടെ നമുക്കു ഗ്രഹിക്കാൻ കഴിയും? നമ്മുടെ പ്രസംഗ പ്രവർത്തനത്തിൽ ഇതിനു നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
അവർ തിൻമ സഹിച്ചു
3, 4. അമസ്യാവിന്റെ എതിർപ്പിനെ പ്രവാചകനായ ആമോസ് എങ്ങനെയാണു നേരിട്ടത്?
3 യഹോവയുടെ പ്രവാചകൻമാർ മിക്കപ്പോഴും തിൻമയോ പീഡനമോ സഹിക്കുകയുണ്ടായി. ഉദാഹരണത്തിന്, പൊ.യു.മു. ഒമ്പതാം നൂററാണ്ടിൽ കാളക്കുട്ടിയെ ആരാധിച്ചുകൊണ്ടിരുന്ന പുരോഹിതനായ അമസ്യാവ് ആമോസ് പ്രവാചകനെ ദുഷ്ടമായ രീതിയിൽ എതിരിട്ടു. രാജാവ് വാൾകൊണ്ടു മരിക്കുമെന്നും ഇസ്രായേല്യർ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരുമെന്നും പ്രവചിച്ചുകൊണ്ട് യൊരോബെയാം രണ്ടാമനു വിരോധമായി ആമോസ് ഗൂഢാലോചന നടത്തിയെന്ന് അമസ്യാവ് വ്യാജം പറഞ്ഞു. അമസ്യാവ് പുച്ഛത്തോടെ ആമോസിനോടു പറഞ്ഞു: “എടോ ദർശകാ, യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക. ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ.” ഈ അധിക്ഷേപത്തിൽ ലവലേശം ഭയപ്പെടാതെ ആമോസ് ഉത്തരം പറഞ്ഞു: “ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു.”—ആമോസ് 7:10-15.
4 സധൈര്യം പ്രവചിക്കുന്നതിന് യഹോവയുടെ ആത്മാവ് ആമോസിനെ ശക്തനാക്കി. “യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്ഹാക്ക്ഗൃഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രൻമാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവുനൂൽകൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും” എന്ന് ആമോസ് പറഞ്ഞപ്പോഴത്തെ അമസ്യാവിന്റെ പ്രതികരണം ഒന്നു സങ്കൽപ്പിച്ചുനോക്കൂ. എന്നാൽ ആ പ്രവചനം നിവൃത്തിയേറുകയുണ്ടായി. (ആമോസ് 7:16, 17) വിശ്വാസത്യാഗിയായ അമസ്യാവിനെ അത് എത്രമാത്രം ഞെട്ടിപ്പിച്ചിരിക്കണം!
5. യഹോവയുടെ ആധുനിക നാളിലെ ദാസൻമാരുടെയും ആമോസിന്റെയും സാഹചര്യം തമ്മിൽ എന്തു സാദൃശ്യമാണുള്ളത്?
5 ഇത് യഹോവയുടെ ഇന്നത്തെ ജനത്തിന്റെ അവസ്ഥപോലെയാണ്. ദൈവസന്ദേശം പ്രഖ്യാപിക്കുന്നവർ എന്നനിലയിൽ നാം കഷ്ടമനുഭവിക്കുന്നു. നമ്മുടെ പ്രസംഗ പ്രവർത്തനത്തെക്കുറിച്ച് അനേകരും പുച്ഛത്തോടെ സംസാരിക്കുന്നു. പ്രസംഗിക്കുന്നതിനുള്ള അംഗീകാരം നമുക്കു ലഭിച്ചിരിക്കുന്നത് ഏതെങ്കിലും വൈദിക സെമിനാരിയിൽനിന്നല്ല എന്നതു സത്യംതന്നെ. മറിച്ച്, രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രഘോഷിക്കുന്നതിന് യഹോവയുടെ പരിശുദ്ധാത്മാവു നമ്മെ പ്രേരിപ്പിക്കുന്നു. നാം ദൈവസന്ദേശത്തിൽ മാററം വരുത്തുകയോ അതിൽ വെള്ളം ചേർക്കുകയോ ചെയ്യുന്നില്ല. അതിനു വിപരീതമായി, നമ്മുടെ കേൾവിക്കാരുടെ പ്രതികരണം കണക്കിലെടുക്കാതെ നാം ആമോസിനെപ്പോലെ അനുസരണയോടെ അതു പ്രഖ്യാപിക്കുന്നു.—2 കൊരിന്ത്യർ 2:15-17.
അവർ ക്ഷമ പ്രകടിപ്പിച്ചു
6, 7. (എ) യെശയ്യാവിന്റെ പ്രവചനത്തിന്റെ സ്വഭാവവിശേഷമെന്തായിരുന്നു? (ബി) യഹോവയുടെ ആധുനിക നാളിലെ ദാസൻമാർ യെശയ്യാവിനെപ്പോലെ പ്രവർത്തിക്കുന്നത് എങ്ങനെ?
6 ദൈവത്തിന്റെ പ്രവാചകൻമാർ ക്ഷമ പ്രകടിപ്പിച്ചു. ദൃഷ്ടാന്തത്തിന്, പൊ.യു.മു. എട്ടാം നൂററാണ്ടിൽ യഹോവയുടെ പ്രവാചകനായി സേവിച്ച യെശയ്യാവ് ക്ഷമ പ്രകടിപ്പിക്കുകയുണ്ടായി. ദൈവം അദ്ദേഹത്തോടു പറഞ്ഞു: “പോവുക, ഈ ജനത്തോടു പറയുക, നിങ്ങൾ വീണ്ടും വീണ്ടും കേൾക്കും, മനസ്സിലാക്കുകയില്ല; നിങ്ങൾ വീണ്ടും വീണ്ടും കാണും, ഗ്രഹിക്കുകയില്ല. അവർ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും അങ്ങനെ മാനസാന്തരപ്പെട്ടു സൗഖ്യം പ്രാപിക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെവികളെ മന്ദീഭവിപ്പിക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്യുക.” (ഏശയ്യാ 6:9, 10, പി.ഒ.സി. ബൈബിൾ) വാസ്തവത്തിൽ ആളുകൾ അപ്രകാരം പ്രതികരിക്കുകതന്നെ ചെയ്തു. എന്നാൽ ഇത് യെശയ്യാവിനെ പിൻമാറാൻ ഇടയാക്കിയോ? ഇല്ല. മറിച്ച്, അദ്ദേഹം ക്ഷമാപൂർവം, തീക്ഷ്ണതയോടെ ദൈവത്തിന്റെ മുന്നറിയിപ്പിൻ സന്ദേശം പ്രഖ്യാപിച്ചു. ഇപ്പോൾ ഉദ്ധരിച്ചുകഴിഞ്ഞ ദൈവവചനങ്ങളുടെ എബ്രായ ഘടന, പ്രവാചകന്റെ പ്രഖ്യാപനങ്ങളുടെ “ദീർഘമായ തുടർച്ച” എന്ന ആശയത്തെ പിന്താങ്ങുന്നു. അതാണു ജനങ്ങൾ “വീണ്ടും വീണ്ടും” കേട്ടത്.—ജസന്യൂസ് ഹീബ്രൂ ഗ്രാമർ.
7 യെശയ്യാവ് അറിയിച്ച ദൈവവചനത്തോട് ആളുകൾ പ്രതികരിച്ചതുപോലെതന്നെ ഇന്ന് അനേകർ സുവാർത്തയോടു പ്രതികരിക്കുന്നു. ആ വിശ്വസ്ത പ്രവാചകനെപ്പോലെ നാമും രാജ്യസന്ദേശം “വീണ്ടും വീണ്ടും” ആവർത്തിക്കുന്നു. തീക്ഷ്ണതയോടും ക്ഷമാപൂർവകമായ സ്ഥിരോത്സാഹത്തോടും കൂടെ നാം അതു ചെയ്യുന്നു. കാരണം അത് യഹോവയുടെ ഹിതമാണ്.
“അവർ അങ്ങനെ തന്നേ ചെയ്തു”
8, 9. യഹോവയുടെ പ്രവാചകനായ മോശ ഏതു വിധത്തിലാണു നല്ല മാതൃകയായിരിക്കുന്നത്?
8 ക്ഷമയുടെയും അനുസരണത്തിന്റെയും കാര്യത്തിൽ പ്രവാചകനായ മോശ അനുകരണീയനാണ്. അടിമകളാക്കപ്പെട്ട ഇസ്രായേല്യരോടൊപ്പം നിലകൊള്ളാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ അവരുടെ വിടുതലിനുള്ള കാലംവരെ അദ്ദേഹത്തിനു ക്ഷമാപൂർവം കാത്തിരിക്കേണ്ടിവന്നു. ഇസ്രായേൽ ജനതയെ അടിമത്തത്തിൽനിന്നു മോചിപ്പിക്കുന്നതിന് ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നതുവരെ 40 വർഷത്തോളം അദ്ദേഹം മിദ്യാനിൽ ജീവിച്ചു. ഈജിപ്തിന്റെ ഭരണാധികാരിയുടെ മുമ്പാകെ മോശയും സഹോദരനായ അഹരോനും ദൈവം അവരോടു കൽപ്പിച്ച കാര്യങ്ങൾ അനുസരണയോടെ പറയുകയും പ്രവർത്തിക്കുകയും ചെയ്തു. വാസ്തവത്തിൽ, “അവർ അങ്ങനെ തന്നേ ചെയ്തു.”—പുറപ്പാടു 7:1-6; എബ്രായർ 11:24-29.
9 ഇസ്രായേല്യരോടൊപ്പം മോശ മരുഭൂമിയിൽ കഠിനമായ 40 വർഷം ക്ഷമാപൂർവം ചെലവഴിച്ചു. തിരുനിവാസത്തിന്റെ നിർമാണത്തിലും യഹോവയുടെ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന മററു വസ്തുക്കളുടെ നിർമാണത്തിലും അദ്ദേഹം ദിവ്യമാർഗനിർദേശം അനുസരണയോടെ പിൻപററി. “മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവൻ ചെയ്തു” എന്നു നാം വായിക്കാൻ പോന്നവിധം ദൈവത്തിന്റെ നിർദേശങ്ങൾ ആ പ്രവാചകൻ അടുത്തു പിൻപററി. (പുറപ്പാടു 40:16) യഹോവയുടെ സ്ഥാപനത്തോടു സഹവസിച്ചുകൊണ്ടു നമ്മുടെ ശുശ്രൂഷ നിർവഹിക്കവേ നമുക്ക് മോശയുടെ അനുസരണം ഓർമിക്കാം. ‘നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ’ എന്ന് അപ്പോസ്തലനായ പൗലോസ് നൽകിയ ബുദ്ധ്യുപദേശം നമുക്കു ബാധകമാക്കുകയും ചെയ്യാം.—എബ്രായർ 13:17.
അവർ ക്രിയാത്മക മനോഭാവം പുലർത്തി
10, 11. (എ) പ്രവാചകനായ ഹോശേയക്ക് ക്രിയാത്മക മനോഭാവം ഉണ്ടായിരുന്നുവെന്നു സൂചിപ്പിക്കുന്നതെന്താണ്? (ബി) നമ്മുടെ പ്രദേശത്തെ ജനങ്ങളെ സമീപിക്കുമ്പോൾ നമുക്ക് ക്രിയാത്മക മനോഭാവം എങ്ങനെ പ്രകടിപ്പിക്കാനാവും?
10 പ്രവാചകൻമാർ ന്യായവിധി സന്ദേശങ്ങൾ പ്രഖ്യാപിക്കുന്നതോടൊപ്പം ഇസ്രായേലിൽ ചിതറിക്കിടന്നിരുന്ന വിശ്വസ്തരായവരിൽ ദൈവത്തിനുള്ള കരുതൽ പ്രതിഫലിക്കുന്ന പ്രവചനങ്ങളും നൽകേണ്ടിയിരുന്നു. തൻമൂലം പ്രവാചകൻമാർക്ക് ക്രിയാത്മക മനോഭാവം ഉണ്ടായിരിക്കേണ്ടത് ആവശ്യമായിരുന്നു. ചുരുങ്ങിയത് 59 വർഷം പ്രവാചകനായി സേവിച്ച ഹോശേയയെ സംബന്ധിച്ചിടത്തോളം ഇതു വാസ്തവമായിരുന്നു. ക്രിയാത്മക മനോഭാവത്തോടെ അദ്ദേഹം യഹോവയുടെ സന്ദേശം പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ പ്രാവചനിക ഗ്രന്ഥം ഈ വാക്കുകളോടെ ഉപസംഹരിക്കുന്നു: “ഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനി ആർ? അതു അറിവാൻ തക്ക വിവേകി ആർ? യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാൻമാർ അവയിൽ നടക്കും; അതിക്രമക്കാരോ അവയിൽ ഇടറിവീഴും.” (ഹോശേയ 14:9) സാക്ഷ്യം നൽകുന്നതിന് യഹോവ നമ്മെ അനുവദിക്കുന്നിടത്തോളം കാലം നമുക്ക് ക്രിയാത്മക മനോഭാവം ഉണ്ടായിരിക്കട്ടെ. കൂടാതെ, ദൈവത്തിന്റെ അനർഹദയ ബുദ്ധിപൂർവം സ്വീകരിക്കാൻ താത്പര്യമുള്ളവരെ അന്വേഷിച്ചുകൊണ്ടേയിരിക്കാം.
11 ‘യോഗ്യതയുള്ളവർ ആരെന്ന് അന്വേഷിക്കു’ന്നതിനു നാം സ്ഥിരോത്സാഹമുള്ളവർ ആയിരിക്കണം. തന്നെയുമല്ല കാര്യങ്ങൾ ക്രിയാത്മകമായി വീക്ഷിക്കുകയും ചെയ്യണം. (മത്തായി 10:11) ദൃഷ്ടാന്തത്തിന്, നമ്മുടെ താക്കോൽ നഷ്ടപ്പെട്ടുവെന്നിരിക്കട്ടെ. നാം പോയിടത്തെല്ലാം തിരിച്ചുചെന്ന് സൂക്ഷ്മമായി പരിശോധിക്കും. അങ്ങനെ പലപ്രാവശ്യം ചെയ്തുകഴിഞ്ഞായിരിക്കും നാം അതു കണ്ടെത്തുന്നത്. ചെമ്മരിയാടുതുല്യരായ ആളുകളെ തിരഞ്ഞുപിടിക്കുന്നതിൽ നമുക്ക് സമാനമായി സ്ഥിരോത്സാഹമുള്ളവരായിരിക്കാം. കൂടെക്കൂടെ പ്രവർത്തിച്ചിട്ടുള്ള പ്രദേശത്ത് അവർ സുവാർത്തയോടു പ്രതികരിക്കുമ്പോൾ നമുക്ക് എന്തു സന്തോഷമാണ് അനുഭവപ്പെടുക! മുൻകാലങ്ങളിൽ നമ്മുടെ പരസ്യശുശ്രൂഷയെ പരിമിതപ്പെടുത്തുന്ന വിലക്കുകൾ ഉണ്ടായിരുന്ന ദേശങ്ങളിൽ ദൈവം നമ്മുടെ വേലയെ അനുഗ്രഹിക്കുന്നതിൽ നാം എത്രമാത്രം ആനന്ദപുളകിതരാണ്!—ഗലാത്യർ 6:10.
പ്രോത്സാഹനത്തിന്റെ ഉറവുകൾ
12. യോവേലിന്റെ ഏതു പ്രവചനമാണ് 20-ാം നൂററാണ്ടിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നത്, എങ്ങനെ?
12 യഹോവയുടെ പ്രവാചകൻമാരുടെ വാക്കുകൾ നമുക്ക് നമ്മുടെ ശുശ്രൂഷയിൽ വളരെ പ്രോത്സാഹനം പകർന്നുതന്നേക്കാം. ദൃഷ്ടാന്തത്തിന്, യോവേലിന്റെ പ്രവചനംതന്നെ പരിചിന്തിക്കുക. പൊ.യു.മു. ഒമ്പതാം നൂററാണ്ടിലെ വിശ്വാസത്യാഗിയായ ഇസ്രായേലിന്റെയും മററുള്ളവരുടെയും നേർക്കുള്ള ന്യായവിധി സന്ദേശമാണ് അതിൽ ഉൾക്കൊണ്ടിരിക്കുന്നത്. എങ്കിലും, ഇങ്ങനെ പ്രവചിക്കുന്നതിന് യോവേൽ നിശ്വസ്തനായി: “ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും. ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.” (യോവേൽ 2:28, 29) പൊ.യു. (പൊതുയുഗം) 33-ലെ പെന്തക്കോസ്തുമുതൽ യേശുവിന്റെ അനുഗാമികളുടെ കാര്യത്തിൽ അതു സത്യമെന്നു തെളിഞ്ഞു. ഈ 20-ാം നൂററാണ്ടിൽ ആ പ്രവചനത്തിന്റെ എത്ര മഹത്തായ നിവൃത്തിയാണു നാം കാണുന്നത്! യഹോവയുടെ സന്ദേശം ‘പ്രവചിക്കുന്ന’ അല്ലെങ്കിൽ പ്രഘോഷിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ നമുക്കുണ്ട്. അവരിൽ 6,00,000-ത്തിലധികം പേർ മുഴുസമയ പയനിയർസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു.
13, 14. വയൽശുശ്രൂഷയിൽ സന്തോഷം കണ്ടെത്തുന്നതിന് യുവക്രിസ്ത്യാനികളെ എന്തു സഹായിക്കും?
13 രാജ്യപ്രഘോഷകരിൽ അനേകർ ചെറുപ്പക്കാരാണ്. മുതിർന്നവരോട് ബൈബിളിനെക്കുറിച്ചു സംസാരിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം എല്ലായ്പോഴും അത്ര എളുപ്പമല്ല. ‘നിങ്ങൾ പ്രസംഗത്തിലേർപ്പെട്ടുകൊണ്ടു വെറുതെ നിങ്ങളുടെ സമയം പാഴാക്കുകയാണ്. നിങ്ങൾ വാസ്തവത്തിൽ വേറെന്തെങ്കിലും തൊഴിൽ ചെയ്യേണ്ടവരാണ്’ എന്ന് യഹോവയുടെ യുവപ്രായത്തിലുള്ള ദാസൻമാരോടു പറഞ്ഞിട്ടുണ്ട്. ആ വ്യക്തിക്ക് അങ്ങനെ തോന്നുന്നതിൽ തങ്ങൾക്കു ഖേദമുണ്ടെന്നു യഹോവയുടെ യുവസാക്ഷികൾ നയപൂർവം പറഞ്ഞേക്കാം. ഇങ്ങനെ കൂട്ടിച്ചേർക്കുന്നതു സഹായകരമെന്ന് സുവാർത്തയുടെ ഒരു യുവപ്രസംഗകൻ കണ്ടെത്തി: “നിങ്ങളെപ്പോലെ പ്രായംചെന്ന ആളുകളുമായി സംസാരിക്കുന്നതിൽനിന്നു ഞാൻ പ്രയോജനമനുഭവിക്കുന്നതായി എനിക്കു തോന്നുന്നു. ഞാൻ അത് ആസ്വദിക്കുകയുമാണ്.” സുവാർത്താപ്രസംഗം യാതൊരു വിധത്തിലും സമയം പാഴാക്കലല്ല. ജീവൻ അപായത്തിലാണ്. “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും” എന്ന് യോവേൽ മുഖാന്തരം ദൈവം വീണ്ടും പ്രഖ്യാപിച്ചു.—യോവേൽ 2:32.
14 രാജ്യപ്രസംഗ പ്രവർത്തനത്തിൽ മാതാപിതാക്കളെ അനുഗമിക്കുന്ന കുട്ടികൾ വ്യക്തിപരമായ ലക്ഷ്യങ്ങൾ വയ്ക്കുന്ന കാര്യത്തിൽ മാതാപിതാക്കളുടെ സഹായം ഇഷ്ടപ്പെടുന്നു. അത്തരം യുവജനങ്ങൾ പടിപടിയായി പുരോഗമിക്കുന്നു. ആദ്യപടിയായി ഒരു തിരുവെഴുത്തു വായിക്കുന്നു. പിന്നീട് തങ്ങളുടെ ബൈബിളധിഷ്ഠിത പ്രത്യാശയെക്കുറിച്ചു വിശദീകരിക്കുകയും താത്പര്യക്കാർക്ക് ഉചിതമായ സാഹിത്യം സമർപ്പിക്കുകയും ചെയ്യാൻപോന്ന വിധം അവർ പുരോഗതി നേടുന്നു. തങ്ങളുടെ പുരോഗതിയും യഹോവയുടെ അനുഗ്രഹവും കണ്ടറിയുമ്പോൾ യുവ രാജ്യപ്രസാധകർ സുവാർത്ത പ്രസംഗിക്കുന്നതിൽ വളരെ സന്തുഷ്ടി കണ്ടെത്തുന്നു.—സങ്കീർത്തനം 110:3; 148:12, 13.
തീക്ഷ്ണതയും കാത്തിരിപ്പിൻ മനോഭാവവും
15. എസെക്കിയേലിന്റെ ദൃഷ്ടാന്തത്തിനു രാജ്യപ്രസംഗവേലയിലെ നമ്മുടെ തീക്ഷ്ണതയെ തൊട്ടുണർത്താൻ കഴിയുന്നതെങ്ങനെ?
15 തീക്ഷ്ണതയും കാത്തിരിപ്പിൻ മനോഭാവവും പ്രകടിപ്പിക്കുന്നതിലും ദൈവത്തിന്റെ പ്രവാചകൻമാർ അനുകരണീയരായിരുന്നു. ഈ ഗുണവിശേഷങ്ങൾ നമ്മുടെ ശുശ്രൂഷയിൽ നമുക്കിന്ന് ആവശ്യമാണ്. ദൈവവചനത്തിൽനിന്നു നാം ആദ്യമായി സത്യം പഠിച്ചപ്പോൾ മററുള്ളവരോടു സധൈര്യം സംസാരിക്കാൻ നമ്മെ പ്രേരിപ്പിക്കാൻ പോന്നവിധം നാം തീക്ഷ്ണരായിരുന്നു. അതിനുശേഷം വർഷങ്ങൾതന്നെ കടന്നുപോയിട്ടുണ്ടാവാം. നാം നമ്മുടെ സാക്ഷീകരണ പ്രദേശം കൂടെക്കൂടെ പ്രവർത്തിച്ചുകഴിഞ്ഞിട്ടുണ്ടാവാം. വളരെ ചുരുക്കം ആളുകളേ രാജ്യസന്ദേശം സ്വീകരിക്കുന്നുണ്ടാകൂ. ഇതു നമ്മുടെ തീക്ഷ്ണത കുറയ്ക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ പ്രവാചകനായ എസെക്കിയേലിന്റെ കാര്യം പരിചിന്തിക്കുക. അദ്ദേഹത്തിന്റെ പേരിന്റെ അർഥം “ദൈവം ബലപ്പെടുത്തുന്നു” എന്നാണ്. എസെക്കിയേൽ പുരാതന ഇസ്രായേലിൽ കഠിനഹൃദയരായ ആളുകളെ അഭിമുഖീകരിക്കേണ്ടിയിരുന്നു. എന്നാൽ ദൈവം അദ്ദേഹത്തെ ബലപ്പെടുത്തുകയും അദ്ദേഹത്തിന്റെ നെററിയെ ആലങ്കാരികമായി തീക്കല്ലിനെക്കാൾ കടുപ്പമുള്ളതാക്കുകയും ചെയ്തു. അങ്ങനെ, ജനങ്ങൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അനേക വർഷങ്ങളോളം തന്റെ ശുശ്രൂഷ നിർവഹിക്കുന്നതിന് എസെക്കിയേലിനു കഴിഞ്ഞു. നമുക്കും അങ്ങനെതന്നെ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹത്തിന്റെ ദൃഷ്ടാന്തം കാണിക്കുന്നു. പ്രസംഗവേലക്കുവേണ്ടി നമ്മുടെ തീക്ഷ്ണതയെ തൊട്ടുണർത്താനും അതിനു കഴിയും.—യെഹെസ്കേൽ 3:8, 9; 2 തിമൊഥെയൊസ് 4:5.
16. മീഖായുടെ ഏതു മനോഭാവമാണു നാം നട്ടുവളർത്തേണ്ടത്?
16 ക്ഷമയുടെ കാര്യത്തിൽ ശ്രദ്ധേയനാണ് മീഖാ. അദ്ദേഹം പൊ.യു.മു. എട്ടാം നൂററാണ്ടിലാണു പ്രവചിച്ചത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; ഞാൻ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും” എന്ന് അദ്ദേഹം എഴുതി. (മീഖാ 7:7) മീഖായുടെ ദൃഢവിശ്വാസം വേരൂന്നിയിരുന്നത് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസത്തിലായിരുന്നു. യഹോവ ഉദ്ദേശിച്ച കാര്യം തീർച്ചയായും നിവർത്തിക്കുമെന്ന് പ്രവാചകനായ യെശയ്യാവിനെപ്പോലെ മീഖായും അറിഞ്ഞിരുന്നു. നമുക്കും അതറിയാം. (യെശയ്യാവു 55:11) അതുകൊണ്ട്, ദൈവത്തിന്റെ വാഗ്ദത്തങ്ങളുടെ നിവൃത്തിക്കുവേണ്ടി ഒരു കാത്തിരിപ്പിൻ മനോഭാവം നമുക്കു നട്ടുവളർത്താം. രാജ്യസന്ദേശത്തിൽ ആളുകൾ തീരെ താത്പര്യം പ്രകടിപ്പിക്കാത്ത സ്ഥലങ്ങളിൽപ്പോലും നമുക്കു തീക്ഷ്ണതയോടെ സുവാർത്ത പ്രസംഗിക്കാം.—തീത്തൊസ് 2:14; യാക്കോബ് 5:7-10.
ഇന്ന് ക്ഷമ പ്രകടിപ്പിക്കുന്നു
17, 18. ക്ഷമ പ്രകടിപ്പിക്കുന്നതിന് ഏത് പുരാതന-ആധുനിക ദൃഷ്ടാന്തങ്ങൾക്കു നമ്മെ സഹായിക്കാനാവും?
17 യഹോവയുടെ പ്രവാചകൻമാരിൽ ചിലർ തങ്ങളുടെ നിയമനങ്ങളിൽ ക്ഷമയോടെ നിലകൊണ്ടെങ്കിലും അവർ തങ്ങളുടെ പ്രവചനങ്ങളുടെ നിവൃത്തി കണ്ടില്ല. എങ്കിലും, പ്രത്യേകിച്ചും പീഡനം സഹിക്കേണ്ടിവന്ന അവസരത്തിലെ ക്ഷമയോടെയുള്ള അവരുടെ സ്ഥിരോത്സാഹം, നമ്മുടെ ശുശ്രൂഷ നിർവഹിക്കുന്നതിനു നമുക്കു കഴിയുമെന്നു തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. 20-ാം നൂററാണ്ടിന്റെ ആദ്യ ദശകത്തിലെ വിശ്വസ്ത അഭിഷിക്തരുടെ ദൃഷ്ടാന്തത്തിൽനിന്നും നമുക്കു പ്രയോജനം നേടാവുന്നതാണ്. അവരുടെ സ്വർഗീയ പ്രത്യാശ അവർ പ്രതീക്ഷിച്ചത്ര വേഗത്തിൽ നിവൃത്തിയേറിയില്ല. എങ്കിലും താമസമെന്നു തോന്നിച്ച ഒരു കാര്യത്തിലുണ്ടായ നിരാശ ദൈവം അവർക്കു വെളിപ്പെടുത്തിയ വേല ചെയ്യുന്നതിനുള്ള തങ്ങളുടെ തീക്ഷ്ണത കുറയ്ക്കാൻ അവർ അനുവദിച്ചില്ല.
18 വർഷങ്ങളായി ഈ ക്രിസ്ത്യാനികളിൽ അനേകരും വീക്ഷാഗോപുരവും അതിന്റെ കൂട്ടുമാസികയായ ഉണരുക!യും (ആദ്യം സുവർണ്ണയുഗം എന്നും പിന്നീട് ആശ്വാസം എന്നും പേരിട്ടു) ക്രമമായി വിതരണം ചെയ്തിരുന്നു. വിലയേറിയ ഈ പ്രസിദ്ധീകരണങ്ങൾ ആളുകൾക്ക് തെരുവുകളിലും അവരുടെ വീടുകളിലും ലഭ്യമാക്കിത്തീർക്കാനുള്ള ക്രമീകരണങ്ങൾ അവർ ചെയ്തു. ഇന്ന് അതിനു നാം പറയുന്നത് മാസികാറൂട്ടുകൾ എന്നാണ്. തെരുവുവേലയിൽ ഏർപ്പെട്ടിരുന്ന ഒരു പ്രായംചെന്ന സഹോദരിയുടെ അഭാവം പതിവായി അതിലെ കടന്നു പോയിരുന്നവർക്ക് അനുഭവപ്പെട്ടു. സഹോദരിയുടെ ഭൗമിക ജീവിതം അവസാനിച്ചിരുന്നു എന്നാൽ, അനേകം വർഷത്തെ അവരുടെ വിശ്വസ്ത സേവനത്തിലൂടെ അവർ എന്തു സാക്ഷ്യമാണു നൽകിയത്! അവരുടെ പരസ്യശുശ്രൂഷ നിരീക്ഷിച്ചിരുന്നവരുടെ വിലമതിപ്പുള്ള അഭിപ്രായങ്ങളിൽ നിന്ന് ഇതു വ്യക്തമാണ്. ഒരു രാജ്യപ്രഘോഷകൻ എന്നനിലയിൽ നിങ്ങൾ വീക്ഷാഗോപുരവും ഉണരുക!യും നിങ്ങളുടെ ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവർക്കു ക്രമമായി സമർപ്പിക്കാറുണ്ടോ?
19. എബ്രായർ 6:10-12 എന്ത് പ്രോത്സാഹനമാണു നമുക്കു നൽകുന്നത്?
19 യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗങ്ങളായി സേവനമനുഷ്ഠിക്കുന്ന സഹോദരൻമാരുടെ ക്ഷമയും വിശ്വസ്ത സേവനവും പരിചിന്തിച്ചുനോക്കൂ. അവരിലനേകരും തങ്ങളുടെ ജീവിതത്തിൽ ഒമ്പതോ പത്തോ ദശകങ്ങൾ പിന്നിട്ടിരിക്കുന്നു. എങ്കിലും അവർ ഇപ്പോഴും തങ്ങളുടെ നിയമിത ജോലികൾ തീക്ഷ്ണതയോടെ ചെയ്യുന്ന രാജ്യപ്രഘോഷകരാണ്. (എബ്രായർ 13:7) സ്വർഗീയ പ്രത്യാശയുള്ള മററു പ്രായംചെന്നവരുടെയും “വേറെ ആടുകളിൽ”പ്പെട്ട വാർധക്യം പ്രാപിച്ചവരിൽ ചിലരുടെയും കാര്യമോ? (യോഹന്നാൻ 10:16) തങ്ങളുടെ പ്രവൃത്തിയും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല ദൈവം എന്ന് അവർക്കു തീർച്ചയുണ്ടായിരിക്കാൻ കഴിയും. പ്രായംകുറഞ്ഞ സഹവിശ്വാസികളോടൊപ്പം പ്രായംചെന്ന സാക്ഷികളും വിശ്വാസവും ക്ഷമയും പ്രകടിപ്പിച്ചുകൊണ്ട് തങ്ങളാലാകുന്നതെല്ലാം ചെയ്യാൻ ഇടയാകട്ടെ. (എബ്രായർ 6:10-12) അങ്ങനെയെങ്കിൽ, പുരാതനകാലത്തെ പ്രവാചകൻമാരെപ്പോലെ പുനരുത്ഥാനത്തിലൂടെയോ വരാൻപോകുന്ന ‘മഹോപദ്രവ’ത്തെ അതിജീവിച്ചോ നിത്യജീവൻ എന്ന പ്രതിഫലം അവർ നേടിയെടുക്കും.—മത്തായി 24:21.
20. (എ) പ്രവാചകൻമാരുടെ “മാതൃക”യിൽനിന്നു നിങ്ങൾ എന്തു പഠിച്ചു? (ബി) പ്രവാചകതുല്യമായ ക്ഷമയ്ക്ക് നമ്മെ എങ്ങനെ സഹായിക്കാനാകും?
20 ദൈവത്തിന്റെ പ്രവാചകൻമാർ നമുക്ക് എത്ര നല്ല മാതൃകയാണു നൽകിയിരിക്കുന്നത്! അവർ പീഡനം സഹിക്കുകയും ക്ഷമ പ്രകടിപ്പിക്കുകയും മററു ദൈവിക ഗുണങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തതുകൊണ്ട് യഹോവയുടെ നാമത്തിൽ സംസാരിക്കാൻ അവർക്കു പദവി ലഭിച്ചു. ആധുനികനാളിലെ സാക്ഷികളെന്ന നിലയിൽ നമുക്ക് അവരെപ്പോലായിരിക്കാം. കൂടാതെ, പിൻവരുന്നപ്രകാരം പ്രഖ്യാപിച്ച പ്രവാചകനായ ഹബക്കൂക്കിനെപ്പോലെ ദൃഢനിശ്ചയമുള്ളവരുമായിരിക്കാം: ‘ഞാൻ കൊത്തളത്തിൽനിന്നു കാവൽകാത്തുകൊണ്ടു: [ദൈവം] എന്നോടു എന്തരുളിച്ചെയ്യും എന്നു കാണേണ്ടതിന്നു ദൃഷ്ടിവെക്കും.’ (ഹബക്കൂക് 2:1) ക്ഷമ പ്രകടിപ്പിക്കുകയും നമ്മുടെ മഹദ്സ്രഷ്ടാവായ യഹോവയുടെ ശ്രേഷ്ഠമായ നാമത്തിനു സന്തോഷപൂർവം തുടർച്ചയായി പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്തുകൊണ്ട് നമുക്കും സമാനമായ ഒരു ദൃഢനിശ്ചയം ചെയ്യാം!—നെഹെമ്യാവു 8:10; റോമർ 10:10.
നിങ്ങൾ ഈ ആശയം ഗ്രഹിച്ചോ?
◻ പ്രവാചകനായ ആമോസ് ധീരമായ എന്തു ദൃഷ്ടാന്തമാണു വെച്ചത്?
◻ പ്രവാചകനായ മോശ ഏതു വിധങ്ങളിലാണു അനുകരണീയനായിരുന്നത്?
◻ യഹോവയുടെ ആധുനികനാളിലെ സാക്ഷികൾക്ക് ആമോസിനെയും യെശയ്യാവിനെയുംപോലെ എങ്ങനെ പ്രവർത്തിക്കാൻ കഴിയും?
◻ ഹോശേയയുടെയും യോവേലിന്റെയും നടത്തയിൽനിന്ന് ക്രിസ്തീയ ശുശ്രൂഷകർക്ക് എന്തു പഠിക്കാനാകും?
◻ എസെക്കിയേലിന്റെയും മീഖായുടെയും ദൃഷ്ടാന്തങ്ങളിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
[16-ാം പേജിലെ ചിത്രം]
അമസ്യാവിന്റെ അങ്ങേയററത്തെ എതിർപ്പുകളൊന്നും വകവയ്ക്കാതെ സധൈര്യം പ്രവചിക്കുന്നതിന് യഹോവയുടെ ആത്മാവ് ആമോസിനെ ശക്തനാക്കി
[18-ാം പേജിലെ ചിത്രം]
യഹോവയുടെ സേവനത്തിൽ വിശ്വസ്ത അഭിഷിക്തർ ക്ഷമ പ്രകടമാക്കിക്കൊണ്ട് ഒരു മികച്ച ദൃഷ്ടാന്തം വെച്ചിരിക്കുന്നു