ദൈവത്തിനായി ക്ഷമയോടെ കാത്തിരിക്കുക!
‘ഞാനോ എന്റെ ദൈവത്തിന്നായി കാത്തിരിക്കും.’ —മീഖാ 7:7.
1. നാം അക്ഷമരാകാനിടയുള്ളത് എന്തുകൊണ്ട്?
മിശിഹൈകരാജ്യം 1914-ൽ സ്ഥാപിതമായതോടെ സാത്താന്റെ ദുഷ്ടവ്യവസ്ഥിതി അതിന്റെ അന്ത്യനാളുകളിലേക്കു പ്രവേശിച്ചു. സ്വർഗത്തിലുണ്ടായ യുദ്ധത്തെത്തുടർന്ന് യേശു സാത്താനെയും ഭൂതങ്ങളെയും ഭൂമിയുടെ പരിസരത്തേക്ക് എറിഞ്ഞുകളഞ്ഞു. (വെളിപാട് 12:7-9 വായിക്കുക.) തനിക്ക് “അൽപ്പകാലമേയുള്ളൂ” എന്നു സാത്താന് അറിയാം. (വെളി. 12:12) 1914-ൽ തുടങ്ങിയ ആ ‘അൽപ്പകാലം’ ഇന്ന് ദശകങ്ങൾ പിന്നിട്ട് നൂറുവർഷത്തോളമായിരിക്കുന്നു. അന്ത്യനാളുകൾ തുടങ്ങിയിട്ട് ദീർഘകാലമായല്ലോ എന്ന് ചിലർക്കെങ്കിലും തോന്നുന്നുണ്ടാകാം. യഹോവ നടപടിയെടുക്കുന്നതിനായി കാത്തിരിക്കവെ നാം അക്ഷമരാകുന്നുണ്ടോ?
2. ഈ ലേഖനത്തിൽ നാം എന്താണ് കാണാൻപോകുന്നത്?
2 അക്ഷമ അപകടം ചെയ്യും; നാം വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കാൻ അത് ഇടയാക്കും. അങ്ങനെയെങ്കിൽ, ക്ഷമയോടെ കാത്തിരിക്കുന്നവരായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? ഇതിനുള്ള ഉത്തരം കിട്ടാൻ സഹായിക്കുന്നവയാണ് നാം ഈ ലേഖനത്തിൽ ചർച്ച ചെയ്യാൻപോകുന്ന പിൻവരുന്ന ചോദ്യങ്ങൾ: (1) ക്ഷമയോടെ കാത്തിരിക്കുന്ന കാര്യത്തിൽ മീഖാ പ്രവാചകൻ വെച്ച മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (2) നമ്മുടെ കാത്തിരിപ്പിന് അവസാനം കുറിക്കുന്ന സംഭവങ്ങൾ ഏവ? (3) യഹോവയുടെ ദീർഘക്ഷമയെപ്രതി നന്ദിയുള്ളവരാണെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം?
മീഖായുടെ മാതൃകയിൽനിന്ന് എന്തു പഠിക്കാം?
3. മീഖായുടെ കാലത്ത് ഇസ്രായേലിലെ അവസ്ഥ എങ്ങനെയായിരുന്നു?
3 മീഖാ 7:2-6 വായിക്കുക. ഇസ്രായേലിന്റെ ആത്മീയസ്ഥിതി ഒന്നിനൊന്നു വഷളാകുന്നതും ദുഷ്ടരാജാവായ ആഹാസിന്റെ വാഴ്ചക്കാലത്ത് അങ്ങേയറ്റം അധഃപതിച്ച അവസ്ഥയിലെത്തുന്നതും യഹോവയുടെ പ്രവാചകനായ മീഖാ നേരിൽകണ്ടു. അവിശ്വസ്തരായ ആ ജനതയെ മീഖാ ‘മുൾപ്പടർപ്പിനോടും’ ‘മുൾവേലിയോടും’ ആണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഒരു മുൾപ്പടർപ്പിനോടോ മുൾവേലിയോടോ അടുത്താൽ മുറിവേൽക്കുന്നതുപോലെ വഷളായിത്തീർന്ന ഇസ്രായേല്യരോട് ഇടപെട്ടവർക്കെല്ലാം ക്ഷതമേൽക്കേണ്ടിവന്നു. കുടുംബബന്ധങ്ങൾപോലും ഛിദ്രിച്ചുപോകുന്ന അവസ്ഥയിലേക്ക് ഇസ്രായേൽജനത അധഃപതിച്ചു. സാഹചര്യങ്ങൾക്കു മാറ്റം വരുത്താൻ തന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞ മീഖാ യഹോവയുടെ സന്നിധിയിൽ തന്റെ ഹൃദയം പകർന്നു. എന്നിട്ട്, യഹോവ നടപടിയെടുക്കുന്നതിനായി അവൻ ക്ഷമയോടെ കാത്തിരുന്നു. യഹോവ തന്റെ തക്ക സമയത്ത് ഇടപെടുമെന്ന് അവന് ഉറച്ച ബോധ്യമുണ്ടായിരുന്നു.
4. എന്തെല്ലാം പ്രതിസന്ധികളാണ് നമുക്ക് നേരിടേണ്ടിവരുന്നത്?
4 സ്വാർഥരായ ആളുകളുടെ ഇടയിലാണ് മീഖായെപ്പോലെ നമ്മളും ജീവിക്കുന്നത്. “നന്ദികെട്ടവരും അവിശ്വസ്തരും സഹജസ്നേഹമില്ലാത്തവരും” ആണ് മിക്കവരും. (2 തിമൊ. 3:2, 3) തൻകാര്യതത്പരരായി പെരുമാറുന്ന കൂട്ടുജോലിക്കാരുടെയും സഹപാഠികളുടെയും അയൽക്കാരുടെയും ഇടയിൽ ജീവിക്കുമ്പോൾ നമുക്ക് മടുപ്പും മനോവിഷമവും തോന്നിയേക്കാം. എന്നാൽ ദൈവദാസന്മാരിൽ ചിലർ അതിനെക്കാളെല്ലാം വലിയൊരു പ്രതിസന്ധി നേരിടുന്നവരാണ്: കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പ്. തന്റെ അനുഗാമികൾക്ക് അത്തരം എതിർപ്പുണ്ടാകുമെന്ന് യേശു പറഞ്ഞു. മീഖാ 7:6-നോടു സമാനമായ വാക്കുകളാണ് യേശു ആ സന്ദർഭത്തിൽ ഉപയോഗിച്ചത്. ‘ഞാൻ വന്നത് ഭിന്നിപ്പിക്കുവാനാണ്,’ അവൻ പറഞ്ഞു. “മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മായിയമ്മയോടും ഭിന്നിപ്പിക്കുവാൻതന്നെ. മനുഷ്യന്റെ വീട്ടുകാർതന്നെ അവന്റെ ശത്രുക്കളാകും.” (മത്താ. 10:35, 36) വിശ്വാസികളല്ലാത്ത കുടുംബാംഗങ്ങളുടെ പരിഹാസവും എതിർപ്പും സഹിച്ചുനിൽക്കുന്നത് എത്ര ദുഷ്കരമാണ്! അങ്ങനെയൊരു പരിശോധന നമുക്കുണ്ടെങ്കിൽ കുടുംബസമ്മർദങ്ങൾക്ക് മുന്നിൽ നാം കുഴഞ്ഞുപോകരുത്. പകരം, വിശ്വസ്തരായി തുടരുക, യഹോവ കാര്യങ്ങൾ നേരെയാക്കുന്ന സമയത്തിനായി ക്ഷമയോടെ കാത്തിരിക്കുക. സഹായത്തിനായി നിരന്തരം യാചിക്കുന്നെങ്കിൽ സഹിച്ചുനിൽക്കാൻവേണ്ട ശക്തിയും ജ്ഞാനവും അവൻ നിശ്ചയമായും നൽകും.
5, 6. യഹോവ എങ്ങനെയാണ് മീഖായ്ക്കു പ്രതിഫലമേകിയത്, പക്ഷേ ഏതു പ്രവചനനിവൃത്തി കാണാൻ മീഖായ്ക്കു കഴിഞ്ഞില്ല?
5 മീഖാ ക്ഷമയോടെ കാത്തിരുന്നതിന് യഹോവ പ്രതിഫലം നൽകിയോ? നിശ്ചയമായും! ആഹാസ് രാജാവിന്റെയും അവന്റെ ദുർഭരണത്തിന്റെയും അന്ത്യം മീഖായ്ക്ക് കാണാനായി. ആഹാസിന്റെ പുത്രനായ ഹിസ്കീയാവ് അധികാരത്തിലേറുന്നതും സത്യാരാധന പുനഃസ്ഥാപിച്ചുകൊണ്ട് സത്ഭരണം കാഴ്ചവെക്കുന്നതും കാണാൻ പ്രവാചകന് അവസരം ലഭിച്ചു. അശ്ശൂര്യർ വടക്കേ ദേശമായ ഇസ്രായേലിനെ ആക്രമിച്ചപ്പോൾ ശമര്യക്കെതിരെ മീഖായിലൂടെ യഹോവ ഉദ്ഘോഷിച്ച ന്യായവിധിപ്രഖ്യാപനങ്ങൾ നിവൃത്തിയാകുന്നതും അവൻ കണ്ടു.—മീഖാ 1:6.
6 എന്നിരുന്നാലും, യഹോവ മീഖായിലൂടെ അരുളിച്ചെയ്ത എല്ലാ പ്രവചനങ്ങളുടെയും നിവൃത്തി കാണാൻ അവനു കഴിഞ്ഞില്ല. ഉദാഹരണത്തിന്, മീഖാ ഇങ്ങനെ പ്രവചിച്ചിരുന്നു: “അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; ജാതികൾ അതിലേക്കു ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു . . . കയറിച്ചെല്ലാം . . . എന്നു പറയും.” (മീഖാ 4:1, 2) ഈ പ്രവചനം നിറവേറുന്നതിന് എത്രയോ കാലങ്ങൾക്കു മുമ്പേ മീഖാ മരിച്ചു! ചുറ്റുമുള്ളവർ എന്തുചെയ്താലും അതൊന്നും ഗണ്യമാക്കാതെ മരണംവരെ താൻ യഹോവയോടു വിശ്വസ്തനായിരിക്കുമെന്ന് അവൻ നിശ്ചയിച്ചുറച്ചിരുന്നു. അതേക്കുറിച്ച് മീഖാ ഇങ്ങനെ എഴുതി: “സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.” (മീഖാ 4:5) യഹോവ തന്റെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റും എന്ന കാര്യത്തിൽ മീഖായ്ക്കു തികഞ്ഞ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് മനംമടുപ്പിക്കുന്ന സാഹചര്യങ്ങൾ ചുറ്റുമുണ്ടായിരുന്നിട്ടും അവന് ക്ഷമയോടെ കാത്തിരിക്കാൻ കഴിഞ്ഞത്. വിശ്വസ്തനായ ആ ദൈവദാസൻ യഹോവയിൽ പൂർണമായി ആശ്രയിച്ചു.
7, 8. (എ) യഹോവയിൽ ആശ്രയിക്കുന്നതിന് നമുക്ക് എന്തു കാരണമുണ്ട്? (ബി) നാം എന്തു ചെയ്താൽ ശേഷിച്ച സമയം അതിശീഘ്രം കടന്നുപോകുന്നതായി നമുക്കു തോന്നും?
7 മീഖായെപ്പോലെ യഹോവയിൽ ആശ്രയിക്കുന്നതിന് നമുക്കും ഈടുറ്റ കാരണമുണ്ട്. മീഖായുടെ പ്രവചനത്തിന്റെ നിവൃത്തി നമ്മൾ സ്വന്തകണ്ണാൽ കണ്ടിരിക്കുന്നു. ഈ ‘അന്ത്യകാലത്ത്’ എല്ലാ ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും നിന്നുള്ള ദശലക്ഷങ്ങൾ “യഹോവയുടെ പർവ്വതത്തിലേക്ക്” ഒഴുകിവന്നിരിക്കുന്നു. പരസ്പരം പോരടിക്കുന്ന രാഷ്ട്രങ്ങളിൽപ്പെട്ടവരായിട്ടും ഈ സത്യാരാധകർ ‘തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കുകയും യുദ്ധം അഭ്യസിക്കാൻ’ വിസമ്മതിക്കുകയും ചെയ്യുന്നു. (മീഖാ 4:3) യഹോവയുടെ സമാധാനപ്രിയരായ ജനതയുടെ ഭാഗമായി എണ്ണപ്പെടുന്നത് എത്ര മഹനീയമായൊരു പദവിയാണ്!
8 ഈ ദുഷ്ടവ്യവസ്ഥിതിയൊന്ന് അവസാനിച്ചുകാണാൻ നാം ആഗ്രഹിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. പക്ഷേ, അതുവരെ ക്ഷമയോടെ കാത്തിരിക്കണമെങ്കിൽ യഹോവ കാര്യങ്ങളെ കാണുന്നതുപോലെ കാണാൻ നാം ശ്രമിക്കണം. “താൻ നിയമിച്ച ഒരു പുരുഷൻ മുഖാന്തരം,” അതായത് യേശുക്രിസ്തു മുഖാന്തരം, മനുഷ്യവർഗത്തെ ന്യായംവിധിക്കാൻ യഹോവ ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. (പ്രവൃ. 17:31) ആ ദിവസം വരുന്നതിനു മുമ്പേ, “സത്യത്തിന്റെ പരിജ്ഞാനത്തിൽ” എത്താനും അതിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട് രക്ഷയിലേക്കു വരാനും സകലതരം മനുഷ്യർക്കും ദൈവം അവസരം നൽകുകയാണ്. അതെ, ജീവനാണ് അപകടത്തിലായിരിക്കുന്നത്! (1 തിമൊഥെയൊസ് 2:3, 4 വായിക്കുക.) ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടാൻ ആളുകളെ സഹായിക്കുന്ന വേലയിൽ തിരക്കോടെ ഏർപ്പെട്ടിരിക്കുമ്പോൾ സമയം പോകുന്നത് നാം അറിയുകയേ ഇല്ല. ശേഷിച്ച സമയം അതിശീഘ്രം കടന്നുപോകും, ഒടുവിൽ അന്ത്യം ആഗതമാകും. ഇന്ന് രാജ്യപ്രസംഗവേലയിൽ തിരക്കോടെ മുഴുകിയതിനെക്കുറിച്ചോർത്ത് അന്ന് നാം എത്ര സന്തോഷിക്കും!
നമ്മുടെ കാത്തിരിപ്പിന് അവസാനം കുറിക്കുന്ന സംഭവങ്ങൾ ഏവ?
9-11. 1 തെസ്സലോനിക്യർ 5:3 നിവൃത്തിയേറിയോ? വിശദീകരിക്കുക.
9 1 തെസ്സലോനിക്യർ 5:1-3 വായിക്കുക. സമീപഭാവിയിൽ ‘സമാധാനവും, സുരക്ഷിതത്വവും’ എന്ന പ്രഖ്യാപനമുണ്ടാകും. “ഉണർന്നും സുബോധത്തോടെയും” ഇരുന്നാൽ മാത്രമേ ഈ പ്രഖ്യാപനത്താൽ നാം വഞ്ചിക്കപ്പെടാതിരിക്കൂ. (1 തെസ്സ. 5:6) ഈ ഭാവിപ്രഖ്യാപനത്തിനു മുന്നോടിയായി നടന്നിരിക്കുന്ന ചില അരങ്ങൊരുക്കങ്ങളെക്കുറിച്ച് നമുക്ക് ഹ്രസ്വമായി നോക്കാം. ആത്മീയമായി ഉണർന്നിരിക്കാൻ അതു നമ്മെ സഹായിക്കും.
10 രണ്ടു ലോകമഹായുദ്ധങ്ങളുടെ കെടുതികളാൽ പൊറുതിമുട്ടിയ രാഷ്ട്രങ്ങൾ സമാധാനത്തിനുവേണ്ടി മുറവിളി കൂട്ടി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, സമാധാനം ആനയിക്കുമെന്ന പ്രതീക്ഷയിൽ സർവരാജ്യ സഖ്യം രൂപീകരിച്ചു. പിന്നീട്, രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് ഐക്യരാഷ്ട്ര സംഘടന രൂപീകൃതമായി. സമാധാനം കൊണ്ടുവരുമെന്ന പുതിയ പ്രതീക്ഷയോടെ മുഴുലോകജനതയും അതിലേക്ക് ഉറ്റുനോക്കി. ഭൂമിയിൽ സമാധാനം കൈവരിക്കാനുള്ള ഉപാധികളായി രാഷ്ട്രത്തലവന്മാരും മതനേതാക്കളും ഈ സംഘടനകളിലേക്കു നോക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, 1986-നെ ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര സമാധാനവർഷമായി പ്രഖ്യാപിച്ചു. ആ വർഷം ഒട്ടേറെ രാഷ്ട്രത്തലവന്മാരും മതനേതാക്കളും കത്തോലിക്കാസഭയുടെ പരമാധ്യക്ഷനോടൊപ്പം ഇറ്റലിയിലെ അസ്സീസ്സിയിൽ സമാധാനത്തിനായുള്ള പ്രാർഥനകൾക്കായി ഒരുമിച്ചുകൂടുകയുണ്ടായി.
11 എന്നിരുന്നാലും, സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള ആ പ്രഖ്യാപനമോ അതുപോലെയുള്ള മറ്റു പ്രഖ്യാപനങ്ങളോ ഒന്നും 1 തെസ്സലോനിക്യർ 5:3-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിന്റെ നിവൃത്തിയായിരുന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം, മുൻകൂട്ടിപ്പറഞ്ഞിരുന്ന ‘പെട്ടെന്നുള്ള നാശം’ സംഭവിച്ചില്ല.
12. ‘സമാധാനവും സുരക്ഷിതത്വവും’ എന്ന പ്രഖ്യാപനത്തെക്കുറിച്ച് നമുക്ക് എന്ത് അറിയാം?
12 ‘സമാധാനവും സുരക്ഷിതത്വവും’ എന്ന സവിശേഷമായ ഈ ഭാവിപ്രഖ്യാപനം നടത്തുന്നത് ആരായിരിക്കും? ക്രൈസ്തവലോകത്തിലെയും മറ്റു മതങ്ങളിലെയും നേതാക്കന്മാർക്ക് ഇതിൽ എന്തു പങ്കുണ്ടായിരിക്കും? വിവിധ രാഷ്ട്രത്തലവന്മാർ ഈ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നത് എങ്ങനെയായിരിക്കും? തിരുവെഴുത്തുകൾ ഇക്കാര്യങ്ങൾ നമ്മോടു പറയുന്നില്ല. എന്നാൽ ഒരുകാര്യം ഉറപ്പാണ്. പ്രഖ്യാപനം ഏതു രൂപത്തിലായാലും എത്ര ഉറപ്പുനൽകുന്നതായി തോന്നിയാലും അത് വെറും പുകമറ മാത്രമായിരിക്കും! ജീർണിച്ച ഈ ലോകം അപ്പോഴും സാത്താന്റെ പിടിയിൽത്തന്നെ ആയിരിക്കും, അകക്കാമ്പുവരെയും അഴുകിയ അവസ്ഥയിൽ! നമ്മിൽ ആരെങ്കിലും ആ സാത്താന്യപ്രചാരണം വിശ്വസിച്ച് നമ്മുടെ ക്രിസ്തീയനിഷ്പക്ഷത വിട്ടുകളയാൻ ഇടവരുന്നെങ്കിൽ അത് എത്ര ഖേദകരമായിരിക്കും!
13. ദൂതന്മാർ നാശത്തിന്റെ കാറ്റുകൾ പിടിച്ചുനിറുത്തിയിരിക്കുന്നത് എന്തിനാണ്?
13 വെളിപാട് 7:1-4 വായിക്കുക. 1 തെസ്സലോനിക്യർ 5:3-ന്റെ നിവൃത്തിക്കായി നാം നോക്കിയിരിക്കുന്ന ഈ സമയത്ത്, ശക്തരായ ദൂതന്മാർ മഹാകഷ്ടത്തിന്റെ വിനാശകരമായ കാറ്റുകൾ പിടിച്ചുനിറുത്തിയിരിക്കുകയാണ്. അവർ എന്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്? സംഭവിക്കേണ്ട ഒരു പ്രധാനകാര്യം യോഹന്നാൻ അപ്പൊസ്തലൻ വിവരിക്കുന്നുണ്ട്: ‘നമ്മുടെ ദൈവത്തിന്റെ അഭിഷിക്തദാസന്മാരുടെ’ അന്തിമമുദ്രയിടൽ.a ആ അന്തിമമുദ്രയിടൽ പൂർത്തിയായാൽ ദൂതന്മാർ നാശത്തിന്റെ കാറ്റുകൾ അഴിച്ചുവിടും. പിന്നെ എന്തു സംഭവിക്കും?
14. മഹതിയാം ബാബിലോൺ മൃതിയടയാൻ പോകുന്നുവെന്നതിന്റെ സൂചനകൾ ഏവ?
14 വ്യാജമത ലോകസാമ്രാജ്യമായ മഹതിയാം ബാബിലോൺ നാമാവശേഷമാകും. ശരിക്കും അവൾ അർഹിക്കുന്ന ശിക്ഷതന്നെ. ‘വംശങ്ങൾക്കും പുരുഷാരങ്ങൾക്കും ജനതകൾക്കും ഭാഷക്കാർക്കും’ ഒന്നും അപ്പോൾ അവളെ സഹായിക്കാനാകില്ല. അവളുടെ നിര്യാണം അടുത്തിരിക്കുന്നതിന്റെ സൂചനകൾ നാം കണ്ടുതുടങ്ങിയിരിക്കുന്നു. (വെളി. 16:12; 17:15-18; 18:7, 8, 21) വാർത്താമാധ്യമങ്ങൾ മതത്തെയും മതനേതാക്കളെയും രൂക്ഷമായി വിമർശിക്കുന്ന പ്രവണത ഇന്ന് കൂടിക്കൂടി വരുന്നത് അവൾക്കുള്ള പിന്തുണ നഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ്. എന്നിരുന്നാലും മഹതിയാം ബാബിലോണിന്റെ നേതാക്കന്മാർ കരുതുന്നത് തങ്ങൾക്ക് യാതൊന്നും സംഭവിക്കില്ലെന്നാണ്. അതെ, അവർ ഒരു മൂഢസ്വർഗത്തിലാണ്! ‘സമാധാനവും സുരക്ഷിതത്വവും’ എന്ന പ്രഖ്യാപനത്തെത്തുടർന്ന് സാത്താന്റെ വ്യവസ്ഥിതിയുടെ രാഷ്ട്രീയഘടകങ്ങൾ പൊടുന്നനെ വ്യാജമതത്തിന്റെ നേരെ തിരിഞ്ഞ് അതിനെ തകർത്തുതരിപ്പണമാക്കും. മഹതിയാം ബാബിലോൺ ഇനിയൊരിക്കലും പൊങ്ങിവരുകയില്ല! ക്ഷമയോടെ കാത്തിരിക്കേണ്ടിവന്നാലും ഈ നാടകീയരംഗങ്ങൾക്കു സാക്ഷ്യംവഹിക്കാൻ കഴിഞ്ഞാൽ അതൊരു അസുലഭപദവിതന്നെ ആയിരിക്കില്ലേ?—വെളി. 18:8, 10.
ദൈവത്തിന്റെ ദീർഘക്ഷമയെപ്രതി നന്ദിയുള്ളവരായിരിക്കുക
15. എന്തുകൊണ്ടാണ് യഹോവ തിരക്കിട്ട് നടപടിയെടുക്കാത്തത്?
15 തന്റെ നാമത്തിന്മേൽ ആളുകൾ നിന്ദ കുന്നുകൂട്ടിയിട്ടും നടപടിയെടുക്കാനുള്ള തക്ക സമയം വരുന്നതുവരെ യഹോവ ക്ഷമയോടെ കാത്തിരിക്കുകയാണ്. ആത്മാർഥതയുള്ള ഒരു വ്യക്തിപോലും നശിച്ചുപോകാൻ അവൻ ആഗ്രഹിക്കുന്നില്ല. (2 പത്രോ. 3:9, 10) നാമും അങ്ങനെതന്നെയാണോ ആഗ്രഹിക്കുന്നത്? യഹോവയുടെ ദിവസം വരുന്നതിനു മുമ്പുള്ള ഈ സമയത്ത് അവന്റെ ദീർഘക്ഷമയെപ്രതി നമുക്ക് എങ്ങനെ നന്ദിയുള്ളവരായിരിക്കാമെന്നു നോക്കാം.
16, 17. (എ) നിഷ്ക്രിയരായവരെ സഹായിക്കാൻ നാം ആഗ്രഹിക്കേണ്ടത് എന്തുകൊണ്ട്? (ബി) നിഷ്ക്രിയരായിപ്പോയവർ യഹോവയിങ്കലേക്ക് അടിയന്തിരമായി മടങ്ങിവരേണ്ടത് എന്തുകൊണ്ട്?
16 നിഷ്ക്രിയരായവരെ സഹായിക്കുക. കാണാതെപോയ ഒരു ആടിനെയെങ്കിലും കണ്ടെത്തിയാൽ സ്വർഗത്തിൽ വലിയ സന്തോഷമുണ്ടാകുമെന്ന് യേശു പറഞ്ഞു. (മത്താ. 18:14; ലൂക്കോ. 15:3-7) തന്നെ ഇപ്പോൾ സേവിക്കുന്നില്ലെങ്കിലും ഒരിക്കൽ തന്റെ നാമത്തോട് സ്നേഹം കാണിച്ചിട്ടുള്ള ഓരോരുത്തരെയും യഹോവ അത്യന്തം പ്രിയത്തോടെ ഓർക്കുന്നു. സഭയിലേക്ക് മടങ്ങിവരാൻ ഇങ്ങനെയുള്ളവരെ സഹായിക്കുമ്പോൾ വാസ്തവത്തിൽ നാം യഹോവയെയും ദൂതന്മാരെയും സന്തോഷിപ്പിക്കുകയാണ്.
17 ദൈവത്തെ ഇപ്പോൾ സജീവമായി സേവിക്കാത്ത ഒരാളാണോ നിങ്ങൾ? ഒരുപക്ഷേ സഭയിലുള്ള ആരെങ്കിലും നിങ്ങളെ വ്രണപ്പെടുത്തിയതിനാലാകാം യഹോവയുടെ സംഘടനയുമായുള്ള സഹവാസം നിങ്ങൾ നിറുത്തിക്കളഞ്ഞത്. ഇതിനോടകം സമയം കുറെ കടന്നുപോയിട്ടുമുണ്ടാകാം. ഇനി, സ്വയം ഇങ്ങനെയൊന്നു ചോദിച്ചുകൂടേ: ‘എന്റെ ജീവിതം ഇപ്പോൾ അന്നത്തേതിലും അർഥപൂർണമായിട്ടുണ്ടോ? എന്റെ സന്തോഷം വർധിച്ചിട്ടുണ്ടോ? വാസ്തവത്തിൽ, യഹോവയാണോ എന്നെ മുഷിപ്പിച്ചത്, അതോ അപൂർണരായ സഹമനുഷ്യരിൽ ആരെങ്കിലുമാണോ? യഹോവ എന്നോട് എന്തെങ്കിലും ദ്രോഹം എപ്പോഴെങ്കിലും ചെയ്തിട്ടുണ്ടോ?’ യഹോവ നമുക്ക് എപ്പോഴും നല്ലതു മാത്രമേ ചെയ്തിട്ടുള്ളൂ. അവനോടുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാതിരിക്കുമ്പോൾപ്പോലും അവൻ ചൊരിയുന്ന നന്മകൾ അനുഭവിക്കാൻ അവൻ അനുവദിക്കുന്നില്ലേ? (യാക്കോ. 1:16, 17) യഹോവയുടെ ദിവസം ഉടൻ ഇങ്ങെത്തും. നമ്മുടെ സ്വർഗീയപിതാവിന്റെ കരുതലുള്ള കരങ്ങളിലേക്കും ഈ അവസാനനാളുകളിലെ ഏക സുരക്ഷിതസങ്കേതമായ സഭയിലേക്കും ഓടിയണയാനുള്ള സമയം ഇതാണ്.—ആവ. 33:27; എബ്രാ. 10:24, 25.
നിഷ്ക്രിയരായവരെ യഹോവയിങ്കലേക്ക് തിരികെക്കൊണ്ടുവരാൻ ദൈവജനം എല്ലാ ശ്രമവും ചെയ്യുന്നു (16, 17 ഖണ്ഡികകൾ കാണുക)
18. നേതൃത്വമെടുക്കുന്നവരെ നാം പിന്തുണയ്ക്കേണ്ടത് എന്തുകൊണ്ട്?
18 നേതൃത്വമെടുക്കുന്നവരെ വിശ്വസ്തമായി പിന്തുണയ്ക്കുക. സ്നേഹമുള്ള ഇടയനെന്ന നിലയിൽ യഹോവ നമ്മെ വഴിനയിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ആട്ടിൻകൂട്ടത്തിന്റെ മുഖ്യയിടയനായി അവൻ തന്റെ പുത്രനെത്തന്നെ നിയമിച്ചിരിക്കുകയാണ്. (1 പത്രോ. 5:4) ഒരു ലക്ഷത്തിലധികം വരുന്ന സഭകളിലുള്ള ദൈവത്തിന്റെ ആടുകളിൽ ഓരോരുത്തരെയും മേയ്ക്കാൻ മൂപ്പന്മാർ ശ്രദ്ധിക്കുന്നു. (പ്രവൃ. 20:28) നേതൃത്വമെടുക്കാൻ ചുമതലപ്പെട്ടവരെ വിശ്വസ്തമായി പിന്തുണയ്ക്കുമ്പോൾ യഹോവയും യേശുക്രിസ്തുവും നമുക്കുവേണ്ടി ചെയ്തതിനെല്ലാം നാം ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കുകയായിരിക്കും.
19. നമുക്ക് എങ്ങനെ നമ്മുടെ പൊതുശത്രുവിനെതിരെ അണിചേർന്നുനിൽക്കാം?
19 സഹോദരങ്ങളുമായി ഉറ്റബന്ധത്തിലേക്കു വരുക. ഇപ്പറഞ്ഞതിന്റെ അർഥം എന്താണെന്നു നോക്കാം. മുൻകാലങ്ങളിൽ, ശത്രു ആക്രമിക്കാനെത്തുമ്പോൾ സുശിക്ഷിതമായ ഒരു സൈന്യം എന്തു ചെയ്യുമായിരുന്നു? യുദ്ധനിരയിൽ പടയാളികൾ പരസ്പരം ചേർന്നുചേർന്നു നിൽക്കും. ശത്രുവിനു കടന്നുകയറാൻ പിന്നെ അല്പംപോലും വിടവുണ്ടാവില്ല. അങ്ങനെ അവർ ഭേദിക്കാനാവാത്ത ഒരു പ്രതിരോധം സൃഷ്ടിക്കും. ഇന്ന്, സാത്താൻ ദൈവജനത്തിന്മേലുള്ള ആക്രമണങ്ങൾ തീവ്രമാക്കുകയാണ്. അതുകൊണ്ട് നാം പരസ്പരം പോരടിക്കേണ്ട സമയമല്ല ഇത്. പിന്നെയോ, അന്യോന്യം ഉറ്റബന്ധത്തിലേക്കു വരുകയും സഹോദരങ്ങളുടെ കുറവുകൾ വിട്ടുകളയുകയും ചെയ്യേണ്ട സമയമാണ്. അതുപോലെ യഹോവയുടെ നായകത്വത്തെ നാം വിശ്വസിക്കുന്നുവെന്ന് കാണിക്കേണ്ട സമയവുമാണ്.
സാത്താന്നും ഭൂതങ്ങൾക്കും എതിരെ അണിചേർന്നു നിൽക്കാനുള്ള സമയമാണ് ഇത് (19-ാം ഖണ്ഡിക കാണുക)
20. നാം ഇപ്പോൾ ചെയ്യേണ്ടത് എന്താണ്?
20 നമുക്കെല്ലാം ആത്മീയമായി ഉണർന്നിരിക്കുകയും കരുതലോടെ കാത്തിരിക്കുകയും ചെയ്യാം. ‘സമാധാനവും സുരക്ഷിതത്വവും’ എന്ന പ്രഖ്യാപനത്തിനായും തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമമുദ്രയിടലിനായും നമുക്ക് ക്ഷമയോടെ നോക്കിപ്പാർത്തിരിക്കാം. അതിന് ശേഷം നാല് ദൂതന്മാർ നാശത്തിന്റെ കാറ്റുകൾ അഴിച്ചുവിടും, മഹതിയാം ബാബിലോൺ നശിപ്പിക്കപ്പെടും. ആ നിർണായകമായ സംഭവങ്ങൾക്കായി കാത്തിരിക്കുന്ന ഈ വേളയിൽ, യഹോവയുടെ സംഘടനയിൽ നേതൃത്വമെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവരുടെ നിർദേശങ്ങൾ നമുക്ക് മനസ്സോടെ സ്വീകരിക്കാം. സാത്താന്നും ഭൂതങ്ങൾക്കും എതിരെ നമുക്ക് അണിചേർന്നുനിൽക്കാം! യഹോവയെ “കാത്തിരിക്കുന്നവരേ, ദുർബലരാകാതെ ധൈര്യം അവലംബിക്കുവിൻ” എന്ന സങ്കീർത്തനക്കാരന്റെ ആഹ്വാനത്തിനു നമുക്ക് ചെവികൊടുക്കാം.—സങ്കീ. 31:24, പി.ഒ.സി.
a അഭിഷിക്തരുടെ പ്രാഥമികമുദ്രയിടലും അന്തിമമുദ്രയിടലും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ 2007 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 30-31 പേജുകൾ കാണുക.