“സഹിഷ്ണുത അതിന്റെ ധർമം പൂർത്തീകരിക്കട്ടെ”
“നിങ്ങൾ ഒന്നിലും കുറവില്ലാതെ, പൂർണരും എല്ലാം തികഞ്ഞവരും ആകേണ്ടതിന് നിങ്ങളുടെ സഹിഷ്ണുത അതിന്റെ ധർമം പൂർത്തീകരിക്കട്ടെ.”—യാക്കോ. 1:4.
1, 2. (എ) ഗിദെയോനിൽനിന്നും 300 പടയാളികളിൽനിന്നും നമുക്ക് എന്ത് പഠിക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) ലൂക്കോസ് 21:19-നു ചേർച്ചയിൽ സഹിഷ്ണുതയുടെ പ്രാധാന്യം എന്താണ്?
ഇത് ഒന്നു ഭാവനയിൽ കണ്ടുനോക്കൂ! ന്യായാധിപനായ ഗിദെയോന്റെ നേതൃത്വത്തിലുള്ള ഇസ്രായേല്യസൈന്യവും ശത്രുസൈന്യവും തമ്മിലുള്ള ക്ഷീണിപ്പിക്കുന്ന പൊരിഞ്ഞ പോരാട്ടം. ഗിദെയോനും കൂട്ടരും മിദ്യാന്യരെയും സഖ്യകക്ഷികളെയും ഒരു രാത്രി മുഴുവൻ പിന്തുടരുന്നു. ഏകദേശം 32 കിലോമീറ്റർ! തുടർന്ന് സംഭവിച്ചത് എന്താണെന്ന് ബൈബിൾ പറയുന്നു: “ഗിദെയോൻ യോർദ്ദാങ്കൽ എത്തി; അവനും കൂടെയുള്ള മുന്നൂറു പേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാൻ അക്കരെ കടന്നു.” അവരുടെ വിജയം അപ്പോഴും പൂർത്തിയായിരുന്നില്ല, 15,000 പടയാളികളെ ഇനിയും നേരിടാനുണ്ട്. ഗിദെയോനും പടയാളികൾക്കും പിന്മാറാൻ കഴിയില്ലായിരുന്നു. കാരണം വർഷങ്ങളായി ഈ ശത്രുക്കൾ അവരെ ഞെരുക്കുകയായിരുന്നു. അതുകൊണ്ട് അവർ അവരെ വിടാതെ പിന്തുടർന്നു പരാജയപ്പെടുത്തി.—ന്യായാ. 7:22; 8:4, 10, 28.
2 തളർത്തിക്കളയുന്ന കഠിനമായ ഒരു പോരാട്ടത്തിലാണ് ഇന്ന് നമ്മളും. സാത്താൻ, അവന്റെ ലോകം, നമ്മുടെതന്നെ അപൂർണത ഇവയെല്ലാം നമ്മുടെ ശത്രുക്കളാണ്. നമ്മളിൽ ചിലർ വർഷങ്ങളായി ഈ ശത്രുക്കളോട് പോരാടിക്കൊണ്ടിരിക്കുന്നു. യഹോവയുടെ സഹായത്താൽ പല പോരാട്ടങ്ങളിലും നമുക്ക് വിജയിക്കാനായി. എങ്കിലും സമ്പൂർണജയം നമുക്ക് നേടാനായിട്ടില്ല. ചിലപ്പോഴെല്ലാം പോരാട്ടത്തിൽ നമ്മൾ ക്ഷീണിച്ചുപോയേക്കാം. അല്ലെങ്കിൽ ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശം കാത്തുകാത്തിരുന്ന് മടുത്തുപോയേക്കാം. ഈ അന്ത്യനാളുകളിൽ ക്രൂരമായ പീഡനങ്ങളും കഠിനമായ പരിശോധനകളും ഉണ്ടാകുമെന്ന് യേശു മുന്നറിയിപ്പു നൽകി. എന്നാൽ സഹിഷ്ണുത കാണിച്ചാൽ നമുക്ക് വിജയിക്കാനാകുമെന്നും യേശു പറഞ്ഞു. (ലൂക്കോസ് 21:19 വായിക്കുക.) എന്താണ് സഹിഷ്ണുത? സഹിച്ചുനിൽക്കാൻ നമ്മളെ എന്ത് സഹായിക്കും? സഹിഷ്ണുത കാണിച്ചവരിൽനിന്ന് നമുക്ക് എന്ത് പഠിക്കാനാകും? ‘സഹിഷ്ണുതയെ അതിന്റെ ധർമം പൂർത്തീകരിക്കാൻ’ നമുക്ക് എങ്ങനെ അനുവദിക്കാം?—യാക്കോ. 1:4.
എന്താണ് സഹിഷ്ണുത?
3. എന്താണ് സഹിഷ്ണുത?
3 ബുദ്ധിമുട്ടേറിയ ഒരു സാഹചര്യം സഹിച്ചുനിൽക്കുന്നതിനെ മാത്രമല്ല സഹിഷ്ണുത എന്നതുകൊണ്ട് ബൈബിൾ അർഥമാക്കുന്നത്. സഹിഷ്ണുതയിൽ നമ്മുടെ മനസ്സും ഹൃദയവും അതായത് ആ സാഹചര്യത്തോട് നമ്മൾ പ്രതികരിക്കുന്ന വിധം ഉൾപ്പെടുന്നു. ധൈര്യമുള്ളവരായിരിക്കാനും വിശ്വസ്തരായിരിക്കാനും ക്ഷമ കാണിക്കാനും സഹിഷ്ണുത നമ്മളെ സഹായിക്കും. ഒരു പരാമർശകൃതി പറയുന്നതനുസരിച്ച് പ്രശ്നങ്ങൾക്കു മധ്യേ മടുത്ത് പിന്മാറാതിരിക്കാനും ശക്തമായ പ്രതീക്ഷ നിലനിറുത്താനും സഹായിക്കുന്ന ഒരു ഗുണമാണ് സഹിഷ്ണുത. കഠിനമായ പരിശോധനകൾക്കിടയിലും ഉറപ്പോടെ അചഞ്ചലരായി നിൽക്കാൻ അത് നമ്മളെ സഹായിക്കും. അതുപോലെ നമ്മുടെ പ്രശ്നങ്ങൾ അനുഗ്രഹം ആക്കി മാറ്റാനും ദുരിതങ്ങളിൽ ശ്രദ്ധിക്കാതെ ലക്ഷ്യത്തിൽ ശ്രദ്ധിക്കാനും അത് സഹായിക്കും.
4. സഹിഷ്ണുതയുടെ പ്രേരകഘടകം സ്നേഹം ആണെന്ന് പറയുന്നത് എന്തുകൊണ്ട്?
4 സഹിച്ചുനിൽക്കാൻ സ്നേഹം നമ്മളെ പ്രേരിപ്പിക്കും (1 കൊരിന്ത്യർ 13:4, 7 വായിക്കുക.) യഹോവ അനുവദിക്കുന്ന എന്തും സഹിക്കാൻ യഹോവയോടുള്ള സ്നേഹം നമ്മളെ പ്രേരിപ്പിക്കും. (ലൂക്കോ. 22:41, 42) സഹോദരങ്ങളോടുള്ള സ്നേഹം, അപൂർണത നിമിത്തം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പിഴവുകൾ സഹിക്കാൻ നമ്മളെ സഹായിക്കുന്നു. (1 പത്രോ. 4:8) സന്തുഷ്ടരായ ദമ്പതികൾക്കിടയിൽപ്പോലും പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ഇണയോടുള്ള സ്നേഹം ആ “കഷ്ടം” സഹിക്കാനും വിവാഹബന്ധം ശക്തമാക്കാനും ദമ്പതികളെ സഹായിക്കുന്നു.—1 കൊരി. 7:28.
സഹിച്ചുനിൽക്കാൻ നിങ്ങളെ എന്ത് സഹായിക്കും?
5. സഹിച്ചുനിൽക്കുന്നതിന് നമ്മളെ സഹായിക്കാൻ യഹോവ ഏറ്റവും ഉചിതമായ സ്ഥാനത്തായിരിക്കുന്നത് എന്തുകൊണ്ട്?
5 ശക്തിക്കായി യഹോവയോട് യാചിക്കുക. യഹോവ “സഹിഷ്ണുതയും ആശ്വാസവും നൽകുന്ന” ദൈവമാണ്. (റോമ. 15:6) നമ്മുടെ സാഹചര്യവും ചിന്തകളും പശ്ചാത്തലവും ഏറ്റവും നന്നായി മനസ്സിലാക്കുന്നത് യഹോവ മാത്രമാണ്. അതുകൊണ്ട് സഹിച്ചുനിൽക്കാൻ നമുക്ക് വേണ്ടത് എന്താണെന്ന് യഹോവയ്ക്കു കൃത്യമായി അറിയാം. ബൈബിൾ പറയുന്നു: “തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.” (സങ്കീ. 145:19) എന്നാൽ സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി നമ്മൾ യാചിക്കുമ്പോൾ ദൈവം എങ്ങനെ ഉത്തരം തരും?
6. ബൈബിൾ ഉറപ്പ് തരുന്നതുപോലെ പ്രശ്നങ്ങളുണ്ടാകുമ്പോൾ യഹോവ “പോംവഴി” കാണിക്കുന്നത് എങ്ങനെ?
6 1 കൊരിന്ത്യർ 10:13 വായിക്കുക. സഹിച്ചുനിൽക്കാനുള്ള സഹായത്തിനായി യാചിച്ചാൽ “പോംവഴി” കാണിച്ചുതരുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. എങ്ങനെയാണ് ദൈവം അത് ചെയ്യുന്നത്? ചിലപ്പോൾ ആ പ്രശ്നംതന്നെ ഇല്ലാതാക്കിക്കൊണ്ട്. എന്നാൽ മിക്ക സന്ദർഭങ്ങളിലും “സകല സഹിഷ്ണുതയും ദീർഘക്ഷമയും കാണിക്കേണ്ടതിന്” ദൈവം നമ്മളെ ശക്തീകരിക്കും. (കൊലോ. 1:11) നമ്മുടെ ശാരീരികവും മാനസികവും വൈകാരികവും ആയ പരിമിതികൾ യഹോവയ്ക്കു നന്നായി അറിയാവുന്നതുകൊണ്ട് വിശ്വസ്തരായിരിക്കാൻ കഴിയാത്ത അളവോളം ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ടാകാൻ യഹോവ ഒരിക്കലും അനുവദിക്കില്ല.
7. സഹിച്ചുനിൽക്കാൻ ആത്മീയാഹാരം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടെന്ന് ദൃഷ്ടാന്തീകരിക്കുക.
7 ആത്മീയാഹാരം നിങ്ങളുടെ വിശ്വാസത്തിന് കരുത്ത് പകരട്ടെ. എന്തുകൊണ്ടാണ് ആത്മീയാഹാരം പ്രധാനമായിരിക്കുന്നത്? ഉദാഹരണത്തിന്, എവറസ്റ്റ് കൊടുമുടി കയറുന്ന ഒരു വ്യക്തിക്ക് ഒരു ദിവസം ഏകദേശം 6,000 കലോറി ഊർജം ആവശ്യമാണ്. അതായത്, അയാൾ സാധാരണ കഴിക്കുന്നതിലും അധികം ഭക്ഷണം കഴിക്കണമെന്ന് അർഥം. മടുത്തുപിന്മാറാതെ ലക്ഷ്യത്തിലെത്താൻ പർവതാരോഹകൻ സാധ്യമാകുന്നിടത്തോളം ഊർജം സംഭരിക്കണം. സമാനമായി സഹിച്ചുനിൽക്കാനും ലക്ഷ്യത്തിലെത്താനും നമുക്ക് ധാരാളം ആത്മീയാഹാരം ആവശ്യമാണ്. അതുകൊണ്ട് വ്യക്തിപരമായ പഠനത്തിനും യോഗങ്ങൾക്കുമായി സമയം ചെലവഴിക്കാൻ നമ്മൾ ദൃഢചിത്തരായിരിക്കണം. ഇത് വിശ്വാസം ശക്തമാക്കി നിറുത്താൻ നമ്മളെ സഹായിക്കും.—യോഹ. 6:27.
8, 9. (എ) ഇയ്യോബ് 2:4, 5 അനുസരിച്ച് പ്രശ്നങ്ങൾ നേരിടുമ്പോൾ അതിൽ ഉൾപ്പെട്ടിരിക്കുന്ന ഏത് കാര്യംകൂടി നമ്മൾ മനസ്സിൽപ്പിടിക്കണം? (ബി) പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഏത് രംഗം ഭാവനയിൽ കാണുന്നത് നന്നായിരിക്കും?
8 ദൈവത്തോടുള്ള നിങ്ങളുടെ വിശ്വസ്തത മറക്കരുത്. പരിശോധനകൾ നേരിടുമ്പോൾ നമുക്കുണ്ടാകുന്ന വേദനകളെയും കഷ്ടപ്പാടുകളെയും കുറിച്ച് മാത്രമല്ല ചിന്തിക്കേണ്ടത്, യഹോവയോട് നമ്മൾ വിശ്വസ്തരായിരിക്കുമോ എന്നതാണ് ഏറെ പ്രധാനം. പ്രശ്നങ്ങളോട് നമ്മൾ പ്രതികരിക്കുന്ന വിധം യഹോവയെ പ്രപഞ്ചത്തിന്റെ പരമാധികാരിയായി നമ്മൾ അംഗീകരിക്കുന്നുണ്ടോ എന്നു തെളിയിക്കും. എങ്ങനെ? ദൈവത്തിന്റെ ഭരണത്തെ എതിർക്കുന്ന സാത്താൻ, ആളുകൾ ദൈവത്തെ സേവിക്കുന്നത് സ്വന്തം കാര്യസാധ്യത്തിനുവേണ്ടി മാത്രമാണെന്നു പറഞ്ഞ് യഹോവയെ നിന്ദിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.” തുടർന്ന് സാത്താൻ ഇയ്യോബിനോടുള്ള ബന്ധത്തിൽ ഇങ്ങനെ പറഞ്ഞു: “നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.” (ഇയ്യോ. 2:4, 5) സാത്താന് ഇക്കാലത്തിനിടെ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ? ഇല്ലേ ഇല്ല. വർഷങ്ങൾ കഴിഞ്ഞ് സാത്താനെ സ്വർഗത്തിൽനിന്ന് തള്ളിയിടുന്ന സമയത്തും അവൻ ഇടവിടാതെ ദൈവദാസരെ കുറ്റപ്പെടുത്തുകയായിരുന്നു. (വെളി. 12:10) ഇന്നും ആളുകൾ ദൈവത്തെ ആരാധിക്കുന്നത് സ്വന്തം കാര്യസാധ്യത്തിനുവേണ്ടിയാണെന്നാണ് സാത്താൻ അവകാശപ്പെടുന്നത്. നമ്മൾ ദൈവത്തിന്റെ ഭരണം തള്ളിക്കളയാനും ദൈവസേവനം നിറുത്താനും കാത്തിരിക്കുകയാണ് സാത്താൻ.
9 പ്രശ്നങ്ങൾകൊണ്ട് വലയുമ്പോൾ ഈ രംഗം ഒന്നു ഭാവനയിൽ കാണാൻ ശ്രമിക്കൂ! നിങ്ങൾ സമ്മർദ്ദത്തിന് കീഴ്പെടുമെന്നും മടുത്ത് പിന്മാറുമെന്നും അവകാശപ്പെട്ടുകൊണ്ട് കാത്തിരിക്കുന്ന സാത്താനും ഭൂതങ്ങളും ഒരു വശത്ത്. യഹോവയും നമ്മുടെ രാജാവായ ക്രിസ്തുയേശുവും പുനരുത്ഥാനം പ്രാപിച്ച അഭിഷിക്തരും ആയിരക്കണക്കിന് ദൂതന്മാരും മറുവശത്ത്. മടുത്ത് പിന്മാറാതെ നിങ്ങൾ യഹോവയോടു വിശ്വസ്തരായിരിക്കുന്നത് കാണുമ്പോൾ അവർ സന്തോഷത്തോടെ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അപ്പോൾ യഹോവ ഇങ്ങനെ പറയുന്നത് നിങ്ങൾ കേൾക്കുന്നു: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.”—സദൃ. 27:11.
10. സഹിച്ചുനിൽക്കുന്ന കാര്യത്തിൽ യേശുവിനെ എങ്ങനെ അനുകരിക്കാം?
10 സഹിച്ചുനിൽക്കുന്നതിന്റെ പ്രതിഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ ഒരു യാത്രയിലാണെന്നു വിചാരിക്കുക. ഒരു തുരങ്കത്തിലൂടെ വേണം നിങ്ങൾക്കു പോകാൻ. അതിനകത്ത് എവിടെ നോക്കിയാലും ഇരുട്ടാണ്. എന്നാൽ തുരങ്കത്തിന്റെ മറ്റെ അറ്റത്ത് എത്തിയാൽ വീണ്ടും വെളിച്ചം കാണാമെന്ന് നിങ്ങൾക്ക് അറിയാം. ജീവിതം ഈ യാത്ര പോലെയാണ്. നിങ്ങൾക്ക് വളരെ പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നേക്കാം. ചിലപ്പോൾ പ്രശ്നങ്ങൾകൊണ്ട് പൊറുതിമുട്ടുന്നതായി നിങ്ങൾക്ക് തോന്നാം. യേശുവിനുപോലും അങ്ങനെ തോന്നിയിരിക്കാം. ദണ്ഡനസ്തംഭത്തിൽ തറയ്ക്കപ്പെട്ട് അപമാനിതനായ യേശു അതിവേദനയിലായിരുന്നു. ഇത് യേശുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഒരു സമയം ആയിരുന്നിരിക്കണം. സഹിച്ചുനിൽക്കാൻ യേശുവിനെ സഹായിച്ചത് എന്താണ്? യേശു ‘തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു’ എന്നാണ് ബൈബിൾ പറയുന്നത്. (എബ്രാ. 12:2, 3) സഹിച്ചുനിന്നാൽ ലഭിക്കുന്ന പ്രതിഫലങ്ങളിലാണ് യേശു ശ്രദ്ധിച്ചത്. ദൈവനാമത്തിന്റെ വിശുദ്ധീകരണവും ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നതും ആയിരുന്നു യേശുവിന് പ്രധാനം. നേരിട്ട പരിശോധനകൾ താത്കാലികവും സ്വർഗത്തിലെ പ്രതിഫലം നിത്യവും ആണെന്ന് യേശുവിന് അറിയാമായിരുന്നു. ഇന്ന് നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ബുദ്ധിമുട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും ആയിരിക്കാം. എന്നാൽ അതെല്ലാം താത്കാലികം മാത്രമാണെന്ന് ഓർക്കുക.
‘സഹിഷ്ണുത കാണിച്ചവർ’
11. നമ്മൾ എന്തുകൊണ്ടാണ് ‘സഹിഷ്ണുത കാണിച്ചവരുടെ’ അനുഭവങ്ങൾ പരിചിന്തിക്കേണ്ടത്?
11 സഹിച്ചുനിൽക്കുന്നതിൽ നമ്മൾ തനിച്ചല്ല. സാത്താൻ കൊണ്ടുവരുന്ന പരീക്ഷണങ്ങൾ സഹിച്ചുനിൽക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് പത്രോസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “എന്നാൽ ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരവർഗത്തിനും ഇതേ കഷ്ടതകൾ നേരിടേണ്ടിവരുന്നുവെന്ന് അറിഞ്ഞ് വിശ്വാസത്തിൽ ഉറപ്പുള്ളവരായി അവനോട് എതിർത്തുനിൽക്കുവിൻ.” (1 പത്രോ. 5:9) എങ്ങനെ വിശ്വസ്തരായി നിൽക്കാമെന്ന് ‘സഹിഷ്ണുത കാണിച്ചവരുടെ’ അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നു, നമുക്ക് വിജയിക്കാനാകുമെന്ന ഉറപ്പു തരുന്നു, വിശ്വസ്തതയ്ക്ക് പ്രതിഫലം കിട്ടുമെന്ന് നമ്മളെ ഓർമിപ്പിക്കുന്നു. (യാക്കോ. 5:11) അവരിൽ ചിലരെക്കുറിച്ച് നമുക്ക് നോക്കാം.[1]
12. ഏദെനിൽ നിയമിച്ചിരുന്ന കെരൂബുകളിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?
12 കെരൂബുകൾ. ഉന്നതപദവിയിലുള്ള ദൂതന്മാരാണ് ഇവർ. ആദാമും ഹവ്വയും പാപം ചെയ്തപ്പോൾ യഹോവ കെരൂബുകൾക്ക് ഭൂമിയിൽ ഒരു നിയമനം കൊടുത്തു. സ്വർഗത്തിലുണ്ടായിരുന്നതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒന്ന്! ബുദ്ധിമുട്ടേറിയ ഒരു കാര്യം എങ്ങനെ ചെയ്യാമെന്ന് ഇവരുടെ ദൃഷ്ടാന്തം നമ്മളെ പഠിപ്പിക്കുന്നു. ബൈബിൾ പറയുന്നു: “ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻതോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.”[2] (ഉല്പ. 3:24) കെരൂബുകൾ ഈ നിയമനത്തെക്കുറിച്ച് പരാതിപ്പെട്ടെന്നോ തങ്ങൾ ഇതിലും വലിയ കാര്യങ്ങൾ ചെയ്യേണ്ടവരാണെന്ന് പറഞ്ഞെന്നോ ബൈബിൾ പറയുന്നില്ല. അവർക്ക് വിരസത അനുഭവപ്പെടുകയോ അവർ മടുത്തു പിന്മാറുകയോ ചെയ്തില്ല. പകരം, നിയമനം പൂർത്തിയാകുന്നതുവരെ അവർ അവിടെത്തന്നെ നിലകൊണ്ടു. സാധ്യതയനുസരിച്ച് 1,600 വർഷം കഴിഞ്ഞ് ജലപ്രളയംവരെ അവർ ആ നിയമനം നിറവേറ്റി!
13. ഇയ്യോബിന് പരിശോധനകൾ സഹിച്ചുനിൽക്കാൻ കഴിഞ്ഞത് എങ്ങനെ?
13 വിശ്വസ്തനായിരുന്ന ഇയ്യോബ്. ചിലപ്പോൾ ഒരു സുഹൃത്തോ കുടുംബാംഗമോ പറഞ്ഞ എന്തെങ്കിലും നമ്മളെ നിരാശപ്പെടുത്തിയേക്കാം. അല്ലെങ്കിൽ ഗുരുതരമായ ഒരു രോഗമോ പ്രിയപ്പെട്ട ഒരാളുടെ മരണമോ നിങ്ങളെ ദുഃഖിപ്പിച്ചേക്കാം. എന്തൊക്കെ സംഭവിച്ചാലും ഇയ്യോബിന്റെ മാതൃകയിൽനിന്ന് നമുക്ക് ആശ്വാസം കണ്ടെത്താം. (ഇയ്യോ. 1:18, 19; 2:7, 9; 19:1-3) എന്തുകൊണ്ടാണ് തനിക്ക് പെട്ടെന്ന് ഇത്രയേറെ പ്രശ്നങ്ങൾ വന്നതെന്ന് ഇയ്യോബിന് അറിയില്ലായിരുന്നു. എന്നാൽ ഇയ്യോബ് മടുത്ത് പിന്മാറിയതേ ഇല്ല. സഹിച്ചുനിൽക്കാൻ അദ്ദേഹത്തെ സഹായിച്ചത് എന്താണ്? ഒന്നാമതായി, ഇയ്യോബിന് യഹോവയോട് സ്നേഹമുണ്ടായിരുന്നു, ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം ഭയപ്പെട്ടിരുന്നു. (ഇയ്യോ. 1:1) അനുകൂലകാലത്തും പ്രതികൂലകാലത്തും ഇയ്യോബ് ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിച്ചു. അത് കൂടാതെ, തന്റെ ചില സൃഷ്ടികളെക്കുറിച്ച് ഇയ്യോബിനോട് പറഞ്ഞുകൊണ്ട് തനിക്ക് എത്രത്തോളം ശക്തിയുണ്ടെന്ന് ദൈവം വ്യക്തമാക്കി. ഇത്, താൻ നേരിട്ടുകൊണ്ടിരുന്ന പരിശോധനകൾ ഉചിതമായ സമയത്ത് യഹോവ നീക്കും എന്ന ബോധ്യം ഇയ്യോബിന് നൽകി. (ഇയ്യോ. 42:1, 2) അതുതന്നെയാണ് സംഭവിച്ചതും. “യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പേ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു.” അങ്ങനെ “ഇയ്യോബ് വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു.”—ഇയ്യോ. 42:10, 17.
14. 2 കൊരിന്ത്യർ 1:6 അനുസരിച്ച് പൗലോസിന്റെ സഹിഷ്ണുത മറ്റുള്ളവരെ സഹായിച്ചത് എങ്ങനെ?
14 പൗലോസ് അപ്പൊസ്തലൻ. നിങ്ങൾ കഠിനമായ എതിർപ്പുകളോ പീഡനമോ സഹിക്കുകയാണോ? വ്യത്യസ്ത ഉത്തരവാദിത്വങ്ങളുടെ ഭാരം വഹിക്കുന്ന ഒരു മൂപ്പനോ സർക്കിട്ട് മേൽവിചാരകനോ ആണോ നിങ്ങൾ? എങ്കിൽ, പൗലോസിന്റെ മാതൃക നിങ്ങളെ സഹായിക്കും. പൗലോസ് ക്രൂരമായ പീഡനം സഹിച്ചു, സഭയിലെ സഹോദരങ്ങളെക്കുറിച്ചുള്ള ചിന്തയും അദ്ദേഹത്തെ എപ്പോഴും അലട്ടിക്കൊണ്ടിരുന്നു. (2 കൊരി. 11:23-29) പക്ഷേ, പൗലോസ് മടുത്തുപോയില്ല. അദ്ദേഹത്തിന്റെ മാതൃക മറ്റുള്ളവരെ ബലപ്പെടുത്തി. (2 കൊരിന്ത്യർ 1:6 വായിക്കുക.) ഇതുപോലെ നിങ്ങളുടെ സഹിഷ്ണുത, സഹിച്ചുനിൽക്കുന്നതിന് മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാകും.
സഹിഷ്ണുത നിങ്ങളിൽ ‘അതിന്റെ ധർമം പൂർത്തീകരിക്കുമോ?’
15, 16. (എ) സഹിഷ്ണുത ഏതു “ധർമം” പൂർത്തീകരിക്കും? (ബി) ‘സഹിഷ്ണുത അതിന്റെ ധർമം പൂർത്തീകരിക്കുന്നത്’ എങ്ങനെയെന്നതിന്റെ ദൃഷ്ടാന്തം നൽകുക.
15 അപ്പൊസ്തലനായ യാക്കോബ് നിശ്വസ്തതയിൽ ഇങ്ങനെ എഴുതി: “നിങ്ങൾ ഒന്നിലും കുറവില്ലാതെ, പൂർണരും എല്ലാം തികഞ്ഞവരും ആകേണ്ടതിന് നിങ്ങളുടെ സഹിഷ്ണുത അതിന്റെ ധർമം പൂർത്തീകരിക്കട്ടെ.” (യാക്കോ. 1:4) പരിശോധനകൾ മിക്കപ്പോഴും നമ്മുടെ ബലഹീനതകളും വ്യക്തിത്വത്തിൽ വരുത്തേണ്ട മാറ്റങ്ങളും വെളിപ്പെടുത്തും. നമ്മൾ ആ പരിശോധനകൾ സഹിച്ചുനിൽക്കുകയാണെങ്കിൽ നമ്മുടെ ക്രിസ്തീയവ്യക്തിത്വം കൂടുതൽ മെച്ചപ്പെടും. ഉദാഹരണത്തിന്, നമ്മൾ കൂടുതൽ ക്ഷമയുള്ളവരും വിലമതിപ്പുള്ളവരും സ്നേഹമുള്ളവരും ആയിത്തീരും.
പരിശോധനകൾ സഹിച്ചുനിൽക്കുമ്പോൾ നമ്മുടെ വ്യക്തിത്വം കൂടുതൽ തികവുള്ളതാകുന്നു (15, 16 ഖണ്ഡികകൾ കാണുക)
16 സഹിഷ്ണുതയ്ക്ക് നമ്മളെ മെച്ചപ്പെട്ട ക്രിസ്ത്യാനികളാക്കി രൂപപ്പെടുത്താൻ കഴിയും. അത് അറിയാവുന്നതുകൊണ്ട് നേരിടുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനുവേണ്ടി നമ്മൾ യഹോവയുടെ നിയമങ്ങൾ ലംഘിക്കില്ല. ഉദാഹരണത്തിന്, അസാന്മാർഗികചിന്തകളുമായി നിങ്ങൾ പോരാടുന്നെങ്കിലോ? പ്രലോഭനത്തിന് വഴിപ്പെടുന്നതിനു പകരം അത്തരം തെറ്റായ ചിന്തകൾ ഒഴിവാക്കാൻ സഹായിക്കണമേ എന്ന് യഹോവയോട് പ്രാർഥിക്കുക. നിങ്ങളെ എതിർക്കുന്ന അവിശ്വാസിയായ ഒരു കുടുംബാംഗം നിങ്ങൾക്കുണ്ടോ? തളർന്നുപോകരുത്. യഹോവയെ സേവിക്കാൻ ഉറച്ച തീരുമാനവുമായി മുന്നോട്ടു പോകുക. അപ്പോൾ യഹോവയിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാകും. ഓർക്കുക: യഹോവയുടെ അംഗീകാരം വേണമെങ്കിൽ സഹിച്ചുനിന്നേ തീരൂ.—റോമ. 5:3-5; യാക്കോ. 1:12.
17, 18. (എ) അന്ത്യംവരെ സഹിച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യം ദൃഷ്ടാന്തത്തിലൂടെ വ്യക്തമാക്കുക. (ബി) അന്ത്യത്തോട് അടുക്കുന്തോറും നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാനാകും?
17 നമ്മൾ അന്ത്യം വരെ സഹിച്ചുനിൽക്കണം, ഏതാനും കുറച്ചു കാലത്തേക്കല്ല. മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പൽ ഭാവനയിൽ കാണുക. രക്ഷപ്പെടണമെങ്കിൽ കരയിലെത്തുന്നതുവരെ യാത്രക്കാർ നീന്തണം. ഇടയ്ക്കുവെച്ച് നീന്തൽ നിറുത്തുന്ന ഒരു വ്യക്തി മുങ്ങിപ്പോകും. കരയ്ക്കെത്തുന്നതിനു തൊട്ടുമുമ്പ് നീന്തൽ നിറുത്തിയാലും അദ്ദേഹം മുങ്ങിപ്പോകും. പുതിയ ലോകത്തിൽ ജീവിക്കണമെങ്കിൽ നമ്മൾ സഹിച്ചുനിന്നേ മതിയാകൂ. പൗലോസ് അപ്പൊസ്തലന്റെ അതേ മനോഭാവം നമുക്കും കാണിക്കാം. അദ്ദേഹം പറഞ്ഞു: “മടുത്തുപിന്മാറരുത്.”—2 കൊരി. 4:1, 16.
18 പൗലോസിനെപ്പോലെ, അവസാനംവരെ സഹിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കുമെന്ന ഉറച്ച ബോധ്യം നമുക്കുണ്ട്. പൗലോസ് ഇങ്ങനെ എഴുതി: “നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിലൊക്കെയും പൂർണജയം പ്രാപിക്കുന്നു; എന്തെന്നാൽ മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ അധികാരങ്ങൾക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്താൻ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.” (റോമ. 8:37-39) ചിലപ്പോൾ നമ്മൾ തളർന്നുപോയേക്കാമെന്നത് ശരിയാണ്. നമുക്ക് ഗിദെയോനെയും കൂട്ടരെയും അനുകരിക്കാം. ക്ഷീണിച്ചിട്ടും അവർ തളർന്നു പിന്മാറിയില്ല, ശത്രുക്കളെ ‘പിന്തുടർന്നുകൊണ്ടിരുന്നു.’—ന്യായാ. 8:4.
^ [1] (ഖണ്ഡിക 11) ആധുനിക നാളിലെ ദൈവജനത്തിന്റെ സഹിഷ്ണുതയെക്കുറിച്ച് അവലോകനം ചെയ്യുന്നത് നിങ്ങൾക്ക് പ്രോത്സാഹനം തരും. ഉദാഹരണത്തിന്, ഇത്യോപ്യ, മലാവി, റഷ്യ എന്നീ രാജ്യങ്ങളിലെ പ്രോത്സാഹനം പകരുന്ന റിപ്പോർട്ടുകൾ 1992 (ഇംഗ്ലീഷ്), 1999, 2008 എന്നീ വർഷങ്ങളിലെ വാർഷികപുസ്തകത്തിൽ കാണാം.
^ [2] (ഖണ്ഡിക 12) എത്ര കെരൂബുകളെ അവിടെ നിയമിച്ചെന്ന് ബൈബിൾ പറയുന്നില്ല.