നിങ്ങൾ ജ്ഞാനപൂർവം ആണോ ഭാവനാശേഷി ഉപയോഗിക്കുന്നത്?
“പ്രപഞ്ചത്തിൽ നമ്മൾ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും സങ്കീർണമായ വസ്തു,” എന്നാൽ ഭാരം 1.4 കിലോഗ്രാം മാത്രം, അതാണ് മനുഷ്യമസ്തിഷ്കം! ശരിക്കും ഒരു അത്ഭുതംതന്നെ. നമ്മൾ അതിനെക്കുറിച്ച് എത്രയധികം പഠിക്കുന്നുവോ യഹോവയുടെ ‘അത്ഭുതകരമായ’ പ്രവൃത്തികളെക്കുറിച്ചുള്ള നമ്മുടെ വിലമതിപ്പ് അത്രയധികം വർധിക്കും. (സങ്കീ. 139:14) മസ്തിഷ്കത്തിന്റെ അഥവാ തലച്ചോറിന്റെ അനേകം പ്രാപ്തികളിൽ ഒന്ന് നമുക്ക് ഇപ്പോൾ നോക്കാം—ഭാവനാശേഷി.
എന്താണ് ഭാവനാശേഷി? ഒരു നിഘണ്ടു പറയുന്നതനുസരിച്ച് “പുതിയതോ ആവേശമുണർത്തുന്നതോ അല്ലെങ്കിൽ ഇതുവരെ നമ്മൾ അനുഭവിച്ചിട്ടില്ലാത്തതോ ആയ കാര്യങ്ങളുടെ ചിത്രങ്ങളോ അതുമായി ബന്ധപ്പെട്ട ആശയങ്ങളോ മനസ്സിൽ രൂപപ്പെടുത്താനുള്ള കഴിവ്” ആണ് ഭാവനാശേഷി. അങ്ങനെ നോക്കുമ്പോൾ, നിങ്ങൾ കൂടെക്കൂടെ ഉപയോഗിക്കുന്ന ഒന്നല്ലേ ഭാവനാശേഷി? ഉദാഹരണത്തിന്, ഇതുവരെ പോയിട്ടില്ലാത്ത ഒരു സ്ഥലത്തെക്കുറിച്ച് നിങ്ങൾ വായിക്കുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ടോ? അവിടെ പോയിട്ടില്ലെന്ന് കരുതി ആ സ്ഥലം നിങ്ങൾക്ക് മനസ്സിൽ കാണാനാകില്ല എന്നുണ്ടോ? നമുക്ക് കാണാനോ കേൾക്കാനോ രുചിക്കാനോ തൊടാനോ മണക്കാനോ കഴിയാത്ത എന്തിനെയെങ്കിലും കുറിച്ച് ചിന്തിക്കുന്ന സമയത്തെല്ലാം നമ്മൾ ഭാവനാശേഷി ഉപയോഗിക്കുകയാണ്.
മനുഷ്യനെ രൂപകല്പനചെയ്തിരിക്കുന്നതും സൃഷ്ടിച്ചിരിക്കുന്നതും ദൈവത്തിന്റെ സാദൃശ്യത്തിലാണെന്ന് മനസ്സിലാക്കാൻ ബൈബിൾ നമ്മളെ സഹായിക്കുന്നു. (ഉല്പ. 1:26, 27) അത് കാണിക്കുന്നത്, ഒരു അർഥത്തിൽ യഹോവയ്ക്കും ഭാവനാശേഷിയുണ്ടെന്നല്ലേ? ഈ കഴിവ് സഹിതം നമ്മളെ സൃഷ്ടിക്കാൻ തീരുമാനിച്ചതുതന്നെ കാണിക്കുന്നത് തന്റെ ഹിതം മനസ്സിലാക്കുന്നതിന് നമ്മൾ ഈ കഴിവ് ഉപയോഗിക്കാൻ യഹോവ ന്യായമായും പ്രതീക്ഷിക്കുന്നു എന്നാണ്. (സഭാ. 3:11) ദൈവത്തിന്റെ ഹിതം മനസ്സിലാക്കുന്നതിന് നമുക്ക് നമ്മുടെ ഭാവനാശേഷി ജ്ഞാനപൂർവം എങ്ങനെ ഉപയോഗിക്കാം? നമ്മുടെ ഭാവനാശേഷിയുടെ ബുദ്ധിശൂന്യമായ ഏത് ഉപയോഗം നമ്മൾ ഒഴിവാക്കണം?
ഭാവനാശേഷിയുടെ ബുദ്ധിശൂന്യമായ ഉപയോഗം
(1) അനുചിതമായ സമയത്തോ അനുചിതമായ കാര്യങ്ങളെക്കുറിച്ചോ ദിവാസ്വപ്നം കാണുന്നത്.
ദിവാസ്വപ്നം കാണുന്നത് അതിൽത്തന്നെ ഒരു തെറ്റല്ല. യഥാർഥത്തിൽ, ദിവാസ്വപ്നം കാണുന്നത് പ്രയോജനകരമാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. എന്നാൽ അതിന് ഉചിതമായ ഒരു സമയമുണ്ട്. കാരണം, “സകലകാര്യത്തിന്നും ഒരു കാലം ഉണ്ട്” എന്ന് സഭാപ്രസംഗി 3:1 പറയുന്നു. ഈ വാക്യം കാണിക്കുന്നത്, ശ്രദ്ധിച്ചില്ലെങ്കിൽ ഉചിതമല്ലാത്ത സമയത്തും നമ്മൾ ചില കാര്യങ്ങൾ ചെയ്തേക്കാമെന്നല്ലേ? ഉദാഹരണത്തിന്, സഭായോഗങ്ങൾ നടക്കുമ്പോഴോ വ്യക്തിപരമായി ബൈബിൾ പഠിക്കുമ്പോഴോ മനസ്സ് അലഞ്ഞുതിരിയാൻ അനുവദിക്കുന്നെങ്കിൽ നമ്മുടെ ഭാവനാശേഷി ഗുണംചെയ്യുമോ, അതോ ദോഷംചെയ്യുമോ? അസാന്മാർഗികഭാവനകൾപോലെയുള്ള തെറ്റായ ചിന്തകൾ മനസ്സിൽ താലോലിക്കാൻ അനുവദിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് യേശു ശക്തമായ മുന്നറിയിപ്പു നൽകി. (മത്താ. 5:28) നമ്മൾ ഭാവനയിൽ കാണാൻ സാധ്യതയുള്ള ചില കാര്യങ്ങൾ യഹോവയെ തീർത്തും അപ്രീതിപ്പെടുത്തുന്നതായിരിക്കും. അസാന്മാർഗികഭാവനകൾ അസാന്മാർഗികപ്രവർത്തനത്തിലേക്കുള്ള ഒരു ചവിട്ടുപടിയായിരിക്കും. യഹോവയിൽനിന്ന് നിങ്ങളെ അകറ്റാൻ നിങ്ങളുടെ ഭാവനാശേഷിയെ ഒരിക്കലും അനുവദിക്കില്ല എന്ന ഉറച്ച തീരുമാനമെടുക്കുക!
(2) സമ്പത്തിന് നിലനിൽക്കുന്ന സുരക്ഷിതത്വം നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നത്.
പണവും വസ്തുവകകളും നമുക്ക് ആവശ്യമാണ്, പ്രയോജനകരവുമാണ്. എന്നാൽ അവയിൽനിന്ന് യഥാർഥ സുരക്ഷിതത്വവും സന്തോഷവും ലഭിക്കുമെന്ന് ഭാവനയിൽ കാണാൻ തുടങ്ങിയാൽ നമ്മൾ നിരാശിതരാകും, തീർച്ച. ജ്ഞാനിയായിരുന്ന ശലോമോൻ ഇങ്ങനെ എഴുതി: “ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയർന്ന മതിൽ ആയിത്തോന്നുന്നു.” (സദൃ. 18:11) ഉദാഹരണത്തിന്, 2009 സെപ്റ്റംബർ മാസത്തിൽ ഫിലിപ്പീൻസിലെ മനിലയുടെ 80 ശതമാനത്തിലധികം ഒരു പേമാരി മൂലമുണ്ടായ വെള്ളപ്പൊക്കത്താൽ ബാധിക്കപ്പെട്ടു. ധാരാളം സമ്പത്തുണ്ടായിരുന്ന ആളുകളൊക്കെ രക്ഷപ്പെട്ടോ? ഏതാണ്ട് എല്ലാംതന്നെ നഷ്ടപ്പെട്ട ധനികനായിരുന്ന ഒരു മനുഷ്യൻ ഇങ്ങനെ പറഞ്ഞു: “കഷ്ടങ്ങളും നഷ്ടങ്ങളും വരുത്തിവെച്ച ഈ വെള്ളപ്പൊക്കം പണക്കാരെയും പാവപ്പെട്ടവരെയും ഒരേ തട്ടിലാക്കി.” സമ്പത്ത് യഥാർഥ സുരക്ഷിതത്വവും സംരക്ഷണവും നൽകുമെന്ന് ചിന്തിക്കാൻ എളുപ്പമാണ്. എന്നാൽ യാഥാർഥ്യം മറിച്ചാണ്.
(3) ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ഉത്കണ്ഠപ്പെടുന്നത്.
അമിതമായി “ഉത്കണ്ഠപ്പെടരുത്” എന്ന് യേശു നമ്മളോട് പറഞ്ഞു. (മത്താ. 6:34) എപ്പോഴും ഉത്കണ്ഠപ്പെടുന്ന ഒരാൾ എപ്പോഴും എന്തെങ്കിലുമൊക്കെ ഭാവനയിൽ കാണുന്ന ആളായിരിക്കും. സാങ്കല്പികപ്രശ്നങ്ങളെക്കുറിച്ച്, അതായത് ഇതുവരെ സംഭവിച്ചിട്ടില്ലാത്തതോ സംഭവിക്കാൻ ഒട്ടുംതന്നെ സാധ്യതയില്ലാത്തതോ ആയ കാര്യങ്ങളെക്കുറിച്ച്, ഉത്കണ്ഠപ്പെടുമ്പോൾ നമ്മൾ വെറുതെ ഊർജം പാഴാക്കുകയായിരിക്കും. അത്തരം ഉത്കണ്ഠ നിരുത്സാഹത്തിലേക്കും ഒരുപക്ഷേ വിഷാദത്തിലേക്കുപോലും നയിച്ചേക്കാം എന്ന് ബൈബിൾ പറയുന്നു. (സദൃ. 12:25) അമിതമായി ഉത്കണ്ഠപ്പെടാതിരുന്നുകൊണ്ടും അതാതു ദിവസത്തെ കാര്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ടും യേശുവിന്റെ ബുദ്ധിയുപദേശം പ്രാവർത്തികമാക്കുന്നത് എത്ര പ്രധാനമാണ്!
ഭാവനാശേഷിയുടെ ജ്ഞാനപൂർവമായ ഉപയോഗം
(1) അപകടകരമായ സാഹചര്യങ്ങൾ മുൻകൂട്ടി കാണാനും അത് ഒഴിവാക്കാനും.
വിവേകമുള്ളവരായിരിക്കാനും കാര്യങ്ങൾ മുൻകൂട്ടി ചിന്തിക്കാനും തിരുവെഴുത്തുകൾ പ്രോത്സാഹിപ്പിക്കുന്നു. (സദൃ. 22:3) തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് ഭാവനാശേഷി ഉപയോഗിച്ച് അതിന്റെ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാനാകും. ഉദാഹരണത്തിന്, ഒരു സാമൂഹികകൂടിവരവിനുള്ള ക്ഷണം നിങ്ങൾക്കു കിട്ടിയെന്നു വിചാരിക്കുക. അതിൽ പങ്കെടുക്കണോ വേണ്ടയോ എന്നു ജ്ഞാനപൂർവം തീരുമാനിക്കാൻ ഭാവനാശേഷി എങ്ങനെ ഉപയോഗിക്കാൻ കഴിയും? ആരെയൊക്കെയാണ് ക്ഷണിച്ചിരിക്കുന്നത്, എത്ര പേർ വരും, എപ്പോൾ എവിടെവെച്ചാണ് അത് നടക്കുന്നത് എന്നീ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചതിനു ശേഷം ‘അവിടെ എന്തൊക്കെ സംഭവിച്ചേക്കാം?’ എന്ന് സ്വയം ചോദിക്കുക. ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലുള്ള പരിപുഷ്ടിപ്പെടുത്തുന്ന ഒരു കൂടിവരവ് നിങ്ങൾക്കു ഭാവനയിൽ കാണാനാകുമോ? ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ആ സംഭവം മനസ്സിൽ കാണാൻ നിങ്ങളെ സഹായിക്കും. ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കാൻ ഭാവനാശേഷി ഉപയോഗിക്കുന്നത് ആത്മീയഹാനി വരുത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും.
(2) ബുദ്ധിമുട്ടേറിയ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മാനസികമായി തയ്യാറെടുക്കാൻ.
ഭാവനാശേഷി ഉപയോഗിക്കുന്നതിൽ, “ഒരു പ്രശ്നത്തെ നേരിടാനും കൈകാര്യം ചെയ്യാനും ഉള്ള പ്രാപ്തി” ഉൾപ്പെടുന്നു. ഉദാഹരണത്തിന്, തെറ്റിദ്ധാരണയുടെ പേരിൽ സഭയിൽ ആരെങ്കിലുമായി നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടായെന്നിരിക്കട്ടെ. സമാധാനം വീണ്ടെടുക്കാനായി ആ സഹോദരനെയോ സഹോദരിയെയോ നിങ്ങൾ എങ്ങനെ സമീപിക്കും? കണക്കിലെടുക്കേണ്ട പല കാര്യങ്ങളുണ്ട്. ആ സഹോദരന്റെ അല്ലെങ്കിൽ സഹോദരിയുടെ സംഭാഷണരീതി എങ്ങനെയുള്ളതാണ്? ആ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനുള്ള ഏറ്റവും ഉചിതമായ സമയം എപ്പോഴായിരിക്കും? ഏത് വാക്കുകൾ ഉപയോഗിച്ച് എങ്ങനെ പറയുന്നതായിരിക്കും കൂടുതൽ നല്ലത്? ഭാവനാശേഷി ഉപയോഗിച്ച് ഈ സാഹചര്യം കൈകാര്യം ചെയ്യാനുള്ള വ്യത്യസ്തവഴികളെക്കുറിച്ച് ചിന്തിച്ച് മാനസികമായി തയ്യാറെടുക്കുക. എന്നിട്ട് അതിൽനിന്ന് ഏറ്റവും ഫലപ്രദവും ഉചിതവും ആയ ഒന്ന് തിരഞ്ഞെടുക്കുക. (സദൃ. 15:28) ബുദ്ധിമുട്ടേറിയ ഒരു പ്രശ്നം കൈകാര്യംചെയ്യാൻ നന്നായി ചിന്തിച്ചുകൊണ്ടുള്ള അത്തരം ഒരു സമീപനം സഭയിൽ സമാധാനം ഉന്നമിപ്പിക്കാൻ സഹായിക്കും. ഇത് തീർച്ചയായും ഭാവനാശേഷിയുടെ ജ്ഞാനപൂർവമായ ഉപയോഗമാണ്.
(3) നിങ്ങളുടെ വ്യക്തിപരമായ ബൈബിൾ വായനയും പഠനവും പരിപോഷിപ്പിക്കാൻ.
ദിവസവും ബൈബിൾ വായിക്കേണ്ടത് അതിപ്രധാനമാണ്. പക്ഷേ വെറുതെ വായിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ബൈബിൾത്താളുകളിൽ കാണുന്ന പ്രായോഗികപാഠങ്ങൾ തിരിച്ചറിഞ്ഞ് അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നമ്മൾ പ്രേരിതരാകണം. യഹോവയുടെ വഴികളെക്കുറിച്ചുള്ള നമ്മുടെ വിലമതിപ്പ് ബൈബിൾവായനയിലൂടെ വളർത്തിക്കൊണ്ടുവരണം. ഭാവനാശേഷി ഉപയോഗിച്ച് നമുക്ക് ഇത് എങ്ങനെ ചെയ്യാം? ഉദാഹരണത്തിന്, അവരുടെ വിശ്വാസം അനുകരിക്കുക എന്ന പ്രസിദ്ധീകരണത്തിന്റെ കാര്യം നോക്കാം. ഈ പുസ്തകത്തിലെ ജീവസ്സുറ്റ വിവരണങ്ങൾ വായിക്കുന്നത് ഓരോ ബൈബിൾകഥാപാത്രത്തിന്റെയും സാഹചര്യവും പശ്ചാത്തലവും മനസ്സിൽക്കണ്ടുകൊണ്ട് നമ്മുടെ ഭാവനാശേഷിയെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ഓരോ രംഗങ്ങൾ കാണാനും സ്വരം കേൾക്കാനും സൗരഭ്യം ആസ്വദിക്കാനും കഥാപാത്രങ്ങളുടെ വികാരങ്ങൾ തൊട്ടറിയാനും അത് നമ്മളെ സഹായിക്കുന്നു. അങ്ങനെ, നന്നായി അറിയാമെന്ന് നമ്മൾ മുമ്പ് വിചാരിച്ചിരുന്ന ബൈബിൾവിവരണങ്ങളിൽനിന്നുള്ള നല്ല പാഠങ്ങളും പ്രോത്സാഹനം പകരുന്ന ആശയങ്ങളും തിരിച്ചറിയാൻ നമുക്കാകും. ഈ വിധത്തിൽ ഭാവനാശേഷി ഉപയോഗിക്കുന്നത് വ്യക്തിപരമായ ബൈബിൾ വായനയും പഠനവും കൂടുതൽ ഫലവത്താക്കും.
(4) സമാനുഭാവം നട്ടുവളർത്താനും കാണിക്കാനും.
സമാനുഭാവം മനോഹരമായ ഒരു ഗുണമാണ്. മറ്റൊരാളുടെ വേദന നമ്മുടെ ഹൃദയത്തിൽ അനുഭവപ്പെടുന്നതിനെയാണ് ഈ ഗുണം സൂചിപ്പിക്കുന്നത്. യഹോവയും യേശുവും സമാനുഭാവം കാണിച്ചിരിക്കുന്നതിനാൽ നമ്മളും ഈ ഗുണം കാണിക്കണം. (പുറ. 3:7; സങ്കീ. 72:13) നമുക്ക് ഈ ഗുണം എങ്ങനെ നട്ടുവളർത്താം? അതിന് നമ്മളെ സഹായിക്കുന്ന ഏറ്റവും നല്ല വിധങ്ങളിലൊന്നാണ് നമ്മുടെ ഭാവനാശേഷി ഉപയോഗിക്കുന്നത്. നമ്മുടെ ഒരു സഹോദരനോ സഹോദരിയോ നേരിട്ട പ്രശ്നങ്ങൾ നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലായിരിക്കാം. എങ്കിലും നിങ്ങൾക്ക് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘ആ സാഹചര്യത്തിൽ ഞാൻ ആയിരുന്നെങ്കിൽ എനിക്ക് എന്ത് തോന്നുമായിരുന്നു? എന്തായിരിക്കും എനിക്ക് ആവശ്യം?’ ഈ ചോദ്യങ്ങൾക്ക് ഭാവനാശേഷി ഉപയോഗിച്ച് ഉത്തരം കണ്ടുപിടിക്കുന്നത് കൂടുതൽ സമാനുഭാവം കാണിക്കാൻ നമ്മളെ സഹായിക്കും. സമാനുഭാവം കാണിക്കുന്നത്, നമ്മുടെ ശുശ്രൂഷ, സഹവിശ്വാസികളുമായുള്ള ബന്ധങ്ങൾ എന്നിവ ഉൾപ്പെടെ ക്രിസ്തീയജീവിതത്തിന്റെ ഓരോ വശത്തും നമുക്ക് പ്രയോജനം ചെയ്യും.
(5) പുതിയ ലോകത്തിലെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്ന് മനസ്സിൽ കാണാൻ.
ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിലെ ജീവിതത്തെക്കുറിച്ചുള്ള ജീവസ്സുറ്റ വിവരണങ്ങളാൽ സമ്പന്നമാണ് തിരുവെഴുത്തുകൾ. (യശ. 35:5-7; 65:21-25; വെളി. 21:3, 4) മനോഹരമായ നിരവധി ചിത്രങ്ങളിലൂടെ നമ്മുടെ പ്രസിദ്ധീകരണങ്ങളും ഈ വിവരണങ്ങൾക്ക് മാറ്റുകൂട്ടുന്നു. എന്തിനാണത്? ചിത്രങ്ങൾ ഭാവനാശേഷിക്ക് ഉത്തേജനം നൽകുന്നു. വാഗ്ദാനം ചെയ്തിരിക്കുന്ന ഈ അനുഗ്രഹങ്ങൾ നമ്മൾ അവിടെയായിരുന്നാൽ എന്നപോലെ ആസ്വദിക്കാൻ അങ്ങനെ നമുക്ക് കഴിയുന്നു. ഭാവനാശേഷിയുടെ ഉറവിടം യഹോവയായിരിക്കുന്നതിനാൽ ഈ ഗുണം എത്ര ശക്തമാണെന്ന് മറ്റാരെക്കാളും മെച്ചമായി യഹോവയ്ക്ക് അറിയാം. യഹോവയുടെ വാഗ്ദാനങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഈ കഴിവ് ഉപയോഗിക്കുന്നത് അവ നിവൃത്തിയേറുമെന്നുള്ള നമ്മുടെ ഉറപ്പ് ശക്തമാക്കും. ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുമ്പോഴും വിശ്വസ്തരായി നിലനിൽക്കാൻ അത് സഹായിക്കും.
ഭാവനാശേഷി എന്ന അത്ഭുതകരമായ പ്രാപ്തി യഹോവ സ്നേഹപൂർവം നമുക്ക് നൽകിയിരിക്കുന്നു. ദൈനംദിനം യഹോവയെ മെച്ചമായി സേവിക്കാൻ അത് തീർച്ചയായും നമ്മളെ സഹായിക്കും. ഓരോ ദിവസവും ഈ വിസ്മയകരമായ ദാനം ജ്ഞാനപൂർവം ഉപയോഗിച്ചുകൊണ്ട് അത് തന്ന ദൈവത്തോടുള്ള വിലമതിപ്പ് നമുക്ക് കാണിക്കാം.