ദൈവത്തിന്റെ നിയമം ‘നമ്മുടെ അന്തർഭാഗങ്ങളിലേക്ക്’ സ്വീകരിക്കുക
1 യേശുക്രിസ്തുവിനെക്കുറിച്ച്, യഹോവയുടെ നിയമം ‘അവന്റെ അന്തർഭാഗങ്ങളിൽ’ ഉണ്ടായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടു. (സങ്കീ. 40:8) ഇത് സത്യമാണെന്നു തെളിയുകയും അത് അവന്റെ പിതാവിന്റെ ഇഷ്ടം നിറവേററാൻ അവനെ സഹായിക്കുകയും ചെയ്തു.
2 അതുപോലെ അവന്റെ അഭിഷിക്ത അനുഗാമികൾക്ക് യഹോവയുടെ നിയമം ‘അവരുടെ മനസ്സുകളിലുണ്ടായിരിക്കയും ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുകയും’ ചെയ്തിരുന്നു. (എബ്രാ. 8:10) ഇത് നല്ല നടത്തയുണ്ടായിരിക്കുന്നതിനും തങ്ങളുടെ ശുശ്രൂഷ പൂർണ്ണമായി നിറവേററുന്നതിനും അവരെ പ്രാപ്തരാക്കി. നമുക്കെല്ലാം യഹോവയുടെ നിയമം നമ്മുടെ മനസ്സുകളിൽ ഉണ്ടെന്നും നമ്മുടെ ഹൃദയപ്പലകകളിൽ എഴുതപ്പെട്ടിട്ടുണ്ടെന്നും എങ്ങനെ നിശ്ചയപ്പെടുത്താൻ കഴിയും?—സദൃശ. 3:3.
വ്യക്തിപരമായ പഠനവും ഗവേഷണവും
3 ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനത്തിന് നമ്മെ സത്യം നമ്മുടെ സ്വന്തമാക്കാൻ സഹായിക്കാൻ കഴിയും. പഠനത്തിൽ ഗവേഷണവും ധ്യാനവും ഉൾപ്പെടുന്നു. ഇത് അഭംഗുരമായ, വിശദാംശങ്ങളെ സംബന്ധിച്ച് സൂക്ഷ്മതയോടുകൂടിയ, ഉദ്ദേശ്യപൂർണ്ണമായ ശ്രദ്ധയാണ്. സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ ലഭിക്കുമ്പോൾ അവ നാം വായിക്കുകമാത്രമല്ല പിന്നെയൊ വാരംതോറുമുളള നമ്മുടെ എല്ലാ യോഗങ്ങൾക്കും വേണ്ടി നമ്മെ ഒരുക്കുന്ന ഒരു നിരന്തരമായ അദ്ധ്യയന പരിപാടിയുണ്ടായിരിക്കാൻ തക്കവണ്ണം നമ്മെത്തന്നെ അഭ്യസിപ്പിക്കുകയും വേണം.
4 നല്ല പഠനശീലങ്ങൾ സത്യം സംബന്ധിച്ച നമ്മുടെ ബോധ്യത്തെ ശക്തീകരിക്കുകയും ഭാവിയെ സംബന്ധിച്ച നമ്മുടെ പ്രത്യാശയെ പ്രകാശമാനമാക്കുകയും ചെയ്യുന്നു. ഉവ്വ് നാം “രക്ഷയിലേക്ക് വളരുന്നു.” (1 പത്രോ. 2:2) നാം തിരുവെഴുത്തുകളിൽനിന്ന് രസകരമായ കാര്യങ്ങൾ പഠിക്കുമ്പോൾ, നാം അവയെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു. അപ്രകാരം നാം നമ്മുടെ അയൽക്കാരോട് നാം പഠിച്ച കാര്യങ്ങൾ സംബന്ധിച്ച് സംസാരിച്ചുകൊണ്ട് അവരോടുളള സ്നേഹം പ്രകടിപ്പിക്കാൻ പ്രേരിതരായിത്തീരുന്നു. “രാജ്യവചനം” തീക്ഷ്ണതയോടെ പ്രസംഗിക്കുന്നതിൽ നമ്മുടെ പങ്ക് നല്ല പഠനശീലങ്ങളിലൂടെ ലഭ്യമായ ആത്മീയകാര്യങ്ങളെസംബന്ധിച്ച വിലമതിപ്പിനോട് ബന്ധപ്പെട്ടിരിക്കുന്നു.—മത്താ. 13:19.
പഠനസഹായികൾ
5 സത്യത്തിന്റെ ഒരു അതിവിശിഷ്ടമായ പരിജ്ഞാനം സമ്പാദിക്കുന്നതിന് യഹോവയുടെ സ്ഥാപനം നമുക്ക് ആവശ്യമായത് പ്രദാനം ചെയ്തിട്ടുണ്ട്. നിങ്ങൾ 1930-1985 ഇൻഡക്സ് നന്നായി ഉപയോഗിക്കുന്നുണ്ടോ? ഈ നല്ല ഉപകരണവും ഇപ്പോൾ ലഭ്യമായ വിവിധ പ്രസിദ്ധീകരണങ്ങളും ഉളളപ്പോൾ നമുക്ക് സൂക്ഷ്മ പരിജ്ഞാനത്തിന്റെ എത്ര നല്ല നിക്ഷേപമാണുളളത്! ഉൾക്കാഴ്ച, വെളിപ്പാട് പാരമ്യം എന്നീ പുസ്തകങ്ങൾ അവഗണിക്കാവുന്നവയല്ല. നിങ്ങൾ ഇവ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ?
6 വ്യക്തിപരമായ പഠനത്തിൽനിന്ന് ഏററവുമധികം പ്രയോജനം അനുഭവിക്കുന്നത് നാം അതിൽ എന്തുമാത്രം ശ്രദ്ധചെലുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ദൈനംദിന സാഹചര്യങ്ങൾക്കുളളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും ധ്യാനത്തിനും ആവശ്യമായ ശാന്തതയും ഏകാന്തതയും എവിടെ ലഭിക്കുമെന്ന് നിങ്ങൾ തീരുമാനിക്കുക. അദ്ധ്യയനം ആരംഭിക്കുന്നതിനു മുമ്പ് യഹോവയുടെ സഹായത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിന് ഉറപ്പുളളവരായിരിക്കുക. ഈ ദുർഘടകാലഘട്ടത്തിൽ ബുദ്ധിപൂർവം പ്രവർത്തിക്കുന്നതിന് നമ്മുടെ ഹൃദയങ്ങളിലും മനസ്സുകളിലും ദൈവവചനത്തിന്റെ സത്യം ആഴത്തിൽ എഴുതേണ്ട ആവശ്യമുണ്ട്. (സദൃ. 7:1-3; യോശു. 1:8) യഹോവ അവന്റെ നിയമങ്ങളും ഓർമ്മിപ്പിക്കലുകളും നമ്മുടെ ഹൃദയങ്ങളിൽ നിറക്കുന്നതിന് അവന്റെ ആത്മാവിനെ ഉപയോഗിക്കുന്നു. (യോഹ. 14:26; 1 കൊരി. 2:10) തന്റെ വചനത്തിലെ നിക്ഷേപങ്ങൾ കണ്ടുപിടിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നതിനാവശ്യമായ സഹായത്തിനുവേണ്ടിയുളള ആത്മാർത്ഥമായ അപേക്ഷ അവൻ അവഗണിക്കുകയില്ല.—സദൃ. 2:1-6.
7 ദൈവത്തിന്റെ നിയമം നമ്മുടെ ‘അന്തർഭാഗങ്ങളിൽ’ എത്തിച്ചേരുന്നതിന് നാം നമ്മുടെ പഠനപദ്ധതികളിൽ ക്രമവും സ്ഥിരതയും ഉളളവരായിരിക്കേണ്ട ആവശ്യമുണ്ട്. അപ്രകാരം നാം കൂടുതലായ ആത്മീയത വികസിപ്പിക്കും, സത്യത്തിന്റെ അധികം മെച്ചമായ ഗ്രാഹ്യം നേടും, മററുളളവർ സത്യം പഠിക്കുന്നതിന് അവരെ സഹായിക്കുന്നതിനുളള നമ്മുടെ വൈദഗ്ദ്ധ്യം അഭിവൃദ്ധിപ്പെടും, “ജീവന്റെ പാതയിൽ” അധികം ഉറപ്പുളള ഒരു നില പാലിക്കുകയും ചെയ്യും.—സങ്കീ. 16:11; കൊലോ. 2:7.