ഫലപ്രദമായ ബൈബിൾ അദ്ധ്യയനങ്ങളാൽ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക
1 യേശു തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ ഉല്ലാസം കണ്ടെത്തി, അവൻ മററുളളവരും യഹോവയെ സേവിക്കുന്നതിന് സഹായിക്കുന്നതിൽ സന്തോഷം അനുഭവിച്ചു. (സങ്കീ. 40:8; മത്താ. 9:37, 38; 11:28-30) യേശു തന്റെ ദൂത് അറിയിക്കുന്നതിൽമാത്രം സംതൃപ്തനായിരുന്നില്ല. നാം മററുളളവരെ സുവിശേഷിക്കൽവേലയിൽ പങ്കെടുക്കുന്നതിന് നമ്മോടൊത്ത് ചേരുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിൽ വിജയിക്കണമെങ്കിൽ നാം നമ്മുടെ ബൈബിൾവിദ്യാർത്ഥികളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ഇതിൽ ഒരു പ്രസിദ്ധീകരണത്തിന്റെ ചോദ്യോത്തര ചർച്ച നിർവ്വഹിക്കുന്നതിനേക്കാൾ അധികം ഉൾപ്പെടുന്നു. ഹൃദയത്തിലേക്കിറങ്ങിച്ചെല്ലുന്നതിന് നാം നമ്മുടെ വിദ്യാർത്ഥിയെ മനസ്സിൽ പിടിച്ചുകൊണ്ട് തയ്യാറാകേണ്ടയാവശ്യമുണ്ട്.
2 യേശു മററുളളവരിൽ ഒരു വ്യക്തിപരമായ താൽപ്പര്യം എടുത്തു. അവൻ അവരുടെ വീക്ഷണങ്ങളെ പരിഗണിച്ചു. അവൻ പ്രയാസമുളള വിഷയങ്ങൾ ലളിതമാക്കുന്നതിന് ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു. (മത്താ., അദ്ധ്യാ. 5-7) അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് യേശു ഉചിതമായ ബുദ്ധിയുപദേശം കൊടുത്തു. (മർക്കോ. 9:33-37) അവന്റെ കേൾവിക്കാർക്ക് അവന്റെ ഉപദേശത്തിന്റെ പൊരുൾ മനസ്സിലാക്കാൻ ആദ്യം കഴിയാഞ്ഞപ്പോൾ അവൻ ക്ഷമാപൂർവം തനിക്കു പറയാനുണ്ടായിരുന്നത് വിശദീകരിച്ചു. (മത്താ. 16:5-12) മററുളളവരിലെ യേശുവിന്റെ അഗാധമായ താൽപ്പര്യം, ‘ഞാനായിരുന്നു വിദ്യാർത്ഥിയെങ്കിൽ ഗ്രഹിക്കുന്നതിനും പഠിപ്പിക്കപ്പെടുന്നതിനാൽ പ്രേരിപ്പിക്കപ്പെടുന്നതിനും ഞാൻ എന്ത് അറിയേണ്ടതുണ്ടായിരുന്നു?’ എന്നു ചോദിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.—1971ലെ വാർഷികപ്പുസ്തകം പേ. 246-7 ശ്രദ്ധിക്കുക.
ബൈബിൾ പ്രദീപ്തമാക്കുക
3 ഒരു ദമ്പതികൾക്കു കൊടുക്കപ്പെട്ട സാക്ഷ്യത്തിന് സത്വരമായ പ്രതികരണം കാണിക്കാനിടയാക്കിയതെന്തെന്ന് ചോദിച്ചപ്പോൾ അവർ ഇങ്ങനെ മറുപടി പറഞ്ഞു: “അത് ബൈബിളിലുളളതായിരുന്നു.” അതെ, ദൈവത്തിന്റെ വചനം ഹൃദയങ്ങളിലേക്കാണ്ടിറങ്ങുന്നു. (എബ്രാ. 4:12) ഖണ്ഡികകളിലെ വാക്യങ്ങൾ ധാരാളമായി ഉപയോഗിച്ചുകൊണ്ട് മിക്കപ്പോഴും അതിനെ പരാമർശിക്കുക. ഒരു പ്രത്യേക ഗതി ബുദ്ധിപൂർവകം അല്ലെങ്കിൽ ബുദ്ധിശൂന്യം ആയിരിക്കുന്നതെന്തുകൊണ്ടെന്ന് കാണാൻ വിദ്യാർത്ഥിയെ സഹായിക്കുക. ദൈവത്തിന്റെ നിയമത്തോടുളള അനുസരണം അയാൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നതു സംബന്ധിച്ച് അയാളുമായി ന്യായവാദം ചെയ്യുക.—വാച്ച്ററവർ ഓഗസ്ററ് 1, 1984, പേ. 15, 16 കാണുക.
4 ന്യായവാദം പുസ്തകം ഉപയോഗിക്കുന്നത് ബൈബിൾ പ്രദീപ്തമാക്കുന്നതിന് വളരെ ഫലപ്രദമാണെന്ന് അനേകം പ്രസാധകർ കണ്ടിരിക്കുന്നു. ദൃഷ്ടാന്തത്തിന്, എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 124-ാം പേജ് ഖണ്ഡിക 13 പരിചിന്തിക്കുമ്പോൾ, കുട്ടികൾ ദൈവത്തോടൊപ്പം സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് അവർ മരിക്കുന്നത് എന്നു തന്റെ വൈദികൻ പറയുന്നതെന്തുകൊണ്ടെന്ന് ഒരു വീട്ടുകാരൻ ചോദിച്ചേക്കാം. ന്യായവാദം പുസ്തകത്തിലെ “കൂട്ടികൾ മരിക്കുന്നതെന്തുകൊണ്ട്?” എന്ന 99-ാം പേജിലെ വിഷയത്തിന്റെ ഒരു പരിചിന്തനം കുടുംബ ക്രമീകരണം നിലനിർത്തുന്നതിനുളള യഹോവയുടെ താൽപ്പര്യത്തെ ഊന്നിപ്പറയുന്നു. ഈ വിവരം മനുഷ്യവർഗ്ഗത്തോടുളള യഹോവയുടെ സ്നേഹത്തെ ആ വ്യക്തിക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുത്തേക്കാം.
ചോദ്യങ്ങൾ ചോദിക്കുക
5 ഫലപ്രദമായ ചോദ്യങ്ങൾ ആളുകളെക്കൊണ്ടു ചിന്തിപ്പിക്കുന്നതിനും ന്യായവാദം ചെയ്യിക്കുന്നതിനും യേശുവിനെ സഹായിച്ചു. (മത്താ. 17:24-27) വിദ്യാർത്ഥിയുടെ ഉത്തരങ്ങൾ അയാൾ എന്തു പഠിക്കുന്നു എന്നതും അയാൾ ഇപ്പോഴും ഏതു തിരുവെഴുത്തുവിരുദ്ധ വീക്ഷണങ്ങൾ പിടിച്ചുകൊണ്ടിരിക്കുന്നു എന്നതും നിർണ്ണയിക്കുന്നതിന് നമ്മെ സഹായിച്ചേക്കാം. ഒരുപക്ഷേ വിദ്യാർത്ഥി പുകവലിശീലത്തിനെതിരെ പോരാടിക്കൊണ്ടിരിക്കയായിരിക്കാം. നിങ്ങൾ എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 27-ാം അദ്ധ്യായത്തിലെ വിവരങ്ങളും ജൂലൈ 8, 1989ലെ ഉണരുക!യുടെ 13-16 പേജുകളിലെ വിവരങ്ങളും പുനരവലോകനം ചെയ്തുകഴിഞ്ഞു. അയാൾ നിർത്തേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുന്നു. എന്നിരുന്നാലും അയാൾ അതിൽനിന്ന് സ്വതന്ത്രനായേ തീരൂവെന്ന് അയാൾക്ക് യഥാർത്ഥത്തിൽ ബോധ്യമായിട്ടുണ്ടോ? നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം: “നിങ്ങൾ ഇതുസംബന്ധിച്ച് എങ്ങനെ വിചാരിക്കുന്നു? നിങ്ങൾ ഇപ്പോൾത്തന്നെ നിർത്തുകയാണെന്നു സങ്കൽപ്പിക്കുക, നിങ്ങളുടെ ചില സ്നേഹിതൻമാർ നിങ്ങളെ കളിയാക്കിയാൽ നിങ്ങൾ എന്തു ചെയ്യും?”
6 എന്നിരുന്നാലും മുന്നറിയിപ്പിന്റെ ഒരു വാക്ക്. ചിലപ്പോൾ അത്തരം ചോദ്യങ്ങൾക്ക് നിങ്ങളെ അത്ഭുതപ്പെടുത്തുകയൊ നിരാശപ്പെടുത്തുകയൊ ചെയ്യുന്ന ഉത്തരങ്ങൾ ലഭിച്ചേക്കാം. അപ്പോൾ എന്ത്? അത് ഒരു വൈകാരികമായ വിഷയമാണെങ്കിൽ പ്രശ്നം അടിച്ചേൽപ്പിക്കാതെ ഇങ്ങനെ പറയുന്നതായിരിക്കാം നല്ലത്: “ഇപ്പോൾ നമുക്ക് തുടരാം. പിന്നീട് നമുക്ക് ഇതിലേക്ക് മടങ്ങി വരാം.” അല്ലെങ്കിൽ, “കൊളളാം, അത് കൂടുതൽ ചിന്തിക്കേണ്ട കാര്യമാണ്, അങ്ങനെയല്ലേ?” (യോഹ. 16:12) ഈ കാര്യം സംബന്ധിച്ച് വിദ്യാർത്ഥി യഥാർത്ഥത്തിൽ എങ്ങനെ വിചാരിക്കുന്നുവെന്ന് അറിയുന്നതിനാൽ അയാൾ കൂടുതലായ പുരോഗതി നേടുവാൻ സഹായിക്കത്തക്കവണ്ണം നിങ്ങൾക്ക് വിവരങ്ങൾ തയ്യാറാകാൻ കഴിയും. നാം ഒരു വ്യക്തിയുടെ ഹൃദയത്തെ പ്രേരിപ്പിക്കാൻ കഠിനയത്നംചെയ്യുകയും യഹോവ അയാളെ ആത്മീയമായി വളരുന്നതിന് സഹായിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യണം.—1 കൊരി. 3:5-9.
7 ഒരു ബൈബിളദ്ധ്യയനം നടത്തുമ്പോൾ പരിചിന്തിക്കപ്പെടുന്ന വിവരങ്ങളെ സംബന്ധിച്ച് ന്യായവാദം ചെയ്യുന്നതിന് ആവശ്യമായ സമയമെടുക്കുന്നതിന് എപ്പോഴും ഓർക്കുക. അയാളുടെ പ്രത്യേകമായ ആവശ്യങ്ങൾക്കു ചേർച്ചയായി നിങ്ങളുടെ പഠിപ്പിക്കൽരീതിയെ അനുരൂപപ്പെടുത്തുക. അയാളുടെ ഹൃദയത്തിൽ യഹോവയോടും ബൈബിളിനോടും യഹോവയുടെ സ്ഥാപനത്തോടും ഒരു ആഴമായ സ്നേഹവും ആദരവും കെട്ടിപ്പടുക്കാൻതക്കവണ്ണം പരിശ്രമിക്കുക. ഫലപ്രദമായ ബൈബിളദ്ധ്യയനങ്ങൾ നടത്താൻ കഠിനശ്രമം ചെയ്തുകൊണ്ട് മററുളളവർ ക്രിസ്തുശിഷ്യൻമാരായിത്തീരാൻ സഹായിക്കുന്നതിന് നമ്മുടെ പങ്ക് നിർവ്വഹിക്കാം.—പ്രവൃ. 2:41-46.