ആത്മീയ ലാക്കുകളുടെ അനുധാവനത്തെ പ്രോൽസാഹിപ്പിക്കുക
1 മുമ്പൊരിക്കലും ഇത്രയധികം ചെറുപ്പക്കാർ രാജ്യസുവാർത്തയുടെ ഘോഷണത്തിൽ പങ്കെടുത്തിട്ടില്ല! പതിനായിരക്കണക്കിന് ആളുകൾ സഭാപ്രസംഗി 12:1-ലെ ബുദ്ധ്യുപദേശം സ്വീകരിച്ചുകൊണ്ടിരിക്കുന്നു: “നിന്റെ യൗവനകാലത്ത് നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.” ശുശ്രൂഷയിൽ ഒരു നിരന്തരമായ പങ്കുണ്ടായിരിക്കാൻ ഈ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നതെന്താണ്, അവരിൽ ഇത്രയധികം പേർ പയനിയർ സേവനത്തിൽ പങ്കുപററുന്നതെന്തുകൊണ്ടാണ്?
2 അനേകരും മികച്ചുനിന്ന യുവാവായിരുന്ന തിമൊഥെയോസിന്റെ നടത്ത പകർത്തുകയാണെന്നുളളതിന് സംശയമില്ല. അവന്റെ അമ്മയും വല്യമ്മയും ബാല്യത്തിലേ ആത്മീയ വിദ്യാഭ്യാസത്തിന്റെ പ്രയോജനം അവനു നൽകുകയും ആത്മീയ ലാക്കുകൾ പിന്തുടരാൻ അവനെ പ്രോൽസാഹിപ്പിക്കുകയും ചെയ്തു. (2 തിമൊ. 3:14,15) അങ്ങനെ വർദ്ധിച്ച സേവന പദവികൾക്കുളള അവസരം ഉദിച്ചപ്പോൾ അവൻ യോഗ്യനും ഒരുക്കമുളളവനും ആയിരുന്നു.—പ്രവൃ. 16:1-3.
3 കൂടുതൽ ചെറുപ്പക്കാരെ ആത്മീയ ലാക്കുകൾ പിന്തുടരാൻ എങ്ങനെ പ്രോൽസാഹിപ്പിക്കാൻ കഴിയും? ഏതുതരം അടിസ്ഥാനം സ്ഥാപിക്കേണ്ടതുണ്ട്? മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളിൽ സത്യത്തോടുളള വിലമതിപ്പ് കെട്ടുപണിചെയ്യാനും തങ്ങൾക്കായിത്തന്നെ ദീർഘകാല ലാക്കുകൾ വെക്കാൻ അവരെ സഹായിക്കാനും എങ്ങനെ കഴിയും?
4 ഒരു തിരുവെഴുത്തടിസ്ഥാനം ഇടുക: തങ്ങളുടെ മക്കളെ പഠിപ്പിക്കുന്ന കാര്യങ്ങൾ യഹോവയിൽനിന്നുളളതാണെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം, അതിന് തങ്ങളുടെ മക്കളെ “രക്ഷക്ക് ജ്ഞാനി”യാക്കാൻ കഴിയേണ്ടതിനുതന്നെ. (2 തിമൊ. 3:15) അവരിൽ ദൈവവചനമായ ബൈബിളിനോട് അഗാധമായ ഒരു സ്നേഹം നട്ടുവളർത്താൻ ഉൽസാഹപൂർവം യത്നിക്കുക. ഇതിന് അവരുടെ ആവശ്യങ്ങൾക്ക് യോജിച്ച നിരന്തരവും അർത്ഥവത്തുമായ ഒരു ബൈബിളദ്ധ്യയനവും നിരന്തരമായ യോഗഹാജരും ആവശ്യമാണ്. ആത്മീയ ലാക്കുകൾ പിന്തുടരാൻ ചെറുപ്പക്കാരെ പ്രചോദിപ്പിക്കുന്ന ശക്തമായ വിശ്വാസം ഉണ്ടായിരിക്കുവാൻ അവർക്ക് അവരുടെ സ്വന്തം വ്യക്തിപരമായ പഠനപരിപാടി ഉണ്ടായിരിക്കണം, യഹോവയോടുളള അവരുടെതന്നെ ബന്ധം വികസിപ്പിക്കുകയും വേണം.—1 തെസ്സ. 5:21; എബ്രാ. 11:1.
5 മാതാപിതാക്കളും സഭയിലെ പക്വതയുളള മററുളളവരും ഒരു നല്ല ദൃഷ്ടാന്തം വെക്കുകയും “യഹോവയിങ്കലെ സന്തോഷം” പ്രസരിപ്പിക്കുകയും ചെയ്യുന്നെങ്കിൽ ക്രിസ്തീയ യുവജനങ്ങൾ കൂടിയ മനസ്സൊരുക്കത്തോടെ ആത്മീയ താൽപര്യങ്ങൾ പിന്തുടരും. (നെഹ. 8:10) സന്തോഷം പ്രകടമാക്കിക്കൊണ്ട് സത്യക്രിസ്ത്യാനിത്വത്തിന്റെ വ്യവസ്ഥകൾ ഭാരമുളളവയല്ലെന്ന് വിലമതിക്കാൻ നമുക്കെല്ലാം ചെറുപ്പക്കാരെ സഹായിക്കാൻ കഴിയും.—1യോഹ. 5:3.
6 വയൽസേവനത്തിൽ തങ്ങളോടുകൂടെ പ്രവർത്തിച്ചവരോ ഒരു പ്രോൽസാഹന വാക്കു കൈമാറിയവരോ ആയ പയനിയർമാരാലും മിഷനറിമാരാലും സഞ്ചാര മേൽവിചാരകൻമാരാലും അനേകം ചെറുപ്പക്കാർ വലിയ അളവിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ഒരു ഭക്ഷണത്തിനോ അല്ലെങ്കിൽ മററു സമയങ്ങളിൽ ക്രിസ്തീയ സഹവാസത്തിനോ മാതൃകായോഗ്യരായ മുഴുസമയ പ്രവർത്തകരെ തങ്ങളുടെ ഭവനങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ട് മാതാപിതാക്കൾക്ക് സഹായിക്കാൻ കഴിയും. യേശുക്രിസ്തു ചെറുപ്പക്കാർക്ക് സന്തുലിതമായ ശ്രദ്ധ നൽകുന്നതിന്റെ ഏററവും മികച്ച ദൃഷ്ടാന്തം നൽകി.—മർക്കോസ് 10:13-16.
7 ലാക്കുകൾ വെക്കൽ: മാതാപിതാക്കളുടെ ശരിയായ മാർഗ്ഗനിർദ്ദേശം ഉണ്ടെങ്കിൽ കുട്ടികൾ ആദ്യകാലത്തുതന്നെ മിക്കപ്പോഴും തങ്ങൾക്കായി ആത്മീയ ലാക്കുകൾ വെക്കുന്നു. പയനിയർ സേവനമോ ആവശ്യം അധികമുളളിടത്തെ സേവനമോ ബെഥേൽ, മിഷനറി സേവനമോ അങ്ങനെ യോഗ്യമായ ഏത് അത്മീയ ലക്ഷ്യത്തിൽ എത്തണമെന്ന് ചെറുപ്പക്കാർ ഒരിക്കൽ തീരുമാനം എടുത്തശേഷം അവരെ പ്രചോദിപ്പിക്കുന്ന പ്രായോഗിക നിർദ്ദേശങ്ങൾ പ്രദാനം ചെയ്തുകൊണ്ട് ആ ലാക്കിലേക്കായി പ്രവർത്തിക്കാൻ മാതാപിതാക്കൾക്കും പക്വതയുളള മററുളളവർക്കും അവരെ ഊഷ്മളമായി പ്രോൽസാഹിപ്പിക്കാൻ കഴിയും.
8 ഓരോ സഭയും ഒരു കുടുംബത്തെപ്പോലെയാണ്. സത്യത്തിൽ നടക്കാനും ആത്മീയ പുരോഗതി വരുത്താനും ചെറുപ്പക്കാരെ സഹായിക്കുന്നതിൽ നാം ഓരോരുത്തരും താൽപര്യമെടുക്കണം. അവരോടുളള നമ്മുടെ സ്നേഹം ഊട്ടിയുറപ്പിച്ചുകൊണ്ടും ആത്മീയ ലാക്കുകൾ പിന്തുടരാൻ അവരെ പ്രോൽസാഹിപ്പിച്ചുകൊണ്ടും നമുക്ക് ഇതു ചെയ്യാൻ കഴിയും.