ദൈനംദിന ആത്മീയ ആഹാരം—ഒരു ക്രിസ്തീയ കുടുംബത്തിന് അത്യന്താപേക്ഷിതം
1 “മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, യഹോവയുടെ വായിൽനിന്നു വരുന്ന സകല അരുളപ്പാടിനാലും ജീവിക്കേണ്ടതാകുന്നു.” (മത്താ. 4:4) ആ വചനങ്ങൾ എത്ര സത്യമാണ്! നമുക്ക് എല്ലാ ദിവസവും ഭൗതിക ആഹാരം ആവശ്യമുളളതുപോലെതന്നെ നാം ദൈനംദിനം ആത്മീയ ആഹാരവും കഴിക്കേണ്ട ആവശ്യമുണ്ട്. നിരന്തരം ദൈവവചനം ഭക്ഷിക്കാൻ നമ്മെ സഹായിക്കുന്നതിന് തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന പുസ്തകം സൊസൈററി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒരു ക്രിസ്തീയകുടുംബം എന്ന നിലയിൽ ദിനവാക്യം പരിചിന്തിക്കാൻ നിങ്ങൾ സമയം മാററിവെക്കുന്നുവോ?
2 മാതാപിതാക്കൾ മാതൃക വെക്കണം: തിരക്കുപിടിച്ച പ്രവർത്തനം നിമിത്തം വാക്യപരിചിന്തനം നീട്ടിവെക്കുക എളുപ്പമാണ്, അത് മറെറാരു സമയത്ത് ചെയ്യാമെന്ന് വിചാരിച്ചുകൊണ്ടുതന്നെ. എന്നാൽ മാതാപിതാക്കൾ തങ്ങളുടെ കുടുംബത്തിന്റെ ആത്മീയ ആവശ്യം സംബന്ധിച്ച് ബോധമുളളവരാണെങ്കിൽ അവർ സമയം കണ്ടെത്തും, അതെ, കുടുംബം ഒന്നിച്ചായിരിക്കുമ്പോൾ ഓരോ ദിവസവും അതു ചെയ്യുന്നതിന് സമയം ഉണ്ടാക്കും. (മത്താ. 5:3) തങ്ങളുടെ കുട്ടികളോടൊത്ത് ദിനവാക്യം വായിക്കുക മാത്രമല്ല, പിന്നെയോ വീക്ഷാഗോപുരത്തിലെ അഭിപ്രായങ്ങളിൽനിന്ന് ആശയങ്ങൾ വിശേഷവൽക്കരിച്ചുകൊണ്ടും വിവരത്തിന്റെയും ബുദ്ധ്യുപദേശത്തിന്റെയും പ്രായോഗികമായ ബാധകമാക്കൽ ചർച്ചചെയ്തുകൊണ്ടും അവർ മുൻകയ്യെടുക്കും. അത് ശീലമാകുന്നതിന് ശ്രമവും അഭ്യസനവും ആവശ്യമാണെന്നുളളത് സത്യംതന്നെ, എന്നാൽ പ്രയോജനങ്ങൾ തക്ക മൂല്യമുളളതാണ്. (പ്രവൃത്തികൾ 17:11,12 താരതമ്യം ചെയ്യുക.) അതുകൊണ്ട് മാതാപിതാക്കളെ, നല്ല മാതൃക വെക്കുന്നതിന് കഠിനശ്രമം ചെയ്യുക!
3 സൗകര്യപ്രദമായ സമയം കണ്ടെത്തുക: ഒത്താൽ നടത്തുക എന്ന രീതിയാകാൻ അനുവദിക്കുന്നതിനു പകരം മുഴു കുടുംബത്തിനും വാക്യചർച്ചക്കുവേണ്ടി ഒരുമിച്ചുവരാൻ ഏററവും പററിയ സമയം എപ്പോഴാണ്? ഒരു ബൈബിൾവാക്യ പരിചിന്തനത്തോടെ ദിവസം തുടങ്ങുന്നത് പ്രയോജനകരമാണ്. ലോകത്തെമ്പാടുമുളള ബെഥേൽ, മിഷനറി ഭവനങ്ങളിൽ പ്രഭാതാരാധനയോടെ ദിവസം തുടങ്ങുന്നു, അതിൽ ദിനവാക്യത്തിന്റെ ഒരു ഹ്രസ്വമായ ചർച്ച ഉൾപ്പെടുന്നു. യഹോവയുടെ ഓർമ്മിപ്പിക്കലുകൾ ദിവസവും ധ്യാനിച്ചുകൊണ്ട് തങ്ങളുടെ പകലിന് ഒരു നല്ല തുടക്കം കൊടുക്കാൻ ഇത് സഹോദരങ്ങളെ സഹായിക്കുന്നു.—സങ്കീ. 1:1,2; ഫിലി. 4:8.
4 ക്രിസ്തീയ കുടുംബങ്ങൾക്ക് അതുപോലെ പ്രഭാത ബൈബിൾചർച്ചകളിൽനിന്ന് പ്രയോജനം അനുഭവിക്കാൻ കഴിയും. കുട്ടികൾ സ്ക്കൂളിൽ അനുഭവിക്കുന്ന അവരുടെ ആത്മീയതയുടെ ഭീഷണികളെ നേരിടാൻ അവർ സഹായിക്കപ്പെടും. വല്ലപ്പോഴും മുഴുകുടുംബത്തിനും ദിനവാക്യ ചർച്ചക്ക് ഒരുമിച്ചിരിക്കാൻ സാദ്ധ്യമല്ലെങ്കിൽ ഈ പ്രധാനപ്പെട്ട ആത്മീയ പോഷണം നഷ്ടപ്പെടാതിരിക്കാൻ പകരം ക്രമീകരണങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് ചിന്തിക്കാൻ കഴിയും. ഉദാഹരണത്തിന്, രാവിലെ കുട്ടികൾ ഉണരുന്നതിനുമുമ്പ് പിതാവിന് ജോലിക്കു പോകേണ്ടതുളളപ്പോൾ കുട്ടികളോടൊത്ത് വാക്യം പരിചിന്തിക്കാൻ ഒരുപക്ഷേ അമ്മക്ക് കുറെ സമയം ചെലവഴിക്കാൻ കഴിയും. നേരേമറിച്ച്, ചില കുടുംബങ്ങൾ വൈകുന്നേരം വാക്യചർച്ച ക്രമീകരിക്കുന്നു, അപ്പോൾ അവർ ഒരുമിച്ചുവരും എന്നതുകൊണ്ടുതന്നെ. ഓരോ കുടുംബത്തിനും അതിന്റെ സാഹചര്യങ്ങൾക്ക് ഏററവും യോജിച്ച ഒരു പട്ടിക രൂപപ്പെടുത്താൻ കഴിയും.
5 ഒരു ക്രിസ്തീയ കുടുംബത്തിന് ദൈനംദിന ആത്മീയ പോഷണം അത്യന്താപേക്ഷിതമാണ്. ദിനവാക്യം പരിചിന്തിക്കുന്നതിന് പ്രമുഖസ്ഥാനം നൽകുക. (ഫിലി. 1:10) ഒരോ ദിവസവും ഒരു ബൈബിൾവാക്യം ചർച്ചചെയ്യുന്നത് യഹോവയുടെ നീതിയുളള തത്വങ്ങളോടും നിയമങ്ങളോടും പററിനിൽക്കാൻ നമ്മെ സഹായിക്കും. ഓരോ കുടുംബാംഗത്തിന്റെയും ഭാഗത്തെ സഹകരണം ഈ ക്രമീകരണം എല്ലാവർക്കും അത്യന്തം പ്രയോജനകരമാക്കിത്തീർക്കും.