നിങ്ങൾ അനൗപചാരിക സാക്ഷീകരണത്തിൽ പങ്കെടുക്കുമോ?
1 യഹോവയേക്കുറിച്ച് ആളുകളോടു സംസാരിക്കാനുളള നിശ്ചിത സമയങ്ങൾ നമ്മുടെ ജീവിതത്തിലെ നിരന്തര പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. വീടുതോറും ഔപചാരികമായി സാക്ഷീകരിക്കുന്നതിനും മടക്കസന്ദർശനങ്ങളും ബൈബിളദ്ധ്യയനങ്ങളും നടത്തുന്നതിനും നാം സമയം മാററിവെക്കുന്നു. എങ്കിലും സത്യത്തേക്കുറിച്ച് ആളുകളോടു സംസാരിക്കാൻ കഴിയുന്ന അത്ര ഔപചാരികമല്ലാത്ത മററനേകം സന്ദർഭങ്ങൾ ഉണ്ട്. നാം ഈ പ്രസംഗത്തെ അനൗപചാരിക സാക്ഷീകരണം എന്നു വിളിക്കുന്നു.
2 ചില പ്രസാധകർ ഈ ശുശ്രൂഷയിൽ ഏർപ്പെടുന്നതിന് അനേകം അവസരങ്ങൾ കണ്ടെത്തുന്നു. നാം കൺവെൻഷനുകളിലേക്കും തിരിച്ചും യാത്രചെയ്യുമ്പോഴും അവധികൾ എടുക്കുമ്പോഴും ബന്ധുക്കളെ സന്ദർശിക്കുമ്പോഴും അത്തരം സന്ദർഭങ്ങൾക്കായി ജാഗ്രതപുലർത്താൻ നമുക്കെല്ലാവർക്കും പ്രയത്നിക്കാൻ കഴിയും. നിങ്ങൾ അനൗപചാരിക സാക്ഷീകരണത്തിനുളള അവസരങ്ങൾ പ്രയോജനപ്പെടുത്തുമോ?
3 മുൻകൂട്ടി ആസൂത്രണങ്ങൾ ചെയ്യുക: ഫലകരമായ ഒരു വിധത്തിൽ അനൗപചാരികമായി സാക്ഷീകരിക്കാൻ ഒരുക്കവും മുൻകൂട്ടിയുളള ചിന്തയും നമ്മെ പ്രാപ്തരാക്കും. ഇതു നിർവ്വഹിക്കാൻ നമ്മെ സഹായിക്കുന്നതിന് ഈ ബന്ധത്തിൽ, നാം വിവിധങ്ങളായ പ്രസിദ്ധീകരണങ്ങളോടെ സുസജ്ജരാണ്. വീക്ഷാഗോപുരത്തിനും ഉണരുകക്കും പുറമെ താൽപര്യം ഉണർത്തുന്ന ചിന്തോദ്ദീപകമായ തലക്കെട്ടുകൾ വിശേഷവൽക്കരിക്കുന്ന നിരവധി ലഘുലേഖകൾ നമുക്കുണ്ട്. വിവിധ പശ്ചാത്തലങ്ങളിലും മതങ്ങളിലുമുളള ആളുകളെ ആകർഷിക്കുന്ന ലഘുപത്രികകൾ ഉണ്ട്. അതതു കാലത്ത് താൽപര്യമുളള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പോക്കററ് സൈസ് പുസ്തകങ്ങളും നമുക്കുണ്ട്. ഏതു പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നതാണ് എളുപ്പമായി നിങ്ങൾക്കു തോന്നുന്നത്? ഒരു കുടുംബമെന്നനിലയിൽ ഇതിനു ചിന്ത നൽകുക. അതിനുശേഷം പററിയ സന്ദർഭം വരുമ്പോൾ എന്തു പറയുമെന്ന് അഭ്യസിക്കുക.
4 അവധിയിലായിരിക്കുമ്പോൾ: അനൗപചാരികമായി സാക്ഷീകരിക്കുന്നതിന് വിശിഷ്ടമായ ഒരു സമയം അവധിയിലായിരിക്കുമ്പോഴാണ്. നിങ്ങൾ വിമാനത്തിലോ ട്രെയിനിലോ ബസ്സിലോ ഒരു യാത്ര ആസൂത്രണം ചെയ്യുന്നുവോ? അപ്പോൾ ഒരു ബൈബിളും മുകളിൽ പരാമർശിച്ച പ്രസിദ്ധീകരണങ്ങളിലൊന്നും കരുതുക. പൊതു വാഹനങ്ങളിലായിരിക്കുമ്പോൾ അത്തരം പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് പലപ്പോഴും സംഭാഷണത്തിന് തിരികൊളുത്തിയേക്കാം. നിങ്ങൾ സ്വന്തവാഹനത്തിൽ യാത്ര ചെയ്യുന്നെങ്കിൽ ഒരു പെട്രോൾ ബങ്കിലോ റെസ്റേറാറൻറിലോ നിർത്തുമ്പോഴോ ഹോട്ടലിൽ വിശ്രമിക്കുമ്പോഴോ എന്തു പറയാൻ കഴിയുമെന്ന് ആലോചിക്കുക. അത്തരം സന്ദർഭങ്ങളിൽ താൽപര്യക്കാർക്ക് വിതരണം ചെയ്യാൻ കഴിയത്തക്കവണ്ണം കുറെ ലഘുലേഖകൾ നിങ്ങൾക്ക് കൈവശംവെക്കാവുന്നതാണ്. നിങ്ങൾ മനോഹരമായ ഭൂപ്രകൃതിയുളള ഒരു ഹൈവേ വിശ്രമകേന്ദ്രത്തിൽ ആണെങ്കിൽ, ആരോടെങ്കിലും ഇങ്ങനെ ചോദിച്ചുകൊണ്ട് നിങ്ങൾക്ക് ഒരുപക്ഷേ സാക്ഷീകരണം തുടങ്ങാൻ കഴിയും: “മുഴു ഭൂമിയും ഇങ്ങനെയായിരുന്നെങ്കിൽ നല്ലതായിരിക്കുമായിരുന്നില്ലേ?” നിങ്ങൾ മനോഹരമായ ഒരു കടലോരത്തോ ഉദ്യാനത്തിലോ ആണെങ്കിൽ സമാനമായ ഒരു മുഖവുര ഉപയോഗിക്കാൻ കഴിയും.
5 ഡിസ്ട്രിക്ററ് കൺവെൻഷനിൽ: ഡിസ്ട്രിക്ററ് കൺവെൻഷനിലും അനൗപചാരികമായി സാക്ഷീകരിക്കുന്നതിന് നമുക്ക് സന്ദർഭങ്ങൾ കണ്ടെത്താവുന്നതാണ്. ഹോട്ടലിലെയോ താമസ്സസ്ഥലത്തെയോ ജോലിക്കാരോട് സംസാരിക്കുന്നതിൽ, അഥവാ തെരുവിലോ ബസ്സ്സ്റേറാപ്പിലോ ആയിരിക്കുമ്പോൾ ആളുകളോടു സംസാരിക്കുന്നതിൽ അനേകർ വിജയം കണ്ടിട്ടുണ്ട്. കൺവെൻഷൻ സമയത്ത് ഒരു ബാഡ്ജ് കാർഡ് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. പ്രദേശത്തെ റെസ്റേറാറൻറുകളിലും കടകളിലും നിങ്ങൾ പതിവായി സന്ദർശനം നടത്തിയേക്കാം, നിങ്ങളുടെ ബാഡ്ജ് കാർഡ് എന്തിന്റേതാണെന്ന് ആളുകൾ നിങ്ങളോടു ചോദിക്കുകയും ചെയ്തേക്കാം. ഇത് ഒരു നല്ല സാക്ഷ്യം നൽകുന്നതിലേക്ക് നിങ്ങളെ നയിച്ചേക്കാനിടയുണ്ട്.
6 അടുത്തുവരുന്ന മാസങ്ങൾ നിങ്ങൾക്ക് ആശ്വാസവും വിശ്രമവും പ്രദാനം ചെയ്തേക്കാം, എന്നാൽ നമുക്ക് ഒരു അനൗപചാരിക സാക്ഷ്യം നൽകാനുളള അവസരങ്ങൾ അവഗണിക്കാതിരിക്കാം. ഈ പ്രസംഗരീതി ഫലകരമാണ്, യഹോവയുടെ ദാസൻമാർ അതിൽ പങ്കെടുക്കണം. യേശുവിന്റെ കാര്യത്തിലെന്നപോലെ സഹമനുഷ്യരോടുളള നമ്മുടെ സ്നേഹം ഉചിതമായ എല്ലാ അവസരത്തിലും സംസാരിക്കാൻ നമ്മെ പ്രേരിപ്പിക്കട്ടെ!—മത്താ. 5:14-16.