യഹോവയെ ബഹുമാനിക്കുന്നതിനു നിങ്ങൾക്കു കൂടുതൽ പ്രവർത്തിക്കാൻ കഴിയുമോ?
1 അതു നാമെല്ലാം പരിചിന്തിക്കേണ്ട മർമ്മപ്രധാനമായ ഒരു ചോദ്യമാണ്. നമ്മുടെ ഗുരുവായ യേശുക്രിസ്തുവിന്റെ വിശ്വസ്ത അനുകാരികൾ എന്ന നിലയിൽ, അവിടത്തെ നാമത്തിനു പരസ്യപ്രഖ്യാപനം നടത്തിക്കൊണ്ടു നാം ഇന്നു നമ്മുടെ ദൈവത്തെ ബഹുമാനിക്കുന്നു. നമുക്കു ദൈവത്തിന്റെ പ്രീതി ലഭിക്കണമെങ്കിൽ നാം വഹിക്കേണ്ട ഒരു ഉത്തരവാദിത്വമാണിത്. (മർക്കൊ. 13:10; ലൂക്കൊ. 4:18; പ്രവൃ. 4:20; എബ്രാ. 13:15) ഇനിയും യഹോവയുടെ സാർവ്വത്രിക ആട്ടിൻ കൂട്ടത്തിന്റെ ഭാഗം ആയിത്തീർന്നേക്കാവുന്ന ശേഷിക്കുന്ന ചിതറിക്കിടക്കുന്ന “ചെമ്മരിയാടുക”ളുടെ അടുത്ത് ഈ സുവാർത്ത എത്തിക്കുന്നത് എന്തൊരു പദവിയാണ്!—അതെ ബഹുമതിതന്നെ.—യോഹ. 10:16.
2 ശുശ്രൂഷയിലെ നിങ്ങളുടെ പ്രവർത്തനത്തെ വർദ്ധിപ്പിച്ചുകൊണ്ടു നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും യഹോവയെ ബഹുമാനിക്കുന്നതിനു കൂടുതലായി പ്രവർത്തിക്കാൻ കഴിയുമോ? സദാ എണ്ണത്തിൽ വർദ്ധിച്ചുവരുന്ന നിങ്ങളുടെ സഹോദരീസഹോദരൻമാർ പയനിയർസേവനത്തിൽ പ്രവേശിക്കുകയാണ്. ആയിരത്തിത്തൊളളായിരത്തി തൊണ്ണൂററിരണ്ട് ഏപ്രിൽ മാസം 2,106 പേരുടെ ഒരത്യുച്ചം ഇൻഡ്യയിൽ പ്രത്യേക, നിരന്തര, സഹായ പയനിയർസേവനത്തിലുണ്ടായിരുന്നു. അത് ആ മാസം സേവനം റിപ്പോർട്ടു ചെയ്ത മൊത്തം പ്രസാധകരുടെ ഏകദേശം പതിനെട്ടു ശതമാനമായിരുന്നു! പയനിയറിംഗിനെക്കുറിച്ചു നിങ്ങൾ ഗൗരവപൂർവ്വം ചിന്തിച്ചിട്ടുണ്ടോ? മുഴുസമയ ശുശ്രൂഷയിലെ ഒരു വേല പിന്തുടരാൻ നിങ്ങൾ നിങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?
3 പയനിയർസേവനത്തോടുളള നിങ്ങളുടെ വ്യക്തിപരമായ വികാരങ്ങൾ എന്തുകൊണ്ടു വിശകലനം ചെയ്തുകൂടാ? ഈ വിഷയം പരാമർശിക്കുമ്പോഴെല്ലാം സാഹചര്യങ്ങൾ ഒരു പയനിയർ ശുശ്രൂഷകനായി പ്രവർത്തിക്കാൻ നിങ്ങളെ അനുവദിക്കുന്നില്ലെന്നു നിങ്ങൾ എളുപ്പം നിഗമനം ചെയ്യുന്നുവോ? എല്ലാവർക്കും പയനിയറിംഗ് സാധ്യമല്ല എന്നുളളതു സത്യംതന്നെ. തിരുവെഴുത്തുപരമായ ഉത്തരവാദിത്വങ്ങളും മററു പരിമിതികളും മുഴുസമയം പ്രവർത്തിക്കുന്നതിൽനിന്ന് അനേകരെ തടയുന്നു. (1 തിമൊ. 5:8) എന്നാൽ അടുത്തകാലത്തു നിങ്ങൾ ഈ വിഷയം പ്രാർത്ഥനാപൂർവ്വം പരിചിന്തിച്ചിട്ടുണ്ടോ? ചുരുങ്ങിയതു കുടുംബത്തിലെ ഒരംഗത്തിനെങ്കിലും ഒരു നിരന്തരപയനിയറായി പേർ ചാർത്താൻ കഴിയുമോയെന്നറിയാൻ നിങ്ങൾ ഈ വിഷയം ഒരു കുടുംബമെന്നനിലയിൽ ചർച്ച ചെയ്തിട്ടുണ്ടോ? ആയിരത്തിത്തൊളളായിരത്തി എൺപത്തിരണ്ട് നവംബർ 15-ലെ ദ വാച്ച്ടവർ 23-ാം പേജിൽ ചിന്തോദ്ദീപകമായ ഈ പ്രസ്താവന നടത്തി: “വാസ്തവത്തിൽ ഓരോ ക്രിസ്തീയ ശുശ്രൂഷകനും തനിക്കു പയനിയറിംഗ് നടത്താൻ കഴിയുമോ ഇല്ലയോ എന്നു പ്രാർത്ഥനാപൂർവ്വം പരിചിന്തിക്കേണ്ടതുണ്ട്. പതിനഞ്ചുവർഷം പയനിയറിംഗ് നടത്തിയ ദക്ഷിണാഫ്രിക്കയിലെ ഒരു ദമ്പതികൾ ഇപ്രകാരം പറഞ്ഞു: ‘ഞങ്ങൾ എന്തുകൊണ്ടാണു പയനിയറിംഗ് നടത്തുന്നത്? പയനിയറിംഗ് ചെയ്തില്ലെങ്കിൽ ഞങ്ങൾക്ക് എന്നെങ്കിലും അതു ദൈവമുമ്പാകെ ന്യായീകരിക്കാൻ കഴിയുമോ?’ പയനിയർമാരല്ലാത്ത അനേകർക്കും ബന്ധപ്പെട്ട ഈ ചോദ്യം ചോദിക്കാൻ കഴിയും: ‘ഞാൻ ഒരു പയനിയർ അല്ലെന്നുളള വസ്തുത എനിക്കു ദൈവമുമ്പാകെ യഥാർത്ഥത്തിൽ ന്യായീകരിക്കാൻ കഴിയുമോ?’”
4 ഈ വിഷയം സംബന്ധിച്ച മറെറാരു വീക്ഷാഗോപുര ലേഖനം ചൂഴ്ന്നിറങ്ങുന്ന ഈ പ്രസ്താവന നടത്തി: “നമ്മിൽ ഓരോരുത്തരും തന്നോടുതന്നെ സത്യസന്ധരായിരിക്കണം. ‘ആത്മാവ് ഒരുക്കമുളളതെങ്കിലും ജഡം ബലഹീനമാകുന്നു’ എന്നു നിങ്ങൾ പറയുന്നുവോ? എന്നാൽ യഥാർത്ഥത്തിൽ ആത്മാവ് ഒരുക്കമുളളതാണോ? ആത്മാവിന്റെ മനസ്സൊരുക്കമില്ലായ്മയ്ക്കു ജഡത്തിന്റെ ബലഹീനത ഒരു ഒഴികഴിവായി ഉപയോഗിക്കുന്നതു നമുക്ക് ഒഴിവാക്കാം.”—w78 8/15 പേജ് 23.
5 തങ്ങളുടെ കുട്ടികൾ വിജയിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ: സദൃശവാക്യങ്ങൾ 15:20 നമുക്ക് ഉറപ്പു നൽകുന്നു “ജ്ഞാനമുളള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു.” തങ്ങളുടെ പുത്രൻമാരും പുത്രിമാരും യഹോവക്കു സമർപ്പിക്കപ്പെട്ട സേവനത്തിന്റെ ഒരു ജീവിതം പിന്തുടരുമ്പോൾ ദൈവികഭക്തിയുളള മാതാപിതാക്കൾ നിസ്സംശയമായും സന്തോഷിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ കുട്ടികൾ താനേ അത്തരം ഒരു ഗതി തിരഞ്ഞെടുക്കുകയില്ല. ഈ ലോകത്തിന്റെ വശീകരണം വളരെ ശക്തമാണ്. മാതാപിതാക്കളേ, നിങ്ങളുടെ സ്വന്തം മൂല്യങ്ങളാണ് നിങ്ങളുടെ കുട്ടികളുടെ മൂല്യങ്ങളെ രൂപപ്പെടുത്തുന്നത്. നിങ്ങൾ എല്ലായ്പ്പോഴും മുഴുസമയസേവനത്തിന്റെ പ്രയോജനങ്ങളെക്കുറിച്ചു സംസാരിക്കുകയാണെങ്കിൽ, നിങ്ങൾ അർപ്പിത പയനിയർമാരുടെ സഹവാസം തേടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നെങ്കിൽ, മുഴുസമയസേവനമാണു കുട്ടികൾക്ക് ഏതുകാലത്തും ഏറെറടുക്കാൻ കഴിയുന്ന ഏററവും ആദരണീയവേലയെന്നു നിങ്ങൾക്കു യഥാർത്ഥത്തിൽ ബോധ്യമുണ്ടെങ്കിൽ, ആ ക്രിയാത്മക മനോഭാവത്തിനു സംശയലേശമെന്യേ നിങ്ങളുടെ കുട്ടികളുടെമേൽ വലിയ സ്വാധീനം ഉണ്ടായിരിക്കും. മനുഷ്യരുടെ മുമ്പാകെയല്ല യഹോവയുടെ മുമ്പാകെ ഒരു നല്ല പേരു നിലനിർത്തുന്നതിന്റെ മൂല്യം വിലമതിക്കാൻ അവരെ സഹായിക്കുക.
6 യുവജനങ്ങളേ, നിങ്ങൾ നടത്തേണ്ട തിരഞ്ഞെടുപ്പിനെ സദൃശവാക്യങ്ങൾ 22:1 [NW] ഊന്നിപ്പറയുന്നു: “അനവധി സമ്പത്തിനെക്കാൾ ഒരു പേരു തിരഞ്ഞെടുക്കേണ്ടതാണ്; കൃപ സ്വർണ്ണത്തെയും വെളളിയെയുംകാൾ ഉത്തമമാണ്.” നിങ്ങൾക്കായി നിങ്ങൾ എങ്ങനെയുളള ഒരു പേര് സമ്പാദിക്കും. സമർപ്പിത സേവനത്തിലൂടെ ദൈവമുമ്പാകെ ഒരു പേരു സമ്പാദിച്ച, നാം ബൈബിളിൽ വായിക്കുന്ന സ്ത്രീപുരുഷൻമാരെക്കുറിച്ചു ചിന്തിക്കുക. പ്രിയ ഡോക്ടറായ ലൂക്കോസും സത്യദൈവത്തോടൊത്തു നടന്ന ഹാനോക്കും ഉണ്ടായിരുന്നു. ഇളംപ്രായത്തിൽ യഹോവയുടെ ആലയത്തിൽ സേവനം തുടങ്ങിയതുകൊണ്ടു ശമൂവേലിനു സാധ്യമായ ഏററവും നല്ല വിദ്യാഭ്യാസം ലഭിച്ചു. തങ്ങൾ നടത്തിയ തിരഞ്ഞെടുപ്പു സംബന്ധിച്ച് ഈ വിശ്വസ്ത ദാസൻമാർ എന്നെങ്കിലും ദുഃഖിച്ചുവെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? അവർ എന്തിനു ദുഃഖിക്കണം? അവരെല്ലാവരും സന്തുഷ്ടവും ഉത്പാദനക്ഷമവും ഉത്സാഹഭരിതവുമായ ജീവിതം നയിച്ചു. അവർ യഹോവയുടെ നിലനിൽക്കുന്ന പ്രീതി നേടി!—സങ്കീ. 110:3; 148:12, 13; സദൃശ. 20:29 ഏ; 1 തിമൊ. 4:8ബി.
7 കുട്ടികൾ വിജയപൂർവ്വം ജീവിതം നയിക്കുമ്പോൾ അവരുടെ മാതാപിതാക്കൾക്ക് ഒരു അഭിമാനബോധം തോന്നുന്നു. “യഹോവയിൽനിന്നുളള ഈ അവകാശ”ത്തെ പരിശീലിപ്പിക്കുന്നതിലും ശിക്ഷണം നൽകുന്നതിലും പഠിപ്പിക്കുന്നതിലും അവർ മുടക്കിയ സമ്പാദ്യം അനേകമടങ്ങായി തിരികെ ലഭിക്കുന്നു. (സങ്കീ. 127:3, NW) യഹോവയെ ബഹുമാനിക്കാൻ ഒരു മകൻ അല്ലെങ്കിൽ മകൾ അവന് അല്ലെങ്കിൽ അവൾക്കു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നതിനെക്കാൾ ഏതെങ്കിലും ഒരു മാതാവിനോ പിതാവിനോ അഭിമാനിക്കാൻ എന്താണുളളത്? ഒരു കത്തു ചിത്രീകരിക്കുന്നതുപോലെ അനേകം യുവജനങ്ങൾ ഈ ആധുനിക കാലത്തു ലൂക്കോസിന്റെയും ഹാനോക്കിന്റെയും ശമൂവേലിന്റെയും കാൽച്ചുവടുകൾ പിന്തുടരുന്നുണ്ട്: “എനിക്കു 16 വയസ്സുണ്ട്. സ്നാപനമേററ് ഒൻപതു മാസം കഴിഞ്ഞപ്പോൾ . . . ഞാൻ നിരന്തരപയനിയറിംഗ് ആരംഭിച്ചു. അന്നുമുതൽ എനിക്കു യഹോവയുടെ അനുഗ്രഹം ലഭിക്കുന്നുണ്ട്. . . . പയനിയറിംഗ് നിങ്ങളെ സ്കൂളിലും സഹായിക്കും. ഞാൻ ഒരു സാക്ഷിയായിരിക്കുന്നതു സംബന്ധിച്ച് മുമ്പ് എന്റെ ക്ലാസ്സിലെ കുട്ടികൾ എന്നെ പരിഹസിച്ചിരുന്നു. ഇപ്പോൾ, ഞാൻ വ്യക്തിപരമായ വളരെയധികം പഠനം നടത്തേണ്ടതുളളതുകൊണ്ട് ‘എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയാൻ’ എനിക്കു കഴിയുന്നു.”
8 ഒരുവനെ ശുശ്രൂഷയിൽ സജ്ജനാക്കാനുളള വിദ്യാഭ്യാസം: ഈ ഘട്ടത്തിൽ ലൗകിക വിദ്യാഭ്യാസത്തെക്കുറിച്ചുളള ചോദ്യം നാം പരിചിന്തിച്ചേക്കാം. ഒരു സന്തുലിത വീക്ഷണം വിശേഷാൽ ആവശ്യമായ ഒരു മണ്ഡലമാണിത്. ആയിരത്തിത്തൊളളായിരത്തി തൊണ്ണൂററിമൂന്ന് ഫെബ്രുവരി 1-ലെ വീക്ഷാഗോപുരം “ഒരു ലക്ഷ്യത്തോടെയുളള വിദ്യാഭ്യാസം” എന്ന ലേഖനം വിശേഷവത്ക്കരിച്ചു. “മതിയായ വിദ്യാഭ്യാസം” എന്ന ഉപതലക്കെട്ടിൻകീഴിൽ ഈ പ്രസ്താവന ഉണ്ടായിരുന്നു: “മുഴുസമയ പയനിയർ ശുശ്രൂഷകരായാൽപോലും ക്രിസ്ത്യാനികൾ സ്വയം പോററാൻ പ്രാപ്തരായിരിക്കണം . . . (2 തെസ്സലൊനിക്യർ 3:10-12) . . . ഈ ബൈബിൾ തത്ത്വങ്ങളെ മാനിക്കുന്നതിനും തന്റെ ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിറവേററുന്നതിനും ഒരു യുവക്രിസ്ത്യാനിക്ക് എന്തു വിദ്യാഭ്യാസം ആവശ്യമാണ്? . . . സുവാർത്തയുടെ പയനിയർ ശുശ്രൂഷകരായിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്തിനെയാണ് (ശമ്പളം) ‘പര്യാപ്തമായത്’ എന്നു വിളിക്കാവുന്നത്? തങ്ങളുടെ സഹോദരൻമാർക്കോ കുടുംബത്തിനോ ഭാരമായിത്തീരുന്നത് ഒഴിവാക്കാൻ ഇത്തരം ആളുകൾക്ക് പൊതുവെ അംശകാലജോലി ആവശ്യമാണ്.—1 തെസ്സലൊനിക്യർ 2:9.”
9 ഭാവി നിരന്തരപയനിയർ മുഴുസമയസേവനം പിന്തുടരുന്നതിനു തന്നെ സഹായിക്കാൻ കൂടുതൽ വിദ്യാഭ്യാസം ആവശ്യമാണെന്നു കരുതുന്നുവെങ്കിൽ, 1993 ഫെബ്രുവരി 1-ലെ വീക്ഷാഗോപുരം ഇപ്രകാരം ശുപാർശ ചെയ്യുന്നു: “ഒരു യുവസാക്ഷി അനുബന്ധവിദ്യാഭ്യാസം നേടാൻ തീരുമാനിക്കുന്നെങ്കിൽ, എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കിൽ ഈ വിദ്യാഭ്യാസം വീട്ടിൽ താമസിച്ചുകൊണ്ടു നടത്തുന്നതു ബുദ്ധിയായിരിക്കും, അങ്ങനെ സാധാരണയുളള ക്രിസ്തീയ പഠനസ്വഭാവങ്ങളും, യോഗങ്ങളിൽ ഹാജരാകലും പ്രസംഗപ്രവർത്തനവും നിലനിർത്താൻ കഴിയും.”
10 തന്റെ ആഗ്രഹം പയനിയർസേവനത്തിൽ ആയിരുന്നെങ്കിലും ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനത്തിൽ പോകേണ്ടിവന്ന 22 വയസ്സുളള ഒരു യുവാവിന്റെ അനുഭവം ആഫ്രിക്കയിൽനിന്നു വരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനത്തിലായിരിക്കെ അദ്ദേഹം ഒരു സഹായപയനിയറായി പേർ ചാർത്തി. അദ്ദേഹം പരീക്ഷയിൽ പരാജയപ്പെടും എന്നു പറഞ്ഞുകൊണ്ടു കൂട്ടുകാർ അദ്ദേഹത്തെ പരിഹസിച്ചു. “ഒന്നാമതു ദൈവത്തിന്റെ രാജ്യവും അവിടത്തെ നീതിയും അന്വേഷിക്കുക” എന്നതായിരുന്നു അവരോടുളള അദ്ദേഹത്തിന്റെ മറുപടി. ആത്മശിക്ഷണം ബാധകമാക്കിക്കൊണ്ട് അദ്ദേഹം എല്ലാ രാവിലെയും നേരത്തെ എഴുന്നേററു ക്ലാസ്സുകൾക്കുവേണ്ടി രണ്ടു മണിക്കൂർ തയ്യാറാകുമായിരുന്നു. ക്ലാസ്സുകൾ കഴിയുമ്പോൾ ഉച്ചകഴിഞ്ഞു വയൽസേവനത്തിലും പങ്കെടുത്തിരുന്നു. ഒരു പ്രത്യേക പരീക്ഷയിൽ പ്രത്യേക സ്പോൺസർഷിപ്പ് അവാർഡിനായി അദ്ദേഹം മൂന്നാമനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുഴു സ്കൂളും അമ്പരന്നുപോയി. രണ്ടാം സ്ഥാനത്തുവന്ന വിദ്യാർത്ഥി നമ്മുടെ പയനിയർ സഹോദരനുമൊത്തു സ്കൂളിൽ വച്ചു ബൈബിൾ പഠിച്ചിരുന്ന ഒരു താത്പര്യക്കാരനായിരുന്നു. ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥി സ്കൂളിലെ തീക്ഷ്ണതയുളള മറെറാരു സാക്ഷിയായിരുന്നു.
11 മൂപ്പൻമാർ തങ്ങളുടെ പങ്ക് നിർവ്വഹിക്കുന്നു: പയനിയർമാർ ചെയ്യുന്ന വേലയിൽ അഭിമാനമുളള സഭാമൂപ്പൻമാർ ഈ തീക്ഷ്ണതയുളള ശുശ്രൂഷകർക്കു വലിയ പ്രോത്സാഹനം നൽകുന്നു. മൂപ്പൻമാർ ഇതു ചെയ്യാൻ സന്തോഷമുളളവരാണ്, എന്തെന്നാൽ കഠിനവേല ചെയ്യുന്ന ഫലോത്പാദകരായ പയനിയർമാർ ഏതൊരു സഭയ്ക്കും ഒരു അനുഗ്രഹം ആണെന്ന് അവർക്കറിയാം. ഒരു വർഷമോ മറേറാ നിരന്തര പയനിയർസേവനത്തിൽ ചെലവഴിച്ചശേഷം അങ്ങനെയുളളവർ പയനിയർ സേവനസ്കൂളിലെ കൂടുതൽ പരിശീലനത്തിനു യോഗ്യരായിത്തീരുന്നു. പയനിയർമാരുടെ ഫലപ്രദത്വം വർദ്ധിപ്പിക്കുന്നതിൽ ഈ കോഴ്സ് ഒരു അമൂല്യ ഉപകരണമാണെന്നു തെളിഞ്ഞിരിക്കുന്നു. പയനിയർമാർ വേലയുടെ മുൻനിരയിൽ ആണെങ്കിൽപ്പോലും അവർക്കും സ്നേഹപൂർവ്വകമായ പ്രോത്സാഹനം ആവശ്യമാണ്. ഈ ആവശ്യം നിവർത്തിക്കാൻ മൂപ്പൻമാർ ജാഗ്രതയുളളവർ ആയിരിക്കണം.—1 പത്രൊ. 5:1-3.
12 നിരന്തരപയനിയർവേലയ്ക്കു മൂപ്പൻമാർക്കെങ്ങനെ പ്രചോദനം നൽകാൻ കഴിയും? ഈ പദവിയിൽ എത്തിപ്പിടിക്കാൻ ആർ പ്രാപ്തരായേക്കുമെന്നു കാലാകാലങ്ങളിൽ കണക്കാക്കുന്നതായിരിക്കും ഒരു നല്ല തുടക്കം. ഒരു ക്രമമായ അടിസ്ഥാനത്തിൽ സഹായപയനിയറിംഗ് നടത്തുന്ന അനേകരും ജോലിയിൽ നിന്നു വിരമിച്ച വ്യക്തികളും വീട്ടമ്മമാരും വിദ്യാർത്ഥികളും ഉൾപ്പെടെ അനുകൂലാവസ്ഥയിൽ ഉളളവരെന്നു തോന്നുന്ന വ്യക്തികളെ മൂപ്പൻമാർക്കു സമീപിക്കാൻ കഴിയും. പേർ ചാർത്താൻ ആരും കടപ്പാടിൻകീഴിൽ ആണെന്നു തോന്നാൻ ഇടയാക്കാതെ, ആഗ്രഹം ഉണ്ടായിരുന്നിട്ടും ശങ്കിച്ചു പിൻമാറിനിന്നവർക്ക് അല്പം പ്രായോഗിക പ്രോത്സാഹനം നല്കിയാൽ, പയനിയറിംഗ് തങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്നതാണെന്ന് അവർ മനസ്സിലാക്കിയേക്കാം.
13 അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കു പ്രോത്സാഹനം നൽകുമ്പോൾ അപേക്ഷകൻ ഒരു നിരന്തരപയനിയറായി പേർ ചാർത്തുന്നതിനു മുമ്പ് അനേക മാസക്കാലം സഹായപയനിയർ വേലയിൽ ചെലവഴിക്കേണ്ടതില്ലെന്നു മൂപ്പൻമാർ മനസ്സിൽ പിടിക്കണം. (രാ.ശു. 10/86 അനുബന്ധം 24-26വരെയുളള ഖണ്ഡികകൾ) തീർച്ചയായും, അപേക്ഷകൻ മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ പററിയ ഒരു സ്ഥാനത്താണെന്നു മൂപ്പൻമാർ ന്യായമായി ഉറപ്പുവരുത്താൻ ആഗ്രഹിക്കും.
14 സഭാസേവനക്കമ്മിററി അപേക്ഷ അവലോകനം ചെയ്യുകയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ സെക്രട്ടറി ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും ചെയ്തതിനുശേഷം അത് ഉടൻതന്നെ സൊസൈററിയ്ക്ക് അയയ്ക്കേണ്ടതാണ്.
15 നിരന്തരപയനിയർമാർ അനുഭവിച്ചുകൊണ്ടിരുന്നേക്കാവുന്ന ഏതൊരു പ്രശ്നം സംബന്ധിച്ചും സെക്രട്ടറി മൂപ്പൻമാരെ അറിയിച്ചുകൊണ്ടിരിക്കണം. അനേകം പയനിയർമാരുളള സഭകളിൽ ഇതു വിശേഷാൽ പ്രധാനമാണ്. സഭാ അവലോകന റിപ്പോർട്ടിൽ (S-10) ആവശ്യപ്പെട്ടിരിക്കുന്നതുപോലെ സേവനവർഷത്തിന്റെ ഒടുവിൽ പയനിയർമാരുടെ പ്രവർത്തനം പുനരവലോകനം ചെയ്യുന്നതു കൂടാതെ മണിക്കൂർ വ്യവസ്ഥയിൽ ആരെങ്കിലും കുറവു വരുത്തുന്നുണ്ടോയെന്നും വ്യക്തിപരമായ ശ്രദ്ധ ആവശ്യമുണ്ടോയെന്നും അറിയുന്നതിനു മാർച്ചുമാസാരംഭത്തിൽ തന്നോടൊപ്പം കൂടിച്ചേരുന്നതിനു സെക്രട്ടറി സേവനമേൽവിചാരകനെ ക്ഷണിക്കണം. (1993 ഫെബ്രുവരി നമ്മുടെ രാജ്യ ശുശ്രൂഷയിലെ അറിയിപ്പുകൾ കാണുക.) താമസംവിനാ സഹായം നൽകുന്നെങ്കിൽ സേവനവർഷം വിജയപ്രദമായി പൂർത്തിയാക്കാൻ പയനിയർ പ്രാപ്തനായേക്കും.
16 പുതിയ നിരന്തരപയനിയർമാരുടെ നല്ലൊരു കൂട്ടം പ്രായം കുറഞ്ഞവരും താരതമ്യേന സത്യത്തിൽ പുതിയവരുമാണ്. അവരുടെ മനസ്സൊരുക്കമുളള ആത്മാവു തീർച്ചയായും നമ്മെ സന്തോഷിപ്പിക്കുന്നു! എന്നാൽ വീടുതോറുമുളള വേലയിലെ തങ്ങളുടെ വൈദഗ്ദ്ധ്യം വികസിപ്പിക്കുന്നതിനും ഫലപ്രദമായ മടക്കസന്ദർശനങ്ങൾ നടത്തുന്നതിനും ബൈബിളദ്ധ്യയനങ്ങളിൽ പഠിപ്പിക്കുന്നതിനും ഈ പുതിയവർക്ക് ഇപ്പോഴും പരിശീലനം ആവശ്യമാണ്. പരിശീലനം ലഭിക്കുന്നില്ലെങ്കിൽ ഈ പുതിയ വ്യക്തി ഒരു വർഷമോ മറേറാ കഴിഞ്ഞു നിരുത്സാഹിതനായിത്തീരുകയും ശുശ്രൂഷയിൽ ഫലങ്ങൾ ലഭിക്കാത്തതുകൊണ്ടു ക്രമേണ പയനിയർസേവനം നിർത്തുകയും ചെയ്തേക്കാം. ജാഗ്രതയുളള മൂപ്പൻമാർ ചെറിയ പ്രശ്നങ്ങളോ പ്രവർത്തനത്തിലെ ഒരു മാന്ദ്യമോ തിരിച്ചറിഞ്ഞേക്കാം. ഉടൻ ശ്രദ്ധ നൽകുകയും അദ്ദേഹത്തിന്റെ പ്രശ്നം പരിഹരിക്കാൻ ആ പയനിയറെ സഹായിക്കുകയും ചെയ്യുന്നുവെങ്കിൽ അനേകവർഷത്തെ ഉത്പാദനക്ഷമമായ സേവനം അദ്ദേഹം ആസ്വദിച്ചേക്കാം.
17 വിദൂര വെളളങ്ങളിൽ നിങ്ങൾക്കു മീൻപിടിക്കാൻ കഴിയുമോ? യേശുവിന്റെ ശിഷ്യൻമാരിൽ ചിലർ മുക്കുവരായിരുന്നു. ചിലപ്പോൾ രാത്രിമുഴുവനും മത്സ്യബന്ധനം നടത്തിയശേഷം അവരുടെ വലകൾ ശൂന്യമായിരുന്നു. (യോഹ. 21:3) ‘മനുഷ്യർക്കുവേണ്ടിയുളള മീൻപിടിത്തം’ വർഷങ്ങളായി നടത്തിയിട്ടുളള ഈ രാജ്യത്തെ ചില നഗരങ്ങളിൽ ‘മത്സ്യബന്ധന’വേലയിൽ ചുമതല വഹിക്കുന്ന തീക്ഷ്ണതയുളള സാക്ഷികളുടെ വലിയ സഭകൾ ഉണ്ട്. തങ്ങളുടെ സഭാ “വെളളങ്ങളിൽ” കുറേ “മത്സ്യം” ഉളളതായി ചിലർ നിഗമനം ചെയ്തേക്കാം. (മത്താ. 4:19) മറിച്ച്, പ്രസാധകരും പയനിയർമാരും അനേകം ബൈബിളദ്ധ്യയനങ്ങൾ നടത്തുന്ന മററു നഗരങ്ങളിൽനിന്നുളള റിപ്പോർട്ടുകൾ കേൾക്കുന്നതിൽ നാം പുളകിതരല്ലേ? ഈ പട്ടണങ്ങളിൽ പയനിയർമാർ അനുഭവിക്കുന്ന സന്തോഷം വ്യക്തമായും പ്രകടമാണ്. (w92 9/1 പേജ് 20 ഖണ്ഡിക 15) അതുകൊണ്ട് കഠിനവേല ചെയ്യുന്ന നിരന്തര പയനിയർമാരിൽ ചിലർ ആവശ്യം കൂടുതലുളള ഒരു നഗരത്തിലേക്കു സ്വമേധയാ മാറിപ്പോകാവുന്ന ഒരു സ്ഥാനത്തായിരിക്കുകയും അങ്ങനെ ചെയ്യാൻ അവർ ചിന്തിച്ചുകൊണ്ടിരിക്കുകയും ആണെങ്കിൽ അത്തരം ഒരു മാററം നടത്തുന്നതിനുമുമ്പു ബ്രാഞ്ചാഫീസുമായി അവർ പരിശോധിക്കേണ്ടതാണ്.
18 ആരംഭത്തിങ്കൽ ചിലർ പയനിയറിംഗ് തുടങ്ങിയത് ചെയ്യേണ്ട ഉചിതമായ സംഗതി അതാണെന്ന് അവർക്കറിയാമായിരുന്നതുകൊണ്ടായിരുന്നു. എന്നാൽ തങ്ങൾക്ക് അതിൽ വിജയിക്കാൻ കഴിയുമോ എന്ന് അവർ സംശയിച്ചിരിക്കാം. അല്പം സംശയത്തോടെയും കരുതലോടെയും ആയിരിക്കാം അവർ അപേക്ഷിച്ചത്. തുടക്കത്തിൽ വയലിലെ അവരുടെ ഫലങ്ങൾ പരിമിതമായിരുന്നിരിക്കാം. എന്നിരുന്നാലും കാലക്രമത്തിൽ അവരുടെ വൈദഗ്ദ്ധ്യം വർദ്ധിച്ചു. അവരുടെ വേലയുടെമേൽ യഹോവയുടെ അനുഗ്രഹത്തിന്റെ തെളിവുണ്ടായി. തത്ഫലമായി അവരുടെ സന്തോഷവും ആത്മവിശ്വാസവും വളർന്നു. ചിലർക്കു പയനിയറിംഗ് ബെഥേൽ സേവനത്തിലേക്കും, സഞ്ചാരവേലയിലേക്കു പോലുമുളള ഒരു ചവിട്ടുപടിയാണെന്നു തെളിഞ്ഞിട്ടുണ്ട്.
19 ഒരു നിരന്തരപയനിയർ എന്നനിലയിൽ ഒരു വിദൂര പട്ടണത്തിലേക്കു മാറുകയെന്നുളളതു നിങ്ങൾക്കു സാദ്ധ്യമല്ലായിരിക്കാം. എന്നാൽ നിങ്ങളുടെ ഇപ്പോഴത്തെ പ്രദേശം ഉത്പാദനക്ഷമമല്ലെങ്കിൽ നിങ്ങൾക്കു മററു വെളളങ്ങളിലും മീൻപിടുത്തം നടത്താനുളള അവസരങ്ങളുണ്ട്, ഒരുപക്ഷേ നിങ്ങളുടെ സംസ്ഥാനത്തിനുളളിൽ തന്നെ. അത്തരം ഒരു മാററം നിങ്ങളുടെ ജീവിതരീതിയിൽ ഒരു പൊരുത്തപ്പെടുത്തൽ ആവശ്യമാക്കിത്തീർത്തേക്കാം, എന്നാൽ നിശ്ചയമായും ആത്മീയ പ്രതിഫലം വളരെ വലുതായിരിക്കും.—മത്താ. 6:19-21.
20 അല്ലെങ്കിൽ സാഹചര്യം അനുവദിക്കുന്നപക്ഷം നിങ്ങളുടെതന്നെ സർക്കീട്ടിലെ ഒരു അയൽസഭയെ സഹായിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം. നിങ്ങൾ യോഗ്യത നേടുന്നുവെങ്കിൽ, ഒരു പയനിയറിൽനിന്നു പ്രയോജനം നേടിയേക്കാവുന്ന സർക്കീട്ടിലെ സഭകളെക്കുറിച്ചുളള നിർദ്ദേശങ്ങൾ നൽകാൻ നിങ്ങളുടെ സർക്കിട്ട് മേൽവിചാരകൻ സന്തോഷമുളളവനായിരിക്കും.
21 ചില പയനിയർമാർക്കും പ്രസാധകർക്കും വീട്ടിൽ കഴിഞ്ഞുകൊണ്ടു തങ്ങളുടെ പ്രദേശത്തെ താത്പര്യങ്ങൾക്കായി സേവിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവർക്കു മറെറാരു ഭാഷ അറിയാമായിരിക്കാം. നിങ്ങളുടെ പ്രദേശത്തിനുളളിൽ നല്ലൊരു കൂട്ടം ആളുകൾ മറെറാരു ഭാഷ സംസാരിക്കുന്നതായി നിങ്ങൾ കണ്ടെത്തുന്നുവോ? തങ്ങളുടെ സ്വന്തം ഭാഷ ഉപയോഗിക്കുന്ന ആരിൽനിന്നെങ്കിലും രാജ്യസന്ദേശം സ്വീകരിക്കേണ്ട ആവശ്യമുളള ആളുകളുണ്ടോ? എല്ലാത്തരത്തിലുമുളള ആളുകളുടെ അടുത്തു രാജ്യസന്ദേശവുമായി എത്തിച്ചേരുന്നതിൽ മറെറാരു ഭാഷ അറിയാവുന്നവർക്ക് ഒരു വലിയ സഹായമായിരിക്കാൻ കഴിയും. ഇതിനു ഒരു യഥാർത്ഥ വെല്ലുവിളിയായിരിക്കാൻ കഴിയുമെങ്കിലും അതോടൊപ്പം വളരെ പ്രതിഫലദായകമാണെന്നു തെളിയാനും കഴിയും.—1 തിമൊ. 2:4; തീത്തൊ. 2:11.
22 നിങ്ങൾ ഇപ്പോൾ യഹോവയെ ബഹുമാനിക്കാൻ നിങ്ങൾക്കാവുന്നതെല്ലാം ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ ഇപ്പോഴത്തെ സേവന പദവികളിൽ സന്തോഷിക്കുക. നിങ്ങൾക്കു കൂടുതൽ ചെയ്യാൻ കഴിയും എന്നു തോന്നുന്നെങ്കിൽ ഈ വിഷയം പ്രാർത്ഥനയിൽ യഹോവയോടു പറയുക. നിങ്ങളുടെ സാഹചര്യം ഏതെല്ലാം മാററങ്ങൾ വരുത്താൻ നിങ്ങളെ അനുവദിക്കുമെന്നു യാഥാർത്ഥ്യബോധത്തോടെ വിശകലനം ചെയ്യുക. നിങ്ങളുടെ പദ്ധതികൾ പയനിയർ ആത്മാവുളള ഒരു മൂപ്പനുമായി അല്ലെങ്കിൽ സർക്കിട്ട് മേൽവിചാരകനുമായി സംസാരിക്കുക. നിങ്ങൾ പ്രാർത്ഥനാപൂർവ്വം പ്രായോഗികമായ ഒരു തീരുമാനം എടുത്തുകഴിയുമ്പോൾ അവിടത്തെ ബഹുമാനിക്കുന്നവരെ ബഹുമാനിക്കുമെന്നുളള യഹോവയുടെ വാഗ്ദത്തത്തിൽ വിശ്വാസമുളളവരായി സത്വരം മുന്നേറുക.—എബ്രാ. 13:5, 6; 1 ശമൂ. 2:30.