ഏതുതരം ആളുകളോടാണു നിങ്ങൾ പ്രീതി കാട്ടുന്നത്?
“വധുവിനെ ആവശ്യമുണ്ട്. വെളുത്തനിറമുള്ളവളും വണ്ണം കുറഞ്ഞവളും ബിരുദധാരിയും ആയിരിക്കണം, ബിരുദാനന്തരബിരുദധാരി കൂടുതൽ അഭിലഷണീയം. വസ്തു ഉള്ള ഉയർന്ന കുടുംബത്തിൽപ്പെട്ടവൾ ആയിരിക്കണം. ഒരേ ജാതി അഭികാമ്യം.”
ഇൻഡ്യയിലെ ഒരു വർത്തമാനപത്രത്തിൽ നിങ്ങൾ കാണാനിടയുള്ള ഒരു സാധാരണ വിവാഹപരസ്യം അങ്ങനെയാണു വായിക്കുന്നത്. മിക്കവാറും, ലോകത്തിന്റെ മററനേകം ഭാഗങ്ങളിൽ നിങ്ങൾക്കു സമാനമായ എന്തെങ്കിലും കാണാൻ കഴിയും. സാധാരണയായി ഇൻഡ്യയിൽ ഈ വിജ്ഞാപനം പുറപ്പെടുവിക്കുന്നതു ഭാവിവരന്റെ മാതാപിതാക്കളാണ്. സുന്ദരമായചുവപ്പു സാരിയുടുത്തു ധാരാളം സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ പെൺകുട്ടിയുടെ ഒരു ഫോട്ടോ മറുപടികളിൽ ഉൾപ്പെട്ടേക്കാം. ചെറുക്കന്റെ കുടുംബം അംഗീകരിക്കുന്നുവെങ്കിൽ വിവാഹത്തിനുള്ള ഉദ്ദേശ്യത്തോടെ കൂടിയാലോചനകൾ ആരംഭിക്കുന്നു.
മൂല്യത്തിന്റെ പൊതു മാനദണ്ഡങ്ങൾ
ഇൻഡ്യയിൽ വെളുത്ത വധുവിനുവേണ്ടിയുള്ള അഭ്യർത്ഥനകൾ വളരെ സാധാരണമാണ്. ഹൈന്ദവ സമുദായത്തിലെ താഴ്ന്ന ജാതിക്കാർ എന്നു വിളിക്കപ്പെടുന്നവർ കറുത്ത തൊലിയുള്ളവരാണ് എന്ന ആഴത്തിൽ വേരൂന്നിയ വിശ്വാസം നിമിത്തമാണിത്. അടുത്തകാലത്ത്, ഇൻഡ്യൻ ദൂരദർശനിലെ ഒരു പരിപാടി രണ്ടു പെൺകുട്ടികളുടെ ഒരു കഥ പറഞ്ഞു, ഒരുവൾ വെളുത്തവളും മറേറവൾ കറുത്തവളും. വെളുത്ത പെൺകുട്ടി ക്രൂരയും മോശമായ സ്വഭാവം ഉള്ളവളും ആയിരുന്നു. കറുത്ത പെൺകുട്ടി ദയയും ആർദ്രതയും ഉള്ളവളായിരുന്നു. ഒരു മാന്ത്രികമായ മാററം സംഭവിച്ചു, ശിക്ഷയെന്നനിലയിൽ വെളുത്ത പെൺകുട്ടി കറുത്തവളായിത്തീർന്നു. എന്നാൽ കറുത്ത പെൺകുട്ടി വെളുത്തവളായി മാറി. കഥയുടെ ഗുണപാഠം സുവ്യക്തമായി നൻമ അന്തിമമായി വിജയിക്കുന്നുവെന്നാണെങ്കിലും വെളുത്ത ചർമ്മം ഒരു അഭിലഷിക്കപ്പെടുന്ന പ്രതിഫലമാണ്.
അത്തരം വർഗ്ഗീയവികാരങ്ങൾ മിക്കപ്പോഴും ഒരുവൻ മനസിലാക്കിയേക്കാവുന്നതിനേക്കാൾ വളരെ ആഴത്തിൽ വേരൂന്നിയതാണ്. ഉദാഹരണത്തിന്, ഒരു ഏഷ്യാക്കാരൻ ഒരു പാശ്ചാത്യരാജ്യം സന്ദർശിച്ചിട്ട് തന്റെ തൊലിയുടെ നിറം അല്ലെങ്കിൽ കണ്ണുകളുടെ വീക്ഷണരീതി നിമിത്തം തന്നോടു മോശമായി പെരുമാറിയെന്നു പരാതിപ്പെട്ടേക്കാം. അത്തരം പ്രവർത്തനങ്ങൾ അയാളെ അസ്വസ്ഥനാക്കുന്നു, തന്നോടു വർണ്ണവിവേചനം കാണിച്ചതായി അയാൾക്കു തോന്നുന്നു. പിന്നീട് അയാൾ തന്റെ സ്വന്തദേശത്തു തിരച്ചെത്തുമ്പോൾ ഒരു വ്യത്യസ്തവംശീയ സമൂഹത്തിൽപ്പെട്ട ആളുകളോട് അതേവിധത്തിൽതന്നെ പെരുമാറിയേക്കാം. മറെറാരു വ്യക്തിയുടെ മൂല്യത്തെ സംബന്ധിച്ച അനേകരുടെ വിലയിരുത്തലിൽ തൊലിയുടെ നിറവും വർഗ്ഗീയ പശ്ചാത്തലവും ഇന്നുപോലും ഒരു പ്രമുഖപങ്കു വഹിക്കുന്നു.
“ദ്രവ്യമോ സകലത്തിനും ഉതകുന്നു” എന്നു പുരാതന കാലത്തെ ശലോമോൻ രാജാവ് എഴുതി. (സദൃശവാക്യങ്ങൾ 10:19) അത് എത്ര സത്യമാണ്! ആളുകളെ എങ്ങനെ വീക്ഷിക്കുന്നുവെന്നതിനെയും സമ്പത്തു സ്വാധീനിക്കുന്നു. സമ്പത്തിന്റെ ഉറവിടം മിക്കപ്പോഴും ചോദ്യം ചെയ്യപ്പെടുന്നില്ല. കഠിനാദ്ധ്വാനം നിമിത്തമാണോ ഒരു മനുഷ്യൻ സമ്പന്നനായത്, അതോ പണം ശ്രദ്ധാപൂർവം കൈകാര്യം ചെയ്തതുകൊണ്ടാണോ, അതോ സത്യസന്ധതയില്ലായ്മ നിമിത്തമാണോ? അതു വലിയ പ്രാധാന്യം അർഹിക്കുന്നില്ല. അനുചിതമായി ലഭിച്ചതാണെങ്കിലും അല്ലെങ്കിലും സമ്പന്നന്റെ പ്രീതി നേടാൻ അനേകമാളുകളെ സമ്പത്ത് പ്രേരിപ്പിച്ചിരിക്കുന്നു.
ഈ മത്സരലോകത്തിൽ ഉയർന്ന വിദ്യാഭ്യാസവും ഉന്നത സ്ഥാനത്തു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഒരു കുട്ടി ജനിച്ചാലുടൻ മാതാപിതാക്കൾ വിദ്യാഭ്യാസത്തിനുള്ള വലിയ തുകകൾ നീക്കിവെക്കാൻ തുടങ്ങുന്നു. അവനു രണ്ടോ മൂന്നോ വയസ്സു പ്രായമാകുമ്പോഴേക്ക് ഒരു സർവ്വകലാശാലാ ബിരുദത്തിലേക്കുള്ള ദീർഘയാത്രയുടെ ആദ്യപടിയായി ഉചിതമായ നേഴ്സറി വിദ്യാലയത്തിലോ കിൻറർഗാർട്ടനിലോ എത്തിക്കുന്നതു സംബന്ധിച്ച് അവർ ഉത്കണ്ഠപ്പെടുന്നു. പ്രശസ്തമായ ഒരു ഡിപ്ലോമ അതിനോടൊപ്പം മററുള്ളവരിൽനിന്നു പ്രീതിയും ആദരവും നേടാനുള്ള അവകാശവും വഹിക്കുന്നുവെന്നു ചില ആളുകൾ കരുതുന്നതായി തോന്നുന്നു.
അതെ, തൊലിയുടെ നിറം, വിദ്യാഭ്യാസം, പണം, വംശീയ പശ്ചാത്തലം—ഇവ അനേകമാളുകൾക്കു മററാളുകളെ വിധിക്കാൻ അഥവാ മുൻവിധി നടത്താൻ മാനദണ്ഡങ്ങളായിത്തീർന്നിരിക്കുന്നു. തങ്ങൾ ആരോടു പ്രീതി കാട്ടണം ആരോടു കാട്ടരുത് എന്നു നിശ്ചയിക്കുന്നതിനുള്ള ഘടകങ്ങൾ ഇവയാണ്. നിങ്ങളെ സംബന്ധിച്ചെന്ത്? നിങ്ങൾ ആരോടാണ് പ്രീതി കാട്ടുന്നത്? പണമോ വെളുത്ത ചർമ്മമോ ഉയർന്ന വിദ്യാഭ്യാസമോ ഉള്ള ആരെങ്കിലും കൂടുതൽ ബഹുമാനവും പ്രീതിയും അർഹിക്കുന്നതായി നിങ്ങൾ കണക്കാക്കുന്നുവോ? അങ്ങനെയെങ്കിൽ നിങ്ങളുടെ വികാരങ്ങളുടെ അടിസ്ഥാനത്തെ നിങ്ങൾ ഗൗരവമായി പരിശോധിക്കേണ്ട ആവശ്യമുണ്ട്.
ഇവ നല്ല മാനദണ്ഡങ്ങളാണോ?
ഹൈന്ദവലോകം [Hindu World] എന്ന പുസ്തകം ഇപ്രകാരം കുറിക്കൊള്ളുന്നു: “താഴ്ന്ന ജാതിയിൽപ്പെട്ട ആരെങ്കിലും ഒരു ബ്രാഹ്മണനെ കൊന്നാൽ അയാളെ പീഡിപ്പിച്ചുകൊല്ലാനും അയാളുടെ സ്വത്തു കണ്ടുകെട്ടാനും കഴിയുമായിരുന്നു. അയാളുടെ ദേഹി നിത്യമായി ശപിക്കപ്പെട്ടു. ആരെയെങ്കിലും കൊല്ലുന്ന ഒരു ബ്രാഹ്മണനു പിഴയിടാൻ മാത്രമേ കഴിയുമായിരുന്നുള്ളു, അയാൾക്ക് ഒരിക്കലും മരണശിക്ഷ നൽകിയിരുന്നില്ല.” ആ പുസ്തകം പുരാതന കാലത്തെക്കുറിച്ചാണു പ്രസ്താവിക്കുന്നതെങ്കിലും, ഇന്നെന്ത്? വർഗ്ഗീയ മുൻവിധിയും സാമുദായിക സംഘർഷവും ഈ ഇരുപതാം നൂററാണ്ടിൽപോലും രക്തപ്പുഴകൾ ഒഴുക്കിയിട്ടുണ്ട്. ഇത് ഇൻഡ്യയിൽ മാത്രം ഉള്ളതല്ല. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്താലും ഐക്യനാടുകളിലെ വർഗ്ഗീയ മുൻവിധിയാലും ബാൾട്ടിക്കുകളിലെ ദേശീയ മുൻവിധിയാലും—ഈ പട്ടിക നീണ്ടുനീണ്ടു പോകുന്നു—നിലനിർത്തപ്പെടുന്ന വിദ്വേഷവും അക്രമവുമെല്ലാം സഹജശ്രേഷ്ഠതയുടെ വികാരങ്ങളാൽ ഉളവാകുന്നതാണ്. തീർച്ചയായും, വർണ്ണമോ ദേശീയതയോ നിമിത്തം ഒരാളെക്കാൾ മറെറാരാളോട് അത്തരം പ്രീതി കാണിക്കുന്നത് സമാധാനപരമായ നല്ല ഫലങ്ങൾ ഉളവാക്കിയിട്ടില്ല.
ധനം സംബന്ധിച്ചെങ്ങനെ? നിസ്സംശയമായും സത്യസന്ധമായ കഠിനാദ്ധ്വാനത്തിലൂടെ അനേകർ ധനികരായിത്തീരുന്നു. എന്നിരുന്നാലും, അധോലോക കുററവാളികളും കരിഞ്ചന്തക്കാരും മയക്കുമരുന്നു കള്ളക്കടത്തുകാരും നിയമവിരുദ്ധ ആയുധയിടപാടുകാരും മററുള്ളവരും ഭീമമായ സമ്പത്തു വാരിക്കൂട്ടിയിരിക്കുന്നു. ഇവരിൽ ചിലർ ധർമ്മസ്ഥാപനങ്ങൾക്കു സംഭാവന നൽകുകയോ ദരിദ്രരെ സഹായിക്കാനുള്ള പദ്ധതികളെ പിന്തുണയ്ക്കുകയോ ചെയ്യുന്നുവെന്നതു സത്യംതന്നെ. എന്നുവരികിലും, അവരുടെ അക്രമപ്രവർത്തനങ്ങൾ അവയുടെ ഇരകൾക്കു പറഞ്ഞുതീരാത്ത കഷ്ടപ്പാടും ദുരിതവും കൈവരുത്തിയിരിക്കുന്നു. ഒരു കോഴ വാങ്ങുകയോ അപകീർത്തികരമായ വ്യാപാരനടപടികളിൽ ഏർപ്പെടുകയോ ചെയ്യുന്നവരെപ്പോലുള്ള താരതമ്യേന നിസ്സാര ബിസിനസ്സുകാർപോലും തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും തകരാറിലാകുമ്പോൾ നൈരാശ്യവും അപകടവും മരണവും ഉളവാക്കിയിരിക്കുന്നു. തീർച്ചയായും സമ്പത്തുണ്ടായിരിക്കുന്നത് അതിൽതന്നെ ഒരു അനുകൂലമായ വിധിയ്ക്കുള്ള അടിസ്ഥാനമല്ല.
അപ്പോൾ വിദ്യാഭ്യാസം സംബന്ധിച്ചെന്ത്? ഒരുവന്റെ പേരിന്റെ പിന്നാലെയുള്ള ബിരുദങ്ങളുടെയും സ്ഥാനപ്പേരുകളുടെയും നീണ്ട പട്ടിക അയാൾ സത്യസന്ധനും നേരുള്ളവനും ആണെന്ന് ഉറപ്പുനൽകുന്നുണ്ടോ? അയാളെ പ്രീതിയോടെ കാണണമെന്ന് ഇതർത്ഥമാക്കുന്നുണ്ടോ? വിദ്യാഭ്യാസത്തിന് ഒരുവന്റെ ചക്രവാളങ്ങളെ വിപുലമാക്കാൻ കഴിയും എന്നു സമ്മതിക്കാവുന്നതാണ്. മററുള്ളവർക്കു പ്രയോജനം ചെയ്യാൻ തങ്ങളുടെ വിദ്യാഭ്യാസത്തെ ഉപയോഗിച്ചിട്ടുള്ള അനേകർ ആദരവും ബഹുമാനവും അർഹിക്കുന്നവരാണ്. ജനസമൂഹങ്ങളെ ചൂഷണം ചെയ്യുകയും മർദ്ദിക്കുകയും ചെയ്ത അഭ്യസ്തവിദ്യരുടെ ദൃഷ്ടാന്തങ്ങൾകൊണ്ടു ചരിത്രം നിറഞ്ഞിരിക്കുന്നു. കോളജ് അഥവാ സർവ്വകലാശാലാ രംഗത്ത് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതു പരിഗണിക്കുക. മയക്കുമരുന്നു ദുരുപയോഗത്തിന്റെ പ്രശ്നങ്ങളും ലൈംഗികമായി പകരുന്ന രോഗങ്ങളും കാമ്പസ്സുകളെ ബാധിച്ചിരിക്കുന്നു. അനേകം വിദ്യാർത്ഥികൾ പണത്തിന്റെയും അധികാരത്തിന്റെയും പ്രശസ്തിയുടെയും നേട്ടത്തിലാണ് കോളജിൽ ചേരുന്നത്. ഒരു വ്യക്തിയുടെ വിദ്യാഭ്യാസം മാത്രം അയാൾക്കു സത്യസന്ധമായ സ്വഭാവം ഉണ്ടെന്നുള്ളതിന്റെ ആശ്രയയോഗ്യമായ സൂചനയല്ല.
അല്ല, തൊലിയുടെ നിറമോ വിദ്യാഭ്യാസമോ പണമോ വംശീയപശ്ചാത്തലമോ മററു ഘടകങ്ങളോ മറെറാരുവന്റെ മൂല്യത്തെ നിർണ്ണയിക്കുന്നതിനുള്ള ഈടുററ അടിസ്ഥാനമല്ല. മററുള്ളവരിൽനിന്നു പ്രീതി നേടാനുള്ള ശ്രമത്തിൽ ഈ കാര്യങ്ങളിൽ ക്രിസ്ത്യാനികൾ വ്യാപൃതരാകരുത്. അപ്പോൾ ഒരു വ്യക്തി താത്പര്യമുള്ളവനായിരിക്കേണ്ടത് എന്തിലാണ്? ഒരുവൻ ഏതു പ്രമാണങ്ങളനുസരിച്ചാണു പ്രവർത്തിക്കേണ്ടത്?