ധൈര്യത്തോടെ എന്നാൽ നയപൂർവം പ്രസംഗിക്കൽ
1 “വചനം പ്രസംഗിക്കുക, സകല ദീർഘക്ഷമയും പഠിപ്പിക്കൽ കലയും സഹിതം അനുകൂലകാലത്തും പ്രതികൂലകാലത്തും അടിയന്തിരതയോടെ അതിൽ മുഴുകിയിരിക്കുക. എന്തെന്നാൽ മനുഷ്യർ ആരോഗ്യാവഹമായ പഠിപ്പിക്കൽ പൊറുക്കുകയില്ലാത്ത ഒരു കാലഘട്ടം ഉണ്ടായിരിക്കും” എന്ന് അപ്പോസ്തലനായ പൗലോസ് തിമൊഥെയോസിനെ ഉദ്ബോധിപ്പിച്ചു. (2 തിമൊ. 4:2, 3, NW) അന്ത്യനാളുകളിലെ ദുർഘട സമയങ്ങളിലേക്കു നാം കൂടുതൽ ആഴത്തിൽ പ്രവേശിക്കുമ്പോൾ വർധിച്ചുവരുന്ന ഒരു കൂട്ടം ആളുകൾ ബൈബിളിന്റെ ആരോഗ്യാവഹമായ പഠിപ്പിക്കൽ സ്വീകരിക്കാൻ മനസ്സില്ലാത്തവരായിത്തീരുകയാണ്. ചിലപ്പോൾ, നാം അവരുടെ മുമ്പാകെ അവതരിപ്പിക്കുന്ന സത്യത്തെ അവർ കേവലം അവഗണിക്കുന്നതിൽനിന്ന് ഈ മനോഭാവം പ്രകടമാണ്. മേൽപ്പറഞ്ഞ ബൈബിൾ ഭാഗം തുടർന്നു പറയുന്നതുപോലെ “തങ്ങളുടെ കാതുകൾക്കു രസിക്കേണ്ടതിനു തങ്ങൾക്കുവേണ്ടിത്തന്നെ ഉപദേഷ്ടാക്കൻമാരെ പെരുക്കാൻ” [NW] അവർ കൂടുതൽ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, മററു സമയങ്ങളിൽ ഉദ്ധതരും ആത്മനിയന്ത്രണമില്ലാത്തവരും ഉഗ്രൻമാരും ആയിരിക്കുകവഴി അവർ തിരുവെഴുത്തിനെ നിവർത്തിക്കുന്നു. അതു നമ്മുടെ നിയോഗം പൂർത്തീകരിക്കുന്നതു ദുഷ്കരമാക്കിത്തീർക്കുന്നു. നാം ഈ വേല തുടരുകയും, “പ്രതികൂലകാലത്തും” അടിയന്തിരതയോടെ അതിൽ മുഴുകിയിരിക്കുകയും ചെയ്യേണ്ടതുകൊണ്ട്, ധൈര്യത്തോടെ എന്നാൽ നയപൂർവം നമുക്ക് എങ്ങനെ പ്രസംഗിക്കാൻ കഴിയും?—2 തിമൊ. 3:1-3.
2 എതിർപ്പ് യഹോവയുടെ സാക്ഷികൾക്ക് ഒട്ടും പുത്തരിയല്ല. തന്റെ ദൈവഭക്തി നിമിത്തം ഹാബേൽ കൊല്ലപ്പെട്ട കാലംമുതൽ സാത്താന്റെ പിണയാളികളുടെ കരങ്ങളിൽ യഹോവയുടെ സത്യാരാധകർ പീഡനം അനുഭവിച്ചിട്ടുണ്ട്. യേശുവിന്റെ ശിഷ്യൻമാർ പീഡിപ്പിക്കപ്പെടുമെന്നു സൂചിപ്പിക്കുന്ന ധാരാളം പ്രവചനങ്ങൾ തിരുവെഴുത്തുകളിലുണ്ട്. (മത്താ. 23:34) വിശേഷിച്ച് ഈ അന്ത്യകാലത്ത്, തനിക്കു കഴിയുന്നിടത്തോളം യഹോവയുടെ ദാസൻമാരെ വിഴുങ്ങാൻ ശ്രമിച്ചുകൊണ്ട് ഒരു അലറുന്ന സിംഹത്തെപ്പോലെ സാത്താൻ പെരുമാറുന്നതായി നാം കണ്ടെത്തുന്നു. കാരണം “തനിക്കു അല്പകാലമേയുളളു എന്നു അറിഞ്ഞുകൊണ്ടു മഹാക്രോധത്തോടെ” അവൻ ഭൂമിയുടെ സമീപത്തു കഴിയുകയാണ്. (1 പത്രൊ. 5:8; വെളി. 12:12) അതേസമയം, പരിശോധനാപരമായ അനുഭവങ്ങൾ നമുക്ക് ഉണ്ടാകുമെന്ന് അറിയാമെങ്കിലും കുഴപ്പം ക്ഷണിച്ചുവരുത്താനോ പീഡനത്തിന്റെ ഗതിയിൽ അനാവശ്യമായി നമ്മേത്തന്നെ ആക്കിവെക്കാനോ നാം ആഗ്രഹിക്കുന്നില്ല. ‘സർപ്പങ്ങളെപ്പോലെ സൂക്ഷ്മതയുളളവരായിരിക്കാനും’ നമ്മെ എതിർക്കുന്ന ‘മനുഷ്യരെ സൂക്ഷിച്ചുകൊൾവാനും’ യേശു നമ്മെ ഉദ്ബോധിപ്പിച്ചു. അങ്ങനെ ആയിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?—മത്താ. 10:16, 17, NW.
3 യേശുവിന്റെ മാതൃക: പ്രപഞ്ചത്തിലെ ഏററവും വലിയ സുവിശേഷകൻ എന്നനിലയിൽ ധൈര്യത്തിന്റെയും നയത്തിന്റെയും കാര്യത്തിൽ യേശു ഏതു മാതൃകയാണു വെച്ചത്? ലാഭമുണ്ടാക്കാനുളള ഒരു മാർഗമായി യഹോവയുടെ നിയമത്തെ ഉപയോഗിച്ചുകൊണ്ട് അതിൽനിന്ന് അനുചിതമായ നേട്ടമുണ്ടാക്കാൻ ശ്രമിച്ച കച്ചവടക്കാരെ ആലയത്തിൽനിന്നു പുറത്താക്കാൻ അവിടുന്ന് അക്ഷരാർഥത്തിൽ നടപടി സ്വീകരിച്ച രണ്ടു സന്ദർഭങ്ങൾ നിങ്ങൾ ഓർക്കുന്നുണ്ടോ? (യോഹ. 2:13-17; മത്താ. 21:12, 13. ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിലെ 16-ഉം 103-ഉം അധ്യായങ്ങൾ കാണുക.) ശാസ്ത്രിമാരുടെയും പരീശൻമാരുടെയും ആരാധനയിലെ കപടഭക്തിയും ആത്മാർഥതയില്ലായ്മയും നിമിത്തം അവരെ അവിടുന്ന് എത്ര കൂടെക്കൂടെ അപലപിച്ചു—ചിലപ്പോൾ ദൃഷ്ടാന്തങ്ങളാലും ചിലപ്പോൾ തുറന്നടിച്ചുളള വാക്കുകളാലും.—മത്താ. 16:6, 12; അധ്യായം 23.
4 സമാനമായി ഇന്ന്, നാം ശുശ്രൂഷയിൽ ധൈര്യമുളളവരായിരിക്കേണ്ടതുണ്ട്. വ്യാജാരാധനയുടെ മൂർത്തരൂപങ്ങളെ അക്ഷരീയമായി നശിപ്പിക്കാൻ നമുക്കു തീർച്ചയായും അധികാരമില്ല. അത്തരം ആരാധനയിൽ പങ്കെടുക്കുന്ന വ്യക്തികളെ നാം കുററം വിധിക്കുന്നുമില്ല. എന്നാൽ വ്യാജത്തെ ഖണ്ഡിച്ചു നശിപ്പിക്കാൻ ഒരു വാളായി ദൈവവചനത്തെ ഉപയോഗിക്കാൻ നാം എപ്പോഴും സജ്ജരാണ്. (എഫെ. 6:17; എബ്രാ. 4:12) മനുഷ്യർക്കു നിത്യജീവൻ കിട്ടാനുളള ഏകമാർഗം യഹോവയെ സത്യത്തോടും ആത്മാവോടും കൂടെ സേവിക്കുന്നതാണെന്നു നാം ധൈര്യപൂർവം പ്രഖ്യാപിക്കുന്നു. മനുഷ്യരെ പ്രസാദിപ്പിക്കാനായി നാം ഒരിക്കലും ദൈവത്തിന്റെ സന്ദേശത്തിൽ വെളളം ചേർക്കുകയോ, ഏതെങ്കിലും തരം മിശ്രവിശ്വാസപരമായ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ടോ ഏതെങ്കിലും തരം വ്യാജാരാധനയെ പിന്തുണച്ചുകൊണ്ടോ നമ്മുടെ വിശ്വാസങ്ങളെ അനുരഞ്ജനപ്പെടുത്തുകയോ ചെയ്യുന്നില്ല. ഈ ധൈര്യം നമ്മോടു യോജിക്കാത്ത വ്യക്തികളുമായി നമ്മെ മിക്കപ്പോഴും എതിർപ്പിൽ കൊണ്ടെത്തിക്കുന്നു. അപ്പോഴോ?
5 നയമുളളവരായിരിക്കൽ: ഒരിക്കൽക്കൂടെ നമുക്കു യേശുവിന്റെ ദൃഷ്ടാന്തമെടുക്കാം. ശബത്തിൽ ഒരു മമനുഷ്യന്റെ വരണ്ട കൈ യേശു സുഖപ്പെടുത്തുമോ എന്നു കാണാൻ പരീശൻമാരും ശാസ്ത്രിമാരും വിമർശനദൃഷ്ടിയോടെ തന്നെ നിരീക്ഷിക്കുന്നുണ്ടെന്നു യേശുവിന് അറിയാമായിരുന്ന ഒരു സംഭവം ഓർക്കുക. യേശു ധൈര്യപൂർവം ആ മനുഷ്യനെ സിന്നഗോഗിന്റെ “നടുവി”ലേക്കു വിളിച്ചു സുഖപ്പെടുത്തിയില്ലേ? എന്നാൽ, അവർ “ഭ്രാന്തു നിറഞ്ഞവരായി” യേശുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയപ്പോൾ താൻ പീഡനം സഹിക്കേണ്ടതാണെന്നു ന്യായവാദം ചെയ്തുകൊണ്ട് അവിടുന്ന് അവിടെത്തന്നെ നിന്നോ? ഇല്ല! “യേശു . . . അവിടം വിട്ടുപോയി.”—മത്താ. 12:14-17; ലൂക്കൊ. 6:6-11. കൂടാതെ ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിന്റെ 32-ഉം 33-ഉം അധ്യായങ്ങൾ കൂടി കാണുക.
6 പരീശൻമാർ അവരുടെ പിതാവായ പിശാചിൽനിന്നുളളവരാണ് എന്നു പറഞ്ഞുകൊണ്ട് ആലയത്തിൽവെച്ച് അവിടുന്ന് അവരെ ശക്തമായി അപലപിച്ച സമയം നിങ്ങൾ ഓർക്കുന്നുണ്ടോ? തന്നെ എറിയാൻ അവർ കല്ലുകളെടുത്തപ്പോൾ അഹങ്കാരത്തോടെ അവിടെ നിന്നുകൊണ്ടു കല്ലേറുകൊളളാൻ അവിടുന്ന് സ്വയം അനുവദിച്ചില്ല. പകരം, അവിടുന്ന് ഒളിക്കുകയും പിന്നീട് രഹസ്യമായി ആലയം വിട്ടുപോകുകയും ചെയ്തു. (യോഹ. 8:37-59) യഹോവയുമായുളള തന്റെ ബന്ധത്തെ തുറന്നുതന്നെ പ്രഖ്യാപിച്ചപ്പോൾ യഹൂദൻമാർ “അവനെ എറിവാൻ പിന്നെയും കല്ലു എടുത്ത” അവസരത്തിലോ? അവിടുന്ന് അവരോടു ന്യായവാദം ചെയ്യാൻ ശ്രമിച്ചു, എന്നാൽ “അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി”യപ്പോൾ ഓടിപ്പോകുന്നതു തന്റെ മാന്യതയ്ക്കു ചേർന്നതല്ല എന്നു വിചാരിക്കാതെ അവിടുന്ന് ഓടുകയും “അവരുടെ കയ്യിൽനിന്നു ഒഴിഞ്ഞു”പോകുകയും ചെയ്തു. വാസ്തവത്തിൽ ആ സന്ദർഭത്തിൽ ആ പ്രവിശ്യതന്നെ വിട്ടുപോകുന്നത് ഉചിതമാണെന്ന് അവിടുന്ന് കണ്ടു.—യോഹ. 10:24-42; മത്താ. 10:23 താരതമ്യപ്പെടുത്തുക. ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിന്റെ 69-ഉം 81-ഉം അധ്യായങ്ങൾ കാണുക.
7 നമ്മുടെ പ്രദേശത്ത്: രാജ്യത്തെക്കുറിച്ചുളള സുവാർത്ത പ്രസംഗിച്ചുകൊണ്ട് യേശുവിന്റെ കാലടികളെ നാം അനുഗമിക്കുമ്പോൾ നാം എത്ര നയപൂർവം നമ്മുടെ സന്ദേശം അവതരിപ്പിച്ചാൽപ്പോലും നമ്മുടെ പ്രവർത്തനത്തെ എതിർക്കുന്ന വീട്ടുകാരെ നാം കാണാറുണ്ട്. നമ്മുടെ നിലപാട് ആദരപൂർവം നാം വിശദീകരിക്കുമ്പോഴും ആ വ്യക്തിയുടെ മനോഭാവത്തിനു മാററം വരുന്നില്ലെങ്കിൽ മര്യാദയോടെ സംഭാഷണം നിറുത്തി രംഗം വിട്ട് അടുത്ത വീട്ടിലേക്കു പോകുന്നതാണു മിക്കപ്പോഴും ഏററവും നല്ലത്.—മത്താ. 10:14.
8 എന്നിരുന്നാലും വീട്ടുവാതിൽക്കൽവെച്ച് ഒച്ചയിടാൻ തുടങ്ങുന്ന ചിലരെ നാം കണ്ടുമുട്ടാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ആ ദിവസത്തേക്ക് ആ പ്രദേശം വിട്ടുപോകുന്നതാണു വിവേകം, പിന്നീട് ആ വ്യക്തിയുടെ അയൽക്കാരെ സന്ദർശിക്കാൻ മടങ്ങിച്ചെല്ലാവുന്നതാണ്. ഒരു പ്രത്യേക പ്രദേശത്ത് അത്തരം സംഭവങ്ങൾ ധാരാളം പ്രാവശ്യം ഉണ്ടാകുന്നതായി നമുക്ക് അനുഭവമുണ്ടെങ്കിലോ? ഒരുപക്ഷേ ഭയപ്പെടുത്തുംവിധം ആളുകൾ കൂട്ടംചേർന്നു നമ്മെ ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തുന്നുവെങ്കിലോ? ആ സാഹചര്യത്തിൽ ബഹളം ശമിക്കുന്നതുവരെ ആ പ്രദേശം പ്രവർത്തിക്കുന്നതിൽനിന്ന് ആഴ്ചകളോളം, മാസങ്ങളോളംപോലും, വിട്ടുനിൽക്കുന്നതു ജ്ഞാനപൂർവകമായ മാർഗമായിരിക്കും. കുറെ കാലത്തിനുശേഷം ആ പ്രദേശത്തുളള ആളുകളുടെ മനോഭാവത്തിനു മാററം വന്നിട്ടുണ്ടോയെന്നും അവർ നമ്മുടെ സന്ദേശത്തോടു കൂടുതൽ അനുകൂല മനോഭാവമുളളവരാണോയെന്നും അറിയാൻ നമുക്കു വീണ്ടും അവിടെ ജാഗ്രതയോടെ പ്രവർത്തിച്ചുനോക്കാവുന്നതാണ്.—സന്ദർശനം നടത്തരുതെന്നു വ്യക്തികൾ പ്രത്യേകമായി അഭ്യർഥിക്കുകയോ അതുകൊണ്ടുതന്നെ അവരുടെ വീട്ടുവാതിലിൽ അടയാളങ്ങൾ വയ്ക്കുകയോ ചെയ്യുന്ന കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച നിർദേശങ്ങൾ സംബന്ധിച്ചു നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കത്തിലെ ചോദ്യപ്പെട്ടി കാണുക.
9 ആദ്യംതന്നെ നാം കൂടുതൽ നയമുളളവരായിരിക്കുകവഴി അത്തരം സംഭവങ്ങൾ മിക്കപ്പോഴും ഒഴിവാക്കാൻ കഴിയും. തങ്ങളുടെ സ്വന്തം മതത്തെ പിന്താങ്ങുന്നതിൽ അനേകമാളുകൾ തീവ്രവാദമനോഭാവം ഉളളവരായിത്തീരുകയാണെന്നു നമുക്കറിയാം. അത്തരം വ്യക്തികൾ മേധാവിത്വം പുലർത്തുന്നുവെന്നു നമുക്കറിയാവുന്ന പ്രദേശങ്ങളിൽ അല്ലെങ്കിൽ ഒരു മതത്തെ പരസ്യപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്ന ധാരാളം എഴുത്തുകളും സ്ററിക്കറുകളും വാതിലിൽ ഉളളപ്പോൾ നാം നമ്മുടെ വാക്കുകൾ ശ്രദ്ധാപൂർവം തൂക്കിനോക്കേണ്ടതുണ്ട്. ഒരു ‘ബൈബിൾ’ സ്ഥാപനത്തിൽനിന്നോ ‘ക്രിസ്തീയ’ സ്ഥാപനത്തിൽനിന്നോ വരുന്നു എന്നു പരിചയപ്പെടുത്തുന്നതിനു പകരം നമ്മുടെ പ്രവർത്തനത്തിന്റെ വിദ്യാഭ്യാസപരമായ സ്വഭാവത്തിനു നമുക്ക് ഊന്നൽ നൽകാവുന്നതാണ്. ആളുകൾക്കു ദൈവവചനം കാട്ടിക്കൊടുക്കുന്നതും അതു വായിക്കുന്നതും ഒരിക്കലും നിറുത്താൻ നാം ആഗ്രഹിക്കുന്നില്ലെങ്കിലും ഏതെങ്കിലും വാക്യം ഉപയോഗിക്കുന്നെങ്കിൽ അത്തരം വാക്യങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുത്തുകൊണ്ട് ബൈബിൾ ഉപയോഗിക്കുന്നതു സംബന്ധിച്ചു നമുക്കു ജാഗ്രതയുളളവരായിരിക്കാൻ കഴിയും. മുറിപ്പെടുത്തുമെന്നു നമുക്കറിയാവുന്ന ‘മിഷനറി,’ ‘മതപ്രസംഗം,’ പ്രത്യേകിച്ച്, ‘മതപരിവർത്തനം’ തുടങ്ങിയ വാക്കുകൾ അപ്പോഴും അനാവശ്യമായി ഉപയോഗിക്കുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കാൻ നമുക്കു കഴിയും.
10 നാം സൂക്ഷ്മത പുലർത്തേണ്ട മറെറാരു മണ്ഡലത്തിലേക്ക് ഇതു നമ്മെ എത്തിക്കുന്നു. പ്രവചിക്കപ്പെട്ടിരിക്കുന്നതുപോലെ എല്ലാ ഗോത്രങ്ങളിലും ഭാഷകളിലും ജനതകളിലും—മതപശ്ചാത്തലങ്ങളിലും—നിന്നുളള ആളുകൾ യഹോവയുടെ ഉന്നതമായ ആരാധനയിലേക്ക് ഒഴുകിയെത്തുകയാണ്. (യെശ. 2:2, 3; വെളി. 7:9) ഇതിനെ ദൈവാനുഗ്രഹത്തിന്റെ ഒരു അടയാളമായി നാം കണക്കാക്കുകയും ചെറിയവൻ ആയിരവും കുറഞ്ഞവൻ ഒരു മഹാജാതിയും ആയിത്തീരുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. (യെശ. 60:22) അതേസമയം, സത്യാരാധനക്കുവേണ്ടി ഒരു നിലപാടു സ്വീകരിച്ചിരിക്കുന്ന ആരുടെയെങ്കിലും മതപരമായ പശ്ചാത്തലം വ്യാപകമായി പരസ്യപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല.
11 വീടുതോറുമുളള വേലയിലും മററുളളിടത്തും പുതിയ പ്രസാധകരുടെ മുൻ മതത്തെ പരാമർശിക്കുകയും അവർ വരുത്തിയിരിക്കുന്ന മാററം വീട്ടുകാരന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തുകൊണ്ടു സഹോദരങ്ങൾ അവരെ പരിചയപ്പെടുത്തുന്നതായി അറിവായിട്ടുണ്ട്. ഇതു വീട്ടുകാരനെ മുറിപ്പെടുത്തുകയും നമ്മുടെ ഏക ലക്ഷ്യം ഒരു പ്രത്യേക മതത്തിൽപ്പെട്ട വ്യക്തികളെ ക്രിസ്ത്യാനിത്വത്തിലേക്കു ‘മതപരിവർത്തനം ചെയ്യിക്കുക’ എന്നതാണെന്ന ധാരണ അയാൾക്കു നൽകുകയും ചെയ്യുന്നു. ദൈവം മുഖപക്ഷമുളളവനല്ല—ആളുകളുടെ മതം ഏതായിരുന്നാലും പ്രത്യാശയുടെ ഒരു സന്ദേശം അവിടുന്ന് എല്ലാവർക്കും പ്രദാനം ചെയ്തുകൊണ്ടാണിരിക്കുന്നത്, എല്ലാ പശ്ചാത്തലങ്ങളിലുമുളള ആളുകൾ അതു സ്വീകരിക്കുന്നുമുണ്ട്. (പ്രവൃ. 10:34, 35) ആരെങ്കിലുമൊരാൾ യഹോവയുടെ ഒരു ആരാധകനായിത്തീരുമ്പോൾ നാം സന്തോഷിക്കുകയും അയാളുടെ മതപരമായ പശ്ചാത്തലം എന്തായിരുന്നാലും നാം അയാളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. എന്നാൽ അയാളുടെ മുമ്പത്തെ മതവും അയാൾ വരുത്തിയിരിക്കുന്ന മാററത്തിന്റെ അളവും എന്തെങ്കിലും പ്രത്യേകതയെന്നപോലെ വ്യാപകമായി പരസ്യപ്പെടുത്തേണ്ടതില്ല.
12 അന്ത്യം കൂടുതൽ അടുത്തുവരുമ്പോൾ കൂടുതൽ പീഡിപ്പിക്കപ്പെടുമെന്നും ആളുകളുടെ പെരുമാററം കൂടുതൽ മോശമാകുമെന്നും നമുക്കു പ്രതീക്ഷിക്കാൻ കഴിയും. (2 തിമൊ. 3:12, 13) ചരിത്രത്തിലുടനീളം നമ്മുടെ സഹ അടിമകളിൽ പലരും വിജയികളായിത്തീർന്നിട്ടുണ്ടെന്നുളള സംഗതി, യഹോവയുടെ ആത്മാവിന്റെ സഹായത്താൽ നമുക്കും അങ്ങനെ ചെയ്യാൻ കഴിയുമെന്ന വിശ്വാസം നമുക്കു പ്രദാനം ചെയ്യുന്നു. അതിനിടയിൽ, “എല്ലാത്തരം ആളുകൾക്കും രക്ഷ കൈവരുത്തുന്ന ദൈവത്തിന്റെ അനർഹദയ”യെക്കുറിച്ചു പ്രഖ്യാപിക്കുന്നതിൽ നാം തുടരും. ധൈര്യത്തോടെ എന്നാൽ നയപൂർവം പ്രസംഗിച്ചുകൊണ്ട്.—തീത്തൊ. 2:11, NW.