ആർക്ക് ദൈവത്തിന്റെ സ്നേഹിതനായിരിക്കാൻ കഴിയും?
നിങ്ങൾക്ക് ദൈവത്തിന്റെ സുഹൃത്തായിരിക്കാൻ കഴിയും. ഏതാണ്ട് 4,000 വർഷം മുമ്പ് അബ്രാഹാം എന്ന മനുഷ്യൻ യഹോവയാം ദൈവത്തിൽ വിശ്വാസമർപ്പിച്ചു. ഇത് അവന് നീതിയായി കണക്കിടപ്പെട്ടു. ആ ഗോത്രപിതാവ് “യഹോവയുടെ സുഹൃത്ത്” എന്നു വിളിക്കപ്പെടാനിടയായി. (യാക്കോബ് 2:23) അതുകൊണ്ട് നിങ്ങൾക്ക് യഹോവയിൽ വിശ്വാസമുണ്ടെങ്കിൽ, നിങ്ങൾക്കും ദൈവത്തിന്റെ സ്നേഹിതനായിരിക്കാൻ കഴിയും.
സ്നേഹിതർ അതിഥികളെന്ന നിലയിൽ ഭക്ഷണത്തിന് ക്ഷണിക്കപ്പെടാനിടയുണ്ട്. യഥാർത്ഥത്തിൽ സുപ്രസിദ്ധമായ 23-ാം സങ്കീർത്തനത്തിന്റെ ഒരു ഭാഗം ദൈവത്തെ കൃപാലുവായ ഒരു വലിയ ആതിഥേയനായി ചിത്രീകരിക്കുന്നു. അതിങ്ങനെ പറയുന്നു: “നീ [യഹോവ] എന്നോടു ശത്രുത്വം പ്രകടമാക്കുന്നവരുടെ മുമ്പിൽ എനിക്ക് ഒരു മേശ ഒരുക്കുന്നു. . . . എന്റെ പാനപാത്രം നന്നായി നിറഞ്ഞിരിക്കുന്നു.”—സങ്കീർത്തനം 23:5.
മറെറാരു സന്ദർഭത്തിൽ, അതേ സങ്കീർത്തനക്കാരൻ—പുരാതന ഇസ്രയേലിലെ ദാവീദ്രാജാവ്—ഇങ്ങനെ ചോദിച്ചു: “യഹോവേ, നിന്റെ കൂടാരത്തിൽ ആർ ഒരു അതിഥിയായിരിക്കും? നിന്റെ വിശുദ്ധപർവതത്തിൽ ആർ വസിക്കും?” (സങ്കീർത്തനം 15:1) ആലങ്കാരികമായി, ഇതിന്റെ അർത്ഥം സ്വീകാര്യമായ പ്രാർത്ഥനയിലും ആരാധനയിലും യഹോവയെ സമീപിക്കാൻ കഴിയുക എന്നാണ്. എന്തോരു വിശിഷ്ടമായ പദവി! അപൂർണ്ണ മനുഷ്യർക്ക് ദൈവത്തിന്റെ സ്നേഹിതരും അതിഥികളുമായിരിക്കാൻ യോഗ്യരാകുന്നതിന് എന്തു സാദ്ധ്യതയാണുള്ളത്?
പതിനഞ്ചാം സങ്കീർത്തനം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു. അത് ദൈവത്തിന്റെ സുഹൃത്തുക്കളും അതിഥികളുമായിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സവിശേഷമായ പത്ത് വ്യവസ്ഥകൾ വെക്കുന്നു. നമുക്ക് 2-ാം വാക്യത്തിൽ തുടങ്ങി അവയെ ഓരോന്നായി പരിചിന്തിക്കാം
“നിഷക്കളങ്കമായി നടക്കുകയും നീതി ആചരിക്കുകയും ചെയ്യുന്നവൻ”
അബ്രാഹാം യഹോവയുടെ മുമ്പാകെ നടക്കുന്നതിൽ ധാർമ്മികമായി നിഷ്ക്കളങ്കനായിരുന്നതിനാൽ അവന്റെ സന്തതി അതിയായി തഴച്ചു. (ഉല്പത്തി 17:1, 2) “നടക്കുക” എന്നതിന് ചിലപ്പോൾ ഒരു പ്രത്യേക ജീവിതഗതി പിന്തുടരുക എന്ന് അർത്ഥമുണ്ട്. (സങ്കീർത്തനം 1:1; 3 യോഹന്നാൻ 3, 4) ദൈവത്തിന്റെ സ്നേഹിതർക്കും അതിഥികൾക്കും ഒരു മതത്തിൽ ഉൾപ്പെടുകയും അതിന്റെ മനോഹരമായ കെട്ടിടങ്ങളിൽ ഉല്ലസിക്കുകയും ഔപചാരികമായ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുകയും ചെയ്താൽ പോരാ. “കർത്താവേ, കർത്താവേ” എന്നു വിളിക്കുന്ന ഏവനുമല്ല, അല്ലെങ്കിൽ ദൈവത്തെ അറിയുന്നുവെന്ന് പ്രഖ്യാപിക്കുന്ന ഏവനുമല്ല രാജ്യത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നത്. (മത്തായി 7:21-23; തീത്തോസ് 1:16) യഹോവയുടെ സ്നേഹിതർ അവന്റെ ദൃഷ്ടിയിൽ ‘നിഷ്ക്കളങ്കരായി നടക്കുകയും’ ‘അവന്റെ പ്രമാണങ്ങളനുസരിച്ച് നീതി ആചരിക്കുകയും’ ചെയ്യുന്നു.—മീഖാ 6:8.
ഇത് സകലതരം വഞ്ചനയെയും ലൈംഗികദുർമ്മാർഗ്ഗത്തെയും അഴിമതിയെയും നിയമവിരുദ്ധമാക്കുന്നു. “ഞാൻ വിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും വിശദ്ധരായിരിക്കണം” എന്നു പറഞ്ഞുകൊണ്ട് ദൈവം തന്നെ നമ്മോട് അതിന്റെ കാരണം പറയുന്നു. (1 പത്രോസ് 1:16) നിങ്ങളുടെ മതം ദൈവത്തിന്റെ വ്യവസ്ഥകളോട് അനുരൂപപ്പെടാൻ വിസമ്മതിക്കുന്നവരെ പുറത്താക്കിക്കൊണ്ടുപോലും ദൈവത്തിന്റെ സമുന്നതപ്രമാണങ്ങളോടു പററിനിൽക്കുന്നുവോ? നിങ്ങൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നീതിനിഷ്ഠമായ നടത്ത വേണമെന്ന് നിർബന്ധംപിടിക്കുന്നുവോ? എങ്കിൽ, നിങ്ങൾ ദൈവത്തിന്റെ സുഹൃത്തുക്കൾക്കും അതിഥികൾക്കുംവേണ്ടിയുള്ള അടുത്ത വ്യവസ്ഥയിൽ എത്തുന്നതായിരിക്കും.
“തന്റെ ഹൃദയത്തിൽ സത്യം സംസാരിക്കുന്നവൻ”
നാം ദൈവത്തിന്റെ സൗഹൃദം ആഗ്രഹിക്കുന്നുവെങ്കിൽ, നമുക്ക് ഇരു ഹൃദയത്തോടുകൂടിയ ചക്കരവാക്കുകളെ ആശ്രയിക്കാനോ നുണപറയാനോ കഴികയില്ല. (സങ്കീർത്തനം 12:2) നാം ‘നമ്മുടെ ഹൃദയങ്ങളിൽ സത്യം സംസാരിക്കണം,’ കേവലം അത് നമ്മുടെ ചുണ്ടുകളിൽ ഉണ്ടായിരുന്നാൽ പോരാ. അതെ, നാം ആന്തരികമായി സത്യസന്ധരായിരിക്കണം, “കാപട്യമില്ലാത്ത വിശ്വാസത്തിന്റെ” തെളിവു നൽകുകയും വേണം. (1 തിമൊഥെയോസ് 1:5) ചിലയാളുകൾ മുഖം രക്ഷിക്കാൻ നുണപറയുകയൊ അർദ്ധസത്യങ്ങൾ പറയുകയൊ ചെയ്യുന്നു. മററുള്ളവർ സ്കൂൾപരീക്ഷകളിൽ വഞ്ചനകാണിക്കുകയൊ നികുതിവെട്ടിപ്പു നടത്തുകയൊ ചെയ്യുന്നു. അത്തരം പ്രവർത്തനങ്ങൾ സത്യത്തോടുള്ള സ്നേഹത്തിന്റെ അഭാവത്തെ വെളിപ്പെടുത്തുന്നു. എന്നാൽ സത്യസന്ധതയും നീതിപൂർവകമായ പ്രവർത്തനങ്ങളും ദൈവത്തിന്റെ സ്നേഹിതൻമാരുടെ ഹൃദയങ്ങളിൽനിന്നുതന്നെ വരുന്നു. (മത്തായി 15:18-20) അവർ വക്രഗതിക്കാരൊ വഞ്ചകരൊ ആയിരിക്കുന്നില്ല.—സദൃശവാക്യങ്ങൾ 3:32; 6:16-19.
അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “അന്യോന്യം ഭോഷ്കു പറയരുത്. പഴയ വ്യക്തിത്വത്തെ അതിന്റെ പ്രവൃത്തികളോടുകൂടി ഉരിഞ്ഞുകളയുകയും നിങ്ങളെത്തന്നെ പുതിയ വ്യക്തിത്വം ധരിപ്പിക്കുകയും ചെയ്യുക.” (കൊലോസ്യർ 3:9, 10) ഉവ്വ്, തങ്ങളുടെ ഹൃദയത്തിൽ യഥാർത്ഥത്തിൽ സത്യം സംസാരിക്കുന്നവർ തങ്ങളേത്തന്നെ “പുതിയ വ്യക്തിത്വം” ധരിപ്പിക്കുന്നു. നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ സത്യം സംസാരിച്ചുകൊണ്ട് നിങ്ങളോടുതന്നെയും മററുള്ളവരോടും പൂർണ്ണമായും സത്യസന്ധരാണോ? നിങ്ങൾ അങ്ങനെയാണെങ്കിൽ അത് നിങ്ങൾ മററുള്ളവരെ സംബന്ധിച്ച് പറയുന്നതിനെ ബാധിക്കണം.
“തന്റെ നാവുകൊണ്ട് അവൻ അപവാദം പറഞ്ഞിട്ടില്ല”
ദൈവത്തിന്റെ അതിഥികൾക്കുള്ള ഈ നിബന്ധന പാലിക്കുന്നതിന് നാം ഒരിക്കലും മററുള്ളവരെ സംബന്ധിച്ച് ദ്രോഹപൂർവം സംസാരിക്കരുത്. (സങ്കീർത്തനം 15:3) “അപവാദം പറയുക” എന്നതിനുള്ള എബ്രായ ക്രിയാപദം “പാദം” എന്നതിനുള്ള പദത്തിൽനിന്നാണ് ഉത്ഭവിച്ചത്, “പദമൂന്നുക” എന്നും തന്നിമിത്തം “അങ്ങുമിങ്ങും പോകുക” എന്നും അതർത്ഥമാക്കുന്നു. ഇസ്രായേല്യരോട് ഇപ്രകാരം കൽപ്പിക്കപ്പെട്ടിരുന്നു: “നീ നിന്റെ ജനത്തിന്റെ ഇടയിൽ അപവാദം പറയുന്നതിനുവേണ്ടി ചുററിനടക്കരുത്. നീ നിന്റെ സഹമമനുഷ്യന്റെ രക്തത്തിനെതിരെ നിൽക്കരുത്. ഞാൻ യഹോവയാകുന്നു.” (ലേവ്യർ 19:16; 1 തിമൊഥെയോസ് 5:13) നാം ആരുടെയെങ്കിലും സൽപ്പേർ നഷ്ടപ്പെടുത്തിക്കൊണ്ട് അയാൾക്കെതിരെ അപവാദം പറയുന്നുവെങ്കിൽ നമുക്ക് ദൈവത്തിന്റെ സ്നേഹിതരായിരിക്കാൻ കഴികയില്ല.
ദാവീദ് ഇങ്ങനെ പ്രഖ്യാപിച്ചു: “രഹസ്യമായി തന്റെ കൂട്ടുകാരനെക്കുറിച്ച് അപവാദം പറയുന്നവനെ ഞാൻ നിശബ്ദനാക്കുന്നു.” (സങ്കീർത്തനം 101:5) നാം അവരെ ശ്രദ്ധിക്കാൻ വിസമ്മതിക്കുന്നുവെങ്കിൽ നമുക്കും അവരെ നിശ്ശബ്ദരാക്കാൻ കഴിയും. ഒരു നല്ല ചട്ടം ഒരു മമനുഷ്യന്റെ മുഖത്തുനോക്കി പറയാൻ നമുക്കു മടിയുള്ള യാതൊന്നും രഹസ്യമായി അയാളെക്കുറിച്ച് പറയരുതെന്നുള്ളതാണ്. നമ്മുടെ നാവിനെ അങ്ങനെ നിയന്ത്രിക്കാൻ കഴിയുന്നത് നല്ലതാണ്. എന്നിരുന്നാലും, നമ്മുടെ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് എത്ര പ്രധാനമാണ്!
“തന്റെ കൂട്ടുകാരനോട് അവൻ യാതൊരു തിൻമയും ചെയ്തിട്ടില്ല”
യേശുവിന്റെ വാക്കുകൾ ഇവിടെ ശ്രദ്ധാർഹമാണ്: “മനുഷ്യർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കുന്ന സകല കാര്യങ്ങളും നിങ്ങൾ അതുപോലെ അവരോടും ചെയ്യണം.” (മത്തായി 7:12) ദൈവത്തിന്റെ പ്രീതി ആസ്വദിക്കുന്നതിന്, നാം തിൻമചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കണം. സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “യഹോവയെ സ്നേഹിക്കുന്നവരേ, തിൻമയെ വെറുക്കുക. അവൻ തന്റെ വിശ്വസ്തരുടെ ദേഹികളെ കാക്കുന്നു; ദുഷ്ടൻമാരുടെ കൈയിൽനിന്ന് അവൻ അവരെ വിടുവിക്കുന്നു.” (സങ്കീർത്തനം 97:10) അതുകൊണ്ട് നാം ദൈവത്തിന്റെ സൗഹൃദവും സഹായവും ആഗ്രഹിക്കുന്നുവെങ്കിൽ, നാം അവന്റെ നിലവാരങ്ങൾ സ്വീകരിക്കണം.
തിൻമ വർജ്ജിക്കുന്നതിൽ വ്യാപാരഇടപാടുകളിലോ മററു വിധങ്ങളിലോ ആരോടും തെററുചെയ്യാതിരിക്കുന്നത് ഉൾപ്പെടുന്നു. വാക്കിലും പ്രവൃത്തിയിലും നാം നമ്മുടെ കൂട്ടുകാരനെ ദ്രോഹിക്കാൻ യാതൊന്നും ചെയ്യരുത്, എന്നാൽ നാം അവനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യണം. ഇതിന് ജീവിതത്തിലെ ഓരോ വശത്തെയും സ്പർശിക്കാൻ കഴിയും. ഉദാഹരണത്തിന്, വണ്ടിയോടിക്കുമ്പോൾ നാം മര്യാദാപൂർവം വലതുവശം കാൽനടക്കാർക്ക് വിട്ടുകൊടുക്കണം. നമുക്ക് പ്രായമുള്ളവരെ സഹായിക്കാനും നിരാശിതരെ പ്രോൽസാഹിപ്പിക്കാനും ദുഃഖിതരെ ആശ്വസിപ്പിക്കാനും കഴിയും. ഈ കാര്യത്തിൽ യഹോവയാണ് മുഖ്യ മാതൃക വെക്കുന്നത്. യേശു പറഞ്ഞതുപോലെ, ദൈവം “ദുഷ്ട ജനങ്ങളുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നു.” (മത്തായി 5:43-48) മററുള്ളവർക്ക് നൻമചെയ്യുന്നതിനോടു ബന്ധപ്പെട്ടതാണ് സങ്കീർത്തനക്കാരൻ അടുത്തതായി പറയുന്നത് അനുസരിക്കുന്നത്.
“അവൻ തന്റെ ഉററ പരിചയക്കാരനെതിരായ ദൂഷണം അംഗീകരിച്ചിട്ടില്ല”
നമ്മളെല്ലാം തെററു ചെയ്യുന്നു. ഈ നിസ്സാര തെററുകളെ അവഗണിച്ചുകളയാൻ സുഹൃത്തുക്കളിഷ്ടപ്പെടുമ്പോൾ നാം എത്ര നന്ദിയുള്ളവരാണ്! ഒരു ഉററ സുഹൃത്ത് നമ്മുടെ ചെറുതെങ്കിലും ബുദ്ധിമുട്ടിപ്പിക്കുന്ന ദൗർബല്യത്തെ വെളിപ്പെടുത്തിയാൽ നാം ദുഃഖിക്കും. ചിലയാളുകൾ സ്വന്തം തെററുകളിൽനിന്ന് ശ്രദ്ധതിരിക്കാനോ മററുള്ളവരെക്കാൾ തങ്ങൾ ശ്രേഷ്ഠരാണെന്ന് തോന്നിക്കാനോ ഇതു ചെയ്യുന്നു. എന്നാൽ ദൈവത്തിന്റെ സുഹൃത്തുക്കളായിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെയുള്ള പ്രവർത്തനങ്ങൾ യോജിച്ചതല്ല.
“ലംഘനങ്ങൾ മൂടുന്നവൻ സ്നേഹം തേടുന്നു, ഒരു സംഗതിയെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നവൻ അന്യോന്യം പരിചയമുള്ളവരെ തമ്മിൽ വേർപെടുത്തുന്നു” എന്ന് സദൃശവാക്യങ്ങൾ 17:9 പറയുന്നു. തീർച്ചയായും, നാം ഗൗരവമുള്ള ദുഷ്പ്രവൃത്തി മൂടിവെക്കാൻ ശ്രമിക്കരുത്. (ലേവ്യപുസ്തകം 5:1; സദൃശവാക്യങ്ങൾ 28:13) എന്നാൽ നാം ദൈവത്തിന്റെ സ്നേഹിതരായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നാം നേരുള്ള പരിചയക്കാരെക്കുറിച്ചുള്ള ദൂഷണപരമായ കഥകൾ ‘അംഗീകരിക്കുകയില്ല’ അഥവാ സത്യമായി കരുതുകയില്ല. (1 തിമൊഥെയോസ് 5:19) യഹോവയുടെ സുഹൃത്തുക്കൾ ദൈവദാസൻമാരെക്കുറിച്ചു കഥകൾ പ്രചരിപ്പിക്കുന്നതിനു പകരം നല്ലതു സംസാരിക്കുന്നു, അങ്ങനെയുള്ള കഥകൾ ഭക്തികെട്ടയാളുകൾ നിമിത്തം ഇപ്പോൾത്തന്നെ അവർ സഹിക്കുന്ന ദുഷ്ട ദൂഷണങ്ങളെ വർദ്ധിപ്പിക്കുന്നതേയുള്ളു. ദൈവത്തിന്റെ സുഹൃത്തുക്കളും അതിഥികളും തങ്ങളുടെ സഹവാസങ്ങളെയും സൂക്ഷിക്കുന്നു, എന്തെന്നാൽ ദാവീദ് 4-ാം വാക്യത്തിൽ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു:
“അവന്റെ ദൃഷ്ടികളിൽ നിന്ദ്യനായ ഏതൊരുവനും തീർച്ചയായും ത്യജിക്കപ്പെടുന്നു”
ചിലയാളുകൾ സ്വാർത്ഥപ്രയോജനങ്ങൾ തേടിക്കൊണ്ട് ദുഷിച്ചവരാണെങ്കിലും ധനികരോടോ പ്രമുഖരോടോ സഖിത്വം പുലർത്തുന്നു. (യൂദാ 16 താരതമ്യംചെയ്യുക.) എന്നാൽ നാം ദുഷ്ടരോടു സഹവസിക്കുകയാണെങ്കിൽ നമുക്ക് യഹോവയുടെ സുഹൃത്തുക്കളായിരിക്കാൻ കഴികയില്ല. ദുഷ്ടതയാചരിക്കുന്നവരോടു സഹവാസമുണ്ടായിരിക്കാൻ നാം ആഗ്രഹിക്കാത്തവിധം നാം തിൻമയെ വെറുക്കണം. (റോമർ 12:9) ഇസ്രായേലിന്റെ രാജാവായിരുന്ന യഹോരാം വളരെ ചീത്തയായിരുന്നതുകൊണ്ട് ഏലീശാപ്രവാചകൻ അവനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ ആരുടെ മുമ്പാകെ നിൽക്കുന്നുവോ ആ സൈന്യങ്ങളുടെ യഹോവയാണ യഹൂദാരാജാവായ യെഹോശാഫാത്തിന്റെ മുഖത്തോടു പരിഗണനയുള്ളതുകൊണ്ടല്ലായിരുന്നെങ്കിൽ ഞാൻ നിന്നെ നോക്കുകയോ നിന്നെ കാണുകയോ ചെയ്യുകയില്ലായിരുന്നു.” (2 രാജാക്കൻമാർ 3:14) ദൈവത്തിന്റെ സ്നേഹിതരായിരിക്കുന്നതിന്, “ചീത്ത സഹവാസങ്ങൾ നല്ല ശീലങ്ങളെ പാഴാക്കുന്നു” എന്ന പൗലോസിന്റെ മുന്നറിയിപ്പു നാം അനുസരിക്കേണ്ടതാണ്.—1 കൊരിന്ത്യർ 15:33.
നാം യഹോവയുടെ സൗഹൃദത്തെ വിലമതിക്കുന്നുവെങ്കിൽ നാം ദുഷ്പ്രവൃത്തിക്കാരോടു സഹവസിക്കുന്നതിന് വിസമ്മതിക്കും. നാം അത്യാവശ്യകാര്യങ്ങൾക്കുമാത്രമേ അവരോടു ഇടപെടുകയുള്ളു. ദൈവത്തോടു നല്ല ബന്ധമുള്ളതുകൊണ്ടായിരിക്കും നാം അങ്ങനെയുള്ള സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നത്, ലോകത്തിലെ അവരുടെ നില നിമിത്തമല്ല. നമുക്ക് ദൈവത്തോട് ഭയാദരവുണ്ടെങ്കിൽ നാം ജ്ഞാനപൂർവമായിരിക്കും സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നത്. ഈ കാര്യത്തിൽ യഹോവയുടെ അതിഥികൾ പാലിക്കേണ്ട ഏഴാമത്തെ വ്യവസ്ഥ ശ്രദ്ധിക്കുക.
“എന്നാൽ യഹോവയെ ഭയപ്പെടുന്നവരെ അവൻ ബഹുമാനിക്കുന്നു”
ദൈവത്തിന്റെ സുഹൃത്തുക്കളും അതിഥികളുമായിരിക്കുന്നതിന് നാം അവനെ ഭയപ്പെടണം. സദൃശവാക്യങ്ങൾ 1:7 പറയുന്നു: “യഹോവാഭയമാണ് ജ്ഞാനത്തിന്റെ ആരംഭം.” “യഹോവാഭയം” എന്താണ്? അത് ദൈവത്തോടുള്ള ഭക്ത്യാദരവും അവനെ അപ്രീതിപ്പെടുത്തുന്നതിലുള്ള ആരോഗ്യാവഹമായ ഭയവുമാണ്. അത് യഥാർത്ഥ പരിജ്ഞാനത്തിലും ജീവദായകമായ ശിക്ഷണത്തിലും തിട്ടമുള്ള ഒരു വഴികാട്ടിയായ സ്വർഗ്ഗീയജ്ഞാനത്തിലും കലാശിക്കുന്നു.
യഹോവയെ ഭയപ്പെടുന്നവർ അവന്റെ നീതിയുള്ള പ്രമാണങ്ങളോടു പററിനിൽക്കുന്നു, അത് പരിഹാസത്തിൽ കലാശിച്ചാലും. ഉദാഹരണത്തിന്, ദൈവത്തെ ഭയപ്പെടുന്നവർ ഉത്സാഹത്തോടെ ജോലിചെയ്യുമ്പോഴും ജോലിയിൽ സത്യസന്ധരായിരിക്കുമ്പോഴും അല്ലെങ്കിൽ മററുള്ളവരെ ആത്മീയമായി സഹായിക്കുമ്പോഴും അനേകർ പരിഹസിക്കുന്നു. എന്നാൽ ദൈവഭയമുള്ള ഒരു വ്യക്തി അത്തരം നേരുള്ളവരെ എങ്ങനെ വീക്ഷിക്കുന്നു? ‘അവൻ യഹോവയെ ഭയപ്പെടുന്നവരെ ബഹുമാനിക്കുന്നു,’ അവരെ ഉന്നതമൂല്യമുള്ളവരായി കരുതുന്നു, അതിന്റെ അർത്ഥം അവരോടുകൂടെ നിന്ദ സഹിക്കുകയെന്നായാലും. ദൈവത്തെ ഭയപ്പെടുന്നവരോട് നിങ്ങൾക്ക് അത്തരം ആദരവുണ്ടോ? ദിവ്യപ്രീതിക്കുള്ള മറെറാരു വ്യവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് സങ്കീർത്തനക്കാരൻ കൂട്ടിച്ചേർക്കുന്നു:
“അവൻ തനിക്കുതന്നെ ദോഷമായതിന് സത്യംചെയ്തിരിക്കുന്നു, എന്നിട്ടും അവൻ മാറുന്നില്ല”
ഇവിടത്തെ തത്വം ദൈവത്തെപ്പോലെ നമ്മുടെ വാഗ്ദാനങ്ങൾ നിറവേററുകയെന്നതാണ്. (1 രാജാക്കൻമാർ 8:56; 2 കൊരിന്ത്യർ 1:20) നാം വാഗ്ദാനംചെയ്തത് വളരെ പ്രയാസമുള്ളതാണെന്ന് പിന്നീട് നാം കണ്ടെത്തിയാലും നാം മനസ്സുമാററുകയും നമ്മുടെ വാഗ്ദാനത്തിൽനിന്ന് പിന്നോക്കം പോകുകയും ചെയ്യരുത്. ഇവിടത്തെ വാക്യം ഗ്രീക്ക് സെപററുവജിൻറിലും സുറിയാനി പെശീത്തായിലും ലത്തീൻവൾഗേററിലും “തന്റെ അയൽക്കാരനോടു സത്യംചെയ്തവൻ” എന്നാണ്. നാം എന്തെങ്കിലും ചെയ്യാൻ ആണയിടുകയോ ഒരു ഉചിതമായ പ്രതിജ്ഞചെയ്യുകയോ ചെയ്യുന്നുവെങ്കിൽ നാം അതനുസരിച്ചു പ്രവർത്തിക്കണം. (സഭാപ്രസംഗി 5:4) തീർച്ചയായും നാം വാഗ്ദാനംചെയ്തത് തിരുവെഴുത്തുവിരുദ്ധമാണെന്ന് നാം മനസ്സിലാക്കുന്നുവെങ്കിൽ നാം അതു പാലിക്കരുത്.
ഗിബെയോന്യർ തന്നേക്കൊണ്ട് ഉടമ്പടിചെയ്യിക്കത്തക്കവണം തന്നെ വഞ്ചിച്ചുവെന്ന് യോശുവാ പിന്നീട് മനസ്സിലാക്കിയെങ്കിലും അവൻ ഉടമ്പടി ലംഘിച്ചില്ല. (യോശുവ 9:16-19) അതുകൊണ്ട് നാം വാക്കുപാലിക്കുന്ന പുരുഷൻമാരും സ്ത്രീകളും കുട്ടികളും ആയിരിക്കണം. നാം മററുള്ളവരോടു വാഗ്ദാനങ്ങൾ ചെയ്യുകയും കൂടുതൽ ആകർഷകമായ അവസരങ്ങൾ നമുക്ക് തുറന്നുകിട്ടുമ്പോൾ അവരെ നിസ്സഹായാവസ്ഥയിൽ വിടുകയും ചെയ്യുന്നവരാകാതിരിക്കാം. യേശു ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ഉവ്വ് എന്ന വാക്ക് ഉവ്വ് എന്നും ഇല്ല എന്നത് ഇല്ല എന്നും അർത്ഥമാക്കട്ടെ.” (മത്തായി 5:37) പ്രത്യേകിച്ച് യഹോവക്കു സമർപ്പിച്ചവർ അവന്റെ സാക്ഷികൾ എന്ന നിലയിൽ നിത്യമായി അവനെ സേവിക്കുന്നതിനുള്ള തങ്ങളുടെ വാഗ്ദാനത്തിനനുസരിച്ച് ജീവിക്കുന്നതിന് തീർച്ചയുള്ളവരായിരിക്കണം. വാഗ്ദാനങ്ങൾ പാലിക്കുന്നതിനുപുറമേ 15-ാം സങ്കീർത്തനം 5-ാം വാക്യത്തിൽ ദാവീദ് കാണിക്കുന്നതുപോലെ നാം സാമ്പത്തികകാര്യങ്ങളിൽ പരിഗണനയുള്ളവരുമായിരിക്കണം.
“തന്റെ പണം അവൻ പലിശക്കു കൊടുത്തിട്ടില്ല”
വ്യാപാരാവശ്യത്തിന് വായ്പയെടുത്ത പണം ഉചിതമായിത്തന്നെ പലിശസഹിതം തിരികെ കൊടുക്കാൻകഴിയും. എന്നാൽ ഇവിടെ ദാവീദ് ദരിദ്രർക്ക് ‘പണം കൊടുക്കുന്നതിനെ’യാണ് അർത്ഥമാക്കിയത്. മോശൈകനിയമം വ്യക്തമാക്കുന്നു: “നീ എന്റെ ജനത്തിന്, നിന്നോടുകൂടെയുള്ള ക്ലേശിതർക്ക്, പണം കടം കൊടുത്താൽ നീ അവന് പൊലികടക്കാരനെപ്പോലെയായിത്തീരരുത്. നീ അവന് പലിശ ചുമത്തരുത്.” (പുറപ്പാട് 22:25; ലേവ്യർ 25:35, 36) ദരിദ്രർ പൊലികടക്കാരുടെ ഇരകളെന്ന നിലയിൽ കഷ്പ്പെടുന്നതായി നെഹെമ്യാവ് കണ്ടപ്പോൾ അവൻ അത്തരം ചൂഷണത്തിന് അറുതിവരുത്തി.—നെഹെമ്യാവ് 5:1-13.
“പലിശ” എന്നതിന് ദാവീദ് ഇവിടെ ഉപയോഗിച്ച പദം “കടിക്കുക” എന്ന് അർത്ഥമുള്ള മറെറാരു പദത്തിൽനിന്ന് ഉത്ഭവിച്ചിട്ടുള്ളതാണ്. അത്യാഗ്രഹികളായ പൊലികടക്കാർ ദരിദ്രരെയും അവർക്കുണ്ടായിരുന്ന അല്പത്തെയും ആർത്തിയോടെ തിന്നുകയായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. വ്യക്തമായി, യാതൊന്നും പകരം പ്രതീക്ഷിക്കാതെ ദാരിദ്ര്യമനുഭവിക്കുന്നവരെ സഹായിക്കുന്നതാണ് കൂടുതൽ മെച്ചം. യേശു ഇപ്രകാരം പറഞ്ഞുകൊണ്ട് അങ്ങനെ ഒരു ആശയം പ്രകടിപ്പിച്ചു: “നിങ്ങൾ ഒരു സദ്യയൊ അത്താഴമൊ ഒരുക്കുമ്പോൾ, . . . ദരിദ്രരായ ആളുകളെയും വികലാംഗരെയും മുടന്തരെയും അന്ധരെയും ക്ഷണിക്കുക; നിങ്ങൾ സന്തുഷ്ടരായിരിക്കും, എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് മടക്കിത്തരാൻ അവർക്ക് യാതൊന്നുമില്ല. നീതിമാൻമാരുടെ പുനരുത്ഥാനത്തിൽ നിങ്ങൾക്ക് പ്രതിഫലം കിട്ടുമല്ലോ.” (ലൂക്കോസ് 14:12-14) ദൈവത്തിന്റെ സ്നേഹിതനും അതിഥിയും ആയിരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി അയാളുടെ അയൽവാസിയുടെ ദാരിദ്ര്യത്തിൽനിന്ന് ഒരിക്കലും അനർഹമായി മുതലെടുക്കുകയില്ല, സങ്കീർത്തനക്കാരൻ തുടർന്നു പറയുന്നതിന് ചേർച്ചയായി പ്രവർത്തിക്കുകയും ചെയ്യും.
“നിരപരാധിയായ ഒരുവനെതിരെ അവൻ കോഴ വാങ്ങിയിട്ടില്ല”
കോഴക്ക് ഒരു ദുഷിപ്പിക്കൽഫലം ഉണ്ട്. ഇസ്രായേല്യരോട് ഇപ്രകാരം കൽപ്പിക്കപ്പെട്ടു: “നിങ്ങൾ . . . ഒരു കൈക്കൂലി സ്വീകരിക്കരുത്, എന്തുകൊണ്ടെന്നാൽ കൈക്കൂലി ജ്ഞാനിയുടെ കണ്ണുകളെ കുരുടാക്കുകയും നീതിമാന്റെ വാക്കുകളെ വളച്ചൊടിക്കുകയും ചെയ്യുന്നു.” (ആവർത്തനം 16:19) ഒരുപക്ഷേ കോടതിസാക്ഷ്യം മാററിമറിച്ചുകൊണ്ട് ഒരു “നിരപരാധി”യെ ഉപദ്രവിക്കാൻ കൈക്കൂലി സ്വീകരിക്കുന്നത് പ്രത്യേകാൽ തിൻമയാണ്. യൂദാ ഈസ്കരിയോത്താവ് നിരപരാധിയായിരുന്ന യേശുവിനെ ഒററിക്കൊടുക്കുന്നതിനുവേണ്ടി കൈക്കൂലി സ്വീകരിച്ചതിൽ അവൻ എത്ര നിന്ദ്യനായിരുന്നു!—മത്തായി 26:14-16.
നാം ഈ കാര്യത്തിൽ കുററവിമുക്തരാണെന്ന് കരുതിയേക്കാം. എന്നാൽ നാം എപ്പോഴെങ്കിലും ഒരു വിഷമഘട്ടത്തെ തരണം ചെയ്യുന്നതിന് പണംകൊടുത്തു രക്ഷപെടാൻ പ്രലോഭിതരായിട്ടുണ്ടോ? പ്രവാചകനായിരുന്ന ശമൂവേൽ ഒരിക്കലും “കുററം മറയ്ക്കുന്നതിനുള്ള പ്രതിഫലം” അല്ലെങ്കിൽ കൈക്കൂലി സ്വീകരിച്ചില്ല. (1 ശമൂവേൽ 12:3, 4) നാം ദൈവത്തിന്റെ സ്നേഹിതരും അതിഥിതികളും ആയിരിക്കണമെങ്കിൽ നമ്മളെല്ലാവരും ആ വിധത്തിൽ പെരുമാറണം.
“ഈ കാര്യങ്ങൾ ചെയ്യുന്നവൻ ഒരിക്കലും ഇടറിക്കപ്പെടുകയില്ല”
ഒരു നീതിമാനെക്കുറിച്ച് ദശവിധ വർണ്ണന നൽകിയശേഷം 15-ാം സങ്കീർത്തനം മേൽപ്പറഞ്ഞ വാക്കുകളോടെ അവസാനിപ്പിക്കുന്നു. അവ നമ്മുടെ മതത്തെ നാം അപഗ്രഥിക്കാനിടയാക്കിയേക്കാം. അത് യഥാർത്ഥ വിശ്വാസമാണെങ്കിൽ, അത് നമ്മെ (1) നിർദ്ദോഷികളായി നടക്കുന്നതിനും നീതി പ്രവർത്തിക്കുന്നതിനും, (2) ഹൃദയത്തിൽതന്നെ സത്യം സംസാരിക്കുന്നതിനും, (3) മററുള്ളവരെക്കുറിച്ച് അപവാദം പറയുന്നതൊഴിവാക്കുന്നതിനും, (4) ദുഷ്ടമായ ഒന്നും ചെയ്യാതിരിക്കുന്നതിനും നമ്മെ പഠിപ്പിക്കണം. ദൈവത്തിനു സ്വീകാര്യമായ മതം (5) നീതിമാൻമാരായ പരിചയക്കാർക്കെതിരെയുള്ള ദൂഷണം അംഗീകരിക്കുന്നതിൽനിന്ന് നമ്മെ തടയുകയും (6) നീചരായ ആളുകളോടുള്ള സഹവാസം ഒഴിവാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും. സത്യവിശ്വാസം (7) യഹോവയെ ഭയപ്പെടുന്നവരെ ബഹുമാനിക്കുന്നതിനും (8) നാം വാഗ്ദാനം ചെയ്തവ ഉചിതമെങ്കിൽ നിറവേററുന്നതിനും (9) ദരിദ്രർക്ക് പലിശ ചുമത്താതെ കൊടുക്കുന്നതിനും (10) നിരപരാധിയായ ഒരുവനെതിരെ ഒരിക്കലും കൈക്കൂലി വാങ്ങാതിരിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കും.
ഈ കാര്യങ്ങൾ വായിക്കുകയും കേൾക്കുകയും സംസാരിക്കുകയും വിശ്വസിക്കപോലും ചെയ്യുന്ന ആരുംതന്നെ “ഒരിക്കലും ഇടറിക്കപ്പെടുകയില്ല” എന്ന് ദാവീദ് പറഞ്ഞില്ല. ഇത് “ഈ കാര്യങ്ങൾ ചെയ്യുന്ന” വ്യക്തിയുടെ മാത്രം അനുഭവമായിരിക്കും. പ്രവൃത്തികളാൽ പിന്താങ്ങപ്പെടാത്ത വിശ്വാസം ചത്തതാണ്, ദിവ്യാംഗീകാരത്തിൽ കലാശിക്കുന്നതുമില്ല. (യാക്കോബ് 2:26) 15-ാം സങ്കീർത്തനത്തിൽ പരാമർശിച്ചിരിക്കുന്ന നല്ല കാര്യങ്ങൾ ചെയ്യുന്നവർ ഇടറിപ്പോകയില്ല, എന്തുകൊണ്ടെന്നാൽ യഹോവ അവരെ സംരക്ഷിക്കുകയും പിന്താങ്ങുകയും ചെയ്യും.—സങ്കീർത്തനം 55:22.
തീർച്ചയായും, നിർമ്മലാരാധനയിൽ 15-ാം സങ്കീർത്തനത്തിൽ പരാമർശിച്ചിരിക്കുന്ന പത്തു പോയിൻറുകളേക്കാൾ അധികം ഉൾപ്പെട്ടിരിക്കുന്നു. യേശുവിന്റെ ശിഷ്യൻമാർ പിന്നീട് ദൈവത്തെ “ആത്മാവോടും സത്യത്തോടും കൂടെ ആരാധിക്കുന്ന”തിനെക്കുറിച്ചുള്ള മററു കാര്യങ്ങളും പഠിച്ചു. (യോഹന്നാൻ 4:23, 24) നിങ്ങൾക്കും അതു കഴിയും, എന്തുകൊണ്ടെന്നാൽ ഈ കാര്യങ്ങൾ ചെയ്യുന്ന ആളുകൾ ഇന്ന് സ്ഥിതിചെയ്യുന്നുണ്ട്. യഹോവയുടെ ഈ സാക്ഷികളോടുള്ള ക്രമമായ സഹവാസവും ബൈബിൾ പഠനവും നിങ്ങൾക്ക് എന്നേക്കും ദൈവത്തിന്റെ അതിഥിയും സ്നേഹിതനുമായിരിക്കാൻ കഴിയുന്ന ഒരു ഭൗമിക പറുദീസയിലെ ജീവന്റെ പ്രത്യാശ കെട്ടുപണിചെയ്യും. (w89 9⁄15)