സ്കൂളിൽ ഒരുങ്ങിയിരിക്കുക
1 അനുദിന ജീവിതത്തിലെ സാധാരണ കാര്യങ്ങളിൽ നമ്മിൽ മിക്കവരും ഉൾപ്പെട്ടിരിക്കെ, യുവജനങ്ങൾ സ്കൂളിൽ നേരിടുന്നത് വ്യത്യസ്തമായ സാഹചര്യങ്ങളെയാണ്. ആസ്വാദ്യമായ പ്രവർത്തനങ്ങൾ സ്കൂളിലുണ്ട്, എന്നാൽ ഭയപ്പാടുണ്ടാക്കുന്ന ചില കാര്യങ്ങളും അവിടെയുണ്ട്. ഓരോ വർഷവും യുവജനങ്ങൾ പല അധ്യാപകരുടെ കീഴിൽ പഠിക്കേണ്ടിവരുന്നു, പുതിയ വിഷയങ്ങൾ ഏറെറടുക്കേണ്ടിവരുന്നു, അടുത്തറിയാത്ത വിദ്യാർഥികളുമായി അടുത്തു സഹവസിക്കേണ്ടിവരുന്നു. നമ്മുടെ യുവജനങ്ങൾ സ്കൂൾ അധികാരികളോടു സഹകരിക്കാനും സഹവിദ്യാർഥികളോടു സൗഹൃദമനോഭാവമുളളവരായിരിക്കാനും ആഗ്രഹിക്കുന്നു. എന്നാൽ ആത്മീയമായി അപകടകരമായിരുന്നേക്കാവുന്ന എന്തിനെതിരെയും തങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അവർ മനസ്സിൽ പിടിച്ചുകൊളേളണ്ടതുണ്ട്.—1 കൊരി. 15:33.
2 സാക്ഷികളായ കുട്ടികളെയും യുവജനങ്ങളെയും സംബന്ധിച്ച ഒരു മുഖ്യ സംഗതി ലോകത്തിന്റെ ദുഷിപ്പിക്കുന്ന സ്വാധീനത്തെ ഒഴിവാക്കുകയാണ്, അത് ഇന്ന് അനേകം നാടുകളിലെയും വിദ്യാഭ്യാസ വ്യവസ്ഥകളിൽ കടന്നുകൂടിയിട്ടുണ്ട്. ധാർമിക വിഷയങ്ങൾ സംബന്ധിച്ച് ഇപ്പോൾ പ്രോത്സാഹിപ്പിക്കപ്പെടുന്ന ലോകനിലവാരങ്ങളെയും ചിന്തയെയും ചെറുത്തുനിൽക്കുന്നതിൽ ക്രിസ്ത്യാനികൾ, ചെറുപ്പക്കാരും പ്രായമുളളവരും ഒരുപോലെ, ധൈര്യമുളളവരായിരിക്കേണ്ടതുണ്ട്. അവർ യഹോവയുടെ വചനം പരിശോധിക്കുന്നതിനാൽ ‘ജാഗ്രത പുലർത്തു’കയും അതിനാൽ വഴിനയിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. (സങ്കീ. 119:9, NW) മാതാപിതാക്കൾ മക്കൾക്ക് ഉചിതമായ മാർഗനിർദേശം നൽകുന്നതിനു സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾക്കൊളളിച്ചിരിക്കുന്നത് എന്താണെന്നതു സംബന്ധിച്ച് അവർ അറിഞ്ഞിരിക്കേണ്ടതുണ്ട്. സ്കൂളിലോ മററുളളിടങ്ങളിലോ പഠിപ്പിക്കുന്ന കാര്യങ്ങൾ യഹോവയുടെ ദാസൻമാരിൽനിന്ന് ആവശ്യപ്പെടുന്ന വിശുദ്ധിക്കും പവിത്രതയ്ക്കും വിരുദ്ധമാണെങ്കിൽ അത് ഒഴിവാക്കപ്പെടുകതന്നെ വേണം.—1 പത്രൊ. 1:15, 16.
3 ദേശഭക്തിപരമായ ചടങ്ങുകൾ, വിശേഷദിവസങ്ങളുടെ ആഘോഷങ്ങൾ, സ്പോർട്സ് പ്രവർത്തനങ്ങൾ, അല്ലെങ്കിൽ സാമൂഹിക കൂടിവരവുകൾ എന്നിവ പോലുളള കാര്യങ്ങൾ ഉൾപ്പെടുന്ന വിഷയങ്ങളെയും അഭിമുഖീകരിക്കുക തികച്ചും സാധാരണമാണ്. ഈ കാര്യങ്ങൾ സംബന്ധിച്ചു ക്രിസ്തീയ യുവാക്കൾക്കു സഹായം നൽകുന്ന ഒന്നാണ് സ്കൂളും യഹോവയുടെ സാക്ഷികളും (ഇംഗ്ലീഷ്) എന്ന ലഘുപത്രിക. ഈ പ്രസിദ്ധീകരണത്തിന്റെ ഒരു കോപ്പിയുമായി അധ്യാപകരെ സമീപിക്കുന്നതിൽ പ്രായംകുറഞ്ഞ കുട്ടികളുടെ മാതാപിതാക്കൾ മുൻകൈ എടുക്കുമ്പോൾ, ദുഷ്കരമാകാനിടയുളള സാഹചര്യങ്ങളെ തരണം ചെയ്യാനോ കുറയ്ക്കാനോ കഴിഞ്ഞേക്കാം. ചിലതരം പ്രവർത്തനങ്ങളിൽ യഹോവയുടെ സാക്ഷികൾ പങ്കെടുക്കാതിരിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ ഇത് അധ്യാപകനെ സഹായിക്കുമെന്ന് അവർക്കു വിശദീകരിക്കാൻ കഴിയും. ഈ വിവരം അധ്യാപകർക്കു ലഭ്യമാക്കുന്നത് സഹകരണത്തിന്റെ ഒരു ആത്മാവ് വളർത്തിയെടുക്കാൻ സഹായിക്കും.
4 മാത്രമല്ല, തങ്ങളുടെ സ്കൂൾ പാഠപുസ്തകങ്ങളോടൊപ്പം സ്കൂൾ ലഘുപത്രികയുടെ വ്യക്തിപരമായ ഒരു കോപ്പി കൊണ്ടുപോകുന്നത് ക്രിസ്തീയ വിദ്യാർഥികൾക്കു നല്ലതാണ്. നമ്മുടെ വിശ്വാസങ്ങളുടെമേൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുമ്പോൾ ചോദ്യങ്ങൾ ചോദിക്കുന്ന മററു വിദ്യാർഥികൾക്കു സാക്ഷ്യം നൽകാനുളള അവസരങ്ങൾ മിക്കപ്പോഴും ഉയർന്നുവരാറുണ്ട്. കൂടാതെ സാക്ഷികളായ കുട്ടികൾ എല്ലാ സമയത്തും തങ്ങളുടെ അഡ്വാൻസ് മെഡിക്കൽ ഡയറക്ടീവ്⁄റിലീസ് കാർഡോ തിരിച്ചറിയിക്കൽ കാർഡോ കൂടെ കൊണ്ടുനടക്കേണ്ടതാണ്, അതു പുതുക്കിയതും ഉചിതമായി സാക്ഷ്യപ്പെടുത്തിയതും ഒപ്പുവെച്ചതുമായിരിക്കണം. ഈ ബുദ്ധ്യുപദേശം ബാധകമാക്കുന്നവർ തീർച്ചയായും “വിവേകമുളളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊളളുന്നു” എന്നു ആരെക്കുറിച്ചു പറയുന്നുവോ അവനെപ്പോലെ ആയിരിക്കും.—സദൃ. 22:3.