അടുത്തു പിൻപററാൻ ഒരു മാതൃക
1 നിസ്സംശയമായും ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യനായിരുന്നു യേശു. അവൻ ശിഷ്യൻമാർക്കുവേണ്ടി പൂർണതയുളള ഒരു മാതൃക വെച്ചു. പൂർണത സംബന്ധിച്ച അവന്റെ നിലവാരം എത്തിപ്പിടിക്കാൻ നമുക്കാവില്ലെങ്കിലും, “അവന്റെ കാലടികളെ അടുത്തു പിൻപററാൻ” നാം ഉദ്ബോധിപ്പിക്കപ്പെടുന്നു. (1 പത്രോ. 2:21, NW) മററുളളവരുമായി സത്യം സതീക്ഷ്ണം പങ്കുവെച്ചുകൊണ്ട്, സാധിക്കുന്നത്രയും യേശുവിനെപ്പോലെ ആയിത്തീരാൻ നാം ആഗ്രഹിക്കണം.
2 കേവലം ഒരു പ്രസംഗകൻ മാത്രമായിരുന്നില്ല യേശു; ഏററവും ശ്രേഷ്ഠനായ ഒരു ഗുരുവുമായിരുന്നു അവൻ. “ജനക്കൂട്ടം അവന്റെ പഠിപ്പിക്കൽവിധത്തിൽ വിസ്മയിച്ചു.” (മത്താ. 7:28, NW) അവൻ അത്രമാത്രം ഫലപ്രദനായിരുന്നത് എന്തുകൊണ്ട്? അവന്റെ “പഠിപ്പിക്കൽവിധ”ത്തെ നമുക്കൊന്ന് അടുത്തു പരിചിന്തിക്കാം.
3 നമുക്കു യേശുവിനെ പിൻപററാവുന്ന വിധം: യേശുവിനെ പഠിപ്പിച്ചത് അവന്റെ പിതാവായിരുന്നു. (യോഹ. 8:28) യഹോവയെ ബഹുമാനിക്കുകയും അവന്റെ നാമത്തെ മഹത്ത്വപ്പെടുത്തുകയുമായിരുന്നു അവന്റെ ഉദ്ദേശ്യം. (യോഹ. 17:4, 26) നമ്മുടെ പ്രസംഗത്തിലും പഠിപ്പിക്കലിലും നമ്മുടെ ലക്ഷ്യം യഹോവയെ ബഹുമാനിക്കുക എന്നതായിരിക്കണം, അല്ലാതെ നമ്മിലേക്കു ശ്രദ്ധ തിരിച്ചുവിടുക എന്നതായിരിക്കരുത്.
4 യേശു പഠിപ്പിച്ചതെല്ലാം ദൈവവചനത്തിൽ അധിഷ്ഠിതമായിരുന്നു. നിശ്വസ്ത തിരുവെഴുത്തുകളിൽ എഴുതിയിരുന്ന സംഗതികൾ അവൻ തുടരെത്തുടരെ പരാമർശിച്ചു. (മത്താ. 4:4, 7; 19:4; 22:31) നമ്മുടെ ശ്രോതാക്കളെ ബൈബിളിലേക്കു തിരിക്കാൻ നാം ആഗ്രഹിക്കുന്നു. അങ്ങനെയാവുമ്പോൾ, അത്യുന്നത പ്രാമാണികതയിൽ അധിഷ്ഠിതമായ സംഗതികളാണു നാം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതെന്നു മനസ്സിലാക്കാൻ നാം അവരെ അനുവദിക്കുകയാവും ചെയ്യുന്നത്.
5 ഹ്രസ്വമായ, പ്രായോഗികമായ, സങ്കീർണമല്ലാത്ത ആശയപ്രകടനങ്ങളായിരുന്നു യേശു ഉപയോഗിച്ചത്. ഉദാഹരണത്തിന്, ദൈവത്തിൽനിന്നുളള പാപമോചനം നമുക്ക് എങ്ങനെ കരസ്ഥമാക്കാമെന്നു വിശദീകരിക്കവേ, നാംതന്നെ മററുളളവരോടു ക്ഷമിക്കുന്നവരായിരിക്കാൻ അവൻ നമ്മെ പ്രോത്സാഹിപ്പിച്ചു. (മത്താ. 6:14, 15) ലളിതവും വളച്ചുകെട്ടില്ലാത്തതുമായ സാധാരണ പദപ്രയോഗങ്ങളിലൂടെ രാജ്യസന്ദേശം വിശദീകരിക്കാൻ നാം പരിശ്രമിക്കണം.
6 മററുളളവരിൽ ചിന്തയുണർത്തിവിടാൻ യേശു ദൃഷ്ടാന്തങ്ങളും ചോദ്യങ്ങളും വിദഗ്ധമായി ഉപയോഗിച്ചു. (മത്താ. 13:34, 35; 22:20-22) തികച്ചും സാധാരണമായ അനുദിനസംഗതികളെക്കുറിച്ചുളള ദൃഷ്ടാന്തങ്ങൾക്കു സങ്കീർണമായ ബൈബിൾ തത്ത്വങ്ങൾ ഗ്രഹിക്കാൻ ആളുകളെ സഹായിക്കാൻ കഴിയും. തങ്ങൾ കേൾക്കുന്ന സംഗതികളെക്കുറിച്ചു ചിന്തിക്കാൻ നമ്മുടെ ശ്രോതാക്കളെ പ്രോത്സാഹിപ്പിക്കുന്ന ചോദ്യങ്ങൾ നാം ചോദിക്കണം. ശരിയായ നിഗമനങ്ങളിലെത്തിച്ചേരാൻ അവരെ സഹായിക്കുന്നതിനു ചോദ്യങ്ങളുടെ ഉപയോഗത്തിനു കഴിയും.
7 കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടവരോടു പ്രയാസമുളള കാര്യങ്ങൾ വിശദീകരിക്കാൻ യേശു സമയമെടുത്തു. അവന്റെ ശിഷ്യൻമാരെപ്പോലെ യഥാർഥ താത്പര്യമുളളവർക്കു യേശു പഠിപ്പിച്ചതിന്റെ അർഥം ഗ്രഹിക്കാൻ സാധിച്ചു. (മത്താ. 13:36) അതുപോലെ, ആത്മാർഥതയോടെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ നാം സഹായം നൽകുന്നവരായിരിക്കണം. ഉത്തരം അറിയില്ലെങ്കിൽ വിഷയത്തെക്കുറിച്ചു ഗവേഷണം നടത്തി നാം വിവരവുമായി പിന്നീടു ചെന്നാൽ മതിയാവും.
8 പഠിപ്പിക്കാൻവേണ്ടി യേശു ദൃഷ്ടാന്തപാഠങ്ങൾ ഉപയോഗിച്ചു. തന്റെ ശിഷ്യൻമാരുടെ യജമാനൻ ആയിരുന്നിട്ടും അവരുടെ പാദങ്ങൾ കഴുകിയതായിരുന്നു ഇതിനുളള ഒരു ഉദാഹരണം. (യോഹ. 13:2-16) നാം താഴ്മയുടേതായ ഒരു ആത്മാവു പ്രകടമാക്കുന്നെങ്കിൽ, നമ്മോടൊത്തു പഠിക്കുന്നവർ തങ്ങൾ മനസ്സിലാക്കുന്ന സംഗതികൾ ബാധകമാക്കാൻ പ്രചോദിപ്പിക്കപ്പെടും.
9 യേശു ആളുകളുടെ ഹൃദയത്തെയും നീതിയോടുളള അവരുടെ സ്നേഹത്തെയും തൊട്ടുണർത്തി. ഹൃദയത്തിലെത്താൻ നാമും ആഗ്രഹിക്കുന്നു. ഒരു ഉന്നത വ്യക്തിയെ ആരാധിക്കാനും മററുളളവരുമായി സമാധാനത്തിലും സന്തുഷ്ടിയിലും ജീവിച്ചുപോകാനുമുളള സകല മനുഷ്യരുടെയും ജൻമസിദ്ധമായ ആഗ്രഹത്തെ തൊട്ടുണർത്താൻ നാം പരിശ്രമിക്കുന്നു.
10 ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം സമർപ്പിച്ചുകൊണ്ട് യേശുവിനെക്കുറിച്ചു നാം പഠിച്ച കാര്യങ്ങൾ ഡിസംബറിൽ നമുക്കു മററുളളവരുമായി പങ്കുവെക്കാൻ സാധിക്കും. അവന്റെ പഠിപ്പിക്കൽ ഗുണങ്ങൾ അനുകരിക്കുക. തൻമൂലം, യേശു പഠിപ്പിച്ച സംഗതികൾ നാം വിശദമാക്കുമ്പോൾ നമ്മെ ശ്രദ്ധിക്കാൻ ആത്മാർഥതയുളളവർക്ക് അത് ഒരു പ്രചോദനമാകും.—മത്താ. 10:40.