യഹോവയാലുള്ള പരിശോധന—പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
1 നല്ല ആരോഗ്യം ഉണ്ടായിരിക്കാൻ സകലരും ആഗ്രഹിക്കുന്നു. അതു ജീവിതത്തെ വളരെയധികം ആസ്വാദ്യമാക്കുന്നു. എങ്കിലും, നല്ല ആരോഗ്യമുള്ള അനേകരും ഇടയ്ക്കിടെ വൈദ്യപരിശോധന നടത്താറുണ്ട്. എന്തുകൊണ്ട്? ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ പൊന്തിവരുന്നുണ്ടോ എന്നു കണ്ടുപിടിക്കാനാണ് അവർ ശ്രമിക്കുന്നത്. അങ്ങനെയുണ്ടെങ്കിൽ, അവയ്ക്കുള്ള ചികിത്സാനടപടികൾ എടുക്കാമല്ലോ. അതിലും കൂടുതൽ പ്രാധാന്യമുള്ള കാര്യമാണ് നമ്മുടെ ആത്മീയ ആരോഗ്യം കാത്തുസൂക്ഷിക്കുന്നത്. യഹോവയുടെ അംഗീകാരം “വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി” നിൽക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.—തീത്തൊസ് 1:13.
2 യഹോവയാൽ പരിശോധിക്കപ്പെടാനുള്ള ഉചിതമായ സമയമാണിപ്പോൾ. അങ്ങനെയായിരിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവ അവന്റെ വിശുദ്ധ ആലയത്തിലാണ്. അവൻ എല്ലാവരുടെയും ഹൃദയങ്ങളെ പരിശോധിക്കുകയാണ്. (സങ്കീ. 11:4, 5; സദൃ. 17:3) ദാവീദിനെപ്പോലെ, സമ്പൂർണമായി നമ്മെ പരിശോധിക്കാൻ നാം യഹോവയോട് അഭ്യർഥിക്കുകയാണ്: “യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.”—സങ്കീ. 26:2.
3 അപൂർണ ജഡംനിമിത്തം നമ്മുടെ ഉള്ളിൽനിന്നു നമ്മുടെ ആത്മീയ ആരോഗ്യത്തിനു നേരേ വരാവുന്ന ഭീഷണിക്കെതിരെ നാം ജാഗരൂകരായിരിക്കണം. “സകല ജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു” എന്നു സദൃശവാക്യങ്ങൾ 4:23 ബുദ്ധ്യുപദേശിക്കുന്നു.
4 നമുക്കു ചുറ്റുമുള്ള ദുഷിച്ച, അധാർമിക ലോകത്തിൽനിന്നും നമ്മുടെ ആത്മീയ ആരോഗ്യത്തിനു ഭീഷണിയുണ്ടാകാം. ഈ ദുഷ്ടവ്യവസ്ഥിതിയുമായി കൂടുതൽ അടുത്ത് ഇടപഴകാൻ നാം സ്വയം അനുവദിക്കുന്നെങ്കിൽ, ലോകത്തെപ്പോലെ നാം ചിന്തിക്കാൻ തുടങ്ങുകയും ലൗകിക മനോഭാവങ്ങൾ വികസിപ്പിക്കുകയും ചെയ്തേക്കാം. അല്ലെങ്കിൽ, ലൗകിക ജീവിതരീതി സ്വീകരിച്ച് ലോകത്തിന്റെ ആത്മാവിന്റെ സ്വാധീനവലയത്തിലകപ്പെട്ടേക്കാം.—എഫെ. 2:2, 3.
5 നമ്മെ ആത്മീയമായി തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയിൽ സാത്താൻ പീഡനമോ നേരിട്ടുള്ള എതിർപ്പോ ഉപയോഗിച്ചേക്കാം. എന്നാൽ ഇതിലൊക്കെ കൂടുതലായി, നമ്മെ വശീകരിക്കാൻ അവൻ പലപ്പോഴും ഉപായപൂർവം ഉപയോഗിക്കുന്നത് ലോകത്തിലെ ആകർഷകമായ സംഗതികളെയാണ്. സാത്താൻ “ആരെയെങ്കിലും വിഴുങ്ങാൻ അന്വേഷിച്ചുകൊണ്ട് അലറുന്ന സിംഹത്തെപ്പോലെ” വരുന്നതുകൊണ്ട്, ‘നമ്മുടെ ഇന്ദ്രിയങ്ങളെ സൂക്ഷിക്കാനും ജാഗരൂകരായിരിക്കാനും’ പത്രോസ് നമ്മെ ഉദ്ബോധിപ്പിക്കുന്നു. ‘വിശ്വാസത്തിൽ ഉറപ്പുള്ളവരായി നിന്നുകൊണ്ട്, അവനെതിരെ ഒരു നിലപാടെടുക്കാൻ’ നാം ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു.—1 പത്രൊ. 5:8, 9, NW.
6 നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമായി സൂക്ഷിച്ചുകൊണ്ടും ദിവസേന അതിനെ ബലപ്പെടുത്തിക്കൊണ്ടും നമ്മുടെ ആത്മീയ ആരോഗ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. നാം നമ്മുടെ വിശ്വാസത്തെ തുടർച്ചയായി പരിശോധിക്കണമെന്ന് അപ്പോസ്തലനായ പൗലോസ് ശുപാർശ ചെയ്യുന്നു. പ്രാപ്തനായ ഒരു ഡോക്ടർ നമുക്കു തരുന്ന പ്രായോഗിക ഉപദേശത്തിനു നാം ജ്ഞാനപൂർവം ശ്രദ്ധകൊടുക്കുന്നതുപോലെ, ശരിയാക്കേണ്ടതായ ഒരു പ്രശ്നമുണ്ടെന്നു യഹോവയുടെ ആത്മീയ പരിശോധന വെളിപ്പെടുത്തുമ്പോൾ നാം അവനെയും ശ്രദ്ധിക്കുന്നു. ഇതു നമുക്കു “യഥാസ്ഥാനപ്പെടാൻ” അവസരമൊരുക്കുന്നു.—2 കൊരി. 13:5, 11.
7 യഹോവയാണു സത്യമായും വലിയ പരിശോധകൻ. അവന്റെ രോഗനിർണയം എല്ലായ്പോഴും കൃത്യമാണ്. നമുക്ക് ആവശ്യമുള്ളത് എന്തെന്നു കൃത്യമായി അവനറിയാം. അവന്റെ വചനത്തിലൂടെയും ‘വിശ്വസ്തനായ അടിമ’യിലൂടെയും അവൻ ആരോഗ്യാവഹമായ ഒരു ആത്മീയ ഭക്ഷണക്രമം ശുപാർശ ചെയ്യുന്നു. (മത്താ. 24:45, NW; 1 തിമൊ. 4:6) ഭവനത്തിൽവച്ചും സഭായോഗങ്ങളിൽവച്ചും പോഷകമൂല്യമുള്ള ഈ ആത്മീയ ആഹാരക്രമം അനുസരിച്ചു ക്രമമായി ഭക്ഷിക്കുന്നത് ആത്മീയമായി ആരോഗ്യമുള്ളവരായി നിലകൊള്ളാൻ നമ്മെ സഹായിക്കും. ശുശ്രൂഷയിലും മറ്റു ക്രിസ്തീയ പ്രവർത്തനത്തിലുമുള്ള ക്രമമായ ആത്മീയ വ്യായാമവും പ്രയോജനപ്രദമാണ്. അതുകൊണ്ട്, യഹോവ നമ്മെ ഏറ്റവും നല്ല ആത്മീയ ആരോഗ്യത്തിൽ നിലനിർത്തുമെന്ന ഉറപ്പോടെ അവൻ നടത്തുന്ന ക്രമമായ ഒരു പരിശോധനയെ നാം സ്വാഗതം ചെയ്യുന്നു.