1995-ലെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്ററ് കൺവെൻഷൻ
1 സന്തുഷ്ടരായിരിക്കാൻ നമുക്ക് എന്തെല്ലാം കാരണങ്ങളുണ്ട്? അവയുടെയെല്ലാം ഒരു പട്ടികയുണ്ടാക്കാൻ നമ്മിലധികമാരും ശ്രമിച്ചിരിക്കാനിടയില്ല. പ്രക്ഷുബ്ധതയും അനിശ്ചിതത്വവും നിറഞ്ഞ ഒരു ലോകത്തിലാണു നാം ജീവിക്കുന്നതെങ്കിലും, സന്തുഷ്ടരായിരിക്കാൻ നമുക്ക് ഒട്ടനവധി കാരണങ്ങളുണ്ട്. മുന്നമേ അറിയിച്ചിരുന്നതുപോലെ, 1995-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളുടെ പ്രോത്സാഹജനകമായ വിഷയം “സന്തുഷ്ട സ്തുതിപാഠകർ” എന്നതാണ്.
2 യഹോവ നമ്മെ സത്യം പഠിപ്പിച്ചതുകൊണ്ട് നാം അവനെ സ്തുതിക്കുന്നു. (യെശ. 54:13; യോഹ. 8:32) ക്രമത്തിൽ, സുരക്ഷിതത്വവും സന്തുഷ്ടിയും അന്വേഷിക്കുന്ന ആളുകളുമായി നാം സന്തോഷത്തോടെ ആ സത്യം പങ്കിടുന്നു. (യെഹെ. 9:4; പ്രവൃ. 20:35) നമ്മുടെ ക്രിസ്തീയ സാഹോദര്യവും സന്തോഷം കൈവരുത്തുന്നു. സ്നേഹസമ്പന്നമായ ഒരു ആത്മീയ കുടുംബം സംതൃപ്തിയും സന്തുഷ്ടിയും കൈവരുത്തുന്നു. യഹോവയെ സ്തുതിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന നമ്മുടെ സന്തോഷത്തിനുള്ള ചില കാരണങ്ങളാണിവ. ഈ പ്രക്ഷുബ്ധനാളുകളിൽ സന്തോഷിക്കുന്നതിനുള്ള കൂടുതലായ തിരുവെഴുത്തുപരമായ കാരണങ്ങളിലേക്കു കൺവെൻഷനിലെ പ്രസംഗങ്ങളും പ്രകടനങ്ങളും നമ്മുടെ ശ്രദ്ധ തിരിക്കും.
3 ഒരു ത്രിദിന കൺവെൻഷൻ: കൺവെൻഷനിലെ മൂന്നു ദിവസം മുഴുവൻ ഹാജരായിരിക്കാൻ തക്കവണ്ണം അവധി കിട്ടേണ്ടതിനു നിങ്ങളുടെ തൊഴിലുടമയുമായി നിങ്ങൾ ക്രമീകരണം ചെയ്തുകഴിഞ്ഞോ? ക്ലാസ്സുകൾ ഉള്ള സമയത്തുതന്നെ കൺവെൻഷനിൽ സംബന്ധിക്കാനിരിക്കുന്ന സ്കൂൾകുട്ടികളുടെ മാതാപിതാക്കൾ, വെള്ളിയാഴ്ചയും ശനിയാഴ്ചയും ആ കുട്ടികൾ സ്കൂളിൽ വരില്ലെന്നും അതിന്റെ കാരണം കൺവെൻഷൻ തങ്ങളുടെ ആരാധനയുടെ ഒരു പ്രധാന ഭാഗമാണ് എന്നതാണെന്നും അധ്യാപകരെ ആദരപൂർവം അറിയിക്കേണ്ടതാണ്. നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള കൺവെൻഷൻ എവിടെയാണ്? ഇന്ത്യയിലെ 16 കൺവെൻഷനുകളുടെയും സ്ഥലങ്ങൾ 1995 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം, നിങ്ങളുടെ സഭാസെക്രട്ടറി നിങ്ങളുടെ സഭയ്ക്കു വേണ്ടിയുള്ള വിശദവിവരങ്ങൾ നിങ്ങളെ അറിയിച്ചിട്ടുണ്ടായിരിക്കണം. ഇംഗ്ലീഷിനു പുറമേ, കന്നട, കൊങ്കണി, ഗുജറാത്തി, തമിഴ്, തെലുങ്ക്, ബംഗാളി, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും കൺവെൻഷനുകൾ നടത്തപ്പെടുന്നതായിരിക്കും.
4 മിക്ക സ്ഥലങ്ങളിലും പരിപാടി വെളളിയാഴ്ച രാവിലെ 9:40-ന് ആരംഭിച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഏതാണ്ട് 3:50-ന് അവസാനിക്കും. ശനിയാഴ്ചയും ഞായറാഴ്ചയും പരിപാടി ആരംഭിക്കുന്നതു രാവിലെ 9:30-നാണ്. സാക്ഷികൾക്കും പൊതുജനങ്ങൾക്കും രാവിലെ 8:00 മുതൽ സ്വാഗതമുണ്ടായിരിക്കും, എന്നാൽ പ്രത്യേക ജോലികൾക്കു നിയമനമുള്ളവർക്കു അതിലും നേരത്തെതന്നെ പ്രവേശിക്കാവുന്നതാണ്.
5 നിങ്ങൾ ഹാജരുണ്ടായിരിക്കുമോ?: കൺവെൻഷന്റെ മൂന്നു ദിവസം മുഴുവനും സംബന്ധിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. എന്തുകൊണ്ടാണത്? നാം അവിടെ ആയിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. നമ്മുടെ വിശ്വാസവും ആത്മീയ ആരോഗ്യവും ഇന്ന് ശക്തമായ ആക്രമണത്തിൻകീഴിലാണ്. യഹൂദ്യയിലുണ്ടായിരുന്ന ക്രിസ്ത്യാനികൾ വലിയ സമ്മർദം അനുഭവിച്ചിരുന്ന ഒരു സമയത്ത് “സഭായോഗങ്ങളെ ഉപേക്ഷിക്കാ”തിരിക്കുന്നതു സംബന്ധിച്ചു പൗലോസ് ബുദ്ധ്യുപദേശം നൽകി. (എബ്രാ. 3:12, 13; 10:24) “വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവി”ലായിരുന്നു ഫിലിപ്യർ ജീവിച്ചിരുന്നതെങ്കിലും “അവർ ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശി”ച്ചിരുന്നു. (ഫിലി. 2:14, 15) ഒന്നാം നൂറ്റാണ്ടിലെ ഈ ക്രിസ്ത്യാനികൾ വ്യത്യസ്തരായിരുന്നത് എന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടെന്നാൽ “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ” കൂടിവരുന്നതിലേക്ക് അവരെ നയിച്ച പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പുകളെ അവർ അനുസരണയോടെ പിൻപറ്റിയിരുന്നു.—എബ്രാ. 10:25.
6 അല്ലാഞ്ഞാൽ, നമ്മുടെ സഹോദരങ്ങളുമായി കൂടിവരാനും യഹോവയെ സ്തുതിക്കാനുമുള്ള നമ്മുടെ ആഗ്രഹത്തെ ലോകം സ്വാധീനിക്കും. അങ്ങനെ യഹോവയുടെ ആത്മാവിനു വഴങ്ങിക്കൊടുക്കാനും കൺവെൻഷന്റെ മൂന്നു ദിവസങ്ങളും ആസ്വദിക്കാനും നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ മുഴു കുടുംബത്തോടുമൊത്തു ഹാജരാകാൻ നാം ദൃഢതീരുമാനമുള്ളവരാണോ? നിരന്തരമായ ഒരടിസ്ഥാനത്തിൽ നാം നമ്മുടെ സ്നേഹത്തെയും വിശ്വാസത്തെയും ബലിഷ്ഠമാക്കേണ്ടതുണ്ട്. ഈ കാര്യത്തിൽ നമ്മെ സഹായിക്കാൻ യഹോവ വാർഷിക കൺവെൻഷനുകൾ പ്രദാനം ചെയ്തിരിക്കുന്നു.
7 വീട്ടിലേക്ക് ഒരു നിക്ഷേപംതന്നെ കൊണ്ടുപോകുക: കൺവെൻഷനിൽനിന്നു നിങ്ങൾക്ക് ഏറ്റവും പരമാവധി പ്രയോജനം എങ്ങനെ നേടാൻ കഴിയും? ഒറ്റ വാക്കിൽ പറഞ്ഞാൽ അതിനുള്ള ഉത്തരം “ശ്രദ്ധിക്കൽ” ആണ്. എളുപ്പം ക്ഷോഭിക്കുന്ന, അതിവേഗം മുന്നോട്ടു പോകുന്ന ഇന്നത്തെ സമൂഹത്തിൽ അത് എളുപ്പമുള്ള ഒരു കാര്യമല്ല. ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഊർജസ്വലരായ യുവജനങ്ങൾ കണ്ടെത്തിയേക്കാം, എന്നാൽ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കുമ്പോൾ നാമെല്ലാം അഭിമുഖീകരിക്കുന്ന ഒരു വെല്ലുവിളിയാണിത്. നാം നേരത്തെതന്നെ ആസൂത്രണം ചെയ്യുകയാണെങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എളുപ്പമാണെന്നു നാം കണ്ടെത്തും. നിങ്ങളോടുതന്നെ ചോദിക്കുക, ‘കൺവെൻഷന്റെ വിഷയം എന്താണ്?’ അതേക്കുറിച്ചു ധ്യാനിക്കുക! ‘ഞാൻ എന്തിനാണ് പോകുന്നത്, ഈ മൂന്നു ദിവസവും ഞാൻ എന്തു ചെയ്യും? ഞാൻ വൈകുന്നേരം മുഴുവൻ വിനോദത്തിനു വേണ്ടി ചെലവിടുമോ? അതോ വിശ്രമത്തിനും കൺവെൻഷന്റെ പ്രസക്ത കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനും വേണ്ടി വേണ്ടത്ര സമയം പട്ടികപ്പെടുത്തുമോ?’
8 1985 മേയ് 1 ലക്കം വീക്ഷാഗോപുരത്തിലെ “നിങ്ങൾ ധ്യാനിക്കുന്നുവോ അതോ ദിവാസ്വപ്നം കാണുന്നുവോ?” എന്ന ലേഖനം യോഗങ്ങളിൽനിന്നു പരമാവധി പ്രയോജനം നേടാൻ കഴിയുന്ന അനവധി നിർദേശങ്ങൾ പ്രദാനം ചെയ്യുകയുണ്ടായി. എന്നിട്ട് ആ മാസിക ഈ നിഗമനത്തിലെത്തി: “ഒരുപക്ഷേ ഏറ്റവും പ്രധാനമായ ഘടകം മാനസിക ശിക്ഷണമാണ്.” പ്രസംഗകൻ പരിപാടി തുടങ്ങുമ്പോൾ നാം സാധാരണമായി ശ്രദ്ധിക്കാറുണ്ട്. എന്നാൽ പ്രസംഗം കുറെ കേട്ടുകഴിയുമ്പോൾ നമ്മുടെ മനസ്സ് “അലഞ്ഞുതിരിയാൻ” നാം അനുവദിക്കുന്നു. ഇതു നമുക്കെങ്ങനെ തടയാം?
9 കഴിഞ്ഞകാലത്തു നൽകിയ നിർദേശങ്ങൾ ആവർത്തിക്കുന്നതു നന്നായിരിക്കും, കാരണം അവ പ്രായോഗികമാണ്. കഴിവതും, ഓരോ രാത്രിയും വേണ്ടത്ര വിശ്രമമെടുക്കാൻ ശ്രമിക്കുക. എപ്പോഴും ഇത് എളുപ്പമല്ല. കാരണം, യാത്ര ഉൾപ്പെട്ടിരിക്കാം. നിങ്ങൾ ഹോട്ടലിലാണു താമസിക്കുന്നതെങ്കിൽ, നേരത്തെ ഉറങ്ങാനോ വീട്ടിൽ ആയിരിക്കുമ്പോഴത്തെപോലെ അത്ര നന്നായിട്ട് വിശ്രമിക്കാനോ കഴിയില്ലായിരിക്കാം. ആവശ്യമായ വിശ്രമം ലഭിക്കാൻ സാധാരണമായി നല്ല ആസൂത്രണം നിങ്ങളെ സഹായിക്കും.
10 ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഹ്രസ്വമായ കുറിപ്പെടുക്കുന്നത് ഒരു സഹായമെന്നു തെളിഞ്ഞിരിക്കുന്നു. വളരെയധികം വിവരങ്ങൾ എഴുതിയെടുക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഏറ്റവും പ്രധാനപ്പെട്ട ചില വിവരങ്ങൾ നിങ്ങൾക്കു നഷ്ടപ്പെട്ടേക്കാം. ഒരു ബൈബിൾ വിദ്യാർഥിയെ അല്ലെങ്കിൽ രോഗം വന്ന് മുറിയിൽനിന്നു പുറത്തു പോകാൻ കഴിയാതെ കിടക്കുന്ന വ്യക്തിയെ അവതരിപ്പിച്ചു കേൾപ്പിക്കുക എന്ന ലക്ഷ്യത്തിൽ കുറിപ്പെടുക്കാൻ ഒരു നിർദേശം വെക്കുകയാണ്. ഒരു പ്രത്യേക വ്യക്തി മനസ്സിൽ ഇല്ലെങ്കിൽപ്പോലും കുറിപ്പെടുക്കുന്നതിൽ നിങ്ങൾക്ക് ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കുമല്ലോ. കൺവെഷനുശേഷം, പരിപാടിയുടെ പ്രസക്ത ഭാഗങ്ങൾ അവതരിപ്പിക്കാൻ പറ്റിയ അവസരങ്ങൾ നിങ്ങൾ കണ്ടെത്തിയേക്കാം. അവിശ്വാസികളായ കുടുംബാംഗങ്ങളോട് അനൗപചാരികമായി സാക്ഷീകരിക്കുന്നതുപോലുള്ള സന്ദർഭങ്ങളിൽ. കുറിപ്പെടുക്കുന്നതിനാലും നിങ്ങൾ കേട്ട കാര്യങ്ങൾ പങ്കുവെക്കുന്നതിനാലും, നിങ്ങൾ വിവരങ്ങൾ പെട്ടെന്നു മറന്നുപോകുകയില്ല. ആശയക്കൈമാറ്റം ഓർമ വർധിപ്പിക്കും.
11 കൺവെൻഷൻ ഹാൾ വാടകയ്ക്കെടുക്കുന്നതിൽ ഗണ്യമായ ചെലവ് ഉൾപ്പെട്ടിട്ടുണ്ട്. ഉച്ചഭാഷിണി സംവിധാനം, കൂടുതലായ ഇരിപ്പിടങ്ങൾ തുടങ്ങിയവ വാടകയ്ക്കെടുക്കുന്നതിനു വേണ്ടിവരുന്ന കൂടുതലായ ചെലവുകൾ അതിൽ ഉൾപ്പെടും. ഈ ചെലവുകൾക്ക് എവിടെനിന്നാണു പണം ലഭിക്കുന്നത്? പണമായിട്ടോ “വാച്ച് ടവർ സൊസൈറ്റി”ക്ക് മാറിയെടുക്കാവുന്ന ചെക്കായിട്ടോ ഉള്ള സ്വമേധയാ സംഭാവനകൾ വഴി. അത് സങ്കീർത്തനം 96:8-നും 2 ദിനവൃത്താന്തങ്ങൾ 31:12-നും ചേർച്ചയിലാണ്.
12 സന്തുഷ്ട സ്തുതിപാഠകർ ദൈവിക നടത്തയാൽ യഹോവയെ ബഹുമാനിക്കുന്നു: കഴിഞ്ഞ വർഷം ഹോട്ടൽ അധികൃതരിൽനിന്നും കൺവെൻഷൻ ഹാൾജീവനക്കാരിൽനിന്നും നമ്മുടെ നടത്തയെക്കുറിച്ചു നല്ല അഭിപ്രായങ്ങൾ ലഭിക്കുകയുണ്ടായി. ഒരു ഹോട്ടൽ മാനേജർ ഇങ്ങനെ പ്രസ്താവിച്ചു: “സാക്ഷികളെ താമസിപ്പിക്കുക എല്ലായ്പോഴും സന്തോഷകരമായ ഒരു കാര്യംതന്നെയാണ്. കാരണം അവർ ക്ഷമയുള്ളവരും സഹകരണമനസ്കരുമാണ്, തന്നെയുമല്ല അവർ കുട്ടികളെ ശ്രദ്ധിക്കുകയും ചെയ്യുന്നു.” മറ്റു കൂട്ടങ്ങളെക്കാൾ സാക്ഷികൾ ഏറെ സന്തുഷ്ടരും ഏറെ സംഘടിതരുമാണെന്നു തോന്നുന്നു എന്നു മറ്റൊരു ഹോട്ടൽ ഡയറക്ടർ പറഞ്ഞു. ആ പ്രദേശത്തുവച്ച് നടത്തിയതിൽ ഏറ്റവും വലുത് നമ്മുടെ കൺവെൻഷൻ ആയിരുന്നെങ്കിലും, അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അവരുടെ ചെറിയൊരു അംശം വരുന്ന മറ്റു കൂട്ടങ്ങളെക്കുറിച്ചുള്ളതിനെക്കാൾ കുറച്ചു പരാതികളും വിഷമതകളുമേ ഞങ്ങൾക്കുള്ളൂ.”
13 ഹോട്ടൽ ജീവനക്കാർ എല്ലാവരും ഉണ്ടായിരുന്നിട്ടും, അടുത്തകാലത്തു നമ്മുടെ കൺവെൻഷൻ നടന്നതിനു മുമ്പ് നടന്ന ഒരു കൺവെൻഷനിൽ വളരെ നാശനഷ്ടവും മോഷണവും ഉണ്ടായതായി മറ്റൊരു ഹോട്ടൽ ജീവനക്കാരൻ വെളിപ്പെടുത്തി. എന്നാൽ നമ്മുടെ കൺവെൻഷനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ തുടർന്നു പറഞ്ഞു: “സാക്ഷികളുടെ കാര്യത്തിൽ ഞങ്ങൾ അതേക്കുറിച്ചു വിഷമിക്കേണ്ടതില്ല. . . . അവർ ഇവിടെ വരുമ്പോൾ ഒന്നോ രണ്ടോ ജീവനക്കാരെ മാത്രം ഞങ്ങൾ നിർത്തിയാൽ മതി, അതും യന്ത്രങ്ങൾക്ക് അപ്രതീക്ഷിതമായി ഉണ്ടാകുന്ന കുഴപ്പങ്ങൾ തീർക്കാൻ.”
14 ലഭിച്ച റിപ്പോർട്ടുകളെല്ലാം സമാനമായിരുന്നെങ്കിലെന്നു ഞങ്ങൾ ആശിച്ചുപോകുന്നു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, സത്യം അതല്ല. ഒരു കൺവെൻഷൻ ചെയർമാൻ ഇങ്ങനെ നിരീക്ഷിച്ചു: “സെഷനുകൾക്കുശേഷം, രാത്രിയിൽ വൈകി [ഹോട്ടലിന്റെ] സ്വീകരണമുറിയിൽ കൗമാരപ്രായത്തിലുള്ള പലർ കൂടിവന്ന് ഉച്ചത്തിൽ ചിരിക്കുകയും ഒച്ചയിടുകയും ചെയ്യുന്നു. ഇതു മറ്റ് അതിഥികൾക്കു ശല്യമാണ് . . . അവർ അസ്വസ്ഥരായി കാണപ്പെടുന്നു. ചില കുട്ടികൾ ഇടനാഴികളിൽക്കൂടി ഓടുകയും പരസ്പരം മുറികൾ സന്ദർശിക്കുമ്പോൾ വാതിൽ വലിച്ചടയ്ക്കുകയും മുറികളിൽവെച്ച് ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യുന്നു.”
15 വർഷങ്ങളായി നിലനിന്നുപോന്നിട്ടുള്ള മറ്റൊരു പ്രശ്നം സെഷനുകൾ നടന്നുകൊണ്ടിരിക്കെ അനേകം സഹോദരങ്ങൾ ഹാളിന്റെ ഇടനാഴികളിലും വെളിയിലുംവെച്ചു സംസാരിക്കുന്നു എന്നതാണ്. കഴിഞ്ഞ വർഷം നടന്ന ഒരു കൺവെൻഷനിൽ, ഒരു സംഭാവനപ്പെട്ടിയിൽനിന്ന് ഒരു ബൈബിൾ വിദ്യാർഥിയുടെ ഒരു കുറിപ്പു കിട്ടി. അതിപ്രകാരമായിരുന്നു: “പ്രസംഗങ്ങൾ നടന്നുകൊണ്ടിരുന്നപ്പോൾ ഹാൾവരാന്തയിൽ നടന്ന ഒച്ചയും ബഹളവും സംസാരവും മോശമായ പെരുമാറ്റവും എന്നെ ഇത്രയധികം അലട്ടുകയും വേദനിപ്പിക്കുകയും ചെയ്ത മറ്റൊരു സന്ദർഭം മുമ്പുണ്ടായിട്ടില്ല. . . . ഇതുവരെയും ഞാൻ ഒരു സാക്ഷിയായിത്തീർന്നിട്ടില്ല, ദൈവിക ഭയവും ആദരവും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരുവൻ മാത്രമാണ്.” നമുക്കു യഹോവയുടെ കരുതലുകളോടു വിലമതിപ്പില്ല എന്ന ഒരു ധാരണ അവശേഷിപ്പിക്കാൻ നാമാരും തീർച്ചയായും ആഗ്രഹിക്കുകയില്ല.
16 ഏതു സമയത്തും നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കണം: ‘ഞാൻ ആരെയാണു പ്രതിനിധാനം ചെയ്യുന്നത്, ഈ കൺവെൻഷനിൽ ഞാൻ സംബന്ധിക്കുന്നത് എന്തിനാണ്?’ നമ്മുടെ ആത്മീയതയും ദൈവിക ഭക്തിയും നമ്മുടെ സംസാരത്തിലൂടെയും നടത്തയിലൂടെയും ആത്മീയ കരുതലുകളോടുള്ള വിലമതിപ്പിലൂടെയും പ്രതിഫലിക്കും. (യാക്കോ. 3:13; 1 പത്രൊ. 2:2, 3, 12) നിയന്ത്രണങ്ങളും തടവുകളും അനേക വർഷക്കാലം അനുഭവിച്ച സഹോദരങ്ങൾ തങ്ങളുടെ ഇരിപ്പിടങ്ങളിൽതന്നെ ഇരുന്നു പ്രസംഗങ്ങളിലും പ്രകടനങ്ങളിലും മുഴുകിയിരുന്നുകൊണ്ട് കൺവെൻഷനുകളിൽ ശ്രദ്ധിച്ചിരിക്കുന്നതും ആദരവു പ്രകടമാക്കുന്നതും കണ്ടിട്ടുണ്ട്.
17 നിങ്ങളുടെ വസ്ത്രധാരണവും ചമയവും ഒരു സന്ദേശം പുറത്തുവിടുന്നു: “മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” എന്ന് 1 ശമൂവേൽ 16:7-ൽ നമ്മെ അനുസ്മരിപ്പിച്ചിരിക്കുന്നു. അതുകൊണ്ട്, നാം പുറമേ എങ്ങനെ കാണപ്പെടുന്നു എന്ന കാര്യത്താലാണ് ആളുകൾ മിക്കപ്പോഴും നമ്മെ വിലയിരുത്തുന്നത്. നമ്മുടെ വസ്ത്രധാരണവും ചമയവും അടുത്ത നിരീക്ഷണത്തിനു വിധേയമാകുന്നു, പ്രത്യേകിച്ചും ആരാധനയ്ക്കും ക്രിസ്തീയ ജീവിതം സംബന്ധിച്ച പ്രബോധനത്തിനുമായുള്ള ഒരു കൺവെൻഷനിൽ നാം സംബന്ധിക്കുമ്പോൾ. നിങ്ങൾ സ്കൂളിൽ പോകുന്ന ഒരു യുവാവാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ലൗകിക തൊഴിൽ ലോകശൈലികൾ പിൻപറ്റുന്ന ആളുകളുമായി നിങ്ങളെ അടുത്ത സമ്പർക്കത്തിൽ കൊണ്ടുവരുന്നെങ്കിൽ, മാന്യമായ വസ്ത്രധാരണ നിലവാരങ്ങളോടു പറ്റിനിൽക്കുന്നത് ഒരു വെല്ലുവിളിയായിരുന്നേക്കാം.
18 വസ്ത്രധാരണവും ചമയവും സംബന്ധിച്ച നിലവാരങ്ങൾ ലോകമെമ്പാടും വ്യത്യാസപ്പെട്ടിരിക്കുന്നു. മാന്യവും നന്നായി ക്രമപ്പെടുത്തിയതുമായ വിധത്തിൽ വസ്ത്രം ധരിക്കാൻ ക്രിസ്ത്യാനികൾ പ്രതീക്ഷിക്കപ്പെടുന്നു. ആരാണ് ഇതു തീരുമാനിക്കേണ്ടത്? കൗമാരപ്രായക്കാരായ തങ്ങളുടെ കുട്ടികൾ സ്കൂളിലെ ലോകക്കാരായ കുട്ടികളെപ്പോലെ വസ്ത്രം ധരിക്കുന്നില്ലെന്നു മാതാപിതാക്കൾ ഉറപ്പുവരുത്തണം. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഇക്കാര്യത്തിൽ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ നല്ല മാർഗനിർദേശങ്ങൾ പ്രദാനം ചെയ്യപ്പെട്ടിട്ടുണ്ട്. 1987 ഫെബ്രുവരി 8 ഉണരുക!യിലെ (ഇംഗ്ലീഷ്) “വസ്ത്രങ്ങൾ നിങ്ങൾക്ക് എന്തർഥമാക്കുന്നു?” എന്ന ലേഖനം അവലോകനം ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ നമ്മുടെ ചില കൺവെൻഷനുകളിൽ നിരീക്ഷിക്കപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ്?
19 “ദൈവ ഭയ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾക്കുശേഷം ഞങ്ങൾക്ക് ഈ അഭിപ്രായം ലഭിക്കുകയുണ്ടായി: “ഈ വർഷത്തെ കൺവെൻഷനിൽ സഹോദരന്മാരും സഹോദരിമാരും വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും നടത്തയുടെയും കാര്യത്തിൽ വളരെയധികം പുരോഗതി നേടിയിട്ടുണ്ട്. . . . എന്നിരുന്നാലും, ചില സംഗതികളിലും സ്വഭാവങ്ങളിലും നമുക്ക് ഇനിയും കൂടുതലായ പുരോഗതി ആവശ്യമാണ്.” മറ്റൊരു കൺവെൻഷനുശേഷം, മാന്യമല്ലാതെ വസ്ത്രം ധരിക്കുന്നതു ശ്രദ്ധേയമായിരുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. ചിലരുടെ വസ്ത്രധാരണരീതി മറ്റു ചിലരെ ഇടറിക്കുന്നതായിരുന്നുവെന്ന് ആ റിപ്പോർട്ടു പരാമർശിച്ചു. സന്നിഹിതരായിരുന്ന പുറത്തുനിന്നുള്ള ചിലരും മാന്യമല്ലാത്ത വസ്ത്രധാരണരീതി ശ്രദ്ധിക്കുകയുണ്ടായി. ചിലരുടെ വസ്ത്രം ശരീരഭാഗങ്ങൾ പുറത്തുകാട്ടുന്നതും വളരെ ഇറുകിയതുമായിരുന്നു.
20 കൺവെൻഷൻ സ്ഥലത്തുവെച്ചു സഹോദരീസഹോദരൻമാരിൽ ഭൂരിപക്ഷവും മാന്യവും ആദരണീയവുമായ വിധത്തിൽ വസ്ത്രം ധരിക്കുന്നു. എന്നിരുന്നാലും, ഹോട്ടലുകളിലും റെസ്റ്ററൻറുകളിലും വെച്ച് ചില സഹോദരീസഹോദരൻമാർ ബാഡ്ജുകൾ ധരിക്കുമ്പോൾത്തന്നെ “ദൈവജനതയ്ക്ക് ഉചിതമല്ലാത്ത, ടി ഷർട്ടുകളും പഴയ ജീൻസുകളും ചെറിയ നിക്കറുകളും ഫാഷൻ മാതിരിയുള്ള വസ്ത്രങ്ങളും ധരിച്ചിരുന്നു.” വിശ്രമസമയത്ത്, ഇത്തരത്തിൽ വസ്ത്രം ധരിക്കാൻ പ്രവണത കാട്ടുന്നവരെ മൂപ്പൻമാർ കാണുകയാണെങ്കിൽ, പ്രത്യേകിച്ച് ഒരു ക്രിസ്തീയ കൺവെൻഷനിൽ സംബന്ധിക്കുന്ന പ്രതിനിധികൾ എന്നനിലയിൽ അത്തരം വസ്ത്രധാരണം ഉചിതമല്ലെന്ന് കൺവെൻഷനു മുമ്പുതന്നെ ദയാപുരസ്സരമായ ഒരു വിധത്തിൽ എന്നാൽ ദൃഢമായി ബുദ്ധ്യുപദേശം നൽകുന്നത് ഉചിതമായിരിക്കും. കൺവെൻഷൻ കൂടാൻ പോകുന്ന നിങ്ങളുടെ ബൈബിൾ വിദ്യാർഥികളുമൊത്തു നടത്തയും വസ്ത്രധാരണരീതിയും സംബന്ധിച്ചു മുകളിൽ കൊടുത്തിരിക്കുന്ന മാർഗനിർദേശങ്ങൾ ദയവായി അവലോകനം ചെയ്യുക.
21 ഹോട്ടലുകൾ: ആരുടെയും മേൽ സാമ്പത്തികഭാരം അടിച്ചേൽപ്പിക്കാതിരിക്കാൻ വേണ്ടി കുറഞ്ഞ നിരക്കിൽ താമസസൗകര്യം നൽകാൻ ഗണ്യമായ ശ്രമം ഓരോ വർഷവും നടത്തുന്നുണ്ട്. ഹോട്ടൽ ജീവനക്കാരുമായി ഇടപെടുമ്പോൾ ക്ഷമയും ദയയും കാട്ടാൻ ദയവായി ഓർമിക്കുക. നാം യാത്ര ചെയ്തു ക്ഷീണിച്ചിരിക്കാം, താമസസൗകര്യത്തിനു വേണ്ടി നിരയിൽ ദീർഘസമയം കാത്തുനിൽക്കുകയും ചെയ്യേണ്ടിവന്നേക്കാം. എന്നാൽ നിങ്ങളുടെ ക്ഷമ ശ്രദ്ധിക്കപ്പെടാതെ പോവുകയില്ല. നടപ്പുരീതിയനുസരിച്ചു ടിപ്പു കൊടുക്കാനും നാം ഓർത്തിരിക്കണം.—1986 ജൂൺ 22 ലക്കം ഉണരുക! (ഇംഗ്ലീഷ്)
22 ക്യാമറകളും റെക്കോഡിങ് ഉപകരണങ്ങളും: ക്യാമറകളും റെക്കോഡിങ് ഉപകരണങ്ങളും സംബന്ധിച്ച് ദയാപുരസ്സരമായ ഓർമിപ്പിക്കലുകൾ നൽകുന്നത് ഉചിതമാണ്. ക്യാമറയോ വീഡിയോ ക്യാമറയോ മറ്റേതെങ്കിലും റെക്കോഡിങ് ഉപകരണങ്ങളോ ഉപയോഗിക്കാൻ നിങ്ങൾക്കു പ്ലാനുണ്ടെങ്കിൽ, നിങ്ങൾക്കു ചുറ്റുമുള്ളവരോട് പരിഗണന കാട്ടാൻ ദയവായി ഓർമിക്കുക. സെഷൻ നടന്നുകൊണ്ടിരിക്കുമ്പോൾ ചുറ്റിനടക്കുന്നതോ നിങ്ങളുടെ ഇരിപ്പിടത്തിൽവച്ചുതന്നെ റെക്കോഡു ചെയ്യുന്നതോ മറ്റുള്ളവരുടെ ശ്രദ്ധയെ പതറിക്കുന്നതായിരിക്കാൻ കഴിയും. യാതൊരു തരത്തിലുമുള്ള റെക്കോഡിങ് ഉപകരണങ്ങളും വൈദ്യുതി/ശബ്ദ സംവിധാനവുമായി ഘടിപ്പിക്കരുത്. തന്നെയുമല്ല, സാധനങ്ങൾ വെച്ച് ഇടപ്പാതകളിലോ നടക്കുന്ന വഴികളിലോ മാർഗതടസ്സം സൃഷ്ടിക്കുകയും ചെയ്യരുത്. ഫോട്ടോ എടുക്കുന്നതോ വീഡിയോ ക്യാമറകൊണ്ടോ ഓഡിയോ കാസെറ്റ് റെക്കോർഡർകൊണ്ടോ പരിപാടിയുടെ ഭാഗങ്ങൾ റെക്കോർഡു ചെയ്യുന്നതോ നിങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. പിന്നീടൊരിക്കൽ കാണുമ്പോൾ ചിത്രങ്ങൾക്കും റെക്കോഡിങ്ങുകൾക്കും പ്രിയങ്കരമായ ഓർമകളെ തിരിച്ചുകൊണ്ടുവരാൻ കഴിയും. അത്തരം ഉപകരണങ്ങളെല്ലാം, മറ്റുള്ളവർക്ക് ശ്രദ്ധാശൈഥില്യം വരുത്തുകയോ പരിപാടിയിൽനിന്നു ഏറ്റവുമധികം പ്രയോജനം ചെയ്യുന്നതിൽനിന്നു നിങ്ങളെ തടയുകയോ ചെയ്യാതെ ശ്രദ്ധയോടെ ഉപയോഗിക്കണം. നിങ്ങൾ വീട്ടിൽ തിരിച്ചെത്തിയശേഷം റെക്കോഡിങ്ങുകൾ അവലോകനം ചെയ്യാനുള്ള സമയമുണ്ടായിരിക്കുമോ? കുറിപ്പുകൾ എടുക്കുന്നതു മതിയാകുമെന്നു നിങ്ങൾ മനസ്സിലാക്കിയേക്കാം.
23 ഇരിപ്പിടം: 1994-ലെ “ദൈവഭയ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കുന്ന കാര്യത്തിൽ നിങ്ങൾ പുരോഗതി ശ്രദ്ധിച്ചോ? കുറെ പുരോഗതി ഉണ്ടായിട്ടുണ്ട്, എന്നാൽ ഇക്കാര്യം സംബന്ധിച്ചു നാം തുടർന്നും ബോധമുള്ളവരായിരിക്കണം: നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങൾക്കും നിങ്ങളുടെ കൂട്ടത്തിൽ യാത്ര ചെയ്തേക്കാവുന്നവർക്കും വേണ്ടി മാത്രമേ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കാവൂ. സൊസൈറ്റിയുടെ അതിഥികളായാണ് നാമവിടെ വരുന്നത്. ഓഡിറ്റോറിയത്തിന്റെ വാടക കൊടുക്കുന്നതു സ്വമേധയാ സംഭാവനകൾക്കൊണ്ടാണ്. ആൾ വന്നിരിക്കുമോ എന്നു നമുക്കു തിട്ടമില്ലാത്ത ഒരു ഇരിപ്പിടം പിടിച്ചുവെക്കുന്നതു സ്നേഹവും പരിഗണനയും കാണിക്കലായിരിക്കുമോ? അലർജി പോലെയുള്ള പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കു വേണ്ടി പ്രത്യേകമായ പ്രദേശങ്ങളോ മുറികളോ മാറ്റിവെക്കാൻ ഞങ്ങൾക്കു സാധ്യമല്ലാത്തതിൽ ഖേദിക്കുന്നു.
24 പ്രായമുള്ളവർ, ശാരീരികമായി വൈകല്യമുള്ളവർ എന്നിവരെപ്പോലുള്ളവരുടെ പ്രത്യേക ആവശ്യങ്ങൾക്കു വേണ്ടി അനേകം കൺവെൻഷനുകൾ കരുതൽ ചെയ്യാറുണ്ട്. നിങ്ങൾക്ക് അതിനുള്ള യോഗ്യത ഇല്ലെങ്കിൽ അത്തരം ഭാഗങ്ങളിൽ പോയിരിക്കാതിരിക്കാൻ ദയവുണ്ടാകണം. പ്രത്യേക ആവശ്യങ്ങളുള്ളവരോടൊപ്പം അവരെ സഹായിക്കാൻ ഉത്തരവാദിത്വമുള്ള ആരുമില്ലെങ്കിൽ അവരെ സഹായിക്കാൻ ഒരുക്കമുള്ളവരായിരിക്കുക.
25 നിങ്ങളുടെ കൺവെൻഷൻ ഭക്ഷണാവശ്യങ്ങൾക്കു വേണ്ടി കരുതൽ: നിങ്ങൾക്ക് അറിയാവുന്നതുപോലെ 1995 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷ ഇപ്രകാരം അറിയിച്ചിരുന്നു: “ഇനിമുതൽ, ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലും സർക്കിട്ട് സമ്മേളനങ്ങളിലും പ്രത്യേക സമ്മേളന ദിനങ്ങളിലും ലഘുഭക്ഷണം മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ. വിപുലമായ തോതിൽ ഭക്ഷണം പാകംചെയ്തു വിളമ്പുന്നതല്ല. ഹാജരാകുന്നവർക്ക്, ലഘുഭക്ഷണശാലയിൽ ലഭിക്കുന്നതിനു പുറമേ ഭക്ഷണം വേണമെങ്കിൽ സ്വന്തമായി കൊണ്ടുവരാവുന്നതാണ്.” ഈ ക്രമീകരണം എന്തുകൊണ്ട് വരുത്തിയിരിക്കുന്നുവെന്നു പിന്നീട് 1995 ജൂലൈയിലെ നമ്മുടെ രാജ്യ ശുശ്രൂഷ വിശദീകരിക്കുകയും കൺവെൻഷൻ സമയത്ത് ആവശ്യമുള്ള സ്വന്തം ഭക്ഷണം സംബന്ധിച്ച് എല്ലാവർക്കും കരുതാൻ കഴിയുന്ന വിധത്തെക്കുറിച്ചു നല്ല നിർദേശങ്ങൾ പ്രദാനം ചെയ്യുകയുമുണ്ടായി. എല്ലാവരും വ്യക്തിപരമായി ആ അനുബന്ധം അവലോകനം ചെയ്യുന്നതു കൂടാതെ കൺവെൻഷനു വേണ്ടി ഒരുങ്ങുന്ന ബൈബിൾ വിദ്യാർഥികളോടൊത്തു പരിചിന്തിക്കുന്നതും നല്ലതായിരിക്കും. ലഘുഭക്ഷണശാലയിൽനിന്നു ലഭിക്കുന്നതിനെക്കാൾ കൂടുതൽ കട്ടിയായ എന്തെങ്കിലും ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം, കൺവെൻഷനു വരുന്ന എല്ലാവർക്കും സ്വന്തമായി ഭക്ഷണപാനീയങ്ങൾ കൊണ്ടുവരാമെന്നു ബൈബിൾ വിദ്യാർഥികൾ അറിഞ്ഞിരിക്കുന്നതു പ്രധാനമാണ്.
26 ചില കാര്യങ്ങൾ ഊന്നിപ്പറയുകയാണ്. നിങ്ങളുടെ ഉച്ചഭക്ഷണത്തിനായി പിൻവരുന്ന ഇനങ്ങളാണു ഞങ്ങൾ നിർദേശിക്കുന്നത്: സാൻഡ്വിച്ചുകൾ, പുഴുങ്ങിയ പച്ചക്കറി ചേർത്ത ചപ്പാത്തി, ബിസ്കറ്റ്, ബേയ്ക്കു ചെയ്ത സാധനങ്ങൾ, പഴവർഗങ്ങൾ തുടങ്ങിയവപോലെ ലൗകിക ജോലിക്കു പോകുമ്പോൾ ആളുകൾ കൊണ്ടുപോകുന്നതുപോലുള്ള ലളിതവും വിഭവസമൃദ്ധമല്ലാത്തതുമായ എന്തെങ്കിലും പോഷകാഹാരം. കൺവെൻഷൻ സ്ഥലത്തു ലഭ്യമായ പാനീയങ്ങളിൽ ചായ, കാപ്പി, ലഘുപാനീയങ്ങൾ, പഴങ്ങളുടെ ജ്യൂസ് എന്നിവ ഉണ്ടായിരിക്കും. പൊട്ടിപ്പോകാത്ത വാട്ടർ ബോട്ടിലുകൾ കൊണ്ടുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതു കൊണ്ടുവരാം. പക്ഷേ, അതു നിങ്ങളുടെ ഇരിപ്പിടത്തിനടിയിൽ ഒതുങ്ങുന്നതായിരിക്കണം. എന്നിരുന്നാലും, വീട്ടിലുപയോഗിക്കുന്ന വലിയ പാത്രങ്ങളോ ലഹരിപാനീയങ്ങളോ കുപ്പിപ്പാത്രങ്ങളോ കൺവെൻഷൻ ഹാളിലേക്കു കൊണ്ടുവരാൻ പാടില്ല. സെഷനുകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതു ഒഴിവാക്കേണ്ടതാണ്. അത് പ്രദാനം ചെയ്യപ്പെടുന്ന ആത്മീയ ഭക്ഷണത്തോടുള്ള അനാദരവായിരിക്കും.
27 ഹോട്ടൽ അധികാരികൾ അനുവദിക്കുകയും ക്രമീകരിക്കുകയും ചെയ്യാത്തപക്ഷം ഹോട്ടൽ മുറികളിൽവെച്ചു പാചകം ചെയ്യാൻ പാടില്ലെന്ന കാര്യം ശ്രദ്ധിക്കുക. ലഘുവായി ഭക്ഷണം കഴിക്കാനും സഹോദരീസഹോദരന്മാരുമൊത്തു ദിവ്യാധിപത്യ സഹവാസം ആസ്വദിക്കാനും ഉതകത്തക്കവിധമാണ് ഉച്ചസമയത്തെ ഇടവേള അനുവദിച്ചിരിക്കുന്നതെന്ന വസ്തുത കാര്യമായി എടുക്കുന്നത് നല്ലതായിരിക്കും. യഹോവയുടെ ജനം എന്ന നിലയിൽ, ഭൗതിക കാര്യങ്ങളോടുള്ള താരതമ്യത്തിൽ കൺവെൻഷനുകളിലെ ആത്മീയ ഭക്ഷണത്തിനാണു മുന്തിയ പ്രാധാന്യം എന്ന കാര്യം നാം തിരിച്ചറിയുന്നു. അതനുസരിച്ചു നാം ആസൂത്രണം ചെയ്യുകയും വേണം.
28 1995 ഒക്ടോബർ 20-ന് ഇന്ത്യയിലെ ആദ്യത്തെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ ആരംഭിക്കും. നിങ്ങളുടെ ഒരുക്കങ്ങൾ നിങ്ങൾ പൂർത്തിയാക്കിയോ? മൂന്നു ദിവസത്തെ സന്തോഷകരമായ സഹവർത്തിത്വവും ആത്മീയമായ നല്ല കാര്യങ്ങളും ആസ്വദിക്കാൻ നിങ്ങൾ ഒരുങ്ങിയോ? യഹോവയുടെ സന്തുഷ്ട സ്തുതിപാഠകരായിരിക്കാൻ എങ്ങനെ കഴിയുമെന്നു ചിന്തിക്കവേ, നിങ്ങളുടെ സഹോദരീസഹോദരന്മാരോടൊത്ത് ഈ വേനൽക്കാലത്തെ കൺവെൻഷനിൽ സംബന്ധിക്കാനുള്ള നിങ്ങളുടെ ക്രമീകരണങ്ങളെ യഹോവ അനുഗ്രഹിക്കട്ടെ എന്നതാണു ഞങ്ങളുടെ ആത്മാർഥമായ പ്രാർഥന.
[6-ാം പേജിലെ ചതുരം]
ഡിസ്ട്രിക്ററ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ
സ്നാപനം: ശനിയാഴ്ച രാവിലത്തെ പരിപാടികൾ തുടങ്ങുന്നതിനു മുമ്പുതന്നെ സ്നാപനാർഥികൾ, തങ്ങൾക്കു വേണ്ടി നിശ്ചയിച്ചിരിക്കുന്ന ഭാഗത്തെ സീററുകളിൽ ചെന്നിരിക്കേണ്ടതാണ്. സ്നാപനപ്പെടാൻ ഉദ്ദേശിക്കുന്ന ഓരോ വ്യക്തിയും ഉചിതമായ ഒരു സ്നാപന വസ്ത്രവും തോർത്തും കൊണ്ടുവരേണ്ടതാണ്. പ്രസംഗകൻ സ്നാപന പ്രസംഗവും പ്രാർഥനയും നിർവഹിച്ചശേഷം ആ സെഷന്റെ ചെയർമാൻ സ്നാപനാർഥികൾക്കുളള ഹ്രസ്വമായ നിർദേശങ്ങൾ നൽകും, എന്നിട്ട് ഒരു ഗീതത്തിന് ആഹ്വാനം നൽകുകയും ചെയ്യും. അവസാനത്തെ വരി പാടിത്തീർന്നശേഷം സേവകർ സ്നാപനാർഥികളെ സ്നാപനമേൽക്കാനുളള സ്ഥലത്തേക്കു നയിക്കും. ഒരുവന്റെ സമർപ്പണത്തിന്റെ പ്രതീകമായുളള സ്നാപനം ആ വ്യക്തിയും യഹോവയും തമ്മിലുളള സ്വകാര്യവും വ്യക്തിപരവുമായ ഒരു കാര്യമായിരിക്കുന്നതുകൊണ്ട്, ഒന്നോ അതിലധികമോ സ്നാപനാർഥികൾ കെട്ടിപ്പിടിച്ചോ കൈകൾ കോർത്തുപിടിച്ചോ സ്നാപനമേൽക്കുന്നതരം പങ്കാളി-സ്നാപനങ്ങൾക്ക് അവസരമുണ്ടായിരിക്കുന്നതല്ല.
ബാഡ്ജ് കാർഡുകൾ: കൺവെൻഷൻ സ്ഥലത്തും കൺവെൻഷൻ സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോഴും 1995 ബാഡ്ജ് കാർഡ് ദയവായി ധരിക്കുക. യാത്ര ചെയ്യുമ്പോൾ നല്ലൊരു സാക്ഷ്യം നൽകാൻ ഇതു മിക്കപ്പോഴും സഹായിക്കുന്നു. ബാഡ്ജ് കാർഡുകളും ഹോൾഡറുകളും നിങ്ങളുടെ സഭ മുഖാന്തരം വാങ്ങേണ്ടതാണ്, കാരണം കൺവെൻഷൻ സ്ഥലത്ത് അവ ലഭ്യമായിരിക്കുന്നതല്ല. നിങ്ങളുടെ നിലവിലുളള മെഡിക്കൽ ഡയറക്ടീവ് കാർഡ് എടുക്കാൻ മറക്കരുത്. ബെഥേൽ കുടുംബാംഗങ്ങളുടെയും പയനിയർമാരുടെയും കൈവശം അവരുടെ തിരിച്ചറിയിക്കൽ കാർഡുകൾ ഉണ്ടായിരിക്കണം.
താമസസൗകര്യം: നിങ്ങൾക്കു ഹോട്ടലിൽവെച്ച് എന്തെങ്കിലും പ്രശ്നം നേരിടുന്നപക്ഷം അതു കൺവെൻഷൻ സ്ഥലത്തെ താമസസൗകര്യ ഡിപ്പാർട്ടുമെൻറ് മേൽവിചാരകന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ മടിക്കരുത്. കാരണം ഉടൻതന്നെ പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിനു നിങ്ങളെ സഹായിക്കാനാകും. അനുയോജ്യമായ കൺവെൻഷൻ അഡ്രസ്സിൽ മുറികൾക്കുളള അപേക്ഷാഫാറങ്ങൾ സത്വരം അയയ്ക്കാൻ സഭാസെക്രട്ടറിമാർ ശ്രദ്ധിക്കണം. ബുക്ക് ചെയ്ത ഏതെങ്കിലും താമസസൗകര്യം നിങ്ങൾക്കു ക്യാൻസൽ ചെയ്യേണ്ടതുണ്ടെങ്കിൽ ഈ വിവരം ഉടൻതന്നെ ഹോട്ടലിലും കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെൻറിലും അറിയിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ആ മുറി മററാർക്കെങ്കിലും കൊടുക്കാൻ സാധിക്കും.
സ്വമേധയാ സേവനം: ഏതെങ്കിലും ഒരു ഡിപ്പാർട്ടുമെൻറിൽ സഹായിക്കാൻ കൺവെൻഷനിൽവെച്ചു നിങ്ങൾക്കു കുറെ സമയം നീക്കിവെക്കാൻ കഴിയുമോ? ഏതാനും മണിക്കൂറുകളാണെങ്കിൽപ്പോലും നമ്മുടെ സഹോദരങ്ങളെ സേവിക്കുന്നത് വളരെ സഹായകരമായിരിക്കാൻ കഴിയും, അതു വളരെ സംതൃപ്തിയും കൈവരുത്തും. നിങ്ങൾ സഹായിക്കാൻ സന്നദ്ധനാണെങ്കിൽ, കൺവെൻഷനിലെ സ്വമേധയാ സേവന ഡിപ്പാർട്ടുമെൻറിനെ ഈ കാര്യം അറിയിക്കുക. 16 വയസ്സിനു താഴെയുളള കുട്ടികൾക്കു മാതാപിതാക്കളുടെ ആരുടെയെങ്കിലുമോ ഉത്തരവാദിത്വമുളള മററാരുടെയെങ്കിലുമോ കീഴിൽ ജോലി ചെയ്തുകൊണ്ട് ഒരു പങ്കു വഹിക്കാൻ കഴിയും.
മുന്നറിയിപ്പിൻ വാക്കുകൾ: ഉണ്ടാകാനിടയുളള പ്രശ്നങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുന്നതിനാൽ, അനാവശ്യമായ ബുദ്ധിമുട്ടുകളിൽനിന്നു നമ്മെത്തന്നെ രക്ഷിക്കാൻ കഴിയും. മിക്കപ്പോഴും കളളൻമാരും തത്ത്വദീക്ഷയില്ലാത്ത മററു വ്യക്തികളും ഭവന ചുററുപാടിൽനിന്നും അകലെയായിരിക്കുന്ന ആളുകളെ പററിക്കാൻ തക്കംപാർത്തിരിക്കും. ആളുകളുടെ വലിയ കൂട്ടങ്ങളിലാണു കളളൻമാരും പോക്കററടിക്കാരും വലിയ ആദായമുണ്ടാക്കുന്നത്. വിലയുളള സാധനങ്ങൾ നിങ്ങളുടെ ഇരിപ്പിടത്തിൽ വെച്ചിട്ടു പോകുന്നത് ബുദ്ധിയായിരിക്കില്ല. നിങ്ങൾക്കു ചുററുമുളള എല്ലാവരും ക്രിസ്ത്യാനിയാണെന്നതിനു യാതൊരു ഉറപ്പുമില്ലല്ലോ. എന്തിനാണു പ്രലോഭനം വെച്ചുനീട്ടുന്നത്? കുട്ടികളെ വശീകരിച്ചുകൊണ്ടുപോകാൻ പുറത്തുളള ചിലർ ശ്രമിച്ചതായ സംഭവങ്ങൾ പോലും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ സമയത്തും നിങ്ങളുടെ കുട്ടികളെ നിരീക്ഷണപരിധിയിൽ നിർത്തുക.
പല ഹോട്ടലുകളിലുമുളള കേബിൾ ടെലിവിഷൻ ചിലപ്പോൾ അസഭ്യവും അശ്ലീലവുമായ സിനിമകൾ പ്രദർശിപ്പിക്കുന്നു. ഈ കെണി സംബന്ധിച്ചു ജാഗ്രത പുലർത്തുക, മേൽനോട്ടമില്ലാതെ കുട്ടികൾ മുറിയിൽ ടിവി കാണാൻ അനുവദിക്കരുത്.
കൺവെൻഷൻ കാര്യങ്ങൾ സംബന്ധിച്ചുളള വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കൺവെൻഷൻ ഓഡിറേറാറിയത്തിലെ നടത്തിപ്പുകാർക്കു ദയവായി ഫോൺ ചെയ്യരുത്. മൂപ്പൻമാരിൽനിന്ന് ഈ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ, ദയവായി കൺവെൻഷൻ അഡ്രസ്സിൽ എഴുതുക.
[5-ാം പേജിലെ ചതുരം]
1995-96-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഗീതങ്ങളുടെ നമ്പരുകൾ
രാവിലെ ഉച്ചതിരിഞ്ഞ്
വെളളി 57 3
33 183
72 148
ശനി 107 106
38 191
152 42
ഞായർ 181 85
200 217
155 45
[6-ാം പേജിലെ ചതുരം]
1995-96-ലെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഹാൾ അഡ്രസ്സുകൾ - ഇന്ത്യ
കൺവെൻഷൻ നടക്കുന്ന സ്ഥലങ്ങൾ
OCTOBER 20-22
MAPUCA, Goa. (Konkani & English) Shri Hanuman Natyagraha, Opposite Hotel Satya Heera.
OCTOBER 27-29
NEW DELHI, U.T. (Hindi & English) Talkatora Indoor Stadium, Talkatora Gardens, Near Dr. Ram Manohar Lohia Hospital.
NOVEMBER 10-12
SHIMOGA, Karnataka (Kannada) Daivajna Kalyana Mandira, Dr. Ambedkar Circle.
NOVEMBER 17-19
BOMBAY, Maharashtra. (Hindi) Mahakavi Kalidas Natyamandir, P.K.Road, Mulund (W).
NOVEMBER 24-26
BOMBAY, Maharashtra. (English) Assembly Hall, G-37 South Avenue, 15th Road, Santa Cruz (W).
BANGALORE, Karnataka. (Tamil & English) Guru Nanak Hall, Miller’s Road, Vasanth Nagar, Bangalore, Kar. 560052.
DECEMBER 1-3
PUNE, Maharashtra. (Marathi & English) Jawaharlal Nehru Memorial Hall, 4, Dr. Ambedkar Road.
VIJAYAWADA, Andhra Pradesh. (Telugu & English) Fr. Devaiah Auditorium, Andhra Layola College Campus.
DECEMBER 8-10
ANAND, Gujarat. (Gujarati) Please contact the publishers of this magazine for the hall address.
COIMBATORE, Tamil Nadu. (Tamil) Kumaaran Kalyana Mahal, Opposite Thiruvalluvar Bus Depot, Mettupalayam Road, Kavundampalayam.
DECEMBER 15-17
GUWAHATI, Assam. (Assamese & English) District Library Auditorium, G.N.B. Road, Dighalipukhuri.
DECEMBER 22-24
CALCUTTA, West Bengal (Bengali & English) Please contact the publishers of this magazine for the hall address.
PORT BLAIR, Andaman Islands (Hindi) Please contact the publishers of this magazine for the hall address.
DECEMBER 29-31
MADRAS, Tamil Nadu (Tamil & English) Kamaraj Arangam, 574-A, Anna Salai (Mount Road), Teynampet.
KOTTAYAM, Kerala (Malayalam) Municipal Grounds.
JANUARY 5-7
CALICUT, Kerala (Malayalam) Sait Maneklal Purshotham Memorial Hall (Gujarati School Auditorium), Beach Road.