നിങ്ങളൊരു മുഴുസമയ സാക്ഷിയാണോ?
1 ആ ചോദ്യത്തിന് ഉവ്വ് എന്നു നിങ്ങൾ ഉത്തരം നൽകുമോ? യഹോവയുടെ സമർപ്പിത ദാസന്മാർക്കെല്ലാം മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാൻ സാധിക്കില്ലെങ്കിലും നാമെല്ലാം അവന്റെ മുഴുസമയ സാക്ഷികളായി സ്വയം കരുതണമെന്നു പ്രതീക്ഷിക്കുക ന്യായയുക്തമല്ലേ? തീർച്ചയായും നാം അങ്ങനെതന്നെ കരുതണം.
2 അംശകാല ക്രിസ്ത്യാനിയായിരിക്കുക സാധ്യമല്ല. യേശു തന്റെ പിതാവിനെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞു: ‘ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുളളതു ചെയ്യുന്നു.’ (യോഹ. 8:29) സമാനമായി ചിന്തിച്ച പൗലൊസ് “എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിൻ” എന്ന് നമ്മെ ഉദ്ബോധിപ്പിച്ചു. (1 കൊരി. 10:31) അതുകൊണ്ട്, തീർച്ചയായും യഹോവയുടെ മുഴുസമയ സാക്ഷികളായി നമുക്കെല്ലാം സ്വയം കരുതാം. നാം ആ വിധത്തിൽ ചിന്തിച്ചാൽ അതിനു നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയുംമേൽ ക്രിയാത്മകമായ ഒരു ഫലമുണ്ടായിരിക്കാനാകും.
3 തെളിവു പരിചിന്തിക്കുക: നമ്മുടെ വേഷവിധാനത്തിനും സംസാരത്തിനും പെരുമാറ്റത്തിനും നാം വാസ്തവത്തിൽ യഹോവയുടെ സാക്ഷികളാണെന്നു തിരിച്ചറിയിക്കാനാകും. വയൽസേവനത്തിൽ ഏർപ്പെടുമ്പോഴോ ക്രിസ്തീയ യോഗങ്ങളിൽ പങ്കെടുക്കുമ്പോഴോ മാന്യമായ വേഷവിധാനവും ആരോഗ്യാവഹമായ സംസാരവും ഉചിതമായ പെരുമാറ്റവും ഉള്ളവരായിരിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ചു നാം ബോധമുള്ളവരാണ്. എന്നാൽ, നാം സ്കൂളിൽ പോകുകയാണെങ്കിലോ ലൗകിക ജോലി ചെയ്യുകയാണെങ്കിലോ വിനോദത്തിൽ പങ്കെടുക്കുകയാണെങ്കിലോ നമ്മെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും യഹോവയുടെ നീതിയുള്ള നിലവാരങ്ങളനുസരിച്ചു നാം ജീവിക്കുന്നു എന്നതിന്റെ തെളിവു നൽകേണ്ടതുണ്ട്.
4 യേശു പറഞ്ഞു: “മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല . . . മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ. 5:14-16) നാം ചെയ്യുന്ന സകല കാര്യങ്ങളിലും എല്ലായ്പോഴും ഇതു സത്യമായിരിക്കേണ്ടതുണ്ട്. സാക്ഷ്യം നൽകാൻ മടി തോന്നുന്നപക്ഷം “ഞാൻ യഹോവയെ സേവിക്കുന്നത് അംശകാലത്തേക്കാണോ മുഴുസമയത്തേക്കാണോ?” എന്നു സ്വയം ചോദിക്കേണ്ടതുണ്ട്. ദൈവരാജ്യസുവാർത്തയെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കാനുള്ള യാതൊരു അവസരവും നമുക്കു നഷ്ടമാക്കാതിരിക്കാം.
5 “നിങ്ങളൊരു മുഴുസമയ സാക്ഷിയാണോ?” എന്ന ചോദ്യത്തിന് “ഉവ്വ്!” എന്നു മുഴങ്ങുന്ന ശബ്ദത്തിൽ ഉത്തരം നൽകാൻ കഴിയുന്നെങ്കിൽ, നാം യഹോവയെ ആദരിക്കുകയും പ്രസാദിപ്പിക്കുകയുമായിരിക്കും ചെയ്യുന്നത്.