പാഠം 20
തിരുവെഴുത്തുകൾ ഫലപ്രദമായി പരിചയപ്പെടുത്തൽ
നമ്മുടെ സഭായോഗങ്ങളിൽ നൽകപ്പെടുന്ന പ്രബോധനം തിരുവെഴുത്ത് അധിഷ്ഠിതമാണ്. വയൽശുശ്രൂഷയിൽ നാം പറയുന്ന കാര്യങ്ങളും ബൈബിൾ വാക്യങ്ങളെ കേന്ദ്രീകരിച്ചുള്ളവയാണ്. എന്നാൽ, അവ നമ്മുടെ ചർച്ചയ്ക്ക് എത്രത്തോളം ഉപകരിക്കുന്നു എന്നതു ഭാഗികമായി ആശ്രയിച്ചിരിക്കുന്നത് നാം അവ എത്ര ഫലപ്രദമായി പരിചയപ്പെടുത്തുന്നു എന്നതിനെയാണ്.
തിരുവെഴുത്തുകൾ പരാമർശിക്കുകയും നിങ്ങളോടൊപ്പം അതു വായിക്കുന്നതിന് ആരെയെങ്കിലും ക്ഷണിക്കുകയും ചെയ്തതുകൊണ്ട് ആയില്ല. ഒരു തിരുവെഴുത്തു പരിചയപ്പെടുത്തുമ്പോൾ രണ്ട് ഉദ്ദേശ്യങ്ങൾ സാധിക്കേണ്ടതുണ്ട്: (1) പ്രതീക്ഷ ഉണർത്തുക, (2) വാക്യം ഉപയോഗിക്കുന്നതിനുള്ള കാരണത്തിലേക്കു ശ്രദ്ധ ആകർഷിക്കുക. ഇതു പല വിധങ്ങളിൽ ചെയ്യാനാകും.
ഒരു ചോദ്യം ചോദിക്കുക. ഉത്തരം സദസ്സിന് ഇപ്പോൾത്തന്നെ അറിയാൻ പാടില്ലെങ്കിൽ ഇത് അങ്ങേയറ്റം ഫലപ്രദമാണ്. ആളുകളെ ചിന്തിപ്പിക്കുന്ന രീതിയിൽ ചോദ്യം മെനഞ്ഞെടുക്കാൻ ശ്രമിക്കുക. യേശു അങ്ങനെ ചെയ്തു. ആലയത്തിൽവെച്ച് പരീശന്മാർ അവനെ സമീപിച്ച് തിരുവെഴുത്തുകളെ കുറിച്ചുള്ള അവന്റെ ഗ്രാഹ്യം പരസ്യമായി പരീക്ഷിച്ചറിയാൻ ശ്രമിച്ചപ്പോൾ യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ?” “ദാവീദിന്റെ പുത്രൻ” എന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ യേശു അവരോട്, “എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവു എന്നു വിളിക്കുന്നതു എങ്ങനെ?” എന്നു ചോദിച്ചു. ഇതു പറഞ്ഞിട്ട് അവൻ സങ്കീർത്തനം 110:1 ഉദ്ധരിച്ചു. പരീശന്മാരുടെ വായ് അടഞ്ഞുപോയി. എന്നിരുന്നാലും, പുരുഷാരം യേശുവിന്റെ വാക്കുകൾ സസന്തോഷം കേട്ടു.—മത്താ. 22:41-46.
വയൽശുശ്രൂഷയിൽ ആയിരിക്കെ പിൻവരുന്നതു പോലുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് നമുക്കു തിരുവെഴുത്തുകൾ പരിചയപ്പെടുത്താവുന്നതാണ്: “എനിക്കും നിങ്ങൾക്കും വ്യക്തിപരമായ പേരുകളുണ്ട്. ദൈവത്തിനു വ്യക്തിപരമായ ഒരു പേരുണ്ടോ? നമുക്ക് സങ്കീർത്തനം 83:18-ൽ അതിന് ഉത്തരം കാണാം.” “മുഴു മനുഷ്യവർഗത്തെയും ഒറ്റയൊരു ഗവൺമെന്റ് ഭരിക്കുന്ന കാലം എന്നെങ്കിലും വരുമോ? ദാനീയേൽ 2:44 ആ ചോദ്യത്തിന് ഉത്തരം നൽകുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക.” “ബൈബിൾ യഥാർഥത്തിൽ നമ്മുടെ നാളിലെ അവസ്ഥകളെ കുറിച്ചു പറയുന്നുണ്ടോ? 2 തിമൊഥെയൊസ് 3:1-5-ൽ പറഞ്ഞിരിക്കുന്ന സംഗതികളെ നിങ്ങൾക്ക് അറിയാവുന്ന അവസ്ഥകളുമായി താരതമ്യം ചെയ്യുക.” “കഷ്ടപ്പാടിനും മരണത്തിനും എന്നെങ്കിലും ഒരു അവസാനം ഉണ്ടാകുമോ? ഈ ചോദ്യത്തിനുള്ള ബൈബിളിന്റെ ഉത്തരം വെളിപ്പാടു 21:4, 5-ൽ കാണാൻ കഴിയും.”
പ്രസംഗം നടത്തുമ്പോൾ, ചോദ്യങ്ങൾ ശ്രദ്ധാപൂർവം ഉപയോഗിച്ചുകൊണ്ടു തിരുവെഴുത്തുകൾ പരിചയപ്പെടുത്തുകവഴി പരിചിതമായ വാക്യങ്ങൾ പോലും ഒരു പുതിയ കാഴ്ചപ്പാടിൽ കാണാൻ നിങ്ങൾക്കു സദസ്സിനെ പ്രേരിപ്പിക്കാൻ കഴിയും. എന്നാൽ അവർ അങ്ങനെ ചെയ്യുമോ? അത്, നിങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ അവർക്കു യഥാർഥ താത്പര്യമുള്ളവയാണോ അല്ലയോ എന്നതിനെ ആശ്രയിച്ചിരുന്നേക്കാം. വിഷയം സദസ്സിനു താത്പര്യമുള്ളതാണെങ്കിൽ പോലും, അവർ പല തവണ കേട്ടിട്ടുള്ള വാക്യങ്ങൾ നിങ്ങൾ വായിക്കുമ്പോൾ അവരുടെ മനസ്സ് മറ്റു കാര്യങ്ങളിലേക്കു തിരിയാൻ ഇടയുണ്ട്. ഇതു സംഭവിക്കാതിരിക്കുന്നതിന്, നിങ്ങളുടെ അവതരണം ആകർഷകമാകുമാറ് വേണ്ടത്ര ചിന്തിച്ചു വേണം പ്രസംഗം തയ്യാറാകാൻ.
ഒരു പ്രശ്നം അവതരിപ്പിക്കുക. ഒരു പ്രശ്നം അവതരിപ്പിച്ചിട്ട് അതിന്റെ പരിഹാരവുമായി ബന്ധപ്പെട്ട ഒരു തിരുവെഴുത്തിലേക്കു ശ്രദ്ധ ക്ഷണിക്കാവുന്നതാണ്. തിരുവെഴുത്തിൽനിന്നു കിട്ടാൻ പോകുന്നതിലേറെ പ്രതീക്ഷിക്കുന്ന ഒരു അവസ്ഥയിലേക്കു സദസ്യരെ നയിക്കരുത്. പലപ്പോഴും ഒരു പ്രശ്നത്തിനുള്ള പരിഹാരം ഒരു തിരുവെഴുത്തിൽനിന്നു മുഴുവനായി ലഭിക്കുന്നില്ല. എന്നിരുന്നാലും, സാഹചര്യം കൈകാര്യം ചെയ്യാൻ തക്കവണ്ണം അത് എന്തു മാർഗനിർദേശമാണു നൽകുന്നതെന്ന് നിങ്ങൾ വാക്യം വായിക്കുന്ന സമയത്തു വിശകലനം ചെയ്യാൻ സദസ്സിനോട് ആവശ്യപ്പെടാവുന്നതാണ്.
സമാനമായ ഒരു വിധത്തിൽ, നിങ്ങൾക്കു ദൈവിക നടത്തയുമായി ബന്ധപ്പെട്ട ഒരു തത്ത്വം പ്രസ്താവിച്ചിട്ട് ഒരു ബൈബിൾ വിവരണം ഉപയോഗിച്ച് അതു പിൻപറ്റുന്നതു ജ്ഞാനപൂർവകമാണെന്നു ദൃഷ്ടാന്തീകരിക്കാൻ കഴിഞ്ഞേക്കും. ഒരു തിരുവെഴുത്തിൽ, ചർച്ച ചെയ്യുന്ന സംഗതിയുമായി ബന്ധപ്പെട്ട രണ്ട് (അല്ലെങ്കിൽ ഒരുപക്ഷേ അതിലധികം) പോയിന്റുകൾ ഉണ്ടെങ്കിൽ അവ കണ്ടുപിടിക്കാൻ ചില പ്രസംഗകർ സദസ്സിനോട് ആവശ്യപ്പെടുന്നു. ഒരു പ്രശ്നം ഒരു പ്രത്യേക സദസ്സിന് വളരെ ദുഷ്കരമായി തോന്നുന്നെങ്കിൽ, പല സാധ്യതകൾ അവതരിപ്പിച്ചുകൊണ്ട് അവരുടെ ചിന്തയെ ഉദ്ദീപിപ്പിക്കാവുന്നതാണ്. തുടർന്ന് വാക്യം ഉപയോഗിച്ചുകൊണ്ടും അതു ബാധകമാകുന്ന വിധം വിശദീകരിച്ചുകൊണ്ടും ഉത്തരം നൽകുക.
ബൈബിളിനെ ആധികാരിക ഉറവായി പരാമർശിക്കുക. നിങ്ങൾ ഇതിനോടകം നിങ്ങളുടെ വിഷയത്തിൽ സദസ്യരുടെ താത്പര്യം ഉണർത്തുകയും അതിന്റെ ഏതെങ്കിലും ഒരു വശത്തെ പറ്റി ഒന്നോ അതിലധികമോ വീക്ഷണങ്ങൾ അവതരിപ്പിക്കുകയും ചെയ്തുകഴിഞ്ഞെങ്കിൽ, “ഇതിനെ കുറിച്ചു ദൈവവചനം പറയുന്നതു ശ്രദ്ധിക്കുക” എന്നു കേവലം പറഞ്ഞുകൊണ്ട് നിങ്ങൾക്ക് ഒരു തിരുവെഴുത്തു പരിചയപ്പെടുത്താവുന്നതാണ്. ഇത് നിങ്ങൾ വായിക്കാൻ പോകുന്ന വിവരങ്ങൾ ആധികാരികമായിരിക്കുന്നത് എന്തുകൊണ്ടെന്നു കാണിക്കുന്നു.
ബൈബിളിന്റെ ഭാഗങ്ങൾ എഴുതാൻ യോഹന്നാൻ, ലൂക്കൊസ്, പൗലൊസ്, പത്രൊസ് തുടങ്ങിയ പുരുഷന്മാരെ യഹോവ ഉപയോഗിച്ചു. എന്നാൽ അവർ എഴുത്തുകാർ മാത്രമായിരുന്നു; യഹോവയാണ് ബൈബിളിന്റെ ഗ്രന്ഥകർത്താവ്. “പത്രൊസ് എഴുതി” അല്ലെങ്കിൽ “പൗലൊസ് പറഞ്ഞു” എന്നു പറഞ്ഞുകൊണ്ട് ഒരു വാക്യം അവതരിപ്പിക്കുന്നതിന് അതിനെ ദൈവത്തിന്റെ വചനമായി തിരിച്ചറിയിച്ചുകൊണ്ട് അവതരിപ്പിക്കുന്ന അത്രതന്നെ പ്രഭാവം ഉണ്ടായെന്നു വരില്ല, പ്രത്യേകിച്ചും വിശുദ്ധ തിരുവെഴുത്തുകളെ കുറിച്ചു പഠനം നടത്താത്തവരുമായി സംസാരിക്കുമ്പോൾ. ചില സന്ദർഭങ്ങളിൽ, “യഹോവയുടെ അരുളപ്പാടു കേൾപ്പിൻ” അല്ലെങ്കിൽ “യഹോവയുടെ വചനം കേൾപ്പിൻ” എന്നു പറഞ്ഞുകൊണ്ടു പ്രഖ്യാപനങ്ങൾ തുടങ്ങാൻ യഹോവ യിരെമ്യാവിനു നിർദേശം നൽകിയതു ശ്രദ്ധേയമാണ്. (യിരെ. 7:2; 17:20; 19:3; 22:2) തിരുവെഴുത്തുകൾ പരിചയപ്പെടുത്തുമ്പോൾ നാം യഹോവയുടെ നാമം ഉപയോഗിച്ചാലും ഇല്ലെങ്കിലും, ചർച്ച അവസാനിപ്പിക്കുന്നതിനു മുമ്പ് ബൈബിളിലുള്ളത് അവന്റെ വചനമാണെന്നു ചൂണ്ടിക്കാണിക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്.
സന്ദർഭം കണക്കിലെടുക്കുക. ഒരു തിരുവെഴുത്ത് എങ്ങനെ പരിചയപ്പെടുത്തണമെന്നു തീരുമാനിക്കുമ്പോൾ നിങ്ങൾ സന്ദർഭം അറിഞ്ഞിരിക്കേണ്ടതുണ്ട്. ചില അവസരങ്ങളിൽ നിങ്ങൾ സന്ദർഭം നേരിട്ടു പരാമർശിക്കുന്നതായിരിക്കും; എന്നിരുന്നാലും, സന്ദർഭം നിങ്ങൾ പറയുന്ന കാര്യങ്ങളെ മറ്റു വിധങ്ങളിൽ സ്വാധീനിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങൾ ദൈവഭക്തനായ ഇയ്യോബിന്റെ വാക്കുകൾ പരിചയപ്പെടുത്തുന്നത് അവന്റെ വ്യാജ ആശ്വാസകരിൽ ഒരാൾ നടത്തിയ ഒരു പ്രസ്താവന പരിചയപ്പെടുത്തുന്ന അതേ വിധത്തിൽ ആയിരിക്കുമോ? പ്രവൃത്തികളുടെ പുസ്തകത്തിന്റെ എഴുത്തുകാരൻ ലൂക്കൊസ് ആണ്. എന്നാൽ അവൻ യാക്കോബ്, പത്രൊസ്, പൗലൊസ്, ഫിലിപ്പൊസ്, സ്തെഫാനൊസ്, ദൂതന്മാർ എന്നിവരെയും അതുപോലെ തന്നെ ഗമാലീയേലിനെയും ക്രിസ്ത്യാനികളല്ലാത്ത വേറെ യഹൂദന്മാരെയും മറ്റു പലരെയും ഉദ്ധരിക്കുന്നു. നിങ്ങൾ ഉദ്ധരിക്കുന്ന വാക്യം ആർ പറഞ്ഞതാണ് എന്നു പറഞ്ഞായിരിക്കും നിങ്ങൾ പരിചയപ്പെടുത്തുക? ഉദാഹരണത്തിന്, എല്ലാ സങ്കീർത്തനങ്ങളും ദാവീദ് അല്ല രചിച്ചതെന്നും സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിന്റെ എല്ലാ ഭാഗങ്ങളും ശലോമോൻ അല്ല എഴുതിയതെന്നും ഓർമിക്കുക. ബൈബിൾ എഴുത്തുകാരൻ ആരെയാണു സംബോധന ചെയ്യുന്നത്, ഏതു പൊതുവിഷയമാണു ചർച്ച ചെയ്യപ്പെടുന്നത് എന്നീ കാര്യങ്ങൾ അറിയുന്നതും പ്രയോജനകരമാണ്.
പശ്ചാത്തല വിവരങ്ങൾ ഉപയോഗിക്കുക. ബൈബിളിലെ ഒരു സംഭവം ഏതു കാലഘട്ടത്തിലാണോ നടന്നത് അന്നു നിലവിലിരുന്ന സാഹചര്യങ്ങൾ നിങ്ങൾ ചർച്ചചെയ്യുന്നവയോടു സമാനമായിരുന്നു എന്നു കാണിച്ചുകൊടുക്കാൻ കഴിയുമെങ്കിൽ പശ്ചാത്തല വിവരങ്ങളുടെ ഉപയോഗം വിശേഷിച്ചും ഫലപ്രദമായിരിക്കും. മറ്റു ചില സന്ദർഭങ്ങളിൽ ഒരു പ്രത്യേക തിരുവെഴുത്തു മനസ്സിലാക്കുന്നതിന് പശ്ചാത്തല വിവരങ്ങൾ ആവശ്യമാണ്. ഉദാഹരണത്തിന് മറുവിലയെ കുറിച്ചുള്ള ഒരു പ്രസംഗത്തിൽ നിങ്ങൾക്ക് എബ്രായർ 9:12, 24 ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ, വാക്യം വായിക്കുന്നതിനു മുമ്പ് തിരുനിവാസത്തിന്റെ ഏറ്റവും ഉള്ളിലത്തെ അറയെ കുറിച്ചു ഹ്രസ്വമായ ഒരു വിശദീകരണം നൽകേണ്ടതുണ്ടായിരിക്കാം. കാരണം സ്വർഗാരോഹണം ചെയ്തപ്പോൾ യേശു പ്രവേശിച്ച സ്ഥലത്തെ ഇതു ചിത്രീകരിക്കുന്നതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. എന്നാൽ നിങ്ങൾ പരിചയപ്പെടുത്തുന്ന തിരുവെഴുത്തിന്റെ പ്രാധാന്യം മൂടിപ്പോകുന്ന അളവോളം വളരെയധികം പശ്ചാത്തല വിവരങ്ങൾ ഉൾപ്പെടുത്തരുത്.
തിരുവെഴുത്തുകൾ പരിചയപ്പെടുത്തുന്ന കാര്യത്തിൽ നിങ്ങൾ മെച്ചപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ, അനുഭവസമ്പന്നരായ പ്രസംഗകർ ചെയ്യുന്നത് എന്താണെന്നു വിശകലനം ചെയ്യുക. അവർ അവലംബിക്കുന്ന വ്യത്യസ്ത മാർഗങ്ങൾ ശ്രദ്ധിക്കുക. ഈ മാർഗങ്ങളുടെ ഫലപ്രദത്വം വിശകലനം ചെയ്യുക. നിങ്ങൾ സ്വന്തമായി പ്രസംഗങ്ങൾ തയ്യാറാകുമ്പോൾ മുഖ്യ തിരുവെഴുത്തുകൾ കണ്ടുപിടിക്കുകയും ഓരോ വാക്യത്തിന്റെയും ഉദ്ദേശ്യം എന്താണ് എന്നതിനു വിശേഷ ശ്രദ്ധ നൽകുകയും ചെയ്യുക. ഓരോ വാക്യവും അങ്ങേയറ്റം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയത്തക്കവണ്ണം ഓരോന്നും എങ്ങനെ പരിചയപ്പെടുത്തണമെന്നു ശ്രദ്ധയോടെ ആസൂത്രണം ചെയ്യുക. ക്രമേണ, നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ തിരുവെഴുത്തുകളുടെ കാര്യത്തിലും ഇതേപോലെ ചെയ്യുക. നിങ്ങളുടെ അവതരണത്തിന്റെ ഈ വശം മെച്ചപ്പെടവേ, നിങ്ങൾ ദൈവത്തിന്റെ വചനത്തിൽ കൂടുതലായ ശ്രദ്ധ പതിപ്പിക്കുന്നതായിരിക്കും.