പ്രാദേശിക ആചാരങ്ങളും സത്യാരാധനയും
1 ആളുകളുടെ സൗഹൃദ മനോഭാവം നിമിത്തം തങ്ങളുടെ പരമ്പരാഗത ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പങ്കെടുക്കാൻ അവർ മിക്കപ്പോഴും നമ്മെ ക്ഷണിക്കാറുണ്ട്. ശിശു ജനനം, വിവാഹം, മരണവുമായി ബന്ധപ്പെട്ട ദുഃഖകരമായ അവസരങ്ങൾ എന്നിവയോട് അനുബന്ധിച്ചുള്ളവയാകാം അവ. അത്തരം കാര്യങ്ങളിൽ പങ്കെടുക്കാൻ അവിശ്വാസിയായ ഒരു ബന്ധുവോ സുഹൃത്തോ ക്ഷണിക്കുന്നെങ്കിൽ ഒരു ക്രിസ്ത്യാനി ഏതു നിലപാടു സ്വീകരിക്കണം?
2 നമ്മുടെ പ്രദേശത്ത് സാധാരണമായുള്ള ഒരു ചടങ്ങിൽ പങ്കെടുക്കണമോ എന്നു തീരുമാനിക്കുന്നതിനു മുമ്പ്, കാര്യങ്ങൾ നന്നായി വിലയിരുത്തുന്നതാണ് എപ്പോഴും ബുദ്ധി. പിൻവരുന്നതു പോലുള്ള വസ്തുതകൾ നാം കണക്കിലെടുക്കണം: ആ ആചാരത്തിന്റെ ഉത്ഭവം എവിടെനിന്നാണ്, അല്ലെങ്കിൽ അതിന് ഇപ്പോഴുള്ള അർഥമെന്താണ്? അവ ദൈവവചനത്തിലെ പഠിപ്പിക്കലുകൾക്കു വിരുദ്ധമാണോ? ഒരു നിരീക്ഷകനെന്ന നിലയിൽ ഹാജരാകാൻ തീരുമാനിക്കുന്നെങ്കിൽ, നമ്മുടെ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിന്റെ അപകടമുണ്ടോ? ചില ആചാരങ്ങളിൽ പങ്കെടുക്കുന്നതോ അതിൽനിന്നു വിട്ടുനിൽക്കുന്നതോ മറ്റുള്ളവരെ വ്രണപ്പെടുത്തുകയോ ഇടറിക്കുകയോ ചെയ്യുമോ?
3 ശിശു ജനനം: ശിശു ജനനം എല്ലാ കുടുംബങ്ങൾക്കും സന്തോഷത്തിന്റെ അവസരമാണ് എന്നതിനു സംശയമില്ല. എങ്കിലും, അതിനുശേഷം ഏറെ താമസിയാതെതന്നെ കുട്ടിയുടെ പേരിടൽ അഥവാ നാമകരണ ചടങ്ങിൽ സംബന്ധിക്കാനുള്ള ക്ഷണം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പ്രതീക്ഷിക്കാം. ഒരു പൂജാരിയുടെ കാർമികത്വത്തിൽ നടക്കുന്ന മതപരമായ ഒരു ചടങ്ങാണ് ഇത്. അതിൽ ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിർദേശിച്ചിരിക്കുന്നതും കുട്ടിയുടെ ജനനത്തീയതി അടിസ്ഥാനമാക്കിയുള്ള ജ്യോതിഷ കണക്കുകൂട്ടലുകൾ പരിഗണിച്ചുകൊണ്ടുള്ളതുമായ അനുഷ്ഠാനങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.
4 സാധാരണമായി, കുട്ടിക്ക് ഏതാണ്ട് ഏഴു മാസം പ്രായമാകുമ്പോൾ, മറ്റൊരു ചടങ്ങായ ‘ചോറൂണിനുള്ള’ ക്ഷണം അയച്ചുതുടങ്ങുന്നു. അതിനോടു ബന്ധപ്പെട്ട അനുഷ്ഠാനമുറകളും നിബന്ധനകളും ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമാണ്. എങ്കിലും, എല്ലായിടത്തും അതിനെ ഒരു സാമൂഹിക കൂടിവരവായല്ല, മറിച്ച് മതപരമായ ഒരു ചടങ്ങായാണു കണക്കാക്കുന്നത്. മാത്രമല്ല, കർമം നടത്താനോ ചില മന്ത്രങ്ങൾ ഉരുവിടാനോ ആയി ചിലപ്പോൾ പൂജാരിമാരെ കൊണ്ടുവരാറുണ്ട്. ക്രൈസ്തവലോകത്തിലെ ചില വിഭാഗങ്ങൾക്കിടയിൽ സ്ഥലത്തെ പുരോഹിതനാണ് അതിന് ആധ്യക്ഷ്യം വഹിക്കുന്നത്.
5 ബൈബിൾ കാലങ്ങളിൽ ഒരു കുട്ടിയുടെ നാമകരണത്തിനു പ്രാധാന്യം കൽപ്പിച്ചിരുന്നു. മുലകുടിമാറൽ ചിലപ്പോൾ വലിയ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഒരു സമയമായിരുന്നു. (ഉല്പ. 21:8; ലൂക്കൊ. 1:59; 2:21) എന്നിരുന്നാലും, മേൽപ്പറഞ്ഞതിൽനിന്നും നാമകരണവും അതുപോലെ ചോറൂണും യഥാർഥത്തിൽ മതശുശ്രൂഷകളോ പൂജകളോ ആണെന്നു വ്യക്തമാണ്, അവിടെ സന്നിഹിതരാകുന്നവർ കർമങ്ങൾ നിരീക്ഷിക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്യുന്നു. അവയിൽ തിരുവെഴുത്തു വിരുദ്ധമായ ആശയങ്ങളും നടപടികളും ഉൾപ്പെടുന്നു. സന്നിഹിതരാകുന്നവർക്കു പ്രസാദം നൽകിയേക്കാം. അല്ലെങ്കിൽ അവർക്ക് മറ്റൊരു മതത്തിലെ പുരോഹിതനോടോ പൂജാരിയോടോ ഒപ്പം ഒരു കൂട്ടപ്രാർഥനയിൽ പങ്കുകൊള്ളേണ്ടി വന്നേക്കാം. വെളിപ്പാടു 18:4-ലെ കൽപ്പനയുടെ വീക്ഷണത്തിൽ ഒരു ക്രിസ്ത്യാനിക്ക് അത്തരം കാര്യങ്ങളിൽ ഏർപ്പെടാനാവില്ല.
6 വിവാഹങ്ങൾ: ഏറ്റവും അധികം ക്ഷണം ലഭിക്കുന്നത് വിവാഹ ചടങ്ങുകളിലും അതേത്തുടർന്നുള്ള സ്വീകരണത്തിലും സംബന്ധിക്കാനാണ്. സാധാരണഗതിയിൽ സുഹൃത്തുക്കളും അകന്ന ബന്ധുക്കളും സ്വീകരണ ചടങ്ങിനു വരുകയും നവദമ്പതികളെ അനുമോദിക്കുകയും സദ്യയിൽ പങ്കുകൊള്ളുകയും ചെയ്താൽ മതിയാകും. അവിടെവെച്ച് പൂജാരി വിവിധ കർമങ്ങൾ നടത്താനിടയുണ്ടെങ്കിലും, മിക്കപ്പോഴും അത്തരം കാര്യങ്ങൾ ചെയ്യുന്നത് ശുഭമുഹൂർത്തമായി അവർ കണക്കാക്കുന്ന ഒരു സമയത്താണ്. അതുകൊണ്ടുതന്നെ അതു വിവാഹ സദ്യയുടെ സമയത്ത് ആയിരിക്കണമെന്നില്ല. അങ്ങനെ വരുമ്പോൾ അതിഥികൾ അതിനു സാക്ഷ്യം വഹിക്കുന്നുണ്ടോ എന്നത് അത്ര പ്രാധാന്യം ഇല്ലാത്ത ഒരു കാര്യമായി മാറുന്നു. എന്നിരുന്നാലും, മിക്കപ്പോഴും അടുത്ത കുടുംബാംഗങ്ങൾ മറ്റു വിവാഹ ‘ചട്ടങ്ങളിൽ’ ഉൾപ്പെടാൻ പ്രതീക്ഷിക്കുന്നു. മതകർമങ്ങളിൽ പങ്കെടുക്കുന്നതു മുതൽ ആദ്യകാല അർഥം മിക്കവാറും നഷ്ടപ്പെട്ട് സമുദായത്തിന്റെ വിവാഹപാരമ്പര്യത്തിന്റെ ഭാഗം മാത്രമായി തീർന്നിരിക്കുന്ന നാമമാത്രമായ ആചാരങ്ങൾ അനുഷ്ഠിക്കുന്നതു വരെ അതിൽപ്പെടും. ഇവിടെയും, യഹോവയെ അല്ലാതെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നതുമായോ വ്യാജമത വിശ്വാസങ്ങളുമായോ ദുരാത്മാക്കളോടുള്ള ഭയവുമായോ അവരെ പ്രീണിപ്പിക്കുന്നതുമായോ വ്യക്തമായും ബന്ധമുള്ള എന്തിൽനിന്നും വേർപെട്ടിരിക്കാൻ നാം ആഗ്രഹിക്കുന്നു.
7 മരണവുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ: ഉറ്റവരുടെ മരണം നിമിത്തം ദുഃഖിക്കുന്ന സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും ഒപ്പം ആയിരിക്കാനും അവരെ ആശ്വസിപ്പിക്കാനും സ്നേഹവും സമാനുഭാവവും നമ്മെ പ്രേരിപ്പിക്കുന്ന സന്ദർഭങ്ങളാണിവ. എന്നിരുന്നാലും, നാം ശവസംസ്കാര ചടങ്ങുകളുടെ അഥവാ ശേഷക്രിയകളുടെ വ്യത്യസ്ത ഘട്ടങ്ങളിൽ സന്നിഹിതരാകാനോ അതിൽ പങ്കെടുക്കാനോ സത്യത്തിലല്ലാത്ത കുടുംബാംഗങ്ങൾ പ്രതീക്ഷിച്ചേക്കാം. അപ്പോൾ സ്ഥലത്തുള്ള, മരിച്ചയാളുടെ പുരുഷ ബന്ധുക്കൾ ശവശരീരം ദഹിപ്പിക്കാനായി കൊണ്ടുപോകാൻ പൊതുവേ പ്രതീക്ഷിക്കപ്പെടുന്നു. മിക്കവാറും മരണം നടന്ന ദിവസം തന്നെയാകും അതു നടക്കുക. അതിനുശേഷം പെട്ടെന്നുതന്നെ സഞ്ചയനം, അതായത് ഭസ്മം ശേഖരിച്ച് ഗംഗയിലോ മറ്റേതെങ്കിലും നദിയിലോ നിമജ്ജനം ചെയ്യുന്ന ചടങ്ങ് നടക്കും. അതേത്തുടർന്ന്, അടുത്ത ബന്ധുക്കൾ പ്രത്യേക വസ്ത്രധാരണവും ഭക്ഷണവും അനുഷ്ഠാനങ്ങളും സഹിതം കുറെ ദിവസത്തേക്ക് ദുഃഖാചരണം നടത്തിയേക്കാം. ശവസംസ്കാര ചടങ്ങുകളുടെ അവസാനം എന്നനിലയിൽ പൊതുവേ 13-ാം ദിവസം നടത്തപ്പെടുന്ന ശ്രാദ്ധത്തോടെ ദുഃഖാചരണം പൂർത്തിയാകുന്നു. അതിനുശേഷം കുടുംബാംഗങ്ങൾ സാധാരണ ആഹാരം കഴിച്ചുതുടങ്ങുകയും മരിച്ചയാളുടെ ആത്മാവിന് ആദരാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളെയും മറ്റ് അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുകയും ചെയ്തേക്കാം. പൂജയ്ക്കു ശേഷമുള്ള ശ്രാദ്ധത്തിലോ ഊണിലോ സംബന്ധിക്കാൻ ക്ഷണം ലഭിക്കുന്നതു സാധാരണമാണ്.
8 ഒരു ശുദ്ധ മനസ്സാക്ഷി കാത്തുസൂക്ഷിക്കൽ: മേൽപ്പറഞ്ഞ അവസരങ്ങളിലെല്ലാം, വേദമന്ത്രങ്ങൾ ഉരുവിടുകയും പൂജാരിയോ ഒരു ബ്രാഹ്മണനോ കുടുംബത്തിലെ ഒരു പുരുഷപ്രജയോ ആത്മാവിന്റെ അമർത്യതയിലുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായി കർമങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു. പള്ളിയിൽ പോകുന്ന കുടുംബാംഗങ്ങൾ ഉള്ളവരുടെ അവസ്ഥയും സമാനമായിരിക്കാം, ക്രൈസ്തവ മതങ്ങളിൽ മാമ്മോദീസായ്ക്കും വിവാഹത്തിനും ശവസംസ്കാര ശുശ്രൂഷയ്ക്കുമൊക്കെ പുരോഹിതന്മാർ കാർമികത്വം വഹിക്കുന്നു.
9 അന്യ ദൈവങ്ങളെ പൂജിക്കുകയും ദുരാത്മാക്കളെ പ്രീണിപ്പിക്കുകയും ആത്മാവിന്റെ അമർത്യതയിലുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായിരിക്കുകയും ചെയ്യുന്ന ചില കുടുംബ പരിപാടികൾക്കു പോകാൻ ഒരു സത്യക്രിസ്ത്യാനിക്കു സമ്മർദം അനുഭവപ്പെടുന്നെങ്കിലോ? ഭാര്യയോ മരുമകളോ പ്രായപൂർത്തിയായ ഒരു മകനോ ആയിരിക്കാം അത്തരമൊരു പരിപാടിയിൽ സംബന്ധിക്കാനുള്ള കടുത്ത സമ്മർദത്തിൻ കീഴിൽ വരുന്നത്.
10 അത്തരം സന്ദർഭങ്ങളിൽ ഒരു ക്രിസ്ത്യാനി നയമാന്റെ ദൃഷ്ടാന്തത്തെ കുറിച്ചു ചിന്തിച്ചേക്കാം എന്നതു ശരിതന്നെ. കുഷ്ഠം വിട്ടുമാറിയ ശേഷം, യഹോവയെ അല്ലാതെ വേറൊരു ദൈവത്തെയും ആരാധിക്കില്ലെന്ന് അവൻ ദൃഢനിശ്ചയം ചെയ്തിരുന്നു. എന്നാൽ രാജാവ് പുറത്തു പോകുമ്പോഴും മറ്റും അദ്ദേഹത്തെ സഹായിക്കുന്നത് അവന്റെ ജോലിയിൽ ഉൾപ്പെട്ടിരുന്നു. അതുകൊണ്ട് പുറജാതി ദേവനായ രിമ്മോന്റെ ക്ഷേത്രത്തിൽ രാജാവിനോടൊപ്പം അവനു പോകേണ്ടിവരുമായിരുന്നു. കുമ്പിടാൻ രാജാവിനെ സഹായിക്കുക പോലും ചെയ്യേണ്ടിയിരുന്നിരിക്കാം. അതുകൊണ്ട്, തന്നോടു ക്ഷമിക്കാനും തനിക്കെതിരെ അതു ദോഷമായി കണക്കിടാതിരിക്കാനും അവൻ യഹോവയോടു യാചിച്ചു. യഹോവയുടെ ഒരു സത്യാരാധകനായിത്തീർന്ന നയമാൻ ഈ വ്യാജദൈവത്തെ ആരാധിച്ചില്ല; രാജാവിന്റെ ആജ്ഞയോടുള്ള അനുസരണമെന്ന നിലയിൽ മാത്രമാണ് അവൻ അവിടെ പോയിരുന്നത്.—2 രാജാ. 5:1-19.
11 ഇത്തരം അവസരങ്ങളിൽ സന്നിഹിതനായിരിക്കുകയും അതേസമയം ഏതെങ്കിലും വ്യാജമത കർമങ്ങളിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തുകൊണ്ട് സമാനമായ വിധത്തിൽ പ്രവർത്തിക്കാമെന്നു നമുക്കും തോന്നിയേക്കാം. അതു ചെയ്യണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. ഭർത്താവിന്റെയോ മാതാപിതാക്കളുടെയോ ആഗ്രഹങ്ങളെ മാനിക്കുന്നതിനാണോ യഹോവയോടും ബൈബിൾ പരിശീലിത മനസ്സാക്ഷിയോടും വിശ്വസ്തത പാലിക്കുന്നതിനാണോ മുൻതൂക്കം നൽകേണ്ടത് എന്ന തീരുമാനത്തെ അവർ അഭിമുഖീകരിക്കേണ്ടി വരും.—എഫെ. 6:11; പത്രൊ. 3:16.
12 മറ്റുള്ളവർ നിങ്ങളെ നിരീക്ഷിച്ചേക്കാം എന്നതു മനസ്സിൽ പിടിക്കുക. നിങ്ങളുടെ നിലപാട് എന്താണെന്ന് അറിയാത്ത അവർ, നിങ്ങൾ മുഴു ചടങ്ങിലും സംബന്ധിക്കുകയാണെന്നോ കുറഞ്ഞപക്ഷം പ്രസ്തുത ആചാരത്തിനു പിന്നിലെ ആശയങ്ങളുമായി യോജിക്കുന്നുവെന്നോ നിഗമനം ചെയ്തേക്കാം. അപ്പൊസ്തലനായ പൗലൊസിന്റെ പിൻവരുന്ന പ്രോത്സാഹനം അനുസരിച്ചു പ്രവർത്തിക്കുന്നത് എത്ര ജ്ഞാനമാണ്: ‘നിങ്ങൾ കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്തി ക്രിസ്തുവിന്റെ നാളിലേക്കു കുറ്റമറ്റവരും മറ്റുള്ളവരെ ഇടറിക്കാത്തവരും ആയിത്തീരുവിൻ.’—ഫിലി. 1:10, NW.
13 തിരുവെഴുത്തുപരമായ നമ്മുടെ നിലപാട് ബന്ധുക്കളോടു വിശദീകരിക്കുന്നതായിരിക്കില്ലേ ഏറെ നല്ലത്? പലപ്പോഴും അങ്ങനെ ചെയ്യാനുള്ള അവസരങ്ങൾ ക്ഷണം ലഭിക്കുന്നതിനു മുമ്പുതന്നെ ഉണ്ടാകാറുണ്ട്. എസ്ഥേർ രാജ്ഞി ചെയ്തതുപോലെ, മറ്റുള്ളവർ പിരിമുറുക്കമില്ലാത്ത നല്ല ഒരു മാനസികാവസ്ഥയിൽ ആയിരുന്നേക്കാവുന്ന ഒരു സമയം അതിനായി തിരഞ്ഞെടുക്കുന്നതാവും നല്ലത്. അപ്പോൾ അത്തരം ചടങ്ങുകളിൽ സന്നിഹിതരാകാൻ നമ്മുടെ മനസ്സാക്ഷി അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നു നയപൂർവം വിശദീകരിക്കാനും നമ്മുടെ വിശ്വാസങ്ങളെ കുറിച്ചു സാക്ഷീകരിക്കാനും കഴിയും. സന്നിഹിതനായിട്ട് ചടങ്ങുകളിലൊന്നും പങ്കെടുക്കാതിരുന്നാൽ അതു കുടുംബത്തിലെ മറ്റുള്ളവർക്കു ബുദ്ധിമുട്ട് ഉവാക്കിയേക്കാം എന്ന സംഗതി മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ നമുക്കു സൂചിപ്പിക്കാവുന്നതാണ്.—എസ്ഥേ. 5:1-8.
14 ബൈബിൾ പഠിപ്പിക്കലിനു വിരുദ്ധമെന്നു തനിക്കറിയാവുന്ന പ്രാർഥനകളിലോ മതാചാരങ്ങളിലോ ഒരു സത്യക്രിസ്ത്യാനിക്ക് മനസ്സാക്ഷിപൂർവം പങ്കെടുക്കാനാവില്ല. പരിധി ലംഘിക്കാതെ തനിക്കു വിശ്വാസത്യാഗപരമായ പ്രവർത്തനങ്ങളോട് എത്രത്തോളം അടുത്തുവരാമെന്ന് കാണാൻ അയാൾ ആഗ്രഹിക്കുന്നുമില്ല. ബൈബിളിന്റെ പിൻവരുന്ന കൽപ്പനയ്ക്കു ചെവി കൊടുക്കാനുള്ള ഉത്തരവാദിത്വം അയാൾക്കുണ്ട്: ‘നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? . . . വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി? . . . അതുകൊണ്ടു “അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു.”’—2 കൊരി. 6:14-17.
15 അത്തരം മത ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കുകവഴി, നമ്മുടെ കുടുംബ ബന്ധങ്ങളെ അവഗണിക്കുകയാണെന്ന ധാരണ നൽകാൻ നാം ആഗ്രഹിക്കുന്നില്ല. കുടുംബസ്നേഹവും താത്പര്യവും കാണിക്കാനാകുന്ന മറ്റു മാർഗങ്ങളെ കുറിച്ചു നാം ചിന്തയുള്ളവർ ആയിരിക്കണം. പുതുതായി ഒരു കുഞ്ഞു പിറന്ന ദമ്പതികൾക്കു സമ്മാനങ്ങൾ നൽകുന്നത് കുടുംബത്തിലെ നവാഗതനോടുള്ള നമ്മുടെ താത്പര്യം പ്രകടിപ്പിക്കാനുള്ള നല്ലൊരു മാർഗമാണ്. സമ്മാനം നൽകുന്നതിന് ഒരു വിശേഷ അവസരത്തിനായി നാം നോക്കിയിരിക്കേണ്ട ആവശ്യമില്ല. വിവാഹാഘോഷത്തിനുള്ള ഒരുക്കങ്ങൾക്കു ശാരീരികമായ സഹായവും പിന്തുണയും നൽകുകയും അതിഥികളെയും കുടുംബാംഗങ്ങളെയും സ്വീകരിക്കുകയും ചെയ്യുന്നത് നമുക്കു വിവാഹത്തിൽ താത്പര്യമില്ലെന്ന ധാരണ നൽകാതെതന്നെ മതപരമായ ചടങ്ങുകളിൽനിന്നു വിട്ടുനിൽക്കാൻ പലപ്പോഴും നമ്മെ സഹായിക്കും. ആരെങ്കിലും മരിച്ചെങ്കിൽ മറ്റുള്ളവർ മതപരമായ ചടങ്ങുകളിൽ മുഴുകിയിരിക്കുമ്പോൾ നമുക്കു പ്രായോഗിക സഹായം നൽകാൻ കഴിയുന്ന അനേകം മാർഗങ്ങളുണ്ടായിരിക്കും. അതിഥികളുടെയും സന്ദർശകരുടെയും കാര്യങ്ങൾ നോക്കുകയോ അവർക്കുവേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയോ ചെയ്യേണ്ടതുണ്ടായിരിക്കാം. ഒരുപക്ഷേ മരണത്തോട് അനുബന്ധിച്ച് പ്രത്യേക ഭക്ഷണക്രമം ഒന്നും ആചരിക്കുന്നില്ലാത്ത, സ്കൂളിൽ പോകുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവർക്കു വേണ്ടി ഭക്ഷണം ഉണ്ടാക്കാവുന്നതാണ്. നിയമപരവും രജിസ്ട്രേഷൻ സംബന്ധവുമായ നടപടികളുമായി ബന്ധപ്പെട്ട് പ്രായോഗിക സഹായം ചെയ്തുകൊടുക്കാൻ കഴിയും. അങ്ങനെ ചെയ്യുമ്പോൾ, ചോറൂണിലോ ശ്രാദ്ധത്തിലോ മറ്റേതെങ്കിലും മതപരമായ ചടങ്ങിലോ പങ്കെടുക്കാത്തതുകൊണ്ടു മാത്രം നാം സ്നേഹമില്ലാത്തവരാണ് എന്ന് കുടുംബാംഗങ്ങൾ ചിന്തിക്കുകയില്ല.