വിശ്വാസം അവനെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു
ഈജിപ്തിലെ അടിമത്തത്തിൽനിന്ന് ഇസ്രായേൽജനതയെ പുറത്തേക്കു നയിക്കാൻ യഹോവ മോശയെ നിയോഗിച്ചപ്പോൾ അവൻ ആദ്യം ഇങ്ങനെ ഒഴികഴിവുപറഞ്ഞു: “കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ച ശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു.” (പുറപ്പാടു 4:10) അതേ, അത്ര ഭാരിച്ച ഒരു നിയമനത്തിനു താൻ യോഗ്യനാണെന്നു മോശ വിചാരിച്ചില്ല.
അതുപോലെ ഇന്ന്, യഹോവയുടെ ദാസൻമാരിൽ അനേകർ ചിലപ്പോൾ തങ്ങൾക്കു നിയമിച്ചുകിട്ടുന്ന കർത്തവ്യങ്ങൾ നിറവേററാൻ പ്രാപ്തരല്ലെന്നു വിചാരിക്കുന്നു. ദൃഷ്ടാന്തത്തിന്, തിയോഡർ എന്നു പേരുള്ള ഒരു ക്രിസ്തീയ മേൽവിചാരകൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “എന്നോടു ചെയ്യാൻ യഹോവ ആവശ്യപ്പെടുന്ന സകല കാര്യങ്ങളിലുംവെച്ച് ഏററവും പ്രയാസമുള്ളതു വയൽശുശ്രൂഷയാണ്. ഞാൻ ചെറുപ്പമായിരുന്നപ്പോൾ ഞാൻ പെട്ടെന്നു വാതിൽക്കൽ ചെന്നിട്ട് ഡോർബെൽ അടിക്കുന്നതായി നടിക്കുകയും ആരും എന്നെ കേൾക്കുകയോ കാണുകയോ ചെയ്യരുതെന്ന് ആശിച്ചുകൊണ്ടു ശാന്തമായി നടന്നകലുകയും ചെയ്യുമായിരുന്നു. എനിക്കു പ്രായം കൂടിവന്നപ്പോൾ ഞാൻ അതു ചെയ്യുന്നതു നിർത്തി, എന്നാൽ വീടുതോറും പോകുന്നതിന്റെ ചിന്ത എന്നെ ശാരീരികമായി രോഗിയാക്കി. ഇന്നും ശുശ്രൂഷക്കു പോകുന്നതിനു മുമ്പ് എനിക്ക് അസുഖം ബാധിക്കുന്നു, ഏതായാലും ഞാൻ പോകുന്നുണ്ട്.”
മോശയെയും തിയോഡറിനെപ്പോലുള്ള ആധുനികകാല സാക്ഷികളെയും അത്തരം ഭയം തരണംചെയ്യാൻ പ്രാപ്തരാക്കിയത് എന്തായിരുന്നു? ബൈബിൾ ഉത്തരം നൽകുന്നു: “വിശ്വാസത്താൽ അവൻ [മോശ] അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനില്ക്കയാൽ . . . മിസ്രയീം വിട്ടുപോന്നു.”—എബ്രായർ 11:27.
തീർച്ചയായും യഹോവയിൽ വിശ്വാസം പ്രകടമാക്കിയതിനാൽ മോശയ്ക്കു തന്റെ അപ്രാപ്തിയുടെ തോന്നലുകളെ തരണംചെയ്യാനും ന്യായാധിപനും പ്രവാചകനും ദേശീയനേതാവും ന്യായപ്രമാണ ഉടമ്പടിയുടെ മദ്ധ്യസ്ഥനും അധിപതിയും ചരിത്രകാരനും ബൈബിളെഴുത്തുകാരനുമെന്ന തന്റെ നിയോഗങ്ങൾ നിറവേററാനും കഴിഞ്ഞു.
അതുപോലെതന്നെ, നമുക്കു മോശയെപ്പോലുള്ള വിശ്വാസമുള്ളപ്പോൾ നാം ‘അദൃശ്യനായവനെ കാണുന്ന’തുപോലെ നടക്കുന്നതായിരിക്കും. അത്തരം വിശ്വാസം ധൈര്യത്തിനു പ്രചോദിപ്പിക്കുകയും നമ്മുടെ ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ ചുമലിൽ വഹിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു—നാം അപര്യാപ്തരെന്നു വിചാരിക്കുമ്പോൾ പോലും.