പയനിയർ ശുശ്രൂഷയുടെ അനുഗ്രഹങ്ങൾ
1, 2. എന്തൊക്കെ അനുഗ്രഹങ്ങൾ പയനിയർ ശുശ്രൂഷയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു, എന്തുകൊണ്ട്?
1 “മറ്റുള്ളവരുമായി സത്യം പങ്കുവെച്ചതിൽനിന്ന് എനിക്കു ലഭിച്ച സംതൃപ്തി മറ്റൊരു വേലയിൽനിന്നും ലഭിക്കുമായിരുന്നില്ലെന്ന് എനിക്കറിയാം,” ഒരു പയനിയർ പറഞ്ഞു. മറ്റൊരാൾ പറഞ്ഞത് ഇങ്ങനെയാണ്: “എന്നും രാത്രി എന്റെ ഉറക്കം സുഖകരമാണ്, കൂടാതെ ഹൃദയം നിറയെ സന്തുഷ്ടിയും.” ഇതേ വികാരങ്ങളാണ് ലോകമെമ്പാടും പയനിയർ ശുശ്രൂഷയുടെ അനുഗ്രഹങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുള്ള സഹോദരീസഹോദരന്മാർക്ക് ഉള്ളത്.—സദൃ. 10:22, NW.
2 ദൈവവചനത്തിലെ ജീവരക്ഷാകരമായ പരിജ്ഞാനം നേടാൻ മറ്റുള്ളവരെ സഹായിക്കുന്നത് യഥാർഥ സംതൃപ്തി നൽകുന്നു. (പ്രവൃ. 20:35; 1 തെസ്സ. 2:19, 20) “യഹോവയെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് ആളുകളെ പ്രചോദിപ്പിക്കുന്നതിൽ ദൈവവചനം എത്ര ശക്തമാണെന്നു കാണുന്നത് ആഹ്ലാദകരമാണ്” എന്ന് ഒരു ദീർഘകാല പയനിയർ എഴുതി. അതേ, ആളുകളെ സഹായിക്കാനും ബൈബിളധ്യയനങ്ങൾ നടത്താനും തങ്ങളെത്തന്നെ ലഭ്യമാക്കുകവഴി പയനിയർമാർ ഇത്തരം അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു.
3, 4. പയനിയറിങ് യഹോവയിൽ ആശ്രയിക്കാൻ ഒരുവനെ എങ്ങനെ പഠിപ്പിക്കുന്നു, ആത്മീയമായി വളരാൻ ഇത് ഒരുവനെ സഹായിക്കുന്നത് എങ്ങനെ?
3 യഹോവയിലുള്ള ആശ്രയത്വം: തങ്ങളുടെ ശുശ്രൂഷ നിർവഹിക്കവേ, ഓരോ ദിവസവും ദൈവാത്മാവിൽ ആശ്രയിക്കുന്നത് പയനിയർമാരെ ‘ആത്മാവിന്റെ ഫലം’ നട്ടുവളർത്താൻ സഹായിക്കുകയും അവർക്ക് ഒരു സംരക്ഷണമായിരിക്കുകയും ചെയ്യുന്നു. (ഗലാ. 5:16, 22, 23) കൂടാതെ, സ്ഥിരമായി ദൈവവചനം ഉപയോഗിക്കുന്നതിനാൽ തിരുവെഴുത്തുകൾ ഉപയോഗിച്ചു സത്യത്തിനു വേണ്ടി പ്രതിവാദം നടത്താനും മറ്റുള്ളവരെ ബലപ്പെടുത്താനും അവർ വൈദഗ്ധ്യം ഉള്ളവരുമായിരിക്കും. (2 തിമൊ. 2:15) ദശകങ്ങളോളം പയനിയർ ശുശ്രൂഷ ആസ്വദിച്ചിരിക്കുന്ന ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “ബൈബിളിനെക്കുറിച്ച് ആഴമായ പരിജ്ഞാനം അതായത്, യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് അറിയാൻ അനേകരെ സഹായിക്കാൻ ഞാൻ ഉപയോഗിച്ചിട്ടുള്ള പരിജ്ഞാനം, സമ്പാദിക്കാൻ പയനിയറിങ് എന്നെ സഹായിച്ചിരിക്കുന്നു.” എത്ര സംതൃപ്തിദായകം!
4 സാധാരണ പയനിയർമാർ മറ്റു പല വിധങ്ങളിലും യഹോവയിൽ ആശ്രയം പ്രകടമാക്കേണ്ടതുണ്ട്. ഭൗതികാവശ്യങ്ങൾ നിറവേറ്റാനുള്ള തങ്ങളുടെ ശ്രമങ്ങളെ യഹോവ എങ്ങനെ അനുഗ്രഹിക്കുന്നുവെന്നു കാണുമ്പോൾ അവരുടെ വിശ്വാസം ശക്തിപ്പെടുന്നു. “യഹോവ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല” എന്ന് 55 വർഷം സാധാരണ പയനിയറായി സേവിച്ചിരിക്കുന്ന 72 വയസ്സുള്ള ഒരു സഹോദരൻ പറയുന്നു. മാത്രമല്ല, തങ്ങളുടെ ജീവിതം ലളിതമാക്കിക്കൊണ്ട് പയനിയർമാർ ജീവിതത്തിന്റെ അനേക ഉത്കണ്ഠകളെ ഒഴിവാക്കിയിരിക്കുന്നു. ഇതു നിങ്ങൾക്ക് ആകർഷകമായി തോന്നുന്നുവോ?—മത്താ. 6:22, NW; എബ്രാ. 13:5, 6.
5. യഹോവയോട് അടുത്തുചെല്ലാൻ പയനിയർ സേവനം ഒരുവനെ സഹായിക്കുന്നത് എങ്ങനെ?
5 ദൈവത്തോട് അടുത്തു ചെല്ലുന്നു: യഹോവയുമായി നമുക്കുള്ള ബന്ധം അങ്ങേയറ്റം വിലപ്പെട്ട ഒരു സ്വത്താണ്. (സങ്കീ. 63:3) യഹോവയോടുള്ള സ്നേഹത്താൽ പ്രേരിതരായി നാം ശുശ്രൂഷയിൽ പൂർണമായി പങ്കുപറ്റുമ്പോൾ നാം അവനോടു കൂടുതൽ അടുക്കുന്നു. (യാക്കോ. 4:8) 18-ലധികം വർഷം പയനിയറായി സേവിച്ചിട്ടുള്ള ഒരു സഹോദരൻ പറയുന്നതു ശ്രദ്ധിക്കുക: “നമ്മുടെ സ്രഷ്ടാവുമായി അനുദിനം ശക്തമായിക്കൊണ്ടിരിക്കുന്ന ഒരു ബന്ധം പടുത്തുയർത്തി ‘യഹോവ നല്ലവൻ എന്നു രുചിച്ചറിയാൻ’ പയനിയർ സേവനം നമുക്ക് അവസരമൊരുക്കുന്നു.”—സങ്കീ. 34:8.
6. പയനിയർമാർക്ക് എന്ത് ഉണ്ടായിരിക്കണം, പയനിയർമാരെ കൂടാതെ മറ്റാരുംകൂടെ പ്രയോജനം അനുഭവിക്കുന്നു?
6 പയനിയറിങ് ചെയ്യാൻ തക്ക സാഹചര്യം ഉണ്ടായിരിക്കുന്നതു കൂടാതെ പയനിയർമാർക്ക് ശക്തമായ വിശ്വാസവും ദൈവത്തോടും അയൽക്കാരോടും ആത്മാർഥമായ സ്നേഹവും ത്യാഗങ്ങൾ ചെയ്യാനുള്ള മനസ്സൊരുക്കവും ആവശ്യമാണ്. (മത്താ. 16:24; 17:20, 21; 22:37-39) എന്നിരുന്നാലും, എല്ലായിടത്തുമുള്ള പയനിയർമാരുടെ സന്തോഷാധിക്യത്താൽ തിളങ്ങുന്ന മുഖങ്ങൾ വ്യക്തമാക്കുന്നത് പയനിയർ ശുശ്രൂഷയുടെ അനുഗ്രഹങ്ങൾ, ഉൾപ്പെട്ടിരിക്കുന്ന എല്ലാ ത്യാഗങ്ങളെക്കാളും വലുതാണെന്നാണ്. (മലാ. 3:10) ഈ അനുഗ്രഹങ്ങൾ പയനിയർമാർക്കു മാത്രമുള്ളതല്ല. അവരുടെ കുടുംബങ്ങളും സഭയും പയനിയർമാർ കാണിക്കുന്ന ഈ നല്ല ആത്മാവിൽനിന്നു പ്രയോജനം അനുഭവിക്കുന്നു.—ഫിലി. 4:23, NW.