രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
നമീബിയയിൽ ദിവ്യാധിപത്യ വികസനം
രാജ്യ സുവാർത്ത ആദ്യമായി നമീബിയയിൽ എത്തിയത് 1920-കളുടെ അവസാനത്തിലാണ്. അന്നു മുതൽ, പരമാർഥ ഹൃദയരായ നൂറുകണക്കിന് ആളുകൾ ദൈവത്തിന്റെ രക്ഷാസന്ദേശത്തോട് അനുകൂലമായി പ്രതികരിച്ചിരിക്കുന്നു. അഭികാമ്യരായ ഈ ആളുകളെ യഹോവ തന്റെ ജനത്തോടു ചേർക്കുന്നത് എങ്ങനെയെന്നു പിൻവരുന്ന അനുഭവങ്ങൾ വ്യക്തമാക്കുന്നു.—ഹഗ്ഗായി 2:7.
◻ നമീബിയയുടെ വടക്കുകിഴക്കൻ ഭാഗത്തു താമസിക്കുന്ന കർഷകനായ പോലസ്, തലസ്ഥാന നഗരമായ വിൻഹുക് സന്ദർശിച്ച അവസരത്തിലാണ് ആദ്യമായി യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുന്നത്. താൻ സത്യം കണ്ടെത്തിയെന്നു പോലസിനു പെട്ടെന്നുതന്നെ ബോധ്യമായി. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകവുമായാണ് അദ്ദേഹം വീട്ടിലേക്കു മടങ്ങിയത്. പിന്നീട്, ഏറ്റവും അടുത്ത പട്ടണമായ റൂൺഡൂ—അവിടെ ഒരു രാജ്യഹാൾ ഉണ്ട്—സന്ദർശിച്ചപ്പോൾ പോലസ് സാക്ഷികളെ കണ്ടുമുട്ടി, തന്റെ വീട്ടിൽ വരണമെന്ന് അദ്ദേഹം അവരോട് അഭ്യർഥിച്ചു.
എന്നാൽ, പോലസ് താമസിച്ചിരുന്നതു വളരെ അകലെ ആയിരുന്നതിനാൽ ഓരോ വാരത്തിലും അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു ബൈബിൾ അധ്യയനം നടത്തുക സാക്ഷികളെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്കരമായിരുന്നു. നിരുത്സാഹിതനായി പിന്മാറുന്നതിനു പകരം, പോലസ് സ്വന്തമായി ബൈബിൾ പഠിക്കാൻ തുടങ്ങി. മാത്രമല്ല, പഠിക്കുന്ന കാര്യങ്ങൾ സതീക്ഷ്ണം മറ്റുള്ളവരോടു പറയുകയും ചെയ്തു. ക്രമേണ അവിടെ ഒരു ചെറിയ ബൈബിൾ അധ്യയന കൂട്ടം രൂപീകൃതമായി. റൂൺഡൂവിൽ യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനം നടക്കുന്നതായി റേഡിയോയിൽ കേട്ടപ്പോൾ അതിൽ പങ്കെടുക്കുന്നതിനായി ആ അധ്യയന കൂട്ടം തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന തുച്ഛമായ പണം കൊണ്ട് യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തു.
യഹോവയുടെ സാക്ഷികളുമൊത്ത് ആദ്യമായി സഹവസിക്കാൻ സാധിച്ചത് അവരെ സംബന്ധിച്ചിടത്തോളം എത്ര പുളകപ്രദമായ അനുഭവമായിരുന്നു! ഉടൻതന്നെ, യോഗ്യരായ സഹോദരങ്ങൾ ആ ചെറിയ കൂട്ടത്തെ ക്രമമായി സന്ദർശിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. ഇന്ന് പോലസിന്റെ ഗ്രാമത്തിൽ ആറു പ്രസാധകരുണ്ട്.
◻ യഹോവയുടെ സാക്ഷികളെ കുറിച്ച് ഒരാൾ മോശമായി സംസാരിക്കുന്നതു കേട്ടപ്പോൾ ദൈവനാമത്തെ കുറിച്ച് അറിയാൻ യോഹന്നയ്ക്കു ജിജ്ഞാസ തോന്നി. അവൾ ഇങ്ങനെ അനുസ്മരിക്കുന്നു: “യഹോവ എന്ന പേര് ആദ്യമായി കേട്ടപ്പോൾതന്നെ അതെന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ആരായിരിക്കും യഹോവ എന്നു ഞാൻ ചിന്തിക്കാൻ തുടങ്ങി. നമീബിയയുടെ തീരദേശ പട്ടണമായ വൊൾവിസ് ബേയിലാണു ഞാനും ഭർത്താവും താമസിച്ചിരുന്നത്. ഒരിക്കൽ ഞങ്ങൾ പട്ടണത്തിൽ പോയപ്പോൾ ചില സാക്ഷികൾ തെരുവിൽ വീക്ഷാഗോപുരം വിതരണം ചെയ്യുന്നതു ഞാൻ കണ്ടു. ഒരു പ്രതി സ്വീകരിച്ചിട്ട് എനിക്കു ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടെന്നു ഞാൻ പറഞ്ഞു; കാരണം എനിക്കു ബൈബിൾ സംബന്ധമായ നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു. വാഹനം കേടായതു നിമിത്തം തങ്ങൾക്കു വരാൻ സാധിക്കില്ലെന്ന് അവർ എന്നെ അറിയിച്ചപ്പോൾ എനിക്കു കരച്ചിൽ വന്നു. അധികകാലം കഴിയുന്നതിനു മുമ്പ് എന്റെ ഭർത്താവു മരിച്ചു, ഞാൻ കേറ്റ്മാൻസ്ഷോപ്പ് എന്ന പട്ടണത്തിലേക്കു താമസം മാറ്റി. ആ പ്രദേശത്തു പ്രവർത്തിക്കാൻ ഒരു പ്രത്യേക പയനിയറെ (മുഴു സമയ സുവിശേഷകൻ) നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ പക്കൽ നിന്നു ഞാൻ, നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം കൈപ്പറ്റി. അതു വായിക്കാൻ തുടങ്ങിയപ്പോഴേ അതിൽ സത്യത്തിന്റെ ധ്വനിയുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു.
“ക്രമേണ, പ്രസംഗവേലയിൽ പങ്കെടുക്കാൻ എനിക്കു ക്ഷണം ലഭിച്ചു. എന്നാൽ, മാനുഷഭയം എന്നെ ഗ്രസിച്ചു. വീടുതോറും സന്ദർശിക്കവെ, എന്നെക്കൊണ്ടു സുവാർത്ത പ്രസംഗിപ്പിക്കുന്നതിനു പകരം എന്നെ മരിക്കാൻ അനുവദിക്കേണമേ എന്നു ഞാൻ യഹോവയോടു പ്രാർഥിച്ചു. ആദ്യമായി തെരുവു സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കെ, ആരും എന്നെ കാണാതിരിക്കേണ്ടതിനു ഞാൻ ഇടവഴിയിൽ മറഞ്ഞുനിന്നു. ഒടുവിൽ, ധൈര്യം സംഭരിച്ച്, അതിലെ കടന്നുപോയ ഒരു വ്യക്തിക്കു ഞാൻ ഒരു മാസിക വെച്ചുനീട്ടി. അതിനു ശേഷമേ എനിക്ക് എന്തെങ്കിലും ഒന്നു പറയാൻ കഴിഞ്ഞുള്ളൂ. അന്ന്, യഹോവയുടെ സഹായം കൊണ്ടു നിരവധി ആളുകളുമായി ബൈബിളിലെ പ്രത്യാശ പങ്കിടാൻ എനിക്കു സാധിച്ചു.
“ഇന്ന്, 12 വർഷത്തിനു ശേഷം, ഭൗതികമായി വളരെയൊന്നും ഇല്ലെങ്കിലും, പയനിയർ സേവന പദവിയെ ഒരു നിധി എന്നപോലെ കരുതുന്ന ഞാൻ മറ്റുള്ളവരുമായി രാജ്യസത്യം പങ്കിടുന്നതിൽ നിന്ന് അളവറ്റ സന്തുഷ്ടി അനുഭവിച്ചുകൊണ്ടിരിക്കുന്നു.”