നിങ്ങൾ മാസികാ ദിന പ്രവർത്തനത്തിൽ പങ്കെടുക്കാറുണ്ടോ?
1 ഭാരതത്തിലെ ഏതാണ്ട് 18 കോടിയലധികം ആളുകൾ സ്ഥിരമായി പത്രമാസികകൾ വാങ്ങിക്കുന്നവരാണ്. ഇവയാകട്ടെ മറ്റ് കോടിക്കണക്കിന് ആളുകൾ വായിക്കുകയും ചെയ്യുന്നു. അവർ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും സ്ഥിരം വായനക്കാരായിത്തീർന്നാൽ അത് എത്ര നന്നായിരിക്കും! മാസികാ ദിന പ്രവർത്തനത്തിൽ നാം ഉത്സാഹപൂർവം പങ്കുപറ്റിയാൽ അതു സാധ്യമാകും.
2 ഈ വർഷത്തെ നമ്മുടെ കലണ്ടറിലെ എല്ലാ ശനിയാഴ്ചകളും മാസികാ ദിനങ്ങളായാണു പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇതിനോടുള്ള ചേർച്ചയിൽ, പല സഭകളും മുഖ്യമായും മാസികാ വേലയ്ക്കായി ഒരു ദിവസം നീക്കിവെച്ചിട്ടുണ്ട്. ഓരോ മാസത്തെയും നമ്മുടെ രാജ്യ ശുശ്രൂഷയിൽ വിശേഷവത്കരിക്കുന്നതുപോലുള്ള ഹ്രസ്വമായ ഒരു അവതരണം നടത്തിക്കൊണ്ട് കൂടുതൽ പ്രദേശം പ്രവർത്തിച്ചുതീർക്കാൻ മാസികാ ദിനം അവസരമൊരുക്കുന്നു. മറ്റു ദിനങ്ങളിൽ, ലോകാവസ്ഥകളെ കുറിച്ചു സംസാരിച്ചുകൊണ്ടോ സാഹിത്യ സമർപ്പണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടോ അല്ലെങ്കിൽ ആവശ്യം ലഘുപത്രിക ഉപയോഗിച്ച് ബൈബിൾ പഠിക്കുന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ടോ നാം ഓരോ വീട്ടുവാതിൽക്കലും കുറേക്കൂടെ സമയം ചെലവഴിച്ചേക്കാം.
3 സഭയുടെ മാസികാ ദിനത്തെ നിങ്ങൾക്ക് എങ്ങനെ പിന്തുണയ്ക്കാം?
◼ മാസികകൾ വായിക്കുക: ഒരു സഞ്ചാര മേൽവിചാരകന്റെ റിപ്പോർട്ട് അനുസരിച്ച്, അദ്ദേഹത്തിന്റെ സർക്കിട്ടിലെ പ്രസാധകരിൽ ശരാശരി 20-ൽ ഒരാൾ മാത്രമേ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഓരോ ലക്കവും പുറത്തോടുപുറം വായിക്കുന്നുള്ളൂ. നിങ്ങളോ? ഓരോ ലേഖനവും വായിക്കുമ്പോൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ആർക്കായിരിക്കും ഈ വിവരം ഇഷ്ടപ്പെടുക, ഒരു മാതാവിനോ? ഹൈന്ദവനായ ബിസിനസ്സുകാരനോ? ഇസ്ലാംമതത്തിൽപ്പെട്ട ഒരു യുവവ്യക്തിക്കോ?’ മാസിക അവതരിപ്പിക്കുമ്പോൾ ഉപയോഗപ്പെടുത്താനാകുന്ന ഒന്നോ രണ്ടോ ആശയങ്ങൾ നിങ്ങളുടെ വ്യക്തിപരമായ പ്രതിയിൽ അടയാളപ്പെടുത്തുക. തുടർന്ന് ഒന്നോ രണ്ടോ വാചകങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രസ്തുത വിഷയത്തോടുള്ള താത്പര്യം നിങ്ങൾക്ക് എങ്ങനെ ഉണർത്താനാകുമെന്നു ചിന്തിക്കുക.
◼ ഒരു നിശ്ചിത മാസികാ ഓർഡർ ഉണ്ടായിരിക്കുക: നിങ്ങളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ, ഓരോ ലക്കം മാസികയുടെയും ഒരു നിശ്ചിത എണ്ണത്തിനായി മാസിക കൈകാര്യം ചെയ്യുന്ന സഹോദരന്റെ പക്കൽ ഓർഡർ നൽകുക. ഇങ്ങനെ ചെയ്യുന്നതു മുഖാന്തരം, നിങ്ങൾക്കും കുടുംബത്തിനും വേണ്ടത്ര മാസികകൾ എല്ലായ്പോഴും കൈവശമുണ്ടായിരിക്കും.
◼ ക്രമമായി ഒരു മാസികാ ദിനം പട്ടികപ്പെടുത്തുക: സഭ ക്രമീകരിച്ചിരിക്കുന്ന ഒന്നോ അതിലധികമോ മാസികാ ദിനങ്ങൾ തിരഞ്ഞെടുത്ത് ക്രമമായി മാസികാ സാക്ഷീകരണത്തിൽ ഏർപ്പെടുക. അതു സാധ്യമല്ലെങ്കിൽ, തെരുവിൽ മാസികാ സാക്ഷീകരണം നടത്താനും ഭവനങ്ങളിലും മാസികാ റൂട്ടുകളിലും മാസികകൾ വിതരണം ചെയ്യാനുമായി സേവനത്തിന്റെ കുറച്ചു സമയം ഇടയ്ക്കിടെ ഉപയോഗിക്കാൻ ശ്രമിക്കുക.
◼ ഹ്രസ്വമായ ഒരു അവതരണം പരിശീലിക്കുക: “മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്” എന്ന ഭാഗത്ത് ഓരോ മാസവും മാതൃകാ അവതരണങ്ങൾ നൽകാറുണ്ട്. പഴയ മാസികകളോ ഇതരഭാഷകളിലുള്ള വ്യത്യസ്ത ലക്കങ്ങളോ നിങ്ങളുടെ കൈവശം കണ്ടേക്കാമെങ്കിലും, പുതിയ മാസികകൾ വിശേഷവത്കരിക്കാനും നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ ഒഴുക്കോടെ പറയാനും ലക്ഷ്യംവെക്കുക.
◼ വീക്ഷാഗോപുരം, ഉണരുക! മാസികകൾ സമർപ്പിക്കാൻ എപ്പോഴും സജ്ജരായിരിക്കുക: യാത്രയിലായിരിക്കുമ്പോഴോ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴോ ഈ മാസികകൾ കൂടെ കരുതുക. സഹപ്രവർത്തകർ, അയൽക്കാർ, സഹപാഠികൾ, അധ്യാപകർ എന്നിവരോടൊക്കെ സംസാരിക്കുമ്പോൾ അവ സമർപ്പിക്കുക.
4 സഭാമൂപ്പന്മാർക്ക് എങ്ങനെ സഹായിക്കാനാകും?
◼ മാസികാ പ്രവർത്തനം പട്ടികപ്പെടുത്തുക: പ്രദേശത്തിന്റെ എല്ലാ ഭാഗത്തും പ്രായോഗിക ക്രമീകരണങ്ങൾ ചെയ്യുകവഴി ഈ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള പ്രോത്സാഹനം എല്ലാവർക്കും ലഭിക്കും.
◼ ഇടയസന്ദർശനങ്ങളിലൂടെ സഹായം: ലളിതമായ മാസികാവതരണങ്ങൾ തയ്യാറായി പരിശീലിക്കാൻ പതിവ് ഇടയസന്ദർശന വേളകളിൽ പുസ്തകാധ്യയന മേൽവിചാരകന്മാർക്ക് കുടുംബങ്ങളെ സഹായിക്കാവുന്നതാണ്. പല പ്രസാധകരും ശുശ്രൂഷയിൽ സംസാരിച്ചുതുടങ്ങിയതുതന്നെ നന്നായി പരിശീലിച്ച ഒരു മാസികാവതരണത്തിലൂടെയാണ്.
◼ വയൽസേവന യോഗങ്ങൾ ക്രമീകരിക്കുക: വയലിലേക്കു പോകുന്നതിനു മുമ്പായി കൂട്ടത്തോടൊപ്പം പുതിയ അവതരണങ്ങൾ പരിചിന്തിക്കാൻ മാസികാ ദിനത്തിൽ 10 മുതൽ 15 വരെ മിനിട്ട് ചെലവഴിക്കുക.
◼ പ്രസാധകരോടൊപ്പം വയലിൽ പ്രവർത്തിക്കുക: അങ്ങനെ ചെയ്യുന്നത് മാസികകൾ ഫലകരമായി സമർപ്പിക്കേണ്ടത് എങ്ങനെയെന്ന് അവതരിപ്പിച്ചുകാണിക്കാനും പുതിയ പ്രസാധകരെ പരിശീലിപ്പിക്കാനും ഉള്ള അവസരം പ്രദാനം ചെയ്യുന്നു.
5 ഇനിയും കോടിക്കണക്കിന് ആളുകൾ സുവാർത്ത കേൾക്കാനുണ്ട്. ഒരൊറ്റ മാസികയിലെ വിവരങ്ങളായിരിക്കാം അവരെ സത്യത്തിലേക്കു നയിക്കുന്നത്! ഘോഷിക്കാനായി യഹോവ പുളകപ്രദമായ ഒരു സന്ദേശമാണു നമുക്ക് നൽകിയിരിക്കുന്നത്. അത് മറ്റുള്ളവരുടെ പക്കൽ എത്തിക്കുന്നതിൽ നമ്മുടെ മാസികകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. മാസികകൾ സമർപ്പിക്കുന്നതിൽ നിങ്ങൾ ഇനിമുതൽ ഏറെ ശ്രദ്ധ നൽകുമോ? ഈ വാരാന്തത്തിൽത്തന്നെ ഈ നിർദേശങ്ങളിൽ ചിലതു നിങ്ങൾ ബാധകമാക്കുമോ? എങ്കിൽ, നിങ്ങൾക്ക് സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കും.