കുടുംബപ്പട്ടിക—കുടുംബം ഒത്തൊരുമിച്ചുള്ള വയൽസേവനം
1 കുട്ടികൾ യഹോവയുടെ നാമത്തിനു സ്തുതി കരേറ്റുന്നതു കാണുമ്പോൾ അവന്റെ ഹൃദയം സന്തോഷിക്കുന്നു. (സങ്കീ. 148:12, 13) യേശുവിന്റെ കാലത്ത് “ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു”പോലും യഹോവയ്ക്കു സ്തുതി ഉയർന്നു. (മത്താ. 21:15, 16) ഇന്നും അതുതന്നെ സംഭവിക്കുന്നു. മാതാപിതാക്കളേ, ക്രിസ്തീയ ശുശ്രൂഷയിൽ തീക്ഷ്ണതയോടെ യഹോവയെ സ്തുതിക്കുന്നവരാകാൻ നിങ്ങൾക്കു മക്കളെ എങ്ങനെ സഹായിക്കാൻ കഴിയും? സഭായോഗങ്ങളെപ്പറ്റി മുമ്പു പരിചിന്തിച്ച ലേഖനത്തിൽ ഊന്നിപ്പറഞ്ഞതുപോലെതന്നെ ഇവിടെയും നിങ്ങളുടെ മാതൃകയാണു മുഖ്യഘടകം. ഒരു പിതാവ് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പറയുന്നതുപോലെ കുട്ടികൾ ചെയ്യില്ല, മറിച്ച് നിങ്ങൾ ചെയ്യുന്നതുപോലെയാണു ചെയ്യുക!” മിക്ക മാതാപിതാക്കളും ഇതിനോടു യോജിക്കും.
2 ദൈവഭക്തരായ മാതാപിതാക്കളാൽ വളർത്തപ്പെട്ട ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “ഏതെങ്കിലും ഒരു ശനിയാഴ്ച രാവിലെ ഇന്നു ശുശ്രൂഷയ്ക്കു പോകുന്നുണ്ടോ എന്നു ഞങ്ങളൊരിക്കലും ചോദിച്ചിട്ടില്ല. പോകുന്നുണ്ടെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു.” സമാനമായി, ആഴ്ചതോറും കുടുംബം ഒത്തൊരുമിച്ചു വയൽശുശ്രൂഷയിൽ ക്രമമായി പങ്കെടുക്കാൻ സമയം പട്ടികപ്പെടുത്തിക്കൊണ്ട് പ്രസംഗവേലയുടെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ ഉൾനടാൻ നിങ്ങൾക്കു കഴിയും. ഇത് നിങ്ങളെ കണ്ടുപഠിക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നതിനു പുറമേ, അവരുടെ മനോഭാവം, പെരുമാറ്റരീതി, അവർ വളർത്തിയെടുക്കുന്ന കഴിവുകൾ എന്നിവ നിരീക്ഷിക്കാൻ നിങ്ങൾക്കും അവസരമേകും.
3 പടിപടിയായുള്ള പരിശീലനം: കുട്ടികൾ ശുശ്രൂഷ ആസ്വദിക്കണമെങ്കിൽ അതിൽ ഫലപ്രദമായി പങ്കുപറ്റാൻ അവർ സജ്ജരായിരിക്കണം. മുമ്പ് ഉദ്ധരിച്ച സഹോദരി തുടരുന്നു: “മാതാപിതാക്കളെ അവരുടെ വേലയിൽ മനസ്സില്ലാമനസ്സോടെ അനുഗമിക്കുന്നവരായിരുന്നില്ല ഞങ്ങൾ. കോളിങ് ബെല്ലടിക്കുകയോ ഒരു ലഘുലേഖ കൊടുക്കുകയോ മാത്രമാണു ചെയ്തിരുന്നതെങ്കിൽപ്പോലും ഞങ്ങൾക്ക് ഒരു പങ്കുണ്ടായിരുന്നെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. ഓരോ വാരാന്തങ്ങൾക്കുംമുമ്പ് ശ്രദ്ധാപൂർവം തയ്യാറായിരുന്നതിനാൽ എന്തു പറയണമെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു.” ശുശ്രൂഷയിൽ പങ്കെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് നിങ്ങൾക്കും ഓരോ ആഴ്ചയിലും ഏതാനും മിനിട്ടുകൾ ചെലവഴിക്കാവുന്നതാണ്. അത് കുടുംബാധ്യയനത്തിൽവെച്ചോ മറ്റൊരു സമയത്തോ ആകാം.
4 കുടുംബം ഒത്തൊരുമിച്ചുള്ള ശുശ്രൂഷ, കുട്ടികളുടെ മനസ്സിൽ സത്യം ഉൾനടുന്നതിനുള്ള കൂടുതലായ അവസരങ്ങൾ നിങ്ങൾക്കു തരുന്നു. ഒരു ക്രിസ്തീയ പിതാവ് അടുത്ത താഴ്വരയിലുള്ള ഗ്രാമവാസികൾക്കു ലഘുലേഖ വിതരണം ചെയ്യാൻ പോകുമ്പോൾ തന്റെ മകളെയും കൂടെക്കൊണ്ടുപോയിരുന്നു. അങ്ങോട്ടുമിങ്ങോട്ടും പത്തുകിലോമീറ്റർ വീതം അവർക്കു നടക്കേണ്ടിയിരുന്നു. “ആ നടത്തത്തിനിടയിലാണ്, ഡാഡി എന്റെ ഹൃദയത്തിൽ സത്യം ഉൾനട്ടത്” എന്ന് ആ മകൾ സ്നേഹപുരസ്സരം അനുസ്മരിച്ചു. (ആവ. 6:7) വാരംതോറുമുള്ള വയൽശുശ്രൂഷ നിങ്ങളുടെ കുടുംബപ്പട്ടികയുടെ ഭാഗമാക്കുമ്പോൾ നിങ്ങൾക്കും അത്തരം അനുഗ്രഹങ്ങൾ ലഭിക്കുമാറാകട്ടെ.