യഹോവയെ സ്തുതിക്കാൻ മക്കളെ പഠിപ്പിക്കുക
1. കുട്ടികൾക്ക് യഹോവയെ സ്തുതിക്കാൻ കഴിയുമോ?
1 സങ്കീർത്തനം 148:12, 13 “യഹോവയുടെ നാമത്തെ സ്തുതി”ക്കാൻ ബാലന്മാരെയും ബാലികമാരെയും പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ ചെയ്തതിന്റെ അനേകം ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, “ശമൂവേൽ . . . യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു” എന്നു നാം വായിക്കുന്നു. (1 ശമൂ. 2:18) നയമാന്റെ കുഷ്ഠം ഭേദമാക്കാൻ ഇസ്രായേലിലെ യഹോവയുടെ പ്രവാചകനു കഴിയുമെന്ന് നയമാന്റെ ഭാര്യയോടു പറഞ്ഞത് “ഒരു ചെറിയ പെൺകുട്ടി” ആയിരുന്നു. (2 രാജാ. 5:1-3) യേശു ആലയത്തിൽ പ്രവേശിച്ച് അത്ഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ “ദാവീദ്പുത്രന്നു ഹോശന്നാ” എന്ന് ആർത്തുവിളിച്ചത് ‘ബാലന്മാർ’ ആയിരുന്നു. (മത്താ. 21:15) യഹോവയെ സ്തുതിക്കാൻ മാതാപിതാക്കൾക്കു മക്കളെ എങ്ങനെ പഠിപ്പിക്കാം?
2. മാതാപിതാക്കൾ മക്കൾക്കു നല്ല മാതൃക വെക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
2 മാതൃക: ഇസ്രായേലിലെ ഓരോ പിതാവും തിരുവെഴുത്തുസത്യം മക്കൾക്ക് ഉപദേശിച്ചുകൊടുക്കേണ്ടിയിരുന്നു. എന്നാൽ കുടുംബനാഥന്മാരെന്ന നിലയിൽ ആദ്യം അവർതന്നെ യഹോവയെ സ്നേഹിക്കണമെന്നും അവന്റെ കൽപ്പനകൾ അവരുടെ ഹൃദയത്തിൽ ഉണ്ടായിരിക്കണമെന്നും യഹോവ നിർദേശിച്ചിരുന്നു. (ആവ. 6:5-9) നിങ്ങൾ ശുശ്രൂഷയെക്കുറിച്ചു ക്രിയാത്മകമായി സംസാരിക്കുകയും ശുശ്രൂഷയിലേർപ്പെടുന്നതു പ്രതിവാര പട്ടികയുടെ ഭാഗമാക്കുകയും ചെയ്യുന്നെങ്കിൽ മക്കൾ ശുശ്രൂഷയെ പ്രാധാന്യമർഹിക്കുന്നതും ആസ്വാദ്യവുമായി വീക്ഷിക്കാൻ പ്രേരിതരായിത്തീരും.
3. മാതാപിതാക്കളുടെ മാതൃക ഒരു സഹോദരിയിൽ എന്തു ഫലമുളവാക്കി?
3 ഒരു സഹോദരി സന്തോഷപൂർവം പറയുന്നു: “എന്റെ കുട്ടിക്കാലത്ത് വാരാന്ത്യ വയൽസേവനം ഞങ്ങളുടെ കുടുംബത്തിന്റെ പ്രതിവാര പട്ടികയുടെ ഭാഗമായിരുന്നു. എന്റെ മാതാപിതാക്കൾ പ്രസംഗവേല ശരിക്ക് ആസ്വദിച്ചിരുന്നതായി എനിക്കു കാണാൻ കഴിഞ്ഞു. ശുശ്രൂഷയിലേർപ്പെടുന്നതു രസകരമായ അനുഭവമായി വീക്ഷിച്ചുകൊണ്ടാണു ഞങ്ങൾ വളർന്നുവന്നത്.” ഈ സഹോദരി ഏഴാം വയസ്സിൽ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധികയായി, 32-ലധികം വർഷമായി മുഴുസമയ സേവനത്തിലുമാണ്.
4. മക്കളെ ക്രമാനുഗതമായി പരിശീലിപ്പിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
4 ക്രമാനുഗതമായ പരിശീലനം: നിങ്ങൾ ശുശ്രൂഷയിലേർപ്പെടുമ്പോൾ മക്കളെയും അതിൽ ഉൾപ്പെടുത്തുക. ഡോർബെൽ അടിക്കുക, വീട്ടുകാരനു ലഘുലേഖ നൽകുക, ഒരു തിരുവെഴുത്തു വായിക്കുക എന്നീ കാര്യങ്ങൾ ഒരുപക്ഷേ അവർക്കു ചെയ്യാനാകും. ഇത് ശുശ്രൂഷ കൂടുതൽ രസകരമാക്കിത്തീർക്കുന്നതിനും പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ ആത്മധൈര്യം നേടുന്നതിനും അവരെ സഹായിക്കും. മുതിർന്നുവരവേ ശുശ്രൂഷയിലുള്ള അവരുടെ പങ്കു വർധിക്കണം. അതുകൊണ്ട്, പുരോഗതി വരുത്താനും ആത്മീയ ലക്ഷ്യങ്ങളെക്കുറിച്ചു ചിന്തിക്കാനും അവരെ സഹായിക്കുക.
5. ഒരു കുട്ടിക്ക് സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകനായിത്തീരാനുള്ള യോഗ്യത പ്രാപിക്കാൻ എങ്ങനെ കഴിയും?
5 മക്കൾ സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകരാകാൻ യോഗ്യത പ്രാപിച്ചെന്നു നിങ്ങൾക്കു തോന്നുകയും ഒപ്പം അവർതന്നെ അത്തരമൊരു ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്താലുടൻ മൂപ്പന്മാരോടു സംസാരിക്കുക. ഒരു പ്രസാധകനായിത്തീരുന്നത് യഹോവയെ സ്തുതിക്കാനുള്ള വ്യക്തിപരമായ ഉത്തരവാദിത്വത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കും. ഒരു കുട്ടിക്ക് യോഗ്യത പ്രാപിക്കാൻ സ്നാപനമേറ്റ മുതിർന്നവരുടെ അത്രയും അറിവ് ആവശ്യമില്ലെന്ന കാര്യം മനസ്സിൽപ്പിടിക്കുക. അടിസ്ഥാന ബൈബിൾ ഉപദേശങ്ങൾ കുട്ടിക്ക് അറിയാമോ? ബൈബിളിന്റെ ധാർമിക നിലവാരങ്ങളോട് അവൻ പറ്റിനിൽക്കുന്നുവോ? ശുശ്രൂഷയിൽ ഏർപ്പെടാനും യഹോവയുടെ സാക്ഷിയായി തിരിച്ചറിയപ്പെടാനും അവൻ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ അവൻ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനാകാൻ യോഗ്യനാണെന്നു മൂപ്പന്മാർ തീരുമാനിച്ചേക്കാം.—യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ, പേജ് 79-82 കാണുക.
6. മക്കളെ പരിശീലിപ്പിക്കുന്നത് മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
6 ഹൃദയപൂർവം യഹോവയെ സ്തുതിക്കാൻ മക്കളെ പരിശീലിപ്പിക്കുന്നതിനു നല്ല ശ്രമം ആവശ്യമാണ്. മക്കൾ ആത്മീയ പുരോഗതി കൈവരിക്കുന്നതു കാണുന്നതിനെക്കാൾ സന്തോഷം നൽകുന്ന ചുരുക്കംചില കാര്യങ്ങളേ മാതാപിതാക്കളുടെ ജീവിതത്തിൽ ഉണ്ടാകാറുള്ളൂ. അതിലുപരിയായി, കുട്ടികൾ തന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ചു ഘോഷിക്കുന്നത് യഹോവയെയും സംപ്രീതനാക്കുന്നു.