‘ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിക്കുക’
1 സ്കൂളിലോ ജോലിസ്ഥലത്തോ വിശ്വാസത്തെക്കുറിച്ചു പറയാൻ അവസരം ലഭിക്കുമ്പോൾ നിങ്ങൾ ചിലപ്പോൾ മടിച്ചുനിൽക്കാറുണ്ടോ? ബന്ധുക്കളോടും അയൽക്കാരോടും അപരിചിതരോടും അനൗപചാരികമായി സാക്ഷീകരിക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായി നിങ്ങൾക്കു തോന്നാറുണ്ടോ? ഉചിതമായ ഏത് അവസരത്തിലും “ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാൻ” നമ്മെയെല്ലാം എന്തു സഹായിക്കും?—ഫിലി. 1:14.
2 മടിച്ചുനിൽക്കരുത്: നിങ്ങളുടെ ഉറ്റ സുഹൃത്തിനെയോ ബന്ധുവിനെയോ കുറിച്ച് ആരെങ്കിലും വ്യാജാരോപണം ഉന്നയിച്ചാൽ നിങ്ങൾ മിണ്ടാതിരിക്കുമോ? നൂറ്റാണ്ടുകളായി, നമ്മുടെ ഉറ്റ സുഹൃത്തായ യഹോവയെ തികച്ചും നിന്ദ്യമായി ചിത്രീകരിച്ചിരിക്കുന്നു. നമ്മുടെ മഹാ ദൈവത്തെക്കുറിച്ചു സാക്ഷ്യം നൽകുക എന്ന വിശിഷ്ട പദവി നമുക്കുണ്ട്! (യെശ. 43:10-12) യഹോവയോടുള്ള ഉറ്റ സ്നേഹം ധൈര്യപൂർവം സാക്ഷീകരിക്കാൻ നമ്മെ സഹായിക്കും; മറ്റുള്ളവർ എന്തു കരുതുമെന്നോർത്തോ ഭയം നിമിത്തമോ നാം മടിച്ചുനിൽക്കുകയില്ല.—പ്രവൃ. 4:26, 29, 31.
3 നമ്മുടെ സന്ദേശം സുവാർത്തയാണെന്ന് ഓർക്കുക. അതിനു ചെവികൊടുക്കുന്നവർക്ക് അത് ശാശ്വത പ്രയോജനങ്ങൾ കൈവരുത്തും. നമ്മിലോ നമ്മുടെ എതിരാളികളിലോ ശ്രദ്ധ പതിപ്പിക്കുന്നതിനു പകരം പ്രസംഗവേലയുടെ പ്രാധാന്യത്തെ മനസ്സിൽ അടുപ്പിച്ചു നിറുത്തുന്നത് സധൈര്യം പ്രസംഗിക്കാൻ നമുക്കു പ്രചോദനമേകും.
4 നല്ല മാതൃകകൾ: ദൈവവചനം നിർഭയം പ്രസംഗിച്ച മറ്റു വിശ്വസ്തരുടെ ജീവിതഗതി പരിചിന്തിക്കുന്നതിൽനിന്നു നമുക്ക് ശക്തി ആർജിക്കാനാകും. ഉദാഹരണത്തിന്, ഹാനോക്ക് ഭക്തികെട്ട പാപികൾക്കെതിരെയുള്ള യഹോവയുടെ ന്യായവിധി ധൈര്യപൂർവം പ്രസ്താവിച്ചു. (യൂദാ 14, 15) നിസ്സംഗതാ മനോഭാവമുണ്ടായിരുന്നവരോട് നോഹ വിശ്വസ്തതയോടെ പ്രസംഗിച്ചു. (മത്താ. 24:37-39) “പഠിപ്പില്ലാത്തവരും സാമാന്യരുമായ” ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ശക്തമായ എതിർപ്പിന്മധ്യേയും തങ്ങളുടെ പ്രസംഗവേല തുടർന്നു. (പ്രവൃ. 4:13, 18-20) യഹോവയിലുള്ള വിശ്വാസത്താൽ മാനുഷ ഭയം തരണംചെയ്ത് തീക്ഷ്ണ രാജ്യഘോഷകരായിത്തീർന്ന ആധുനികകാലത്തെ അനേകരുടെ ജീവചരിത്രം വീക്ഷാഗോപുരത്തിലും ഉണരുക!യിലും കാണാനാകും.
5 ദുഷ്കരമായ സാഹചര്യങ്ങളെ നേരിട്ട പുരാതനകാലത്തെ വിശ്വസ്ത ദാസരുടെ ജീവിതഗതി പരിചിന്തിക്കുന്നതിലൂടെ നമുക്കു ധൈര്യം ആർജിക്കാൻ കഴിയും. (1 രാജാ. 19:2, 3; മർക്കൊ. 14:66-71) അവർ ‘ദൈവത്തിൽ ധൈര്യപ്പെട്ട്’ നിർഭയം സംസാരിച്ചു. നമുക്കും അതിനു സാധിക്കും.—1 തെസ്സ. 2:2.