എല്ലാത്തരത്തിലുമുള്ള ആളുകൾ രക്ഷിക്കപ്പെടും
1. ദൈവമുമ്പാകെയുള്ള നമ്മുടെ നില എന്തിനെ ആശ്രയിച്ചിരിക്കുന്നു?
1 ദൈവത്തിന്റെ അനർഹദയ രക്ഷയ്ക്കുള്ള വഴി തുറന്നിരിക്കുന്നു. “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” യഹോവ ആഗ്രഹിക്കുന്നു. (1 തിമൊ. 2:3, 4) യേശുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് യഹോവയുടെ മുമ്പാകെയുള്ള നമ്മുടെ നില നിർണയിക്കപ്പെടുന്നത്, അല്ലാതെ ഭാഷ, സമ്പത്ത്, പ്രാപ്തികൾ, രൂപഭംഗി എന്നിവയുടെയൊന്നും അടിസ്ഥാനത്തിലല്ല. (യോഹ. 3:16, 36) ദൈവത്തിന്റെ കൂട്ടുവേലക്കാരെന്ന നിലയിൽ, യഹോവയ്ക്കു സ്വീകാര്യരായ ആളുകളെ തള്ളിക്കളയാൻ നമ്മെ പ്രേരിപ്പിച്ചേക്കാവുന്ന പക്ഷാപാതപരമായ ഏതൊരു ചിന്താഗതിയും നീക്കി നാം നമ്മെത്തന്നെ വെടിപ്പാക്കണം.
2, 3. പുറമേ കാണുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളെ വിധിക്കാതിരിക്കാൻ നമ്മെ എന്തു സഹായിക്കും?
2 മുൻവിധി ഒഴിവാക്കുക: മുഖപക്ഷമോ ദ്രോഹബുദ്ധിയോ കൂടാതെ ആളുകളുടെ ഹൃദയത്തെയാണ് യഹോവ നോക്കുന്നത്. (1 ശമൂ. 16:7) അവരുടെ ഭാവി സാധ്യതകൾ എന്താണെന്നും അവൻ വിലയിരുത്തുന്നു. അതെ, അവനെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവന്റെ ദൃഷ്ടിയിൽ മനോഹരവും അഭികാമ്യവുമാണ്. (ഹഗ്ഗാ. 2:7) ഇതേ രീതിയിലാണോ നാം മറ്റുള്ളവരെ വീക്ഷിക്കുന്നത്?
3 നാം ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ചിലരുടെ വേഷവിധാനം നമ്മെ ഞെട്ടിച്ചേക്കാം. കീറിപ്പറിഞ്ഞതോ മാന്യമല്ലാത്തതോ ആയ വസ്ത്രങ്ങൾ ധരിച്ചവരോ ദീക്ഷ നീട്ടിയവരോ ഒക്കെ ആയിരിക്കാം അവർ. ചിലരാണെങ്കിൽ തീരെ ദരിദ്രരോ ഭവനരഹിതരോ ആയിരിക്കാം. മറ്റു ചിലർ നമ്മോടു പരുഷമായി ഇടപെട്ടേക്കാം. യഹോവയുടെ ആരാധകർ ആയിത്തീരാൻ യാതൊരു സാധ്യതയും ഇല്ലാത്തവർ എന്ന് എഴുതിത്തള്ളുന്നതിനു പകരം ഒരു ക്രിയാത്മക മനോഭാവത്തോടെ നാം അവരെ വീക്ഷിക്കണം. എന്തെന്നാൽ, “മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും” ആയിരുന്നല്ലോ. (തീത്തൊ. 3:3) ഇതു മനസ്സിൽപ്പിടിക്കുന്നപക്ഷം എല്ലാവരോടും, രക്ഷിക്കപ്പെടാൻ അയോഗ്യരെന്നു കാഴ്ചയ്ക്കു തോന്നിയേക്കാവുന്നരോടുപോലും, പ്രസംഗിക്കാൻ നാം ഉത്സുകരായിരിക്കും.
4, 5. യേശുവിന്റെയും പൗലൊസിന്റെയും മാതൃകയിൽനിന്നു നാം എന്തു പഠിക്കുന്നു?
4 മുഖപക്ഷമില്ലാത്ത നമ്മുടെ ദൈവത്തെ അനുകരിക്കുക: പ്രതീക്ഷയ്ക്കു വകയില്ലെന്ന് ആളുകൾ വിധിയെഴുതിയവരെ സഹായിക്കാൻ യേശുക്രിസ്തു സമയം ചെലവഴിച്ചു. (ലൂക്കൊ. 8:26-39) അവൻ ഒരിക്കലും ദുഷ്പ്രവൃത്തിക്ക് അംഗീകാരമരുളിയില്ലെങ്കിലും ആളുകൾ തെറ്റായ ജീവിതഗതിയിൽ അകപ്പെട്ടുപോകാൻ സാധ്യതയുണ്ടെന്ന് അവന് അറിയാമായിരുന്നു. (ലൂക്കൊ. 7:37, 38, 44-48) അതുകൊണ്ട് അവൻ അവരോട് അനുകമ്പ കാണിച്ചു; “അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു.” (മർക്കൊ. 6:34) നമുക്ക് യേശുവിന്റെ മാതൃക അനുകരിക്കാനാകുമോ?
5 അപ്പൊസ്തലനായ പൗലൊസിന് കല്ലേറ്, അടി, തടവ് എന്നിങ്ങനെയുള്ള കയ്പേറിയ അനുഭവങ്ങൾ ഉണ്ടായി. (പ്രവൃ. 14:19; 16:22, 23) എന്നാൽ അവൻ നീരസപ്പെട്ടുകൊണ്ട്, ഈ ജനതകളുടെയും വംശീയ കൂട്ടങ്ങളുടെയും ഇടയിൽ താൻ വെറുതെ സമയം പാഴാക്കുകയാണെന്നു നിഗമനംചെയ്തോ? ഒരിക്കലുമില്ല. ആത്മാർഥ ഹൃദയരായവരെ എല്ലാത്തരത്തിലുമുള്ള ആളുകളുടെ ഇടയിൽ കണ്ടെത്താനാകുമെന്ന് അവന് അറിയാമായിരുന്നു, അവരെ കണ്ടെത്തുക എന്നതായിരുന്നു അവന്റെ ദൃഢനിശ്ചയം. നമ്മുടെ പ്രദേശത്തെ, പല പശ്ചാത്തലത്തിലും സംസ്കാരത്തിലുംനിന്നുള്ള ആളുകളോട് നമുക്ക് ഇതേ മനോഭാവമാണോ ഉള്ളത്?
6. മുഖപക്ഷമില്ലാത്ത നമ്മുടെ ദൈവത്തെ എങ്ങനെ അനുകരിക്കാം?
6 മുഖപക്ഷമില്ലാത്ത നമ്മുടെ ദൈവത്തെ അനുകരിച്ചുകൊണ്ട് അവന്റെ അനർഹദയയിൽനിന്നു പ്രയോജനം അനുഭവിക്കാൻ നമുക്ക് എല്ലാവരെയും ക്ഷണിക്കാം.