ഭാഗം 7
യേശു ഉയിർപ്പിക്കപ്പെടുന്നതുമുതൽ പൗലൊസിനെ തടവിലാക്കുന്നതുവരെ
മരിച്ചു മൂന്നു ദിവസം കഴിഞ്ഞ് യേശു ഉയിർപ്പിക്കപ്പെടുന്നു. അന്ന് അവൻ വ്യത്യസ്ത സമയങ്ങളിലായി അഞ്ചു പ്രാവശ്യം തന്റെ അനുയായികൾക്കു പ്രത്യക്ഷപ്പെട്ടു. അടുത്ത 40 ദിവസത്തിനിടയിൽ പല പ്രാവശ്യം യേശു അവർക്കു പ്രത്യക്ഷനായി. പിന്നീട് തന്റെ ശിഷ്യന്മാരിൽ ചിലർ നോക്കിനിൽക്കെ അവൻ സ്വർഗത്തിലേക്കു പോയി. പത്തു ദിവസം കഴിഞ്ഞ്, യെരൂശലേമിൽ കാത്തിരിക്കുകയായിരുന്ന യേശുവിന്റെ അനുഗാമികൾക്കു ദൈവം പരിശുദ്ധാത്മാവിനെ നൽകി.
പിന്നീട്, ദൈവത്തിന്റെ ശത്രുക്കൾ അപ്പൊസ്തലന്മാരെ തടവിലാക്കി; എന്നാൽ ഒരു ദൂതൻ അവരെ വിടുവിച്ചു. ശിഷ്യനായ സ്തെഫാനൊസിനെ എതിരാളികൾ കല്ലെറിഞ്ഞു കൊന്നു. എന്നാൽ ഈ എതിരാളികളിൽ ഒരുവനെ യേശു തന്റെ പ്രത്യേക ദാസനായി തിരഞ്ഞെടുത്തത് എങ്ങനെയെന്ന് നാം കാണും; അവൻ അപ്പൊസ്തലനായ പൗലൊസ് ആയിത്തീർന്നു. യേശു മരിച്ച് മൂന്നര വർഷം കഴിഞ്ഞ് ദൈവം അപ്പൊസ്തലനായ പത്രൊസിനെ യഹൂദൻ അല്ലാത്ത കൊർന്നേല്യൊസിനോടും അവന്റെ കുടുംബത്തോടും പ്രസംഗിക്കാനായി അയച്ചു.
ഏതാണ്ട് 13 വർഷം കഴിഞ്ഞ് പൗലൊസ് സുവാർത്ത പ്രസംഗിക്കുന്നതിനുള്ള തന്റെ ഒന്നാമത്തെ പര്യടനം ആരംഭിച്ചു. അവന്റെ രണ്ടാം യാത്രയിൽ തിമൊഥെയൊസും അവനോടൊപ്പം പോയി. പൗലൊസിനും അവന്റെ യാത്രകളിൽ കൂടെ പോയവർക്കും ദൈവസേവനത്തിൽ ആവേശകരമായ അനേകം അനുഭവങ്ങൾ ഉണ്ടായതിനെക്കുറിച്ചു നാം പഠിക്കുന്നു. ഒടുവിൽ പൗലൊസ് റോമിൽ തടവിലാക്കപ്പെട്ടു. രണ്ടു വർഷം കഴിഞ്ഞ് അവൻ സ്വതന്ത്രനായി. എങ്കിലും അവൻ വീണ്ടും തടവിലാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. 7-ാം ഭാഗത്തിലെ സംഭവങ്ങൾ ഏതാണ്ടു 32 വർഷത്തിനിടയിൽ നടന്നവയാണ്.