അധ്യായം എട്ട്
നശീകരണ സ്വാധീനങ്ങളിൽനിന്നു നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക
1-3. (എ) കുടുംബത്തിനു ഭീഷണിയായിട്ടുള്ള നശീകരണ സ്വാധീനങ്ങൾ വരുന്നത് ഏതെല്ലാം ഉറവുകളിൽനിന്നാണ്? (ബി) തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിൽ മാതാപിതാക്കൾക്ക് എന്തു സമനില ആവശ്യമാണ്?
നിങ്ങൾ നിങ്ങളുടെ കൊച്ചുകുട്ടിയെ സ്കൂളിലേക്ക് അയയ്ക്കാൻ പോകുകയാണ്. കോരിച്ചൊരിയുന്ന മഴ. അത്തരമൊരു സ്ഥിതിവിശേഷം നിങ്ങളെങ്ങനെ കൈകാര്യം ചെയ്യും? ഒരു മഴക്കോട്ട് ഇല്ലാതെ വീട്ടിൽനിന്ന് ഇറങ്ങി ഓടാൻ നിങ്ങൾ അവനെ അനുവദിക്കുമോ? അല്ലെങ്കിൽ അനങ്ങാനാവാത്ത വിധം, സംരക്ഷണാർഥം കുറെ തുണികൾ അവന്റെമേൽ ചുറ്റിക്കെട്ടുമോ? തീർച്ചയായും ഈ രണ്ടു സംഗതികളും നിങ്ങൾ ചെയ്യില്ല. നനയാതിരിക്കാൻ വേണ്ടുന്നതുമാത്രം നിങ്ങൾ അവനു നൽകും.
2 സമാനമായ ഒരു വിധത്തിൽ, വിനോദ വ്യവസായം, മാധ്യമങ്ങൾ, സമപ്രായക്കാർ, ചിലയവസരങ്ങളിൽ സ്കൂളുകൾ എന്നിങ്ങനെയുള്ള അനേകം ഉറവുകളിൽനിന്നു പെയ്തിറങ്ങുന്ന നശീകരണ സ്വാധീനങ്ങളിൽനിന്നു തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാൻ മാതാപിതാക്കൾ സമനിലയുള്ള ഒരു മാർഗം കണ്ടെത്തണം. തങ്ങളുടെ കുടുംബത്തിനു കവചം സൃഷ്ടിക്കാൻ ചില മാതാപിതാക്കൾ തീരെ കുറച്ചേ പ്രവർത്തിക്കാറുള്ളൂ, അല്ലെങ്കിൽ ഒട്ടുംതന്നെ പ്രവർത്തിക്കുന്നില്ല. മറ്റുള്ളവരാണെങ്കിലോ, പുറമേയുള്ള മിക്കവാറും എല്ലാ സ്വാധീനങ്ങളെയും ദോഷകരമായി വീക്ഷിച്ച്, കുട്ടികൾക്കു ശ്വാസംമുട്ട് അനുഭവപ്പെടുമാറ് അങ്ങേയറ്റം കർശനമായി ഇടപെടുന്നു. ഒരു സമനില സാധ്യമാണോ?
3 അതേ, സാധ്യമാണ്. അതിരുകടന്ന നിലപാടിലായിരിക്കുന്നതു ഫലപ്രദമല്ല, അതിനു ദുരന്തം ക്ഷണിച്ചുവരുത്താൻ കഴിയും. (സഭാപ്രസംഗി 7:16, 17) എന്നാൽ തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിൽ ക്രിസ്തീയ മാതാപിതാക്കൾ ശരിയായ സമനില കണ്ടെത്തുന്നതെങ്ങനെ? മൂന്നു മേഖലകൾ പരിചിന്തിക്കുക: വിദ്യാഭ്യാസം, സഹവാസം, വിനോദം.
നിങ്ങളുടെ കുട്ടികളെ ആർ പഠിപ്പിക്കും?
4. വിദ്യാഭ്യാസത്തെ ക്രിസ്തീയ മാതാപിതാക്കൾ എങ്ങനെ വീക്ഷിക്കണം?
4 ക്രിസ്തീയ മാതാപിതാക്കൾ വിദ്യാഭ്യാസത്തിനു വളരെ വലിയ മൂല്യം കൽപ്പിക്കുന്നു. വായിക്കാനും എഴുതാനും ആശയവിനിയമം ചെയ്യാനും, കൂടാതെ പ്രശ്നങ്ങൾ പരിഹരിക്കാനും സ്കൂൾവിദ്യാഭ്യാസം കുട്ടികളെ സഹായിക്കുന്നുവെന്ന് അവർക്കറിയാം. എങ്ങനെ പഠിക്കണമെന്നും അത് അവരെ പഠിപ്പിക്കേണ്ടതാണ്. ഇന്നത്തെ ലോകത്തിൽ വെല്ലുവിളികൾ ഉണ്ടെങ്കിലും, കുട്ടികൾ സ്കൂളിൽനിന്നു നേടുന്ന വൈദഗ്ധ്യങ്ങൾ അവരെ വിജയിക്കാൻ സഹായിക്കാവുന്നതാണ്. കൂടുതലായി, നല്ല വിദ്യാഭ്യാസം അവരെ ശ്രേഷ്ഠമായ ജോലി ചെയ്യാനും പ്രാപ്തരാക്കിയേക്കാം.—സദൃശവാക്യങ്ങൾ 22:29.
5, 6. സ്കൂളിൽവെച്ചു കുട്ടികൾ ലൈംഗിക സംഗതികളെക്കുറിച്ചുള്ള വികലമായ വിവരങ്ങൾക്കു വിധേയരായേക്കാവുന്നതെങ്ങനെ?
5 എന്നിരുന്നാലും, കുട്ടികളെ മറ്റു കുട്ടികളുമായി ഒരുമിച്ചുകൂട്ടുന്നതും സ്കൂൾതന്നെ. ആ കുട്ടികളിൽ അനേകർക്കും വി കലമായ വീക്ഷണങ്ങളാവും ഉണ്ടായിരിക്കുക. ഉദാഹരണത്തിന്, ലൈംഗികതയെയും ധാർമികതയെയും കുറിച്ചുള്ള അവരുടെ വീക്ഷണം പരിചിന്തിക്കുക. നൈജീരിയയിലെ ഒരു സെക്കണ്ടറി സ്കൂളിൽ, ലൈംഗികമായി വഴിപിഴച്ച ഒരു പെൺകുട്ടി ലൈംഗികതയെക്കുറിച്ചു തന്റെ സഹപാഠികളെ ഉപദേശിക്കുക പതിവായിരുന്നു. അശ്ലീല സാഹിത്യങ്ങളിൽനിന്നു പെറുക്കിക്കൂട്ടിയ അവളുടെ ആശയങ്ങൾ പൂർണമായും അസംബന്ധം ആയിരുന്നിട്ടും, അവർ അവളെ സോത്സാഹം ശ്രദ്ധിച്ചു. ചില പെൺകുട്ടികൾ അവളുടെ ഉപദേശം പരീ ക്ഷിച്ചുനോക്കി. അതിന്റെ ഫലമായി, വിവാഹത്തിനുമുമ്പ് ഒരു പെൺകുട്ടിയെങ്കിലും ഗർഭിണിയാവുകയും സ്വയം ഗർഭച്ഛിദ്രം ചെയ്യാനുള്ള ശ്രമത്തിൽ മരിക്കുകയും ചെയ്തു.
6 സങ്കടകരമെന്നു പറയട്ടെ, സ്കൂളിൽവെച്ചു ലഭിക്കുന്ന തെറ്റായ ലൈംഗിക വിവരങ്ങളിൽ കുറെയൊക്കെ വരുന്നത് കുട്ടികളിൽനിന്നല്ല, അധ്യാപകരിൽനിന്നാണ്. ധാർമിക നിലവാരങ്ങളും ഉത്തരവാദിത്വവും സംബന്ധിച്ചുള്ള വിവരങ്ങൾ കൊടുക്കാതെ സ്കൂളുകളിൽ ലൈംഗികതയെക്കുറിച്ചു പഠിപ്പിക്കുന്നതു കാണുമ്പോൾ അനേകം മാതാപിതാക്കളും അമ്പരന്നുപോകുന്നു. 12 വയസ്സു പ്രായമുള്ള ഒരു പെൺകുട്ടിയുടെ അമ്മ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ പാർക്കുന്നത് വളരെ മതതീക്ഷ്ണതയുള്ള ഒരു യാഥാസ്ഥിതിക മേഖലയിലാണ്. എന്നാൽ പ്രാദേശിക ഹൈസ്കൂളിൽത്തന്നെ അവർ കുട്ടികൾക്കു ഗർഭനിരോധന ഉറകൾ കൊടുക്കുകയാണ്!” തങ്ങളുടെ പുത്രിക്കു സമപ്രായക്കാരായ ആൺകുട്ടികളിൽനിന്നു ലൈംഗിക പ്രേരണകൾ ലഭിക്കുന്നുണ്ടെന്ന് അവരും ഭർത്താവും മനസ്സിലാക്കിയപ്പോൾ അവർ ഉത്കണ്ഠാകുലരായിത്തീർന്നു. അത്തരം തെറ്റായ സ്വാധീനങ്ങളിൽനിന്നു മാതാപിതാക്കൾക്കു തങ്ങളുടെ കുടുംബത്തെ എങ്ങനെ സംരക്ഷിക്കാൻ കഴിയും?
7. തെറ്റായ ലൈംഗിക വിവരങ്ങളെ എങ്ങനെ തടയാൻ കഴിയും?
7 ലൈംഗിക കാര്യങ്ങളെക്കുറിച്ചു യാതൊരു പരാമർശവും കേൾക്കാത്ത വിധത്തിൽ കുട്ടികളെ മറച്ചുനിർത്തുന്നതാണോ ഏറ്റവും നല്ലത്? അല്ല. ലൈംഗികതയെക്കുറിച്ചു നിങ്ങൾതന്നെ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതാണു നല്ലത്. (സദൃശവാക്യങ്ങൾ 5:1) യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും ഭാഗങ്ങളിൽ മാതാപിതാക്കൾ ഈ വിഷയം സംസാരിക്കാതെ ഒഴിഞ്ഞുമാറുന്നുവെന്നതു ശരിതന്നെ. സമാനമായി, ചില ആഫ്രിക്കൻ രാജ്യങ്ങളിൽ, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോട് അപൂർവമായേ ലൈംഗിക കാര്യങ്ങൾ ചർച്ചചെയ്യാറുള്ളൂ. “അങ്ങനെ ചെയ്യുന്നത് ആഫ്രിക്കൻ സംസ്കാരത്തിന്റെ ഭാഗമല്ല” എന്നു സീയെറ ലിയോണയിലെ ഒരു പിതാവ് പറയുന്നു. ലൈംഗികതയെക്കുറിച്ചു കുട്ടികളെ പഠിപ്പിക്കുകയെന്നാൽ അധാർമികതയിൽ ഏർപ്പെടാൻ അവരെ പ്രേരിപ്പിക്കുന്ന ആശയങ്ങൾ കൊടുക്കലാണെന്നു ചില മാതാപിതാക്കൾക്കു തോന്നുന്നു! എന്നാൽ ദൈവത്തിന്റെ വീക്ഷണം എന്താണ്?
ലൈംഗികത സംബന്ധിച്ചു ദൈവത്തിന്റെ വീക്ഷണം
8, 9. ബൈബിളിൽ ലൈംഗിക സംഗതികളെക്കുറിച്ച് എന്ത് ഉത്തമ വിവരം കാണപ്പെടുന്നു?
8 ഉചിതമായ സന്ദർഭത്തിൽ ലൈംഗികതയെക്കുറിച്ചു സംസാരിക്കുന്നതിൽ ലജ്ജിക്കേണ്ടതായി യാതൊന്നുമില്ലെന്നു ബൈബിൾ വ്യക്തമാക്കുന്നു. ഇസ്രായേലിൽ, മോശൈക ന്യായപ്രമാണം ഉറക്കെ വായിച്ചു കേൾക്കേണ്ടതിനു തങ്ങളുടെ “കുട്ടികളു”മായി കൂടിവരാനാണു ദൈവജനതയോടു പറഞ്ഞത്. (ആവർത്തനപുസ്തകം 31:10-12; യോശുവ 8:35) ആർത്തവം, ബീജസ്രാവം, പരസംഗം, വ്യഭിചാരം, സ്വവർഗസംഭോഗം, നിഷിദ്ധബന്ധുസംഗമം, മൃഗവുമായുള്ള ലൈംഗികബന്ധം എന്നിവ ഉൾപ്പെടെയുള്ള പല ലൈംഗിക സംഗതികളും ന്യായപ്രമാണം തുറന്നരീതിയിൽ പരാമർശിച്ചു. (ലേവ്യപുസ്തകം 15:16, 19; 18:6, 22, 23; ആവർത്തനപുസ്തകം 22:22) അത്തരം വായനകൾക്കുശേഷം അന്വേഷണകുതുകികളായ യുവപ്രായക്കാരോടു വിശദീകരിക്കാൻ മാതാപിതാക്കൾക്കു നിസ്സംശയമായും അനേകം സംഗതികൾ ഉണ്ടായിരുന്നു.
9 ലൈംഗിക അധാർമികതയുടെ അപകടങ്ങളെക്കുറിച്ചു സ്നേഹപുരസ്സരമായ മാതൃ-പിതൃനിർവിശേഷ ബുദ്ധ്യുപദേശം നൽകുന്ന ഭാഗങ്ങൾ സദൃശവാക്യങ്ങൾ അഞ്ച്, ആറ്, ഏഴ് എന്നീ അധ്യായങ്ങളിലുണ്ട്. അധാർമികത ചിലപ്പോൾ പ്രലോഭിപ്പിക്കുന്നതായിരുന്നേക്കാമെന്ന് ഈ വാക്യങ്ങൾ പ്രകടമാക്കുന്നു. (സദൃശവാക്യങ്ങൾ 5:3; 6:24, 25; 7:14-21) എന്നാൽ അതു തെറ്റാണെന്നും അതിനു വിപത്കരമായ പ്രത്യാഘാതങ്ങൾ ഉണ്ടെന്നും അവ പഠിപ്പിക്കുന്നു. കൂടാതെ, അധാർമിക വഴികൾ ഒഴിവാക്കാൻ യുവജനങ്ങളെ സഹായിക്കുന്നതിനുള്ള മാർഗനിർദേശവും അവ നൽകുന്നു. (സദൃശവാക്യങ്ങൾ 5:1-14, 21-23; 6:27-35; 7:22-27) അതിലുപരി, വിവാഹത്തിനുള്ളിൽ, ഉചിതമായ പശ്ചാത്തലത്തിലുള്ള ലൈംഗിക സുഖസംതൃപ്തിക്കു നേർവിപരീതമായാണ് അധാർമികതയെക്കുറിച്ചു പറയുന്നത്. (സദൃശവാക്യങ്ങൾ 5:15-20) പഠിപ്പിക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്കു പിൻപറ്റാൻ എന്തൊരു ഉത്തമ മാതൃക!
10. കുട്ടികൾക്കു ലൈംഗികതയെക്കുറിച്ചുള്ള ദൈവിക പരിജ്ഞാനം കൊടുക്കുന്നത് അവരെ അധാർമികതയിൽ ഏർപ്പെടുന്നതിലേക്കു നയിക്കുകയില്ലാത്തത് എന്തുകൊണ്ട്?
10 അത്തരം പഠിപ്പിക്കൽ കുട്ടികളെ അധാർമികതയിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നുണ്ടോ? നേരേമറിച്ച്, ബൈബിൾ ഇങ്ങനെ പഠിപ്പിക്കുന്നു: “നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.” (സദൃശവാക്യങ്ങൾ 11:9) ഈ ലോകത്തിന്റെ സ്വാധീനങ്ങളിൽനിന്നു നിങ്ങളുടെ കുട്ടികളെ രക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? ഒരു പിതാവ് ഇപ്രകാരം പറഞ്ഞു: “കുട്ടികൾ നന്നേ ചെറുപ്പമായിരുന്ന സമയംമുതൽ, ലൈംഗികതയുടെ കാര്യത്തിൽ തികച്ചും തുറന്നു സംസാരിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ, മറ്റു കുട്ടികൾ ലൈംഗികതയെക്കുറിച്ചു സംസാരിക്കുന്നത് അവർ കേൾക്കുമ്പോൾ, അവർക്കു ജിജ്ഞാസയില്ല. അതിൽ വലിയ രഹസ്യമൊന്നുമില്ല.”
11. ജീവിതത്തിലെ സ്വകാര്യ സംഗതികളെക്കുറിച്ചു കുട്ടികളെ ക്രമാനുഗതമായി എങ്ങനെ പഠിപ്പിക്കാനാവും?
11 മുൻ അധ്യായങ്ങളിൽ ശ്രദ്ധിച്ചതുപോലെ, ലൈംഗിക വിദ്യാഭ്യാസം നേരത്തെതന്നെ തുടങ്ങേണ്ടതാണ്. ശരീരാവയവങ്ങളുടെ പേരു പഠിപ്പിക്കുമ്പോൾ, അവരുടെ രഹസ്യ ഭാഗങ്ങൾ, എന്തോ ലജ്ജാകരമാണെന്ന മട്ടിൽ, വിട്ടുകളയരുത്. അവയുടെ ഉചിതമായ പേരുകൾ അവരെ പഠിപ്പിക്കുക. സമയം കടന്നുപോകുന്നതോടെ, സ്വകാര്യതയെയും പരിധികളെയും കുറിച്ചുള്ള പാഠങ്ങൾ അത്യന്താപേക്ഷിതമാണ്. ഈ ശരീരഭാഗങ്ങൾക്കു പ്രത്യേകതയുണ്ട്, പൊതുവേ അവയെ സ്പർശിക്കുകയോ മറ്റുള്ളവർക്കു ദൃശ്യമാക്കുകയോ ചെയ്യരുതെന്നും അവയെക്കുറിച്ച് ഒരിക്കലും മോശമായവിധത്തിൽ ചർച്ചചെയ്യാൻ പാടില്ലെന്നും മാതാപിതാക്കൾ രണ്ടുപേരും കുട്ടികളെ പഠിപ്പിക്കുന്നതാണ് ഏറെ നന്ന്. കുട്ടികൾക്കു പ്രായമേറുന്നതനുസരിച്ച്, ഒരു പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികബന്ധം ഒരു കുട്ടിയെ ഗർഭം ധരിക്കുന്നതിൽ കലാശിക്കുന്നത് എങ്ങനെയെന്നതു സംബന്ധിച്ചു വിവരം അവരെ ധരിപ്പിക്കണം. അവരുടെതന്നെ ശരീരം താരുണ്യത്തിലേക്കു പ്രവേശിക്കുന്നതോടെ, പ്രതീക്ഷിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് അവർ അതിനോടകംതന്നെ വേണ്ടവിധം ബോധമുള്ളവരായിരിക്കണം. 5-ാം അധ്യായത്തിൽ ചർച്ചചെയ്തിരിക്കുന്നതുപോലെ, അത്തരം വിദ്യാഭ്യാസത്തിനു ലൈംഗിക ദുഷ്പെരുമാറ്റത്തിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും സഹായിക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 2:10-14.
മാതാപിതാക്കൾക്കുള്ള ഗൃഹപാഠം
12. എന്തു വികല വീക്ഷണങ്ങളാണു പലപ്പോഴും സ്കൂളിൽ പഠിപ്പിക്കപ്പെടുന്നത്?
12 സ്കൂളിൽ പഠിപ്പിക്കാൻ സാധ്യതയുള്ള തെറ്റായ ആശയങ്ങളെ തടുക്കുന്നതിനു മാതാപിതാക്കൾ സജ്ജരായിരിക്കണം. അവയിൽ ചിലതാണു പരിണാമം, ദേശീയവാദം, അല്ലെങ്കിൽ ആത്യന്തിക സത്യം എന്നൊന്നില്ല എന്നിങ്ങനെയുള്ള ലൗകിക തത്ത്വശാസ്ത്രങ്ങൾ. (1 കൊരിന്ത്യർ 3:19; ഉല്പത്തി 1:27-ഉം ലേവ്യപുസ്തകം 26:1-ഉം യോഹന്നാൻ 4:24-ഉം 17:17-ഉം താരതമ്യം ചെയ്യുക.) ആത്മാർഥതയുള്ള അനേകം സ്കൂൾ അധികാരികൾ കൂടുതലായ വിദ്യാഭ്യാസത്തിന് അമിതപ്രാധാന്യം കൽപ്പിക്കുന്നു. കൂടുതലായ വിദ്യാഭ്യാസത്തിന്റെ കാര്യം ഒരു വ്യക്തിപരമായ തീരുമാനമായിരിക്കേ, വ്യക്തിപരമായ ഏതൊരു വിജയത്തിനുമുള്ള ഒരേ ഒരു പാത അതാണെന്നാണു ചില അധ്യാപകരുടെ വിശ്വാസം.a—സങ്കീർത്തനം 146:3-6.
13. സ്കൂളിൽ പോകുന്ന കുട്ടികളെ തെറ്റായ ആശയങ്ങളിൽനിന്നു സംരക്ഷിക്കാൻ കഴിയുന്നതെങ്ങനെ?
13 തെറ്റോ വികലമോ ആയ പഠിപ്പിക്കലുകളെ തടുക്കുന്നതിന്, തങ്ങളുടെ കുട്ടികൾക്ക് എന്തു പ്രബോധനമാണു ലഭിക്കുന്നതെന്നു മാതാപിതാക്കൾ അറിഞ്ഞിരിക്കണം. അതുകൊണ്ട്, മാതാപിതാക്കളേ, നിങ്ങൾക്കും ഗൃഹപാഠം ഉണ്ടെന്ന് ഓർക്കുക! നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിൽ യഥാർഥ താത്പര്യം കാട്ടുക. സ്കൂൾ വിട്ടുവരുമ്പോൾ അവരുമായി സംസാരിക്കുക. അവർ പഠിക്കുന്നതെന്ത്, അവർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതെന്ത്, അവർക്ക് ഏറ്റവും കൂടുതൽ വെല്ലുവിളിയുള്ളതായി തോന്നുന്നതെന്ത് എന്നെല്ലാം അവരോടു ചോദിക്കുക. ഗൃഹപാഠ നിയമനങ്ങളും കുറിപ്പുകളും പരീക്ഷാഫലങ്ങളും പരിശോധിക്കുക. അവരുടെ അധ്യാപകരുമായി പരിചയപ്പെടാൻ ശ്രമിക്കുക. നിങ്ങൾ അവരുടെ വേലയെ വിലമതിക്കുന്നുവെന്നും നിങ്ങൾക്കാവുംവിധം സഹായമേകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും അധ്യാപകർ അറിയട്ടെ.
നിങ്ങളുടെ കുട്ടികളുടെ സുഹൃത്തുക്കൾ
14. ദൈവഭക്തിയുള്ള കുട്ടികൾ നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
14 “നീ ഇത് എവിടന്നു പഠിച്ചതാ?” കുട്ടി പറഞ്ഞതോ ചെയ്തതോ ആയ, അവന്റെ സ്വഭാവത്തിന് ഒരിക്കലും നിരക്കാത്ത എന്തെങ്കിലും സംഗതിയിൽ അമ്പരന്ന് മാതാപിതാക്കൾ എത്ര പ്രാവശ്യം ആ ചോദ്യം ചോദിച്ചിട്ടുണ്ട്? സ്കൂളിലെയോ അയൽവക്കത്തെയോ ഏതെങ്കിലുമൊരു പുതിയ സുഹൃത്തിന്റെ പേർ ഉൾപ്പെടുത്തിക്കൊണ്ട് അവർ എത്ര പ്രാവശ്യം ഉത്തരം നൽകിയിട്ടുണ്ടാവും? അതേ, നാം യുവപ്രായക്കാരോ പ്രായമേറിയവരോ ആയാലും സുഹൃത്തുക്കൾ നമ്മെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. അപ്പോസ്തലനായ പൗലോസ് ഈ മുന്നറിയിപ്പു നൽകി: “വഴി തെറ്റിക്കപ്പെടരുത്. ചീത്ത സഹവാസം പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കിക്കളയുന്നു.” (1 കൊരിന്ത്യർ 15:33; സദൃശവാക്യങ്ങൾ 13:20) വിശേഷിച്ചും യുവജനങ്ങൾ സമപ്രായക്കാരുടെ സ്വാധീനിക്കലിനു വശംവദരാണ്. അവർക്കു തങ്ങളെക്കുറിച്ചുതന്നെ അനിശ്ചിതത്വമുള്ളവരായിരിക്കാനുള്ള പ്രവണതയുണ്ട്. തന്നെയുമല്ല, തങ്ങളുടെ സഹകാരികളെ പ്രീതിപ്പെടുത്താനും അവരിൽ മതിപ്പുളവാക്കാനുമുള്ള ആഗ്രഹത്തിൽ അവർ ചിലപ്പോഴെല്ലാം ആമഗ്നരായേക്കാം. അപ്പോൾപ്പിന്നെ, അവർ നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് എത്ര മർമപ്രധാനമാണ്!
15. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കുട്ടികൾക്കു മാർഗനിർദേശം നൽകാൻ മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
15 ഓരോ മാതാവിനും പിതാവിനും അറിയാവുന്നതുപോലെ, കുട്ടികൾ എല്ലായ്പോഴും ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുകയില്ല; അവർക്ക് എന്തെങ്കിലും മാർഗനിർദേശം ആവശ്യമാണ്. അവർക്കുവേണ്ടി സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന ഒരു കാര്യമല്ല അത്. മറിച്ച്, അവർ വളരുന്നതനുസരിച്ച്, അവരെ വിവേചന പഠിപ്പിക്കുകയും സുഹൃത്തുക്കളിൽ വിലമതിക്കേണ്ട ഗുണങ്ങൾ എന്തെല്ലാമാണെന്നു കാണാൻ അവരെ സഹായിക്കുകയും ചെയ്യുക. പ്രധാന ഗുണം യഹോവയോടുള്ള സ്നേഹവും അവന്റെ ദൃഷ്ടികളിൽ ശരിയായതു ചെയ്യുന്നതിനുള്ള ഇഷ്ടവുമാണ്. (മർക്കൊസ് 12:28-30) സത്യസന്ധതയും ദയയും ഉദാരതയും ശുഷ്കാന്തിയും ഉള്ളവരെ സ്നേഹിക്കാനും ആദരിക്കാനും അവരെ പഠിപ്പിക്കുക. കുടുംബ അധ്യയനത്തിനിടയിൽ ബൈബിൾ കഥാപാത്രങ്ങളിലുള്ള അത്തരം ഗുണങ്ങൾ തിരിച്ചറിയുവാനും പിന്നീട് അതേ ഗുണങ്ങൾ സഭയിലെ മറ്റുള്ളവരിൽ കണ്ടെത്തുവാനും കുട്ടികളെ സഹായിക്കുക. നിങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലും അതേ മാനദണ്ഡംതന്നെ ഉപയോഗിച്ചുകൊണ്ട് മാതൃക വെക്കുക.
16. കുട്ടികൾ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് മാതാപിതാക്കൾ എങ്ങനെ നിരീക്ഷിച്ചേക്കാം?
16 നിങ്ങളുടെ കുട്ടികളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്നു നിങ്ങൾക്കറിയാമോ? നിങ്ങൾക്ക് ആ സുഹൃത്തുക്കളെ അടുത്തു പരിചയപ്പെടുന്നതിന് നിങ്ങളുടെ കുട്ടികൾക്ക് എന്തുകൊണ്ട് അവരെ വീട്ടിൽ കൊണ്ടുവന്നുകൂടാ? മറ്റുള്ള കുട്ടികൾ ഈ സുഹൃത്തുക്കളെക്കുറിച്ച് എന്താണു ചിന്തിക്കുന്നതെന്നും നിങ്ങൾക്ക് നിങ്ങളുടെ കുട്ടികളോടു ചോദിക്കാനാവും. അവർ എന്തിനു പേരുകേട്ടവരാണ്, വ്യക്തിപരമായ നിർമലത പ്രകടമാക്കുന്നതിനോ അതോ ഇരട്ട ജീവിതം നയിക്കുന്നതിനോ? രണ്ടാമതു പറഞ്ഞതാണു സത്യമെങ്കിൽ, അത്തരം സഹവാസം അവർക്ക് ദോഷംവരുത്തിയേക്കാവുന്നത് എന്തുകൊണ്ടെന്നു ന്യായവാദം ചെയ്യാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക. (സങ്കീർത്തനം 26:4, 5, 9-12) നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റത്തിലോ വസ്ത്രധാരണത്തിലോ മനോഭാവത്തിലോ സംസാരത്തിലോ നിങ്ങൾ അനഭികാമ്യമായ മാറ്റങ്ങൾ ശ്രദ്ധിക്കുന്നെങ്കിൽ, അവന്റെയോ അവളുടെയോ സുഹൃത്തുക്കളെക്കുറിച്ചു നിങ്ങൾ സംസാരിക്കേണ്ട ആവശ്യമുണ്ടായിരിക്കാം. മോശമായ സ്വാധീനം ചെലുത്തുന്ന ഒരു സുഹൃത്തുമായാവും നിങ്ങളുടെ കുട്ടി സമയം ചെലവഴിക്കുന്നത്.—ഉല്പത്തി 34:1, 2 താരതമ്യം ചെയ്യുക.
17, 18. ചീത്ത സഹകാരികളെക്കുറിച്ചു മുന്നറിയിപ്പു കൊടുക്കുന്നതു കൂടാതെ, മാതാപിതാക്കൾക്ക് എന്തു പ്രായോഗിക സഹായം നൽകാൻ കഴിയും?
17 എങ്കിലും നിങ്ങളുടെ കുട്ടികളെ മോശമായ സഹവാസങ്ങൾ ഒഴിവാക്കാൻ പഠിപ്പിച്ചാൽമാത്രം പോരാ. നല്ല സഹവാസങ്ങൾ കണ്ടുപിടിക്കാൻ അവരെ സഹായിക്കുക. ഒരു പിതാവ് ഇങ്ങനെ പറയുന്നു: “പകരം എന്തെങ്കിലും ക്രമീകരിക്കാൻ ഞങ്ങൾ എല്ലായ്പോഴും ശ്രമിക്കാറുണ്ട്. തന്മൂലം, സ്കൂൾ ഞങ്ങളുടെ പുത്രനെ ഫുട്ബോൾ ടീമിൽ ഉൾപ്പെടുത്താൻ പരിപാടിയിട്ടപ്പോൾ, പുതിയ സുഹൃത്തുക്കളുമായി സമ്പർക്കത്തിലാവുമെന്നതിനാൽ അതൊരു നല്ല ആശയമല്ലെന്നതിനുള്ള കാരണങ്ങൾ ഞാനും ഭാര്യയും അവനോടൊപ്പമിരുന്നു ചർച്ചചെയ്തു. എന്നാൽ അതിനുശേഷം സഭയിലെ ചില കുട്ടികളെ വിളിച്ച് എല്ലാവരുംകൂടി പാർക്കിൽ പോയി ഫുട്ബോൾ കളിക്കുന്ന കാര്യം ഞങ്ങൾ നിർദേശിച്ചു. അതു പ്രശ്നത്തിനു പരിഹാരമേകി.”
18 നല്ല സുഹൃത്തുക്കളെ കണ്ടെത്താനും പിന്നീട് അവരുമൊത്ത് ആരോഗ്യാവഹമായ വിനോദം ആസ്വദിക്കാനും ജ്ഞാനികളായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സഹായിക്കുന്നു. എന്നിരുന്നാലും, അനേകം മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഈ വിനോദം തനതായ വെല്ലുവിളികൾ ഉയർത്തുന്നതാണ്.
ഏതുതരം വിനോദം?
19. കുടുംബങ്ങൾ നേരമ്പോക്കിൽ ഏർപ്പെടുന്നത് പാപകരമല്ലെന്ന് ഏതു ബൈബിൾ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
19 നേരമ്പോക്കുകളിൽ ഏർപ്പെടുന്നതു ബൈബിൾ കുറ്റംവിധിക്കുന്നുണ്ടോ? തീർച്ചയായും ഇല്ല! ‘ചിരിക്കാൻ ഒരു കാല’മുണ്ടെന്നും ‘നൃത്തം ചെയ്യാൻ ഒരു കാല’മുണ്ടെന്നും ബൈബിൾ പറയുന്നു.b (സഭാപ്രസംഗി 3:4) പുരാതന ഇസ്രായേലിലെ ദൈവജനത സംഗീതവും നൃത്തവും കളികളും, കൂടാതെ കടങ്കഥകളും ആസ്വദിച്ചിരുന്നു. യേശുക്രിസ്തു ഒരു വലിയ വിവാഹ സത്ക്കാരത്തിലും ലേവി എന്നു പേരുള്ള മത്തായി ഒരുക്കിയ “ഒരു വലിയ വിരുന്നി”ലും സംബന്ധിക്കുകയുണ്ടായി. (ലൂക്കൊസ് 5:29; യോഹന്നാൻ 2:1, 2) വ്യക്തമായും, യേശു ഒരു രസംകൊല്ലിയായിരുന്നില്ല. നിങ്ങളുടെ ഭവനത്തിൽ ചിരിയും കളിയും ഒരിക്കലും പാപമായി വീക്ഷിക്കപ്പെടാതിരിക്കട്ടെ!
ഈ കുടുംബത്തിന്റെ ക്യാമ്പിങ് യാത്രപോലുള്ള ഉചിതമായി തിരഞ്ഞെടുത്ത വിനോദത്തിനു കുട്ടികളെ പഠിക്കാനും ആത്മീയമായി വളരാനും സഹായിക്കാൻ കഴിയും
20. കുടുംബത്തിനു വിനോദം പ്രദാനം ചെയ്യുന്നതിൽ മാതാപിതാക്കൾ ഓർക്കേണ്ടതെന്ത്?
20 യഹോവ “സന്തുഷ്ടനായ ദൈവ”മാണ്. (1 തിമോത്തി 1:11, NW) അതുകൊണ്ട് യഹോവയുടെ ആരാധന ആഹ്ലാദത്തിന്റെ ഉറവായിരിക്കണം, അല്ലാതെ അതു ജീവിതത്തിന്മേൽ സന്തോഷമില്ലായ്മയുടെ നിഴൽപരത്തുന്ന എന്തെങ്കിലുമല്ല. (ആവർത്തനപുസ്തകം 16:15 താരതമ്യം ചെയ്യുക.) കളികളിലും വിനോദങ്ങളിലും ചെലവഴിക്കാൻ പോന്നവിധം, കുട്ടികൾ സ്വതവേ ഉന്മേഷഭരിതരും ഊർജസ്വലരുമാണ്. ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്ന വിനോദം നേരമ്പോക്കിലും കവിഞ്ഞതാണ്. കുട്ടിയെ സംബന്ധിച്ചിടത്തോളം പഠിക്കാനും പക്വതപ്രാപിക്കാനുമുള്ള ഒരു മാർഗമാണത്. വിനോദം ഉൾപ്പെടെ സകല കാര്യത്തിലും തന്റെ ഭവനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉത്തരവാദിത്വം കുടുംബനാഥനുണ്ട്. എന്നുവരികിലും, സമനില ആവശ്യമാണ്.
21. ഇന്നത്തെ വിനോദങ്ങളിൽ എന്തെല്ലാം കെണികളുണ്ട്?
21 ബൈബിളിൽ പ്രവചിച്ചിരുന്നതുപോലെതന്നെ, ഈ പ്രക്ഷുബ്ധമായ “അന്ത്യകാലത്തു,” മനുഷ്യസമുദായം “ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായ” ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. (2 തിമൊഥെയൊസ് 3:1-5) അനേകർക്കും ജീവിതത്തിൽ പ്രധാനം വിനോദമാണ്. കൂടുതൽ പ്രാധാന്യമുള്ള സംഗതികളെ എളുപ്പം മറച്ചുകളയാവുന്നത്രയും വിനോദങ്ങൾ ലഭ്യമാണ്. കൂടാതെ, ആധുനിക വിനോദങ്ങളിൽ അധികവും അവതരിപ്പിക്കുന്നതു ലൈംഗിക അധാർമികതയും അക്രമവും മയക്കുമരുന്നു ദുരുപയോഗവും അത്യന്തം ദോഷകരമായ മറ്റു പ്രവൃത്തികളുമാണ്. (സദൃശവാക്യങ്ങൾ 3:31) ഹാനികരമായ വിനോദങ്ങളിൽനിന്നു യുവപ്രായക്കാരെ സംരക്ഷിക്കാൻ എന്തു ചെയ്യാൻ കഴിയും?
22. വിനോദം സംബന്ധിച്ച് ജ്ഞാനപൂർവകമായ തീരുമാനം എടുക്കാൻ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കാനാവും?
22 മാതാപിതാക്കൾ പരിധികളും നിബന്ധനകളും വെക്കേണ്ടയാവശ്യമുണ്ട്. എന്നാൽ അതിലുപരി, ഏതു വിനോദമാണ് ദോഷകരമെന്ന് എങ്ങനെ തീരുമാനിക്കാമെന്നും അമിതമാകുന്നത് എത്രത്തോളമാകുമ്പോഴാണെന്ന് എങ്ങനെ അറിയാമെന്നും അവർ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടയാവശ്യമുണ്ട്. അത്തരം പരിശീലനത്തിനു സമയവും ശ്രമവും ആവശ്യമാണ്. ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. തന്റെ മൂത്തപുത്രൻ പുതിയൊരു റേഡിയോ സ്റ്റേഷന്റെ പരിപാടികൾ കൂടെക്കൂടെ ശ്രദ്ധിക്കുന്നുണ്ടെന്ന് രണ്ട് ആൺമക്കളുള്ള ഒരു പിതാവിനു മനസ്സിലായി. അതുകൊണ്ട് ഒരു ദിവസം ട്രക്ക് ഓടിക്കുന്ന ജോലിയിലായിരിക്കെ, ആ പിതാവ് തന്റെ റേഡിയോയിൽ അതേ സ്റ്റേഷൻതന്നെ വെച്ചു. ഇടയ്ക്കിടെ നിർത്തി ചില പാട്ടുകളുടെ വരികൾ എഴുതിയിട്ടു. പിന്നീട്, തന്റെ പുത്രന്മാരോടൊപ്പം ഇരുന്ന് താൻ കേട്ടതു ചർച്ചചെയ്തു. “നീ എന്തു വിചാരിക്കുന്നു?” എന്ന് ആരംഭിക്കുന്ന വീക്ഷണചോദ്യങ്ങൾ ചോദിച്ച് അദ്ദേഹം അവയുടെ ഉത്തരങ്ങൾ ക്ഷമാപൂർവം കേട്ടു. ബൈബിൾ ഉപയോഗിച്ച് സംഗതിയെക്കുറിച്ചു ന്യായവാദം ചെയ്തുകഴിഞ്ഞപ്പോൾ, തങ്ങൾ ഇനി ആ സ്റ്റേഷൻ ശ്രദ്ധിക്കുകയില്ലെന്ന് ആൺകുട്ടികൾ സമ്മതിച്ചു.
23. ആരോഗ്യാവഹമല്ലാത്ത വിനോദങ്ങളിൽനിന്നു മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാവുന്നതെങ്ങനെ?
23 കുട്ടികൾ താത്പര്യം കാട്ടുന്ന സംഗീതം, ടിവി പരിപാടികൾ, വീഡിയോ ടേപ്പുകൾ, കോമിക് പുസ്തകങ്ങൾ, വീഡിയോ ഗെയിമുകൾ, ചലച്ചിത്രങ്ങൾ തുടങ്ങിയവ ജ്ഞാനികളായ ക്രിസ്തീയ മാതാപിതാക്കൾ പരിശോധിക്കും. അവർ പുറമേയുള്ള ചിത്രം, വരികൾ, പൊതിയൽ എന്നിവയെല്ലാം നോക്കുകയും കൂടാതെ അവയെക്കുറിച്ചുള്ള പത്രനിരൂപണങ്ങൾ വായിക്കുകയും അവയിൽനിന്നുള്ള ഉദ്ധരണികൾ ശ്രദ്ധിക്കുകയും ചെയ്യും. അനേകർക്കും ഞെട്ടലുളവാക്കുന്നതാണ് കുട്ടികൾക്കുവേണ്ടിയുള്ള ചില “വിനോദങ്ങൾ.” അശുദ്ധമായ സ്വാധീനങ്ങളിൽനിന്നു തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ബൈബിളും യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം പോലുള്ള ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളിലെ ലേഖനങ്ങളും ഉപയോഗിച്ചുകൊണ്ട് കുടുംബത്തോടൊപ്പം ഇരുന്ന് അപകടങ്ങളെക്കുറിച്ചു ചർച്ചചെയ്യുന്നു.c സ്ഥിരവും ന്യായയുക്തവുമായ വിധത്തിൽ മാതാപിതാക്കൾ സുസ്ഥിരമായ പരിധികൾ വെക്കുമ്പോൾ, സാധാരണമായി അവർ നല്ല ഫലങ്ങൾ കാണുന്നു.—മത്തായി 5:37; ഫിലിപ്പിയർ 4:5.
24, 25. കുടുംബത്തിന് ഒരുമിച്ച് ആസ്വദിക്കാവുന്ന ആരോഗ്യാവഹമായ ചില വിനോദങ്ങൾ ഏവ?
24 തീർച്ചയായും, ഹാനികരമായ രൂപത്തിലുള്ള വിനോദങ്ങൾ നിയന്ത്രിക്കുന്നതു പോരാട്ടത്തിന്റെ ഒരു ഭാഗമേ ആകുന്നുള്ളൂ. മോശമായതിനെ നല്ലതുകൊണ്ടു തടുക്കണം, അല്ലാത്തപക്ഷം കുട്ടികൾ തെറ്റായ ഗതിയിലേക്കു വഴുതിപ്പോയേക്കാം. പിക്നിക്, ദീർഘദൂരനടത്തം, ക്യാമ്പിങ്, കളികളിലും സ്പോർട്സിലും ഏർപ്പെടൽ, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കാനുള്ള യാത്ര എന്നിങ്ങനെയുള്ള വിനോദങ്ങൾ ആസ്വദിച്ചതിന്റെ ഊഷ്മളവും സന്തുഷ്ടവുമായ എണ്ണമറ്റ ഓർമകളുള്ള അനേകം ക്രിസ്തീയ കുടുംബങ്ങളുണ്ട്. വിനോദത്തിനുവേണ്ടി ഒരുമിച്ചിരുന്നു കേവലം ഉറക്കെ വായിക്കുന്നത് ചിലർക്കു രസത്തിനും ആശ്വാസത്തിനുമുള്ള വലിയൊരു ഉറവാണ്. നർമരസമുള്ളതോ രസകരമോ ആയ കഥകൾ ആസ്വദിക്കുന്നവരാണു ചിലർ. ഇനി വേറെ ചിലരുണ്ട്, ഒരുമിച്ചു ഹോബികൾ വികസിപ്പിച്ചെടുത്തിരിക്കുന്നവർ. ഉദാഹരണത്തിന്, മരപ്പണിയും മറ്റു കരകൗശലപ്പണികളും, കൂടാതെ സംഗീത ഉപകരണങ്ങൾ വായിക്കൽ, ചിത്രരചന, അല്ലെങ്കിൽ ദൈവസൃഷ്ടികളെക്കുറിച്ചുള്ള പഠനം എന്നിവ. അത്തരം നേരമ്പോക്കുകൾ ആസ്വദിക്കാൻ പഠിക്കുന്ന കുട്ടികൾക്ക് അശുദ്ധമായ അനേകം വിനോദങ്ങളിൽനിന്നു സംരക്ഷണം ലഭിക്കുന്നു. മാത്രമല്ല, വിനോദത്തിൽ വെറുതെ ഇരുന്ന് രസിക്കുന്നതിനെക്കാൾ കൂടുതൽ ഉൾപ്പെടുന്നുണ്ടെന്ന് അവർ മനസ്സിലാക്കുകയും ചെയ്യുന്നു. നിരീക്ഷിക്കുന്നതിനെക്കാൾ കൂടുതൽ രസം പലപ്പോഴും പങ്കെടുക്കുന്നതിലാണ്.
25 വിനോദത്തിന്റെ പ്രതിഫലദായകമായ ഒരു രൂപമായിരിക്കാൻ സാമൂഹിക കൂടിവരവുകൾക്കും കഴിയും. നല്ല മേൽനോട്ടം ഉണ്ടായിരിക്കുമ്പോഴും അസാധാരണമാംവിധം വലുതോ ഏറെ സമയമെടുക്കാത്തതോ ആയിരിക്കുമ്പോഴും കുട്ടികൾക്കു കേവലം നേരമ്പോക്കിലധികം നൽകാൻ അവയ്ക്കാവും. സഭയിലെ സ്നേഹബന്ധങ്ങളെ ആഴമുള്ളതാക്കുന്നതിനു സഹായിക്കാൻ അവയ്ക്കു കഴിയും.—ലൂക്കൊസ് 14:13, 14; യൂദാ 12 എന്നിവ താരതമ്യം ചെയ്യുക.
നിങ്ങളുടെ കുടുംബത്തിനു ലോകത്തെ ജയിച്ചടക്കാൻ കഴിയും
26. ആരോഗ്യാവഹമല്ലാത്ത സ്വാധീനങ്ങളിൽനിന്നു കുടുംബത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ, ഏറ്റവും പ്രധാനപ്പെട്ട ഗുണം എന്ത്?
26 ലോകത്തിന്റെ നശീകരണ സ്വാധീനങ്ങളിൽനിന്നു നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനു വളരെ കഠിനാധ്വാനം വേണമെന്നതിൽ സംശയമില്ല. എന്നാൽ വേറെ എന്തിനെക്കാളുമുപരി വിജയം സാധ്യമാക്കുന്ന ഒരു സംഗതിയുണ്ട്: സ്നേഹം! സ്നേഹസമ്പന്നമായ അടുത്ത കുടുംബബന്ധങ്ങൾ നിങ്ങളുടെ കുടുംബത്തെ സുരക്ഷിതമായ ഒരു അഭയസ്ഥാനമാക്കുകയും ആശയവിനിമയത്തെ ഉന്നമിപ്പിക്കുകയും ചെയ്യും. അതാകട്ടെ മോശമായ സ്വാധീനങ്ങളിൽനിന്നുള്ള വലിയൊരു സംരക്ഷണമായിരിക്കുകയും ചെയ്യും. മാത്രവുമല്ല, മറ്റൊരുതരം സ്നേഹം നട്ടുവളർത്തുന്നത് അതിലും കൂടുതൽ പ്രാധാന്യമുള്ളതാണ്—യഹോവയോടുള്ള സ്നേഹം. അത്തരം സ്നേഹം കുടുംബത്തിൽ വ്യാപരിക്കുമ്പോൾ, കുട്ടികൾ ലൗകിക സ്വാധീനങ്ങൾക്കു വഴങ്ങിക്കൊണ്ട് ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ആശയത്തെതന്നെ വെറുത്ത് വളർന്നുവരാനാണു കൂടുതൽ സാധ്യത. കൂടാതെ, ഹൃദയാ യഹോവയെ സ്നേഹിക്കുന്ന മാതാപിതാക്കൾ അവന്റെ സ്നേഹപുരസ്സരവും ന്യായയുക്തവും സമനിലയുള്ളതുമായ വ്യക്തിത്വം അനുകരിക്കാൻ ശ്രമിക്കും. (എഫെസ്യർ 5:1; യാക്കോബ് 3:17) മാതാപിതാക്കൾ അതു ചെയ്യുന്നെങ്കിൽ, തങ്ങൾക്കു ചെയ്യാൻ പാടില്ലാത്ത ഒരുകൂട്ടം കാര്യങ്ങളുടെ പട്ടികയായോ എത്രയും വേഗം രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന, കളിയും ചിരിയും ഇല്ലാത്ത ഒരു ജീവിതരീതിയായോ യഹോവയുടെ ആരാധനയെ വീക്ഷിക്കാൻ കുട്ടികൾക്കു യാതൊരു കാരണവും ഉണ്ടായിരിക്കില്ല. മറിച്ച്, ദൈവത്തെ ആരാധിക്കുന്നത് സാധ്യമായ ഏറ്റവും സന്തുഷ്ടകരവും തൃപ്തികരവുമായ ജീവിതരീതിയാണെന്ന് അവർ മനസ്സിലാക്കും.
27. ഒരു കുടുംബത്തിനു ലോകത്തെ ജയിച്ചടക്കാൻ കഴിയുന്നതെങ്ങനെ?
27 ഈ ലോകത്തിന്റെ ദുഷിപ്പിക്കുന്ന സ്വാധീനങ്ങളിൽനിന്നു “കറയും കളങ്കവും ഇല്ലാത്തവരായി” നിലകൊള്ളാൻ മുഴുഹൃദയത്തോടെ ശ്രമിച്ചുകൊണ്ട്, ദൈവത്തോടുളള സന്തുഷ്ടവും സമനിലയുള്ളതുമായ സേവനത്തിൽ ഏകീകൃതരായി നിലകൊള്ളുന്ന കുടുംബങ്ങൾ യഹോവയ്ക്കു സന്തോഷത്തിന്റെ ഒരു ഉറവാണ്. (2 പത്രൊസ് 3:14; സദൃശവാക്യങ്ങൾ 27:11) തന്നെ മലിനപ്പെടുത്താനുള്ള സാത്താന്റെ ലോകത്തിന്റെ സകല ശ്രമത്തെയും ചെറുത്തുനിന്ന യേശുക്രിസ്തുവിന്റെ കാലടികളാണ് അത്തരം കുടുംബങ്ങൾ പിൻപറ്റുന്നത്. തന്റെ മാനുഷ ജീവിതത്തിന്റെ അന്ത്യത്തോട് അടുത്തായി, യേശുവിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” (യോഹന്നാൻ 16:33) അതുപോലെ, നിങ്ങളുടെ കുടുംബവും ലോകത്തെ ജയിക്കുകയും എന്നേക്കും ജീവിതം ആസ്വദിക്കുകയും ചെയ്യുമാറാകട്ടെ!
a കൂടുതലായ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഒരു ചർച്ചയ്ക്ക്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും എന്ന ലഘുപത്രികയുടെ 4-7 പേജുകൾ കാണുക.
b ഇവിടെ ‘ചിരിക്കാൻ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദം, മറ്റു രൂപങ്ങളിൽ, “കളിക്കാൻ,” “കുറച്ചു വിനോദം ഒരുക്കാൻ,” “ആഘോഷിക്കാൻ,” അല്ലെങ്കിൽ “നേരമ്പോക്ക് ഉണ്ടായിരിക്കാൻ” എന്നുപോലും പരിഭാഷപ്പെടുത്താനാവും.
c വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.