ശൂനേം—സ്നേഹം കളിയാടിയ, അക്രമം നടമാടിയ സ്ഥലം
യിസ്രെയേൽ നിമ്നസമഭൂമിയുടെ കിഴക്കേ അറ്റത്തുള്ള ദക്ഷിണ ഗലീലയിലാണ് ശൂനേം നഗരം സ്ഥിതിചെയ്യുന്നത്. ബൈബിൾ ചരിത്രത്തിലെ രണ്ട് സുപ്രധാന യുദ്ധങ്ങൾക്കു സാക്ഷ്യംവഹിച്ച ഈ കൊച്ചു നഗരം വിശ്വസ്ത സ്നേഹം പ്രകടമാക്കിയ രണ്ടു സ്ത്രീകളുടെ ജന്മസ്ഥലമെന്നനിലയിലും പ്രസിദ്ധമാണ്.
ശൂനേമിനു പിന്നിൽ ഉയർന്നുനിന്നത് മോരേ കുന്നാണെന്ന് കരുതപ്പെടുന്നു. സമഭൂമിക്കു കുറുകെ എട്ട് കിലോമീറ്റർ അകലെ ഗിൽബോവ കുന്ന് സ്ഥിതിചെയ്തിരുന്നു. ആ രണ്ടു കുന്നുകൾക്കുമിടയിൽ നല്ല നീരോട്ടമുള്ള, ഫലസമൃദ്ധമായ ഒരു പ്രദേശമുണ്ടായിരുന്നു—മുഴു ഇസ്രായേലിലുംവെച്ച് ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിൽ ഒന്ന്.
ഹരിതസമൃദ്ധമായ, ശൂനേമിനു ചുറ്റുമുള്ള ഈ ഗ്രാമപ്രദേശം എക്കാലത്തെയും ഏറ്റവും വശ്യതയാർന്ന പ്രേമകഥകളിലൊന്നായ ഉത്തമഗീതത്തിനു പശ്ചാത്തലമൊരുക്കുന്നു. തന്റെ ഭാര്യമാരിൽ ഒരുവളായിത്തീരാനുള്ള ശലോമോൻ രാജാവിന്റെ അഭ്യർഥന സ്വീകരിക്കാതെ, ആട്ടിടയനായ സുഹൃത്തിനെ വിവാഹം ചെയ്യാൻ തീരുമാനിച്ച സുന്ദരിയായൊരു ഗ്രാമീണ പെൺകൊടിയെക്കുറിച്ചാണ് ആ ഗീതം പ്രതിപാദിക്കുന്നത്. അവളുടെ ഹൃദയം കവരാനായി ശലോമോൻ തന്റെ സമസ്ത ജ്ഞാനവും സമ്പത്തും ഉപയോഗിച്ചു. അവൻ ആവർത്തിച്ചാവർത്തിച്ച് അവളെ പുകഴ്ത്തി: “അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൌന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും . . . ഉള്ളോരിവൾ ആർ?” അവൾക്കു സങ്കൽപ്പിക്കാനാകുന്ന സകല രത്നാഭരണങ്ങളും നൽകി പരിലാളിക്കാമെന്ന് അവൻ വാഗ്ദാനം ചെയ്തു.—ഉത്തമഗീതം 1:11; 6:10.
രാജകീയ ജീവിതത്തെക്കുറിച്ച് ഒരു ധാരണ നൽകുന്നതിന്, ഏറ്റവും നല്ല 60 യോദ്ധാക്കളാൽ അനുഗതയായി അവൾ ശലോമോനെ യരൂശലേമിലേക്ക് അനുഗമിക്കുന്നതിന് അവൻ ക്രമീകരണം ചെയ്തു. (ഉത്തമഗീതം 3:6-11) ശേബാരാജ്ഞി കണ്ട് ‘അമ്പരന്നുപോയ,’ അത്ര ഗംഭീരമായ തന്റെ രാജകൊട്ടാരത്തിൽ അവൻ അവളെ പാർപ്പിച്ചു.—1 രാജാക്കന്മാർ 10:4, 5.
എന്നാൽ ശൂനേമിൽനിന്നുള്ള ആ പെൺകുട്ടി ഇടയച്ചെറുക്കനോടു വിശ്വസ്തയായിരുന്നു. “കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ” ആകുന്നു “എന്റെ പ്രിയൻ,” അവൾ പറഞ്ഞു. (ഉത്തമഗീതം 2:3) ശലോമോൻ തന്റെ ആയിരം മുന്തിരിത്തോട്ടങ്ങളിൽ ആനന്ദിക്കട്ടെ. തന്റെ പ്രിയനോടൊപ്പം, അവൾക്ക് ഒരു മുന്തിരിത്തോട്ടം മതിയായിരുന്നു. അവളുടെ സ്നേഹം അചഞ്ചലമായിരുന്നു.—ഉത്തമഗീതം 8:11, 12.
സുന്ദരിയായ മറ്റൊരു സ്ത്രീയും ശൂനേമിൽ പാർത്തിരുന്നു. അവളുടെ ശാരീരിക സൗന്ദര്യത്തെക്കുറിച്ച് നമുക്ക് യാതൊന്നും അറിയില്ല, എന്നാൽ അവൾ നിശ്ചയമായും ഹൃദയസൗന്ദര്യമുള്ളവളായിരുന്നു. പ്രവാചകനായ എലീശായ്ക്ക് ക്രമമായി ഭക്ഷണം നൽകുന്നതിനും പാർപ്പിടമൊരുക്കുന്നതിനും അവൾ വളരെ “താല്പര്യത്തോടെ” പ്രവർത്തിച്ചെന്ന്—അല്ലെങ്കിൽ അധ്വാനിച്ചെന്ന്—ബൈബിൾ പറയുന്നു.—2 രാജാക്കന്മാർ 4:8-13.
എലീശാ, തനിക്കുവേണ്ടി അവളും ഭർത്താവും ഒരുക്കിയിരുന്ന ചെറിയ മാളികമുറിയിലേക്ക് ക്ഷീണിപ്പിക്കുന്ന ദീർഘയാത്ര കഴിഞ്ഞ് കൃതജ്ഞതാപൂർവം മടങ്ങുന്നത് നമുക്കു ഭാവനയിൽ കാണാൻ കഴിയും. 60 വർഷക്കാലത്തെ അവന്റെ ശുശ്രൂഷക്കിടയിൽ സാധ്യതയനുസരിച്ച് അവൻ കൂടെക്കൂടെ അവരുടെ ഭവനം സന്ദർശിച്ചിരിക്കാം. എലീശാ അതുവഴി പോകുമ്പോഴെല്ലാം തങ്ങളുടെ ഭവനത്തിൽ താമസിക്കണമെന്ന് അവൾ നിർബന്ധിച്ചത് എന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടെന്നാൽ അവൾ എലീശായുടെ വേലയെ വിലമതിച്ചു. യഹോവയെ സേവിക്കാനുള്ള തങ്ങളുടെ കടമ സംബന്ധിച്ച് രാജാക്കന്മാരെയും പുരോഹിതന്മാരെയും സാധാരണ ജനങ്ങളെയും ഓർമിപ്പിച്ചുകൊണ്ട് താഴ്മയുള്ള, നിസ്വാർഥമതിയായ പ്രവാചകൻ ആ ജനതയുടെ മനസ്സാക്ഷിയായി വർത്തിച്ചു.
“പ്രവാചകൻ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കു”മെന്ന് പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നവരിൽ ഒരാൾ ആ ശൂനേമ്യ സ്ത്രീയായിരുന്നുവെന്നതിൽ സംശയമില്ല. (മത്തായി 10:41) ദൈവഭയമുള്ള ഈ സ്ത്രീക്ക് യഹോവ പ്രത്യേക പ്രതിഫലം നൽകി. അനേക വർഷമായി അവൾക്കു കുട്ടികളില്ലാതിരുന്നിട്ടും അവളൊരു പുത്രനു ജന്മം നൽകി. വർഷങ്ങൾ കഴിഞ്ഞ്, ഏഴുവർഷം ദീർഘിച്ച ഒരു ക്ഷാമം ദേശത്തെ തരിശാക്കിയപ്പോഴും അവൾക്കു ദിവ്യ സഹായം ലഭിച്ചു. ദൈവദാസന്മാരോട് നാം കാട്ടുന്ന ദയ നമ്മുടെ സ്വർഗീയ പിതാവ് ഒരിക്കലും ശ്രദ്ധിക്കാതെ പോകില്ലെന്ന് ഹൃദയസ്പർശിയായ ഈ വിവരണം നമ്മെ ഓർമിപ്പിക്കുന്നു.—2 രാജാക്കന്മാർ 4:13-37; 8:1-6; എബ്രായർ 6:10.
നിർണായകമായ രണ്ട് യുദ്ധങ്ങൾ
വിശ്വസ്തരായ ആ രണ്ടു സ്ത്രീകളുടെ വാസസ്ഥലമെന്ന നിലയിൽ ശൂനേം സ്മരിക്കപ്പെടുന്നെങ്കിലും, ഇസ്രായേൽ ചരിത്രത്തിന്റെ ഗതിക്കു മാറ്റം വരുത്തിയ രണ്ടു യുദ്ധങ്ങൾക്കും അതു സാക്ഷ്യം വഹിച്ചു. അതിനടുത്ത് ലക്ഷണമൊത്ത ഒരു യുദ്ധക്കളമുണ്ടായിരുന്നു—മോരേ കുന്നിനും ഗിൽബോവ കുന്നിനും ഇടയിലുള്ള സമഭൂമി. ബൈബിൾ കാലങ്ങളിലെ സൈനിക മേധാവികൾ, ധാരാളം ജലം ലഭ്യമായ, സംരക്ഷണമായുതകുന്ന ഉയർന്ന പ്രദേശത്ത്, സാധ്യമെങ്കിൽ, സൈനികരെയും കുതിരകളെയും രഥങ്ങളെയും അണിനിരത്താൻ മതിയായ സ്ഥലമുള്ള ഉണങ്ങിയ സമതലതാഴ്വരയെ മുകളിൽനിന്നു വീക്ഷിക്കാൻ കഴിയുന്ന ഉയർന്ന സ്ഥലങ്ങളിൽ പാളയമടിച്ചിരുന്നു. ശൂനേമിലും ഗിൽബോവയിലും അത്തരം സൗകര്യങ്ങളുണ്ടായിരുന്നു.
ന്യായാധിപന്മാരുടെ കാലത്ത്, മിദ്യാന്യരും അമാലേക്യരും മറ്റുള്ളവരും ഉൾപ്പെട്ട 1,35,000 പേരുടെ ഒരു സൈന്യം മോരേ കുന്നിനു മുമ്പിലുള്ള സമഭൂമിയിൽ പാളയമടിച്ചു. അവരുടെ ഒട്ടകങ്ങൾ “കടൽക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു.” (ന്യായാധിപന്മാർ 7:12) വെറും 32,000 സൈനികർ മാത്രമുണ്ടായിരുന്ന ന്യായാധിപനായ ഗിദെയോന്റെ കീഴിൽ ഇസ്രായേല്യർ ഗിൽബോവ കുന്നിന്റെ അടിവാരത്തിലുള്ള ഹരോദ് ഉറവിന്നരികെ സമഭൂമിയുടെ എതിർവശത്ത് അവർക്കഭിമുഖമായി നിലയുറപ്പിച്ചു.
യുദ്ധത്തിനു മുമ്പുള്ള ദിവസങ്ങളിൽ ഓരോ പക്ഷവും എതിർ പക്ഷത്തെ അധൈര്യപ്പെടുത്താൻ ശ്രമിക്കുമായിരുന്നു. പരിഹസിക്കുന്ന സൈനികക്കൂട്ടം, യുദ്ധത്തിനുള്ള ഒട്ടകങ്ങൾ, രഥങ്ങൾ, കുതിരകൾ എന്നിവയ്ക്ക് ഇസ്രായേലിന്റെ കാലാൾപ്പടയിൽ ഭീതിയുളവാക്കാൻ കഴിഞ്ഞു. ഇസ്രായേല്യർ സംഘടിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ നിർദിഷ്ട സ്ഥാനത്ത് അണിനിരന്നുകഴിഞ്ഞിരുന്ന മിദ്യാന്യർ നിസ്സംശയമായും ഭീതിപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. ‘ആർക്കെങ്കിലും ഭയവും ഭീരുതയുമുണ്ടോ’യെന്ന് ഗിദെയോൻ ചോദിച്ചപ്പോൾ, അവന്റെ സൈനികരിൽ മൂന്നിൽരണ്ട് ഭാഗവും യുദ്ധക്കളം വിട്ടുപോയ്ക്കൊണ്ട് പ്രതികരിച്ചു.—ന്യായാധിപന്മാർ 7:1-3.
10,000 പേർ മാത്രമുള്ള ഇസ്രായേല്യ സൈന്യം സമഭൂമിയുടെ മറുവശത്തുള്ള 1,35,000 പേരടങ്ങുന്ന ശത്രുസൈന്യത്തെ അന്ധാളിപ്പോടെ നോക്കി. പെട്ടെന്നുതന്നെ യഹോവ ഇസ്രായേല്യ സൈനികരുടെ എണ്ണം വെറും 300-ആയി വെട്ടിച്ചുരുക്കി. ഇസ്രായേല്യ രീതിയനുസരിച്ച്, ഈ ചെറിയ കൂട്ടത്തെ മൂന്നു വിഭാഗങ്ങളായി തിരിച്ചു. ഇരുട്ടിന്റെ മറവിൽ അവർ ശത്രുപാളയത്തിന്റെ മൂന്നു വശങ്ങളിലായി അണിനിരന്ന് തങ്ങളുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. എന്നിട്ട്, ഗിദെയോൻ കൽപ്പിച്ചപ്പോൾ, ആ 300 പേർ തങ്ങളുടെ പന്തങ്ങൾ ഒളിപ്പിച്ചിരുന്ന കുടങ്ങൾ ഉടച്ച് പന്തങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, “യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ” എന്ന് ആർത്തുവിളിച്ചു. അവർ തങ്ങളുടെ കാഹളങ്ങൾ ഊതി, എന്നിട്ടത് ഊതിക്കൊണ്ടേയിരുന്നു. ഇരുട്ടത്ത്, പരിഭ്രാന്തരായ ആ സംയുക്ത സൈനികക്കൂട്ടം 300 സൈനികസംഘങ്ങൾ തങ്ങളെ ആക്രമിക്കുകയാണെന്നു വിചാരിച്ചു. യഹോവ ഒരുത്തനെ മറ്റൊരുത്തനെതിരെ തിരിച്ചു. “പാളയമെല്ലാം പാച്ചൽ തുടങ്ങി; അവർ നിലവിളിച്ചുകൊണ്ടു ഓടിപ്പോയി.”—ന്യായാധിപന്മാർ 7:15-22; 8:10.
ശൗൽ രാജാവിന്റെ കാലത്ത് ശൂനേമിനടുത്ത് രണ്ടാമത്തെ യുദ്ധം അരങ്ങേറി. “ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയം ഇറങ്ങി;” വർഷങ്ങൾക്കു മുമ്പ് ഗിദെയോന്റെ സൈന്യം ചെയ്തതുപോലെ, “ശൌലും എല്ലാ യിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയം ഇറങ്ങി” എന്ന് ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ഗിദെയോനിൽനിന്നു വ്യത്യസ്തമായി, ശൗൽ യഹോവയിൽ ആശ്രയിച്ചില്ല. അവൻ ഏൻ-ദോരിലുള്ള ഒരു ആത്മമധ്യവർത്തിയോട് ആലോചന ചോദിക്കാൻ തീരുമാനിച്ചു. ഫെലിസ്ത്യ സൈന്യത്തെ കണ്ടപ്പോൾ അവൻ “ഭയപ്പെട്ടു അവന്റെ ഹൃദയം ഏററവും വിറെച്ചു.” തുടർന്നുണ്ടായ യുദ്ധത്തിൽ ഇസ്രായേല്യർ പിന്തിരിഞ്ഞോടി, അവർക്ക് കനത്ത പരാജയം നേരിട്ടു. ശൗലിനും യോനാഥാനും ജീവൻ നഷ്ടമായി.—1 ശമൂവേൽ 28:4-7; 31:1-6.
അങ്ങനെയാണ് ശൂനേമിന്റെ ചരിത്രം സ്നേഹംകൊണ്ടും അക്രമംകൊണ്ടും, യഹോവയിലുള്ള ആശ്രയംകൊണ്ടും ഭൂതങ്ങളിലുള്ള ആശ്രയംകൊണ്ടും ശ്രദ്ധേയമായത്. ഈ സമതലതാഴ്വരയിൽ രണ്ട് സ്ത്രീകൾ സ്നേഹവും ആതിഥ്യവും അനവരതം പ്രകടമാക്കി, രണ്ട് ഇസ്രായേല്യ നേതാക്കന്മാർ നിർണായകമായ യുദ്ധങ്ങൾ നടത്തി. തന്നെ സേവിക്കുന്നവർക്കു പ്രതിഫലമേകാൻ ഒരിക്കലും അനാസ്ഥ കാട്ടാത്ത യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം ഈ നാല് ഉദാഹരണങ്ങളും ദൃഷ്ടാന്തീകരിക്കുന്നു.
[31-ാം പേജിലെ ചിത്രം]
പുരാതന ശൂനേം പ്രദേശത്തെ ആധുനിക സുലാം ഗ്രാമം, പശ്ചാത്തലത്തിൽ മോരേ
[കടപ്പാട]
Pictorial Archive (Near Eastern History) Est.