അധ്യായം പന്ത്രണ്ട്
“ദൃഷ്ടാന്തങ്ങൾ കൂടാതെ യേശു അവരോട് ഒന്നും പറയാറില്ലായിരുന്നു”
1-3. (എ) യേശുവിനോടൊപ്പം യാത്ര ചെയ്തിരുന്ന ശിഷ്യന്മാർക്ക് അത്യപൂർവമായ എന്ത് അവസരമാണ് ഉണ്ടായിരുന്നത്? (ബി) താൻ പഠിപ്പിച്ച കാര്യങ്ങൾ ഓർത്തിരിക്കാൻ യേശു ശിഷ്യന്മാരെ സഹായിച്ചത് എങ്ങനെ? (സി) ഫലപ്രദമായ ദൃഷ്ടാന്തങ്ങൾ കാര്യങ്ങൾ ഓർത്തിരിക്കാൻ നമ്മെ സഹായിക്കുന്നത് എന്തുകൊണ്ട്?
യേശുവിനോടൊപ്പം യാത്ര ചെയ്യുന്ന ശിഷ്യന്മാർക്ക് അത്യപൂർവമായ ഒരു അവസരമാണുള്ളത്. മഹാഗുരുവായ യേശുവിൽനിന്ന് കാര്യങ്ങൾ നേരിട്ടു പഠിക്കാനുള്ള അവസരം! തിരുവെഴുത്തുകൾ വ്യാഖ്യാനിച്ചുകൊണ്ട് അതിലെ വിസ്മയകരമായ സത്യങ്ങൾ യേശു അവരെ പഠിപ്പിക്കുമ്പോൾ അവർ ശ്രദ്ധവെച്ച് കേൾക്കുന്നു. തത്കാലത്തേക്ക് യേശുവിന്റെ അമൂല്യവചസ്സുകൾ അവർ തങ്ങളുടെ ഹൃദയത്തിൽ സംഗ്രഹിക്കേണ്ടതുണ്ട്; കാരണം യേശുവിന്റെ മൊഴികൾ ലിഖിതരൂപത്തിലാക്കാനുള്ള സമയം ആയിട്ടില്ലായിരുന്നു.a അതുകൊണ്ടുതന്നെ താൻ പറയുന്ന കാര്യങ്ങൾ ഓർത്തിരിക്കാൻ ശിഷ്യന്മാരെ സഹായിക്കുന്ന വിധത്തിലാണ് യേശു അവരെ പഠിപ്പിക്കുന്നത്. അതിനായി യേശു ഫലപ്രദമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നു.
2 അതെ, ഫലപ്രദമായ ദൃഷ്ടാന്തങ്ങൾ ആളുകളുടെ ഹൃദയത്തിൽ തങ്ങിനിൽക്കും. ദൃഷ്ടാന്തങ്ങളെക്കുറിച്ച് ഒരു എഴുത്തുകാരൻ ഇങ്ങനെ പറയുന്നു: “കേൾക്കുന്ന കാര്യങ്ങൾ മനക്കണ്ണുകൊണ്ടു കാണാൻ ദൃഷ്ടാന്തങ്ങൾ ശ്രോതാവിനെ സഹായിക്കുന്നു; ഭാവനയിൽ കാണുന്ന ആ ചിത്രങ്ങൾ ശ്രോതാവിന്റെ മനസ്സിൽനിന്ന് എളുപ്പം മാഞ്ഞുപോകില്ല.” പലപ്പോഴും, കേൾക്കുന്ന കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ഗ്രഹിക്കാൻ നമുക്കു കഴിയുന്നത് അത് ഭാവനയിൽ കാണാൻ ശ്രമിക്കുമ്പോഴാണ്. വാസ്തവത്തിൽ ദൃഷ്ടാന്തങ്ങൾ നമ്മെ സഹായിക്കുന്നതും അതിനാണ്. അങ്ങനെ ദുർഗ്രഹമായ ആശയങ്ങൾപോലും എളുപ്പം മനസ്സിലാക്കാൻ ദൃഷ്ടാന്തങ്ങൾ സഹായിക്കുന്നു. അതെ, വാക്കുകൾക്ക് ജീവൻ പകരാനും അങ്ങനെ പഠിക്കുന്ന പാഠങ്ങൾ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാനും ദൃഷ്ടാന്തങ്ങൾക്കു കഴിയും.
3 യേശുവിനെപ്പോലെ ഇത്ര പ്രാഗത്ഭ്യത്തോടെ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചിട്ടുള്ള വേറൊരാൾ ഭൂമിയിലുണ്ടായിട്ടില്ല. യേശു പറഞ്ഞ ദൃഷ്ടാന്തങ്ങൾ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു. ആളുകളെ പഠിപ്പിച്ചപ്പോൾ യേശു ഇത്ര കൂടെക്കൂടെ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചത് എന്തുകൊണ്ടാണ്? യേശു പറഞ്ഞ ദൃഷ്ടാന്തങ്ങൾ ഇത്ര ഫലപ്രദമായിരുന്നത് എന്തുകൊണ്ട്? പഠിപ്പിക്കുമ്പോൾ നമുക്ക് എങ്ങനെ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാം?
യേശു ദൃഷ്ടാന്തങ്ങളാൽ പഠിപ്പിച്ചത് എന്തുകൊണ്ട്?
4, 5. യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചത് എന്തുകൊണ്ട്?
4 യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതിന്റെ പ്രധാനപ്പെട്ട രണ്ടു കാരണങ്ങൾ ബൈബിളിൽ കാണാം. ഒന്നാമതായി, പ്രവചനം നിവർത്തിക്കുന്നതിനുവേണ്ടിയാണ് യേശു അങ്ങനെ ചെയ്തത്. മത്തായി 13:34, 35-ൽ നാം ഇങ്ങനെ വായിക്കുന്നു: “യേശു ഇതൊക്കെ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചാണു ജനക്കൂട്ടത്തോടു പറഞ്ഞത്. ദൃഷ്ടാന്തങ്ങൾ കൂടാതെ യേശു അവരോട് ഒന്നും പറയാറില്ലായിരുന്നു. അങ്ങനെ ഈ പ്രവാചകവചനം നിറവേറി: ‘ഞാൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് സംസാരിക്കും.’” മത്തായി ഇവിടെ പരാമർശിച്ചിരിക്കുന്ന പ്രവാചകൻ 78-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനാണ്. യേശു ജനിക്കുന്നതിന് നൂറ്റാണ്ടുകൾക്കുമുമ്പ് ദൈവപ്രചോദിതമായി എഴുതപ്പെട്ടതാണ് സങ്കീർത്തനം 78:2-ലെ ഈ വാക്കുകൾ. ഇതെക്കുറിച്ചൊന്ന് ചിന്തിക്കുക. മിശിഹ ദൃഷ്ടാന്തങ്ങളുടെ സഹായത്തോടെയായിരിക്കണം ജനത്തെ പഠിപ്പിക്കേണ്ടതെന്ന് നൂറുകണക്കിന് വർഷങ്ങൾക്കുമുമ്പുതന്നെ യഹോവ നിശ്ചയിച്ചിരുന്നു. ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള അധ്യയനരീതിയെ യഹോവ മൂല്യവത്തായി വീക്ഷിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
5 രണ്ടാമതായി, യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചത് ‘ഹൃദയം തഴമ്പിച്ചവരെ’ വേർതിരിക്കാനായിരുന്നു. (മത്തായി 13:10-15; യശയ്യ 6:9, 10) യേശു ഉപയോഗിച്ച ദൃഷ്ടാന്തങ്ങൾ എങ്ങനെയാണ് ആളുകളുടെ ആന്തരം വെളിപ്പെടുത്തിയത്? ചില സന്ദർഭങ്ങളിൽ, താൻ പറഞ്ഞതിന്റെ പൊരുൾ ശ്രോതാക്കൾ തന്നോടു ചോദിച്ചുമനസ്സിലാക്കാൻ യേശു ആഗ്രഹിച്ചിരുന്നു. താഴ്മയുള്ളവർ അതിന് സന്നദ്ധരായിരുന്നു; എന്നാൽ അഹങ്കാരികളും നിസ്സംഗരുമായവർ അതിനു ശ്രമിച്ചില്ല. (മത്തായി 13:36; മർക്കോസ് 4:34) അങ്ങനെ, യേശു ദൃഷ്ടാന്തങ്ങളിലൂടെ സംസാരിച്ചതുകൊണ്ട് ഒരു വലിയ പ്രയോജനമുണ്ടായി: സത്യം അറിയാൻ ആഗ്രഹിച്ചിരുന്നവർക്ക് അത് വെളിപ്പെട്ടുകിട്ടി, അതേസമയം അഹങ്കാരികളായവരിൽനിന്ന് അത് മറയ്ക്കപ്പെടുകയും ചെയ്തു.
6. യേശു ഉപയോഗിച്ച ദൃഷ്ടാന്തങ്ങൾ എന്തെല്ലാം പ്രയോജനങ്ങൾ കൈവരുത്തി?
6 യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതുകൊണ്ട് വേറെയും പ്രയോജനങ്ങളുണ്ടായി. ആ ദൃഷ്ടാന്തങ്ങൾ ആളുകളുടെ ജിജ്ഞാസയെ ഉണർത്തി. അങ്ങനെ അവർ യേശുവിനെ ശ്രദ്ധിക്കാൻ പ്രേരിതരായി. ആ ദൃഷ്ടാന്തങ്ങൾ ആളുകളുടെ മനസ്സിൽ പല തരത്തിലുള്ള ചിത്രങ്ങൾ കോറിയിട്ടു; യേശു പറയുന്നത് എളുപ്പം ഗ്രഹിക്കാൻ അവർക്കു സാധിച്ചു. തുടക്കത്തിൽ നാം കണ്ടതുപോലെ, യേശുവിന്റെ വാക്കുകൾ ഓർത്തിരിക്കാനും ദൃഷ്ടാന്തങ്ങൾ ശ്രോതാക്കളെ സഹായിച്ചു. ഗിരിപ്രഭാഷണത്തിൽ യേശു ഒട്ടനവധി വാങ്മയചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. (മത്തായി 5:3–7:27) ഈ പ്രഭാഷണത്തിൽ 50-ലധികം അലങ്കാരപ്രയോഗങ്ങളുണ്ടത്രേ. ഏതാണ്ട് 20 മിനിട്ടുകൊണ്ട് വായിച്ചുതീർക്കാവുന്ന ഒരു വേദഭാഗത്താണ് ഇത്രയും അലങ്കാരപ്രയോഗങ്ങളുള്ളത്! ഓരോ 20 സെക്കന്റിലും യേശു ഒരു അലങ്കാരപ്രയോഗമെങ്കിലും നടത്തിയിരിക്കണമെന്നർഥം! അതെ, വാക്കുകൾകൊണ്ട് ചിത്രം രചിക്കുന്നതിന്റെ മൂല്യം യേശുവിന് അറിയാമായിരുന്നു.
7. യേശുവിനെപ്പോലെ പ്രസംഗ, പഠിപ്പിക്കൽ വേലയിൽ നാം ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?
7 ക്രിസ്തുവിന്റെ അനുഗാമികൾ എന്ന നിലയിൽ എല്ലാ അർഥത്തിലും യേശുവിന്റെ പഠിപ്പിക്കൽരീതി പിൻപറ്റുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ട് യേശുവിനെപ്പോലെ പ്രസംഗ, പഠിപ്പിക്കൽ വേലയിൽ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാൻ നാം ആഗ്രഹിക്കുന്നു. വിഭവങ്ങളിൽ ചേർക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ നമ്മുടെ ഘ്രാണേന്ദ്രിയത്തെ ഉണർത്തി ആ വിഭവങ്ങളോടുള്ള നമ്മുടെ പ്രിയം വർധിപ്പിക്കുന്നതുപോലെ ഫലപ്രദമായ ദൃഷ്ടാന്തങ്ങൾ നാം പഠിപ്പിക്കുന്ന വിവരങ്ങളെ കൂടുതൽ ആകർഷകമാക്കും. ചിന്തിച്ചുതയ്യാറാക്കിയ ദൃഷ്ടാന്തങ്ങൾ നാം ഉപയോഗിക്കുമ്പോൾ, ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന സുപ്രധാന സത്യങ്ങൾ എളുപ്പം ഗ്രഹിക്കാൻ ആളുകൾക്കു സാധിക്കും. യേശുവിന്റെ ദൃഷ്ടാന്തങ്ങളെ ഇത്ര ആകർഷകമാക്കിയത് എന്തായിരുന്നു? ചില ഘടകങ്ങൾ നമുക്കിപ്പോൾ നോക്കാം. ഫലപ്രദമായ ഈ അധ്യയനരീതി നമുക്ക് എങ്ങനെ പിൻപറ്റാമെന്ന് അപ്പോൾ നമുക്കു മനസ്സിലാകും.
ലളിതമായ അലങ്കാരപ്രയോഗങ്ങൾ
ദൈവം നമുക്കായി കരുതുന്നു എന്നു കാണിക്കാൻ യേശു പക്ഷികളുടെയും പൂക്കളുടെയും ദൃഷ്ടാന്തം ഉപയോഗിച്ചു
8, 9. (എ) യേശു നടത്തിയ ചില താരതമ്യപ്രയോഗങ്ങൾ ഏവ? (ബി) ആ താരതമ്യപ്രയോഗങ്ങൾ വളരെ ഫലപ്രദമായിരുന്നത് എന്തുകൊണ്ട്?
8 പ്രസംഗ, പഠിപ്പിക്കൽ വേലയിൽ യേശു കൂടെക്കൂടെ ലളിതമായ താരതമ്യപ്രയോഗങ്ങൾ നടത്തി. ചുരുങ്ങിയ വാക്കുകൾകൊണ്ട് യേശു ആളുകളുടെ മനസ്സിൽ പതിപ്പിച്ചത് ഒരിക്കലും മായാത്ത ചിത്രങ്ങളായിരുന്നു. പ്രധാനപ്പെട്ട ആത്മീയ സത്യങ്ങളാണ് ഈ രീതിയിലൂടെ യേശു ആളുകൾക്കു പകർന്നുകൊടുത്തത്. ഉദാഹരണത്തിന്, അനുദിന ആവശ്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടാതിരിക്കാൻ ശിഷ്യന്മാരെ ഉപദേശിക്കവെ, ‘ആകാശത്തിലെ പക്ഷികളെയും’ ‘പറമ്പിലെ ലില്ലിച്ചെടികളെയും’ ചൂണ്ടിക്കാട്ടിക്കൊണ്ട് യേശു അവരോടു സംസാരിച്ചു. പക്ഷികൾ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല. അതുപോലെ, ലില്ലിച്ചെടികൾ നൂൽക്കുകയോ നെയ്യുകയോ ചെയ്യുന്നില്ല. എങ്കിലും ദൈവം അവയെ പരിപാലിക്കുന്നു. യേശു പറയാൻ ഉദ്ദേശിച്ച ആശയം ശ്രോതാക്കൾക്ക് എളുപ്പം മനസ്സിലായി: ദൈവം പക്ഷികളെയും പൂക്കളെയും ഇത്രയധികം പരിപാലിക്കുന്നെങ്കിൽ, ‘ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്ന’ മനുഷ്യരെ എത്രയധികം!—മത്തായി 6:26, 28-33.
9 രൂപകാലങ്കാരങ്ങളും യേശു ഉപയോഗിച്ചിരുന്നു. വളരെ ശക്തമായ ഒരു താരതമ്യപ്രയോഗമാണിത്. ഉപമാനവും ഉപമേയവും രണ്ടു വസ്തുക്കളല്ല, ഒന്നുതന്നെയാണെന്ന് കല്പിച്ചുപറയുന്ന അലങ്കാരമാണ് രൂപകം. ഈ അലങ്കാരം ഉപയോഗിച്ചപ്പോഴും യേശു നടത്തിയ താരതമ്യങ്ങൾ വളരെ ലളിതമായിരുന്നു. ഒരു സന്ദർഭത്തിൽ യേശു ശിഷ്യന്മാരോട്, “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്” എന്നു പറഞ്ഞു. ഇതിന്റെ അർഥം മനസ്സിലാക്കാനും ശിഷ്യന്മാർക്ക് ഒട്ടും ബുദ്ധിമുട്ടില്ലായിരുന്നു: വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ആത്മീയ സത്യം പ്രകാശിപ്പിക്കാനും അങ്ങനെ ദൈവത്തിനു മഹത്ത്വം കൊടുക്കാൻ മറ്റുള്ളവരെ സഹായിക്കാനും അവർക്കു കഴിയുമായിരുന്നു. (മത്തായി 5:14-16) “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്,” “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളും ആണ്” എന്നിങ്ങനെയുള്ള രൂപകാലങ്കാരപ്രയോഗങ്ങളും യേശു നടത്തി. (മത്തായി 5:13; യോഹന്നാൻ 15:5) ലളിതമെങ്കിലും എത്ര ശക്തമായ അലങ്കാരപ്രയോഗങ്ങൾ!
10. ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് എങ്ങനെ പഠിപ്പിക്കാം? ഉദാഹരിക്കുക.
10 ആളുകളെ പഠിപ്പിക്കുമ്പോൾ നമുക്ക് എങ്ങനെ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാൻ കഴിയും? ധാരാളം വിശദാംശങ്ങളുള്ള, നീണ്ട കഥകൾ നാം പറയണമെന്നില്ല. ലളിതമായ താരതമ്യങ്ങൾ ഉപയോഗിച്ചാൽ മതിയാകും. പുനരുത്ഥാനത്തെക്കുറിച്ച് നിങ്ങൾ ആരെങ്കിലുമായി സംസാരിക്കുകയാണെന്നിരിക്കട്ടെ. മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരുന്നത് യഹോവയ്ക്കു ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല എന്നാണ് നിങ്ങൾക്കു തെളിയിക്കേണ്ടത്. നിങ്ങൾ എന്തു പറയും? ബൈബിൾ മരണത്തെ നിദ്രയോട് ഉപമിക്കുന്നു. അതുകൊണ്ട് നിങ്ങൾക്ക് ഇങ്ങനെ പറയാം: ഉറങ്ങിക്കിടക്കുന്ന ഒരാളെ വിളിച്ചുണർത്താൻ നമുക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാത്തതുപോലെ, മരിച്ചവരെ ഉയിർപ്പിക്കാൻ ദൈവത്തിനും യാതൊരു ബുദ്ധിമുട്ടുമില്ല. (യോഹന്നാൻ 11:11-14) കുട്ടികൾ നന്നായി വളരണമെങ്കിൽ അവർക്ക് സ്നേഹവും വാത്സല്യവും ആവശ്യമാണെന്ന് തെളിയിക്കാൻ ഏത് ഉദാഹരണം ഉപയോഗിക്കാം? മക്കൾ ‘ഒലിവുതൈകൾപോലെയാണെന്ന്’ ബൈബിൾ പറയുന്നു. (സങ്കീർത്തനം 128:3) നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ഒരു ചെടിയുടെ വളർച്ചയ്ക്ക് സൂര്യപ്രകാശവും വെള്ളവും ആവശ്യമാണ്. അതുപോലെ, സ്നേഹവും വാത്സല്യവും ലഭിച്ചാൽ മാത്രമേ കുട്ടികൾ നന്നായി വളരൂ.” നിങ്ങൾ നടത്തുന്ന താരതമ്യപ്രയോഗം എത്ര ലളിതമാണോ, അത്ര വേഗത്തിൽ ശ്രോതാക്കൾക്ക് കാര്യം പിടികിട്ടും.
നിത്യജീവിതത്തിൽനിന്നുള്ള ദൃഷ്ടാന്തങ്ങൾ
11. നിത്യജീവിതത്തിൽനിന്നുള്ള ഏതെല്ലാം ദൃഷ്ടാന്തങ്ങളാണ് യേശു ഉപയോഗിച്ചത്?
11 ജീവിതഗന്ധിയായ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ യേശുവിന് അപാരമായ നൈപുണ്യമുണ്ടായിരുന്നു. ഗലീലയിൽ ചെലവഴിച്ച ബാല്യകാലത്ത്, ദൈനംദിന ജീവിതത്തിൽ ആളുകൾ ചെയ്യുന്ന പല കാര്യങ്ങളും യേശു നിരീക്ഷിച്ചിട്ടുണ്ടാകണം. ഉദാഹരണത്തിന്, തന്റെ അമ്മ ധാന്യം പൊടിക്കുന്നതും മാവ് പുളിപ്പിക്കുന്നതും വിളക്ക് കത്തിക്കുന്നതും വീട് അടിച്ചുവാരുന്നതുമൊക്കെ യേശു ശ്രദ്ധിച്ചിട്ടുണ്ടാകണം. (മത്തായി 13:33; 24:41; ലൂക്കോസ് 15:8) അതുപോലെ, മീൻപിടിത്തക്കാർ ഗലീലക്കടലിൽ വലയിറക്കുന്നത് എത്ര തവണ യേശു കണ്ടിട്ടുണ്ടാകണം! (മത്തായി 13:47) കുട്ടികൾ ചന്തസ്ഥലത്ത് കളിക്കുന്നത് എത്രയോ വട്ടം യേശു നോക്കിയിരുന്നിട്ടുണ്ടാകണം! (മത്തായി 11:16) കർഷകർ വിത്തു വിതയ്ക്കുന്നത്, ആളുകൾ വിവാഹവിരുന്നുകളിൽ സന്തോഷിച്ചാനന്ദിക്കുന്നത്, ധാന്യക്കതിരുകൾ വിളഞ്ഞുവരുന്നത്—അങ്ങനെ, എത്രയെത്ര കാര്യങ്ങൾ യേശു നിരീക്ഷിച്ചിട്ടുണ്ടാകണം! (മത്തായി 13:3-8; 25:1-12; മർക്കോസ് 4:26-29) സാധാരണജീവിതത്തിൽ താൻ കണ്ട ഈ കാര്യങ്ങളൊക്കെയാണ് പിൽക്കാലത്ത് യേശു ദൃഷ്ടാന്തങ്ങളായി ഉപയോഗിച്ചത്.
12, 13. നല്ല ശമര്യക്കാരന്റെ ഉപമയിൽ യേശു, “യരുശലേമിൽനിന്ന് യരീഹൊയിലേക്ക്” പോകുന്ന വഴിയെക്കുറിച്ച് പരാമർശിച്ചത് എന്തുകൊണ്ട്?
12 ദൃഷ്ടാന്തങ്ങളിൽ യേശു ഉൾപ്പെടുത്തിയ വിശദാംശങ്ങളും ശ്രോതാക്കൾക്കു സുപരിചിതമായിരുന്നു. നല്ല ശമര്യക്കാരനെക്കുറിച്ചുള്ള ഉപമ യേശു പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്: “ഒരു മനുഷ്യൻ യരുശലേമിൽനിന്ന് യരീഹൊയിലേക്കു പോകുകയായിരുന്നു. അയാൾ കവർച്ചക്കാരുടെ കൈയിൽ അകപ്പെട്ടു. അവർ അയാളുടെ വസ്ത്രം ഉൾപ്പെടെ എല്ലാം കൊള്ളയടിച്ചു. എന്നിട്ട് അയാളെ അടിച്ച് പാതി മരിച്ചവനായി അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.” (ലൂക്കോസ് 10:30) കവർച്ചക്കാരുടെ കൈയിലകപ്പെട്ട മനുഷ്യൻ, “യരുശലേമിൽനിന്ന് യരീഹൊയിലേക്ക്” പോകുകയായിരുന്നു എന്ന് യേശു പറഞ്ഞത് ശ്രദ്ധിക്കുക. യഹൂദ്യയിൽവെച്ചാണ് യേശു ഈ ഉപമ പറഞ്ഞത്. യരുശലേമിന് അടുത്തായിരുന്നു യഹൂദ്യ പട്ടണം. അതുകൊണ്ട് ശ്രോതാക്കൾക്ക് യേശു പരാമർശിച്ച വഴി സുപരിചിതമായിരുന്നു. ഒറ്റയ്ക്കു യാത്ര ചെയ്യാനാകാത്ത, അപകടംപിടിച്ച ഒരു വഴിയായിരുന്നു അത്. നിറയെ വളവുകളും തിരിവുകളുമുണ്ടായിരുന്ന വിജനമായ ആ പാതയുടെ ഇരുവശങ്ങളിലും കൊള്ളക്കാർക്കു പതിയിരിക്കാൻ പറ്റിയ ഇടങ്ങളുണ്ടായിരുന്നു.
13 യേശു ഈ ഉപമയിൽ ഉൾപ്പെടുത്തിയ മറ്റു വിശദാംശങ്ങളും ശ്രോതാക്കൾക്കു പരിചിതമായിരുന്നു. ആദ്യം ഒരു പുരോഹിതനും അതിനു ശേഷം ഒരു ലേവ്യനും ആ വഴി കടന്നുപോയെങ്കിലും ഇരുവരും മുറിവേറ്റുകിടന്ന ആ യാത്രികനെ സഹായിക്കാൻ തയ്യാറായില്ല എന്ന് യേശു പറഞ്ഞു. (ലൂക്കോസ് 10:31, 32) പുരോഹിതന്മാർ യരുശലേമിലെ ആലയത്തിൽ ശുശ്രൂഷ ചെയ്തിരുന്നു. ലേവ്യർ അവരുടെ സഹായികളായിരുന്നു. ആലയത്തിൽ ശുശ്രൂഷ ചെയ്യേണ്ടതില്ലാത്തപ്പോൾ പല പുരോഹിതന്മാരും ലേവ്യരും യരീഹൊയിലാണ് തങ്ങിയിരുന്നത്. യരുശലേമിൽനിന്ന് യരീഹൊയിലേക്ക് വെറും 23 കിലോമീറ്ററേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മേൽപ്പറഞ്ഞ വഴിയിൽ അവരെ പതിവായി കാണാമായിരുന്നു.b ശ്രോതാക്കളെ കണക്കിലെടുത്തുകൊണ്ടാണ് യേശു എപ്പോഴും ദൃഷ്ടാന്തങ്ങൾ പറഞ്ഞിരുന്നത് എന്നു വ്യക്തം.
14. ശ്രോതാക്കളെ മനസ്സിൽവെച്ചുകൊണ്ട് നമുക്ക് ദൃഷ്ടാന്തങ്ങൾ തയ്യാറാക്കാൻ കഴിയുന്നത് എങ്ങനെ?
14 യേശുവിനെപ്പോലെ, ശ്രോതാക്കളെ മനസ്സിൽവെച്ചുകൊണ്ടുവേണം നാം ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാൻ. ദൃഷ്ടാന്തങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രോതാക്കളെ സംബന്ധിച്ച ഏതെല്ലാം കാര്യങ്ങൾ നാം കണക്കിലെടുക്കണം? അവരുടെ പ്രായം, സംസ്കാരം, കുടുംബപശ്ചാത്തലം, തൊഴിൽ തുടങ്ങിയ കാര്യങ്ങൾ നാം പരിഗണിക്കേണ്ടതുണ്ടായിരിക്കാം. ഒരു പരിഷ്കൃത നഗരത്തിൽ താമസിക്കുന്ന ഒരാളോട് കാർഷികരീതികളെക്കുറിച്ചുള്ള ഒരു ദൃഷ്ടാന്തം പറഞ്ഞാൽ എന്തെങ്കിലും ഗുണമുണ്ടാകുമോ? ഉണ്ടായെന്നുവരില്ല. എന്നാൽ കാർഷികമേഖലയിലുള്ള ഒരാളോട് അതു പറഞ്ഞാൽ ഫലമുണ്ടായേക്കും. ശ്രോതാക്കളുടെ വീട്, കുട്ടികൾ, ഹോബികൾ, ആഹാരം തുടങ്ങിയ കാര്യങ്ങളൊക്കെ നമുക്ക് ദൃഷ്ടാന്തവിഷയങ്ങളാക്കാം.
പ്രകൃതിയിൽനിന്നെടുത്ത ദൃഷ്ടാന്തങ്ങൾ
15. പ്രകൃതിയെക്കുറിച്ച് യേശുവിന് ഇത്രയേറെ അറിവുണ്ടായിരുന്നത് എങ്ങനെയാണ്?
15 സസ്യങ്ങളെയും പക്ഷിമൃഗാദികളെയും കാലാവസ്ഥയെയും യേശു ദൃഷ്ടാന്തവിഷയങ്ങളാക്കിയിട്ടുണ്ട്. (മത്തായി 16:2, 3; ലൂക്കോസ് 12:24, 27) യേശുവിന് ഇവയെക്കുറിച്ചൊക്കെ ഇത്ര ജ്ഞാനമുണ്ടായത് എങ്ങനെയാണ്? ഗലീലയിൽ വളർന്നുവരവെ, പ്രകൃതിയിൽ കാണുന്ന സൃഷ്ടികളെ നിരീക്ഷിക്കാൻ യേശുവിനു നല്ല അവസരമുണ്ടായിരുന്നു. തന്നെയുമല്ല, “എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ച” യേശുവിനെയാണ് മറ്റെല്ലാം സൃഷ്ടിക്കുന്നതിന് യഹോവ “വിദഗ്ധജോലിക്കാരനായി” ഉപയോഗിച്ചത്. (കൊലോസ്യർ 1:15, 16; സുഭാഷിതങ്ങൾ 8:30, 31) യേശുവിന് പ്രകൃതിയെക്കുറിച്ച് ഇത്ര അറിവുണ്ടായിരുന്നതിൽ അതിശയിക്കാനില്ല. ഈ അറിവ് യേശു വിദഗ്ധമായി ഉപയോഗിച്ചത് എങ്ങനെയെന്ന് നമുക്കു നോക്കാം.
16, 17. (എ) യേശുവിന് ആടുകളുടെ സ്വഭാവവിശേഷതകൾ നന്നായി അറിയാമായിരുന്നെന്നു പറയുന്നത് എന്തുകൊണ്ട്? (ബി) ആടുകൾക്ക് ഇടയന്റെ സ്വരം തിരിച്ചറിയാനാകുമെന്നതിന് ഒരു ഉദാഹരണം പറയുക.
16 യേശു തന്നെത്തന്നെ ‘നല്ല ഇടയൻ’ എന്നും തന്റെ അനുഗാമികളെ ‘ആടുകൾ’ എന്നും വിശേഷിപ്പിക്കുകയുണ്ടായി. ആടുകളുടെ സ്വഭാവവിശേഷതകൾ യേശുവിന് നന്നായി അറിയാമായിരുന്നുവെന്ന് യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. ഇടയന്മാരും അവരുടെ ആടുകളും തമ്മിലുള്ള സവിശേഷ ബന്ധത്തെക്കുറിച്ചും യേശുവിന് അറിയാമായിരുന്നു. പൂർണ വിധേയത്വത്തോടെ ഇടയൻ നയിക്കുന്ന വഴിയേ പോകുന്ന സ്വഭാവം ആടുകൾക്കുണ്ടെന്ന കാര്യം യേശു നിരീക്ഷിച്ചിരുന്നു. ആടുകൾ അവയുടെ ഇടയനെ പൂർണ വിശ്വാസത്തോടെ പിൻചെല്ലുന്നത് എന്തുകൊണ്ടാണ്? “അയാളുടെ ശബ്ദം പരിചയമുള്ളതുകൊണ്ട് ആടുകൾ അയാളെ അനുഗമിക്കുന്നു” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 10:2-4, 11) അതെ, ആടുകൾക്ക് ഇടയന്റെ ശബ്ദം തിരിച്ചറിയാനാകും!
17 ദ ഹിസ്റ്റോറിക്കൽ ജിയോഗ്രഫി ഓഫ് ദ ഹോളി ലാൻഡ് എന്ന പുസ്തകത്തിൽ ജോർജ് എ. സ്മിത്ത് താൻ നിരീക്ഷിച്ച ഒരു കാര്യത്തെക്കുറിച്ച് പറയുന്നു: “ചിലപ്പോഴൊക്കെ യെഹൂദ്യയിലെ കിണറുകളിലൊന്നിന്റെ അടുത്തായിരുന്നു ഞങ്ങളുടെ ഉച്ചവിശ്രമം. അപ്പോൾ മൂന്നു നാല് ഇടയന്മാർ അവരുടെ ആട്ടിൻപറ്റങ്ങളുമായി അവിടേക്കു വരുമായിരുന്നു. ആട്ടിൻപറ്റങ്ങൾ പരസ്പരം ഇടകലരും. ഓരോ ഇടയനും ഇനി സ്വന്തം ആടുകളെ എങ്ങനെ തിരിച്ചുകിട്ടാനാണെന്ന് ഞങ്ങൾ സംശയിച്ചിട്ടുണ്ട്. ആടുകൾ വെള്ളം കുടിക്കുകയും തുള്ളിച്ചാടി നടക്കുകയും ചെയ്യും. കുറച്ചുകഴിയുമ്പോൾ ഇടയന്മാർ ഓരോരുത്തരായി താഴ്വരയുടെ വിവിധ ഭാഗത്തേക്കു പോകും. പിന്നെ ഓരോ ഇടയനും ഒരു പ്രത്യേക സ്വരത്തിൽ ആടുകളെ വിളിക്കും. അപ്പോൾ അവ കൂട്ടത്തിൽനിന്ന് മാറി സ്വന്തം ഇടയന്റെ അടുത്തേക്കു ചെല്ലും. ആട്ടിൻപറ്റങ്ങൾ വന്നതുപോലെതന്നെ ചിട്ടയോടെ അവിടെനിന്നു പോകുകയും ചെയ്യും.” നാം യേശുവിന്റെ ഉപദേശങ്ങൾ കൈക്കൊള്ളുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് യേശുവിനെ പിൻചെല്ലുന്നെങ്കിൽ ‘നല്ല ഇടയനായ’ യേശു നമ്മെ പരിപാലിക്കും. എത്ര അർഥവത്തായ ദൃഷ്ടാന്തം!
18. യഹോവയുടെ സൃഷ്ടികളെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് എവിടെ കണ്ടെത്താം?
18 നമുക്ക് പ്രകൃതിയിൽനിന്ന് എങ്ങനെ ദൃഷ്ടാന്തവിഷയങ്ങൾ കണ്ടെത്താനാകും? ചില മൃഗങ്ങളുടെ സ്വഭാവവിശേഷതകൾ നമുക്ക് ദൃഷ്ടാന്തമായി ഉപയോഗിക്കാനായേക്കും. ലളിതവും അതേസമയം ശക്തവുമായിരിക്കും അത്തരം ദൃഷ്ടാന്തങ്ങൾ. യഹോവയുടെ സൃഷ്ടികളെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് എവിടെനിന്ന് ലഭിക്കും? അത്തരം വിവരങ്ങളുടെ ഒരു കലവറയാണ് ബൈബിൾ. ബൈബിളിൽ, വേഗതയുള്ളവരെ മാൻപേടകളോടും പുള്ളിപ്പുലികളോടും ഉപമിച്ചിരിക്കുന്നത് നമുക്കു കാണാം. പാമ്പുകളെപ്പോലെ ജാഗ്രതയുള്ളവരായിരിക്കുക, പ്രാവുകളെപ്പോലെ നിഷ്കളങ്കരായിരിക്കുക എന്നിങ്ങനെയുള്ള പരാമർശങ്ങളും ബൈബിളിലുണ്ട്.c (1 ദിനവൃത്താന്തം 12:8; ഹബക്കൂക്ക് 1:8; മത്തായി 10:16) യഹോവയുടെ സാക്ഷികളുടെ വീക്ഷാഗോപുരം, ഉണരുക! മാസികകളും jw.org-ലെ “ആരുടെ കരവിരുത്?” എന്ന പരമ്പരയിലെ ലേഖനങ്ങളും വീഡിയോകളും സഹായകമായിരിക്കും. സൃഷ്ടിയിലെ വിസ്മയങ്ങളെയും അവയിൽനിന്ന് നമുക്ക് പഠിക്കാനാകുന്ന കാര്യങ്ങളെയും കുറിച്ച് ധാരാളം വിവരങ്ങൾ ഈ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്. അവ വായിച്ചുമനസ്സിലാക്കുന്നത് സമാനമായ ദൃഷ്ടാന്തങ്ങൾ മനഞ്ഞെടുക്കാൻ നിങ്ങളെയും സഹായിക്കും.
പരിചിതമായ സംഭവങ്ങളെ ദൃഷ്ടാന്തങ്ങളാക്കാം
19, 20. (എ) തെറ്റായ ഒരു വിശ്വാസത്തെ ഖണ്ഡിക്കാൻ യേശു ഏതു സംഭവം ദൃഷ്ടാന്തമായി ഉപയോഗിച്ചു? (ബി) മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ നമുക്ക് എങ്ങനെ യഥാർഥ സംഭവങ്ങളെയും ജീവിതാനുഭവങ്ങളെയും ദൃഷ്ടാന്തമായി ഉപയോഗിക്കാം?
19 നടന്ന സംഭവങ്ങളെ ഫലപ്രദമായ ദൃഷ്ടാന്തങ്ങളായി ഉപയോഗിക്കാവുന്നതാണ്. ദുരന്തങ്ങൾ തെറ്റുകൾക്കുള്ള ശിക്ഷയാണെന്ന വിശ്വാസത്തെ തിരുത്താൻ യേശു ഒരിക്കൽ ആയിടെയുണ്ടായ ഒരു സംഭവത്തെ ദൃഷ്ടാന്തമായി ഉപയോഗിച്ചു. “ശിലോഹാമിലെ ഗോപുരം വീണ് മരിച്ച 18 പേർ യരുശലേമിൽ താമസിക്കുന്ന മറ്റെല്ലാവരെക്കാളും പാപികളാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ” എന്ന് യേശു ശ്രോതാക്കളോടു ചോദിച്ചു. (ലൂക്കോസ് 13:4) ആ 18 പേർ മരിച്ചത് അവർ പാപം ചെയ്ത് ദൈവത്തെ അപ്രീതിപ്പെടുത്തിയതുകൊണ്ടായിരുന്നില്ല. മറിച്ച്, അവരുടെ ദാരുണമരണം “സമയവും അപ്രതീക്ഷിതസംഭവങ്ങളും” കൊണ്ടുണ്ടായ ഒന്നായിരുന്നു. (സഭാപ്രസംഗകൻ 9:11) അങ്ങനെ, ശ്രോതാക്കൾക്ക് അറിവുള്ള ഒരു സംഭവം പരാമർശിച്ചുകൊണ്ട് യേശു വ്യാജമായ ഒരു ഉപദേശത്തെ ഖണ്ഡിച്ചു.
20 മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ യഥാർഥ സംഭവങ്ങളെയും ആളുകളുടെ അനുഭവങ്ങളെയും നമുക്ക് എങ്ങനെ ദൃഷ്ടാന്തങ്ങളായി ഉപയോഗിക്കാം? യേശുവിന്റെ സാന്നിധ്യത്തെ കുറിക്കുന്ന അടയാളത്തിന്റെ പ്രവചനനിവൃത്തിയെക്കുറിച്ച് നിങ്ങൾ ആരെങ്കിലുമായി ചർച്ച ചെയ്യുകയാണെന്നിരിക്കട്ടെ. (മത്തായി 24:3-14) യുദ്ധം, ക്ഷാമം, ഭൂകമ്പം എന്നിങ്ങനെ ആ അടയാളത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ നിറവേറുന്നതിനെക്കുറിച്ച് പറയാൻ അടുത്തകാലത്ത് വന്ന വാർത്തകൾ നിങ്ങൾക്കു പരാമർശിക്കാവുന്നതാണ്. പുതിയ വ്യക്തിത്വം ധരിക്കുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്നു മനസ്സിലാക്കിക്കൊടുക്കാൻ യഥാർഥ ജീവിതാനുഭവങ്ങൾ നിങ്ങൾക്ക് ദൃഷ്ടാന്തമായി കാണിക്കാം. (എഫെസ്യർ 4:20-24) അങ്ങനെയുള്ള അനുഭവങ്ങൾ നിങ്ങൾക്ക് എവിടെനിന്ന് ലഭിക്കും? സഹവിശ്വാസികളുടെ ജീവിതപശ്ചാത്തലത്തെക്കുറിച്ച് നിങ്ങൾക്ക് ചോദിച്ചറിയാനാകും. അല്ലെങ്കിൽ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള ഒരു അനുഭവം നിങ്ങൾക്ക് ഉപയോഗിക്കാം. jw.org-ലെ “ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” എന്ന പരമ്പരയിലും ഇത്തരം അനുഭവങ്ങൾ കാണാം.
21. ദൈവവചനത്തിന്റെ നല്ലൊരു അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക ആയിരിക്കുന്നത് എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തും?
21 യേശുവിനോളം പ്രഗത്ഭനായ ഒരു അധ്യാപകൻ ഇന്നോളം ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല! നാം കണ്ടുകഴിഞ്ഞതുപോലെ, ‘പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും ചെയ്യുന്നതിന്’ യേശു തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. (മത്തായി 4:23) യേശുവിനെപ്പോലെ നമ്മുടെ ജീവിതവും ആ വേലയ്ക്കായി അർപ്പിതമായിരിക്കണം. ദൈവവചനത്തിന്റെ നല്ലൊരു അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക ആയിരിക്കുന്നത് തീർച്ചയായും വലിയ അനുഗ്രഹങ്ങൾ കൈവരുത്തും. ദൈവവചനം പഠിക്കാൻ നാം മറ്റുള്ളവരെ സഹായിക്കുമ്പോൾ എന്നേക്കും പ്രയോജനം ചെയ്യുന്ന മൂല്യവത്തായ ഒരു സംഗതിയാണ് നാം അവർക്കു പകർന്നുകൊടുക്കുന്നത്, യഹോവയെക്കുറിച്ചുള്ള ജീവദായകമായ സത്യം. അത് നമുക്ക് വലിയ സന്തോഷം നേടിത്തരും. (പ്രവൃത്തികൾ 20:35) മഹാഗുരുവായ യേശുവിന്റെ കാലടികൾ പിന്തുടരുകയാണെന്ന ചാരിതാർഥ്യവും നമുക്ക് ഉണ്ടായിരിക്കും.
a യേശു മരിച്ച് ഏതാണ്ട് എട്ടു വർഷത്തിനു ശേഷം എഴുതപ്പെട്ട മത്തായിയുടെ സുവിശേഷമാണ് സാധ്യതയനുസരിച്ച് യേശുവിന്റെ ഭൗമികജീവിതത്തെക്കുറിച്ചുള്ള ദൈവപ്രചോദിതമായ ആദ്യത്തെ രേഖ.
b മോശയുടെ നിയമം അനുസരിച്ച്, മൃതശരീരം തൊടുന്ന ഒരാൾ അശുദ്ധനാകുമായിരുന്നു. (ലേവ്യ 21:1; സംഖ്യ 19:16) ഉപമയിലെ യാത്രികൻ മരിച്ചതുപോലെ കാണപ്പെട്ടതുകൊണ്ട് അയാളെ തൊട്ടാൽ തങ്ങൾ അശുദ്ധരാകുമെന്നും അങ്ങനെ ആലയശുശ്രൂഷയ്ക്കു ഭംഗം വരുമെന്നും കരുതിയിട്ടാകണം ആ പുരോഹിതനും ലേവ്യനും ഒന്നും ചെയ്യാതിരുന്നതെന്ന് ചിലർ പറഞ്ഞേക്കാം. എന്നാൽ ആ വാദത്തിൽ കഴമ്പുണ്ടോ? “യരുശലേമിൽനിന്ന് യരീഹൊയിലേക്ക്” പോകുന്ന വഴിയേതന്നെയാണ് പുരോഹിതനും ലേവ്യനും സഞ്ചരിച്ചതെന്നതു ശ്രദ്ധേയമാണ്. അവർ ആലയത്തിലെ ശുശ്രൂഷ കഴിഞ്ഞ് പോകുകയായിരുന്നു എന്നുള്ളത് അതിൽനിന്ന് വ്യക്തമാകുന്നു. അതുകൊണ്ട് അയാളെ സഹായിക്കാതിരിക്കാൻ അവർക്ക് യാതൊരു കാരണവും ഉണ്ടായിരുന്നില്ല.
c യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം ഒന്നിന്റെ 268, 270-271 പേജുകൾ കാണുക.