ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
സെപ്റ്റംബർ 3-9
ദൈവവചനത്തിലെ നിധികൾ | യോഹന്നാൻ 1-2
“യേശു ആദ്യത്തെ അത്ഭുതം പ്രവർത്തിക്കുന്നു”
jy-E 41 ¶6
യേശുവിന്റെ ആദ്യത്തെ അത്ഭുതം
യേശുവിന്റെ ആദ്യത്തെ അത്ഭുതമാണ് ഇത്. പുതിയ ശിഷ്യന്മാർ ഇതു കാണുമ്പോൾ യേശുവിലുള്ള അവരുടെ വിശ്വാസം ശക്തമാകുന്നു. പിന്നീട് യേശുവും അമ്മയും അർധസഹോദരന്മാരും കൂടി ഗലീലക്കടലിന് വടക്കുപടിഞ്ഞാറേ തീരത്തുള്ള കഫർന്നഹൂം നഗരത്തിലേക്കു പോകുന്നു.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
യോഹ 1:1-ന്റെ പഠനക്കുറിപ്പുകൾ, nwtsty
വചനം: ഗ്രീക്കിൽ, ലോഗൊസ്. ഇവിടെ ഒരു പദവിനാമമായി ഉപയോഗിച്ചിരിക്കുന്ന ഈ പദപ്രയോഗം യോഹ 1:14-ലും വെളി 19:13-ലും കാണാം. ഈ പദവിനാമം യേശുവിന്റേതാണെന്നു യോഹന്നാൻതന്നെ വെളിപ്പെടുത്തുന്നുണ്ട്. യേശു മനുഷ്യനായി വരുന്നതിനു മുമ്പ് ഒരു ആത്മവ്യക്തിയായിരുന്ന സമയത്തും ഒരു പൂർണമനുഷ്യനായി ഭൂമിയിൽ ശുശ്രൂഷ നടത്തിയ കാലത്തും സ്വർഗാരോഹണത്തിനു ശേഷമുള്ള സമയത്തും യേശുവിനെ വിശേഷിപ്പിച്ചുകൊണ്ട് ഈ പദവിനാമം ഉപയോഗിച്ചിരിക്കുന്നു. സ്രഷ്ടാവായ ദൈവത്തിന്റെ മറ്റ് ആത്മപുത്രന്മാർക്കും മനുഷ്യർക്കും ദൈവത്തിൽനിന്നുള്ള നിർദേശങ്ങളും വിവരങ്ങളും നൽകുന്ന, ദൈവത്തിന്റെ വക്താവായിരുന്നു യേശു. അതുകൊണ്ടുതന്നെ യേശു ഭൂമിയിലേക്കു വരുന്നതിനു മുമ്പുള്ള കാലത്ത് മനുഷ്യരുമായി ആശയവിനിമയം ചെയ്യാൻ യഹോവ പലപ്പോഴും ‘വചനം’ എന്ന ഈ ദൂതവക്താവിനെ ഉപയോഗിച്ചിട്ടുണ്ടെന്നു ന്യായമായും നിഗമനം ചെയ്യാം.—ഉൽ 16:7-11; 22:11; 31:11; പുറ 3:2-5; ന്യായ 2:1-4; 6:11, 12; 13:3.
കൂടെയായിരുന്നു: അക്ഷ. “നേർക്ക്.” ഈ വാക്യത്തിൽ പ്രോസ് എന്ന ഗ്രീക്കുപ്രത്യയം (Greek preposition), തൊട്ടടുത്തായിരിക്കുന്നതിനെയോ അടുത്ത കൂട്ടാളിയായിരിക്കുന്നതിനെയോ ആണ് സൂചിപ്പിക്കുന്നത്. ഇനി, വചനവും ഏകസത്യദൈവവും ഒന്നല്ല, രണ്ടു വ്യക്തികളാണെന്ന സൂചനയും ഈ ഗ്രീക്കുപദം തരുന്നുണ്ട്.
വചനം ഒരു ദൈവമായിരുന്നു: അഥവാ “വചനം ദിവ്യനായിരുന്നു (അല്ലെങ്കിൽ “ദൈവത്തെപ്പോലുള്ളവനായിരുന്നു”).” യോഹന്നാന്റെ ഈ പ്രസ്താവന, ‘വചനത്തിന്റെ’ (ഗ്രീക്കിൽ, ലോഗൊസ്; ഈ വാക്യത്തിലെ വചനം എന്നതിന്റെ പഠനക്കുറിപ്പു കാണുക.) അഥവാ യേശുക്രിസ്തുവിന്റെ ഒരു സവിശേഷതയെയാണു വർണിക്കുന്നത്. മറ്റെല്ലാം സൃഷ്ടിക്കാൻ യഹോവ ഉപയോഗിച്ച ആദ്യജാതപുത്രൻ എന്ന അതുല്യസ്ഥാനമുള്ളതുകൊണ്ട് ‘വചനത്തിന്,’ “ഒരു ദൈവം; ദൈവത്തെപ്പോലുള്ളവൻ; ദിവ്യൻ” എന്നീ വിശേഷണങ്ങൾ ചേരും. എന്നാൽ പല പരിഭാഷകരും ഈ ഭാഗത്തെ, “വചനം ദൈവമായിരുന്നു” എന്നു പരിഭാഷപ്പെടുത്തണമെന്നു വാദിക്കുന്നവരാണ്. പക്ഷേ അതിലൂടെ അവർ ‘വചനത്തെ’ സർവശക്തനായ ദൈവത്തിനു തുല്യനാക്കുകയാണ്. എന്നാൽ ‘വചനവും’ സർവശക്തനായ ദൈവവും ഒന്നാണെന്നു സൂചിപ്പിക്കാൻ യോഹന്നാൻ ഉദ്ദേശിച്ചില്ല. അങ്ങനെ പറയാൻ തക്കതായ കാരണങ്ങളുണ്ട്. ഒന്നാമതായി, ഈ പ്രസ്താവനയ്ക്കു മുമ്പും പിമ്പും ഉള്ള ഭാഗങ്ങളിൽ “വചനം ദൈവത്തിന്റെകൂടെയായിരുന്നു” എന്നു വ്യക്തമാക്കുന്നുണ്ട്. ഇനി, 1-ഉം 2-ഉം വാക്യങ്ങളിൽ തെയോസ് എന്ന പദം മൂന്നു പ്രാവശ്യം കാണുന്നുണ്ടെങ്കിലും അതിൽ ഒന്നാമത്തെയും മൂന്നാമത്തെയും സ്ഥലങ്ങളിൽ മാത്രമേ തെയോസ് എന്ന പദത്തിനു മുമ്പ് ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം കാണുന്നുള്ളൂ; രണ്ടാമത്തേതിനു മുമ്പ് ഉപപദങ്ങളൊന്നും കാണുന്നില്ല. ഇതിൽ രണ്ടാമത്തെ തെയോസിനു മുമ്പ് നിശ്ചായക ഉപപദം കാണുന്നില്ലാത്തതു പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ടെന്നു പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. തെയോസ് എന്ന പദത്തിനു മുമ്പ് ഉപപദം ഉപയോഗിച്ചാൽ അതു സർവശക്തനായ ദൈവത്തെയാണു കുറിക്കുന്നത്. അതേസമയം, ഈ വ്യാകരണഘടനയിൽ തെയോസ് എന്ന പദത്തിനു മുമ്പ് ഒരു ഉപപദം ഉപയോഗിച്ചിട്ടില്ലെങ്കിൽ, അത് ‘വചനത്തിന്റെ’ പ്രകൃതിയെ അഥവാ ഒരു സവിശേഷതയെ മാത്രമാണു കുറിക്കുന്നത്. അതുകൊണ്ടാണ് ബൈബിളിന്റെ പല ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ പരിഭാഷകളും “വചനം” എന്ന പദത്തെ പുതിയ ലോക ഭാഷാന്തരത്തിലെപ്പോലെ, “ഒരു ദൈവം; ദിവ്യൻ; ദൈവത്വമുള്ളവൻ; ദൈവത്തെപ്പോലുള്ളവൻ” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സാധ്യതയനുസരിച്ച് എ.ഡി. മൂന്ന്, നാല് നൂറ്റാണ്ടുകളിൽ പുറത്തിറക്കിയ, യോഹന്നാന്റെ സുവിശേഷത്തിന്റെ സഹിദിക്ക്, ബൊഹൈറിക്ക് തർജമകളും (കോപ്റ്റിക്ക് ഭാഷയുടെ പ്രാദേശികരൂപങ്ങളാണ് ഇവ രണ്ടും.) ഇതിനോടു യോജിക്കുന്നു. കാരണം, ആ പരിഭാഷകളും യോഹ 1:1-ൽ തെയോസ് എന്ന പദം, ഒന്നാമത്തെ സ്ഥലത്ത് പരിഭാഷ ചെയ്തിരിക്കുന്നതിൽനിന്ന് വ്യത്യസ്തമായാണു രണ്ടാമത്തെ സ്ഥലത്ത് ചെയ്തിരിക്കുന്നത്. ‘വചനത്തിന്റെ’ പ്രകൃതി ദൈവത്തെപ്പോലെയാണ് എന്നു സൂചിപ്പിക്കുന്ന ഈ പരിഭാഷകൾ ‘വചനത്തിന്റെ’ ഒരു സവിശേഷത എടുത്തുകാട്ടുക മാത്രമാണു ചെയ്യുന്നത്. അല്ലാതെ “വചനം” പിതാവിനോട്, അഥവാ സർവശക്തനായ ദൈവത്തോട്, തുല്യനാണെന്നു പറയുന്നില്ല. “ക്രിസ്തുവിലാണല്ലോ എല്ലാ ദൈവികഗുണങ്ങളും അതിന്റെ പൂർണരൂപത്തിലുള്ളത്” എന്നു പറയുന്ന കൊലോ 2:9-ഉം ഈ ആശയവുമായി യോജിക്കുന്നു. ഇനി, 2പത്ര 1:4-ൽ ക്രിസ്തുവിന്റെ കൂട്ടവകാശികളെക്കുറിച്ചുപോലും പറയുന്നത് അവർ ‘ദൈവപ്രകൃതിയിൽ പങ്കാളികളാകും’ എന്നാണ്. സെപ്റ്റുവജിന്റ് പരിഭാഷയിൽ, പൊതുവേ തെയോസ് എന്നു തർജമ ചെയ്തിരിക്കുന്നത് ഏൽ, ഏലോഹീം എന്നീ എബ്രായപദങ്ങളെയാണ് എന്നതും ശ്രദ്ധിക്കുക. സാധാരണയായി “ദൈവം” എന്നു പരിഭാഷപ്പെടുത്താറുള്ള ആ പദങ്ങളുടെ അടിസ്ഥാനാർഥം “ശക്തനായവൻ; ബലവാൻ” എന്നൊക്കെ മാത്രമാണ്. ഈ എബ്രായപദങ്ങൾ സർവശക്തനായ ദൈവത്തെ മാത്രമല്ല മറ്റു ദൈവങ്ങളെയും മനുഷ്യരെയും കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. (യോഹ 10:34-ന്റെ പഠനക്കുറിപ്പു കാണുക.) വചനത്തെ “ഒരു ദൈവം” എന്നോ “ശക്തനായവൻ” എന്നോ വിളിക്കുന്നത് യശ 9:6-ലെ പ്രവചനവുമായും ചേരും. കാരണം മിശിഹ, “ശക്തനാം ദൈവം” എന്ന് (“സർവശക്തനാം ദൈവം” എന്നല്ല.) വിളിക്കപ്പെടുമെന്നും തന്റെ പ്രജകളായിരിക്കാൻ പദവി ലഭിക്കുന്നവരുടെ “നിത്യപിതാവ്” ആയിരിക്കുമെന്നും ആണ് അവിടെ പറയുന്നത്. അതു സാധ്യമാക്കുന്നതാകട്ടെ, മിശിഹയുടെ പിതാവായ, “സൈന്യങ്ങളുടെ അധിപനായ യഹോവയുടെ” തീക്ഷ്ണതയാണ്.—യശ 9:7.
യോഹ 1:29-ന്റെ പഠനക്കുറിപ്പ്, nwtsty
ദൈവത്തിന്റെ കുഞ്ഞാട്: സ്നാനമേറ്റശേഷം, പിശാചിന്റെ പ്രലോഭനത്തെ ചെറുത്തുനിന്ന് തിരിച്ചെത്തിയ യേശുവിനെ യോഹന്നാൻ സ്നാപകൻ “ദൈവത്തിന്റെ കുഞ്ഞാട്” എന്നു പരിചയപ്പെടുത്തി. ഇവിടെയും യോഹ 1:36-ലും മാത്രമാണ് ഈ പദപ്രയോഗം കാണുന്നത്. (അനു. എ7 കാണുക.) യേശുവിനെ കുഞ്ഞാടിനോട് ഉപമിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. ആടുകളെ യാഗമർപ്പിക്കുന്നതിനെക്കുറിച്ചുള്ള പരാമർശം ബൈബിളിലുടനീളം കാണാം. താൻ പാപിയാണെന്ന വസ്തുത ഒരാൾ അംഗീകരിക്കുന്നു എന്നതിന്റെ തെളിവായും ദൈവത്തെ സമീപിക്കാനുള്ള അവസരം നേടിയെടുക്കാൻവേണ്ടിയും ആണ് ആടുകളെ അർപ്പിച്ചിരുന്നത്. ഇതാകട്ടെ, മനുഷ്യർക്കുവേണ്ടി യേശു തന്റെ പൂർണതയുള്ള മനുഷ്യജീവൻ ബലികഴിക്കാനിരുന്നതിനെ പ്രതീകപ്പെടുത്തി. “ദൈവത്തിന്റെ കുഞ്ഞാട്” എന്ന പദപ്രയോഗത്തിന്, ദൈവപ്രചോദിതമായ തിരുവെഴുത്തുകളിലെ പല ഭാഗങ്ങളോടും ബന്ധമുള്ളതായി കാണാം. യോഹന്നാൻ സ്നാപകന് എബ്രായതിരുവെഴുത്തുകൾ നല്ല പരിചയമുണ്ടായിരുന്നതുകൊണ്ട്, “ദൈവത്തിന്റെ കുഞ്ഞാട്” എന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്, അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനു പകരം അർപ്പിച്ച ആൺചെമ്മരിയാടോ (ഉൽ 22:13) അടിമത്തത്തിലായിരുന്ന ഇസ്രായേല്യരുടെ മോചനത്തിനായി ഈജിപ്തിൽവെച്ച് അറുത്ത പെസഹാക്കുഞ്ഞാടോ (പുറ 12:1-13) യരുശലേമിൽ ദൈവത്തിന്റെ യാഗപീഠത്തിൽ രാവിലെയും വൈകിട്ടും മുടങ്ങാതെ അർപ്പിച്ചിരുന്ന ആൺചെമ്മരിയാട്ടിൻകുട്ടിയോ (പുറ 29:38-42) ഒക്കെയായിരിക്കാം. ഇനി, യോഹന്നാന്റെ മനസ്സിലുണ്ടായിരുന്നത്, യഹോവയുടെ ‘ദാസനെ,’ ‘അറുക്കാനുള്ള ആടിനെപ്പോലെ കൊണ്ടുവന്നു’ എന്നു പറയുന്ന യശയ്യ പുസ്തകത്തിലെ പ്രവചനമായിരിക്കാനും സാധ്യതയുണ്ട്. (യശ 52:13; 53:5, 7, 11) കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്തിൽ പൗലോസ് അപ്പോസ്തലൻ യേശുവിനെ ‘നമ്മുടെ പെസഹാക്കുഞ്ഞാട്’ എന്നു വിളിച്ചു. (1കൊ 5:7) ക്രിസ്തുവിന്റെ ‘വിലയേറിയ രക്തം’ “കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള”താണെന്ന് അപ്പോസ്തലനായ പത്രോസ് പറഞ്ഞു. (1പത്ര 1:19) മഹത്ത്വീകരിക്കപ്പെട്ട യേശുവിനെ വെളിപാട് പുസ്തകത്തിൽ 25-ലധികം പ്രാവശ്യം ആലങ്കാരികാർഥത്തിൽ “കുഞ്ഞാട്” എന്നു വിളിച്ചിട്ടുണ്ട്.—ചില ഉദാഹരണങ്ങൾ: വെളി 5:8; 6:1; 7:9; 12:11; 13:8; 14:1; 15:3; 17:14; 19:7; 21:9; 22:1.
സെപ്റ്റംബർ 10-16
ദൈവവചനത്തിലെ നിധികൾ | യോഹന്നാൻ 3-4
“യേശു ഒരു ശമര്യസ്ത്രീയോടു സാക്ഷീകരിക്കുന്നു”
യോഹ 4:6-ന്റെ പഠനക്കുറിപ്പ്, nwtsty
ക്ഷീണിച്ച യേശു: യേശുവിനു ‘ക്ഷീണം’ തോന്നിയതായി തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന ഒരേ ഒരു ഭാഗമാണ് ഇത്. ഉച്ചയ്ക്ക് ഏതാണ്ട് 12 മണിയോട് അടുത്ത സമയമായിരുന്നു അത്. സാധ്യതയനുസരിച്ച് യേശു അപ്പോൾ യഹൂദ്യയിലെ യോർദാൻ താഴ്വരയിൽനിന്ന് ശമര്യയിലെ സുഖാറിലേക്ക് യാത്ര ചെയ്ത് എത്തിയതായിരുന്നു. യോർദാൻ താഴ്വരയെക്കാൾ 900 മീറ്ററോ (3,000 അടി) അതിൽ അധികമോ ഉയരത്തിൽ സ്ഥിതി ചെയ്തിരുന്ന സുഖാറിലെത്താൻ കുത്തനെയുള്ള കയറ്റം കയറണമായിരുന്നു.—യോഹ 4:3-5; അനു. എ7 കാണുക.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
യോഹ 3:29-ന്റെ പഠനക്കുറിപ്പ്, nwtsty
മണവാളന്റെ തോഴൻ: ബൈബിൾക്കാലങ്ങളിൽ മണവാളന്റെ വളരെ അടുത്ത ഒരു പരിചയക്കാരൻ വിവാഹസമയത്ത് അദ്ദേഹത്തിന്റെ ഔദ്യോഗികപ്രതിനിധിയായി അവിടെ കാണുമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കുന്നതിൽ അദ്ദേഹത്തിനു വലിയൊരു പങ്കുണ്ടായിരുന്നു. മണവാളനെയും മണവാട്ടിയെയും ഒരുമിപ്പിക്കുന്ന വ്യക്തിയായിട്ടാണ് അദ്ദേഹത്തെ കണ്ടിരുന്നത്. വിവാഹദിവസം മണവാട്ടിയെയുംകൊണ്ടുള്ള ഘോഷയാത്ര മണവാളന്റെയോ മണവാളന്റെ അപ്പന്റെയോ വീട്ടിൽ എത്തിച്ചേരും. തുടർന്ന് അവിടെവെച്ച് വിവാഹസദ്യ നടക്കും. വിവാഹവിരുന്നിന്റെ സമയത്ത് മണവാളൻ മണവാട്ടിയോടു സംസാരിക്കുന്ന സ്വരം കേൾക്കുമ്പോൾ തോഴനു സന്തോഷമാകും. കൂട്ടുകാരനോടുള്ള ഉത്തരവാദിത്വം നന്നായി നിറവേറ്റിയതിന്റെ ചാരിതാർഥ്യമായിരിക്കും അദ്ദേഹത്തിന്റെ മനസ്സിൽ. ‘മണവാളന്റെ തോഴനോടാണ്’ യോഹന്നാൻ സ്നാപകൻ തന്നെത്തന്നെ ഉപമിച്ചത്. യേശുവായിരുന്നു മണവാളൻ; ഒരു കൂട്ടമെന്ന നിലയിൽ യേശുവിന്റെ ശിഷ്യന്മാർ ആലങ്കാരികമണവാട്ടിയും. മിശിഹയ്ക്കു വഴിയൊരുക്കിക്കൊണ്ട് യോഹന്നാൻ സ്നാപകൻ “മണവാട്ടി”വർഗത്തിലെ ആദ്യത്തെ അംഗങ്ങളെ യേശുവിനു പരിചയപ്പെടുത്തിക്കൊടുത്തു. (യോഹ 1:29, 35; 2കൊ 11:2; എഫ 5:22-27; വെളി 21:2, 9) രണ്ടു വ്യക്തികളെ തമ്മിൽ പരിചയപ്പെടുത്തിക്കൊടുക്കുന്നതോടെ, ‘തോഴനു’ തന്റെ ഉത്തരവാദിത്വം നിറവേറ്റിയതായി ചിന്തിക്കാമായിരുന്നു. അതു കഴിഞ്ഞാൽപ്പിന്നെ അദ്ദേഹം ഒരു മുഖ്യകഥാപാത്രമായിരിക്കില്ല. യേശുവിനോടുള്ള ബന്ധത്തിൽ തന്റെ സ്ഥാനത്തെക്കുറിച്ച് യോഹന്നാനും അതുപോലൊരു കാര്യം പറഞ്ഞു: “അദ്ദേഹം വളരണം, ഞാനോ കുറയണം.”—യോഹ 3:30.
യോഹ 4:10-ന്റെ പഠനക്കുറിപ്പ്, nwtsty
ജീവജലം: ഈ ഗ്രീക്കുപദപ്രയോഗത്തിന്റെ അക്ഷരാർഥം “ഒഴുക്കുവെള്ളം; ഉറവജലം; കിണറ്റിലെ ശുദ്ധമായ ഉറവജലം” എന്നൊക്കെയാണ്. ജലസംഭരണിയിലെ കെട്ടിക്കിടക്കുന്ന വെള്ളത്തെ കുറിക്കാൻ ഈ പദം ഉപയോഗിക്കാറില്ല. ലേവ 14:5-ൽ “ഒഴുക്കുവെള്ളം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദപ്രയോഗത്തിന്റെ അക്ഷരാർഥം “ജീവജലം” എന്നാണ്. യിര 2:13-ലും 17:13-ലും യഹോവയെ ‘ജീവജലത്തിന്റെ ഉറവായി (അഥവാ “ഉറവയായി”)’ വർണിച്ചിട്ടുണ്ട്. ആ ജലം, ആളുകൾക്കു ജീവൻ നൽകുന്ന ആലങ്കാരികജലമാണ്. ശമര്യക്കാരിയോടു സംസാരിച്ചപ്പോൾ യേശു “ജീവജലം” എന്നു പറഞ്ഞത് ആലങ്കാരികമായിട്ടാണെങ്കിലും ആ സ്ത്രീ ആദ്യം അതു മനസ്സിലാക്കിയത് അക്ഷരാർഥത്തിലാണെന്നു തോന്നുന്നു.—യോഹ 4:11; യോഹ 4:14-ന്റെ പഠനക്കുറിപ്പു കാണുക.
സെപ്റ്റംബർ 17-23
ദൈവവചനത്തിലെ നിധികൾ | യോഹന്നാൻ 5-6
“ശരിയായ ആന്തരത്തോടെ യേശുവിനെ അനുഗമിക്കുക”
യോഹ 6:10-ന്റെ പഠനക്കുറിപ്പ്, nwtsty
ഏകദേശം 5,000 പുരുഷന്മാരുണ്ടായിരുന്നു: ഈ അത്ഭുതത്തെക്കുറിച്ചുള്ള വിവരണത്തിൽ ‘സ്ത്രീകളുടെയും കുട്ടികളുടെയും’ കാര്യം രേഖപ്പെടുത്തിയിരിക്കുന്നതു മത്തായി മാത്രമാണ്. (മത്ത 14:21) അത്ഭുതകരമായി പോഷിപ്പിക്കപ്പെട്ടവരുടെ മൊത്തം സംഖ്യ 15,000-ത്തിലധികം വരാൻ സാധ്യതയുണ്ട്.
യോഹ 6:14-ന്റെ പഠനക്കുറിപ്പ്, nwtsty
പ്രവാചകൻ: മോശയെപ്പോലുള്ള പ്രവാചകൻ എന്ന് ആവ 18:15, 18-ൽ പറഞ്ഞിരിക്കുന്നതു മിശിഹയെക്കുറിച്ചാണെന്ന് എ.ഡി. ഒന്നാം നൂറ്റാണ്ടിലെ പല ജൂതന്മാർക്കും അറിയാമായിരുന്നു. ലോകത്തേക്കു വരാനിരുന്ന എന്ന പദപ്രയോഗം സാധ്യതയനുസരിച്ച് ഇവിടെ സൂചിപ്പിക്കുന്നത് ആളുകൾ മിശിഹയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ്. ഈ വാക്യത്തിൽ കാണുന്ന വിവരങ്ങൾ യോഹന്നാൻ മാത്രമാണു രേഖപ്പെടുത്തിയിരിക്കുന്നത്.
യോഹ 6:27, 54-ന്റെ പഠനക്കുറിപ്പുകൾ,nwtsty
നശിച്ചുപോകുന്ന ആഹാരം . . . നിത്യജീവൻ നേടിത്തരുന്ന നശിക്കാത്ത ആഹാരം: ചില ആളുകൾ തന്റെയും ശിഷ്യന്മാരുടെയും പിന്നാലെ വരുന്നതു ഭൗതികനേട്ടത്തിനുവേണ്ടി മാത്രമാണെന്നു യേശുവിനു മനസ്സിലായി. ജീവൻ നിലനിറുത്താൻ ദിവസവും ആഹാരം കഴിക്കണമെങ്കിലും നിത്യമായി ജീവിക്കണമെങ്കിൽ മനുഷ്യർ ദൈവവചനത്തിൽനിന്നുള്ള ‘ആഹാരം’ കഴിക്കണമായിരുന്നു. ‘നിത്യജീവൻ നേടിത്തരുന്ന ആഹാരത്തിനുവേണ്ടി’ പ്രയത്നിക്കുക എന്നു യേശു ജനക്കൂട്ടത്തോടു പറഞ്ഞു. യേശു ഉദ്ദേശിച്ചത്, ആത്മീയദാഹം ശമിപ്പിക്കാനും പഠിക്കുന്ന കാര്യങ്ങളിൽ വിശ്വാസം വളർത്താനും അവർ കഠിനമായി ശ്രമിക്കണം എന്നായിരുന്നു.—മത്ത 4:4; 5:3; യോഹ 6:28-39.
എന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും: യേശുവിന്റെ മാംസം തിന്നാനും രക്തം കുടിക്കാനും പറഞ്ഞത് ഒരു ആലങ്കാരികാർഥത്തിലാണെന്നും അത് അനുസരിക്കാൻ ഒരാൾ യേശുവിൽ വിശ്വാസമർപ്പിച്ചാൽ മതിയായിരുന്നെന്നും സന്ദർഭം സൂചിപ്പിക്കുന്നു. (യോഹ 6:35, 40) യേശു ഈ പ്രസ്താവന നടത്തിയത് എ.ഡി. 32-ൽ ആയിരുന്നതുകൊണ്ട് യേശുവിന്റെ മനസ്സിലുണ്ടായിരുന്നതു കർത്താവിന്റെ അത്താഴമായിരുന്നില്ല. കാരണം, യേശു ആ ആചരണം ഏർപ്പെടുത്തിയത് ഒരു വർഷത്തിനു ശേഷമാണ്. ഈ വാക്കുകൾ യേശു പറഞ്ഞതു ‘ജൂതന്മാരുടെ പെസഹാപ്പെരുന്നാളിനു’ തൊട്ടുമുമ്പ് ആയിരുന്നെന്ന് ഓർക്കുക. (യോഹ 6:4) അതുകൊണ്ടുതന്നെ, ഈ വാക്കുകൾ കേട്ടപ്പോൾ ആളുകളുടെ മനസ്സിലേക്ക് വന്നത് തൊട്ടടുത്തെത്തിയ ആ ഉത്സവമായിരിക്കാം. ഇസ്രായേല്യർ ഈജിപ്ത് വിട്ട രാത്രിയിൽ അവരുടെ ജീവൻ രക്ഷിച്ച, കുഞ്ഞാടിന്റെ രക്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ അപ്പോൾ ഓർത്തുകാണും. (പുറ 12:24-27) തന്റെ രക്തവും അതുപോലെ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുമെന്നും അതു തന്റെ ശിഷ്യന്മാർക്കു നിത്യജീവൻ നേടിക്കൊടുക്കുമെന്നും വ്യക്തമാക്കുകയായിരുന്നു യേശു ഇവിടെ.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
യോഹ 6:44-ന്റെ പഠനക്കുറിപ്പ്, nwtsty
ആകർഷിക്കാതെ: ‘ആകർഷിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയയ്ക്ക്, മീൻ നിറഞ്ഞ വല വലിച്ചുകയറ്റുന്നതിനെ കുറിക്കാനും ആകും. (യോഹ 21:6, 11) എങ്കിലും ഇവിടെ ആ ക്രിയ ഉപയോഗിച്ചിരിക്കുന്നത്, താത്പര്യമില്ലാത്ത ആളുകളെപ്പോലും യഹോവ ബലമായി തന്നിലേക്കു വലിച്ചടുപ്പിക്കുന്നു എന്നു സൂചിപ്പിക്കാനല്ല. ഈ വാക്കുകൾ പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് യിര 31:3-ൽ യഹോവ തന്റെ പുരാതനജനത്തോട് ‘അചഞ്ചലസ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്ക് അടുപ്പിച്ചു’ എന്നു പറഞ്ഞതായിരിക്കാം. (യിര 31:3-ൽ സെപ്റ്റുവജിന്റ് ഇതേ ഗ്രീക്കുക്രിയയാണ് ഉപയോഗിച്ചിരിക്കുന്നത്.) യേശുവും എല്ലാ തരം മനുഷ്യരെയും അതുപോലെ ആകർഷിക്കുന്നതായി യോഹ 12:32 പറയുന്നു. യഹോവ മനുഷ്യർക്ക് ഇച്ഛാസ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നുണ്ട്. യഹോവയെ സേവിക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. (ആവ 30:19, 20) യഹോവ തന്നിലേക്ക് ആകർഷിക്കുന്നതു ശരിയായ മനോഭാവം ഉള്ളവരെയാണ്, അതിനായി യഹോവ ബലം പ്രയോഗിക്കില്ല. (സങ്ക 11:5; സുഭ 21:2; പ്രവൃ 13:48) ബൈബിളിലെ സന്ദേശത്തിലൂടെയും തന്റെ പരിശുദ്ധാത്മാവിലൂടെയും ആണ് യഹോവ ആളുകളെ ആകർഷിക്കുന്നത്. യോഹ 6:45-ൽ ഉദ്ധരിച്ചിരിക്കുന്ന യശ 54:13-ലെ പ്രവചനം, പിതാവ് ആകർഷിച്ച അത്തരം വ്യക്തികളെക്കുറിച്ചാണു പറയുന്നത്.—യോഹ 6:65 താരതമ്യം ചെയ്യുക.
യോഹ 6:64-ന്റെ പഠനക്കുറിപ്പുകൾ, nwtsty
തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്നും . . . യേശുവിന് അറിയാമായിരുന്നു: യേശു ഇവിടെ യൂദാസ് ഈസ്കര്യോത്തിനെക്കുറിച്ചാണു പറഞ്ഞത്. ഒരു രാത്രി മുഴുവൻ പിതാവിനോടു പ്രാർഥിച്ചശേഷമാണു യേശു 12 അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തത്. (ലൂക്ക 6:12-16) യൂദാസ് തുടക്കത്തിൽ ദൈവത്തോടു വിശ്വസ്തനായിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു. എന്നാൽ ഒരു അടുത്ത സഹകാരി തന്നെ ചതിക്കുമെന്നു യേശു എബ്രായതിരുവെഴുത്തുകളിലെ പ്രവചനങ്ങളിൽനിന്ന് മനസ്സിലാക്കിയിരുന്നു. (സങ്ക 41:9; 109:8; യോഹ 13:18, 19) യേശുവിനു ഹൃദയവും ചിന്തകളും വായിക്കാനുള്ള കഴിവുണ്ടായിരുന്നതുകൊണ്ട് യൂദാസ് തെറ്റായ ഒരു വഴിയിലേക്കു തിരിയാൻ തുടങ്ങിയപ്പോൾതന്നെ യേശു ആ മാറ്റം വായിച്ചെടുത്തു. (മത്ത 9:4) ദൈവത്തിനു ഭാവികാര്യങ്ങൾ അറിയാൻ കഴിവുള്ളതുകൊണ്ട്, ഒരു വിശ്വസ്തസുഹൃത്തുതന്നെ യേശുവിനെ വഞ്ചിക്കുമെന്നു ദൈവം മനസ്സിലാക്കി. എന്നാൽ വഞ്ചകനായിത്തീരുന്നതു യൂദാസ് ആയിരിക്കുമെന്നു ദൈവം മുൻകൂട്ടി നിശ്ചയിച്ചിരുന്നു എന്ന വാദം ദൈവത്തിന്റെ ഗുണങ്ങളുമായി ഒട്ടും ചേരില്ല. മുൻകാലങ്ങളിൽ ദൈവം മറ്റുള്ളവരോട് ഇടപെട്ട വിധം പരിശോധിച്ചാലും ദൈവത്തിന് അങ്ങനെയൊരു കാര്യം ചെയ്യാനാകില്ല എന്നു വ്യക്തമാകും. അതെ, യൂദാസിന്റെ ഭാവി ദൈവം മുൻകൂട്ടി വിധിച്ചതായിരുന്നില്ല.
ആദ്യംമുതലേ: അഥവാ “ആരംഭംമുതലേ; തുടക്കംമുതലേ.” ഇവിടെ പറയുന്നതു യൂദാസിന്റെ ജനനത്തെക്കുറിച്ചല്ല; യൂദാസിനെ ഒരു അപ്പോസ്തലനായി തിരഞ്ഞെടുത്ത സമയത്തെക്കുറിച്ചുമല്ല. കാരണം ഒരു രാത്രി മുഴുവൻ പ്രാർഥിച്ചശേഷമാണു യേശു അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തത്. (ലൂക്ക 6:12-16) യൂദാസ് വഞ്ചന കാണിച്ചുതുടങ്ങിയ സമയത്തെക്കുറിച്ചാണ് ഈ വാക്യത്തിൽ പറയുന്നത്; യേശു അത് ഉടനടി തിരിച്ചറിയുകയും ചെയ്തു. (യോഹ 2:24, 25; വെളി 1:1; 2:23; യോഹ 6:70; 13:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) മുന്നമേ ആസൂത്രണം ചെയ്ത്, കരുതിക്കൂട്ടിയാണു യൂദാസ് എല്ലാം ചെയ്തതെന്നും അതു പെട്ടെന്നുണ്ടായ ഒരു മനംമാറ്റത്തിന്റെ ഫലമല്ലായിരുന്നെന്നും ഇതു സൂചിപ്പിക്കുന്നു. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ “ആദ്യം; ആരംഭം; തുടക്കം” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന പദംകൊണ്ട് (ഗ്രീക്കിൽ, ആർഖീ) ഉദ്ദേശിക്കുന്നത് എന്താണെന്നു സന്ദർഭം നോക്കിയാണു മനസ്സിലാക്കേണ്ടത്. ഉദാഹരണത്തിന്, 2പത്ര 3:4-ന്റെ മൂലഭാഷാപ്രതികളിൽ കാണുന്ന “ആരംഭത്തിൽ” എന്ന പദം സൃഷ്ടിയുടെ ആരംഭത്തെയാണു കുറിക്കുന്നത്. എന്നാൽ മറ്റു പല സ്ഥലങ്ങളിലും ഈ പദത്തിന് അതിലും അർഥവ്യാപ്തി കുറവാണ്. ഉദാഹരണത്തിന്, “അന്നു (അക്ഷ. “ആരംഭത്തിൽ”) നമ്മുടെ മേൽ പരിശുദ്ധാത്മാവ് വന്നതുപോലെ” ജനതകളുടെ മേലും വന്നു എന്ന പത്രോസിന്റെ വാക്കുകളെക്കുറിച്ച് ചിന്തിക്കുക. (പ്രവൃ 11:15) “അന്ന്” അഥവാ “ആരംഭത്തിൽ” എന്നു പറഞ്ഞപ്പോൾ പത്രോസ് ഉദ്ദേശിച്ചതു താൻ ജനിച്ച സമയമോ അപ്പോസ്തലനായി തിരഞ്ഞെടുക്കപ്പെട്ട സമയമോ അല്ല, മറിച്ച് എ.ഡി. 33-ലെ പെന്തിക്കോസ്ത് നാളായിരുന്നു. കാരണം ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി പരിശുദ്ധാത്മാവിനെ പകരാൻ ‘ആരംഭിച്ച’ ദിവസമായിരുന്നു അത്. (പ്രവൃ 2:1-4) “ആദ്യം; ആരംഭം; തുടക്കം” എന്നൊക്കെയുള്ള പദങ്ങളുടെ അർഥം സന്ദർഭമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്നു തെളിയിക്കുന്ന മറ്റ് ഉദാഹരണങ്ങൾ ലൂക്ക 1:2; യോഹ 15:27; 1യോഹ 2:7 എന്നീ വാക്യങ്ങളിൽ കാണാം.
സെപ്റ്റംബർ 24-30
ദൈവവചനത്തിലെ നിധികൾ | യോഹന്നാൻ 7-8
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
യോഹ 8:58-ന്റെ പഠനക്കുറിപ്പ്, nwtsty
ഞാനുണ്ടായിരുന്നു: യേശു ‘അബ്രാഹാമിനെ കണ്ടിട്ടുണ്ട്’ എന്നു പറയുന്നതു കേട്ട് ചില ജൂതന്മാർ യേശുവിനെ കല്ലെറിയാൻ തുനിഞ്ഞു. ‘50 വയസ്സുപോലുമായിട്ടില്ലാത്ത’ യേശു അബ്രാഹാമിനെ എങ്ങനെ കാണാനാണ് എന്നായിരുന്നു ആ എതിരാളികളുടെ വാദം. (യോഹ 8:57) താൻ മനുഷ്യനായി വരുന്നതിനും മുമ്പുള്ള കാലത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണു യേശു അതിന് ഉത്തരം കൊടുത്തത്. അബ്രാഹാം ജനിക്കുന്നതിനും മുമ്പേ ശക്തനായ ഒരു ആത്മവ്യക്തിയായി യേശു സ്വർഗത്തിലുണ്ടായിരുന്നു. എന്നാൽ യേശു ഇവിടെ, താൻ ദൈവമാണെന്നു സൂചിപ്പിക്കുകയായിരുന്നു എന്നാണു ചിലരുടെ വാദം. ഇവിടെ കാണുന്ന എഗോ എയ്മി (ചില ഭാഷകളിൽ, “ഞാൻ ആകുന്നു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.) എന്ന പദപ്രയോഗത്തിനു സെപ്റ്റുവജിന്റ് പരിഭാഷയിലെ പുറ 3:14-മായി ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ ഈ രണ്ടു വാക്യങ്ങളും ഒരേ രീതിയിൽ പരിഭാഷപ്പെടുത്തണമെന്നും ആണ് അവരുടെ പക്ഷം. (യോഹ 4:26-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ എയ്മി എന്ന ഗ്രീക്കുക്രിയ സൂചിപ്പിക്കുന്ന അവസ്ഥ, “അബ്രാഹാം ജനിക്കുന്നതിനും മുമ്പേ” ഉള്ളതാണെന്നും അത് അപ്പോഴും ഉണ്ടായിരുന്നെന്നും സന്ദർഭം സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ആ ക്രിയയെ “ഞാൻ ആകുന്നു” എന്നു പരിഭാഷപ്പെടുത്തുന്നതിനെക്കാൾ യോജിക്കുന്നതു “ഞാനുണ്ടായിരുന്നു” എന്നു പരിഭാഷപ്പെടുത്തുന്നതാണ്. ഇതിനെ ഇങ്ങനെ തർജമ ചെയ്യുന്നതിനോടു പല പുരാതനഭാഷാന്തരങ്ങളും ആധുനികപരിഭാഷകളും യോജിക്കുന്നുമുണ്ട്. ‘ഞാൻ ഇത്രയും കാലം നിങ്ങളുടെകൂടെ ഉണ്ടായിരുന്നിട്ടും ഫിലിപ്പോസേ, നിനക്ക് എന്നെ അറിയില്ലേ’ എന്ന യേശുവിന്റെ വാക്കുകൾ കാണുന്ന യോഹ 14:9-ലും എയ്മി എന്ന ഗ്രീക്കുക്രിയയുടെ ഇതേ രൂപമാണു കാണുന്നത്. മിക്ക ഭാഷാന്തരങ്ങളിലും ഈ ഭാഗം ഇങ്ങനെതന്നെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതു സൂചിപ്പിക്കുന്നത്, എയ്മി എന്ന പദം സന്ദർഭമനുസരിച്ച്, ‘ഉണ്ടായിരുന്നു’ എന്നു പരിഭാഷപ്പെടുത്തുന്നതിൽ വ്യാകരണപരമായി ഒരു തെറ്റുമില്ല എന്നാണ്. (വർത്തമാനകാലത്തിലുള്ള ഗ്രീക്കുക്രിയയെ ഭൂതകാലത്തിലുള്ള ക്രിയയായി പരിഭാഷപ്പെടുത്തിയിരിക്കുന്നതിന്റെ മറ്റു ചില ഉദാഹരണങ്ങൾ ലൂക്ക 2:48; യോഹ 1:9; 15:27 എന്നീ വാക്യങ്ങളിൽ കാണാം.) ഇനി, താനും പിതാവും ഒന്നാണെന്നു സൂചിപ്പിക്കാൻ യേശു ശ്രമിച്ചില്ലെന്നാണു യോഹ 8:54, 55-ൽ കാണുന്ന യേശുവിന്റെ ന്യായവാദവും തെളിയിക്കുന്നത്.